Main News

സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)

മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും ആ ഒരു മിന്നലാട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അധികം ആരവവും ബഹളവും ഇല്ലാതെ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ എനിക്ക് പറ്റി. ഇതൊരു സ്ത്രീപക്ഷ സിനിമയെന്ന് തന്നെ വിശേഷിപ്പിക്കാന്‍ എനിക്കാവില്ല. അതാണ് സത്യവും എന്നാണ് എനിക്ക് തോന്നുന്നത്. അറുപതുകളിലും എഴുപതുകളിലും കുടുംബപ്രേക്ഷകരെ കുടുംബസമേതം തന്നെ സിനിമ കോട്ടയിലേയ്ക്ക് ആകര്‍ഷിച്ച ഒരു വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തരിപോലും ബോറടിപ്പിക്കാതെ സബ്ജക്ടിന്റെ സൂക്ഷ്മമായ കാതല്‍ ഒട്ടും ചോരാതെ ഇന്നിന്റെ എല്ലാ രൂപഭാവ താളലയത്തോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സുരഭിലക്ഷ്മി എന്ന നടിയുടെ അനിതരസാധാരാണമായ അഭിനയവും കൂടിയായപ്പോള്‍ ആ അഭിനന്ദനം പ്രേക്ഷകരുടെ മനസിനെ ഒരു മഴവില്‍ കാഴ്ചയുടെ ഏഴുനിറങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്ന് പറയാതിരിക്കാനാവില്ല.

സിനിമ പ്രധാനമായും ഒരു ദൃശ്യകലയാണ്. ദൃശ്യങ്ങളുടെ വശ്യസൗന്ദര്യവും അര്‍ത്ഥസമ്പുഷ്ടിയുമാണ് ഈ കലയെ മുന്നോട്ട് നയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അതിനുള്ള ഒരു സപ്പോര്‍ട്ട് മാത്രമേ സംഭാഷണങ്ങള്‍ക്ക് ആകാവൂ. ഈ സംഭാഷണങ്ങള്‍ ഉരുവിടേണ്ടത് നമ്മുടെ അധരങ്ങളും നാവും ഉപയോഗിച്ചല്ല. മറിച്ച്, കഥാപാത്രത്തിന്റെ ആത്മാവിന്റെ ആ അന്തര്‍ധാരയില്‍ നിന്നുമാണ്. സിനിമയുടെ ഈ ബാലപാഠം അതിസമര്‍ത്ഥമായി പ്രയോഗിച്ചിരിക്കുന്നു ഇതിന്റെ തിരക്കഥാകൃത്ത് ശ്രീ. മനോജ് രാംസിങ്. അഭിനന്ദനങ്ങള്‍….മിസ്റ്റര്‍ മനോജ്… പ്രസിദ്ധ സംവിധായകനായ ശ്രീ ഹിച്ച് ഹോക്കിന്റെ വാക്കുകള്‍ ഇവിടെ ഒന്ന് കടമെടുക്കുകയാണ്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച സ്‌ക്രീന്‍ ആക്ടര്‍. സിനിമയില്‍ പ്രതിഭാശാലിയായ ഒരു നടന്റെ അല്ലെങ്കില്‍ നടിയുടെ ആവശ്യമില്ല. സംവിധായകനും ക്യാമറയും ആവശ്യപ്പെടുന്നത് അനുസരിച്ച് അയാള്‍ പെരുമാറിയാല്‍ മാത്രം മതി. ഇതാണ് ഹിച്ച് ഹോക്കിന്റെ വാക്കുകള്‍. അതായത്, സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രമായി മാറുക, പെരുമാറുക അല്ലെങ്കില്‍ ഒരു പകര്‍ന്നാട്ടം നടത്തുക എന്ന കര്‍ത്തവ്യമാണുള്ളത്.

ഈ കര്‍ത്തവ്യം ഈ സിനിമയിലെ മുഖ്യകഥാപാത്രം മുതല്‍ അപ്രധാനം എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ വരെ ഏറ്റവും ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നുതന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഒരു പ്രത്യേകത. തീര്‍ച്ചയായും അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സുരഭിലക്ഷ്മി എന്ന മഹാനടി തന്നെയാണ്. ഒരേ നിമിഷം എത്രയെത്ര ഭാവങ്ങളാണ് ആ അമ്മയുടെ മുഖത്ത് മാറി മാറി മറിഞ്ഞ് മിന്നലാട്ടം നടത്തുന്നത്. എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് അവരുടെ ഓരോ സംഭാഷണ രീതിയും അതനുസരിച്ചുള്ള അവരുടെ ബോഡി ലാംഗേജും. അതിഗംഭീരം, അപാരം, അല്ലെങ്കില്‍ അവിസ്മരണീയം എന്നൊക്കെ പറയുന്നത് ഒരു പോരായ്മ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിന് ഞാനിവിടെ മുതിരുന്നില്ല. അതുപോലെ തന്നെയാണ് ശ്രീ.പ്രേം പ്രകാശ്. അനായാസമായ ഒരു പരകായപ്രവേശം കൊണ്ട് എഴുത്തുകാരന്റെ രൂപവും ഭാവവും താളവുമൊക്കെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അദേഹത്തിന് കഴിഞ്ഞു. കൂടാതെ, സഹായിയായി വരുന്ന കൃഷ്ണന്‍ ബാലകൃഷ്ണനും അച്ഛനായി വരുന്ന ബാല നാരായണനും അറുപതുകളിലും എഴുപതുകളിലുമൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ നമുക്ക് സുപരിചിതരായിരുന്ന ഈ മുഖങ്ങള്‍ ഇപ്പോഴും ഒരു ഗൃഹാദുരത്വത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ച നമുക്ക് സമ്മാനിക്കും.തീര്‍ച്ച….

മകളായി വരുന്ന റെബേക്കാ സന്തോഷും കൂട്ടുകാരും പിന്നെ അമ്മയുടെ സഹായത്തിനെത്തുന്ന ആ കുട്ടിയും എന്തിന് പറയുന്നു ഗൗരവക്കാരനായ ആ ഓഫീസര്‍ പോലും നമ്മുടെയൊക്കെ മനസില്‍ മായാതെ മങ്ങാതെ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം നമ്മില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ഒരു സിനിമ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നമുക്ക് അനുഭവഭേദ്യമാകുന്നത് അതിന്റെ പശ്ചാത്തല സംഗീതത്തിലും എഡിറ്റിംഗിലും കൂടിയാണ്. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായ പാശ്ചാത്തല സംഗീതവും, ഒഴുക്ക് നഷ്ടപ്പെടാത്ത എഡിറ്റിഗും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങള്‍… അതുപോലെ തന്നെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രാലങ്കാരവും മേയ്ക്കപ്പും നൂറില്‍ നൂറ് മാര്‍ക്ക് ഞാനിവിടെ നല്‍കുന്നു.

കലാസംവിധാനവും മികച്ചത് തന്നെ എന്ന് പറയട്ടെ. എനിക്ക് അനുഭവപ്പെട്ട ഒന്ന് രണ്ട് ചെറിയ ന്യൂനതകളും ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ സുരഭി പശുവിനെ കറക്കുന്ന ആ സീന്‍, മറിയക്കുട്ടി എന്നാണെന്ന് തോന്നുന്നു ആ പശുവിന്റെ വിളിപ്പേര്. പശുവുമായി ആ അമ്മയ്ക്ക് നല്ല അടുപ്പമാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്ന് നമുക്ക് വളരെ വ്യക്തമാണ്. പക്ഷേ, പാല്‍ കറക്കുന്ന ആ ഷോട്ടില്‍ അവര്‍ ഇരിക്കുന്നത് പശുവില്‍ നിന്ന് സ്വല്പം അകലം പാലിച്ചു തന്നെയാണ്. എന്തോ ഒരു പേടിപോലെ. ഒരു അപാകത എനിക്കിവിടെ ഫീല്‍
ചെയ്യുന്നു. അതുപോലെ അച്ഛന്‍ കോഴികളെ തുറന്ന് വിടുന്ന ആ രംഗം. കോഴികളുമായും അയാള്‍ക്ക് നല്ല പരിചയമാണ്. എന്നിട്ടും രാവിലെ കൂട് തുറന്ന് ഓരോ കോഴികളെയും അയാള്‍ സ്വയം പുറത്തേയ്ക്ക് എടുക്കുകയാണ്. സംവിധായകന്റെ ഒരു ചെറിയ സൂക്ഷ്മത കുറവ് ഇവിടെ എനിക്ക് അനുഭവപ്പെടുന്നു എന്ന് പറയാതിരിക്കാനാവില്ല.

ഇനി ഇതിന്റെ സിനിമാട്ടോഗ്രാഫി. സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രാഫി. അത് അങ്ങനെതന്നെ ആവുകയും വേണം. പക്ഷേ, സിനിമാട്ടോഗ്രാഫിയ്ക്ക് മറ്റൊരു തലമുണ്ട്. അല്പം അലങ്കാരപ്പണികള്‍ കൂടി അല്ലെങ്കില്‍ ചിത്രപ്പണികള്‍ കൂടി ചേര്‍ത്തുവെച്ചാലെ അത് ഒരു മഴവില്‍ കാഴ്ചയായി പ്രേക്ഷകമനസ്സില്‍ അനുഭവപ്പെടു. അതിന് ഛായാഗ്രാകന്‍ വെറും ഫോട്ടോഗ്രാഫറായാല്‍ മാത്രം പോരാ അല്പം കലാബോധവും കൂടി വേണം. ഈ സിനിമയില്‍ പ്രേക്ഷക മനസിന്റെ നെഞ്ചോരം ചേര്‍ത്ത് വെയ്ക്കാന്‍ പറ്റിയ ഫ്രേയിമുകള്‍ ദുര്‍ല്ലഭമാണ് എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് എന്റെ ഒരു വെറും തോന്നലാവട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. ഇതിന്റെ ഡി.ഒ.പി അതില്‍ അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ചുരുക്കത്തില്‍ വളരെ കുറച്ച് കൊച്ച് കൊച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി നട്ടെല്ലുള്ള തിരക്കഥയും സംഭാഷണങ്ങളും അംഗചലനങ്ങളും ഭാവചലനങ്ങളും ഒക്കെ അതിസൂക്ഷ്മവും അതിമനോഹരവുമാക്കി കോര്‍ത്തിണക്കി ആ പോരായ്മകളെയൊക്കെ നിഷ് പ്രഭമാക്കിയിരിക്കുന്നു ഇവിടെ ശ്രീ അനില്‍ തോമസും കൂട്ടരും. ഒപ്പം സുരഭിലക്ഷ്മി എന്ന മഹാപ്രതിഭയും കൂടി ചേര്‍ന്നപ്പോള്‍ ആ കെമിസ്ട്രി പൂര്‍ണ്ണമായി. ഒരിക്കല്‍ കൂടി അനിലിനും കൂട്ടര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ധൈര്യമായി മുന്നോട്ട് പോവുക. മനം നിറഞ്ഞ സന്തോഷത്തോടെ 10 – ല്‍ – 7 മാര്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്നു… നന്ദി … നമസ്‌ക്കാരം.

സുധീര്‍ മുഖശ്രി 14 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1989 – നാട്ടില്‍ തിരിച്ചെത്തി. 90 – കളില്‍ ടെലിഫിലിം, സീരിയല്‍ നിര്‍മ്മാണം, സംവിധാനം ഇതൊക്കെയായി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം. തുടര്‍ന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക്… ആദ്യം ഫൈനാന്‍സര്‍…പിന്നീട് അസി.ഡയറക്ടര്‍, തുടര്‍ന്ന് നിര്‍മ്മാതാവായും ഒരുപിടി സിനിമകള്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായിരുന്നു. മാക്ട മെമ്പര്‍ കൂടിയാണ്. സംഗീതത്തിനും നൃത്തത്തിനും ഒരു വ്യത്യസ്ത പുനരാവിഷ്‌ക്കരണം നല്‍കിക്കൊണ്ടുള്ള ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീ സുധീര്‍ മുഖശ്രീ. താമസം എറണാകുളം ജില്ലയില്‍ പാലാരിവട്ടം എന്ന സ്ഥലത്ത് )

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനാംഗങ്ങളെ അനുമോദനങ്ങള്‍കൊണ്ട് മൂടി മേലുദ്യോഗസ്ഥര്‍. കത്തിയെരിഞ്ഞുകൊണ്ടിരുന്ന ബഹുനില മന്ദിരത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ധീരരായ ഇവര്‍ എത്തിയതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിലെ കമാന്‍ഡര്‍മാര്‍ പറഞ്ഞു. 24 നില കെട്ടിടത്തിലെ തീപ്പിടിത്തം വിചാരിക്കുന്നതിലും ഭീകരമായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരായ പാറ്റ് ഗോള്‍ബോണ്‍, റിച്ചാര്‍ഡ് വെല്‍ഷ് എന്നിവര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആ രാത്രിയില്‍ മരിക്കാന്‍ പോലും തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി. കെട്ടിടത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് കയറിയ ഓരോ സേനാംഗവും ജീവന്‍ പണയംവെച്ചാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. പുലര്‍ച്ചെ 1 മണിക്കു ശേം തനിക്കാണ് ആദ്യമായി തീപ്പിടിത്തത്തേക്കുറിച്ച് വിവരം ലഭിച്ചതെന്ന് വെല്‍ഷ് പറഞ്ഞു. ആദ്യം സ്ഥലത്തെത്തിയ സംഘം ആറ് ഫയര്‍ എന്‍ജിനുകളുമായാണ് എത്തിയത്. പിന്നീട് അവര്‍ എട്ടെണ്ണം ആവശ്യപ്പെട്ടു. പിന്നീട് അത് പത്ത് ആയി. ഒടുവില്‍ 25 എണ്ണം ആവശ്യമാണെന്ന് കേട്ടത് സ്ഥളത്തേക്കുള്ള യാത്രക്കിടെയായിരുന്നുവെന്ന് വെല്‍ഷ് പറയുന്നു.

തങ്ങളുടെ ജീവന്‍വെച്ചുള്ള കളിയാണെന്ന് അവിടെയെത്തിയപ്പോള്‍ത്തന്നെ മനസിലായെന്ന് ഗോള്‍ബോണ്‍ പറയുന്നു. താഴത്തെ നിലയില്‍ നിന്നുള്ള തീനാളങ്ങള്‍ കെട്ടിടത്തെയാകെ വിഴുങ്ങുന്ന ദൃശ്യമാണ് അവിടെ കാണാന്‍ സാധിച്ചത്. ഇത്തരത്തിലൊന്ന് ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുള്ള ഫ്‌ളാറ്റുകളിലേക്ക് എത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നു. സ്‌റ്റെയറുകള്‍ വഴി ഹോസുകള്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുക നിറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഐടിവിയുടെ ഇന്‍സൈഡ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്ന ഡോക്യുമെന്ററിക്കുവേണ്ടി സംസാരിക്കുകയായിരുന്നു ഇവര്‍.

ലണ്ടന്‍: വായുമലിനീകരണം കുറയ്ക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നയങ്ങള്‍ക്കെതിരെ നഗരങ്ങളും കൗണ്‍സിലുകളും. നയങ്ങള്‍ അപര്യാപ്തമാണെന്ന് ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന എട്ട് നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. 2040ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് നയത്തിലുള്ളത്. ഇന്നലെയാണ് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഈ നയം പ്രഖ്യാപിച്ചത്. മലിനീകരണം നിയന്ത്രിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സര്‍ക്കാര്‍ നയംപ്രഖ്യാപിച്ചത്.

എന്നാല്‍ 2040ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള പദ്ധതി അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം ആയിരങ്ങള്‍ മരിക്കുന്നത് ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് ക്യാംപെയിനര്‍മാരും പറയുന്നു. 23 വര്‍ഷങ്ങള്‍ക്കു ശേഷം വാഹനങ്ങള്‍ നിരോധിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ പക്ഷേ ക്ലീന്‍ എയര്‍ സോണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിമര്‍ശനമുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കുന്ന മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കാനാണ് ഈ നിര്‍ദേശത്തില്‍ പറയുന്നത്.

യുകെയിലെ ഏറ്റവും മലിനീകരിക്കപ്പെടുന്ന നഗരങ്ങളിലായിരിക്കും ഈ സോണുകള്‍ സ്ഥാപിക്കുക. ഡീസല്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനായി ഒരു സ്‌ക്രാപ്പേജ് പദ്ധതി നടപ്പിലാക്കണമെന്നു നിര്‍ദേശവും ഉയര്‍ന്നിരുന്നു. ലിവര്‍പൂള്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം, സൗത്താംപ്ടണ്‍, ലെസ്റ്റര്‍, ഓക്‌സഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലെ കൗണ്‍സിലുകളാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇവ ആവശ്യപ്പെട്ട് മൈക്കിള്‍ ഗോവിന് കൗണ്‍സിലുകള്‍ കത്തെഴുതി.

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രമുഖമായിരുന്ന ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ ടോണി ബ്ലെയറിന്റെ ഉത്തരവ് പിന്‍വലിക്കുന്നതുള്‍പ്പെടെ നിരവധി പ്രഖ്യാപിത നയങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോയിരുന്നു. ഈ പട്ടിയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ പുറത്തു വന്ന തീരുമാനം. ഫോക്‌സ് ഹണ്ടിംഗ് വിഷയത്തിലെ ഫ്രീ വോട്ട്, സോഷ്യല്‍ കെയറിലെ പരിഷ്‌കരണങ്ങള്‍, ഗ്യാസ്, വൈദ്യുതി നിരക്കുകള്‍ കുറയ്ക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ടോറികള്‍ പിന്നോട്ടു പോയിരുന്നു.

സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം നിര്‍ത്തലാക്കിക്കൊണ്ട് എല്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണം ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. പ്രധാനമന്ത്രി തെരേസ മേയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആണ് ഈ പദ്ധതി തയ്യാറാക്കിയത്. രക്ഷിതാക്കളുടെ വരുമാനം പോലും പരിഗണിക്കാതെ എല്ലാ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത് പൊതുധനത്തിന്റെ ശരിയായ വിനിയോഗമാണെന്ന് കരുതുന്നില്ലെന്നായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

പ്രചാരണത്തില്‍ വന്‍ തിരിച്ചടി നേരിട്ട പ്രഖ്യാപനമായിരുന്നു ഇത്. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നു. പ്രധാനമന്ത്രി ഉച്ചഭക്ഷണം തട്ടിയെടുക്കുകയാണെന്നും പരിഹാസം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചതോടെ ഇതടക്കമുള്ള ജനവിരുദ്ധ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയാണെന്നാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

കാരൂര്‍ സോമന്‍

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ചൈനീസ് എഴുത്തുകാരനാണ് ഗാവോ സിങ്ജിയാന്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സി പ്രവിശ്യയില്‍ 1940 ജനുവരി 4ന് ജനിച്ചു.ജനകീയ റിപ്പബ്ലിക്കായ ചൈനയിലെ വിദ്യാഭ്യാസത്തിനുശേഷം ബീജിങ്ങില്‍നിന്ന് ഫ്രഞ്ചില്‍ ബിരുദം നേടി. 1987ല്‍ ചൈനവിട്ട് ഫെലോഷിപ്പിനായി ജര്‍മ്മനിയിലെത്തുകയും തുടര്‍ന്ന് 1989ല്‍ ഫ്രാന്‍സിലെത്തി ഫ്രഞ്ച് പൗരത്വം സ്വീകരിക്കുകയും ചെയ്തു. 1990ല്‍ ആത്മശൈലം പ്രസിദ്ധീകരിച്ചു. ചിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ഹിമശൃംഗങ്ങളിലൂടെയുള്ള അലഞ്ഞു നടപ്പ് ആത്മാന്വേഷണത്തിന്റെ അലച്ചിലാക്കുമ്പോഴും അത് ആദ്ധ്യാത്മീകതയുടെ ഒരു അന്വേഷണമായി മാറാത്ത ദര്‍ശനമാണ് നോബേല്‍ സമ്മാനത്തിന് അര്‍ഹമായമായ ആത്മശൈലം എന്ന നോവലില്‍ ഗാവോ സിങ്ങ്ജിയാന്‍ സ്വീകരിക്കുന്നത്. ധ്യാനഭരതമായൊരു ഭാഷയില്‍ മനുഷ്യസത്തയെയും പ്രകൃതിസത്തയെയും ഏകാത്മകതയില്‍ വിലയിപ്പിക്കുന്ന മഹത്തായ കലാസൃഷ്ടി. ‘വണ്‍മാന്‍സ് ബൈബിള്‍’ ആണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു നോവല്‍.

ചൈനീസ് എഴുത്തുകാരനായ ഗോവോ സിങ്ജ്യാന്‍ 1940 ജനുവരി 4ന് ഭൂജാതനായി. നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചൈനീസ് പ്രവിശ്യകളിലൊന്നായ സിംങ്ജ്യാഗിലാണ് അദ്ദേഹം ജനിച്ചത്. 80കളില്‍ത്തന്നെ എഴുത്തുകാരന്‍ ബുദ്ധിജീവി എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും നാടകങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം യൂറോപ്പിലെങ്ങും അംഗീകരിക്കപ്പെട്ടിരുന്നു. പക്ഷെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെആശയങ്ങളോടും പ്രചാരണങ്ങളോടും തീരെ പൊരുത്തമില്ലാത്തവയായിരുന്നു സിങ്ജ്യാന്റെ ചിന്താപദ്ധതി. സാംസ്‌കാരിക വിപ്ലവം എന്ന നുകത്തിന്റെ അടിമളാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ ചൈനീസ് ജനത. എന്നിരിക്കിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. നോവലുകള്‍ നാടകങ്ങള്‍, നിരൂപണം ഒപ്പം യാത്രയും. യാത്ര തന്നെയാണ് ജീവിതം എന്നുവരെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1980കളില്‍ സിങ്ജ്യാന്റേതായി നിരവധി ചെറുകഥകള്‍, നാടകങ്ങള്‍, സമകാലിക ഉപന്യാസങ്ങള്‍ എല്ലാം പ്രസദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഫ്രാന്‍സിലും ഇറ്റലിയിലും, ചൈനയിലല്ല. എ പ്രൈമറി ഡിസ്‌കഷന്‍ ഓഫ് ദി ആര്‍ട്ട് ഓഫ് മോഡേണ്‍ ഫിക്ഷന്‍ (1981) ലഘുലേഖകളായ ചുവന്ന കൊക്കുള്ള ഒരു തത്തമ്മ, സിങ്ജ്യാന്റെ സമാഹൃതീത ലേഖനങ്ങള്‍ (1985) അത്യാന്താധുനിക നാടക സമ്പ്രദായത്തിലേക്കൊരു പ്രവേശിക (1987) ഇവയൊക്കെ ചുരുങ്ങിയ കോപ്പികളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്നു. 1952ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒബ്‌സല്യൂട്ട് സിഗ്നല്‍,1985 ലെ ബസ്‌സ്റ്റോപ്പ് വൈല്‍ഡ് മാന്‍, ഇത്യാദി രചനകള്‍ വിസ്മൃതങ്ങളാണ്. 1987ല്‍ സിങ്ജ്യാനു ബോധ്യപ്പെട്ടു. ചൈന ശരിയല്ലെന്ന്! ചൈന വിട്ടുപോകാരിക്കാന്‍ വേറെ കാരണങ്ങളൊന്നും വേണ്ടിവന്നില്ല. എങ്കിലും എഴുതിക്കൊണ്ടേയിരുന്നു. മൂന്നോ നാലോ നോവലുകളില്‍ അവസാനത്തേതായിരുന്നു ആത്മപര്‍വ്വതം (Soul Mountain). സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ത്തും അപ്രാപ്യമോ അപരിചിതമോ ആണ് ആത്മപര്‍വതം. എന്തെന്നാല്‍ ഇതൊരു ആത്മകഥയാണ്. ഒരു വ്യക്തിയുടെകഥയാണ്. ഒരു ജനതയുടെയും ആ അര്‍ത്ഥം സാധൂകരിക്കുന്നതിന്റേയും കഥയാണ്. എല്ലാംകൊണ്ടും ആത്മീയമാണത്. അതായത് എന്റെ കഥ. ആത്മാവ് എന്ന പദത്തിന് ഞാന്‍ എന്ന അര്‍ത്ഥമേയുള്ളൂ എന്ന് ഓര്‍ക്കുമല്ലോ. ആത്മാവ് ഉണ്ടോ? എന്ന ചോദ്യമായി പരിണമിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, ഞാന്‍ എന്നൊരാള്‍ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന ചോദ്യം. ഈ ചോദ്യ ആര്‍ ആരോടാണ് ചോദിക്കേണ്ടത്? സംശയമില്ല, ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യമാണത്. അപ്പോള്‍ കിട്ടുന്ന ഉത്തരം ഉണ്ട്! ഉണ്ട്!!! എന്നതായിരിക്കും. എന്നതില്‍ പക്ഷാന്തരമില്ല. ആത്മാവ് ഉണ്ട് എന്നു മാത്രമല്ല. ആത്മാവ് മാത്രമാണ് സത്യം! എന്നു തെളിയിക്കപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍ ഒറ്റപ്പെട്ട, ഏകാന്തപഥികനായ ഒരു മനുഷ്യന്‍, ലോകസമാധാനത്തിനുവേണ്ടിയല്ല, ആന്തരിക സമാധാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളുടെ വിവരണമാണ് ആത്മപര്‍വതം എന്ന നോവല്‍. ആന്തരിക സമാധാനത്തോടൊപ്പം ആന്തരിക സ്വാതന്ത്ര്യവും എഴുത്തുകാരന്‍ അഭിലഷിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ മരണത്തിന് വല്ല അര്‍ത്ഥമുണ്ടോ, ഉണ്ടെങ്കില്‍ അതെന്താണ് എന്ന അന്വേഷണമാണഅ അയാള്‍ നടത്തുന്നത്. അതുകൊണ്ടാണ് അയാള്‍ ബുദ്ധമത താവോമത ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്തെന്നാല്‍ അവിടെയും അയാള്‍ സമാധാനം കണ്ടെത്തുന്നില്ല. ഒറ്റപ്പെടലിലൂടെയല്ല, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടേ, ആന്തരിക സമാധാനം സാധ്യമാകൂ എന്നയാള്‍ ഒടുക്കം തിരിച്ചറിയുന്നു. സമൂഹം ഒന്നാകെ ശാന്തിയിലെത്തിച്ചേരുക എന്നത് തീര്‍ത്തും അസംഭവ്യം എന്ന് അറിഞ്ഞുകൊണ്ടുതന്നെ!

സിങ്ജ്യാന്റെ എല്ലാ രചനകളും മാതൃഭാഷയായ ചൈനീസിലാണ്. ഇവിടെവിവര്‍ത്തനം ചെയ്തവതരിപ്പിക്കുന്ന പ്രഭാഷണവും ചൈനീസാണ്. ചൈനീസ് ഭാഷാപണ്ഡിതയായ ആസ്‌ത്രേലിയന്‍ വനിത മേബല്‍ ലീയാണ് വിവര്‍ത്തക. അവരുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ മലയാളമാണ് തുടര്‍ന്നുള്ള പേജുകളില്‍ ചൈനീസ് ഭാഷ അറിയാത്ത എനിക്ക് മേബല്‍ ലീമയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ ചൈനീസ് എഴുത്തുകാരന്റെ മനസ്സിലേക്ക് അനായാസം പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നു.

ഗൗരവമാര്‍ന്ന സമീപനമുള്ള ഒരെഴുത്തുകാരന്‍, കലാഭംഗി ലക്ഷ്യമാക്കി അണിയിക്കുന്ന അലങ്കാരങ്ങള്‍പോലും ജീവിതഗന്ധിയായനുഭവപ്പെടും. പുരാതനകാലം തൊട്ടുള്ള സാഹിത്യകൃതികളുടെ ജൈവരഹസ്യം ഇതാണ്. അതിനാല്‍, ഗ്രീക്ക് ദുരന്തനാടകങ്ങളാകട്ടെ, ഷേക്‌സ്പിയര്‍ കൃതികളാകട്ടെ എന്നെങ്കിലുമൊരിക്കല്‍ കാലഹരണപ്പെടുമെന്നു കരുതേണ്ട കാര്യമില്ല. സാഹിത്യം യാഥാര്‍ത്ഥ്യങ്ങളുടെ പകര്‍പ്പല്ല. സത്യത്തോടടുക്കാനുള്ള വെമ്പലാണത്. പുറംതൊലി ഭേദിച്ച് ആഴങ്ങളില്‍ തുളച്ചിറങ്ങുകതന്നെ വേണം. ദൈനംദിനസംഭവങ്ങളെ വളരെ ഉയരത്തില്‍നിന്നും നോക്കിക്കാണാന്‍ കഴിയണം. ഉയരം കൂടുംന്തോറും കാഴ്ചയുടെ സമഗ്രത വര്‍ദ്ധിക്കുമെന്നു പറയേണ്ടതില്ലല്ലോ.

സാഹിത്യരചനയ്ക്ക് ഭാവന അനിവാര്യമാണ്. പക്ഷെ മനസ്സിന്റെ അഗാധതയില്‍ ഊളിയിടുമ്പോള്‍ അവിടെ കണ്ടെത്തുന്ന ചപ്പുചവറുകള്‍ വാരിക്കൂട്ടി പ്രദര്‍ശിപ്പിക്കുന്ന പണിയാവരുത് എഴുത്ത്. ഭാവന എത്രതന്നെ പറയുന്നയര്‍ന്നാലും സത്യസന്ധമായ അനുഭൂതികളില്‍നിന്നും വേര്‍പെട്ടുപോകാത്തിടത്തോളം കാലം, സ്വീകാര്യം തന്നെ. സത്യത്തിന്റെ അടിയുറപ്പില്ലാത്ത പക്ഷം,. രചനയുടെ ദൗര്‍ബല്യം അനായാസം പിടിക്കപ്പെടുക തന്നെ ചെയ്യും. തനിക്കു തന്നെ വേണ്ടത്ര വിശ്വാസമില്ലാത്ത വസ്തുതകളുടെ വിവരണം വായനക്കാരില്‍ വിശ്വാസ്യത ഉളവാക്കാന്‍ തീരെ പര്യാപ്തമല്ല. സാധാരണ മനുഷ്യന്റെ ജീവിതം അതേപടി പകര്‍ത്തി എന്നതുകൊണ്ടോ സ്വന്തം ജീവിതാനുഭവങ്ങള്‍ മറയില്ലാതെ രേഖപ്പെടുത്തിയതുകൊണ്ടോ ഉത്തമ സാഹിത്യം ജനിക്കുന്നില്ല.

ഭാഷ എന്ന വാഹകത്തിലൂടെ, വന്നു ചേരുന്ന അനുഭൂതികളും പഴയ എഴുത്തുകാരുടെ അനുഭവങ്ങളും എല്ലാം സ്വന്തം അനുഭൂതിയായി മാറണം. സാഹിത്യഭാഷയുടെ മാന്ത്രികശക്തിയുടെ മറ്റൊരു ഉദാഹരണമാണ്.

ശാപാനുഗ്രഹങ്ങള്‍ക്കെന്നപോലെ, ഭാഷയ്ക്ക് മനുഷ്യമനസ്സില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഭാഷാപ്രയോഗം ഒരു കലാപ്രകടനമാണ്. വികാരങ്ങള്‍ മറ്റുള്ളവരിലേക്കു പകരുവാനുള്ള കഴിവിനെ ആശ്രയിച്ചാണ് അതിന്റെ വിജയം ഭാഷ പ്രതീകമല്ല.
വ്യാകരണനിയമങ്ങളാല്‍ നിബന്ധിക്കപ്പെട്ട ഒരു നിര്‍മ്മിതി മാത്രമല്ല അത്. ഭാഷ ജീവനുള്ളതാണ്. പദപ്രയോഗവും വ്യാകരണവുമെല്ലാം എത്രതന്നെ ഭംഗിയാക്കിയാലും ആത്മാവില്ലെങ്കില്‍ ഭാഷ ബുദ്ധിപരമായ വിനോദം മാത്രമായിത്തീരുന്നു.

താത്വികമായ ചില സങ്കല്പങ്ങളുടെ വാഹകവുമല്ല ഭാഷ. ഒരേ സമയം വികാരങ്ങളെയും, ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുവാന്‍ ഭാഷയ്ക്ക് കഴിവുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ഭാഷയ്ക്ക് പകരം പ്രതീകങ്ങളോ രേഖകളോ പോരാതെ വരുന്നു. വായ്‌മൊഴിയില്‍ ഭാഷയുടെ ശക്തി വര്‍ദ്ധിക്കുന്നു. സാഹിത്യത്തിന്റെ ലക്ഷ്യം ആശയവിനിമയം മാത്രമല്ല. വികാരങ്ങളെയും ഇന്ദ്രീയങ്ങളെയും ഉത്തേജിപ്പിക്കലും കൂടിയാണ്.

അര്‍ത്ഥംസംഭവിച്ചതുകൊണ്ടുമാത്രം ഭാഷയുടെപ്രയോജനം തീരുന്നില്ല. ശ്രവണേന്ദ്രിയപരമായ സംവേദനം കൂടി നടന്നിരിക്കണം. ഭാഷയുടെപിന്നിലെ മനുഷ്യനെക്കൂടി കാണുകയും ശ്രവിക്കുകയും ചെയ്ത്, അങ്ങനെ ആ വ്യക്തിയുടെ അസ്തിത്വം അയാളുടെ ബുദ്ധി, ലക്ഷ്യം,ശൈലി, വികാരം തുടങ്ങിയ വിവരങ്ങള്‍ ഛന്ദവത്കൃതമോ സംജ്ഞാശാസ്ത്രപരമോ ആയ നിബന്ധനകള്‍ ഇല്ലാതെ ഒഴുകി വീഴുമ്പോഴാണ് ഭാഷ പൂര്‍ണ്ണതയിലെത്തുന്നു.

ഡേ കാര്‍ട്ടേയുടെ ശൈലി കടമെടുത്തു പറഞ്ഞാല്‍, ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളും,’ഞാന്‍ എഴുതുന്നു. അതിനാല്‍ ഞാന്‍ ഉണ്ട്.’ എഴുത്തുകാരന്‍ ‘ഞാന്‍’ എന്ന സര്‍വ്വനാമം പല അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കും. ‘ഞാന്‍’ എഴുത്തുകാരന്‍ തന്നെയാവാം. കഥയിലെ നായകനാവാം. ഒന്നോ കൂടുതലോ കഥാപാത്രങ്ങളാകാം. ‘ഞാന്‍’ എന്നതിനെ, അര്‍ത്ഥ വ്യത്യാസം വരാതെ, അയാള്‍ എന്നോ ‘നിങ്ങള്‍’ എന്നോ ആഖ്യാതാവിന്റെ ഇഷ്ടപ്രകാരം മാറ്റി വിളിക്കാം. കഥപറയുന്നയാളിനെ, സൗകര്യപ്രദമായ ഒരു സര്‍വനാമത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ആദ്യം വേണ്ടത്. പിന്നെ, അയാളുടെ കാഴ്ചപ്പാടിലൂടെ മറ്റെന്തും അവതരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അനേകം വ്യത്യസ്ത ശൈലികള്‍ സൃഷ്ടിക്കാവുന്നതേയുള്ളൂ. തികച്ചും സ്വന്തമായ ഒരു ചൈനാശലി സൃഷ്ടിക്കുന്നതിലാണ് ഒരെഴുത്തുകാരന്റെ സാമര്‍ത്ഥ്യം. എന്റെ ആഖ്യാനത്തില്‍ മറ്റാഖ്യായികളില്‍ പതിവുള്ളതുപോലെ കഥാപാത്രങ്ങള്‍ക്കു പേരില്ല. പകരം സര്‍വ്വനാമങ്ങള്‍ മാത്രമേയുള്ളൂ. ഞാന്‍, ഇനി നീ അവന്‍ ഇത്യാതി കേന്ദ്രകഥാപാത്രത്തെ ഞാന്‍ അപ്രകാരമാണ് വിശേഷിപ്പിക്കുന്നത്. പേരിനു പകരം അവന്‍ ഇവന്‍ എന്നൊക്കെ പ്രയോഗിക്കുന്നതുമൂലം കഥാപാത്രങ്ങളോട് ഒരുതരം മാനസികമായ അകല്‍ച്ച കൈവരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതെന്റെ ലക്ഷ്യമാണ്. മാത്രമല്ല, നാടകമായി അവതരിപ്പിച്ചപ്പോഴും നടന്മാര്‍ക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കുവാന്‍ ഇടയ്ക്കിടെ മാറുന്ന സര്‍വ്വനാമങ്ങളുടെ ഉപയോഗം സഹായകരമായിട്ടുണ്ട്.

കഥയെഴുത്തിന്, അല്ലെങ്കില്‍ നാടകമെഴുത്തിന് അവസാനമില്ല. അവസാനിക്കുകയുമില്ല. കലയിലോ സാഹിത്യത്തിലോ ഏതെങ്കിലും പ്രസ്ഥാനമോ രൂപമോ കൂമ്പടഞ്ഞുവെന്നോ പരമഗതി പ്രാപിച്ചുവെന്നോ പ്രചരിപ്പിക്കുന്ന ചപലഹൃദയരുണ്ട്. സംസ്‌കാരത്തിന്റെ തുടക്കം മൂതലേ, ഭാഷ അത്ഭുതങ്ങള്‍ക്കൊണ്ടു നിറഞ്ഞതാണ്. അതിനൊരന്ത്യമില്ല. ഭാഷയുടെ ശക്തി അപരിമേയമത്രേ. അപാരമായ ഈശക്തി തിരിച്ചറിയുകയാണ് ഒരെഴുത്തുകാരന്റെ പ്രാഥമിക യോഗ്യത.

അപ്പോള്‍ പഴയ വാക്കുകള്‍ക്ക് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുവാന്‍ അയാള്‍ക്കു കഴിയും എന്നുവച്ച് സ്രഷ്ടാവിന്റെ സ്ഥാനം എഴുത്തുകാരനില്ല. നേരത്തെ സൃഷ്ടിക്കപ്പെട്ട പുറംലോകം എത്ര പഴയതായാലും പുതുക്കുവാനോ ഒഴിവാക്കുവാനോ അയാള്‍ക്കാവില്ല. വര്‍ത്തമാനലോകം എത്രതന്നെ ദുഷിച്ചതോ അസംബന്ധമോ ആവട്ടെ. അതു മാറ്റിമറിക്കാമെന്നു സ്വപ്നം കാണാമെന്നല്ലാതെ, സ്വപ്നത്തിലെ മാതൃകാലോകം യാഥാര്‍ത്ഥ്യമാക്കുവാന്‍ അയാള്‍ അശക്തനാണ്.

ബാഹ്യലോകം മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണെന്നതാണ് വാസ്തവം. എങ്കിലും ജീവിതത്തിന് പുതിയൊരര്‍ത്ഥം നല്കുന്നചില പ്രസ്താവനകള്‍ പുറപ്പെടുവിക്കുവാന്‍ ഒരെഴുത്തുകാരനു തീര്‍ച്ചയായും കഴിയും. ഇത്തരം പ്രസ്താവനകള്‍,മുന്‍ഗാമികളായ എഴുത്തുകാരുടെ പ്രസ്താവനകളുടെ തുടര്‍ച്ചയാവാം. ചിലപ്പോള്‍ വല്ല കാരണവശാലും അവര്‍ പറയാന്‍വിട്ടുപോയവയുമാവാം.

സാഹിത്യത്തെ ഉന്മൂലനംചെയ്യുക എന്നൊക്കെപ്പറയുന്നത് സാംസ്‌കാരിക വിപ്ലവത്തിലെ വെറും വാചകമടിയാണ്. സാഹിത്യം മരിച്ചില്ല. എഴുത്തുകാരന്‍ നശിച്ചതുമില്ല. ഏതൊരെഴുത്തുകാരനും ഗ്രന്ഥശേഖരത്തില്‍ അവന്റേതായ സ്ഥാനമുണ്ട്. അയാളുടെ ജീവിതം ആസ്വാദ്യകരമാണ്. വായനക്കാരുള്ള കാലം അയാള്‍ക്ക് മരിക്കാനുമാവില്ല. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സമാശ്വാസം വേറെന്തുവേണം? മനുഷ്യരാശിയുടെ അതിബൃഹത്തായഗ്രന്ഥസഞ്ചയത്തില്‍ തന്റേതായ ഒരു പുതിയ പുസ്തകം കൂടി ശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അതു വായിക്കപ്പെട്ടുകൊണ്ടിരിക്കുമെങ്കില്‍, അതില്‍പരം ഭാഗ്യാവസ്ഥ മറ്റെന്തുണ്ട്?

website : www.karursoman.com
Email: [email protected]

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ അന്വേഷണ സംഘ്ം കാവ്യയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ അരങ്ങേറിയത്. ആലുവയിലുളള ദിലീപിന്റെ തറവാട്ടുവീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കാവ്യയുടെ മറുപടികള്‍ വ്യക്തമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. നടിക്കെതികരെ ക്വട്ടേഷന്‍ ഉള്ളതായും അറിയില്ല. പള്‍സര്‍ സുനിയെ നേരത്തേ അറിയില്ലെന്നും കാവ്യ പോലീസിനോട് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമല്ലാത്ത മറുപടികളാണ് കാവ്യ നല്‍കിയത്. മൊഴി പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ആവശ്യമാണെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ പല തവണ വിതുമ്പിയ കാവ്യ നടിയെ ആക്രമിച്ചതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളിലായി ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

ചിക്കാഗോ: ചിക്കാഗോയില്‍ സ്വയം ജനനേന്ദ്രിയം ഛേദിച്ചെറിഞ്ഞ് നഗ്നനായി നടന്നയാള്‍ പരിഭ്രാന്തി പടര്‍ത്തി. അമിതമായി രക്തമൊഴുകുന്ന നിലയിലാണ് ഇയാളെ കണ്ടത്. കണ്ടുനിന്നവരെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത്. ഇയാളുടെ പരാക്രമത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഒരു ഇരുമ്പ് വേലിക്കപ്പുറത്ത് നിന്ന് ജനങ്ങളെ അസഭ്യം പറയുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.

അതിനു പിന്നാലെ ഒരു പോലീസ് വാഹനം വരികയും വനിതാ പോലീസ് ഓഫീസര്‍ പുറത്തിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇയാള്‍ ഉദ്യോഗസ്ഥയ്ക്കു നേരെ പാഞ്ഞടുത്തു. ക്രുദ്ധനായി നില്‍ക്കുന്ന ഇയാളെ ശാന്തനാക്കാന്‍ ഓഫീസര്‍ ശ്രമിച്ചിട്ടും കൂട്ടാക്കാന്‍ തയ്യാറാകുന്നില്ല. അതോടെ ഓഫീസര്‍ ടേസര്‍ ഗണ്‍ ഉപയോഗിച്ചു. നിലത്തു വീണെങ്കിലും അല്‍പസമയത്തിനുള്ളില്‍ പിടഞ്ഞെണീറ്റ അക്രമിയെ മറ്റൊരു ഓഫീസറും ചേര്‍ന്നാണ് കീഴ്‌പെടുത്തിയത്.

ഇയാളെ വരുതിയിലാക്കാന്‍ രണ്ടാമതും ടേസര്‍ ഉപയോഗിക്കേണ്ടി വന്നു. ഇയാള്‍ നിലത്തു കിടക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. അറസ്റ്റിലായ ഇയാളുടെ മുറിവ് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത് വെസ്റ്റ് ചിക്കാഗോയിലെ ഇര്‍വിംഗ് പാര്‍ക്കിലാണ് സംഭവമുണ്ടായത്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ 6 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ യോഗ്യതയില്ലാത്ത അധ്യാപകരില്‍ നിന്നാണ് പരിശീലനം നേടുന്നതെന്ന് ആരോപണം. ലേബര്‍ ആണ് ഈ ആരോപണം ഉന്നയിച്ചത്. പാര്‍ട്ടി നടത്തിയ വിശകലനത്തില്‍ ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ 6,13,000 കുട്ടികളെ പഠിപ്പിക്കുന്നത് ആവശ്യത്തിന് യോഗ്യതയില്ലാത്ത അധ്യാപകരാണ്. അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരെയും നിയോഗിക്കാനുള്ള അവകാശം ഫ്രീസ്‌കൂളുകള്‍ക്കും അക്കാഡമികള്‍ക്കും നല്‍കിയത് മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ കാലത്തായിരുന്നു.

നിലവിലുള്ള സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് ഇതേ നയം തന്നെയാണ് പിന്തുടരുന്നത്. വിദ്യാര്‍ത്ഥികളെയും ക്ലാസുകളെയും കൈകാര്യം ചെയ്യാന്‍ അറിവില്ലാത്തവര്‍ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിതരായാലുള്ള സ്ഥിതിയേക്കുറിച്ച് ആശങ്കയുണ്ടെന്നാണ് ലേബര്‍ വ്യക്തമാക്കുന്നത്. യോഗ്യതയില്ലാത്ത അധ്യാപകരുടെ എണ്ണം 60 ശതമാനം വര്‍ദ്ധിച്ച് 24,000ല്‍ എത്തി നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അധ്യാപക യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തിയതിനു ശേഷമുള്ള കണക്കാണ് ഇത്.

സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ കുറച്ചതിലൂടെയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തേടുന്ന കുറുക്കുവഴിയാണ് അടിസ്ഥാന യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതെന്ന് ഷാഡോ സ്‌കൂള്‍സ് മിനിസ്റ്റര്‍ മൈക്ക് കെയ്ന്‍ പറഞ്ഞു. ലേബര്‍ അധികാരത്തിലെത്തിയാല്‍ സ്ഥിരമായി നിയമിക്കപ്പെട്ട അധ്യാപകരെല്ലാവരും യോഗ്യത നേടിയിരിക്കണമെന്ന നിബന്ധന കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: 2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍. വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി 255 മില്യന്‍ പൗണ്ടിന്റെ ഫണ്ട് കൗണ്‍സിലുകള്‍ക്ക് അനുവദിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതി. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുള്ള 3 ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഇത്.

അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷതയ്‌ക്കെതിരെ കോടതി നിര്‍ദേശമനുസരിച്ച് നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കോടതി അനുവദിച്ച സമയപരിധി കഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫ്രാന്‍സ് കഴിഞ്ഞ മാസം സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാനാണ് ഫ്രാന്‍സിന്റെ പദ്ധതി.

മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനേക്കുറിച്ച് വോള്‍വോ നേരത്തേതന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് പ്ലാന്റില്‍നിന്ന് ഇലക്ട്രിക് മിനി ഉദ്പാദിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്നലെ അറിയിച്ചു. എന്നാല്‍ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ നിരോധിക്കുന്നതിന് 2040 വരെ സമയം നല്‍കിയതിനെ വിമര്‍ശകര്‍ എതിര്‍ക്കുകയാണ്. 2025ല്‍ത്തന്നെ ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഇത്തരം വാഗ്ദാനങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്ന് ലേബര്‍ ഷാഡോ എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് പറഞ്ഞു.

യോര്‍ക്ക്: തന്റെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ കുടുംബത്തെ പങ്കെടുപ്പിക്കാന്‍ കഴിയാതെ വന്ന സംഭവത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ വിവേചനാരോപണമുന്നയിച്ച് എത്യോപ്യന്‍ വംശജ. ആസ്റ്റര്‍ അബീബി എന്ന യുവതിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ബ്രസല്‍സ് വിമാനത്താവളത്തില്‍ വെച്ചാണ് യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അബീബിയുടെ ബന്ധുക്കളെ തടഞ്ഞത്. ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷം തന്റെ ഗ്രാജ്വേഷനില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് തടഞ്ഞതെന്ന് അബീബി പറഞ്ഞു.

യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ 15-ാം തിയതിയായിരുന്നു അബീബിയുടെ ഗ്രാജ്വേഷന്‍. തന്റെ പിതാവും, ആന്റിയും, നാല് കസിനുകളും ഉള്‍പ്പെടെ ആറ് പേരായിരുന്നു യാത്രക്ക് എത്തിയത്. റയന്‍എയറിന്റെ ബ്രസല്‍സില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ എത്തിയപ്പോളാണ് ഇവരെ തടഞ്ഞത്. മൂന്ന് കസിന്‍സിനെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബെല്‍ജിയന്‍ ഉദ്യോഗസ്ഥര്‍ എല്ലാ പരിശോധനകള്‍ക്കും ശേഷം കടത്തി വിട്ട തങ്ങലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മാത്രമാണ് തടഞ്ഞതെന്നും ബോര്‍ഡിംഗ് ഗേറ്റില്‍ വെച്ചാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അബീബി പറയുന്നു. ഇത് വിവേചനമല്ലാതെ മറ്റൊന്നുമല്ലെന്നും ഈ 21കാരി വ്യക്തമാക്കി.

Copyright © . All rights reserved