Main News

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറിനെ ഹാജരാക്കുന്ന പട്യാല കോടതിയില്‍ വീണ്ടും ആര്‍എസ്എസ് അനുകൂല അഭിഭാഷകരുടെ തേര്‍വാഴ്ച
4:46 കന്നയ്യ കുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ക്കും കേന്ദ്ര അഭ്യന്തര സെക്രട്ടറിയ്ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

4:44   കന്നയ്യ കുമാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റും

4:42  മൂന്ന് അഭിഭാകര്‍ക്കും ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മയോടും വിശദീകരണം തേടുമെന്ന് ബി.എസ് ബസ്സി

4:30  ഞാന്‍ ദേശദ്രോഹിയല്ലെന്ന് കന്നയ്യ കുമാര്‍ കോടതിയോട്. രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്നയാളാണെന്നും കന്നയ്യ കോടതിയില്‍ പറഞ്ഞു.

4:23 പട്യാല ഹൗസ് കോടതിയില്‍ തങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായതായി അഭിഭാഷക സംഘം നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍.

4.22 കന്നയ്യ കുമാറിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി വളപ്പിലെത്താന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം.

3:58 കന്നയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 2 വരെ സുപ്രീംകോടതി നീട്ടി.

3:45  സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളെയും തടഞ്ഞു. ആര്‍.എസ്.എസ് അഭിഭാഷകരാണ് മുദ്രാവാക്യം മുഴക്കി പാനലംഗങ്ങളെ തടയുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് കമ്മഷന്‍ അംഗങ്ങളെ പൊലീസ് കോടതിയിലെത്തിച്ചത്.

3:39 അഭിഭാഷക സംഘത്തിന്റെ ഭാഗമാകാന്‍ കപില്‍ സിബല്‍ വിസമ്മതിക്കുന്നു. കോടതി ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് പാട്യാല കോടതിയില്‍ പോകാന്‍ സിബലിനോട് സുപ്രീംകോടതി

3:34 പോലീസ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടുമെന്ന് അഭ്യന്തര സെക്രട്ടറി രാജീവ് മെഹറിഷി.

3:27 ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ദല്‍ഹി പോലീസിന്റെ അഭിഭാഷകന് അജിത് സിന്‍ഹയോട് ആവശ്യപ്പെട്ടു. കോടതിക്കകത്ത് കുടുങ്ങി പോയ അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും രക്ഷപ്പെടുത്താന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുന്നു.

3:24 കന്നയ്യ കുമാറിന്റെ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ജഡ്ജിയും കോടതിക്കകത്ത് കുടുങ്ങി നല്‍ക്കുന്നു. അഭിഭാഷകര്‍ തടിച്ച് കൂടിയതിനാല്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതി.

3:23 കപില്‍ സിബല്‍, രാജീവ് ധവാന്‍, ദുശ്യന്ത് ദേവ്, എ.ഡി.എന്‍ റാവു, അജിത് സിന്‍ഹ, ഹരിന്‍ റാവല്‍ എന്നിവരടങ്ങുന്ന അഭിഭാഷക സംഘം കോടതിയുടെ നിര്‍ദേശ പ്രകാരം പാട്യാല കോടതിയിലേക്ക് പോകുന്നു.

3:16 ആശങ്കാജനകമായ സ്ഥിതി വിശേഷമാണെന്ന് സുപ്രീംകോടതി.

3:14  കോടതി വളപ്പില്‍ കന്നയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സുപ്രീംകോടതിയെ അറിയിക്കുന്നു.

3:11 പാട്യാലഹൗസ് കോടതിക്കുള്ളില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്.

3:08 പട്യാല ഹൗസ് കോടതി നടപടികള്‍  നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതി പരിസരം ഒഴിപ്പിക്കാനും കോടതിയുടെ ഉത്തരവ്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ ചലമേശ്വര്‍ ഫോണില്‍ വിളിച്ചു.

3.07 പട്യാലഹൗസ് കോടതിയിലേക്ക് ആറംഗ കമ്മീഷനെ സുപ്രീംകോടതി പറഞ്ഞയക്കുന്നു.

2:53 കന്നയ്യ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ബസ്സി . കോടതിവളപ്പില്‍ കന്നയ്യ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വന്നിട്ടും നിഷേധിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സി. കോടതി പരിസരത്ത് സ്ഥിതി നിയന്ത്രണം വിട്ടിട്ടില്ല. അഭിഭാഷകരെ നിയന്ത്രിക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചതാണ്. അത്തരമൊരു നിയന്ത്രണം സ്ഥിതി കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂവെന്നും ബസ്സി

2:44 ദല്‍ഹിയില്‍ കോടതി വളപ്പില്‍ സംഘര്‍ഷം നടക്കുമ്പോള്‍ ദല്‍ഹി പൊലീസ് മേധാവി ബി.എസ് ബസിക്ക് റിട്ടയര്‍മെന്റ് പാര്‍ട്ടി. ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിരുന്നും ആഘോഷവും. ബിഎസ് ബസ്സി ഈ മാസം അവസാനമാണ് വിരമിക്കുന്നത്.

2:31 പാട്യാല ഹൗസ് കോടതിക്ക് സമീപമുള്ള സംഘര്‍ഷം തടയാന്‍ സുപ്രീംകോടതി ദല്‍ഹി പോലീസ് കൗണ്‍സിലിന് നിര്‍ദേശം നല്‍കി.

2.20 കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ ആര്‍.എസ്.എസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടക്കുമ്പോള്‍ പോലീസ് കാഴ്ച്ചകാരായി നില്‍ക്കുന്നു.

11:30 പട്യാല കോടതിക്കകത്ത് ചുരുങ്ങിയ ആളുകളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. 5 മാധ്യമപ്രവര്‍ത്തകര്‍ക്കും കന്നയ്യ കുമാറിന്റെ ഭാഗത്ത് നിന്ന് രണ്ട് പേര്‍ക്കുമാണ് അനുമതി. ഫെബ്രുവരി 15ന് കോടതി വളപ്പില്‍ ആക്രമണമുണ്ടായപ്പോള്‍ പോലീസ് നോക്കി നിന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരില്‍ ഒരാളും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാര്‍ത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈസ് ചെയര്‍മാനുമായ ലാലിയ ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്പി ജോണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷത്തിന്റെ വെളിച്ചത്തില്‍ കേസ് എടുത്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാലിയ മുമ്പ് നല്‍കിയ പരാതിയുടെ മേല്‍ ചര്‍ച്ചകള്‍ നടക്കുകയും മന്ത്രി രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഏതാണ്ട് മൂന്ന് കോടിയോളം രൂപ പണമായും 12 കോടി ആസ്തിയുള്ള ഭൂമികള്‍ ഈടായും നല്‍കിയ ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നല്‍കിയിരിക്കുകയും അതിനിടയില്‍ വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്തു എന്നാണ് ലാലിയയുടെ പരാതി. പൊലീസ് കേസ് ഒഴിവാക്കാനായി മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ശേഷം നികേഷ് കുമാര്‍ വീണ്ടും വാക്ക് മാറിയതാണ് ലാലിയെയും ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സി പി മാത്യുവിനെയും പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

മൂന്ന് കോടി പണമായും 12 കോടി പണയമായും നല്‍കിയെങ്കിലും തൊടുപുഴ എസ്പിക്ക് കൊടുത്ത പരാതിയില്‍ ഒന്നരക്കോടിയുടെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാതൃസ്ഥാപനമായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് എസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിവൈഎസ്പി തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് തൊടുപുഴ എസ്‌ഐയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് എഫ്‌ഐആര്‍ എടുത്തത്.

അടുത്ത ദിവസങ്ങളില്‍ തന്നെ പണം നിക്ഷേപിച്ച തൊടുപുഴയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ബാങ്കിനു കത്ത് നല്‍കും. കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരും. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യം നല്‍കി അയയ്ക്കാനാണ് സാധ്യത. അതേസമയം വാര്‍ത്തയെകുറിച്ച് നികേഷ് കുമാറിന്റെയോ റിപ്പോര്‍ട്ടര്‍ ചാനലിന്റെയോ വിശദീകരണം ലഭ്യമായിട്ടില്ല.

റിപ്പോര്‍ട്ടര്‍ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതല്‍ ഇവിടെ നിക്ഷേപിച്ചവര്‍ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ഒന്നിലേറെ കേസുകള്‍ ഇപ്പോള്‍ തന്നെ നികേഷിന്റെ പേരിലുണ്ട്. പ്രധാന നിക്ഷേപകനായ ദുബായിലെ വ്യവസായി ചെന്നൈ കോടതിയില്‍ നല്‍കിയ കേസാണ് അതില്‍ പ്രധാനം. ആ പരാതിയെ തുടര്‍ന്നായിരുന്നു ഓഹരി ഇടപാടുകളിലെ ക്രമക്കേടുകള്‍ പലതും വെളിയില്‍ വന്നത്. ഈ വ്യവസായിയില്‍ നിന്നും നികേഷ് കുമാര്‍ പണം സമാഹിരിച്ചിരുന്നു.
നിശ്ചിത ശതമാനം ഓഹരികള്‍ നല്‍കാമെന്നായിരുന്നു ഈ വ്യവസായിക്ക് നല്‍കിയ വാഗ്ദാനം. ഇത് പ്രകാരം കുറച്ച ഓഹരികള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ ലാലിയക്കു നല്കാനുള്ള ബാക്കി ഓഹരികള്‍ നല്‍കുകയും ചെയ്തില്ല. പണം കൈ പറ്റിയതിനു ശേഷം നികേഷ് നല്‍്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികള്‍ മുഴുവനും നല്‍കാത്തതിനെ തുടര്‍ന്നും നല്കിയ ഓഹരികള്‍ക്ക് കൂടുതല്‍ വില ഈടാക്കിയതിനെ തുടര്‍ന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ചു. ഇതിനിടെ ചാനലിലെ ഓഹരികള്‍ ചെന്നൈ ആസ്ഥാനമായുള്ള സണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്താന്‍ നികേഷ് ആലോചന നടത്തി.

ഇങ്ങനെ വില്‍പ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡില്‍ നിന്ന് ചാനെല്‍ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയുടെ കണക്കുകള്‍ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോര്‍ഡില്‍ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വര്‍ഷമായി വിളിക്കാതിരുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് (AGM ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോര്‍ഡില്‍ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേര്‍ക്കപെട്ട AGM ല്‍ ആണ് കൃത്രിമ രേഖകള്‍ ചമച്ച് നികേഷ് ഓഹരികള്‍ സ്വന്തമാക്കിയെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിലെ സര്‍വീസ് ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് നികേഷ്‌കുമാറിനെതിരെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടപടി എടുത്തത് വന്‍ വിവാദമായിരുന്നു. സര്‍വീസ് ചാര്‍ജ് കുടിശ്ശികയായ ഒന്നരക്കോടി രൂപയുടെ പേരില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും പണം അന്നുതന്നെ അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ റിമാന്‍ഡ് റദ്ദ് ചെയ്ത് വിട്ടയച്ചു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ച്ച് പകുതിയോളം തുക അടച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.

അതേസമയം നികേഷ് നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണ്. ഇടയ്ക്കിടെ ശമ്പളം മുടങ്ങുക പതിവാണ്. ഇപ്പോള്‍ രണ്ടുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരില്‍ പലരും പറഞ്ഞു. ഒട്ടേറെ പ്രമുഖര്‍ ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ വിട്ട് പോവുകയുണ്ടായി. നികേഷിന്റെ ഇടം വലം കൈകളായി നിന്നിരുന്ന പിറ്റി നാസറും പികെ പ്രകാശനും റിപ്പോര്‍ട്ടര്‍ വിട്ടിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മന്ത്രിയായി പ്രതിസന്ധികളെ മറികടക്കാനാണ് നികേഷ് ശ്രമിക്കുന്നതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നുണ്ട്

മീററ്റ് : മതഗ്രന്ഥങ്ങള്‍ കണ്ണിനേക്കാള്‍ മനസ്സുകൊണ്ട് വായിക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കില്‍ ഏഴുവയസ്സുകാരി റിഡാ സെഹ്‌റയോട് ചോദിച്ചുനോക്കൂ. ഇസ്‌ളാമിക മത സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന അന്ധയായ ഈ മിടുക്കി ഭഗവത്ഗീത പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കിയിരിക്കുകയാണ്. കൈകള്‍ കൂപ്പി ഒരു തെറ്റുപോലും വരുത്താതെ ശ്‌ളോകങ്ങള്‍ പെണ്‍കുട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ പോലും ചൊല്ലിത്തീര്‍ക്കും.
80 ശതമാനം അന്ധതയുമായി ജനിച്ച മീററ്റിലെ റെസിഡന്‍ഷ്യല്‍ ബ്‌ളൈന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഗീത കണ്ടിട്ടേയില്ല എന്ന് മാത്രമല്ല ബ്രെയ്‌ലി ലിപി വായിക്കാന്‍ പോലും തുടങ്ങിയിട്ടില്ല. എല്ലാ വരികളും മനസ്സിലേക്ക് ഉറപ്പിക്കാന്‍ റിഡയെ സഹായിച്ചത് സ്‌കൂളിലെ അധ്യാപകനാണ്. എല്ലാം മനസ്സില്‍ നിന്നും ഓര്‍ത്തെടുത്ത് കൂളായി മനോഹരമായി ചൊല്ലി കേള്‍പ്പിക്കുകയും ചെയ്യുന്നു.

സെഹ്‌റ ഏതു ദൈവത്തെ സ്തുതിക്കുന്നു എന്നതല്ല വിഷയം മുന്നില്‍ തുറന്ന് വെച്ചാല്‍ പോലും കാണാന്‍ കഴിയില്ലെന്നതാണ്. പ്രാര്‍ത്ഥിക്കാന്‍ തനിക്കിഷ്ടമാണ്. അത് ഖുറാനാണോ ഗീതയാണോ എന്നത് വിഷയമല്ലെന്നും മുന്നില്‍ തുറന്നു വെച്ചാല്‍ പോലും തനിക്ക് കാണാനാകില്ലെന്നും ഈ മൂന്നാം ക്‌ളാസ്സുകാരി പറയുന്നു. അന്ധതയുള്ളവര്‍ക്കുള്ള മീററ്റിലെ ജാഗൃതി വിഹാറിലെ ബ്രിജ് മോഹന്‍ സ്‌കൂളിലാണ് റിഡ പഠിക്കുന്നത്. ലോഹിയാ നഗറിലാണ് മാതാപിതാക്കളും സഹോദരങ്ങളും വിശേഷദിവസങ്ങളില്‍ മാത്രമാണ് വീട്ടില്‍ പോകാറ്.

മൂന്ന് വയസ്സുള്ളപ്പോള്‍ പിതാവ് സെഹ്‌റയെ ഈ സ്‌കൂളില്‍ ചേര്‍ത്തതാണ്. 2015 ല്‍ നഗരത്തിലെ കുട്ടികള്‍ക്കായി ഗീതാ മത്സരം നടത്തിയപ്പോള്‍ എന്തു കൊണ്ട് തന്റെ കുട്ടികള്‍ക്കും പങ്കെടുത്തുകൂടാ എന്ന പ്രിന്‍സിപ്പല്‍ പ്രവീണ്‍ ശര്‍മ്മയുടെ ചിന്തയില്‍ നിന്നുമാണ് ഗീതാപാരായണം സെഹ്‌റ പരിശീലിച്ചു തുടങ്ങിയത്. ആദ്യം താന്‍ ചില പണ്ഡിതരില്‍ നിന്നും ഗീത എങ്ങിനെ പാരായണം ചെയ്യണമെന്ന് പഠിച്ചെന്നും അതിന് ശേഷം അക്കാര്യം തന്റെ കുട്ടികളെ പഠിപ്പിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കുന്ന കൂട്ടത്തിലായിരുന്നു സെഹ്‌റയെന്നും ശര്‍മ്മ പറഞ്ഞു.

 

ബ്രൈറ്റണ്‍ ; ഭാര്യയ്ക്ക് അയച്ച പ്രണയദിന സമ്മാനം ആളുമാറി കിട്ടിയത് മകള്‍ക്ക്. അച്ഛന്‍ അമ്മയ്ക്കയച്ച പ്രണയദിനം സമ്മാനം കണ്ട് മകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബോധം കെട്ടു. തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രമാണ് ഇയാള്‍ ഭാര്യയ്ക്ക് പ്രണയദിന സമ്മാനമായി അയച്ചത്.
ബ്രൈറ്റണ്‍ സ്വദേശി സ്‌നാപ് ചാറ്റില്‍ അയച്ച ചിത്രമാണ് പതിനെട്ടുകാരിയായ മകള്‍ റോബിന്‍ മിലെന് ലഭിച്ചത്. ഹാപ്പി വാലന്റൈന്‍സ് എന്ന സന്ദേശം രേഖപ്പെടുത്തിയ ചിത്രം ഇപ്പോള്‍ സ്‌നാപ്ചാറ്റില്‍ വൈറലായിക്കഴിഞ്ഞു. ചിത്രത്തിന്റെ മര്‍മപ്രധാന ഭാഗം ഇമോജികള്‍ കൊണ്ട് മറച്ചാണ് മകള്‍ തന്റെ പിതാവിന് സംഭവിച്ച ലോക അബദ്ധം ആഘോഷിച്ചത്.

ചിത്രം ലഭിച്ച ഉടന്‍ ‘ഡാഡ് താങ്കളുടെ സ്‌നാപ്ചാറ്റ് അനുയോജ്യമായില്ലെന്ന്’ മകള്‍ മറുപടി കൊടുക്കുകയും ചെയ്തു. ഉടന്‍ തന്നെ പിതാവ് മകളോട് സോറി പറഞ്ഞ് തടിയൂരി. ഏതായാലും ചെറിയ അശ്രദ്ധ കൊണ്ട് സംഭവിച്ച അബദ്ധം ഇതിനകം ഒന്നര ദശലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകുന്ന വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂണിയനില്‍ നല്‍കിയ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് നാലു രാജ്യങ്ങള്‍ അരിയിച്ചു. ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളാണ് നിലപാട് അറിയിച്ചത്. കുടിയേറ്റ ഗുണഭോക്തൃ നിയമങ്ങളില്‍ അയവ് വരുത്തണമെന്ന് ഈ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ കാമറൂണിനോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് ഈ ആവശ്യം ഉയര്‍ന്നിട്ടുളളത്.
ബ്രിട്ടനില്‍ ജീവിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ മക്കള്‍ക്കുളള ഗുണഭോക്തൃ പദ്ധതികള്‍ ചുരുക്കാനുളള നിര്‍ദേശത്തിലും മാറ്റം വേണമെന്ന് ആവശ്യമുണ്ട്. ക്ഷേമപദ്ധതികള്‍ ബ്രിട്ടന്‍ പെട്ടെന്ന് നിര്‍ത്തലാക്കിയത് പുനഃപരിശോധിക്കണം. എന്നാല്‍ ഇവ പിന്‍വലിക്കുന്നത് ഡേവിഡ് കാമറൂണിന് ഏറെ അപമാനകരമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം നിലപാടുകളില്‍ പ്രധാനമന്ത്രി ഉറച്ച് നില്‍ക്കുമെന്നാണ് സൂചന. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ അത് യൂറോപ്യന്‍ യൂണിയനില്‍ കടിച്ചു തൂങ്ങാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമോ എന്നാണ് കാമറൂണിന്റെ ആശങ്ക.

അടുത്ത ദിവസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ എല്ലാ അംഗരാജ്യങ്ങളും ഒരു ധാരണയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ഇത് അംഗീകരിക്കാതിരുന്നാല്‍ യൂണിയനില്‍ നിന്നുളള പുറത്ത് കടക്കല്‍ എളുപ്പമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഈമാസം നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിയില്‍ പ്രശ്‌നം ചര്‍ച്ചയാകും. ജൂണില്‍ ഹിതപരിശോധന നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്.

കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദേയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ യൂറോസോണ്‍ ഇന്റഗ്രേഷനും ലണ്ടന്‍ നഗരത്തിന്റെ സംരക്ഷണവും പോലുളള കാര്യങ്ങളില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഒരു ധാരണയിലെത്തണമെങ്കില്‍ ഇനിയും ദൂരം ഒരുപാട് താണ്ടണമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന്റെ അഭിപ്രായം. അവശേഷിക്കുന്ന പ്രശ്‌നങ്ങളെല്ലാം നല്ലരീതിയില്‍ തന്നെ പരിഹരിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കാര്യങ്ങള്‍ ഭംഗിയായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങനെ അവസാനിക്കുമെന്ന കാര്യത്തില്‍ യാതൊരു പ്രവചനവും സാധ്യമല്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കാമറൂണിന് തലവേദനയുണ്ടാക്കുന്നുണ്ട്. ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്നാണ് ഇറ്റലിയുടെ പക്ഷം. കാമറൂണ്‍ അനുരജ്ഞന ശ്രമങ്ങള്‍ തുടങ്ങിയതായി ഡൗണ്‍സ്ട്രീറ്റ് വക്താവ് അറിയിച്ചിട്ടുണ്ട്. ഇതിനായി ചെക്ക് പ്രധാനമന്ത്രിയുമായി കാമറൂണ്‍ ഫോണില്‍ സംസാരിച്ചു.

ഹംഗറിയും പോളണ്ടും സ്ലോവാക്യയും ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന ബ്രിട്ടന്റെ നിലാപടിനെ ചെക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കന്‍ഹയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ കന്‍ഹയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നില്‍ പോലീസിന്റെ അമിതാവേശമാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങില്‍ കന്‍ഹയ്യകുമാര്‍ പങ്കെടുത്തുവെങ്കിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രം ദേശവിരുദ്ധമായി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തീവ്ര ഇടതുസംഘടനകളായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ് യു), സിപിഐ (മാവോയിസ്റ്റ്) എന്നീ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് നേതാവാണ് കന്‍ഹയ്യകുമാര്‍. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിന് വ്യക്തമായ തെളിവുകള്‍ നല്‍കാതെയാണ് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തരമ ന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കന്‍ഹയ്യയുടെ ദേശവിരുദ്ധ സ്വഭാവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നിഗമനത്തിലെത്താന്‍ കാരണമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ജെഎന്‍യു സംഭവത്തിനു പിന്നില്‍ ലഷ്‌കര്‍ നേതാവായ ഹഫീസ് സഈദാണെന്ന് വ്യാജ ട്വീറ്റ് ഉദ്ധരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവന പൊളിഞ്ഞതിനു പിന്നാലെയാണ് കന്‍ഹയ്യ കുമാറിന്റെ കാര്യത്തില്‍ മന്ത്രാലയം മലക്കം മറിഞ്ഞത്.

കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാമസ്ജിദില്‍. വി.ജമീലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മൃതദേഹം 12 മണി വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
1954 ജൂലൈ 7ന് കോഴിക്കോടു ജില്ലയിലെ കക്കട്ടിലിലാണ് ജനനം. പാറയില്‍ എല്‍പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍, ഫറോക്ക്, മടപ്പള്ളി, തൃശൂര്‍ കേരളവര്‍മ, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, തലശ്ശേരി ഗവ. ട്രെയ്‌നിങ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണു വിദ്യാഭ്യാസം നേടിയത്. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി ഹൈസ്‌കൂള്‍, കൂത്താളി ഹൈസ്‌കൂള്‍, ഡപ്യൂട്ടേഷനില്‍ കോട്ടയം പായിപ്പാട് നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം) നേടിയിട്ടുണ്ട്. പുറമെ അങ്കണം സാഹിത്യ അവാര്‍ഡ്, എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ്, മികച്ച കഥാകൃത്തിനുളള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ചെറുകഥകളിലൂടെയാണ് അക്ബര്‍ കക്കട്ടില്‍ മലയാളി വായനക്കാര്‍ക്ക് സുപരിചിതനാകുന്നത്. രണ്ടു നോവലുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക കഥകളിലൂടെ പ്രശസ്തനായ സാഹിത്യകാരനായിരുന്നു കക്കട്ടില്‍. 54 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഷമീലാ ഫഹ്മി, അധ്യാപകകഥകള്‍, മേധാശ്വം, ഈ വഴി വന്നവര്‍, നാദാപുരം’ എന്നിവ പ്രധാന ചെറുകഥാസമാഹാരങ്ങളാണ്.

ഷിബു മാത്യൂ
ലീഡ്‌സ്: മട്ടനേയും ചിക്കനേയും ചെമ്മീനേയും തക്കാളിയേയും ഏലക്കായേയും കുരുമുളകിനെയും പിന്നിലാക്കി കറിവേപ്പില യൂറോപ്യന്‍ വിപണിയില്‍ ഒന്നാമതെത്തി. യാതൊരു പരിചരണവും മുതല്‍ മുടക്കും ഇല്ലാതെ വളരുന്ന കറിവേപ്പില പ്ലാസ്റ്റിക് ബാഗിലാക്കി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷെല്‍ഫില്‍ എത്തുമ്പോള്‍ കഥ മാറി. വെറും 25 ഗ്രാമിന് 1 പൗണ്ട് 59 പെന്‍സ്. യൂറോപ്പിലെ പ്രസിദ്ധമായ യോര്‍ക്ഷയറിലെ കീത്തിലിയില്‍ പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള ഷാന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ദൃശ്യങ്ങളാണിവ. പതിനായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വിഭാഗത്തിലും മത്സ്യം മാംസം വിഭാഗത്തിലും കറിവേപ്പിലയേക്കാള്‍ വില കൂടിയ യാതൊരു ഭക്ഷണസാധനവും ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചില്ല. ഇതു വാങ്ങുന്നതില്‍ അധികവും ഇന്ത്യാക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ഇത് യൂറോപ്പിലെ മാത്രം പ്രത്യേകത യൊന്നുമല്ല.

curry leaves2

കേരളം വിട്ടാല്‍ ലോകത്ത് എവിടെയായാലും കറിവേപ്പിലയുടെ വില ഇങ്ങനെ തന്നെ. ചെറു പായ്കറ്റിലായതുകൊണ്ടും പായ്ക്കറ്റിന്റെ വില ചെറുതായതു കൊണ്ടും ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നു മാത്രം. അതു തന്നെയാണ് ബിസിനസ്സുകാരുടെ തന്ത്രവും. ഒരു കാലത്ത് സ്വന്തം മുറ്റത്തു വളര്‍ന്ന കറിവേപ്പിലയുടെ വില എന്തു തന്നെയായാലും അതിന്റെ ഗുണം അനുഭവിച്ചറിഞ്ഞ മലയാളികള്‍ ഇപ്പോഴും വാങ്ങി ഉപയോഗിക്കുന്നു.

curry leaves1

ഒരു പക്ഷേ കറിവേപ്പിലയുടെ വില കിലോയില്‍ ഒരു മലയാളിയും കണക്കു കൂട്ടിയിട്ടുമുണ്ടാവില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ റബ്ബര്‍ വെട്ടിക്കളഞ്ഞ് കൈത കൃഷി ചെയ്ത് പാപ്പരായ മലയാളികള്‍ എന്നേ കറിവേപ്പില കൃഷി തുടങ്ങുമായിരുന്നു. കേരളമേ…. ഓര്‍മ്മിക്കുക. കുരുമുളകിനും ഏലക്കായ്ക്കും കിലോ മുന്നൂറ്റി അമ്പതു രൂപാ, റബ്ബറിന് കിലോ നൂറില്‍ താഴെ. കൈതചക്കയ്‌ക്കോ, കിലോ പതിനഞ്ചും. കൊക്കോക്കായോ, അതാര്‍ക്കും വേണ്ടതാനും. എന്നാല്‍, കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെയാണെന്ന് പൂര്‍വ്വികര്‍ പറഞ്ഞ കറിവേപ്പിലയ്ക്ക് യൂറോപ്പില്‍ കിലോ ആറായിരത്തി നാനൂറ്.
എല്ലാം വെട്ടിക്കളഞ്ഞ് ഇനി കേരളം കറിവേപ്പില കൃഷി തുടങ്ങുമോ?

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളില്‍ നിന്നുള്ള ഏറ്റവും വലിയ ചാരിറ്റി അപ്പീലുമായി ബ്രിസ്‌ക ചാരിറ്റി ഇവന്റ് ഫെബ്രുവരി 20 ശനിയാഴ്ച സൗത്ത് മീഡ് ഗ്രീന്‍ വേ സെന്റെറില്‍ നടക്കും. ബ്രിസ്‌ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങളോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കു നടക്കുന്ന ചാരിറ്റി ഇവന്റിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ നടന്നു വരുന്നു.യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ മുഖ്യ ആകര്‍ഷണം. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്നതാണ് സര്‍ഗ്ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുള്ള സര്‍ഗ്ഗവേദി ആദ്യമായാണ് ബ്രിസ്റ്റോളിലെത്തുന്നത്. ചാരിറ്റി ഇവന്റില്‍ നിന്നു സമാഹരിക്കുന്ന മുഴുവന്‍ തുകയും കൊല്ലം ഗാന്ധിഭവനും ബ്രിസ്റ്റോളിലെ സെന്റ് പീറ്റേഴ്‌സ് ഹോസ്‌പൈസിനും നല്‍കാനാണ് ബ്രിസ്‌കയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും അറിയാവുന്നതു പോലെ കൊല്ലം ജില്ലയിലെ പ്രശസ്തമായ ജീവകാരുണ്യ സ്ഥാപനമാണ് ഗാന്ധിഭവന്‍.ബ്രിസ്റ്റോളിലുള്ള കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സ്ഥാപനമാണ് സെന്റ് പീറ്റേഴ്‌സ് സ്‌പൈസ്. മരണത്തോടടുക്കുന്ന കാന്‍സര്‍ രോഗികളുടെ ശുശ്രൂഷയ്ക്കും വേദനയില്ലാത്ത മരണം നല്‍കാനും മറ്റും സഹായം നല്‍കുന്ന ഒരു ചാരിറ്റി പ്രസ്ഥാനമാണ് സെന്റ് പീറ്റേഴ്‌സ് ഹോസ്‌പൈസ്.കേരളത്തിലേക്ക് മാതമല്ല യുകെയിലും ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ ബ്രിസ്‌ക തീരുമാനിച്ചപ്പോള്‍ തന്നെ വലിയൊരു സംഭവമാകും ഈ ചാരിറ്റി അപ്പീല്‍ എന്ന് വ്യക്തമായതാണ്.

briska1

ബ്രിസ്‌ക കലാമേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സൗത്ത് മീട് ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കും. മത്സരങ്ങള്‍ അവസാനിക്കുന്നത് വൈകീട്ടുള്ള ചാരിറ്റി ഇവന്റോടെയാണ്. മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,സ്‌മൈലിങ് കൊമ്പറ്റീഷന്‍,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍ ,പുരുഷ കേസരി,മലയാളി മങ്ക എന്നീ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു. രണ്ടാം ദിവസത്തെ കലാമേളയുടെ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത് പതിനേഴാം തീയതിയാണ്.അതിനു മുമ്പ് ഏവരും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ താല്‍പര്യപ്പെടുന്നു.

briska2

ഒരു കുടുംബത്തിന് 20 പൌണ്ടാണ് ചാരിറ്റി ഇവന്റിലെക്കുള്ള പ്രവേശന ഫീസ്.സമാഹരിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനത്തിനുപയോഗിക്കുന്നതുകൊണ്ട് തന്നെ ബ്രിസ്‌റ്റോള്‍ മലയാളികള്‍ മുഴുവന്‍ ഈ പരിപാടിയുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ്.എല്ലാവരേയും ഈ ചാരിറ്റി ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ട്രറി ജോസ് തോമസും അറിയിക്കുന്നു. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക. ശെല്‍വ രാജ് : 07722543385

ദുബൈയ്: സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 2016 17 വര്‍ഷം പരമാവധി 6.4 ശതമാനം വര്‍ധനയ്ക്കാണ് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.
പ്രവാസികളുടെ ജീവിതചെലവുകള്‍ ദിനംപ്രതി ഉയരുന്ന ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്‍ധന മലയാളികളടക്കമുള്ളവര്‍ക്ക് അമിതഭാരമായിരിക്കുകയാണ്. ശമ്പള വര്‍ധന ഉണ്ടാവാതിരിക്കുകയും ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മടങ്ങിപ്പോക്കല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് കുടുംബമായി ദുബൈയില്‍ താമസമാക്കിയവര്‍ പറയുന്നത്.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 173 സ്വകാര്യ സ്‌കൂളുകളിലും കൂടി മൊത്തം 2,55,208 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വര്‍ഷം 5.84 ശതമാനം ഫീസാണ് വര്‍ധിപ്പിച്ചത്. അതിനിടെ പുതിയതായി ആരംഭിച്ച സ്‌കൂളുകള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തെയ്ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കില്ലെന്ന് അധികൃതര്‍വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved
➤