Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- അടുത്ത രണ്ടു വർഷത്തിനുള്ളിൽ 21 ശതമാനം കൗൺസിൽ നികുതി വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി, ബർമിംങ്‌ഹാം സിറ്റി കൗൺസിൽ 300 മില്യൻ പൗണ്ട് സേവനങ്ങൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം അംഗീകരിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ലോക്കൽ അതോറിറ്റിയായ ബിർമിങ്ഹാം കൗൺസിൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് സ്വയം പാപ്പരത്വം പ്രഖ്യാപിച്ചിരുന്നു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൗൺസിലിന്റെ സാമ്പത്തിക നടപടികൾ തികച്ചും വിനാശകരമാണെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന കൗൺസിലിന്റെ ഒരു ഒരു മീറ്റിംഗിൽ കൗൺസിലിലെ ജനങ്ങളോട് ലീഡർ ജോൺ കോട്ടൺ പുതിയ പരിഷ്കാരങ്ങൾക്ക് മാപ്പ് പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ തങ്ങൾക്ക് സാധിക്കുന്നില്ല എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കൗൺസിൽ വ്യക്തമാക്കിയിരുന്നു. 87 മില്യൺ പൗണ്ടിന്റെ അടിയന്തര ബഡ്ജറ്റ് ക്ഷാമം നേരിട്ടതിനാൽ, സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിക്കാനും അവർ നിർബന്ധിതരായിരുന്നു. ഇതിനെ തുടർന്നാണ് അവർ സ്വയം പാപ്പരത്വം പ്രഖ്യാപിച്ചത്. 80 മില്യൻ പൗണ്ടോളം തുക അധികമായി ഒരു ഐടി സംവിധാനത്തിന് ചിലവഴിച്ചതും, അതോടൊപ്പം തന്നെ 760 മില്യൻ പൗണ്ടിന്റെ തുല്യ ശമ്പള ക്ലെയിമുകൾ നേരിട്ടതുമാണ് ഇപ്പോഴുള്ള കൗൺസിലിന്റെ ഈ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം.


കൗൺസിലിന്റെ എല്ലാ സേവനങ്ങളിലും വെട്ടിക്കുറയ്ക്കലുകൾ ഉണ്ട്. മാലിന്യ ശേഖരണം കുറയ്ക്കുന്നത് മുതൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ വരെ കുറവുകൾ ഉണ്ടാകുമെന്നാണ് നിഗമനം. വെട്ടിക്കുറയ്ക്കലിനുള്ള ബില്ലിൽ 53 കൗൺസിലർമാർ അനുകൂലിച്ചും മൂന്ന് പേർ എതിർത്തും വോട്ട് ചെയ്തു. ജെറെമി ഹണ്ടിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് കൗൺസിലിന്റെ ഈ തീരുമാനവും ഉണ്ടായിരിക്കുന്നത്. വൈവിധ്യമാർന്ന പദ്ധതികൾക്കും കൺസൾട്ടൻ്റുകൾക്കുമുള്ള ചെലവ് കുറയ്ക്കാൻ ചാൻസിലർ കൗൺസിലുകളോട് ഈ ബഡ്ജറ്റിൽ ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം കൗൺസിലുകൾ തങ്ങളുടെ വരവ്- ചിലവുകൾ ക്രമീകരിക്കാനുള്ള തത്രപ്പാടിലാണ്. നോട്ടിങ്ഹാം കൗൺസിലും തങ്ങളുടെ സേവനങ്ങളിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്.


എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടെന്നാണ് ബിർമിങ്ഹാം കൗൺസിൽ നേതാവ് ജോൺ കോട്ടൺ ആരോപിക്കുന്നത്. എന്നാൽ പ്രാദേശിക കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷ നേതാവ് റോബർട്ട് ആൽഡൻ, നഗര നേതാക്കൾ ഒരു ഫാൻ്റസി ഭൂമിയിലാണ് താമസിക്കുന്നതെന്ന് ആരോപിച്ചു. ബജറ്റ് സമ്മേളനം നടക്കുമ്പോൾ കൗൺസിൽ ഹൗസിന് പുറത്ത് 200 ഓളം പ്രതിഷേധക്കാർ ഈ തീരുമാനങ്ങൾക്കെതിരെ പ്രകടനം നടത്തി. അടുത്തമാസം ഏപ്രിൽ മുതൽ 10 ശതമാനം ടാക്സ് വർദ്ധനവ് ഉണ്ടാകും. 2025 ഏപ്രിലിലോടെ ഇത് 21 ശതമാനമായി ഉയരും എന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബഡ്ജറ്റ് ഇന്ന് ചാൻസിലർ ജെറമി ഹണ്ട് അവതരിപ്പിക്കും. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം വീർപ്പുമുട്ടുന്ന യുകെ മലയാളികൾ വളരെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനപ്രിയ ബഡ്ജറ്റായിരിക്കും ജെറമി ഹണ്ട് അവതരിപ്പിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇന്നത്തെ ബഡ്ജറ്റിൽ നാഷണൽ ഇൻഷുറൻസിൽ 2p വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് പൊതുവെ ഉള്ളത് . . 35,000 പൗണ്ട് ശമ്പളമുള്ള ഒരാൾക്ക് 2p വെട്ടി കുറച്ചാൽ പ്രതിവർഷം ഏകദേശം 450 പൗണ്ട് ഇളവുകൾ ലഭിക്കും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ദേശീയ ഇൻഷുറൻസ് വെട്ടി കുറയ്ക്കുന്നത് ആദായനികുതി ഇളവുകൾ നൽകുന്നതിനേക്കാൾ ജനങ്ങൾക്ക് പ്രയോജനകരമാണ്. പക്ഷേ ജനങ്ങൾക്ക് എത്രമാത്രം ഇത് മനസ്സിലാകും എന്ന കാര്യത്തിൽ എംപിമാരും സംശയത്തിലാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഈ തീരുമാനം എത്രമാത്രം പ്രയോജനം ചെയ്യും എന്ന ആശങ്ക ഭരണപക്ഷത്തിന് ശക്തമായുണ്ട്. ഇതുകൂടാതെ നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള നികുതികൾ വെട്ടികുറയ്ക്കാൻ ചാൻസിലറിന്റെ മേൽ ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമായ സമ്മർദ്ദം ഉണ്ട്.


നാഷണൽ ഇൻഷുറൻസ് വെട്ടി കുറയ്ക്കുന്നത് കൂടാതെ ഒരു വർഷത്തേയ്ക്ക് ഇന്ധന തീരുവ മരവിപ്പിക്കും എന്നും സൂചനയുണ്ട്. ഇത് കൂടാതെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബർമിംഗ്ഹാം, നോട്ടിംഗ്ഹാം ഉൾപ്പെടെയുള്ള കൗൺസിലുകളെ സഹായിക്കാനും ബഡ്ജറ്റിൽ പണം കാണേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി വരുമാനം കണ്ടെത്താൻ എന്തൊക്കെ രീതിയാണ് സർക്കാർ അവലംബിക്കുക എന്നത് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ്. വേപ്പുകൾക്ക് പുതിയ നികുതി ഏർപ്പെടുത്തുക , നോൺ ഡോം ടാക്സ് സ്റ്റാറ്റസ് ഒഴിവാക്കുക തുടങ്ങിയവ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അപൂർവ നേട്ടവുമായി ലോകത്തിലെ തന്നെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ലണ്ടനിൽ മലയാളിയായ മേജർ ജോളി ലാസർ. 6 ലോക മാരത്തോണുകളാണ് ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത് . അഞ്ച് മാരത്തോണുകൾ നേരത്തെ പൂർത്തിയാക്കിയിരുന്ന ജോളി ടോക്കിയോ മാരത്തോണു കൂടി പൂർത്തിയാക്കിയതോടെയാണ് അതുല്യ നേട്ടത്തിന് ഉടമയായി മാറിയത്.

ലണ്ടൻ, ടോക്കിയോ , ബർലിൻ, ന്യുയോർക്ക്, ഷിക്കാഗോ, ബോസ്റ്റൺ എന്നീ 6 മാരത്തോണുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന കിരീടമാണ് സിക്സ് സ്റ്റാർ ഫിനിഷർ ബഹുമതി . ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് ഇതുവരെ 101 പേർ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഈ നേട്ടം കൈവരിക്കുന്ന 470 -മത്തെ മലയാളിയാണ് ജോളി. നേരത്തെ മനോജ് കുര്യാക്കോസ്, രമേശ് പണിക്കർ ,എസ്ഗാർ പിന്റോ എന്നീ മലയാളികളാണ് സിക്സ് സ്റ്റാർ ഫിനിഷ് മാരായിട്ടുള്ളത്.

ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ പദവിയിൽ നിന്നാണ് ജോളി ലാസർ വിരമിച്ചത്. തൃശ്ശൂർ മണ്ണുത്തി പാറയിൽ ലാസറിന്റെയും തങ്കമ്മയുടെയും മകനായ ജോളി ലാസർ ലണ്ടനിലെ റെഡ് ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് . ഭാര്യ വിനിതയ്ക്കും വിദ്യാർത്ഥികളായ ജോവിന്‍ , ജെനിഫർ എന്നിവർക്കൊപ്പം ഈസ്റ്റ് ലണ്ടനിലെ സെഗ്നാവിലാണ് കുടുംബസമേതം താമസിക്കുന്നത്. ടോക്കിയോയിൽ നിന്ന് വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ജോളിക്ക് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും ക്യാൻസർ രോഗവുമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം അകാലത്തിൽ മരണമടഞ്ഞവരുടെ എണ്ണം നാൾക്ക് നാൾക്ക് കൂടി വരുകയാണ്’. പ്രത്യക്ഷത്തിൽ ആരോഗ്യപരമായ ജീവിത രീതികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്രയധികം ചെറുപ്പക്കാർ ഹൃദയാഘാതം മൂലം മരണമടയുന്നത് എന്നത് വിശദമായി പരിശോധിക്കേണ്ട വിഷയമാണ്.

യുകെയിൽ ഹൃദയാഘാതമുള്ള 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ ആശങ്കാജനകമായ രീതിയിൽ വർദ്ധനവ് ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയത്തിൻറെ ഒരു ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. തൻറെ രോഗികളിൽ 10 മുതൽ 20 ശതമാനം വരെ ഇപ്പോൾ 40 വയസ്സിന് താഴെയുള്ളവരാണെന്ന് ലണ്ടനിലെ സെൻ്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിലെയും പോർട്ട്‌ലാൻഡ് ഹോസ്പിറ്റലിലെയും കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. മാർട്ടിൻ ലോവ് പറയുന്നു. താനൊരു ജൂനിയർ ഡോക്ടർ ആയിരുന്ന സമയത്ത് ഹൃദയസംബന്ധമായ അസുഖങ്ങളുമായി യുവാക്കളെ കാണുന്നത് അപൂർവ്വമായിരുന്നു എന്ന് ഡോ. മാർട്ടിൻ പറഞ്ഞു. പണ്ട് ഹൃദയ രോഗികളിൽ ഭൂരിഭാഗവും 50 നും 60 നും വയസ്സിനിടയിൽ പ്രായമുള്ള പുകവലിക്കാരായിരുന്നു.

കഴിഞ്ഞ 5 വർഷമായി 20 കളുടെ മധ്യം മുതൽ ചെറുപ്പക്കാർക്ക് ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണത കൂടി വരികയാണെന്ന് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. ജോ മിൽസും പറഞ്ഞു. ഇപ്പോൾ ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിൽ 30 കളുടെ തുടക്കത്തിലുള്ള രോഗികളെ കാണുമ്പോൾ അത്ഭുതം തോന്നാറില്ലെന്ന് അദ്ദേഹം പറഞ്ഞു.


യുവാക്കളുടെ ഇടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് കാരണമാകുന്നത് എന്താണ്? തെറ്റായ ഭക്ഷണക്രമവും അമിത വണ്ണവും , ഉദാസീനമായ ജീവിതശൈലി, ടൈപ്പ് 2 പ്രമേഹം ഉള്ള യുവാക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ് ,പുകവലി, മദ്യപാനം എന്നിവയാണ് യുവാക്കളിൽ ഹൃദയാഘാതം കൂടുന്നതിന് കാരണമായി ഡോ ലോവ് ചൂണ്ടിക്കാണിക്കുന്നത് . അമിത വണ്ണം പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു, ഇത് ധമനികളിലും ഹൃദയത്തിലും അധിക സമ്മർദ്ദം ചെലുത്തും, സ്ലീപ് അപ്നിയ അതായത് രാത്രിയിലെ ശ്വസനത്തിൻ്റെ ക്രമരഹിതമായ രീതികൾ രോഗിയുടെ താൽക്കാലികമായി ശ്വാസോച്ഛ്വാസം നിലക്കുന്നതിന് കാരണമാകുന്നതും രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം.

മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് സ്ട്രെസിനെയാണ് . സാധാരണയായി നാമെല്ലാവരും സമ്മർദത്തോടെയാണ് ജീവിക്കുന്നത്, എന്നാൽ ഇത് ചില ആളുകളിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ താളത്തിൽ മാറ്റം വരുത്താമെന്ന് ഡോ. ലോവ് പറയുന്നു .

രോഗനിർണ്ണയത്തിലെ കാലതാമസം ഭാവിയിൽ വലുതും മാരകമായതുമായ ഹൃദയാഘാതത്തിന്റെ അപകട സാധ്യത ഉയർത്തുന്നതായാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണമായേക്കാവുന്ന നെഞ്ചുവേദന ഉണ്ടായാൽ 30 മിനിറ്റിനുള്ളിൽ അവർക്ക് വിദഗ്ധ പരിചരണം ലഭ്യമാക്കണം. ചെറുപ്പക്കാർ പലപ്പോഴും രോഗലക്ഷണങ്ങളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതായും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു . പലരും ഹൃദയ രോഗ ലക്ഷണങ്ങളെ ദഹനക്കേട് മൂലമുള്ള അസുഖങ്ങളായി കരുതി അവഗണിക്കുന്നത് മരണനിരക്ക് കൂടുന്നതിന് കാരണമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുകെയിൽ എൻഎച്ച് എസിലെ ഒഴിവുകൾ നികത്തുന്നതിന് , അവയ്ക്കായുള്ള അപേക്ഷകളും നിയമന പ്രക്രിയകളും മറ്റും കൈകാര്യം ചെയ്യുന്നതിന് നാഷണൽ ഹെൽത്ത് സർവീസ് (എൻ എച്ച് എസ് ) ഉപയോഗിക്കുന്ന ഒരു ഓൺലൈൻ റിക്രൂട്ട്മെന്റ് സംവിധാനമാണ് എൻഎച്ച്എസ് ട്രാക്ക് ആപ്ലിക്കേഷൻ. യുകെയിൽ നിന്നും അതോടൊപ്പം തന്നെ വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇതിലൂടെ അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഉദ്യോഗാർത്ഥികളിലേക്ക് ജോലി സാധ്യതകൾ എളുപ്പത്തിൽ എത്തുന്നതിനും, അവയ്ക്കായി അപേക്ഷിക്കുന്നത് എളുപ്പമാക്കുന്നതിനും തൊഴിലുടമകൾക്ക് വേഗത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനുമായാണ് എൻഎച്ച്എസ് ട്രാക്ക് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഈ സേവനം വളരെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. യുകെയിലുള്ളവർക്ക് വിദ്യാർത്ഥിയായും ആശ്രിതനായും അപേക്ഷിക്കാൻ കഴിയുന്ന നിരവധി ജോലികളുണ്ട്.


ആരോഗ്യമേഖലയിൽ ഒരു നല്ല കരിയർ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോലി സാധ്യതകൾ എളുപ്പം അറിയുവാനുള്ള ഒരു മാർഗമാണ് എൻ എച്ച് എസ് ട്രാക്കർ. കാറ്ററിംഗ്, ക്ലീനിംഗ്, സ്റ്റോറുകൾ, ഡ്രൈവർമാർ തുടങ്ങിയ ആരോഗ്യസംരക്ഷണവുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികളെ സമ്മതിച്ചുള്ള വിവരങ്ങളും ഇതിൽനിന്ന് ലഭിക്കും. ഹെൽത്ത് കെയർ, അഡ്മിനിസ്ട്രേഷൻ, സപ്പോർട്ട് സേവനങ്ങൾ എന്നിവയുൾപ്പെടെ എൻഎച്ച്എസിലുടനീളമുള്ള തൊഴിൽ ഒഴിവുകളുടെ വിവരങ്ങൾ നൽകുന്ന വിപുലമായ ഒരു ഡേറ്റാബേസ് ആണ് ഈ സംവിധാനം. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സിവി, കവർ ലെറ്റർ, മറ്റ് പ്രസക്തമായ രേഖകൾ എന്നിവ അപ് ലോഡ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനവും ഇതിൽ ഉണ്ട്. അപേക്ഷകൾ ട്രാക്ക് ചെയ്യുന്നതിനും മാനേജു ചെയ്യുന്നതിനും അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നതിനും തൊഴിലുടമകൾക്കും ഇതിലൂടെ വേഗത്തിൽ സാധിക്കും. യുകെയിൽ ഇപ്പോൾ താമസിക്കുന്നവർക്കും അതോടൊപ്പം തന്നെ വിദേശികൾക്കും. ഒരേപോലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ് ലാൻഡിൽ 10 വയസ്സുകാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു . ഇന്നലെ ഉച്ചയ്ക്ക് 12 . 10 – നാണ് പോലീസ് പെൺകുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്. പെൺകുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു.

സംശയത്തെ തുടർന്ന് മരണമടഞ്ഞ പെൺകുട്ടിയുമായി പരിചയമുള്ള 33 വയസ്സുകാരിയായ ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റിലായ സ്ത്രീയ്ക്ക് പെൺകുട്ടിയുമായുള്ള ബന്ധം ഏത് രീതിയിലാണെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ലെന്നും വെസ്റ്റ് മിഡ് ലാൻഡ് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഭവനരഹിതനായ ഒരാളെ നിലത്തൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മാഞ്ചസ്റ്റർ ടൗൺഹാളിന് സമീപം പോലീസ് മന:പ്പൂർവ്വം ഇയാളുടെ വയറ്റിൽ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട് . ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തെ കുറിച്ച് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത് .

ബിബിസി ന്യൂസിന് ലഭിച്ച വീഡിയോ അവർ പുറത്തുവിട്ടതാണ് സംഭവം ലോകം അറിഞ്ഞതും വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാകുന്നതിന് കാരണമാവുകയും ചെയ്തത്. സംഭവം ഭയാനകമാണെന്നും പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമാണെന്നും ഭവനരഹിതരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഹോം ലെസ് ചാരിറ്റി ക്രൈസിസ് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലായിരുന്നു എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു.

സുഡാനിൽ നിന്നുള്ള അഭയാർത്ഥിയാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ മറ്റ് ഭവന രഹിതരായ അഭയാർത്ഥികൾക്ക് ഒപ്പം ഉറങ്ങുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ്റെ പ്രവർത്തിയെ തുടർന്ന് തനിക്ക് പരിക്കേറ്റതായി പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത 31 വയസ്സുകാരനായ ആക്രമത്തിന് ഇരയായ ആൾ ബിബിസി ന്യൂസിനോട് പറഞ്ഞു.


വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഇയാളെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് കടുത്ത പനി ഉണ്ടായിരുന്നു എന്നും ഉറങ്ങണമെന്ന് പോലീസിനോട് പറഞ്ഞെങ്കിലും അവർ തൻ്റെ വയറ്റിൽ ശക്തമായി ചവിട്ടിയതായാണ് ഇയാൾ പറഞ്ഞത്. ചവിട്ടുകൊണ്ടതിനെ തുടർന്ന് മണിക്കൂറുകളോളം തന്റെ മൂത്രത്തിൽ രക്തത്തിൻറെ അംശം ഉണ്ടായിരുന്നതായി അയാൾ പറഞ്ഞു. അഭയാർത്ഥി എന്ന നിലയിൽ മൂന്നര വർഷം യുകെയിൽ തുടരാൻ അനുവാദം ലഭിച്ചയാളാണ് അക്രമത്തിന് ഇരയായത്. പോലീസിൻറെ പ്രവർത്തിയെ കുറിച്ച് വൻ പ്രതിഷേധമാണ് വിവിധ തലങ്ങളിൽ ഉയർന്നു വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂളിൽ അന്തരിച്ച ജോമോൾ ജോസിന് നാളെ യു കെ യിലെ മലയാളി സമൂഹം അവസാന യാത്രാ മൊഴി ചൊല്ലുമ്പോൾ, അന്ത്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഇപ്രകാരമാണ്. നാളെ (05/03/2024 ചൊവ്വാ) രാവിലെ കൃത്യം 10.30 am ന് ലിവർപൂളിനടുത്തുള്ള വിസ്റ്റനിലെ St. Luke’s കത്തോലിക്കാ ദൈവാലയത്തിൽ വച്ച് മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം ദിവ്യ ബലിയോടു കൂടി ആരംഭിക്കും. ദിവ്യ ബലിക്കു ശേഷം മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്ക് ജോമോളുടെ ഭൗതികശരീരം കാണുന്നതിനും അന്തിമോപചാരങ്ങൾ അർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. തുടർന്ന് 2pm ന് വിസ്റ്റനിൽ തന്നെയുള്ള Knowsley Cemetery യിലായിരിക്കും മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗവും തുടർന്ന് കബറടക്കവും നടക്കുക.

ദൂരെ നിന്നും വാഹനങ്ങളിൽ വരുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് – മൃതസംസ്കാര ശുശ്രൂഷ നടക്കുന്ന ദൈവാലയത്തിൽ വളരെ കുറച്ചു വാഹനങ്ങൾ മാത്രമേ പാർക്കു ചെയ്യുവാൻ സാധിക്കുകയുള്ളു. ദൈവാലയത്തിനടുത്തുള്ള Whiston Hospital Staff കാർ പാർക്കിൽ കുറച്ചു വാഹനങ്ങൾ പാർക്കു ചെയ്യുവാൻ അനുവദിച്ചിട്ടുണ്ട്. Dragon Lane ൽ ഉള്ള William Hill Betfred Shop നടുത്തുള്ള Staff Car park ആണ് അതിനായി ഉപയോഗിക്കേണ്ടത്. ( William Hill, Dragon Lane, Prescot, L353QX) അതിനോട് തൊട്ടടുത്തു തന്നെ Whiston Hospital Visitor and Staff Low Cost Parking സൗകര്യവും ലഭ്യമാണ്. കൂടുതലായി വരുന്ന വാഹനങ്ങൾ St.Luke’s ദൈവാലയത്തിന് എതിർവശത്തായിട്ടുള്ള സ്ട്രീറ്റുകളിൽ പാർക്കു ചെയ്യാവുന്നതാണ്. Whiston Hospital നടുത്തുള്ള ചില സ്ട്രീറ്റുകളിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഉണ്ട്. കൗൺസിലിൽ നിന്നും പ്രത്യേക അനുവാദമുള്ളതിനാൽ മൃതസംസ്കാര ശുശ്രൂഷ കഴിയുന്നതു വരെ അവിടെയും വാഹനങ്ങൾ പാർക്കു ചെയ്യാവുന്നതാണ്. പാർക്കിംഗ് നിയന്ത്രണത്തിന് Hi Vis ധരിച്ച വോളണ്ടിയേഴ്സിൻ്റെ സഹായം ഉണ്ടായിരിക്കുന്നതാണ്. ദയവായി അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ഏവരുടേയും സഹകരണത്തോടും, സ്നേഹത്തോടും കൂടി ജോമോൾക്ക് നാളെ നല്ലൊരു യാത്ര അയപ്പ് നല്കുവാൻ ഒരുങ്ങാം.

Address of St.Luke’s Catholic Church

137 Shaw Lane
Prescot
L35 5AT
England

Address of Knowsley cemetery

73 Fox’s Bank Lane
Whiston
Prescot
L353SS
England.

Hospital Car Park

William Hill, Dragon Lane, Prescot, L353QX

 

ഒട്ടേറെ യുകെ മലയാളികൾ ആണ് ജോലിക്കായി യുകെയിൽ എത്തി കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം മലയാളികളും എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഭാര്യയും ഭർത്താവും കൂടി ജോലിക്ക് പോകുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ വളരെയേറെയാണ്. എങ്ങനെ വീട്ടിലെയും കുട്ടികളുടെയും കാര്യങ്ങൾ മുടക്കം ഇല്ലാതെ കൊണ്ടുപോകാം സാധിക്കും എന്നുള്ളത് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്.

എന്നാൽ ഏപ്രിൽ മാസം മുതൽ തൊഴിലിടങ്ങളിൽ ഒട്ടേറെ നിയമങ്ങളിൽ മാറ്റങ്ങൾ വരുകയാണ്. ഈ മാറ്റങ്ങളിൽ പലതും ജീവനക്കാർക്ക് അനുകൂലമായുള്ളവയാണ് . ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവരാണെങ്കിൽ ഫ്ലെക്സിബിൾ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിൾ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കിൽ ഏപ്രിൽ മുതൽ ഇത് ഒരു അവകാശമായി മാറുകയാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ ജോലിസ്ഥലത്ത് 26 ആഴ്ചയെങ്കിലും തികച്ചവർക്കായിരുന്നു ഫ്ലെക്സിബിൾ ഷിഫ്റ്റിൻ്റെ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഒരു ജീവനക്കാരന് ജോലി ആരംഭിക്കുമ്പോൾ തന്നെ ഫ്ലെക്സിബിൾ ഷിഫ്റ്റ് ലഭിക്കുന്നതിനുള്ള അവകാശം ഉണ്ട്. അതുപോലെതന്നെ ഫ്ലെക്സിബിൾ ഷിഫ്റ്റിനുള്ള അപേക്ഷ ലഭിച്ച്‌ രണ്ടു മാസത്തിനുള്ളിൽ തൊഴിലുടമ തീരുമാനം അറിയിച്ചിരിക്കണം എന്ന നിയമവും ഏപ്രിൽ മാസം മുതൽ നടപ്പിലാക്കും. നിലവിൽ ഇത് മൂന്നുമാസമാണ്.

അതുപോലെ തന്നെ ഗർഭിണിയായതിന്റെ പേരിൽ ജോലി നഷ്ടമാകുന്നത് ഇനി യുകെയിൽ പഴങ്കഥയാവുകയാണ്. പുതിയ നിയമം ഗർഭിണികളോട് അനുഭാവപൂർണ്ണമായ സമീപനമാണ് പുലർത്തുന്നത്. 24 ആഴ്ച പ്രായമായ ഗർഭിണിക്ക് പൂർണ്ണമായും മറ്റേർണിറ്റി ലീവ് അടക്കമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് പുതിയ നിയമം പറയുന്നു. അബോർഷൻ നടത്തിയത് മൂലം ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഒട്ടേറെ പരിഗണനയാണ് പുതിയ നിയമത്തിലുള്ളത്.

ഭാര്യ, ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയ ഉറ്റ ബന്ധത്തിലുള്ളവർക്ക് അസുഖം ബാധിച്ചാൽ എടുക്കുന്ന കെയർ ലീവിലും ഉദാരമായ സമീപനമാണ് പുതിയ നിയമത്തിലുള്ളത്. ശമ്പളം വാങ്ങാതെ വർഷത്തിൽ ഒരാഴ്ച വരെ ഇങ്ങനെ ലീവ് എടുക്കാൻ സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ ബ്രിട്ടന്റെ ആരോഗ്യരംഗത്ത് നടക്കുന്ന വൻ അഴിമതികളാണ് പുറത്തുവന്നിരിക്കുന്നത്. ഹോം ഓഫീസിന്റെ നിയമങ്ങളിലെ പഴുതുകൾ മുതലെടുത്ത്, യോഗ്യതയില്ലാത്ത കുടിയേറ്റക്കാർ ബ്രിട്ടനിൽ കെയർ ഹോമുകളിൽ നിയമനം നേടുകയാണെന്ന് മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുകയാണ്. ഇത്തരത്തിൽ യോഗ്യതയില്ലാത്ത ആരോഗ്യ പ്രവർത്തകരാണ് ബ്രിട്ടനിൽ അപകടവസ്ഥയിലുള്ള രോഗികളെ ശുശ്രൂഷിക്കുന്നത് എന്നത് തികച്ചും ആശങ്കയുളവാക്കുന്ന വസ്തുതയാണ്. വൻതോതിലുള്ള ഒഴിവുകൾ നികത്താനുള്ള പ്രവർത്തനങ്ങൾക്കിടെ, കെയർ ഹോമുകളിൽ തികച്ചും യോഗ്യതയില്ലാത്ത, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ പോലും അറിയാത്തവരാണ് നിയമനം നേടുന്നത്. വിദേശത്തുള്ള ഇടനിലക്കാർ ഇത്തരത്തിലുള്ള കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ ജോലി നേടാൻ സഹായിക്കുന്നതിനായി 20,000 പൗണ്ട് വരെ ഈടാക്കുന്നുമുണ്ട്. 9000 പൗണ്ട് നൽകിയാൽ മൂന്ന് ദിവസത്തിനുള്ളിൽ ബ്രിട്ടനിൽ ജോലി ശരിയാക്കി തരാമെന്ന് ഒരു ബാപ്ടിസ്റ്റ് പ്രവർത്തകൻ മെയിൽ പത്രം നടത്തിയ രഹസ്യന്വേഷണത്തിൽ വെളിപ്പെടുത്തി. 2022 തുടക്കത്തിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ നടത്തിയ ഇളവുകൾ മൂലം അന്ന് മുതൽ തന്നെ ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടന്നുവരികയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.


2021-22 കാലഘട്ടത്തിൽ മുതിർന്നവരുടെ പരിചരണ വിഭാഗത്തിൽ റെക്കോർഡ് ഒഴിവുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 164,000 ത്തോളം ഒഴിവുകൾ ഈ വിഭാഗത്തിൽ അന്ന് ബ്രിട്ടനിൽ ഉണ്ടായിരുന്നു. ഈ ഒഴിവുകൾ നികത്തുന്നത് മുൻഗണന നൽകിയതിനാൽ ഇത്തരം ജീവനക്കാർക്ക് ബ്രിട്ടനിലേക്ക് എത്തുന്നതിനുള്ള നിയമ തടസ്സങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു. ഇതോടെ ബ്രിട്ടനിലേക്ക് എത്തുന്ന ജീവനക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായത്. കഴിഞ്ഞവർഷം മാത്രം 89,000 ത്തോളം കെയർ വർക്കർ വിസകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യ, നൈജീരിയ, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ബ്രിട്ടനിൽ എത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നിയമങ്ങൾ ലഘൂകരിച്ചത്, അത് ചൂഷണം ചെയ്യുന്നവർ ഒരു എളുപ്പമാർഗമായി കണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ വേണ്ടത്ര യോഗ്യതയില്ലാത്തവർ ബ്രിട്ടന്റെ ആരോഗ്യ ഇടങ്ങളിൽ സ്ഥാനം പിടിച്ചതായി വാർത്തകൾ വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ ആഭ്യന്തര ഓഫീസ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved