ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശനിയാഴ്ച ഉച്ച മുതൽ വെയിൽസ്, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാൻഡ്‌സിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത. രണ്ട് മണിക്കൂറിനുള്ളിൽ ചില സ്ഥലങ്ങളിൽ 30 മില്ലിമീറ്റർ (1.6 ഇഞ്ച്) മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില സ്ഥലങ്ങളിൽ തുടർച്ചയായി പെയ്യുന്നത് മൂലം 50 മില്ലിമീറ്റർ (2 ഇഞ്ച്) വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട് കാണുന്ന കനത്ത മഴയും ഇടിമിന്നലും മൂലം ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ മുന്നറിയിപ്പ്, ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ട് വരെയാണുള്ളത്. വെയിൽസിലെ നോർത്ത് വെയിൽസും പെംബ്രോക്‌ഷയറും ഒഴികെയുള്ള 22 കൗൺസിൽ ഏരിയകളിൽ 16ലും മുന്നറിയിപ്പ് ബാധകമാണ്.

യുകെയുടെ മറ്റ് ഭാഗങ്ങളിൽ ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ചൂട് കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ രാജ്യത്തൊട്ടാകെ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മദ്യപാനത്തിൻെറ ദുരുപയോഗം മൂലം ബ്രിട്ടനിൽ ആരോഗ്യ-സാമൂഹിക മേഖലയിൽ പ്രതിവർഷം 27 ബില്യൺ പൗണ്ട് വരെ ചിലവുകൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. എൻഎച്ച്എസ്, സോഷ്യൽ സർവീസസ്, ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം, ലേബർ മാർക്കറ്റ് എന്നിവയ്ക്ക് നിലവിലെ കണക്കുകൾ അനുസരിച്ചുള്ള ചിലവുകൾ 2003-നെ അപേക്ഷിച്ച് 37% കൂടുതലാണ്. സമാനമായി ക്യാബിനറ്റ് ഓഫീസ് നടത്തിയ ഗവേഷണത്തിൽ മദ്യപാനത്തിൻെറ ദുരുപയോഗം മൂലമുള്ള അധിക ചിലവ് 18.5 ബില്യൺ മുതൽ 20 ബില്യൺ പൗണ്ട് വരെ വരുന്നതായി കണ്ടെത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് (IAS) നടത്തിയ പഠനത്തിൽ മദ്യത്തിൻെറ ദുരുപയോഗം മൂലം ആരോഗ്യ സേവന മേഖലയിൽ പ്രതിവർഷം 4.9 ബില്യൺ പൗണ്ടാണ് ചിലവാകുന്നതെന്ന് കണ്ടെത്തി. ഇതിൽ 3 ബില്യൺ പൗണ്ടിലധികവും ആക്സിഡന്റ് ആൻഡ് എമർജൻസി (എ ആൻഡ് ഇ) സന്ദർശനങ്ങളിൽ നിന്നും ആശുപത്രി പ്രവേശനങ്ങളിൽ നിന്നുമാണ്. ഏപ്രിലിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022-ൽ 10,048 പേർ മരിച്ചത് മദ്യപാനം മൂലമുള്ള കാരണങ്ങൾ മൂലമാണ്. 2001 മുതൽ ഉള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. വിവിധ തരത്തിലുള്ള ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സിറോസിസ്, സ്ട്രോക്ക്, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് മദ്യപാനം ഒരു കാരണമാണ്.

വ്യക്തികളിലും സമൂഹത്തിലും മദ്യം സ്വാധീനം ചെലുത്തുന്നുണ്ട്. മദ്യത്തിൻെറ ദുരുപയോഗം മൂലം ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് പ്രതിവർഷം 14.6 ബില്യൺ പൗണ്ട് ചിലവാകുന്നുണ്ട്. വ്യക്തികളിലും കുടുംബങ്ങളിലും അമിത മദ്യപാനത്തിൻെറ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന് സോഷ്യൽ സർവീസസിന് പ്രതിവർഷം ഏകദേശം £3 ബില്യൺ ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഡെവോണിൽ മലിനജലത്തിലൂടെ പകരുന്ന അസുഖങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഡെവോണിൽ ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകൾ 46 എണ്ണമായി ആണ് കൂടിയിരിക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയിലധികം പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോൺ പ്രദേശത്ത് നേരെത്തെ 22 പേർക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്.

നീണ്ട വയറിളക്കത്തിന് കാരണമാകുന്ന രോഗമായ ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകൾ 46 ആയി ഉയർന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ആണ് അറിയിച്ചത് . ഇത് കൂടാതെ 100 പേർക്ക് രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. വയറിളക്കത്തിന് കാരണമാകുന്ന അണുക്കൾ ഇവിടെ വിതരണം ചെയ്യുന്ന ജലത്തിൽ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചിരുന്നു. രോഗത്തിൻറെ ഉറവിടം ഇല്ലാതാക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏകദേശം 16,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളം തിളപ്പിച്ച് കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പിൽ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തൽകുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം . സംഭവത്തിൽ ഖേദിക്കുന്നതായി സൗത്ത് വെസ്റ്റ് വാട്ടർ (എസ്‌ഡബ്ല്യുഡബ്ല്യു) ചീഫ് എക്‌സിക്യൂട്ടീവ് സൂസൻ ഡേവി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് ആൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് വിചാരണ നേരിട്ട അധ്യാപിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 30 വയസ്സുകാരിയായ അധ്യാപിക റെബേക്ക ജോയിൻസാണ് 15 വയസ്സുകാരായ രണ്ടു വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് വിചാരണ നേരിട്ടത്. പ്രായപൂർത്തിയാകാത്തതിനാലും സ്വകാര്യതയെ മുൻനിർത്തിയും വിദ്യാർത്ഥികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് ഇവർ രണ്ടാമത്തെ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഈ ബന്ധത്തിൽ അവർ ഗർഭിണിയാവുകയും ചെയ്തു . അധ്യാപിക എന്ന നിലയിൽ തന്റെ പദവി ഇവർ ദുരുപയോഗം ചെയ്തതായും തൻറെ ജോലിയുടെ മാന്യത കാത്തുസൂക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു.

പബ്ലിക് ഗാലറിയിൽ ഇരുന്ന റെബേക്ക ജോയിൻസിൻ്റെ മാതാപിതാക്കൾ ഒന്നും പ്രതികരിച്ചില്ല. എന്നാൽ ജോയിൻസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ആൺകുട്ടികളുടെ മാതാപിതാക്കൾ ആഹ്ലാദപ്രകടനം നടത്തി. ജൂലൈ നാലിന് കോടതി ഈ കേസിൽ അന്തിമ വിധി പറയും. ദുരുപയോഗത്തിനിരയായ ആൺകുട്ടികളുടെ മാതാപിതാക്കളുടെ ഇടപെടലാണ് അറസ്റ്റിന് വഴിവെച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും പ്രധാനമന്ത്രി ഋഷി സൂനകിനെ ബാധിച്ചിട്ടില്ല. ഒരു വർഷം കൊണ്ട് ഋഷി സുനകിന്റെയും ഭാര്യ അക്ഷതാ മൂർത്തിയുടെയും സ്വകാര്യസമ്പത്ത് കുതിച്ചുയർന്നത് 120 മില്യൺ പൗണ്ടാണ് . ഇതോടെ സമ്പന്നരുടെ പട്ടികയിൽ ഇവരുടെ സ്ഥാനം ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സുനകിന്റെയും മൂർത്തിയുടെയും സമ്പത്ത് 651 മില്യൺ പൗണ്ടായാണ് കണക്കാക്കപ്പെടുന്നത്. ഇത് 2023 -ൽ 529 മില്യൺ പൗണ്ടായിരുന്നു. ഇവരുടെ സ്വത്തിൽ കഴിഞ്ഞവർഷം ഉണ്ടായ ഉയർച്ചയിൽ കൂടുതലും അക്ഷതാമൂർത്തിയുടെ പിതാവ് നാരായണമൂർത്തി സ്ഥാപിച്ച ഇന്ത്യൻ ഐടി സ്ഥാപനമായ ഇൻഫോസിസുമായി ബന്ധപ്പെട്ടാണ്.

ഋഷി സുനകിൻ്റെ നേതൃത്വത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ അഭിപ്രായ സർവേകളിൽ നിലവിലെ ഭരണപക്ഷം വളരെ പിറകിലാണ്. തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ എംപിയായി തുടരുമെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചാൾസ് രാജാവിന്റെയും സമ്പത്ത് 600 മില്യണിൽ നിന്ന് 610 മില്യൺ പൗണ്ടായി ഉയർന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഠനത്തിനായും ജോലിക്കായും യുകെയിൽ എത്തി ചേരുക എന്നത് മലയാളികളുടെ സ്വപ്നമാണ് . കേരളത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ശമ്പളവും ജീവിതസാഹചര്യങ്ങളുമാണ് മലയാളികൾ കൂടുതലായി ബ്രിട്ടനിൽ എത്തിച്ചേരാനുള്ള കാരണങ്ങൾ. എന്നാൽ യുകെയിലേയ്ക്കുള്ള വിസയും ജോലിയും വാഗ്ദാനം ചെയ്ത് ഏജൻസികൾ എന്ന പേരിൽ വൻ തട്ടിപ്പ് സംഘവും സജീവമാകുന്നതിൻ്റെ വിവരങ്ങളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരാണ് കേരളത്തിൽ അറസ്റ്റിലായിരിക്കുന്നത്. സ ച്ചി സൊലുഷ്യൻ എന്ന റിക്രൂട്ട്മെൻറ് സ്ഥാപന ഉടമകളായ രാഖി ഐസക്കും സന്തോഷ് തോമസുമാണ് ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത് . പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയെ തുടർന്നാണ് ഇവർ അറസ്റ്റിൽ ആയത്. ലൈസൻസ് ഇല്ലാതെയാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്.

പല ഏജൻസികളും ഉദ്യോഗാർത്ഥികളിൽ നിന്ന് കൊള്ളപ്പണം ഈടാക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ വാർത്തയായിരുന്നു. കെയർ മേഖലയിലെ വിസയ്ക്കായാണ് കടുത്ത ചൂഷണം നടന്നിരിക്കുന്നത്. 20 ലക്ഷം വരെയാണ് കെയർ മേഖലയിലെ വിസയ്ക്കായി പല മലയാളികളും ഏജൻസികൾക്ക് നൽകേണ്ടിവന്നത്. ജോലി ചെയ്യുന്ന കെയർ ഹോമിൻ്റെ ലൈസൻസ് റദ്ദാക്കിയത് മൂലം വഴിയാധാരമായ മലയാളികളെ കുറിച്ചുള്ള വാർത്ത അടുത്തയിടെ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ രാജ്യം വിടാനാണ് ഇവരോട് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയിൽ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോടും കെയറർമാരോടും നിലവിലെ കുടിയേറ്റ നയത്തെ കുറിച്ച് ബോധവാന്മാരാകണമെന്നാണ് ഈ അവസരത്തിൽ മലയാളം യുകെ ന്യൂസിന് പറയാനുള്ളത് . നിലവിൽ കെയർ വിസയിൽ പോകുന്നവർക്ക് ആശ്രിത വിസയിൽ തങ്ങളുടെ ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അതുപോലെതന്നെ ഗവേഷണ വിദ്യാർത്ഥികൾക്ക് അല്ലാതെ സ്റ്റുഡൻറ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസ അനുവദിക്കുന്നില്ല. യുകെയിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് കർശന പരിശോധന ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാരകമായ രാസപദാർത്ഥങ്ങൾ സുഗന്ധവ്യഞ്ജനങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ . ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം.

രണ്ട് കമ്പനികളുടെ ഉത്പന്നങ്ങളിലാണ് അമിത അളവിൽ കീടനാശിനി കണ്ടെത്തിയത് . ഇതോടെ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാൻ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ കടുത്ത സുരക്ഷാ പരിശോധന നടത്തുന്ന രാജ്യമാണ് യുകെ. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത്തരം ഉത്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ആണ് ഏർപ്പെടുത്തുക.

എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്. ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിൽ നിന്ന് വീണ് 5 വയസ്സുകാരനായ ആൺകുട്ടി മരിച്ചു. ന്യൂ സിറ്റി റോഡിലെ ജേക്കബ്സ് ഹൗസിൻ്റെ മുകളിലത്തെ നിലയിൽ നിന്നാണ് കുട്ടി വീണത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പതിനഞ്ചാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കടുത്ത ഞെട്ടലോടെയാണ് ദാരുണ സംഭവത്തെ കുറിച്ച് ഫ്ലാറ്റിലുള്ള മറ്റ് അന്തേവാസികൾ പ്രതികരിച്ചത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ അത്യാഹിത വിഭാഗവും പോലീസും അടിയന്തിരമായി സ്ഥലത്ത് എത്തി ചേർന്നിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡിന്റെ പുതിയ ജനിതക വകഭേദം യുകെയിൽ വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ വൈറസ് മാരകമാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. യുഎസിലും ഇതേ വൈറസ് തന്നെ പടരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
FLiRT എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസിന്റെ വ്യാപനം കടുത്തതാണെന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ പുതിയ കേസുകളിൽ 30 ശതമാനവും ഈ വിഭാഗത്തിൽപ്പെട്ടവയാണ് .യുഎസിലുള്ള കോവിഡ് കേസുകളിൽ നാലിൽ ഒന്നും FLi RT വൈറസ് ബാധിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വസന്തകാലത്ത് അണുബാധ നിരക്ക് കുറഞ്ഞതിനു ശേഷം യുകെയിൽ ഉടനീളം കോവിഡ് കേസുകൾ സാവധാനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 80 ശതമാനം ആൾക്കാരിലും രോഗലക്ഷണമായി മൂക്കൊലിപ്പ് ഉണ്ടാകുന്നതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് കൂടാതെ രുചിയോ മണമോ നഷ്ടപ്പെടുന്ന രോഗലക്ഷണവും പലരിലും കാണുന്നുണ്ട്.

മെയ് 7 – ന് അവസാന ആഴ്ചയിലെ കണക്കുകൾ പ്രകാരം യുകെയിൽ 1985 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 25 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെയും FLiRT ബാധിക്കാമെന്ന് യുഎസിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കോവിഡ് പടർന്നു പിടിക്കുകയാണെങ്കിൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ് . രോഗം കൂടുന്നതു കൊണ്ട് ആളുകൾ വാക്സിൻ എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് യുകെഎച്ച്എസ്എയുടെ പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളുടെ ഡയറക്ടർ ഡോ. മേരി റാംസെ ആഴ്ച പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വളരെ നാൾ മുൻപ് തന്നെ ഭാവിയിൽ ക്യാൻസർ രോഗം വരുമെന്ന് തിരിച്ചറിയാനുള്ള സാധ്യത തെളിഞ്ഞു. ലളിതമായ ഒരു രക്ത പരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഭാവിയിൽ ഇത് രോഗം കണ്ടെത്താൻ മാത്രമല്ല രോഗത്തെ പൂർണമായും തുടച്ചുനീക്കാനും പ്രയോജന പ്രദമാണെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ക്യാൻസർ റിസർച്ച് യുകെയുടെ ധനസനസഹായത്തോടെ നടത്തിയ പഠനമാണ് നിർണ്ണായകമായ നേട്ടത്തിന് കാരണമായത്. വളരെ മുൻപ് തന്നെ ക്യാൻസർ വരാനുള്ള സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന രക്തത്തിലെ പ്രോട്ടീനുകളെ പഠനത്തിൽ കണ്ടെത്തി. രോഗം വരാൻ സാധ്യതയുള്ളവരിൽ 7 വർഷം മുൻപു വരെ ഇത്തരം പ്രോട്ടീനുകളെ കണ്ടെത്താനാവുമെന്നാണ് ഗവേഷണ ഫലം പറയുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ 19 വ്യത്യസ്‌ത തരം കാൻസറുമായി ബന്ധപ്പെട്ട 618 പ്രോട്ടീനുകളെ ആണ് തിരിച്ചറിഞ്ഞത് . രോഗനിർണയത്തിന് ഏഴുവർഷം മുൻപ് വരെയാണ് ഇവരിൽനിന്ന് രക്തം ശേഖരിച്ചത്. ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ തന്നെ രക്തത്തിൽ ഇത്തരം പ്രോട്ടീനുകളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കണ്ടെത്തിയത് രോഗനിർണയത്തിനും ചികിത്സയ്ക്കും വളരെ നിർണായകമാകുമെന്നാണ് വൈദ്യശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.

പഠനത്തിന്റെ തുടക്കത്തിൽ 44,000 – ലധികം ബ്രിട്ടീഷുകാരിൽ നിന്ന് എടുത്ത രക്തസാമ്പിളുകളാണ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തത്. ഇതിൽ 4900 ലധികം ആളുകൾക്ക് പിന്നീട് അർബുദം കണ്ടെത്തി. ക്യാൻസർ വന്നവരും അല്ലാത്തവരുമായ ആളുകളുടെ പ്രോട്ടീനുകളെ സംഘം താരതമ്യം ചെയ്തു. രോഗം വന്നവരിലും അല്ലാത്തവരിലുമായി കണ്ടെത്തിയ പ്രോട്ടീനുകളെ വിശകലനം ചെയ്ത് 7 വർഷം മുൻപു വരെ രോഗം നിർണ്ണയിക്കുന്നതിനുള്ള നിർണ്ണായകമായുള്ള കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ക്യാൻസർ രോഗികളിലുള്ള പ്രോട്ടീനുകൾ പരിശോധിക്കാനും നിർദ്ദിഷ്ട അർബുദങ്ങൾ വരുന്നതിൽ ഏതൊക്കെ പ്രോട്ടീനുകൾക്ക് പങ്കുണ്ട് എന്ന് മനസിലാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ നമുക്കുണ്ട് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റൂത്ത് ട്രാവിസ് പറഞ്ഞു.