Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പതിനേഴുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേംബ്രിഡ്ജിലെ ലോഗൻസ് മെഡോയ്ക്ക് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പതിനേഴുകാരനായ യുവാവിനെ പ്രതികളായ മൂവരും ചേർന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഒരാൾ പതിനാല് വയസുകാരനും മറ്റു രണ്ടും പേർ പതിനേഴുകാരുമാണ്. കുത്തേറ്റു മരിച്ച യുവാവിനെ ഇവർ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് ഉപദ്രവിച്ചത്. പല സ്ഥലങ്ങളിൽ നിന്ന് പിടിയിലായ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മരണകാരണം ആഴത്തിലുള്ള മുറിവാണെന്നും, ആക്രമണത്തെ തുടർന്നാണ് അത് സംഭവിച്ചതെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ ദൃക്‌സാക്ഷികളായിട്ടുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ് . കൊലപാതകത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ മുന്നോട്ടു വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് ലോകം ചുരുങ്ങുകയാണ്. ഒരു പന്തിനോളം വലിപ്പം മാത്രം. കേരളത്തിന്റെ രണ്ടുമൂന്ന് ജില്ലകൾ ചേർത്തുവെച്ചാലുള്ള വിസ്തീർണം മാത്രമേ ഉള്ളൂ ഖത്തറിന്. ഇത്ര ചെറിയ രാജ്യത്ത് ഇതിന് മുൻപ് ലോകകപ്പ് നടന്നിട്ടുമില്ല. എന്നാൽ, ലോകം ഇന്ന് മുതൽ ആ രാജ്യമായി മാറും. ഖത്തറിലേ പുൽമൈതാനങ്ങളിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോൾ ആരാധകഹൃദയങ്ങളിൽ അലയടിക്കുന്നത് ഒരേയൊരു ചോദ്യമാണ്; ആര് കപ്പുയർത്തും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ അർജന്റീനയോ ബ്രസീലോ കപ്പുയർത്തുമോ? അതോ യൂറോപ്യൻ രാജ്യങ്ങളുടെ മേധാവിത്വം തുടരുമോ?

ജൂൺ ജൂലൈയിൽ നടക്കേണ്ട ലോകകപ്പ് ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് നവംബർ – ഡിസംബറിലേക്ക് മാറ്റിയപ്പോൾ സൂപ്പർ താരങ്ങളുടെ വരവ് ക്ലബ് ഫുട്ബോൾ സീസണിന്റെ മദ്ധ്യേയാണ്. അതുകൊണ്ടുതന്നെ പല ടീമുകളും പൂർണമായി ഒരുങ്ങിയെന്ന് പറയാനാവില്ല.

ഇറ്റലി, സ്വീഡൻ, തുർക്കി, നോർവേ, നൈജീരിയ, ഈജിപ്ത്, ഐവറി കോസ്റ്റ് തുടങ്ങി കരുത്തരായ പല ടീമുകളും യോഗ്യത നേടിയില്ല. നാലുതവണ ലോക കപ്പ് ജയിച്ച, നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്. അതും തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ഇല്ലാതെ ലോകകപ്പ് നടക്കുന്നത്. മുപ്പത്തിരണ്ടു ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ ഇറങ്ങുമ്പോൾ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രമുഖരെല്ലാം അടുത്ത റൗണ്ടിൽ കടക്കും. അതായത് ഒരു ഗ്രൂപ്പിൽ മൂന്ന് പ്രമുഖ ടീമുകൾ വരുമ്പോൾ അതിലൊന്നിന് അടുത്ത റൗണ്ട് ബുദ്ധിമുട്ടാകുന്ന സ്ഥിതി ഇത്തവണ ഇല്ലെന്നു പറയാം. പക്ഷേ,അട്ടിമറികളുണ്ടായാൽ കഥ മാറും. ആതിഥേയരെന്ന നിലയിൽ ഖത്തർ യോഗ്യത നേടിയപ്പോൾ മത്സരിച്ചെത്തിയ ആദ്യ ടീം ജർമനിയാണ്. രണ്ടു യോഗ്യതാ മത്സരം ബാക്കി നിൽക്കെ 2021 ഒക്ടോബറിൽ തന്നെ ജർമനി ബർത്ത് ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ, 2022 ജൂണിൽ കോസ്റ്ററിക്ക മുപ്പത്തിരണ്ടാമത്തെ ടീമായി യോഗ്യത കൈവരിച്ചു.

യുക്രെയിനെ ആക്രമിച്ചതിന്റെ പേരിൽ വിലക്ക് വന്നത് കാരണം 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യ ഇത്തവണയില്ല. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ മുതൽ അറുപതാം റാങ്കുള്ള ഘാന വരെ ഖത്തറിൽ മത്സരിക്കുന്നു. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും സാന്നിദ്ധ്യമറിയിച്ച ബ്രസീൽ ഇരുപത്തിരണ്ടാം തവണയും ലോക കപ്പിനെത്തുന്നു. ജർമനിയും അർജന്റീനയുമാണ് ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച രാജ്യങ്ങൾ. ഖത്തറിന് ഇത് അരങ്ങേറ്റവും.

അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഫ്രാൻസിന്റെ കരിം ബെൻസമ ,ജർമനിയുടെ മാനുവൽ ന്യൂയർ എന്നിവർക്കിത് മിക്കവാറും അവസാന ലോകകപ്പാകും. നെയ്‌മറും പരുക്കുകൾ തുടരെ അലട്ടുന്നതിനാൽ ഈ ലോകകപ്പോടെ വിടവാങ്ങിയേക്കും. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാൻ അവർ ശ്രമിക്കുമെന്ന് ഉറപ്പാണ്.

സ്പെയിന്റെ അൻസു ഫാറ്റി, പെഡ്രി, ഗാവി, ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ങാം, ജർമനിയുടെ മുസിയാല, ബ്രസീലിന്റെ ആന്റണി, വിനീസ്യൂസ്, ഫ്രാൻസിന്റെ കമവിംഗ തുടങ്ങിയ യുവതാരങ്ങൾ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മരണപോരാട്ടം സ്പെയിനും ജർമനിയും തമ്മിലാണ്.

36 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തുന്ന മെസിക്കും കൂട്ടർക്കും കപ്പുയർത്താൻ കഴിയുമോ.. അതോ കാനാറിപ്പടയോ? നിർഭാഗ്യം നിറഞ്ഞ ഓറഞ്ചുപടയോ? കറുത്ത കുതിരകളായ ബെൽജിയമോ? ഫ്രാൻസോ ഇംഗ്ലണ്ടോ ജർമ്മനിയോ സ്പെയിനോ പോർച്ചുഗലോ… അതോ മറ്റേതെങ്കിലും കൂട്ടരോ??? ആരാവും ചാമ്പ്യൻമാർ. മെയ്യും മനസും കളിയാരവത്തിലേക്ക്.. അൽ ബെയ്ത് സ്റ്റേഡിയത്തിലെ കിക്കോഫ് വിസിലിനായി ലോകം കാതോർത്തിരിക്കുന്നു..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രധാനമന്ത്രി ഋഷി സുനക് യുക്രെയിൻ പ്രസിഡൻറ് സെലെൻസ്‌കിയുമായി കൈവിൽ കൂടിക്കാഴ്ച നടത്തി. റഷ്യ യുക്രെയിൻ യുദ്ധത്തിൽ സാമ്പത്തിക സ്ഥിതി പരിങ്ങലിലായ യുക്രെയിനിന് 50 മില്യൺ പൗണ്ട് ആയുധ സഹായമാണ് റിഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൻറെ തുടക്കം മുതൽ രാജ്യത്തെ പരമാവധി സഹായിക്കുന്ന നയമാണ് യുകെ സ്വീകരിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെൻസ്‌കെ പറഞ്ഞു. 50 മില്യൺ പൗണ്ടിന്റെ പ്രതിരോധ സഹായത്തിൽ ആയുധങ്ങളെ കൂടാതെ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.

ഈ മാസം ആദ്യം യുകെയുടെ പ്രതിരോധ സെക്രട്ടറി വെൻ വാലസ് പ്രഖ്യാപിച്ച വ്യോമ പ്രതിരോധ മിസൈലുകളെ കൂടാതെയുള്ളതാണ് പുതിയ പാക്കേജ് . യുകെ ആദ്യം തൊട്ടുതന്നെ യുക്രെയിനൊപ്പം നിന്നതിനോട് താൻ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. അതോടൊപ്പം തന്നെ സാധാരണ ജനങ്ങളുടെ മേൽ റഷ്യ സൈന്യം ക്രൂരമായ വ്യോമാക്രമണം നടത്തുന്നതിന് അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു.

യുകെയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റഷ്യ യുക്രെയിൻ യുദ്ധമാണ് . റഷ്യ യുക്രെയിൻ യുദ്ധം കാരണം രാജ്യത്തെ എനർജി ബില്ലിൽ കടുത്ത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുക്രെയിൻെറ 50 ശതമാനം ഊർജ്ജ ഉൽപാദന സംരംഭങ്ങളെ റഷ്യ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. യുകെ, യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് വാണിജ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ വാതക ഉത്പാതക രാജ്യമായ റഷ്യയിൽ നിന്ന് പ്രകൃതിവാതകം നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും യുകയിലേയ്ക്കുള്ള ആഗോള വാതക ലഭ്യതയെ സംഘർഷം കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണയും പ്രകൃതിവാതക ഉത്പാദനത്തിനും മുൻപന്തിയിൽ നിൽക്കുന്ന റഷ്യയും ആയിട്ടുള്ള വാണിജ്യവിലക്ക് ബ്രിട്ടനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിനാണ് റഷ്യ യുക്രെയിൻ സംഘർഷം വഴിവച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചാൾസ് രാജാവിന്റെ ചാരിറ്റി സംഘടനകളിൽ ഒന്നിനെ സംബന്ധിച്ച് ഉണ്ടായ വിവാദത്തിൽ മെട്രോപോളിറ്റൻ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറി. ഈ സംഭവത്തിന്റെ തുടർനടപടിയായി കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിക്കണമോ വേണ്ടയോയെന്ന വിലയിരുത്തലിലാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ്. ചാൾസ് രാജാവിന്റെ ചാരിറ്റി സംഘടനയായ പ്രിൻസ് ഫൗണ്ടേഷൻ, ഉദാരമായ സംഭാവനകൾക്ക് പകരമായി ഒരു സൗദി ശതകോടീശ്വരന് നൈറ്റ്ഹുഡും യുകെ പൗരത്വവും നേടുവാൻ സഹായിച്ചെന്നതാണ് സംഘടനയെ സംബന്ധിച്ച ഉയർന്നിരിക്കുന്ന വിവാദം.

രാജവാഴ്ചയ്ക്ക് എതിരെ പ്രവർത്തിക്കുന്ന റിപ്പബ്ലിക് എന്ന സംഘടനയാണ് വിവാദത്തിന് പിന്നിൽ . 2021 സെപ്റ്റംബറിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് സംഘടന ചാൾസിനും, അദ്ദേഹത്തിന്റെ വിശ്വസ്തനായ മൈക്കൽ ഫോസെറ്റിനും എതിരെ പരാതിയുമായി രംഗത്ത് വന്നത് . ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് മെട്രോപോളിറ്റൻ പോലീസ് അധികൃതർ ഇപ്പോൾ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ചു തുടർ നിയമനടപടി സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ക്രൗൺ പ്രോസിക്യൂഷൻ സർവീസാണ്.

ഒക്ടോബർ 31ന് ഒരു റിപ്പോർട്ട് കൈമാറിയതായും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുകയാണെന്നും മെട്രോപോളിറ്റൻ പോലീസ് വക്താവ് വ്യക്തമാക്കി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങൾക്കും ഇല്ലെന്ന് ബക്കിങ്‌ഹാം കൊട്ടാരം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് പുതിയ പല വിവാദങ്ങൾക്കും വഴിതെളിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ യിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പുമായി ഇമിഗ്രേഷൻ ഓഫീസ്. കേരളത്തിൽ നിന്ന് പഠനവുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഹാജർ കുറവുണ്ടെകിൽ വിസ റദ്ദാക്കുമെന്നാണ് അധികൃതർ പറയുന്നത്. പഠിക്കുന്ന കോഴ്സിന്റെ ഹാജരും, പഠനത്തിൽ നിന്ന് ഏതെങ്കിലും കാരണത്താൽ വിട്ടുനിൽക്കുകയോ ചെയ്താൽ വിസയുടെ സ്പോൺസർഷിപ്പ് ഉടനടി പിൻവലിക്കുമെന്നും പറയുന്നു.

വിദ്യാർത്ഥികൾക്ക് തുടർച്ചയായി കോൺടാക്റ്റ് പോയിന്റുകൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തിലും നടപടി ബാധകമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ കോൺടാക്റ്റ് പോയിന്റുകൾ എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമായ ധാരണയില്ലെന്നാണ് വിദ്യാർത്ഥികൾ പ്രധാനമായും ഉന്നയിക്കുന്നത് . കോൺടാക്റ്റ് പോയിന്റുകൾ കുറഞ്ഞതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയ സംഭവങ്ങളും ഈ അടുത്തായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത് പരിഹരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധമായും ക്ലാസ്സുകളിലും മറ്റ് പഠന പ്രവർത്തനങ്ങളിലും സജീവമാകാണമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതെങ്കിലും കാരണത്താൽ നിങ്ങൾ സർവകലാശാലയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ, അത് കൃത്യമായി അധികൃതരെ അറിയിക്കണം. ഇല്ലാത്തപക്ഷം സർവകലാശാല ഇമിഗ്രേഷൻ വകുപ്പിനെ അറിയിക്കുകയും തുടർന്ന് നിങ്ങളുടെ വിസ നഷ്ടമാകാനും സാധ്യതയുണ്ട്.

ജീവിതചിലവുകളിലെ വർദ്ധനവ് മൂലം യുകെ മലയാളി വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. അതുകൊണ്ടുതന്നെ അനുവദനീയമായ പരിധിക്ക് അപ്പുറവും ജോലി ചെയ്ത് കൂടുതൽ പണം കണ്ടെത്താനാണ് പല വിദ്യാർത്ഥികളും ക്ലാസുകളിൽ കയറാതെ മുങ്ങുന്നതെന്നാണ് വസ്തുത. ചാൻസിലർ ജെറമി ഹണ്ട് അടിസ്ഥാന വേതന നിരക്ക് ഉയർത്തിയെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് 23 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റഷ്യൻ യുദ്ധവിമാനങ്ങൾ നാറ്റോ കപ്പലുകളുടെ 80 യാർഡിനുള്ളിൽ പറന്നതായി റിപ്പോർട്ടുകൾ. ഇന്നലെ ബാൾട്ടിക് കടലിലാണ് സംഭവം. കപ്പലുകളുടെ അടുത്തേക്ക് പറന്നടുത്ത വിമാനങ്ങൾ അപകടസാധ്യത ഒരുക്കിയെന്നും വാർത്തകേന്ദ്രങ്ങൾ പറഞ്ഞു. 300 അടി ഉയരത്തിലാണ് വിമാനങ്ങൾ പറന്നെത്തിയത്.

കഴിഞ്ഞ ദിവസം പോളിഷ് ഗ്രാമത്തിൽ റഷ്യൻ മിസൈലുകൾ പതിച്ചിരുന്നു. അതിനു പിന്നാലെ കനത്ത സുരക്ഷയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം രൂപപ്പെട്ടത് കൂടുതൽ ഗൗരവമുള്ളതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എത്ര തീവ്ര സാഹചര്യമാണെങ്കിലും യഥാസമയം ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് സംഭവത്തിൽ നാറ്റോയുടെ വിശദീകരണം. നാറ്റോയിലെ ഒരു അംഗത്തിന് നേരെയുള്ള ആക്രമണം വലിയൊരു ഏറ്റുമുട്ടലിലേക്ക് എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പോളണ്ടിൽ മിസൈലുകൾ പതിച്ചതിനു തൊട്ടു പിന്നാലെ മോസ്കോയും വാഷിംഗ്‌ടണും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യു എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെസ്റ്റ് മിഡ്‌ലാൻഡിലെ സോളിഹള്ളിൽ നടന്ന രണ്ട് വനിതകളുടെ മരണത്തിന് കാരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണെന്ന് ഇൻക്വസ്റ്റ് ജൂറി കണ്ടെത്തി. 2018 ഓഗസ്റ്റ് 27 ന് സോളിഹള്ളിലെ നോർത്ത്‌ഡൗൺ റോഡിലെ വീടിന് പുറത്ത് റനീം ഔദെയെയും അവളുടെ അമ്മ ഖോല സലീമിനെയും ഔദേയുമായി വേർപിരിഞ്ഞു താമസിക്കുന്ന അവളുടെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. കൊലപാതകസമയത്ത് 21 വയസ്സുണ്ടായിരുന്ന ബർമിംഗ്ഹാമിൽ നിന്നുള്ള ജാൻബാസ് തരിൻ, അറസ്റ്റിലായ ശേഷം താൻ നടത്തിയ കുറ്റകൃത്യങ്ങൾ പോലീസിനോട് സമ്മതിച്ചിരുന്നു. രാത്രി തങ്ങളെ ആക്രമിക്കുവാൻ തരിൻ എത്തിയപ്പോൾ നിരവധി തവണ ഇരുവരും വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അധികൃതരുമായി ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും വ്യക്തമായ ഉത്തരം ഒന്നും തന്നെ ലഭിക്കാത്തത് അവരുടെ മരണത്തിൽ കലാശിച്ചു എന്നാണ് ജൂറി കണ്ടെത്തിയത്.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് ജൂറി വിലയിരുത്തി. തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയ്ക്ക് വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസ് ഇവരുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. 2018 ഡിസംബറിൽ അവരെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിന് ശേഷം തരിന്   32 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. അവരുടെ അവസാന മണിക്കൂറുകളിൽ, ഒരു റെസ്റ്റോറന്റിൽ വച്ച് തരിൻ ഔദയെയെ ആക്രമിക്കുകയും പിന്നീട് പിന്തുടരുകയും ചെയ്തപ്പോൾ അവർ ആറോളം 999 കോളുകൾ ചെയ്തുവെന്നും, എന്നാൽ കൃത്യസമയത്ത് അവരെ ബന്ധപ്പെടുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായും ജൂറി കണ്ടെത്തി.

കൊലപാതകം നടന്ന രാത്രിയിൽ അതേ പ്രദേശത്ത് മറ്റൊരാൾ ഇതേ രീതിയിൽ തോക്കുമായി അക്രമം നടത്തിയ സംഭവം നടന്നിരുന്നുവെന്നും പോലീസിന് ലഭ്യമായ എല്ലാ വിഭവങ്ങളും അതിൽ കേന്ദ്രീകരിച്ചിരുന്നുവെന്നതിനാലാണ് ഈ സംഭവത്തിലേക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതെന്ന് ജൂറി വിലയിരുത്തി. തങ്ങളുടെ പ്രദേശത്ത് അടുത്ത നാളുകളിൽ നടന്ന ഏറ്റവും ക്രൂരവും വേദനാജനകവുമായ ഒരു സംഭവമായിരുന്നു ഈ ഇരട്ട കൊലപാതകങ്ങളെന്നു വെസ്റ്റ് മിഡ്‌ലാൻഡ്സ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആൻഡി ഹിൽ വ്യക്തമാക്കി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തറിലെ ലോകകപ്പ് നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും മദ്യ വിൽപന നിരോധിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലും ലോകകപ്പ് കാണാനെത്തുന്ന ആരാധകർക്ക് മദ്യം വിൽക്കില്ലെന്ന നയം ഫിഫ വ്യക്തമാക്കിയത്. എന്നാൽ സ്റ്റേഡിയത്തിനുള്ളിലെ കോർപ്പറേറ്റ് ഏരിയകളിലുള്ളവർക്ക് മദ്യം ലഭ്യമാകും.

ഫിഫയും ഖത്തറിന്റെ ഭരണകൂടവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ലഹരി പാനീയങ്ങളുടെ വിൽപ്പനയെ കുറിച്ചുള്ള നയം രൂപീകരിക്കപ്പെട്ടത്. ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും ലഹരി പാനീയങ്ങളുടെ വിൽപ്പന ഉണ്ടാവും.

നാളെ ഞായറാഴ്ച ഖത്തർ ഇക്വാഡോറുമായി ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. അവസാന നിമിഷം മദ്യ വില്പന നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഖത്തറിലെ ലോകകപ്പിന്റെ കാര്യത്തിൽ ഫിഫയ്ക്ക് പല മുൻ തീരുമാനങ്ങളിൽ നിന്നും പിന്നോട്ട് പോകേണ്ടതായി വന്നിരുന്നു. ഓഗസ്റ്റിൽ ഫിഫ ലോകകപ്പിന്റെ ആരംഭ തീയതി മാറ്റിയത് വിമർശനത്തിന് കാരണമായിരുന്നു. അതുകൊണ്ടാണ് താരതമ്യേന പ്രാമുഖ്യം കുറഞ്ഞ ടീമുകളായ ഖത്തറും ഇക്വാഡോറുമായി ഉദ്ഘാടന മത്സരം നടത്തേണ്ടതായി വന്നത് . ഒരു വിശദീകരണവുമില്ലാതെ അവസാന നിമിഷം മദ്യനയത്തിൽ മാറ്റം വരുത്തിയെങ്കിൽ താമസം, ഗതാഗതം തുടങ്ങിയ മറ്റു കാര്യങ്ങളിൽ ഇനി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ഒരു ഫുട്ബോൾ ആരാധകൻ പ്രതികരിച്ചത്. ഒരു മുസ്ലിം രാജ്യമായ ഖത്തറിലെ ഭരണനേതൃത്വത്തിന്റെ താളത്തിനൊപ്പം ഫിഫ തുള്ളുകയാണെന്നുള്ള അഭിപ്രായം ഫുട്ബോൾ ആരാധകർക്കിടയിൽ ശക്തമായി ഉണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഴക്കാലത്ത് വാഹനമോടിക്കുന്നവരിൽ 60% ആളുകളും റോഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. നനഞ്ഞതും ശൈത്യമുള്ളതുമായ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധിക്കണം . മഴക്കാലത്തും ശൈത്യകാലത്തും നിയമലംഘനം നടത്തുന്നവർക്ക് £1,000 വരെ പിഴ കിട്ടാനുള്ള സാധ്യത ഉണ്ട്.

രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് . ഈ സാഹചര്യത്തിൽ മഴക്കാലത്തും ശൈത്യകാലത്തും പാലിക്കേണ്ട അഞ്ച് പ്രധാന റോഡ് നിയമങ്ങൽ ഇവയൊക്കെയാണ് .

1. കനത്ത മഴയത്ത് മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കുക

കനത്ത മഴയത്തു ഡ്രൈവർമാർ തങ്ങളും മുന്നിലുള്ള വാഹനവും തമ്മിലൽ നിശ്ചിത അകലം പാലിക്കണം. കൂടുതൽ ബ്രേക്കിംഗ് ദൂരം അനുവദിക്കുന്നതിനാണ് ഇത്. പകുതിയിലധികം (52%) ഡ്രൈവർമാർക്കും ഇതിനെക്കുറിച്ച് അറിവില്ല എന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്

2. എയർകോൺ ഓണാക്കി വയ്ക്കുക

മഴയുള്ള സമയങ്ങളിൽ വാഹനങ്ങളിലെ എയർകോൺ നിർബന്ധമായും ഓണാക്കി വെക്കണം. നീരാവി ഗ്ലാസിൽ വന്നു ഡ്രൈവറുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. കൂടുതൽ അപകടങ്ങളും ഇത്തരം അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ നടപടിയുടെ ഭാഗമായി പിഴയും ഒടുക്കേണ്ടി വരാം.

3. കാറിൻെറ വിൻഡോകളും ലൈറ്റുകളും വൃത്തിയായി സൂക്ഷിക്കുക

താപനില ഒരു നിശ്ചിത പോയിന്റിന് താഴെയാകുമ്പോൾ വിൻഡോകളിലൂടെയുള്ള കാഴ്ച നഷ്ടമാകും. ഡോർ ചില്ലുകളിലെയും ലൈറ്റുകളിലെയും മഞ്ഞു നീക്കം ചെയ്യണം. ഇത് ചെയ്യാത്ത പക്ഷം 60 പൗണ്ടും ലൈസൻസിനെതിരായ നടപടിയും നേരിടണം.

4. നിശ്ചിത വേഗത്തിൽ, പരിധിയിൽ വാഹനം ഓടിക്കുക

മഴപെയ്തു കിടക്കുന്ന റോഡ് പല കാരണങ്ങൾ കൊണ്ടും അപകട സാധ്യത ഉള്ളതാണ്. തെന്നിയും, വഴുതിയും ഒരേപോലെ അപകടം ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്നു. അതിനാൽ, നിശ്ചിത വേഗത്തിലും പരിധിയിലും വാഹനം ഓടിക്കാൻ ശ്രമിക്കുക.

5. ആവശ്യമെങ്കിൽ മാത്രം ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക

ഡ്രൈവറുടെ കാഴ്ച കുറയുന്ന ഘട്ടത്തിൽ മാത്രം ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക. ഹൈവേകോഡ് റൂൾ 236 അനുസരിച്ചു ആവശ്യഘട്ടത്തിൽ അല്ലാതെ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങൾ നിരാശജനകമാണെന്ന് ഭൂരിപക്ഷം യു കെ മലയാളികളും അഭിപ്രായപ്പെട്ടു. മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടിൽ നിന്ന് 10.42 പൗണ്ടായി ഉയർത്തിയതും പണപെരുപ്പത്തിന് അനുപാതികമായി പെൻഷനും വൈകല്യമുള്ളവർക്കുള്ള ആനുകൂല്യങ്ങളും 10.1 ശതമാനമായി ഉയർത്തിയതുമാണ് ജനോപകാരപ്രദമായി പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ എടുത്തു പറയാവുന്ന നടപടി. എന്നാൽ മിനിമം വേതന വർദ്ധനവിനായി ഉൾപ്പെടുത്തിയ പ്രായപരിധി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളി വിദ്യാർഥികൾക്കും തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. മിനിമം വേതന വർദ്ധനവിന്റെ ആനുകൂല്യം നിലവിൽ ലഭ്യമാകുക 23 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ്. ബിരുദ പഠനത്തിനായി യുകെയിലെത്തുന്ന മിക്ക മലയാളി വിദ്യാർഥികളും 23 വയസ്സിന് താഴെയുള്ളവരാണ് .

പണപ്പെരുപ്പത്തിനും ജീവിത ചെലവുകൾ ഉയർന്നതിനും ആനുപാതികമായ ശമ്പള വർദ്ധനവാണ് യുകെയിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നത് . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി സമരത്തിനൊരുങ്ങുകയാണ് നേഴ്സുമാരുടെ യൂണിയനുകൾ . സമരത്തിനൊരുങ്ങുന്ന വിവിധ വിഭാഗങ്ങളിലെ യൂണിയനുകളെ ഒരുതരത്തിലും പരിഗണിക്കുന്ന പ്രഖ്യാപനമല്ല ചാൻസിലർ ജെറമി ഹണ്ടിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവേയുള്ള നിരീക്ഷണം.

സാധാരണ ഒരു ഫാമിലിക്ക് എനർജി ബിൽ 2500 പൗണ്ടിൽ നിന്ന് 3000 ത്തിൽ കൂടുമെന്ന ചാൻസിലറിന്റെ പ്രഖ്യാപനം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇരുട്ടടിയാകും. ലിസ് ട്രസ് സർക്കാർ എനർജി ബിൽ 2500 പൗണ്ട് ആയി നിജപെടുത്തിയതിനെയാണ് പുതിയ സർക്കാർ വെട്ടി നിരത്തിയത്.

നേഴ്സുമാർക്ക് പുറമേ രാജ്യത്തെ 126 മേഖലകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉൾപ്പെടുന്ന പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെയാണ് പുതിയതായി ഡിസംബറിൽ 6 ദിവസം റോയൽ മെയിൽ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിൽ പ്രഖ്യാപിച്ചിരുന്ന 4 ദിവസത്തെ സമരത്തിന് പുറമെയാണിത് . ചാൻസിലർ ജെറമി ഹണ്ട് പാർലമെൻറിൽ നടത്തിയ പല പ്രഖ്യാപനങ്ങളും എരുതീയിൽ എണ്ണയൊഴിക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ലിസ് ട്രസിന്റെ രാജിയും ഇന്ത്യൻ വംശജനായ മുൻ ചാൻസിലർ റിഷി സുനകിന്റെ പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണത്തെയും വൻ ഹർഷരോവത്തോടെയാണ് യുകെയിലെ സാമ്പത്തിക മേഖലയും വിപണിയും വരവേറ്റത്. റിഷി സുനക് പ്രധാനമന്ത്രിയായത് പൗണ്ടിനും ഉത്തേജനം നൽകിയത് യുകെ മലയാളികൾക്ക് ആശ്വാസമായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്തിയ അവസ്ഥയിൽ രോഗമറിയുന്ന ചികിത്സയാണ് ചാൻസിലർ ജെറമി ഹണ്ട് നടത്തിയതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

2025 കാലഘട്ടത്തിൽ രാജ്യത്ത് നിരത്തിലോടുന്ന നല്ലൊരു ശതമാനം വാഹനങ്ങളും വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്നവയായിരുക്കും. ഈ സാഹചര്യത്തിൽ 2025 മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് രാജ്യത്തെ വികസനപ്രക്രിയയ്ക്ക് ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട് .

RECENT POSTS
Copyright © . All rights reserved