ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത് അടുത്തെങ്ങും കാണാനാകാത്ത തിരക്ക്. സ്‌കൂളുകള്‍ ഈ വര്‍ഷം നിറഞ്ഞു കവിയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഴാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലാണ് അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലെ പകുതിയോളം സെക്കന്‍ഡറി സ്‌കൂളുകളിലും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എണ്ണം ശേഷിക്കു മേല്‍ എത്തുകയോ പൂര്‍ണ്ണ ശേഷിയില്‍ പ്രവേശനം നടക്കുകയോ ചെയ്തതായാണ് വിവരം. 100 കൗണ്‍സിലുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം മൂലം 53 ശതമാനം സ്‌കൂളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

2015ല്‍ ഇതിന്റെ നിരക്ക് 44 ശതമാനം മാത്രമായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാത്രം നിരക്കാണ് ഇത്. മറ്റു ക്ലാസുകളിലേക്കും പ്രവേശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞ സ്‌കൂളുകള്‍ 40 ശതമാനം വരും. 2022ഓടെ 1,25,000 കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോകുമെന്ന ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലിബറല്‍ ഡെമോക്രാറ്റ് ആണ് ഈ കണക്കുകള്‍ ശേഖരിച്ചത്. സ്‌കൂളുകളില്‍ ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാതാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ഇതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ലൈല മോറന്‍ പറഞ്ഞു.

തിങ്ങിനിറഞ്ഞ ക്ലാസ് റൂമുളും അമിതജോലി ചെയ്യേണ്ടി വരുന്ന അധ്യാപകരും ഈ പ്രതിസന്ധിയുടെ ഇരകളാണ്. ഇതി തരണം ചെയ്യണമെങ്കില്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. അതിനായി 7 ബില്യന്‍ പൗണ്ട് എങ്കിലും സര്‍ക്കാര്‍ വകയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഫ്രീസ്‌കൂളുകള്‍ക്കായാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. അത്തരം സ്‌കൂളുകള്‍ സീറ്റുകള്‍ ആവശ്യത്തിനുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ആരംഭിക്കുന്നതെന്നും അവര്‍ ആരോപിച്ചു.