ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മലയാളത്തിൽ അടുത്തിടെ ഇറങ്ങി ജനശ്രദ്ധ നേടിയ സംവിധായകൻ ജിയോ ബേബിയുടെ ‘ കാതൽ’ എന്ന സിനിമ ബിബിസിയുടെ തലക്കെട്ടുകളിലും ഇടം നേടിയിരിക്കുകയാണ്. പുരുഷാധിപത്യത്തെ അഭിസംബോധന ചെയ്യുന്ന 2021 ലെ ഹിറ്റ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി”ന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ കേരള സമൂഹത്തിൽ മാത്രമല്ല ലോകത്തിൽ തന്നെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അരനൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും വൻ ആരാധകരുള്ള ഒരു ഇന്ത്യൻ താരവും ഇത്തരമൊരു വേഷം ഏറ്റെടുത്തിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഭിന്നലൈംഗിക വിവാഹത്തിൽ അകപ്പെട്ട ഒരു സ്വവർഗ്ഗാനുരാഗിയുടെ കഥയാണ് ചിത്രം പറയുന്നത്.
മമ്മൂട്ടി അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം ഒരു പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ, ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് ആരോപിച്ച് ഭാര്യ ഓമന വിവാഹമോചനത്തിന് അപേക്ഷ നൽകി. തമിഴ് നടി ജ്യോതികയാണ് ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ കൊടുക്കുന്ന കേസ് അവരുടെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന അലയൊലികൾ ഈ സിനിമ ചിത്രീകരിക്കുന്നു. എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിയിൽ ഉള്ളവരുമായി ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ കുടുംബങ്ങളിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ചും വ്യക്തമാക്കാനാണ് ഈ സിനിമ താൻ ചെയ്യാൻ ആഗ്രഹിച്ചതെന്ന് ജിയോ ബേബി ബിബിസി ന്യൂസിനോട് പറഞ്ഞു.
മമ്മൂട്ടിയെ പോലെയുള്ള ഒരു പ്രതിഭാധനനായ നടന്റെ അഭിനയം ആയിരുന്നു ചിത്രത്തിന് ആവശ്യമെന്നും, അദ്ദേഹം അത് മനസ്സിലാക്കി ഉടൻ തന്നെ സിനിമ ചെയ്യാൻ തയ്യാറാവുകയും, നിർമ്മാണം നടത്തി സഹായിക്കുകയും ചെയ്തതായി ജിയോ ബേബി പറഞ്ഞു. അവലോകനങ്ങൾ വളരെയധികം നല്ലതായിരുന്നുവെന്നും സിനിമയ്ക്ക് നല്ല പ്രതികരണം തന്നെയാണ് കേരള സമൂഹം നൽകിയതെന്നും ജിയോ ബേബി പറഞ്ഞു.
എന്നാൽ മമ്മൂട്ടിയുടെ അക്കൗണ്ടുകളിൽ പങ്കുവെച്ചവ ഉൾപ്പെടെയുള്ള കാതലിന്റെ പോസ്റ്ററുകളുടെയും ട്രെയിലറിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കടിയിൽ സിനിമ ബഹിഷ്‌കരിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും നടനെ വിമർശിക്കുകയും ചെയ്യുന്ന എൽജിബിടി വിരുദ്ധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങളും നിരവധിയാണ്. മുസ്ലിം പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ സിനിമ സ്വവർഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ യുവതലമുറയിൽ മോശം സ്വാധീനം ഉണ്ടാക്കുമെന്ന കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.
നിർമ്മാതാക്കൾക്കും മമ്മൂട്ടിക്കും ഇത്തരമൊരു തിരിച്ചടി അപ്രതീക്ഷിതമായിരിക്കില്ലെന്ന് കേരള ക്യുയർ പ്രൈഡിന്റെ സംഘാടകനായ അതുൽ പിവി പറഞ്ഞു. ആളുകൾ വളരെയധികം ആരാധിക്കുന്ന ഒരു നടനാണ് അദ്ദേഹം. അതിനാൽ ഈ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുമ്പോൾ ജനങ്ങളിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുമെന്നും അതുൽ പറഞ്ഞു. കേരള സംസ്ഥാനം ഊർജ്ജസ്വലമായ ചലച്ചിത്ര വ്യവസായത്തിന് പേരുകേട്ടതാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. കൂടാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന വാർഷിക ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെയെ സംബന്ധിച്ചും ബിബിസി തങ്ങളുടെ വാർത്തയിൽ പരാമർശിച്ചിട്ടുണ്ട്.
മലയാള സിനിമകളിൽ ഇതുവരെയുണ്ടായിരുന്ന അപകീർത്തിപ്പെടുത്തലിന്റെയും തെറ്റായ ചിത്രീകരണത്തിന്റെയും ചരിത്രത്തോടുള്ള ക്ഷമാപണം പോലെയാണ് കാതൽ എന്ന അഭിപ്രായമാണ് മറ്റൊരാൾ പങ്കുവെച്ചത്. 1970-ൾ മുതൽ തന്നെ മലയാള സിനിമയിൽ ഇത്തരം കഥാപാത്രങ്ങളുണ്ടെങ്കിലും, മുഖ്യധാരാ ചിത്രീകരണങ്ങളിൽ ആദ്യത്തേത് 2005-ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലായിരുന്നു. 2019ൽ പുറത്തിറങ്ങിയ നിവിൻ പോളിയുടെ മൂത്തോൻ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയെങ്കിലും വിശാലമായ പ്രേക്ഷകരുമായി ബന്ധപ്പെടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രൊഫ പ്രഭാകരൻ പറയുന്നു. മറുവശത്ത്, പൃഥ്വിരാജ് സുകുമാരന്റെ 2013-ൽ പുറത്തിറങ്ങിയ മുംബൈ പോലീസ് പല വിമർശനങ്ങളും നേരിട്ടു. എന്നാൽ കാതൽ തികച്ചും വ്യത്യസ്തമാണെന്ന അഭിപ്രായമാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്. ബിബിസി പോലും റിപ്പോർട്ട് ചെയ്യുവാൻ തക്ക തരത്തിൽ പ്രശസ്തി നേടിയിരിക്കുകയാണ് ചിത്രം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നേഴ്സിംഗ് മേഖലയിൽ ശോഭിക്കാൻ കഴിവ് മാത്രം പോരാ, ആത്മാർത്ഥതയും അർപ്പണവും മനുഷസ്നേഹവും വേണം. മലയാളി നേഴ്സുമാർ ആരോഗ്യമേഖലയിൽ ആദരിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് അയർലൻഡിലെ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ജിൻസി ജെറി. ഐറിഷ് നേഴ്സസ് ആന്റ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ ( ഐ എൻ എം ഒ ) യുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കോൺഫറൻസിൽ അയർലൻഡിലെ
നഴ്സിംഗ് ലീഡർഷിപ്പ് രംഗത്ത് അതുല്യ സേവനം കാഴ്ചവെച്ച അന്താരാഷ്ട്ര നേഴ്സുമാരെ ആദരിച്ച കൂട്ടത്തിൽ
ജിൻസി ജെറിയും ഉൾപ്പെട്ടത് ആഗോളതലത്തിൽ മലയാളി നേഴ്സുമാരുടെ മികവിനുള്ള തെളിവാണ്.
അയർലണ്ടിലെ ഡബ്ലിനിലുള്ള മാറ്റർ മിസെറികോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്ടറാണ് ജിൻസി ജെറി.
ഇതുൾപ്പെടെ അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന പത്തോളം ബഹുമതികളാണ് തൻറെ മേഖലയിലെ വിവിധ സേവനങ്ങളുടെ പേരിൽ ജിൻസി ജെറിയെ തേടിയെത്തിയത്. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിന് ഉൾപ്പെടെ അവാർഡുകൾ ജിൻസിക്ക് ലഭിച്ചത് ഒരു മലയാളി നേഴ്സിന് വളരാനുള്ള ചക്രവാളങ്ങൾ പരിമിതപെട്ടിട്ടില്ലന്നതിന്റെ മകുടോദാഹരണമാണ്.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1919 – ൽ സ്ഥാപിച്ച 43,000 ത്തോളം നേഴ്സുമാർ അംഗങ്ങളായുള്ള സംഘടനയാണ് ഐറിഷ് നേഴ്സസ് ആന്റ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ . നേഴ്സുമാരുടെ അയർലണ്ടിലെ ശബ്ദം എന്ന് അറിയപ്പെടുന്ന ഐ എം എൻ ഒ യുടെ ഇൻറർനാഷണൽ നേഴ്സിങ് വിങ്ങിന്റെ 20 മത്തെ ആനിവേഴ്സറിയിലെ പാനൽ ചർച്ചയിൽ ജിൻസി മുന്നോട്ട് വച്ച ആശയങ്ങൾ കൈയ്യടി ഏറ്റുവാങ്ങി.
2005 -ലാണ് ജിൻസി ജെറി അയർലൻഡിൽ എത്തിയത്. ഭർത്താവ് ജെറി സെബാസ്റ്റ്യന്റെ സ്വദേശം ഉടമ്പന്നൂരാണ്. ക്രിസ് ,ഡാരൻ , ഡാനിയേൽ എന്നീ മൂന്ന് മക്കളാണ് ജെറി- ജിൻസി ദമ്പതികൾക്ക് ഉള്ളത്. ഭർത്താവിൻറെയും മക്കളുടെയും പൂർണ്ണ പിന്തുണയാണ് തൻറെ നേട്ടങ്ങളുടെ പിന്നിലുള്ളതെന്ന് ജിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒട്ടേറെ കാര്യങ്ങൾ പുതിയതായി പഠിക്കാനുള്ള സ്ഥിരോൽസാഹമാണ് ജിൻസിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടതാക്കുന്നത്.
ഐ എൻ എം ഒ യുടെ പാനൽ ചർച്ചയിൽ പങ്കെടുത്ത് ജിൻസി പറഞ്ഞ കാര്യങ്ങൾ ലോകമെങ്ങുമുള്ള എല്ലാ മലയാളി നേഴ്സുമാർക്കും അവരുടെ തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്നതിന് നൽകുന്ന സന്ദേശം കൂടിയാണ്. തൊഴിൽ സ്ഥലത്തെയും കുടുംബത്തിൻറെയും പിന്തുണയും ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ എന്ന് ജിൻസി പറഞ്ഞു. മൂന്നാമത്തെ കാര്യം എന്ത് തടസ്സം ഉണ്ടായാലും നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള ധൈര്യം കാണിക്കുക എന്നതാണ്. ഇതിന് ഉദാഹരണമായി പാനൽ ചർച്ചയിൽ ജിൻസി പങ്കുവെച്ചത് തൻറെ തന്നെ ജീവിതകഥയാണ്. മൂത്തകുട്ടിയായ ക്രിസിന് പഠന വൈകല്യം ഉള്ളതുകൊണ്ട് അനുയോജ്യമായ സ്കൂൾ കണ്ടെത്തുന്നത് വലിയ ഒരു വെല്ലുവിളിയായിരുന്നു. മകൻറെ ചികിത്സയുടെ സമയത്ത് ഒന്നര വർഷത്തോളം തൻറെ ജോലി രാജി വയ്ക്കേണ്ടതായി വന്നു.
ഒൻപതു വർഷത്തോളം പാർട്ട് ടൈം ജോലി ചെയ്തു. എന്നാൽ ഈ വെല്ലുവിളികൾ ഒന്നും തന്റെ മുന്നിലെ വഴികൾ അടച്ചില്ല . ഹോങ്കോങ്ങിൽ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര കോൺഫറൻസുകളിലും പങ്കെടുക്കാനും യുകെ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് തന്റെ സംഭാവനകൾ നൽകാൻ ജിൻസിയ്ക്കായി . ഈ കടുത്ത വെല്ലുവിളികൾക്കിടയിലും തനിക്ക് സാധിക്കുമെങ്കിൽ കേരളത്തിൽനിന്ന് യുകെ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏത് മലയാളി നേഴ്സിനും തൻറെ മേഖലയിൽ വിജയിക്കുന്നതിനും ഉയരങ്ങൾ കീഴടക്കാനും സാധിക്കുമെന്ന് ജിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ ജോലി വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി സാധാരണക്കാരുടെ കയ്യിൽ നിന്നും കോടികൾ പണം വാങ്ങി വിസ തട്ടിപ്പ് നടത്തിയിരിക്കുകയാണ് യുകെയിൽ താമസക്കാരായ മലയാളി ദമ്പതികൾ. കൊല്ലം സ്വദേശികളായ ദിലീപും ഭാര്യ അനു മോഹനുമാണ് ഇത്തരത്തിൽ നിരവധി പേര് പറ്റിച്ച് പണം സ്വരൂപിച്ചിരിക്കുന്നത്. ഇവരുടെ കയ്യിൽ പണം നൽകി നഷ്ടപ്പെട്ട അഭിലാഷ് എന്ന പരവൂർ സ്വദേശി കൊല്ലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു ഹാർഡ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരനായ അഭിലാഷിനു അയർലൻഡിൽ ഷോപ്പ് കീപ്പർ ജോലി ഉറപ്പാക്കും എന്ന വാഗ്ദാനം നൽകിയാണ് ഇവർ 3,50,000 രൂപ തട്ടിയെടുത്തത്. അഭിലാഷിൽ നിന്നും മാത്രമല്ല മറ്റ് നിരവധി പേരിൽ നിന്നും ഇത്തരത്തിൽ വിസ ഉറപ്പാക്കി ദിലീപും ഭാര്യയും പണം തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിരവധി പേരുടെ കയ്യിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും, ഇതുവരെയും ആരെയും യുകെയിൽ എത്തിക്കുകയോ ജോലി നൽകുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ എ &ഡി എന്ന പേരിൽ കമ്പനി ആരംഭിച്ച് ഇത്തരത്തിൽ വിസ കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്.
എന്നാൽ ഇവർക്കെതിരെ കേരള പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും, സംഭവം യുകെയിൽ ആയതിനാൽ നിയമനടപടികൾക്ക് കാലതാമസം ഉണ്ടാകും. നാട്ടിലുള്ള അനുമോഹന്റെ അമ്മയായ അംബിക ദേവിയുടെ അക്കൗണ്ടിലേക്കാണ് ഇവർ പണം അടക്കുവാൻ ആവശ്യപ്പെട്ടതെന്ന് അഭിലാഷ് പോലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലുള്ള ഭാര്യയുടെ അമ്മയ്ക്ക് തങ്ങൾ പണം നൽകാനുള്ളതിനാലാണ് ഈ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടതെന്ന് ദിലീപ് പറഞ്ഞതായി അഭിലാഷ് തന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പണം നൽകി രണ്ടാഴ്ചയ്ക്കുശേഷം അഭിലാഷിന് ഓഫർ ലെറ്റർ ലഭിച്ചില്ലെങ്കിലും, ഇത് വ്യാജമാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് പണം തിരികെ നൽകാൻ ദിലീപിനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് നൽകാം എന്ന വാഗ്ദാനം നൽകി ഇതുവരെയും തന്നെ പറ്റിക്കുകയാണെന്ന് അഭിലാഷ് പറഞ്ഞു. മലയാളികൾ മാത്രമല്ല തമിഴ് നാട്ടിൽ നിന്നുള്ളവരും ദമ്പതികളുടെ തട്ടിപ്പിനിരയായ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. നാട്ടിലും യുകെയിലും ആയി പലരിൽ നിന്നും ഇവർ ഒരു കോടി 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നാട്ടിൽ അവധിക്ക് വന്ന് തിരിച്ചു പോകുന്ന സമയത്ത് ഏകദേശം ഇരുപതോളം പേരുടെ കയ്യിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയാണ് ദിലീപ് യുകെയിലേക്ക് മടങ്ങിപ്പോയതെന്നും പരാതിയിൽ ഉന്നയിക്കുന്നു. നാട്ടിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നതിനാൽ ലണ്ടൻ പോലീസിനും, ഇവർ യുകെയിൽ ആയതിനാൽ കേരള പോലീസിനും കാര്യമായി ഒന്നും ചെയ്യുവാൻ കഴിയുകയില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ ഈ തട്ടിപ്പിൽ കൂടുതൽ പിടിച്ചു നടത്തുന്നതെന്ന് പരാതിക്കാർ ആരോപിച്ചു.
യുകെയിലും ഇത്തരത്തിൽ ഇവരുടെ ചതിക്കിരയായവർ നിരവധിയാണ്. തുടർന്ന് ദിലീപിനും ഭാര്യക്കും എതിരെയുള്ള പരാതി നിരവധി പേർ ചേർന്ന് ബ്രിട്ടീഷ് ഹോം ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. അതിനിടെ കെന്റിലെ ഒരു നഴ്സിംഗ് ഹോമിൽ ദമ്പതികൾ നടത്തിയ ഒന്നരക്കോടിയുടെ നിക്ഷേപം നഷ്ടത്തിൽ ആയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ദമ്പതികൾക്ക് എതിരെ നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
നാട്ടിലെ സാധാരണക്കാരായ ആളുകളുടെ പണം തട്ടിയെടുത്ത് യുകെയിൽ ആഡംബര ജീവിതം നയിക്കുകയാണ് ഇവരെന്ന് പണം നഷ്ടമായവരിൽ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും ഫോണിലുള്ള വിവരങ്ങളും ചോർത്തി എടുത്ത ചെറുപ്പക്കാരാണ് ഇപ്പോൾ ഇയാൾ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
വലിയ ഒരു ദുരന്ത കയത്തിലാണ് യുകെയിൽ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തിച്ചേർന്നവരും യുകെയിലെത്താനായി ലക്ഷങ്ങൾ മുടക്കി കാത്തിരിക്കുന്നവരുമായ മലയാളികൾ. പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതു മുതൽ മിക്കവരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. വിദ്യാർത്ഥികളിൽ പലരും മുപ്പത് ലക്ഷത്തിന് മുകളിൽ കടബാധ്യതയുമായാണ് യുകെയിൽ എത്തിയിരിക്കുന്നത്. കേരളത്തിൽ തിരിച്ചു പോകേണ്ട സാഹചര്യം വന്നാൽ എങ്ങനെ ലോൺ തിരിച്ചടയ്ക്കും എന്നതാണ് മിക്കവരുടെയും മുന്നിലുള്ള ചോദ്യം.
പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതോടെ ഏജന്റുമാർക്ക് ലക്ഷങ്ങൾ മുടക്കി കെയർ വിസയിൽ യുകെയിലെത്താൻ കാത്തിരിക്കുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് . ഒരേ ഏജൻസിക്ക് തന്നെ പണം മുടക്കിയവർ തങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മകളും മറ്റും രൂപീകരിച്ച് ഈ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. യുകെയിൽ എത്തിയാലും തങ്ങളുടെ ആശ്രിത വിസയിൽ ആരെയും കൊണ്ടുപോകാൻ സാധ്യമല്ലെന്നതാണ് പലരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് . ഭാര്യയോ ഭർത്താവോ മാത്രം ഗൾഫിൽ പോയി ജോലി ചെയ്യുന്ന കേരളത്തിൻറെ പഴയ സാഹചര്യത്തിന് സമാനമായ അവസ്ഥയാണ് ഇതുമൂലം ബ്രിട്ടനിലും സംജാതമായിരിക്കുന്നത് എന്നാണ് ഇതിനെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. പുതിയ കുടിയേറ്റ നയം കുടുംബബന്ധത്തിൽ കനത്ത വിള്ളലുകൾ സൃഷ്ടിക്കാനാണ് സാധ്യത. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരാനായി പണം നൽകിയവരുടെ ചോദ്യങ്ങളോട് ഉത്തരം മുട്ടുന്ന അവസ്ഥയാണ് ഏജന്റുമാർക്കും സംജാതമായിരിക്കുന്നത്. പലരും ഫോൺ പോലും എടുക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
ബ്രിട്ടനിൽ കെയർ മേഖലയിലും സ്റ്റുഡൻറ് വിസയിലും എത്തിയ പലരുടെയും ഉറപ്പിച്ച വിവാഹം വരെ മുടങ്ങുന്ന അവസ്ഥയാണ്. കെയർ വിസയിൽ വന്നവർക്ക് ആശ്രിത വിസയിൽ ആരെയും കൊണ്ടുവരാൻ സാധിക്കാത്തതാണ് ഇതിന് പ്രധാന കാരണമായത്. മലയാളികൾക്ക് പ്രധാനമായും കുഴി തോണ്ടിയത് മലയാളികൾ തന്നെയാണെന്നാണ് പിന്നാമ്പുറ വർത്തമാനം. വിസയുടെ പേരിൽ നടക്കുന്ന ഭീമമായ തട്ടിപ്പിനെ കുറിച്ച് തുടരെ തുടരെ പരാതികൾ ഉയർന്നതാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിച്ചതും പുതിയ കുടിയേറ്റ നയം നടപ്പിലാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇപ്സിവിച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു .രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ പാരാമെഡിക്കൽ സംഘം സ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരിച്ചതായി കണ്ടെത്തുകയായിരുന്നു.
അസ്വഭാവിക മരണമാണ് നടന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. വളരെ സങ്കടകരമായ സംഭവമാണെന്നും കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ കാരണങ്ങളെക്കുറിച്ച് തങ്ങളുടെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയ്ൻ ടോപ്പിംഗ് പറഞ്ഞു. അതുപോലെതന്നെ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ നടത്തരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ മുതിർന്ന രാജകുടുംബാംഗങ്ങൾ തങ്ങളുടെ കുടുംബ ക്രിസ്മസ് കാർഡിലെ ചിത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യം നടന്ന കിരീടധാരണ ചടങ്ങിൽ കാമിലയോടൊപ്പമുള്ള ഒരു ചിത്രമാണ് ചാൾസ് രാജാവ് തന്റെ കാർഡിൽ തിരഞ്ഞെടുത്തിരിക്കുന്നത് . എന്നാൽ വെയിൽസ് രാജകുമാരനായ വില്യമും കേയ്റ്റും തങ്ങളുടെ കുടുംബത്തിന്റെ ഒരു മോണോക്രോം ചിത്രമാണ് അവരുടെ കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കസേരയിൽ ഇരിക്കുന്ന ഷാർലറ്റ് രാജകുമാരിക്ക് ചുറ്റും കുടുംബം നിൽക്കുന്ന തരത്തിലാണ് ഈ ചിത്രത്തിൽ. കിരീടധാരണത്തിനു ശേഷം കൊട്ടാരത്തിലെ സിംഹാസന മുറിയിൽ ചാൾസും കാമിലയും നിൽക്കുന്ന ഔപചാരിക ചിത്രം, വെയിൽസ് രാജകുമാരനും രാജകുമാരിയും തിരഞ്ഞെടുത്ത കുടുംബ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് വ്യത്യസ്തമാണ്. ചാൾസ് രാജാവ് ഇംപീരിയൽ സ്റ്റേറ്റ് കിരീടവും കാമില ക്വീൻ മേരിയുടെ കിരീടവും ധരിച്ച് നിൽക്കുന്ന ഈ ചിത്രം ഹ്യൂഗോ ബർണാണ്ട് എന്ന ഫോട്ടോഗ്രാഫറാണ് പകർത്തിയത്.
രാജാവ് കിരീടധാരണ വസ്ത്രവും എസ്റ്റേറ്റിന്റെ മേലങ്കിയുമാണ് ഈ ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. സ്വർണ്ണത്തിൽ എംബ്രോയ്ഡറി ചെയ്ത പർപ്പിൾ സിൽക്ക് വെൽവെറ്റ് കൊണ്ട് നിർമ്മിച്ച ഈ വസ്ത്രം 1937 ൽ ജോർജ്ജ് ആറാമൻ രാജാവും ധരിച്ചിരുന്നു. റാവൻസ്‌ക്രോഫ്റ്റും ഈഡും ചേർന്നാണ് കമിലാ രാജ്ഞിയുടെ റോബ് ഓഫ് എസ്റ്റേറ്റ് നിർമ്മിച്ചത്. റോയൽ സ്കൂൾ ഓഫ് നീഡിൽ വർക്ക് ഇതിൽ ഡിസൈൻ ചെയ്യുകയും കൈകൊണ്ട് എംബ്രോയ്ഡറി ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരെയും രാജാക്കന്മാരെയും രാജ്ഞികളെയും സെലിബ്രിറ്റികളെയും ഒരുമിച്ച് കൊണ്ടുവന്ന ചടങ്ങിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഈ വർഷമാദ്യമാണ് കിരീടം അണിഞ്ഞത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അയയ്‌ക്കുന്ന ക്രിസ്‌മസ് കാർഡുകൾക്കായുള്ള ഔദ്യോഗിക ചിത്രങ്ങൾ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പുറത്തിറക്കുന്നത് ഒരു പതിവാണ്. അത്തരത്തിൽ പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് കാർഡിലെ ചിത്രങ്ങളാണ് ഇപ്പോൾ ബ്രിട്ടനിൽ ചർച്ചയായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് എയർവെയ്സ് പുതിയതായി നടപ്പിലാക്കിയ യൂണിഫോമിലെ മാറ്റം വൻ വിവാദങ്ങളിലേയ്ക്ക് നയിച്ചിരിക്കുകയാണ്. പുതിയ സുതാര്യമായ യൂണിഫോമിനടിയിൽ എന്ത് തരം അടിവസ്ത്രം ധരിക്കണമെന്ന നിബന്ധനകൾ ക്യാബിൻ ക്രൂവിനു നൽകിയത് വിവാദമായതോടെ, ക്രൂ അംഗങ്ങളോട് ബ്രിട്ടീഷ് എയർവേയ്‌സ് മേധാവികൾ ക്ഷമാപണം നടത്തിയിരിക്കുകയാണ്. പ്രമുഖ ഇംഗ്ലീഷ് ഫാഷൻ ഡിസൈനറായ ഓസ്വാൾഡ് ബോതംഗ് ഡിസൈൻ ചെയ്ത പുതിയ യൂണിഫോമാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുന്നത്. ധാരാളം പാറ്റേണുകളൊന്നും ഇല്ലാത്ത എടുത്തറിയാൻ സാധിക്കാത്ത തരത്തിലുള്ള അടിവസ്ത്രം ധരിക്കണമെന്നായിരുന്നു ബ്രിട്ടീഷ് എയർവെയ്സ് ക്യാബിൻ ക്രൂവിന് നൽകിയ നിർദ്ദേശം. എന്നാൽ ഇത് വിവാദമായതോടെയാണ് ഇപ്പോൾ മേധാവികൾ ക്ഷമാപണം നടത്തിയിരിക്കുന്നത്. പുതിയ യൂണിഫോമുകൾ കഴിഞ്ഞ വർഷം രഹസ്യ പരീക്ഷണങ്ങളിൽ പരീക്ഷിക്കുകയും ഒടുവിൽ ഒക്ടോബറിലാണ് ബ്രിട്ടീഷ് എയർവെയ്സ് തൊഴിലാളികളിലുടനീളം ഇത് അവതരിപ്പിക്കുകയും ചെയ്തത്.
എന്നാൽ പുതിയ യൂണിഫോമിൽ യാത്രക്കാർ തങ്ങളെ അപമാനിക്കുന്ന തരത്തിൽ പല കമന്റുകളും നടത്തുന്നതായി ക്യാബിൻ ക്രൂ ജീവനക്കാർ വ്യക്തമാക്കി. നോൺ – ബൈനറി ജെൻഡറിൽ പെടുന്നവരെ കൂടി ഉൾപ്പെടുത്തി പുതിയ ഒരു മാറ്റം കൊണ്ടുവരാനാണ് ബ്രിട്ടീഷ് എയർവെയ്സ് ശ്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് തികച്ചും ഒരു വില കുറഞ്ഞ അനുഭവമാണ് ഉണ്ടാക്കുന്നതെന്ന് പല സ്റ്റാഫുകളും ഇതിനോടകം തന്നെ പരാതി നൽകി കഴിഞ്ഞു. ബ്രിട്ടീഷ് എയർവെയ്സിന്റെ പുതിയ യൂണിഫോം പരിഷ്കരണം അവർ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നിറവേറ്റിയില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .
സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .
നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.
ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .
റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റ്റിൻസി ജോസിനെ കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും ലൂയി രാജകുമാരനും ഈ ക്രിസ്‌തുമസ് കാലത്തിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ക്രിസ്‌തുമസ് കാർഡുകൾ പോസ്റ്റ് ചെയ്തു. ഈ വർഷത്തെ കാതറിൻ രാജകുമാരിയുടെ ക്രിസ്‌തുമസ് കരോൾ കോൺസെർട്ടിൻെറ തീം “കുട്ടികളും കുടുംബങ്ങളും” ആണ്. ഇതിന് പിന്നാലെയാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പോസ്റ്റ് ബോക്സിൽ രാജകുമാരന്മാരും രാജകുമാരിയും കാർഡുകൾ ഇടുന്ന ഫോട്ടോകൾ പുറത്ത് വന്നിരിക്കുന്നത്. ഈ കാർഡുകൾ കുട്ടികളുടെ ചാരിറ്റികൾക്ക് വിതരണം ചെയ്യുമെന്നാണ് പുറത്ത് വിവരങ്ങൾ പറയുന്നത്.
ഈ വർഷം ജനുവരിയിലാണ് വെയിൽസിലെ രാജകുമാരി ഷേപ്പിംഗ് അസ് എന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഒരു കുട്ടിയുടെ ജീവിതത്തിന്റെ രൂപീകരണ വർഷങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും പ്രോത്സാഹിപ്പിക്കാനും ആയിരുന്നു ഈ ക്യാമ്പയിൻ. വെള്ളിയാഴ്ച നടന്ന കോൺസെർട്ടിൽ പങ്കെടുത്ത 1,500 പേരിൽ മിഡ്‌വൈഫുകളും നേഴ്‌സറി അധ്യാപകരും കുട്ടികളും കുടുംബങ്ങളും ഈ ശൈത്യകാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചവരും ഉൾപ്പെടുന്നു.
കോൺസെർട്ടിൽ നടന്ന മ്യൂസിക്കൽ ട്രീറ്റുകളിൽ വെസ്റ്റ്മിൻസ്റ്റർ ആബി ഗായകസംഘത്തിൽ നിന്നുള്ള കരോളുകളും ബെവർലി നൈറ്റ്, ആദം ലാംബെർട്ട് എന്നിവരുടെ പ്രത്യേക ഡ്യുയറ്റും ഉണ്ടായിരുന്നു. ദി പ്രിൻസ് ഓഫ് വെയിൽസ്, മൈക്കൽ വാർഡ്, എമ്മ വില്ലിസ്, റോമൻ കെംപ്, ജിം ബ്രോഡ്‌ബെന്റ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്രിസ്മസ് രാവിൽ രാത്രി 7.45ന് ഐടിവി1, ഐടിവിഎക്‌സ് എന്നിവയിൽ കോൺസെർട്ട് സംപ്രേക്ഷണം ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കുടിയേറ്റ നിയമത്തെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും . അതിനിടയാണ് 42 വർഷം യുകെയിൽ താമസിച്ച 74 വയസ്സുകാരിയായ വിദേശ വനിതയോട് രാജ്യം വിടാൻ ഹോം ഓഫീസ് ആവശ്യപ്പെട്ടതായുള്ള വാർത്ത പുറത്തുവന്നത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ സെറ്റിൻഡ് പദവിക്കായി അപേക്ഷിച്ച ലെസ്റ്ററിൽ നിന്നുള്ള 74 വയസ്സുകാരിയായ ലിയോനാർഡ സർകോൺ ആണ് വിവാദമായ ഉത്തരവ് കിട്ടിയത്.
ഫ്രാൻസ് ആണ് ലിയോനാർഡ സർകോണിന്റെ സ്വദേശം . പൗരത്വം പുതുക്കേണ്ടതായുള്ള കൂടുതൽ വിവരങ്ങൾ നൽകാനുള്ള സമയപരുധി കഴിഞ്ഞതാണ് കർശന നടപടികളുമായി മുന്നോട്ടു പോകാൻ ഹോം ഓഫീസിനെ പ്രേരിപ്പിച്ചത്. എന്നാൽ ഇതിനായി ഹോം ഓഫീസ് അയച്ച ഈമെയിൽ സ്പാം മെയിലിൽ എത്തിയതു മൂലം ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് വിവരങ്ങൾ യഥാസമയം നൽകാൻ സാധിക്കാതിരുന്നതിന് കാരണമായതെന്ന് ലിയോനാർഡ പറഞ്ഞു.
42 വർഷമായി യുകെയിൽ താമസിക്കുന്ന മുതിർന്ന വനിതയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട വാർത്ത വൻ വിവാദമായതോടെ ഇന്നലെ തങ്ങളുടെ ഉത്തരവ് പിൻവലിച്ചതായി ഹോം ഓഫീസ് അറിയിച്ചെന്ന് മകൻ ഡേവിഡ് ബ്രൂനെറ്റോ മാധ്യമങ്ങളോട് പറഞ്ഞു. ഏഴുവർഷം മുമ്പ് വരെ അംലെസ്റ്ററിൽ ഒരു ഷോപ്പ് നടത്തിയിരുന്ന സർകോൺ യുകെയിൽ ജീവിക്കാനുള്ള അവസരം നഷ്ടമായതായി അറിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവം ആയിരുന്നെന്നാണ് പ്രതികരിച്ചത്. സെപ്റ്റംബറിൽ ഫ്രാൻസിലെ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുത്ത് യുകെയിൽ മടങ്ങിയെത്തിയ അവർ എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നാണ് യുകെയിൽ തനിക്ക് താമസിക്കാൻ അവകാശമില്ലന്ന വാർത്ത ആദ്യമായി അറിഞ്ഞത്. ഒടുവിൽ 20 ദിവസത്തെ സന്ദർശക വിസയിലാണ് അവരെ കടത്തിവിട്ടത്. തന്റെ കുട്ടിക്കാലം യുകെയിൽ ചിലവിട്ടിരുന്ന അവർ 1981 – മുതൽ തൻറെ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബ്രിട്ടനിൽ സ്ഥിരതാമസക്കാരിയാണ്.