Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു ചെവിയിൽ നിന്ന് മറ്റൊന്നിലേക്ക് ശബ്ദങ്ങൾ മാറ്റുന്ന ഹെഡ്‌ഫോണുകൾ ടിന്നിടസിന് (ചെവികളിൽ മുഴങ്ങുന്ന ശബ്‌ദങ്ങൾ കേൾക്കുന്ന രോഗം) ചികിത്സയെന്ന് കണ്ടെത്തൽ. യുകെയിലെ ഏകദേശം അഞ്ച് ദശലക്ഷം ആളുകൾക്ക് ടിന്നിടസ് ഉള്ളതായാണ് കണ്ടെത്തൽ. ഇത്തരം ഹെഡ്‍ഫോണുകൾ ധരിക്കുന്നയാളുടെ വലത് വശത്ത് നിന്ന് ഒരു ശബ്ദം വരുമ്പോൾ, അത് ഹെഡ്‌ഫോണിലെ ഒരു മൈക്രോഫോൺ എടുത്ത് ഇടത് ചെവിയിലേക്ക് റൂട്ട് ചെയ്യും.

കണ്ണുകൾ കാണുന്നതിന് വിപരീതമായി ചെവികൾ കേൾക്കുമ്പോൾ ചെവിയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഓഡിറ്ററി നാഡികൾ ‘റിവയർ’ ചെയ്യപ്പെടുന്നു എന്നാണ് ശാസ്ത്രജ്ഞർ നൽകിയ വിശദീകരണം. ഇത് ടിന്നിടസിന് ഒരു പരിധി വരെ തടയും.

യുഎസിലെ മസാച്യുസെറ്റ്‌സിലെ സ്പോൾഡിംഗ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് മൂന്നാഴ്ച്ചയിൽ ഓരോ ദിവസവും രണ്ട് മണിക്കൂർ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുന്നത് ടിന്നിടസ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയത്. ടിന്നിടസ് പലർക്കും താത്കാലികമായാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, 100-ൽ ഒരാൾക്ക് ചെവിയിൽ അനുഭവ പെടുന്ന മുഴങ്ങുന്ന ശബ്‌ദം ദീർഘനേരം നീണ്ടുനിൽക്കുകയും പലപ്പോഴും കേൾവിശക്തി നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ചെവികളിൽ ഉച്ചത്തിലുള്ള ശബ്ദമോ അണുബാധയോ ഏൽക്കുമ്പോൾ, തലച്ചോറിലേക്ക് ശബ്ദങ്ങൾ കൈമാറുന്ന ചെറിയ രോമകോശങ്ങൾ സമ്മർദ്ദത്തിലാകുകയും ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ അധിക അളവിൽ പുറത്തുവിടുകയും ചെയ്യുന്നു. ഗ്ലൂട്ടാമേറ്റിൻെറ അധിക ഉത്പാദനം ചെവിയിലെ നാഡീകോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യുന്നു. ഇതുവഴി ആ വ്യക്തിക്ക് കേൾവി ശക്തി നഷ്ടമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കൈകുഞ്ഞുമായി ഷോപ്പിങ്ങിനെത്തിയ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുകെയിലാകെ വൻ വാർത്താ പ്രാധാന്യം നേടിയ സംഭവം നടന്നത്. ബ്രാഡ് ഫോർഡിലെ വെസ്റ്റ് ഗേറ്റിൽ ഡ്രൂട്ടൻ റോഡിനോട് ചേർന്നുള്ള ജംഗ്ഷനിൽ വച്ച് ഓൾഡ് ഹോമിൽ നിന്നുള്ള 27 വയസ്സുകാരിയായ കുൽസുമ അക്തർ ആണ് കുത്തേറ്റ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രതിക്കായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തിയത്. പ്രതിയുടെ കൈയ്യിൽ ആയുധം ഉണ്ടെന്നും ഇയാൾ അപകടകാരിയാണെന്നും ഫോട്ടോ പുറത്തുവിട്ട് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ന് പുലർച്ചയാണ് ഓൾഡ് ഹോമിൽ നിന്നുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് . യുകെയിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയായ ഹബീബൂൾ മാസുമാണ് പോലീസ് പിടിയിലായത്. സംഭവം നടന്ന സ്ഥലത്തുനിന്നും150 മൈലുകൾ അകലെയാണ് പ്രതി അറസ്റ്റിലായ സ്ഥലം. ഇത്രയും ദൂരം പോലീസിന്റെ കണ്ണു വെട്ടിച്ച് പ്രതി എങ്ങനെ യാത്ര ചെയ്തു എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

നേരത്തെ പ്രതിയെ സഹായിച്ചു എന്ന് കരുതുന്ന 23 കാരനായ ഒരാളെ ചെഷയറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . പ്രതിയും മരിച്ച യുവതിയും തമ്മിൽ മുൻ പരിചയമുണ്ടെന്ന സൂചനകളാണ് പോലീസ് നൽകുന്നത്

20 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസ് കോൺസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. 2009 ജൂണിൽ നടന്ന സംഭവം പുറത്തുവന്നത് 2021 ഒക്ടോബറിൽ ആണ്. അന്ന് 37 വയസ്സുകാരനായ പ്രതിക്ക് ഇപ്പോൾ 53 വയസ്സായി. സംഭവം നടക്കുമ്പോൾ 20 വയസ്സായിരുന്ന ഇരയ്ക്ക് നിലവിൽ 35 വയസ്സ് പ്രായമായി .

പെൺകുട്ടിയെ മുൻ കാമുകൻ അവളുടെ നഗ്നചിത്രങ്ങൾ ഇൻറർനെറ്റിൽ ഇടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് അവൾ പോലീസ് സഹായം തേടുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് കോൺസ്റ്റബിൾ ജെയിംസ് ആൻഡ്രൂസ് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി .

എന്നാൽ ഇപ്പോൾ കോടതിയിൽ വാദം കേൾക്കുന്ന കേസിൽ കുറ്റാരോപിതനായ ജെയിംസ് ആൻഡ്രൂസ് തന്റെ മേലുള്ള ആരോപണം നിഷേധിച്ചു. 15 വർഷങ്ങൾക്ക് ശേഷം ഒരു ബലാത്സംഗ കേസ് ഉയർന്നുവരുന്നത് അപൂർവ്വമാണെന്നാണ് വിലയിരുത്തുന്നത്. പ്രതി കുറ്റം നിഷേധിച്ച സാഹചര്യത്തിൽ അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കേസിന്റെ തുടർനടപടികൾ പുരോഗമിക്കുന്നത്.

എച്ച് എം ആർ സി ചൈൽഡ് ബെനഫിറ്റിന് അർഹരായ ആളുകൾക്ക് നൽകുന്ന തുക ഏപ്രിൽ ആറ് മുതൽ വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കിൽ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ, മുഴുവൻ സമയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അല്ലെങ്കിൽ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവർക്ക് ലഭിക്കുന്നതാണ് ചൈൽഡ് ബെനഫിറ്റ്. ഏപ്രിൽ 6 മുതൽ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയിൽ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി ലഭിക്കും. എന്നാൽ ഇത് ലഭിക്കാൻ കുടുംബങ്ങൾ തങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജൂൺ മാസം മുതൽ ഈ പേയ്‌മെന്റുകൾ കൃത്യമായി ലഭിക്കുവാൻ മെയ് 31 ന് അകം തന്നെ എല്ലാവരും തങ്ങളുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ കൃത്യസമയത്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ബെനിഫിറ്റ് ക്ലെയിം വൈകുമെന്നത് മാത്രമാണ് പ്രശ്നമെന്ന് എച്ച് എം ആർ സി വക്താവ് വ്യക്തമാക്കി.

16 മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയോ, 16 വയസ്സിനുശേഷം ആഴ്ചയിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുവാൻ തുടങ്ങുകയോ, വിവാഹം പോലുള്ള മറ്റ് പങ്കാളിത്തങ്ങളിൽ ഉൾപ്പെടുകയോ, ചെയ്താൽ മാതാപിതാക്കൾക്ക് ഈ ക്ലെയിമിനുള്ള അർഹത ഉണ്ടായിരിക്കില്ല. കുട്ടികളുടെ പേര് സംബന്ധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും എച്ച് എം ആർ സിയെ അറിയിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇത് മൂലം ക്ലെയിമിനുള്ള അവകാശവാദങ്ങൾക്ക് യാതൊരു കുറവും സംഭവിക്കില്ല. പൊതുവായി പുതിയ മാറ്റങ്ങൾ എല്ലാം തന്നെ സർക്കാർ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്നതാണ് നിയമം നിഷ്കർഷിക്കുന്നത്. ഇത് ചെയ്യാൻ സാധിക്കാത്തവർക്ക് പലപ്പോഴും ബെനിഫിറ്റ് ക്ലെയിം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് മലയാളികൾക്കും ബാധകം ആകയാൽ, മെയ് 31ന് മുൻപ് തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ചില സ്ഥലങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി കാണാമെന്ന പ്രതീക്ഷ ആസ്ഥാനത്തായി. മേഘാവൃതമായ കാലാവസ്ഥ മൂലം യുകെയിൽ നിന്ന് സൂര്യഗ്രഹണം കാണാൻ തയാറെടുത്തിരുന്നവർക്ക് നിരാശരാകേണ്ടി വന്നു. യുകെയിൽ ദൃശ്യമാകുന്ന അടുത്ത സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് ഇനി വളരെ നാൾ കാത്തിരിക്കേണ്ടി വരും. 2090 -ലെ ഇനി യുകെയിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ. 2026 -ൽ യൂറോപ്പിലെയും വടക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കും.

എന്നാൽ യുകെയിലെ കാർമർ ഥൻ ഷയറിൽ നിന്ന് സൂര്യഗ്രഹണം കാണാനായി മാത്രം 4000 മൈലുകൾ (6384 കിലോമീറ്റർ) യാത്ര ചെയ്ത ഇവൻ ജോൺ ഗ്രിഫിത്ത്സ് ആണ് ഈ സൂര്യഗ്രഹണത്തിലെ താരം. 17 വയസ്സുകാരനായ ഇവാനും കുടുംബവും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന അപൂർവ്വ പ്രതിഭാസം നേരിട്ടു കാണാനായി ഇത്രയേറെ മൈലുകൾ സഞ്ചരിച്ചത്. കാർമാർഥെൻഷെയറിലെ ലാൻഡെയ്‌ലോയിൽ നിന്ന് ഇന്ത്യാനയിലെ ഇവാൻസ്‌വില്ലെയിലേക്ക് ആണ് സൂര്യ ഗ്രഹണം കാണാൻ ഇവാൻ എത്തിയത് .


സൂര്യഗ്രഹണം കാണാൻ ഇത്രയും ദൂരം യാത്ര ചെയ്ത ഇവന് യുകെയിലെ പത്ര പ്രവർത്തകർ വൻ പ്രാധാന്യമാണ് നൽകിയത്. ബിബിസി ഇവാനുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. “ഒരു വർഷം മുമ്പ് എൻ്റെ ജന്മദിനത്തിൽ അമേരിക്കയിലെ ഇവാൻസ്‌വില്ലെ എന്ന എൻ്റെ പേര് തന്നെയുള്ള പട്ടണത്തിൽ ഒരു സൂര്യഗ്രഹണം നടക്കുമെന്ന് ഞാൻ ഇൻ്റർനെറ്റിൽ കണ്ടെത്തി. അത് ആർക്കും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു യാദൃശ്ചികതയാണെന്ന് ഞാൻ കരുതിയെന്ന് ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു . ഇവാൻ ജോൺ ഗ്രിഫിത്ത്‌സും സഹോദരൻ ലെവെലിനും യുഎസിലെ ഇന്ത്യാനയിൽ സൂര്യഗ്രഹണം കാണാൻ എത്തിയത് അമ്മ കാത്രിൻ എഡ്വേർഡിനൊപ്പമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ് ഫോർഡിൽ 27 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ കൈയ്യിൽ ഒരു കൈ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ തള്ളി മാറ്റിയാണ് പ്രതി അമ്മയെ ആക്രമിച്ചത്. ആക്രമണത്തിൽ കുഞ്ഞിന് പരുക്ക് ഏറ്റിട്ടില്ലെന്ന് വെസ്റ്റ് യോർക് ഷെയർ പോലീസ് സ്ഥിരീകരിച്ചു .

ശനിയാഴ്ച ബ്രാഡ്ഫോർഡിലെ വെസ്റ്റ് ഗേറ്റ് ഏരിയയിൽ 27 കാരിയായ യുവതിയെ ആക്രമിച്ചതിനുശേഷമാണ് 25 വയസ്സുകാരനായ ഹബീബുർ മാസ് ഒളിവിൽ പോയത് .പോലീസ് തിരയുന്ന പ്രതി ഇരയ്ക്ക് പരിചയമുള്ള ആളാണെന്നും ഇയാൾ അപകടകാരിയാണെന്നും വെസ്റ്റ് യോർക് ഷെയറിലെ ഡെപ്യൂട്ടി മേയർ അലിസർ ലോ പറഞ്ഞു.

രാജ്യത്തെ എല്ലാ സേനകളും പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു . ഇതൊരു യാദൃശ്ചിക കൊലപാതകമല്ലെന്നും രണ്ടുപേരും പരസ്പരം അറിയാവുന്നവരാണെന്നു മാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതി മാസുമിനെ കാണുന്നവരോട് അദ്ദേഹത്തെ സമീപിക്കരുതെന്നും 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെപ്പറ്റൈറ്റി സി നിർമാർജനം ചെയ്യുന്നതിന് എൻ എച്ച് എസ് കൈകൊണ്ട നടപടികൾ വിജയിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിപുലമായ രീതിയിൽ പരിശോധനകൾ നടത്തി ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിരുന്നത് അറിയാതെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തതിലൂടെ 2025 ഓടെ രോഗം പൂർണമായും നിർമ്മാജനം ചെയ്യാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പരിശോധനകളുടെ ഭാഗമായി ആളുകൾക്ക് അണുബാധ പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകളുമായി മുന്നോട്ടു പോകാനാണ് ഉന്നതതലത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ ഉടനീളം 60,000 – ത്തിലധികം ആളുകൾ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് സി ബാധിതരായി ജീവിക്കുന്നതായാണ് ഏകദേശ കണക്കുകൾ. കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രത്യക്ഷത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാത്തത് മൂലം പലരും രോഗം ബാധിച്ചത് അറിയാറില്ല .

കരളിനെ കാര്യമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റി സി എന്ന വൈറസുമായി ജീവിക്കുന്നവർക്ക് എൻഎച്ച് എസിൽ നിന്ന് ആന്റിവൈറസ് ചികിത്സ ലഭ്യമാണ്. പക്ഷേ വൈറസ് ഉള്ള ആൾക്കാരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനുള്ള നടപടികളാണ് എൻഎച്ച്എസിൻ്റെ നേതൃത്വത്തിൽ വിജയത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. 2030 ഓടെ ലോകമെങ്ങുമുള്ള വൈറസിനെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് ത്. എന്നാൽ അതിനും 5 വർഷം മുമ്പ് യു കെയിൽ നിന്ന് വൈറസിനെ ഉന്മൂലനം ചെയ്യാനാണ് എൻ എച്ച് എസ് ലക്ഷ്യം വയ്ക്കുന്നത്. 2014-ൽ ഹെപ്പറ്റൈറ്റിസ് നിർമ്മാർജ്ജനത്തിനുള്ള നടപടികൾ ആരംഭിച്ചതിനു ശേഷം ഏകദേശം 84,000 പേർ ചികിത്സ തേടിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നത്തെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ദൃശ്യമാകില്ല. എന്നാൽ അമേരിക്കയിൽ ടെക്സസ് തുടങ്ങിയ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. യുകെയിലും ഭാഗികമായി മാത്രമേ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളൂ . ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാൻ സാധിക്കും.

 

യുകെയിൽ ഏറ്റവും നന്നായി ഗ്രഹണം ദൃശ്യമാകുന്നത് ഔട്ടർ ഹെബ്രിഡ് സിൽ ആണ്. ഇവിടെ 34 ശതമാനം ഗ്രഹണം കാണാൻ സാധിക്കും. ബെൻ ഫാസ്റ്റിൽ 25 ശതമാനവും ഗ്ലാസ് കോയിൽ 12 ശതമാനവും ഗ്രഹണം ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്. ലിവർപൂളിൽ നേരിയ തോതിൽ ഗ്രഹണം കാണാനാകും. എന്നാൽ ഗ്രഹണം ദൃശ്യമാകുന്ന പല സ്ഥലങ്ങളിലും മേഘാവൃതമായതുകൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന.

എന്നാൽ സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വിപുലമായ ക്രമീകരണങ്ങൾ നാസയുടെ ഭാഗത്തുനിന്ന് ചെയ്തിട്ടുണ്ട്. ഏപ്രിൽ 8-ാം തീയതി യുകെ സമയം ഉച്ചകഴിഞ്ഞ് 4. 43 മുതൽ വൈകിട്ട് 9 .52 വരെ നാസയുടെ ഓൺലൈൻ സ്ട്രീമിങ്ങിലൂടെ സൂര്യഗ്രഹണം കാണാൻ സാധിക്കും. മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള സമ്പൂർണ്ണ സൂര്യഗ്രഹണ ദൃശ്യങ്ങളാണ് നാസ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സൂര്യഗ്രഹണം കാണാം

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്‌ഫോർഡിൽ ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിനെ തള്ളിയിട്ട ശേഷമാണ് പ്രതി മാരകമായി സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത് . പ്രതിയെന്ന് സംശയിക്കുന്ന 25 വയസ്സുകാരനായ ഹബീബുർ മാസുമിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും 27 വയസ്സ് മതിക്കുന്നതായാണ് റിപ്പോർട്ടുകൾ.

വെസ്റ്റ് യോർക്ക് ഷെയർ പോലീസാണ് ബ്രാഡ്ഫോർഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ടത്. ഓൾഡ് ഹാം ഏരിയയിൽ നിന്നുള്ള പ്രതി ഏഷ്യൻ വംശജനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ അപകടകാരിയാണെന്നും കൈയ്യിൽ ആയുധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിൽ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗം യഥാസമയം ജിപിമാർ കണ്ടുപിടിക്കാത്തതു മൂലം ആയിരക്കണക്കിന് വൃക്ക രോഗികളുടെ നില വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ 66 ശതമാനം വൃക്ക രോഗികളും രോഗം കണ്ടുപിടിക്കാൻ താമസിച്ചതു മൂലമുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ പ്രശ്നങ്ങൾ 7.2 ദശലക്ഷം പേരെ ബാധിക്കുന്നതായാണ് കണക്കുകൾ.


ചികിത്സാ കാലതാമസം മൂലം പല രോഗികളും ഡയാലിസിസിലേക്ക് എത്തി ചേരേണ്ടതായി വരുന്നതായാണ് കണ്ടെത്തിയത്. ചെറുപ്പത്തിലെ വൃക്ക പൂർണമായും തകരാറിലായ ചിലർ കിഡ്നി മാറ്റിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ലാത്ത അവസ്ഥയിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവാണ് കിഡ്നിയുടെ പ്രവർത്തനത്തിന്റെ അളവ്കോൽ. ക്രിയാറ്റിൻ ഉയർന്ന തോതിൽ ആണെങ്കിൽ നേരത്തെ കണ്ടെത്തി മരുന്നുകളിലൂടെയും ആഹാരക്രമീകരണങ്ങളിലൂടെയും കിഡ്നിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനാകും. എൻഎച്ച്എസിൻ്റെ ചികിത്സാ പിഴവുമൂലം പല രോഗികളും ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ ഡയാലിസിസ് നടത്തേണ്ട അവസ്ഥയിലാണ് . ഡയാലിസിസ് ആയിരക്കണക്കിന് രോഗികൾക്ക് നടത്തേണ്ടി വരുന്നത് ആരോഗ്യ മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.

ചാരിറ്റി കിഡ്നി റിസർച്ച് യുകെയാണ് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയെ ചൂണ്ടി കാണിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. വിവിധ മത്സരങ്ങളിൽ സമ്മാനാർഹനായ പ്രശസ്ത സൈക്കിളിസ്റ്റ് സ്റ്റീഫൻ സ്ലോം കിഡ്നി രോഗം താമസിച്ച് കണ്ടെത്തിയ ചികിത്സാ പിഴവിന്റെ ഇരയാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനാകുന്ന അദ്ദേഹം ഇപ്പോൾ തന്റെ രണ്ടാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. കിഡ്നി തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പലപ്പോഴും വർഷങ്ങളോളമാണ് കാത്തിരിക്കേണ്ടതായി വരുന്നത്.

RECENT POSTS
Copyright © . All rights reserved