ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ അനവധി വിദ്യാർത്ഥികൾക്ക് വലിയതോതിൽ കടബാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നു. വിദ്യാഭ്യാസ വായ്പ എടുത്തതാണ് ഇതിന് കാരണം. 1.8 ദശലക്ഷം വിദ്യാർത്ഥികളുടെ കടം 50,000 പൗണ്ടോ അതിലേറെയോ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്റ്റുഡൻറ് ലോൺ കൊടുക്കുന്ന കമ്പനികളിൽ നിന്ന് 250,000 പൗണ്ട് വരെ ലോൺ എടുത്ത വിദ്യാർത്ഥികളും നിലവിലുണ്ട്.

61,000ത്തിലധികം വിദ്യാർത്ഥികളുടെ കടം 100,000 പൗണ്ടിന് മുകളിലാണ്. 50 ഓളം പേരുടെ കടം 200,000 പൗണ്ടിന് മുകളിലാണ്. വിദ്യാർത്ഥികൾ എടുത്തിരിക്കുന്ന ലോണും അവയുടെ തിരിച്ചടവും എത്രയാണെന്നതിനെക്കുറിച്ചുള്ള ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ചിലവേറിയതും ദൈർഘ്യമേറിയതുമായ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ പഠനം പൂർത്തിയാകുമ്പോൾ അവരുടെ തിരിച്ചടവ് ബാധ്യത ചിലപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകളെക്കാൾ വളരെ കൂടുതലാകാനും സാധ്യതയുണ്ട്.

ഉയർന്ന കടബാധ്യത വിദ്യാർത്ഥികളിൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു . പഠനത്തിനുശേഷം തിരിച്ചടവിന് സുഗമമായ രീതിയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ലഭിച്ചില്ലെങ്കിൽ ഈ കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാവും. ഇത്തരം ഉയർന്ന കടബാധ്യത വിദ്യാർത്ഥികൾക്ക് വരുന്നത് അപകടകരമാണെന്ന് സേവ് ദ സ്റ്റുഡൻസ് എന്ന കൂട്ടായ്മയുടെ പ്രതിനിധിയായ ടോം അല്ലിംഗ്ഹാം പറഞ്ഞു. ജോലി ലഭിച്ചു കഴിഞ്ഞ് കടബാധ്യത അടച്ചു തീർക്കാൻ മാത്രമേ ശമ്പളം തികയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങൾ എന്താണ് സമ്പാദിക്കുന്നത് എന്ന് വലിയ ഒരു ചോദ്യചിഹ്നമായി അവസാനിക്കുന്നതായി ടോം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് വിദ്യാർഥികളുടെ കടബാധ്യതയുടെ കാര്യത്തിൽ പ്രധാന പാർട്ടികളെല്ലാം മൗനംപാലിക്കുകയാണെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് ( എൻ യു എസ് ) കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന മലയാളിയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 54 വയസ്സുള്ള രാമസ്വാമി ജയറാമിനെയാണ് ജൂൺ 30 ഞായറാഴ്ച മുതൽ കാണാതായത്. അന്നേദിവസം രാവിലെ 5.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഡോക്ടറെ കുറിച്ച് പിന്നീട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു. മെലിഞ്ഞ ശരീര പ്രകൃതിയും കറുത്ത മുടിയും കണ്ണടയും ധരിച്ചയാളുമാണ് ഡോക്ടർ രാമസ്വാമി എന്ന് പോലീസ് അറിയിച്ചു. കറുത്ത ജാക്കറ്റും ഇളനീല ജീൻസും ബ്ലാക്ക് ട്രെയിനറും ആണ് വീട്ടിൽ നിന്ന് പോയപ്പോൾ അദ്ദേഹം ധരിച്ചിരുന്നത്.

ചാരനിറത്തിലുള്ള സിട്രോൺ സി1 എന്ന അദ്ദേഹത്തിൻ്റെ കാർ പിന്നീട് ഇപ്‌സ്‌വിച്ചിലെ റാവൻസ്‌വുഡ് ഏരിയയിൽ കണ്ടെത്തിയത് സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ – പ്രത്യേകിച്ച് ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും – പോലീസ് തിരച്ചിൽ നടക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത് . രാമസ്വാമിയെ കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരോ, അദ്ദേഹം എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, ഇപ്‌സ്‌വിച്ചിലെ ലാൻഡ്‌മാർക്ക് ഹൗസിലുള്ള ഡ്യൂട്ടി സർജൻ്റുമായി 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രിയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട നേഴ്സിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. 2023 ജനുവരിയിലാണ് സംഭവം നടന്നത്. ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിന് പുറത്തുവച്ച് സ്ഫോടക വസ്തുക്കളുമായി ഡോഹൈൻ ഹൗറ എന്ന ട്രെയിനിങ് നേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ കൈയ്യിൽ നിന്ന് 9.9 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്. ഒരു പ്രഷർ കുക്കറിലാണ് ഈ സ്ഫോടക വസ്തുക്കൾ അടക്കം ചെയ്തിരുന്നത്. ഇത് കൂടാതെ രണ്ട് കത്തിയും മറ്റ് ആയുധങ്ങളും ഇയാളുടെ പക്കൽ നിന്നും കാറിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഐ എസ് ആശയങ്ങൾ ഉൾക്കൊണ്ട് ആശുപത്രിയിൽ വൻസ്ഫോടനം നടത്തുവാനാണ് ഇയാൾ പദ്ധതി തയ്യാറാക്കിയതെന്നാണ് കോടതി കണ്ടെത്തിയത്.

തീവ്ര ഇസ്ലാമിക ആശയങ്ങളിൽ അടിമപ്പെട്ട് സ്ഫോടനം നടത്തി ചാവേറായി സ്വയം മരിക്കാനാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്. ടിക് ടോക്കിൽ ഫാറൂഖ് ആൻ്റിസെമിറ്റിക് വീഡിയോകൾ കണ്ടിരുന്നതായും ആശുപത്രിയുമായുള്ള ജൂത ബന്ധങ്ങളെ അനുസ്മരിക്കുന്ന ഫലകത്തിൻ്റെ ഫോട്ടോ ഫോണിൽ പകർത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നോർത്ത് യോർക്ക് ഷെയറിൽ ഇയാൾ മറ്റൊരു ആക്രമണവും നടത്താൻ നേരത്തെ പദ്ധതി ഇട്ടിരുന്നു. വിചാരണ വേളയിൽ ഫാറൂഖ് തെളിവ് നൽകിയില്ലെങ്കിലും രാത്രിയിൽ ലീഡ്‌സിലെ റൗണ്ട്‌ഹായ് പാർക്കിന് പുറത്ത് പാർക്ക് ചെയ്‌ത കാറിൽ വെച്ച് ബോംബ് നിർമ്മിച്ചതായി പോലീസിനോട് സമ്മതിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 66 കാരനായ വ്യക്തിക്ക് 35 വർഷം തടവു ശിക്ഷ വിധിച്ചു. വാൾവിച്ച് ക്രൗൺ കോടതിയാണ് കാൾ കൂപ്പർ എന്ന കൊടും കുറ്റവാളിക്ക് രണ്ടു കൊലപാതകങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചത്. രണ്ടുപേരും ഇയാളുടെ കാമുകിമാരായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഒരു വർഷത്തെ ഇടവേളയിലാണ് ഇയാൾ രണ്ടു കൊലപാതകങ്ങളും നടത്തിയത്. 2022 -ലാണ് ഇയാൾ ആദ്യ കാമുകിയായ നവോമി ഹണ്ടെയെ കുത്തി കൊന്നത്. മരിക്കുന്ന സമയത്ത് അവൾക്ക് 41 വയസ്സായിരുന്നു. ഇതിനുശേഷം ഇയാൾ 48 വയസ്സുകാരിയായ ഫിയോണ ഹോമിനെ കാമുകിയാക്കി. എന്നാൽ 2023 -ൽ ഫിയോണയുടെ മരണത്തിന് പിന്നിലും കാൾ കൂപ്പർ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രണ്ടു കൊലപാതക കേസുകളും അന്വേഷിച്ച പോലീസിന് ഫിയോണ ഹോമിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫിയോണ ഹോമിനായി തിരച്ചിൽ തുടരുകയാണെന്ന് മെറ്റ് പോലീസിൻ്റെ വക്താവ് അറിയിച്ചു. കടുത്ത അപകടകാരിയായ കുറ്റവാളിയാണ് കാൾ കൂപ്പർ എന്നാണ് ഇയാളെ കുറിച്ച് പോലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ടാറ്റാ സ്റ്റീലിന്റെ തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ജൂലൈ 8-ാം തീയതി പണിമുടക്ക് നടത്തുമെന്നാണ് യുകെ ട്രേഡ് യൂണിയൻ ആയ യുണൈറ്റഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പണിമുടക്ക് നടന്നിരുന്നെങ്കിൽ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യം ഉടലെടുക്കുമായിരുന്നു. കമ്പനിയിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം ഒഴിവായത് നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും ശുഭ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കൂടുതൽ നിക്ഷേപങ്ങളും നടത്തുന്നതിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണ് തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനു പിന്നിലെ കാരണമെന്നാണ് യുണൈറ്റഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. സൗത്ത് വെയിൽസിലെ സ്റ്റീൽ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി ശോഭനമാകുന്നതിനും തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനു മുള്ള പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലായാണ് സമരപ്രഖ്യാപനവും തുടർന്നുള്ള സംഭവവികാസങ്ങളുമെന്ന് യുണൈറ്റഡ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം അഭിപ്രായപ്പെട്ടു. ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സർവേകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടിയുടെ പിന്തുണയുള്ള യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് യുണൈറ്റഡ്. മാറിവരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിയാണ് പണിമുടക്കാനുള്ള ട്രേഡ് യൂണിയൻ നിലപാടിനു പിന്നിൽ . ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സെപ്റ്റംബർ അവസാനത്തോടെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ്. ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ കമ്പനിയുടെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതിന് പഴി കേൾക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തപാൽ ബാലറ്റ് സമയത്തിന് ലഭിക്കാതിരുന്നത് മൂലം തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കകളുമായി ഒട്ടേറെ പേർ രംഗത്ത് വന്നു. യുകെയിലും വിദേശത്തുമുള്ള നിരവധി പേർക്കാണ് സമയത്തിന് തപാൽ ബാലറ്റുകൾ ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചിരിക്കുന്നത്. യഥാസമയം തപാൽ ബാലറ്റുകൾ എത്തിക്കാൻ ഉണ്ടായ കാലതാമസം, ബ്രെക്സിറ്റിന്റെ ഭാഗമായി വിദേശത്തേക്ക് കയറ്റി അയക്കുന്ന സാധനങ്ങൾക്ക് ഉണ്ടാകുന്ന സ്വാഭാവിക നടപടിക്രമങ്ങളുടെ നൂലാമാലകൾ എന്നിവയാണ് ബാലറ്റ് അർഹിക്കുന്നവർക്ക് യഥാസമയം എത്തിച്ചേരാൻ സാധിക്കാത്തതിന്റെ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

തൻറെ വോട്ട് കൃത്യസമയത്ത് നൽകാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഇറ്റലിയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ക്ലാരിസ കിൽവിക്ക് പറഞ്ഞു. തപാൽ വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ യുകെയിലേക്ക് പോകുമെന്ന് അവൾ പറഞ്ഞു. ക്ലാരിസ കിൽവിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പേരാണ് സമാനമായ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിയന്നയിൽ താമസിക്കുന്ന മൈക്കൽ ഗോർഡ്സൺ ലണ്ടനിലെ ഹാക്ക്നി കൗൺസിലിൽ വോട്ടുള്ള ആളാണ്. ജൂൺ 17 ന് അദ്ദേഹത്തിൻറെ ബാലറ്റ് പോസ്റ്റ് ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചതാണ്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ബാലറ്റ് എത്താത്തതിൽ താൻ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 14 വർഷമായി പീറ്റർ മൂർ ഫ്രാൻസിൽ നിന്ന് പോസ്റ്റൽ വോട്ടാണ് ചെയ്യുന്നത്. എന്നാൽ ഈ പ്രാവശ്യം അദ്ദേഹത്തിന് പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ല. ബ്രെക്സിറ്റിന് മുമ്പ് യുകെയും ഫ്രാൻസും തമ്മിൽ കത്തുകൾ ലഭിക്കാൻ രണ്ടോ മൂന്നോ ദിവസം മാത്രമേ സമയം എടുത്തിരുന്നുള്ളൂ. എന്നാൽ ബ്രെക്സിറ്റിനു ശേഷം കത്തുകൾ ലഭിക്കുന്നതിനുള്ള കാലാവധി ഒരാഴ്ചയിൽ കൂടിയതായി പീറ്റർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്ന സമയത്ത് തപാൽ വോട്ടുകൾ യഥാസമയം ലഭിക്കില്ലെന്നതിൽ തനിക്ക് കടുത്ത ആശങ്ക ഉണ്ടെന്ന് ബ്രിട്ടീഷ് ഓവർസീസ് വോട്ടേഴ്‌സ് ഫോറത്തിൻ്റെ ചെയർമാനും ബാങ്കോക്കിലെ താമസിക്കാരനുമായ ബ്രൂസ് ഡാറിംഗ്ടൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളുമായി പൊതു ഇടത്തിൽ വസ്ത്രം മാറുന്നതിനെ ചൊല്ലിയുള്ള പരാതിയിൽ എൻഎച്ച്എസിലെ വനിതാ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ട സംഭവം വിവാദമാകുന്നു. സംഭവത്തെ ചൊല്ലി കടുത്ത പ്രതിഷേധമാണ് സ്ത്രീപക്ഷ ഗ്രൂപ്പുകൾ ഉന്നയിക്കുന്നത് . ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാൾ തന്റെ മുന്നിൽ വച്ച് വസ്ത്രങ്ങൾ മാറിയപ്പോൾ തനിക്ക് കടുത്ത അസ്വസ്ഥത ഉണ്ടായതായി വനിതാ ജീവനക്കാരി പരാതിപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

സംഭവത്തിൽ ട്രാൻസ് വുമണും പരാതിപ്പെട്ടതോടെ അധികാരികൾ വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മൂന്നുമാസത്തേയ്ക്കാണ് ജീവനക്കാരിയെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്. എന്നാൽ നടപടി എടുത്ത എൻഎച്ച്എസ് ഇപ്പോൾ നിയമനടപടി നേരിടുകയാണ്. തനിക്ക് നേരിട്ട അനീതിക്കെതിരെ വനിതാ ജീവനക്കാരി സ്കോട്ട് ലൻഡ് എൻഎച്ച്എസിനെതിരെ കേസ് കൊടുത്തിരുന്നു.

ഈ വർഷം ജനുവരിയിലാണ് വിവാദമായ സംഭവം നടന്നത്. മൂന്ന് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരി തിരിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും ഹെൽത്ത് ബോർഡിന്റെ അന്വേഷണം പ്രസ്തുത വിഷയത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. വനിതാ ജീവനക്കാരിക്ക് എതിരെ എൻഎച്ച്എസ് കൈക്കൊണ്ട തീരുമാനത്തെ ‘തികച്ചും അപകീർത്തികരം’ എന്നാണ് ആൽബ പാർട്ടി എംപി നീൽ ഹാൻവി വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഞായറാഴ്ചയാണ് മെർസി നദിയിൽ പതിനാറു വയസ്സുകാരനെ കാണാതായത് . കുട്ടി സുഹൃത്തുക്കളോടൊപ്പം വെള്ളത്തിൽ നീന്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെയാണ് കുട്ടി നദിയിൽ മുങ്ങിയതായുള്ള വിവരം എമർജൻസി സർവീസുകൾക്ക് ലഭിച്ചത്.

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കുട്ടി മറ്റുള്ളവരുമായി വേർപിരിഞ്ഞ് നദിയിൽ കാണാതാകുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത് എന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു . വിവരം അറിഞ്ഞത് മുതൽ കോസ്റ്റ്ഗാർഡ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകൾ, ഹെലികോപ്റ്ററുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവ ഉപയോഗിച്ച് തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

രണ്ടാഴ്ച മുമ്പ് സ്പെയിനിലെ ടെനറഫിൽ തിരോധാനം ചെയ്ത ജെയ് സ്ലേറ്ററിന്റെ വാർത്തകൾ ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് 14 വയസ്സുകാരനെ നദിയിൽ കാണാതായ ദുരന്തവാർത്ത എത്തിയിരിക്കുന്നത്. ഇന്നലെയാണ് ജെയ് സ്ലേറ്ററിന് തിരോധാനത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചത്. സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ് സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനു വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ വിവാഹ ചടങ്ങിനിടെ ആക്രമികളുടെ വിളയാട്ടം. കിഴക്കൻ ഫ്രാൻസിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ മുഖമൂടി ധരിച്ചെത്തിയ തോക്കുധാരികൾ ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഫ്രാൻസിലെ തിയോൺവില്ലിയെന്ന സ്ഥലത്താണ് രാജ്യത്തെ നടുക്കിയ ആക്രമണ സംഭവം അരങ്ങേറിയത്. മയക്കു മരുന്ന് കടത്തുന്ന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് വെടിവെപ്പ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നൂറോളം പേർ പങ്കെടുത്ത റിസപ്ഷൻ ഹാളിൽ ഞായറാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെടിവെപ്പ് നടത്തിയവർ സംഭവസ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെട്ടു.

പുലർച്ചെ ഒന്നര മണിക്കാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. ആക്രമികൾ എത്തിയത് ഒരു കാറിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത് . ലക്സംബർഗിൻ്റെയും ജർമ്മനിയുടെയും അതിർത്തിയോട് ചേർന്നാണ് ഫ്രാൻസിലെ തിയോൺവില്ലെ സ്ഥിതി ചെയ്യുന്നത്. അയൽപട്ടണമായ വില്ലെറപ്റ്റിൽ, 2023 മെയ് മാസത്തിൽ മയക്കുമരുന്ന് ഇടപാട് സ്ഥലത്ത് എതിരാളികളായ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള അവസാന വട്ട പ്രചാരണങ്ങൾ കൊഴുപ്പിക്കുന്ന തിരക്കിലാണ് രാഷ്ട്രീയപാർട്ടികൾ. നിലവിലെ അഭിപ്രായ സർവേകൾ അനുസരിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ലേബറിൻ്റെയും കൺസർവേറ്റീവ് പാർട്ടിയുടെയും വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്തി റീഫോം യുകെയുടെ സ്ഥാനാർത്ഥികൾ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ വംശീയമായതുൾപ്പെടെയുള്ള അവരുടെ സ്ഥാനാർത്ഥികൾ നടത്തിയ മോശം പരാമർശനങ്ങൾ വാർത്തയായത് റീഫോം യു കെയ്ക്ക് തിരിച്ചടിയായതായാണ് കരുതപ്പെടുന്നത്.

ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിലവിലെ പല പദ്ധതികളുടെയും മരണമണി മുഴങ്ങുമോ എന്നത് ചർച്ചകൾക്ക് വിഷയമായിരിക്കുകയാണ്. അതിൽ പ്രധാന പെട്ടതാണ് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി തയ്യാറാക്കിയ റുവാണ്ട പദ്ധതി. നിലവിൽ റുവാണ്ട പദ്ധതിക്കായി 320 മില്യൺ പൗണ്ട് ആണ് സർക്കാർ വിനിയോഗിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പുനരധിവസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു മറ്റുമായാണ് തുക വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. കൺസർവേറ്റീവുകൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ജൂലൈ 24 ന് റുവാണ്ടയിലേക്ക് ആദ്യ വിമാനം പറന്നുയരുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചിരുന്നു.

എന്നാൽ ലേബർ പാർട്ടി തുടക്കം മുതൽ റുവാണ്ട പദ്ധതിക്ക് എതിരായിരുന്നു. എക്കാലത്തെയും ഏറ്റവും അസംബന്ധമായ ഹോം ഓഫീസ് നയമെന്നാണ് റുവാണ്ട പദ്ധതിയെ കുറിച്ച് തുടക്കം മുതൽ ലേബർ പാർട്ടി നടത്തിയ വിമർശനം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ റുവാണ്ട പദ്ധതിയുമായി മുന്നോട്ട് പോകാൻ ലേബർ പാർട്ടിക്ക് കഴിയില്ല. ലേബർ പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ ഋഷി സുനക് സർക്കാരിൻറെ ഭരണപരാജയങ്ങളുടെ പട്ടികയിലേയ്ക്ക് റുവാണ്ടയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കാനുള്ള പദ്ധതിയും ഉൾപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.