Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇനി പൊതു തിരഞ്ഞെടുപ്പിന് അഞ്ച് ആഴ്ചയിൽ താഴെ മാത്രം സമയം . ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി ബഹുദൂരം മുന്നിലാണ്. നിലവിൽ ലേബറിന് 23 പോയിൻറ് ലീഡ് ഉണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത് .

എന്നാൽ ടോറികൾക്ക് തിരിച്ചുവരവിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ലോർഡ് ആഷ്‌ക്രോഫ്റ്റിൻ്റെ ഏറ്റവും പുതിയ സർവേ അനുസരിച്ച് പത്തിൽ നാല് ബ്രിട്ടീഷുകാരും ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പകുതിയിലധികം പേരും ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കാത്തത് ഋഷി സുനകിൻ്റെ പ്രതീക്ഷകൾക്ക് വക നൽകുന്നതായാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ 47 ശതമാനം വോട്ട് വിഹിതമാണ് ലേബർ പാർട്ടിക്ക് ഉള്ളത്. ടോറികൾക്ക് 24 ശതമാനം മാത്രം.

റീഫോം യുകെയുടെ വോട്ട് വിഹിതം 11 ശതമാനം ആയേക്കാമെന്നാണ് സർവേ ഫലം കാണിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദ്വിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. സമീപകാലത്ത് ഇവരുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തി ചില ചെറു പാർട്ടികൾ ശക്തി പ്രാപിക്കുന്നുണ്ട്. തീവ്ര ബ്രക്സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി കൂടുതൽ ജനപ്രിയമായി കൊണ്ടിരിക്കുകയാണന്നാണ് സമീപകാല സർവേകൾ ചൂണ്ടി കാണിക്കുന്നത്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്ക് കിഴക്കൻ ലണ്ടനിൽ ബുധനാഴ്ച രാത്രി 9ന് നടന്ന വെടിവെപ്പിൽ 10 വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ഗുരുതര പരുക്ക്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റന്‍റിന് സമീപം ബൈക്കിൽ എത്തിയ അക്രമി വെടിവെപ്പ് നടത്തുകയായിരുന്നു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. ഇവർ ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചു വരികയായിരുന്നു. അക്രമണത്തിൽ 3 മുതിർന്നവർക്കും പരിക്കേറ്റിട്ടുണ്ട്.

 

ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെറ്റ് പോലീസ് അറിയിച്ചു. വെടിയേറ്റ നാല് പേരെയും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്ന് പേരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെടിവെപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് മെറ്റ് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂ ബാസ്‌ഫോർഡിൽ കൂടുതൽ ആളുകളുമായി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 7 സീറ്റുകളുള്ള വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് തോന്നിയതിനാലാണ് പോലീസ് വാഹനം നിർത്തിച്ചത്. എന്നാൽ പിന്നീടുള്ള സംഭവങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. 7 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ അതിലും ഇരട്ടി 14 പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.


വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത 8 കുട്ടികളും ഉണ്ടായിരുന്നതായി വാഹനം തടഞ്ഞ് നടപടി സ്വീകരിച്ച നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. അനുവദനീയമായതിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യുക ,14 വയസ്സിൽ താഴെയുള്ള കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡ്രൈവറെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. സുരക്ഷാ വീഴ്ചകൾ കാരണം ഒരു വാഹനത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് ശിക്ഷാർഹമാണെന്ന് പോലീസ് പറഞ്ഞു. ആളുകൾ സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെങ്കിൽ വാഹനാപകടം ഉണ്ടാകുമ്പോൾ അപകടസാധ്യത ഇരട്ടിയാണ്.

ഒരു വാഹനത്തിൽ അനുവദനീയമായ പരുധിയിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യുന്നത് കാർ ഇൻഷുറൻസ് തന്നെ അസാധുവാക്കുന്നതിനും വഴിവെക്കും. ഇത്തരം സാഹചര്യത്തിൽ ഏതെങ്കിലും അപകടം നടന്നാൽ ഇൻഷുറൻസ് ലഭിക്കില്ല. യുകെയിലെ നിയമം അനുസരിച്ച് 14 വയസ്സിൽ താഴെയുള്ള കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ കടമയാണ്. എല്ലാ ഡ്രൈവർമാരും യാത്രക്കാരും കാറിലോ വാനിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ അവർ കാറിൻ്റെ മുൻവശത്തായാലും പിൻസീറ്റിലെ യാത്രക്കാരായാലും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസിൻ്റെ പത്രക്കുറിപ്പിൽ അറിയിച്ചു. 14 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ പരാജയപ്പെടുന്ന യാത്രക്കാരോട് പ്രത്യേക കാരണമില്ലെങ്കിൽ 100 ​​പൗണ്ട് പിഴയൊടുക്കാൻ ആവശ്യപ്പെടാം. കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയർത്താം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെട്ടെന്ന് ഒരു പ്രകൃതിദുരന്തം വന്നാൽ എന്തു ചെയ്യും? അത് ചിലപ്പോൾ മേഘവിസ്ഫോടനം പോലെ മുന്നറിയിപ്പില്ലാത്ത പേമാരിയോ അഗ്നി ബാധയോ പ്രകൃതി ദുരന്തമോ ആയിരിക്കാം. അതുമല്ലെങ്കിൽ ഏതെങ്കിലും മഹാമാരി പ്രവചനാതീതമായി പടർന്നുപിടിക്കുന്നതായിരിക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ അത്യാവശ്യ ഭക്ഷണ വസ്തുക്കൾ സംഭരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഗവൺമെൻറ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അസ്‌ഡ, സെയിൻസ്‌ബറി, മോറിസൺസ്, ടെസ്‌കോ, ലിഡ്ൽ, ആൽഡി എന്നീ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ 7 ഇനം അത്യാവശ്യ വസ്തുക്കൾ വീട്ടിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്ന് യുകെയിലെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിന്നിലടച്ച മാംസം, കുപ്പിവെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾ സംഭരിച്ച് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നാണ് നിർദ്ദേശത്തിൽ ഉള്ളത്. ഒരാൾക്ക് പ്രതിദിനം മൂന്ന് ലിറ്റർ കുടിവെള്ളമെങ്കിലും ശേഖരിച്ചിരിക്കണം എന്നും നിർദ്ദേശത്തിൽ ഉണ്ട്.

https://prepare.campaign.gov.uk/ എന്ന സർക്കാർ വെബ്സൈറ്റിലൂടെയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കം, അഗ്നിബാധ , പവർകട്ട് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ കരുതിയിരിക്കണമെന്നാണ് വെബ്സൈറ്റിലെ പ്രധാന നിർദ്ദേശം. അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിടുന്നതായുള്ളതാണ് പ്രസ്തുത വെബ്സൈറ്റ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്ക് കിഴക്കൻ ലണ്ടനിലെ ഒരു റസ്റ്റോറൻ്റിന് സമീപം ഉണ്ടായ വെടിവെയ്പ്പിൽ 3 മുതിർന്നവർക്കും ഒരു കുട്ടിക്കും പരുക്കു പറ്റി. ഇതിൽ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാണ് ദാരുണ സംഭവം അരങ്ങേറിയത്. വെടിയേറ്റ നാലു പേരെയും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ള അടിയന്തിര സർവീസുകൾ സംഭവ സ്ഥലത്ത് എത്തിയതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. വെടിവെയ്പ്പിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ മേധാവിയായിരുന്ന പാറ്റ് കുള്ളൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഫെർമനാഗ്, സൗത്ത് ടൈറോൺ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിയായാണ് പാറ്റ് കുള്ളൻ മത്സരിക്കാൻ ഒരുങ്ങുന്നത്.


തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിൻ്റെ നേതൃസ്ഥാനത്തുനിന്നും അവർ പടിയിറങ്ങി . 2021 മുതൽ പാറ്റ് കുള്ളൻ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിൻ്റെ (ആർസിഎൻ) ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവും ആയിരുന്നു. ന്യായമായ ശമ്പളത്തിന് വേണ്ടി നേഴ്സുമാരെ അണിനിരത്തി രാജ്യവ്യാപകമായി സമരം നടത്തിയതിന്റെ മുൻപിൽ നിന്നത് പാറ്റ് കുള്ളൻ ആയിരുന്നു.

രാജ്യത്തെ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന നേഴ്സുമാരെ പ്രതിനിധീകരിച്ചാണ് താൻ മത്സരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. വടക്കൻ അയർലൻഡിലെ കൗണ്ടി ടൈറോണിൽ നിന്നുള്ള മിസ് കുള്ളൻ 1985-ൽ ആണ് രജിസ്റ്റർ ചെയ്ത നേഴ്‌സായി യോഗ്യത നേടിയത് . പബ്ലിക് ഹെൽത്ത് ഏജൻസിയിലെ നേഴ്‌സിംഗ് ഡയറക്‌ടർ ഉൾപ്പെടെ വിവിധ മേഖലകളിൽ അവർ സേവനം അനുഷ്‌ടിച്ചിട്ടുണ്ട് . 2016-ൽ അവർ ആർസിഎന്നിൽ ചേർന്നത് . 2021-ൽ ജനറൽ സെക്രട്ടറിയായും ചീഫ് എക്‌സിക്യൂട്ടീവായും നിയമിക്കപ്പെടുന്നതിന് മുമ്പ് 2019-ൽ ആർസിഎന്നിന്റെ നോർത്തേൺ അയർലൻഡ് ഡയറക്ടർ ആയിരുന്നു . പാറ്റ് കുള്ളൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അവരുടെ പേരും മറ്റു വിവരങ്ങളും ആർസിഎൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാറ്റിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ എൻഎച്ച്എസിൻ്റെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് പ്രധാന വാഗ്ദാനമായി അവതരിപ്പിക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. എൻഎച്ച്എസ് കാത്തിരിപ്പ് സമയം പരമാവധി 18 ആഴ്ചയായി കുറയ്ക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുകയെന്നാവും ലേബറിൻറെ പ്രകടനപത്രികയിൽ ഉണ്ടാവുക. കോവിഡിന്റെ ആഘാതങ്ങളും സമരങ്ങളും മൂലം താറുമാറായ ആരോഗ്യ മേഖലയെ നേരെയാക്കാനുള്ള പദ്ധതികൾക്ക് ജനങ്ങളുടെ ഇടയിൽ വൻ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

നിലവിൽ ക്യാൻസർ പോലെ ഗുരുതരമായ രോഗം ബാധിച്ചവർക്ക് പോലും വേദന സഹിച്ച് ആഴ്ചകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്. ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്ന വാഗ്ദാനത്തിന് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും 43 ശതമാനം രോഗികൾക്കും ചികിത്സ ലഭിക്കുന്നതിന് 18 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. എൻഎച്ച്എസിനെ പുനരുദ്ധരിക്കാനുള്ള തങ്ങളുടെ പദ്ധതികളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ അവതരിപ്പിക്കും . 1997 -ൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ എടുത്ത നടപടികൾ അദ്ദേഹം ചൂണ്ടി കാണിക്കും എന്നാണ് കരുതപ്പെടുന്നത്.

സാധാരണ പ്രവർത്തി സമയം കഴിഞ്ഞും വാരാന്ത്യത്തിലും ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം സ്വകാര്യമേഖലയെയും ഫലപ്രദമായി ഉപയോഗിക്കും. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ആദ്യവർഷം 1.3 ബില്ല്യൺ പൗണ്ട് ചിലവാകും. എന്നാൽ ലേബർ പാർട്ടിക്ക് എൻഎച്ച്എസ് നവീകരിക്കാൻ വ്യക്തമായ പദ്ധതിയില്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ലേബർ പാർട്ടി ഭരണം നടത്തുന്ന വെയിൽസിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണെന്ന് അവർ ചൂണ്ടി കാട്ടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാനസികാരോഗ്യ വിഭാഗത്തിലെ നേഴ്‌സായ കസീമ അഫ്‌സൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗിയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഇരുപത്തഞ്ചുകാരനായ രോഗി തൻെറ വസ്ത്രത്തിൽ നിന്നുള്ള ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കസീമയെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ മറ്റ് ജീവനക്കാർ എത്തി രക്ഷപെടുത്തിയപ്പോഴേക്കും കസീമയുടെ ബോധം നഷ്‌ടമായിരുന്നു. വെസ്റ്റ് ബ്രോംവിച്ചിലെ ഹെൽത്ത് ലെയ്ൻ ഹോസ്പിറ്റലിലെ വാർഡിൽ രോഗിയെ പ്രവേശിപ്പിച്ചപ്പോൾ നിരീക്ഷണ സമയത്ത് രോഗിയുടെ മുറിയിൽ രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണം എന്നതാണ് നിയമം. പ്രത്യേകിച്ചും രോഗി ജനിച്ചത് സ്ത്രീ ആയിട്ടാണെങ്കിലും പുരുഷനായാണ് തിരിച്ചറിയുന്നത്. കൂടാതെ സ്വയം ഉപദ്രവിക്കാൻ സാധ്യത രോഗി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങളിൽ നിരീക്ഷണ സമയം രണ്ട് നേഴ്‌സുമാർ (ഒരു മേൽ നേഴ്സും ഒരു ഫീമെയിൽ നേഴ്സും) ഉണ്ടായിരിക്കേണ്ടതാണ്.

രോഗി ശുചിമുറി ഉപയോഗിക്കുമ്പോഴും വസ്ത്രം മാറ്റുമ്പോഴും ഉള്ള സമയങ്ങളിൽ മെയിൽ നേഴ്‌സിൻ്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇത്തരം സാഹചര്യങ്ങളിൽ മെയിൽ നേഴ്‌സിനെ മുറിയിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന തരത്തിൽ പരിചരണ പദ്ധതി പരിഷ്കരിക്കുകയായിരുന്നു. നേഴ്‌സായ കസീമയെ ഒറ്റയ്ക്ക് കിട്ടാൻ പ്രതി ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം കഴുത്തിൽ ചരട് ചുറ്റുകയായിരുന്നു. വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ കൊലപാതകശ്രമത്തിന് രോഗിയായ കീഫർ സട്ടൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മെയ് 23 ന് പ്രതിക്ക് കുറഞ്ഞത് 13 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

കോടതി വിചാരണയിൽ നേഴ്‌സുമാർ, ആശുപത്രി രോഗികൾ, പൊതുജനങ്ങൾ എന്നിവർക്കെതിരെ സട്ടൺ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം കസീമ രോഗിയുടെ ആക്രമണ ചരിത്രത്തെ പറ്റി അറിഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ തൻ ഒറ്റയ്ക്ക് മുറിയിൽ പോവില്ലായിരുന്നുവെന്ന് അവർ പറയുന്നു. നേഴ്‌സായ കസീമ അഫ്സൽ മുമ്പ് അവളുടെ സഹോദരി അരീമ നസ്രീനോടൊപ്പം വാൽസാൽ മാനർ ഹോസ്പിറ്റലിൽ ജോലി ചെയ്‌തിരുന്നു. പകർച്ചവ്യാധിയുടെ ആദ്യ ആഴ്ചകളിൽ കോവിഡ് ബാധിച്ച് സഹോദരിയുടെ മരണത്തെ തുടർന്ന് കസീമ മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ ആദ്യകാല   മലയാളിയായ സുനിൽ ജോസ് ചിറയിൽ മരണമടഞ്ഞു. അൻപത് വയസ്സ് മാത്രം പ്രായമുള്ള സുനിൽ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സുനിൽ കേരളത്തിൽ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് അകാലത്തിൽ വിടവാങ്ങിയത്.

ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോൾ കീത്തിലിയിലാണ്.  സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകനായിരുന്നു നിര്യാതനായ സുനിൽ. മൃതസംസ്കാരത്തിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സുനിൽ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് വെസ്റ്റ് ലണ്ടൻ ജ്വല്ലറിയിൽ കവർച്ചയ്ക്കിടെ രണ്ട് പേർ ചേർന്ന് ആക്രമിച്ച വാച്ച് ഡീലറെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് റിച്ച്‌മണ്ടിലെ ക്യൂ റോഡിലെ കടയിലായിരുന്നു വില പിടിച്ച വാച്ചുകൾ കവരാൻ ആക്രമികൾ എത്തിയത്. കവർച്ചക്കാർ ജീവനക്കാരനെ ചോക്‌ഹോൾഡിനുള്ളിലാക്കി ഉയർന്ന മൂല്യമുള്ള നിരവധി വാച്ചുകൾ മോഷ്‌ടിക്കുകയായിരുന്നു. അടുത്ത ദിവസം വൈകുന്നേരം, സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഷെപ്പർട്ടണിലെ വിലാസത്തിലേക്ക് എത്തിയ പോലീസ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജീവനക്കാരൻെറ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. റിച്ച്‌മണ്ടിലെ ക്യൂ റോഡിലെ ജ്വല്ലറികളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ജീവനക്കാരൻ വാച്ചുകൾ മേശപ്പുറത്ത് വെച്ച് രണ്ട് പുരുഷന്മാരോട് അവ കാണിക്കുന്നത് കാണാം. പെട്ടെന്നൊരാൾ ഇയാളുടെ മേൽ ചാടി കഴുത്തിൽ പിടിക്കുകയായിരുന്നു. അതേസമയം കൂടെയുണ്ടായിരുന്ന പ്രതി ഡിസ്‌പ്ലേയിൽ വച്ചിരുന്ന വാച്ചുകൾ എടുക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ശനിയാഴ്ച രാത്രി മെറ്റ് പോലീസ് പ്രതികളെ അന്വേഷിച്ചുകൊണ്ട് അവരുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. കവർച്ചക്കാർ നിരായുധരായിരുന്നുവെന്നും കടയിലെ തൊഴിലാളിക്ക് കാര്യമായ പരിക്കില്ലെന്നുമാണ് പോലീസ് ആദ്യം നൽകിയ സൂചന. എന്നാൽ, ഞായറാഴ്ച രാത്രി 08 :15 ന് ശേഷം തൊഴിലാളിയെ ഷെപ്പർട്ടണിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് യുവാവിൻെറ മരണം സ്ഥിരീകരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved