ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ക്യാൻസർ രോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്. ഇതിൽ ഒന്നാം സ്ഥാനത്ത് ക്യാൻസർ തന്നെയാണ് . വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെയും ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബു 20-ാം മത്തെ വയസ്സിലാണ് ബ്ലഡ് ക്യാൻസർ മൂലം ഫെബ്രുവരി 20-ാം തീയതി മരണമടഞ്ഞത്. ഒരു മാസം മുമ്പ് മാത്രം വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഡേവിഡ് സൈമൺ (25) ഫെബ്രുവരി 25 -ാം തീയതി മരണമടഞ്ഞത് ക്യാൻസർ രോഗം മൂലമാണ്. അടുത്തിടെ നടന്ന രണ്ട് മരണങ്ങൾ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. യുകെ മലയാളികളിൽ ഉണ്ടായ മരണത്തിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷ മരണങ്ങളുടെയും കാരണം ക്യാൻസർ രോഗമാണെന്ന് കണ്ടെത്താൻ സാധിക്കും.
ക്യാൻസർ രോഗം ബാധിച്ചാൽ അതിനെ നേരിടുന്നതിന് രോഗികൾക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകുക എന്നതാണ് ചികിത്സയ്ക്കൊപ്പം ഏറ്റവും പ്രധാനം. ഇതിനോടൊപ്പം പ്രധാനമാണ് സുഗമമായ ചികിത്സയ്ക്കും മറ്റുമായുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നത്. രോഗാവസ്ഥയെ മറികടക്കുന്നത് വരെ ജോലികൾക്കും മറ്റും പോകാൻ സാധിക്കാത്തതുകൊണ്ട് സാമ്പത്തികമായ നിഷ്ക്രിയമായ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
യുകെയിലെ മിക്ക ക്യാൻസർ ചാരിറ്റികൾക്കും സാമ്പത്തിക വിദഗ്ധർ ഉണ്ട് . ക്യാൻസർ രോഗം ബാധിച്ചാൽ ആനുകൂല്യങ്ങൾക്കായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങളെ സഹായിക്കാൻ അവർക്കാകും. രോഗിയായിരിക്കുമ്പോൾ ജീവിത ചിലവ് നേരിടുന്നതിനു വേണ്ടി ലഭിക്കുന്ന ആനുകൂല്യങ്ങൾ കണ്ടെത്തുന്നതിനായി ക്യാൻസർ ചാരിറ്റിയിലെ സാമ്പത്തിക വിദഗ്ധർക്ക് രോഗിയെയും ബന്ധുക്കളെയും സഹായിക്കാനാവും. ആഴ്ചയിൽ എല്ലാ ദിവസവും മാക് മിലൻ ക്യാൻസർ സപ്പോർട്ടിൽനിന്ന് സേവനം നൽകുന്നുണ്ട്. 0808 8080000 എന്ന നമ്പറിലൊ ചാരിറ്റിയുടെ വെബ്‌സൈറ്റായ macmillan.org.uk യിൽ നിന്നോ കൂടുതൽ വിവരങ്ങളും ആവിശ്യമായ സഹായങ്ങളും ലഭിക്കും .
ക്യാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റിയായ മാഗിക്ക് യുകെയിൽ ഉടനീളം 24 കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലും രോഗികൾക്കും ബന്ധുക്കൾക്കും വിദഗ്ധ നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധർ സഹായിക്കാനുണ്ടാകും. നേരിട്ടോ ഓൺലൈനായോ എല്ലാ പിന്തുണയും നൽകാൻ ഇവർ സന്നദ്ധരാണ്.
യുകെയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ രോഗിക്ക് സിക്ക് പേയ്ക്ക് അർഹതയുണ്ട്. നിലവിൽ സിക്ക് പേ 109.40 പൗണ്ട് ആണ്. സാധാരണയായി ആഴ്ചയിൽ 123 പൗണ്ട് എങ്കിലും വരുമാനമുള്ള ജീവനക്കാർക്ക് ഇതിനായി അർഹത ഉണ്ട്. ജിപിയിൽനിന്നോ ആശുപത്രിയിൽ നിന്നോ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സിക്ക് പേ ക്ലെയിം ചെയ്യാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തനിക്ക് ലഭിച്ച പദവി ദുരുപയോഗം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് 7000 പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നുകളും, ഫോണും സിറിഞ്ചുകളും മറ്റും എത്തിച്ചുകൊടുക്കാൻ ശ്രമിച്ച പ്രൊബേഷൻ ജീവനക്കാരിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മൂന്നുവർഷം തടവാണ് 33 കാരിയായ ആലീസ് ഗ്രഹാമിന് കോടതി വിധിച്ചിരിക്കുന്നത്. ഇവർക്ക് 28 വയസ്സ് ഉണ്ടായിരുന്നപ്പോൾ, ജയിലിലെ ജോലിക്കിടെ കുറ്റവാളിയുമായി അടുപ്പത്തിലാവുകയും, തുടർന്ന് ലൂക്കോസാഡ് കുപ്പിയിൽ കെറ്റാമൈനും കൊക്കെയ്‌നും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എച്ച്എംപി വെൽസ്റ്റണിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് ആലീസിനെതിരെയുള്ള കുറ്റം. 2021ൽ സി കാറ്റഗറിയിലുള്ള പുരുഷന്മാരുടെ ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയ കുറ്റത്തിന് ജയിൽ ജീവനക്കാർ ആലീസിനെ പിടിക്കുമ്പോൾ അവർക്ക് എട്ടു മാസത്തെ ജോലി അനുഭവം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
2020-ൽ പ്രൊബേഷൻ വർക്കർ റോളിലേക്ക് ഇവർ യോഗ്യത നേടിയപ്പോൾ, കൈകാര്യം ചെയ്യാനായി തടവുകാരുടെ ഒരു കേസ് ലോഡ് ഇവർക്ക് നൽകിയിരുന്നതായി പ്രോസിക്യൂട്ടർ ജോനാഥാൻ ഷാർപ്പ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സംഘടിത ക്രൈം സംഘത്തിലെ അംഗമായ ഒരു കുറ്റവാളിയുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടാവുകയും, പിന്നീട് ഈ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുകയും ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചതിനുശേഷം ഒരുമിച്ചു താമസിക്കുവാനായി ആലീസ് ലിങ്കൺഷെയറിൽ ഹോട്ടലുകൾ പോലും നോക്കിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2021 മെയ് 26 ന് ആലീസ് ക്ലാസ്-എ മയക്കുമരുന്നുകൾ, സിറിഞ്ചുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയെല്ലാമാണ് കുറ്റവാളിയിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത്. എന്നാൽ ജയിലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, സാധാരണയുള്ള പരിശോധനയിൽ തന്നെ ആലീസ് പരിഭ്രാന്തയാവുകയും, തന്റെ കോട്ടിനടിയിൽ ഒളിപ്പിച്ച സാധനങ്ങൾ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു. യാതൊരുവിധ തരത്തിലുമുള്ള സമ്മർദ്ദവും ആലീസിനു മേലെ ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. തന്റെ പദവി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനമാണ് ആലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മൂന്നുവർഷത്തെ ശിക്ഷയ്ക്ക് കോടതി വിധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിൽ താമസിക്കുന്ന കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ കാണാതായി. 13 ഉം 17 ഉം വയസ്സ് പ്രായമായ കുട്ടികൾക്കായി പോലീസ് അടിയന്തിര അന്വേഷണം ആരംഭിച്ചു. ഈസ്റ്റ് മല്ലിംഗിൽ നിന്നുള്ള ലില്ലി-മാരി ഹോളിൻസ് (13), ബാർമിംഗിൽ നിന്നുള്ള ജാസ്മിൻ മാൻസ്ഫീൽഡ് (17) എന്നിവരെ ഫെബ്രുവരി 23 വെള്ളിയാഴ്ചയാണ് അവസാനമായി കണ്ടത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് 999 എന്ന നമ്പറിൽ വിളിക്കാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. മെയ്ഡ്‌സ്റ്റോണിനടുത്തുള്ള ബാർമിംഗിൽ നിന്നുള്ള 17 കാരിയായ ജാസ്മിൻ മാൻസ്‌ഫീൽഡിനെ ഫെബ്രുവരി 23 വെള്ളിയാഴ്ചയാണ് അവസാനമായി കണ്ടത്. ഈ കുട്ടിക്ക് ഏകദേശം 5 അടി ഉയരവും മെലിഞ്ഞ ശരീരവും നീളമുള്ള മുടിയും ആണ് ഉള്ളത് . ഇളം നീല റിപ്പഡ് ജീൻസും, കറുത്ത ബോഡി സ്യൂട്ടും ആണ് ധരിച്ചിരിക്കുന്നത് .
കെൻ്റിലെ ഈസ്റ്റ് മല്ലിംഗിൽ നിന്നുള്ള 13 കാരിയായ ലില്ലി-മേരി ഹോളിൻസിന് ഏകദേശം 5 അടി 2 ഇഞ്ച് ഉയരവും തവിട്ട് നിറമുള്ള മുടിയുമാണ് ലക്ഷണമായി പോലീസ് നൽകിയിരിക്കുന്നത് . സ്‌കൂൾ യൂണിഫോം ധരിച്ചാണ് അവളെ അവസാനമായി കണ്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ചെറുപ്പക്കാരുടെ ഇടയിൽ അനാരോഗ്യമൂലം ജോലിയിൽ നിന്ന് മാറി നിൽക്കുന്ന പ്രവണതകൾ കൂടുതലാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അനാരോഗ്യം മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരുടെ എണ്ണം 40 വയസ്സ് കഴിഞ്ഞവരെക്കാൾ വളരെ കൂടുതലാണെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സാധാരണ ഗതിയിൽ പ്രായം കൂടുന്തോറും ജോലി ചെയ്യുന്നതിനുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതായാണ് നേരത്തെ കണ്ടു വന്നിരുന്നത്.
ശാരീരികം മാത്രമല്ല മാനസിക പ്രശ്നങ്ങളും ഇതിന് പിറകിലുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുവാക്കൾക്ക് ഇടയിൽ മോശം മാനസികാരോഗ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് കാരണം പലപ്പോഴും യുവാക്കളുടെ വിദ്യാഭ്യാസവും തടസ്സപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇത് മൂലം യുവാക്കൾ പലപ്പോഴും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടതായി വരുകയോ തൊഴിൽരഹിതരാവുകയോ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 2023 -ല്‍ 20 യുവാക്കളിൽ ഒരാൾ അതായത് 5% അനാരോഗ്യം മൂലം തൊഴിൽ ചെയ്യാത്തവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫലത്തിൽ അവർ സാമ്പത്തികമായി യാതൊരു വരുമാനവും ഇല്ലാത്തവരാണ്. തൊഴിൽ പരമായി നിഷ്ക്രിയത്വം ഉള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിൻറെ തന്നെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
2021 – 22 കാലയളവിൽ 18നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 34 % പേർ വിഷാദം, ഉൽക്കണ്ഠ, ബൈപോളർ ഡിസോഡർ പോലുള്ള മാനസിക വൈകല്യത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരാണ്. എന്നാൽ 20 വർഷം മുമ്പ് 2000 -ത്തിൽ അത് 24% മാത്രമായിരുന്നു. യുവതികൾക്ക് യുവാക്കളെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങൾ ഒട്ടേറെ കൂടുതലാണെന്ന കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. 26 % യുവാക്കൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ യുവതികളിൽ അത് 41 ശതമാനമാണ്. അനാരോഗ്യം കാരണം ജോലിയില്ലാത്ത 18നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 79% പേർ ജിസിഎസ് ഇ തലത്തിലോ അതിൽ താഴെയോ മാത്രമേ യോഗ്യതയുള്ളു എന്ന സുപ്രധാന കണ്ടെത്തലുകളും ഗവേഷണത്തിലുണ്ട്. ഹെൽത്ത് ഫൗണ്ടേഷൻ്റെ സഹായത്തോടെ റിസല്യൂഷൻ ഫൗണ്ടേഷൻ ആണ് ഗവേഷണം നടത്തിയത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഒരു മാസം മുൻപ് മാത്രം സ്റ്റുഡൻസ് വിസയിൽ എത്തിയ മലയാളി വിദ്യാർഥി ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞു. യുകെയിൽ ഒരു മാസം മുൻപ് മാത്രം സ്റ്റുഡൻസ് വിസയിൽ എത്തിയ ഡേവിഡ് സൈമൺ ( 25 ) ആണ് ബ്ലഡ് ക്യാൻസർ മൂലം ചികിത്സയിലിരിക്കെയാണ് ഫെബ്രുവരി 25 -ന് ഞായറാഴ്ച മരണമടഞ്ഞത്. നാട്ടിൽ റാന്നിയാണ് സ്വദേശം . വർഷങ്ങളായി രാജസ്ഥാനിൽ സ്ഥിര താമസക്കാരാണ് ഡേവിഡിന്റെ കുടുംബം .
രോഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എംഎസ്സി ഫിനാൻഷ്യൽ മാനേജ്മെൻറ് വിദ്യാർത്ഥിയായിരുന്നു ഡേവിസ് സൈമൺ. പഠനം തുടങ്ങി അധികകാലം കഴിയും മുന്നേ കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. കൂടുതൽ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുദിവസം മുൻപാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 25 ഞായറാഴ്ച രാത്രി 9 .30 -നാണ് മരണം സ്ഥിരീകരിച്ചത്.
ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട യുവാവായിരുന്നു ഡേവിഡ് സൈമൺ. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് നാട്ടിൽ നിന്നും ലോണെടുത്ത് പഠനത്തിനായി ലണ്ടനിലെത്തിയത്. എന്നാൽ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ഡേവിഡ് മടങ്ങിയതോടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം തീരാ വേദനയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.
ഡേവിഡ് സൈമണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ വംശീയ വൈവിധ്യം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ കാർ ഇൻഷുറൻസ് തുകകൾ മൂന്നിലൊന്ന് കൂടുതലാണെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ തെളിയിച്ചിരിക്കുകയാണ്. വംശീയ ന്യൂനപക്ഷങ്ങളിൽ പെടുന്ന ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ റോഡ് അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് ഒരുപോലെ ആയിരിക്കുമ്പോഴും, കാർ ഇൻഷുറൻസ് തുകകൾ കൂടുതലാണ്. എന്നാൽ ഇൻഷുറൻസ് തുക നിർണ്ണയത്തിൽ വംശീയത ഒരു ഘടകമല്ലെന്നാണ് ഇൻഷുറൻസ് കമ്പനികൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ വംശീയത പ്രകാരമുള്ള വിവേചനമാണെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. സാധാരണയായി ഒരാൾ കാർ ഇൻഷുറൻസിനായി അപേക്ഷിക്കുമ്പോൾ, അപേക്ഷകന്റെ വിലാസം, പ്രായം, ഡ്രൈവിംഗ് ഹിസ്റ്ററി എന്നിവയെല്ലാം കണക്കിലെടുത്താണ് തുക നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ എപ്രകാരമാണ് ആ കണക്കുകൂട്ടൽ നടത്തുന്നതെന്ന് ഇൻഷുറൻസ് കമ്പനി പൊതുജനങ്ങൾക്ക് മുൻപിൽ സാധാരണയായി വെളിപ്പെടുത്താറില്ല.
ഇത് സംബന്ധിച്ച് നടക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനായി നടത്തിയ പഠനത്തിൽ, അപേക്ഷകന്റെ ഡേറ്റയിൽ അഡ്രസ്സ് മാത്രം മാറ്റി നൽകിയപ്പോൾ, കണ്ടത് ആശ്ചര്യപ്പെടുത്തുന്ന മാറ്റങ്ങൾ ആയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിലെ ഏറ്റവും വംശീയ വൈവിദ്ധ്യമുള്ള ഭാഗങ്ങളിൽ കാർ ഇൻഷുറൻസ് തുകകൾ ശരാശരി 33% കൂടുതലാണെന്ന് ഇതിൽനിന്ന് വ്യക്തമായിരിക്കുകയാണ്. ഉദാഹരണത്തിന്, ഫോർഡ് ഫിയസ്റ്റ ഓടിക്കുന്ന 30 വയസ്സുള്ള ഒരു അദ്ധ്യാപകൻ ബിർമിംഗ്ഹാമിനടുത്തുള്ള സാൻഡ്‌വെല്ലിലെ പ്രിൻസസ് എൻഡ് ഏരിയയിൽ താമസിക്കുന്നുണ്ടെങ്കിൽ ശരാശരി 1,975 പൗണ്ടാണ് ഇൻഷുറൻസ് തുകയായി വരിക. എന്നാൽ ഇതേ വ്യക്തി അടുത്തുള്ള ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയിൽ താമസിക്കുന്നുവെങ്കിൽ ശരാശരി 2,796 പൗണ്ട് ഇൻഷുറൻസ് തുകയായി വരും. ഇൻഡെക്സ് ഓഫ് മൾട്ടിപ്പിൾ ഡിപ്രിവേഷൻ എന്ന സർക്കാർ ഡേറ്റ പ്രകാരം റോഡപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഈ രണ്ട് പ്രദേശങ്ങൾക്കും സമാനമായ സ്കോറുകളാണ് ഉള്ളത്. എന്നാൽ ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയിൽ കറുത്തവർഗ്ഗക്കാരും, ഏഷ്യക്കാരും, മറ്റ് വംശീയത്തിൽ പെടുന്നവരും കൂടുതലാണ് എന്നുള്ളതാണ് ഇവിടെ ഇൻഷുറൻസ് തുകകളിൽ ഉള്ള വർദ്ധനയ്ക്ക് കാരണം. എന്നാൽ വംശീയത ഇൻഷുറൻസ് തുക നിശ്ചയിക്കുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുററേസ് വക്താവ് വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകൾ ജനങ്ങൾക്കിടയിൽ തന്നെ പല വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെങ്കടലിൽ ഉടലെടുത്തിരിക്കുന്ന സംഘർഷത്തിന്റെ വെളിച്ചത്തിൽ ചരക്കു നീക്കത്തിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ചരക്ക് നീക്കത്തിൽ കാലതാമസം മാത്രമല്ല ചെലവുകളും കുതിച്ചുയരുന്നതിന് സംഘർഷം കാരണമായതായാണ് റിപ്പോർട്ടുകൾ . ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിന്റെ വെളിച്ചത്തിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചരക്ക് കപ്പലുകൾക്ക് എതിരെ ആക്രമണം അഴിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ചെങ്കടലിലെ സംഘർഷാവസ്ഥ കാരണം ഷിപ്പിംഗ് ചിലവുകൾ കുതിച്ചുയർന്നതു കൂടാതെ 4 ആഴ്ച വരെ കാലതാമസവും നേരിട്ടെന്നാണ് ബ്രിട്ടീഷ് കമ്പനികൾ അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സ് (ബിസിസി ) യുടെ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും ചെങ്കടലിലെ ഹൂതികളുടെ ആക്രമണം തങ്ങളെ ബാധിച്ചതായാണ് പറഞ്ഞത് . സംഘർഷത്തെ തുടർന്ന് ഉയർന്നുവരുന്ന അധിക ചെലവുകൾ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ബി സി സി മുന്നറിയിപ്പ് നൽകി കഴിഞ്ഞു . കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ, മൊത്ത കച്ചവടക്കാർ, നിർമ്മാതാക്കൾ എന്നിവർ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് ബിസിസിയുടെ കണ്ടെത്തൽ.
ഇതിനിടെ കഴിഞ്ഞ ദിവസം യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ശനിയാഴ്ച വൻ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പൽ ആക്രമിച്ച നടപടിയെ തുടർന്നാണ് സഖ്യം ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.
ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടലിൽ ജീവൻ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്തതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് പറഞ്ഞു. വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്.
ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ സ്ഥിതി ഗുരുതരമാകുകയാണെങ്കിൽ എന്തു ചെയ്യണം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ അവസ്ഥ വഷളാവുകയാണെങ്കിൽ നിലവിൽ ചികിത്സിക്കുന്ന ടീം തന്നെ തുടർന്നാൽ മതിയാകുമോ? രോഗിയുടെ ആരോഗ്യം വഷളാകുമ്പോൾ അടുത്ത ബന്ധുക്കൾ എപ്പോഴും നേരിടുന്ന പ്രതിസന്ധിയാണ് മുകളിൽ പറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ. എന്നാൽ അടുത്ത ഏപ്രിൽ മാസം മുതൽ രോഗികളുടെ നിലവിലെ ചികിത്സയിൽ രോഗം വഷളാവുകയാണെങ്കിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ എൻഎച്ച്എസ് പുറത്തിറക്കി.
രോഗികളുടെ ആരോഗ്യസ്ഥിതി വഷളാവുകയാണെങ്കിൽ മറ്റൊരു മെഡിക്കൽ ഏജൻസികളുടെ നിരീക്ഷണവും അവലോകനവും ഏപ്രിൽ മാസം മുതൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മാർത്താസ് റൂൾ എന്നാണ് പുതിയ നടപടി ക്രമത്തിന് നാമകരണം നടത്തിയിരിക്കുന്നത്. 13 വയസ്സ് മാത്രം പ്രായമുള്ള മാർത്ത മിൽസ് 2021-ൽ ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ സെപ്സിസ് ബാധിച്ചാണ് മരിച്ചത്. മാർത്തയെ തീവ്ര പരിജന വിഭാഗത്തിൽ എത്തിക്കുന്നതിൽ അന്ന് ചികിത്സ നൽകിയവർക്ക് സാധിച്ചില്ല . മാർത്തയുടെ മോശമായ രോഗാവസ്ഥയെ കുറിച്ച് പ്രതികരിക്കാൻ എൻഎച്ച്എസ് സംവിധാനം പരാജയപ്പെടുകയാണ് ചെയ്തത്.
മാർത്തയുടെ മരണശേഷം ചികിത്സാ പരാജയത്തിനെതിരെ അവളുടെ മാതാപിതാക്കളായ മെറോപ്പും പോളും വിപുലമായ പ്രചരണമാണ് നടത്തിയത്. അങ്ങനെയാണ് രോഗിയുടെ അവസ്ഥയെക്കുറിച്ച് മറ്റൊരു മെഡിക്കൽ ടീമിൽനിന്ന് അടിയന്തിര ക്ലിനിക്കൽ അവലോകനം നടത്താൻ രോഗികളെയോ അവരുടെ കുടുംബാംഗങ്ങളെയോ അനുവദിക്കുന്ന സംവിധാനത്തിനായി വ്യാപകമായ പിന്തുണ ലഭിച്ചത് . ഏപ്രിൽ മാസം മുതൽ മാർത്താസ് റൂൾ നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും തങ്ങളുടെ മകൾക്ക് ഉണ്ടായ ദുരനുഭവം മറ്റു രോഗികൾക്ക് സംഭവിക്കുന്നത് തടയാൻ ഇത് ഇടയാക്കുമെന്ന് മാർത്തയുടെ മാതാപിതാക്കൾ പറഞ്ഞു.
പുതിയ നടപടിക്രമങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ രോഗികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങൾ അവരുടെ മാതാപിതാക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട് രേഖപ്പെടുത്തണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. രോഗിയുടെ പെരുമാറ്റത്തിലെ എന്തെങ്കിലും അസ്വാഭാവികത ആരോഗ്യ പ്രവർത്തകർക്ക് മനസ്സിലാക്കാൻ ഇത് ഉപകരിക്കും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് കഴിഞ്ഞവർഷം നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കിയത്. ഇതിൻറെ ഭാഗമായി 5% ശമ്പള വർദ്ധനവ് ആണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം 1655 പൗണ്ട് ഒറ്റ തവണയായി നൽകാനും തീരുമാനം ആയിരുന്നു. മറ്റ് പല വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ലഭിച്ച ശമ്പള വർദ്ധനവ് താരതമ്യേന കുറവാണെങ്കിലും തുടർ സമരങ്ങൾ മൂലം ആരോഗ്യ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയെ മുൻനിർത്തി സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശം യൂണിയനുകൾ അംഗീകരിക്കുകയായിരുന്നു.
എന്നാൽ കമ്മ്യൂണിറ്റി നേഴ്സുമാർ ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർ ഉൾപ്പെടെയുള്ള ഹെൽത്ത് വർക്കർമാർക്ക് കഴിഞ്ഞ മെയ് മാസത്തിൽ ഒറ്റ തവണയായി നൽകുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ഇതുവരെയും സർക്കാർ എൻ എച്ച് എസിന് നൽകിയിട്ടില്ല. ബ്രിട്ടനിലെ 20,000ത്തിലധികം ഹെൽത്ത് വർക്കർമാർക്ക് വാഗ്ദാനം നൽകിയ ഈ തുക നൽകാതിരുന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. തുക ആര് നൽകും എന്ന കാര്യത്തിൽ ആശയ കുഴപ്പം ഉണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാർക്ക് ഒറ്റ തവണ പെയ്മെൻറ് നൽകേണ്ടതിന്റെ ഉത്തരവാദിത്വം എൻഎച്ച്എസ് ഇതര സ്ഥാപനങ്ങൾക്ക് ആണെന്നാണ് സർക്കാരിൻറെ നിലവിലെ നിലപാട്. എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നൽകുന്ന ജോലികൾ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ് ഇവയിൽ പലതും. അതുകൊണ്ടു തന്നെ സർക്കാർ നിലപാട് ഈ രീതിയിൽ തുടർന്നാൽ ഒരിക്കലും ഒറ്റത്തവണ പെയ്മെൻറ് ഹെൽത്ത് വർക്കർ മാർക്ക് ലഭ്യമാകയില്ലെന്നാണ് യൂണിയനുകൾ പറയുന്നത്.
ഇതിനിടെ എൻഎച്ച്എസിലെ നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് കൂടുതൽ പേർ പോകുന്നത് തടയാൻ അധിക തുക സർക്കാർ വകയിരുത്തണമെന്ന ആവശ്യവുമായി നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് രംഗത്ത് വന്നു . നേഴ്സുമാർക്ക് പണപെരുപ്പത്തിന് ആനുപാതികമായ ശമ്പള വർധനവും അതോടൊപ്പം ഈ മേഖലയിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന ആവിശ്യമാണ് ഉയർന്ന് വന്നിരിക്കുന്നത് . ആവശ്യങ്ങളുടെ മേൽ ഉചിതമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങൾക്ക് തുടക്കമിടുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള പരിഷ്കരണത്തെ കുറിച്ച് സർക്കാരിന് നിർദ്ദേശം നൽകാൻ എൻഎച്ച്എസ് പേ റിവ്യൂ ബോഡിയ്ക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ ആർസിഎൻ സമർപ്പിച്ചു കഴിഞ്ഞു. ശമ്പള കുറവും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന പകുതിയോളം നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന ഒരു സർവേ ആർസിഎൻ പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഉടനീളം 42,000 – ത്തിലധികം നേഴ്സുമാരുടെ തസ്തികകൾ ഒഴിഞ്ഞിരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് മെച്ചപ്പെട്ട ശമ്പളം ലക്ഷ്യം വച്ച് ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഇപ്പോൾ തന്നെ ഗുരുതര രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ള രോഗികളുടെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കൂടുതൽ നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നത് എൻഎച്ച്എസ്സിനെ കൂടുതൽ പ്രതിസന്ധിയിലാക്കും
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ശനിയാഴ്ച വൻ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പൽ ആക്രമിച്ച നടപടിയെ തുടർന്നാണ് സഖ്യം ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.
ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽ ഓസ്ട്രേലിയ, ബഹ്റിൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു . ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടലിൽ ജീവൻ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്തതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് പറഞ്ഞു.
വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്.
യെമനു സമീപം വച്ച് ചെങ്കടലിൽ യുകെയുടെ ചരക്ക് കപ്പലിന് നേരെ കഴിഞ്ഞ ആഴ്ച്ച കടുത്ത ആക്രമണം നടന്നിരുന്നു . ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് അപായം ഒന്നും സംഭവിച്ചില്ല . ഞായറാഴ്ച രാത്രി യെമനിലെ അൽ മുഖയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തായിരുന്നു ആക്രമണമെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചത് . ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്