ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത വിധത്തില്‍ ഒഴിവാക്കാനാകുമെന്ന് ടോറി എംപിയും ഡോക്ടറുമായ ഡോ. ഡാന്‍ പൗള്‍ട്ടര്‍. ഹെല്‍ത്ത് സര്‍വീസിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇദ്ദേഹം നിര്‍ദേശിച്ചത്. എന്‍എച്ച്എസിന്റെ ചെലവുകള്‍ സംബന്ധിച്ച് നിലവിലുള്ള കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന തിരിച്ചറിവിലാണ് ഈ നിര്‍ദേശങ്ങളെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശരിയായ വിധത്തിലുള്ള പ്രതിഫലം നല്‍കിയില്ലെങ്കില്‍ അവര്‍ എന്‍എച്ച്എസ് വിടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടിയില്‍ ക്യാബിനറ്റിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ ബജറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതിരോധിച്ചത്. 2017-18 വര്‍ഷത്തില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. 2020 വരെ ഒരു ശതമാനം വേതനവര്‍ദ്ധനവ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് ഇരട്ടി ചെലവ് വരുമെന്നത് തെറ്റായ വാദമാണെന്ന് ഡോ.പൗള്‍ട്ടര്‍ പറഞ്ഞു.

സ്ഥിരം ജീവനക്കാര്‍ക്ക് പകരം ഏജന്‍സി ജീവനക്കാരെ നിയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചെലവുകളേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ജീവനക്കാരുടെ കുറവ് വര്‍ദ്ധിക്കുകയാണ്. ശമ്പളം കുറഞ്ഞ ജീവനക്കാര്‍ ഏജന്‍സികളില്‍ എത്തി എന്‍എച്ച്എസില്‍ ലഭിക്കുന്നതിനേക്കാള്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും പൗള്‍ട്ടര്‍ വ്യക്തമാക്കി.