ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷ് രാഷ്ട്രീയം സംഭവബഹുലമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ലേബർ പാർട്ടിയുടെ സാമ്പത്തിക പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനിലെ 121 ബിസിനസ് മേധാവികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കത്താണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലേബർ പാർട്ടിയുടെ പുതിയ നയങ്ങൾ രാജ്യത്തിൻറെ ബിസിനസ് വളർച്ചയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉചിതമാകുമെന്ന് കത്ത് വ്യക്തമാകുന്നു. നിലവിൽ അഭിപ്രായ സർവേകളിൽ മുന്നിൽ നിൽക്കുന്ന ലേബർ പാർട്ടിക്ക് വൻ മുന്നേറ്റത്തിന് ബിസിനസ് ലോകത്തിന്റെ പിന്തുണ വഴിവെയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർക്ക് കരുതുന്നത്.
2015 – ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 ബിസിനസ് സ്ഥാപനങ്ങൾ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ യുകെയിലെ ബിസിനസ് ലോകം കളം മാറി ചവിട്ടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കത്തിൽ ഒപ്പിട്ടവരിൽ ടിവി ഷെഫും റെസ്റ്റോറേറ്ററുമായ ടോം കെറിഡ്ജ്, ചെറിയ കമ്പനികളുടെ ചില സിഇഒമാർ, ഹീത്രൂ എയർപോർട്ട് മുൻ ചീഫ് എക്സിക്യൂട്ടീവ് ജോൺ ഹോളണ്ട്-കെയ്, ജെഡി സ്പോർട്സ് ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ, വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ് എന്നിവരും ഉൾപ്പെടുന്നു. ലേബർ പാർട്ടിയെ പിന്തുണച്ച് മുന്നിട്ടിറങ്ങുന്ന കമ്പനികൾ അത്രമാത്രം ബ്രിട്ടന്റെ ബിസിനസ് ലോകത്തെ പ്രതിനിധീകരിക്കുന്നവരല്ലെന്ന അഭിപ്രായവും പൊതുവെ ഉയർന്ന് വന്നിട്ടുണ്ട്. യുകെയിലെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വലിയ കമ്പനികളുടെ മേധാവികൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

തുടർച്ചയായ 14 വർഷത്തെ തുടർ ഭരണത്തിൽ നിന്ന് കാൻസർവേറ്റീവ് പാർട്ടി പുറത്താകുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പ് പ്രവചനങ്ങളും പറയുന്നത്. ഒരു കാലത്ത് ഭരണ സ്ഥിരതയ്ക്ക് പേരു കേട്ടെങ്കിലും കഴിഞ്ഞ 5 വർഷത്തിനിടയിൽ 2 പ്രധാനമന്ത്രിമാരാണ് ബ്രിട്ടൻ ഭരിച്ചത്. കാലാവധി തീരാൻ 7 മാസം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ഋഷി സുനക് തീരുമാനിച്ചത് അദ്ദേഹത്തിൻറെ പാർട്ടികാരെ അടക്കം അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതിന് മുമ്പ് ഒരു ഭാഗ്യ പരീക്ഷണം നടത്താനാണ് സുനക് തീരുമാനിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2021 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് പണപെരുപ്പം ഇപ്പോൾ . കണക്കുകൾ അനുസരിച്ച് മെയ് മാസത്തിൽ വിലകൾ 0.6% ആണ് ഉയർന്നത്. 2021 നവംബറിന് ശേഷമുള്ള ഏറ്റവും മന്ദ ഗതിയിലുള്ള വിലക്കയറ്റമാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) ട്രേഡ് ബോഡിയുടെയും മാർക്കറ്റ് റിസർച്ച് സ്ഥാപനമായ നീൽസെൻഐക്യുവിൻ്റെയും ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഭക്ഷ്യേതര ഉത്പന്നങ്ങളിലെ വില കുറവാണ് പണപെരുപ്പം കുറയുന്നതിന് കാരണമായിരിക്കുന്നത്. ഫർണിച്ചർ, ടിവി തുടങ്ങിയ ഗൃഹോപകരണ സാധനങ്ങളുടെ വിലയിൽ ഉണ്ടായ കുറവാണ് പ്രധാനമായും പണപ്പെരുപ്പം കുറച്ചത്. വിലക്കയറ്റം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിയതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു.

ജീവിത ചിലവ് വർദ്ധനവും മോശം കാലാവസ്ഥ മൂലം ജനങ്ങൾ വിപണിയിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് ചില്ലറ വ്യാപാരികൾ ഫർണിച്ചറുകൾ, ടിവികൾ തുടങ്ങിയ സാധനങ്ങളുടെ വിലകുറച്ചതിനെ തുടർന്നാണ് പണപെരുപ്പം ഈ നിലയിലേയ്ക്ക് എത്തിയത്. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണപ്പെരുപ്പം കുറയുന്നത് മൂലം ഭരണപക്ഷത്തിന് ചെറിയ ആനുകൂല്യം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ജൂണിൽ നടക്കുന്ന അവലോകനത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. പണപ്പെരുപ്പവും പലിശ നിരക്കുകളും കുറയുന്നത് തിരഞ്ഞെടുപ്പിൽ ഋഷി സുനകിന് ആശ്വാസമായേക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷോപ്പിൽ സാങ്കേതിക സംവിധാനത്തിലെ പിഴവുമൂലം തന്നെ മോഷ്ടാവെന്ന് മുദ്രകുത്തിയതായി ഒരു സ്ത്രീ ആരോപിച്ചു. ഫെയ്സ് റെക്കഗനേഷൻ സിസ്റ്റം ആണ് ഷോപ്പിൽ സ്ഥിരം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്നത്. ഷോപ്പ് ലിഫ്റ്റർസ് ആയുള്ള ആൾക്കാരെ തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തിനെതിരെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്.

യുകെയിൽ ഉടനീളമുള്ള ഹോം ബാർഗൈൻ സ്റ്റോറിന്റെ ബ്രാഞ്ചിൽ ആണ് സംഭവം നടന്നത്. ഫേസ് വാച്ച് സിസ്റ്റം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഒരു ജീവനക്കാരൻ ഇവരുടെ ബാഗുകൾ പരിശോധിക്കുകയും അവരെ കടയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അത് മാത്രമല്ല അവരുടെ വിവരങ്ങൾ ഷോപ്പ് ലിഫ്റ്റർസിന്റെ ലിസ്റ്റിൽ ചേർത്തത് മൂലം തുടർന്ന് എല്ലാ ഹോം ബാർഗെയിൻ ഷോപ്പുകളിലും വിലക്ക് നേരിടുകയും ചെയ്യും.

തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കമ്പനി തനിക്ക് കത്തെഴുതിയെന്നും എന്നാൽ സംഭവം തന്നെ വിഷമത്തിലാക്കിയെന്നും യുവതി പറഞ്ഞു. യുകെയിലുടനീളം പോലീസ് വലിയ ജനക്കൂട്ടത്തിലെ സംശയിക്കുന്നവരെ സ്കാൻ ചെയ്യാൻ ഫേഷ്യൽ റെക്കഗ്നേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സോഫ്റ്റ്‌വെയറിലെ സാങ്കേതിക പിഴവാണ് പ്രശ്നത്തിന് കാരണമായത് എന്നാണ് കരുതുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെ രണ്ട് മുൻനിര ഭക്ഷ്യ ഉത്പാദകരായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉത്പന്നങ്ങളിൽ മാരകമായ കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് അവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സംസ്‌കരണ-നിർമ്മാണ പ്ലാൻ്റുകളിൽ പരിശോധന ആരംഭിച്ചതായി സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ഇന്ത്യയിലെ പ്രധാന നിയന്ത്രണ ഏജൻസിയായ സ്‌പൈസസ് ബോർഡ് അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതികൾക്കും ബ്രിട്ടനിലെ ഫുഡ് വാച്ച് ഡോഗ് അധിക നിയന്ത്രണ നടപടികൾ ആരംഭിച്ചതായി ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി കഴിഞ്ഞ ബുധനാഴ്ച അറിയിച്ചു. യുകെ മാത്രമല്ല മറ്റു രാജ്യങ്ങളും സമാനമായ നീക്കങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്.

ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. അണുനാശിനിയായും കീടനാശിനിയായും പൊതുവെ ഉപയോഗിക്കുന്ന എഥിലീൻ ഓക്സൈഡ് അനുവദനീയമായ പരിധിക്കപ്പുറം അർബുദത്തിന് കാരണമാകും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പിറ്റ് ഫയർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ റോയൽ എയർഫോഴ്സ് പുറത്തുവിട്ടു. റോയൽ എയർഫോഴ്സ് പൈലറ്റ് ആയ സ്ക്വാഡ്രൺ ലീഡർ മാർക്ക് ലോംഗ് ആണ് അപകടത്തിൽ മരണമടഞ്ഞത്. അദ്ദേഹം ഒരു നല്ല സുഹൃത്തും സഹപ്രവർത്തകനും മികച്ച വൈമാനികനുമായിരുന്നു എന്ന് വികാരനിർഭരമായ പ്രസ്താവനയിൽ റോയൽ എയർഫോഴ്സ് പറഞ്ഞു.

ദാരുണമായ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ലീസ് അറിയിച്ചു . വെയിൽസ് രാജകുമാരനും രാജകുമാരിയും നേരത്തെ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണിംഗ്‌സ്ബൈയിലെ ഒരു വയലിലാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടത് . ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ് ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെലെനോമ സ്കിൻ ക്യാൻസർ രോഗികളുടെ എണ്ണം യുകെയിൽ ക്രമാതീതമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം ക്യാൻസർ രോഗികളുടെ എണ്ണം 20,800 ആയേക്കുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പ്രവചിക്കുന്നത്. ഇത് സമീപകാലത്തെ ഏറ്റവും കൂടിയ കണക്കാണ്.

2020 നും 2022 നും ഇടയിൽ പ്രതിവർഷ രോഗികളുടെ എണ്ണം ശരാശരി 19,300 മാത്രമായിരുന്നു. 2009 -നും 2019 -നും ഇടയിൽ രോഗികളുടെ എണ്ണത്തിൽ അതിനുമുമ്പുള്ള വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്നിലൊന്ന് വർദ്ധനവ് ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു. പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതും കൂടുതൽ ആളുകൾ രോഗനിർണ്ണയത്തിനായി മുന്നോട്ട് വരുന്നതുമാണ് ചർമ്മ രോഗികളുടെ എണ്ണത്തിൽ കൂടുതൽ കാണിക്കുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

മെലനോമ കേസുകളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു . കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഒരു ക്യാൻസർ ചാരിറ്റി മുന്നറിയിപ്പ് നൽകി. മെലനോമ ക്യാൻസറിൽ പത്തിൽ ഒൻപതെണ്ണത്തിനും കാരണം അമിതമായ അൾട്രാവയലറ്റ് രശ്മികൾ മൂലമാണ്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുള്ള ഗുരുതരമായ ചർമ്മ ക്യാൻസറാണ് മെലനോമ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ വർഷവും ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം കുട്ടികൾ, ഓൺലൈനിൽ ലൈംഗിക ചൂഷണവും ദുരുപയോഗവും നേരിടേണ്ടി വരുന്നതായി കണ്ടെത്തി എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലെ 12.6% കുട്ടികൾക്ക് ലൈംഗിക ഉള്ളടക്കത്തോടുള്ള മെസേജുകൾ ലഭിച്ചിരുന്നു. സമാന രീതിയിൽ 12.5% കുട്ടികൾ സെക്‌സ്റ്റിംഗിന് ഇരയാണെന്നും ഗവേഷക സംഘം കണ്ടെത്തി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഡീപ്പ് ഫേക്ക് പോലുള്ള നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വിദ്യകളാണ് കുറ്റവാളികൾ ഉപയോഗിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

എഡിൻബർഗ് സർവകലാശാലയുടെ ഗവേഷക സംഘം പുറത്ത് വിട്ട കണക്കുകളിൽ ഒന്നാമത് യുഎസ് ആണ്. സർവ്വകലാശാലയുടെ ചൈൽഡ്‌ലൈറ്റ് എന്ന സംരംഭം നടത്തിയ പഠനത്തിൽ യുഎസിലെ 14 ദശലക്ഷം പുരുഷന്മാരും ഓൺലൈനിൽ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തി. അതേസമയം യുകെയിലെ 1.8 ദശലക്ഷം പുരുഷന്മാർ ഇത് സമ്മതിച്ചു. കുട്ടികൾക്കെതിരായ ശാരീരിക ലൈംഗിക അതിക്രമങ്ങൾ രഹസ്യമായിരിക്കുമെന്ന് മനസിലാക്കിയതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്‌തതെന്ന് പലരും പറയുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻ്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും അമ്പരിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട ചൈൽഡ്‌ലൈറ്റിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ പോൾ സ്റ്റാൻഫീൽഡ്, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടതിന്റെ പ്രസക്തി ചൂണ്ടി കാട്ടി. ശ്രമിച്ചാൽ തടയാൻ കഴിയുന്ന പ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻറർപോളിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ കവാനി, ഓൺലൈനിൽ കൂടി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമുള്ള പ്രശ്നം പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ 4- ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. ഓരോ ദിവസവും ജനപിന്തുണ ഉറപ്പിക്കാനായുള്ള വാഗ്ദാനങ്ങളും പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞ് കളിക്കുകയാണ്. 18 വയസ്സ് പൂർത്തിയായവർക്ക് നിർബന്ധിത ദേശീയ സേവനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.

പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ജൂലൈയിൽ തൻ്റെ പാർട്ടി വിജയിച്ചാൽ 18 വയസ്സുള്ളവർക്കായി നിർബന്ധിത ദേശീയ സേവനത്തിൻ്റെ ഒരു പുതിയ രൂപം അവതരിപ്പിക്കുമെന്ന് ഋഷി സുനക് പറഞ്ഞത് . 12 മാസത്തേക്ക് മുഴുവൻ സമയ സൈനിക സേവനമോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് മാസത്തിൽ ഒരു വാരാന്ത്യത്തിൽ സന്നദ്ധസേവനം നടത്താനുള്ള ഒരു സ്കീമോ തിരഞ്ഞെടുക്കാൻ പറ്റുന്ന പദ്ധതിയാണ് നടപ്പിലാക്കുക . എന്നാൽ ഏതെങ്കിലും കൗമാരപ്രായത്തിലുള്ളവർ ദേശീയ സേവനം ചെയ്യാൻ വിമുഖത കാണിച്ചാൽ എന്ത് നടപടിയെടുക്കും എന്നതിനെ കുറിച്ച് വൻ ചർച്ചകളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന് വന്ന ചർച്ചകൾക്ക് മറുപടിയുമായി ഹോം സെക്രട്ടറി ജെയിംസ് ക്ലവർലി മുന്നോട്ടു വന്നു. സൈനിക സേവനത്തിന് ആരെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ സേവനം ചെയ്യാത്തതിന്റെ പേരിൽ ആരും ജയിലിൽ പോകേണ്ടതായി വരില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ദേശീയ സേവനത്തിന്റെ ഭാഗമായി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്ക് ശമ്പളം ഉണ്ടാകും. എന്നാൽ സന്നദ്ധ സേവനം തിരഞ്ഞെടുക്കുന്നവർക്ക് പണം നൽകില്ല . സൈനിക സേവനത്തിന്റെ ഭാഗമായി ഒരു വർഷം പ്രവർത്തിക്കുന്നവർക്ക് പിന്നീട് സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരം ഉണ്ടാകും. നാഷണൽ സർവീസ് പ്രോഗ്രാമിന് പ്രതിവർഷം 2.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ ദിവസം ചെല്ലുംതോറും ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. അവകാശ വാദങ്ങളും വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞു കളിക്കുകയാണ്. 18 വയസ്സുള്ളവർക്ക് ദേശീയ സേവനം തിരിച്ചുകൊണ്ടുവരുമെന്ന പ്രധാനമന്ത്രി ഋഷി സുനകിൻ്റെ നിർദേശമാണ് ഏറ്റവും പുതിയതായി ചർച്ചയായിരിക്കുന്നത്. തൻ്റെ പാർട്ടിയിൽ നിന്ന് റീഫോം യുകെയിലേയ്ക്ക് ഒഴുകുന്ന യുവജനങ്ങളെ പിടിച്ചുനിർത്താനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .

18 വയസ്സ് പ്രായമുള്ള കുട്ടികൾ നടത്തേണ്ട സന്നദ്ധ സേവനങ്ങളുടെ ഒരു മാർഗരേഖയും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതിൻപ്രകാരം സ്പെഷ്യൽ കോൺസ്റ്റബിൾ, ആർഎൻഎൽഐ വോളണ്ടിയർ, അല്ലെങ്കിൽ എൻഎച്ച്എസ് റെസ്‌പോണ്ടർ തുടങ്ങിയ റോളുകളിൽ ആണ് പ്രതിമാസം ഒരു വാരാന്ത്യത്തിൽ യുവജനങ്ങൾ സേവനം നടത്തേണ്ടത്. സന്നദ്ധ സേവനം നടത്താൻ തിരഞ്ഞെടുക്കുന്ന 18 വയസ്സ് പ്രായമുള്ള കുട്ടികളെ ദേശീയ സേവനത്തിന്റെ ധീരമായ മാതൃക എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പുതിയ നാഷണൽ സർവീസ് പ്രോഗ്രാം രൂപകല്പന ചെയ്യാനായി ഒരു റോയൽ കമ്മീഷനെ രൂപീകരിക്കും.

എന്നാൽ പുതിയ പദ്ധതിയെ നോ കോസ്റ്റ് പോളിസി എന്നാണ് ലേബർ പാർട്ടി വിമർശിച്ചത്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഇന്നലെ പ്രധാനമായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞത്. എന്നാൽ പ്രതിവർഷം 100,000 പൗണ്ടിനും 125,000 പൗണ്ടിനും ഇടയിൽ വരുമാനമുള്ളവർക്ക് നികുതി കുറയ്ക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് നാഷണൽ ഇൻഷുറൻസ് പോളിസി കുറയ്ക്കുമെന്ന ലേബർ വാഗ്ദാനങ്ങളെ തടയിടാൻ പ്രധാനമന്ത്രി ശ്രമിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം എന്നാണ് റോയൽ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.

വിമാന അപകടത്തിൽ മരണമടഞ്ഞ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവങ്ങളെ കുറിച്ച് പൈലറ്റിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും റോയൽ എയർഫോഴ്സ് അഭ്യർത്ഥിച്ചു. വെയിൽസ് രാജകുമാരനും രാജകുമാരിയും ഉൾപ്പെടെയുള്ളവർ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചു . അപകടം നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഡോഗ്ഡൈക്ക് റോഡിനും സാൻഡി ബാങ്കിനും ചുറ്റുമുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. ഈ പ്രദേശം ഒഴിവാക്കി വാഹനമോടിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ്ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.