ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കൽക്കരി ഉപയോഗം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റം വയ്ക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു നടപടിയുടെ പ്രായോഗികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഇലക്ട്രിക് കാറുകൾക്കുമുള്ളത്. തന്റെ കാർ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, കാർ മൂലം പണം ചെലവാകുന്നുണ്ടെന്നാണ് ഒരു ഉടമ പറഞ്ഞത്. ഇതേ അനുഭവമാണ് മറ്റു പലർക്കും പറയാനുമുള്ളത്. ഈ വർഷമാദ്യം ഉണ്ടായ ഒരു അപകടത്തെ തുടർന്ന് തന്റെ ജാഗ്വാർ ഇലക്ട്രിക് കാർ റിപ്പയർ ചെയ്യുവാനായി നൽകേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. അതിനു പകരമായി അദ്ദേഹത്തിന് ഉപയോഗിക്കുവാൻ ഒരു ഫോർഡ് ഫീസ്റ്റാ കാർ ലഭിച്ചു. എന്നാൽ ഇപ്പോൾ ലഭിച്ച ഫോര്‍ഡ് ഫിസ്റ്റയില്‍ ഇന്ധനം നിറയ്ക്കാന്‍ പണം മുടക്കുന്നതിനൊപ്പം തന്നെ, ഇലക്ട്രിക് കാറിന്റെ ലീസ് തുകയും നല്‍കേണ്ട സാഹചര്യത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
കാർ റിപ്പയർ കഴിഞ്ഞ് എപ്പോൾ തിരികെ ലഭിക്കുമെന്നതിനെ സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും നൽകാനാവില്ല എന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാലറി സാക്രിഫൈസ് ഡീല്‍ ഉപയോചിച്ച് ടസ്‌കര്‍ എന്ന കമ്പനിയില്‍ നിന്നും ഈ ഇലക്ട്രിക് കാര്‍ ലീസിന് എടുക്കുകയായിരുന്നു ഇദ്ദേഹം. അപകടത്തെ തുടര്‍ന്ന് റിപ്പയർ ചെയ്യുവാനായി കൊണ്ടുപോയ കാര്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ അഞ്ചു മാസമായി താൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അവസ്ഥ വിശദീകരിച്ച അദ്ദേഹം ഗാർഡിയൻ പത്രത്തിന് മെയിൽ അയച്ചതിനെ തുടർന്നാണ് പത്രം നടത്തിയ ഇലക്ട്രിക് കാർ ഉടമകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുന്നത്. വളരെ ചെറിയ റിപ്പയറുകൾക്ക് നൽകുന്ന കാറുകൾ പോലും മാസങ്ങൾ കഴിഞ്ഞാണ് തിരികെ ലഭിക്കുന്നത്. ഇലക്ട്രിക് കാറിന്റെ പല പാര്‍ട്ട്സുകള്‍ക്കും ആഗോളാടിസ്ഥാനത്തില്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നതിനാലാണിത്. പാര്‍ട്ട്സുകള്‍ ലഭ്യമാകാത്തത് പല ഗ്യാരേജുകളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാര്‍ട്ട്സുകള്‍ ലഭിക്കാതെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പല സ്വകാര്യ ഗ്യാരേജുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി രൂക്ഷമാകുന്നതല്ലാതെ, ഇത് എപ്പോൾ പരിഹരിക്കപ്പെടും എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ആർക്കും തന്നെയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
16 ദശലക്ഷത്തിലധികം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി. ഇതിന്റെ പ്രവർത്തനം കേരളത്തിലെ ഒരു സഹകരണ സംഘത്തിൻറെ മാതൃകയിലാണ്. അംഗങ്ങളാണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഉടമകൾ . കറന്റ് അക്കൗണ്ടുകൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, മോർട്ട്‌ഗേജുകൾ, ഇൻഷുറൻസ്, ലോണുകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് രാജ്യ വ്യാപകമായി നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്നത്.
യുകെയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പദ്ധതിയാണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി മുന്നോട്ട് വച്ചിരിക്കുന്നത്. മാർക്കറ്റിംഗ് സ്വിച്ചിങ് ഇൻസെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത് . പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കും ഈ സ്വിച്ച് ഓഫർ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കൾ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയിലേയ്ക്ക് മാറ്റേണ്ടതായി വരും.
ഉപഭോക്താക്കൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഫ്ലക്സ് പ്ലസ്, ഫ്ലക്സ് ഡയറക്ട്, ഫ്ലക്സ് അക്കൗണ്ട് എന്ന വിഭാഗത്തിലുള്ള അക്കൗണ്ടുകളിലേയ്ക്ക് മാറുന്നതിനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് സ്വിച്ചിങ് ആഗ്രഹിക്കുന്നവർക്ക് 7 ദിവസത്തെ സമയപരിധിയാണ് വേണ്ടിവരുന്നത്. സ്വിച്ചിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ 10 പ്രവർത്തി ദിനങ്ങൾക്ക് ഉള്ളിൽ 200 പൗണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് സമയത്ത് പോലീസ് ചുമത്തിയ പിഴയായ 10000 പൗണ്ട് വളരെ കൂടുതലായിരുന്നുവെന്ന് ആ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന പ്രീതി പട്ടേൽ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2020 ഓഗസ്റ്റിൽ ബാങ്ക് ഹോളിഡേയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ പിഴ ആനുപാതികമല്ലെന്നാണ് പ്രീതി പട്ടേൽ കോവിഡ് കാലത്തെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണ നടത്തുന്ന സമിതിയോട് വെളിപ്പെടുത്തിയത്. ഹോം ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും താനും അതിന് എതിരായിരുന്നു എന്നാണ് അവർ സമിതി മുമ്പാകെ വെളിപ്പെടുത്തിയത്.
പകർച്ചവ്യാധിയുടെ സമയത്ത് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം നൂറുകണക്കിന് പിഴവുകൾ വന്നതിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 10000 പൗണ്ട് വരെ പിഴ ചുമത്താൻ പോലീസിന് അധികാരം ലഭിച്ചതിനെ 2021ലെ എംപിമാർ തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ നിശിതമായി വിമർശിക്കപ്പെട്ട തീരുമാനമായിരുന്നു. ഇത്രയും വലിയ ഒരു പിഴ ചുമത്താൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് എംപിമാർ അന്ന് വാദിച്ചത്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് 366 കേസുകൾക്കാണ് 10,000 പൗണ്ട് പിഴ ചുമത്തിയത്. 2021 ജൂൺ മുതലുള്ള നാഷണൽ പോലീസ് ചീഫ്സ് കൗൺസിലിന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കോമൺ ജസ്റ്റിസ് കമ്മറ്റിയിലെ എംപിമാർ പൊതുജനാരോഗ്യ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ വളരെ വലിയ തുകയുടെ സ്പോട്ട് ഫൈനുകളെ ആശ്രയിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസിന് ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാൻ സാധിക്കില്ലെന്നാണ് ഇതിനെ പ്രധാന കാരണമായി എംപിമാർ ചൂണ്ടി കാണിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ഏകദേശം ഒരു ദശലക്ഷം ആളുകൾ ചികിത്സയ്ക്കായി കാത്തിരിപ്പിലാണെന്ന് കണക്കുകൾ പുറത്തുവന്നു. ഇത് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ആണ് .സെപ്റ്റംബർ അവസാനം 7.77 ദശലക്ഷം പേരാണ് നോൺ- എമർജൻസി കെയറിനായി കാത്തിരുന്നത്. ഓഗസ്റ്റിൽ ഇത് 7.75 ദശലക്ഷം ആയിരുന്നു. അതേസമയം എൻഎച്ച്എസ് ഇംഗ്ലണ്ട് നടത്തിയ വിശകലനത്തിൽ ഒന്നിലധികം ചികിത്സകൾക്കായി കാത്തിരിക്കുന്ന നിരവധി ആളുകൾ ലിസ്റ്റിൽ ഉൾപ്പെ ടുന്നുണ്ടെന്ന് കണ്ടെത്തി.
പലരും രണ്ടോ മൂന്നോ വെയ്റ്റിംഗ് ലിസ്റ്റുകളിലുണ്ട്. ഇതിൽ ഭൂരിഭാഗം പേരും കാൽമുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഫിസിയോതെറാപ്പി ഉൾപ്പെടെ വിവിധതരം അടിയന്തര ചികിത്സകൾക്കായി കാത്തിരിക്കുന്ന പ്രായമായവരാണ്. രോഗികളുടെ എൻഎച്ച്എസ് നമ്പറുകൾ ഉപയോഗിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ പരിശോധിച്ചതിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ അധികൃതർ പങ്കുവച്ചത്.
പകർച്ചവ്യാധിയുടെ മുമ്പുള്ളതിനേക്കാൾ 3.5 ദശലക്ഷം കൂടുതലാണ് നിലവിലെ വെയ്റ്റിംഗ് ലിസ്റ്റ്. വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം അനിയന്ത്രിതമാകുകയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് ചീഫ് നേഴ്‌സ് പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണെന്നും നേഴ്‌സുമാരുടെ കുറവാണ് ഇതിന് അടിസ്ഥാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ റെക്കോർഡ് നിരക്കിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിന്റെ മൂന്നാം പാദത്തിൽ സമഗ്ര ഇൻഷുറൻസ് പരിരക്ഷ 29 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്സ് പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള തുകയിൽ 9% വർദ്ധനവ് രേഖപ്പെടുത്തി. ശരാശരി 561 പൗണ്ട്. വർഷത്തിന്റെ മൂന്നാം പാദത്തിൽ പെയിന്റിന്റെ വില 16 ശതമാനവും സ്പെയർ പാർട്‌സ് വില 11 ശതമാനവും വർദ്ധിച്ചതായി ഇൻഷുറർമാർ റിപ്പോർട്ട് ചെയ്തു.
അറ്റകുറ്റപ്പണികളുടെയും വിതരണ ശൃംഖലകളിലെയും കാലതാമസവും ചെലവേറാൻ കാരണമാകുന്നു. വർദ്ധിച്ചുവരുന്ന പ്രീമിയങ്ങൾ, ഡ്രൈവർമാർക്കും ബിസിനസ്സുകൾക്കും തലവേദനയാകുകയാണ്. മാത്രമല്ല, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്ന അപകടസാധ്യതയും ഉണ്ട്. വരാനിരിക്കുന്ന മിനി ബജറ്റിൽ ഇൻഷുറൻസ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ സർക്കാരിന് കഴിയുമെന്ന് എബിഐ പറഞ്ഞു.
“വിലയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പോളിസി തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ പ്രീമിയം അടയ്ക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ, സഹായിക്കാൻ കഴിയുന്ന നിങ്ങളുടെ ഇൻഷുററുമായി സംസാരിക്കുക. ” എബിഐയിലെ ജനറൽ ഇൻഷുറൻസ് പോളിസി ഡയറക്ടർ മെർവിൻ സ്‌കീറ്റ് പറഞ്ഞു. വർദ്ധിച്ച മോട്ടോർ ഇൻഷുറൻസ് പ്രീമിയം കുടുംബങ്ങൾക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളായ ഈറ്റൺ കോളേജിലെ മുൻ അധ്യാപകനെതിരെ പീഡന ആരോപണം ഉയർന്നിരിക്കുകയാണ്. കൗമാരക്കാരനായ വിദ്യാർത്ഥിയെ നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയനാക്കി എന്നതാണ് ആരോപണം. മുപ്പത്തിയഞ്ചുകാരനായ ജേക്കബ് ലെലാൻഡിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 2010 മുതൽ 2012 വരെ ഇയാൾ സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്ത്, കൗമാരക്കാരനായ വിദ്യാർത്ഥിയെ പതിനാലോളം തവണ പീഡനത്തിനിരയാക്കി എന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. നോർത്ത് ലണ്ടനിലെ കാംഡനിൽ നിന്നുള്ള ലെലാൻഡ് ആധുനിക ഭാഷാ വിഭാഗത്തിലാണ് പഠിപ്പിച്ചിരുന്നത്. ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ നടന്ന ഹിയറിംഗിൽ അദ്ദേഹം കുറ്റം നിഷേധിച്ചു.
ആരോപണം ഉന്നയിച്ച വിദ്യാർത്ഥിയോടൊപ്പം ഈറ്റൺ കോളേജ് നിലകൊള്ളുമെന്ന് അധികൃതർ തങ്ങളുടെ നിലപാട് അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ആണ് കോളേജിന് എപ്പോഴും മുഖ്യമെന്നും അധികൃതർ വ്യക്തമാക്കി. ബ്രിട്ടനിലെ തന്നെ വളരെ പ്രശസ്തമായ ഒരു പ്രൈവറ്റ് സ്കൂളാണ് ഈറ്റൺ കോളേജ്. കേസിൽ കോടതിവിധി ഉടൻ ഉണ്ടാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ അപ്പോയിന്റ്ന്മെന്റിനായി കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ ദുരിതം സ്ഥിരം വാർത്തയായി കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷാമം എൻഎച്ച് എസിലെ കാത്തിരിപ്പ് സമയം കൂട്ടുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. എൻഎച്ച്എസിൽ ദന്ത ഡോക്ടർമാരുടെ ക്ഷാമം മൂലം വളരെ ഗുരുതരമായ പ്രശ്നങ്ങൾ പല രോഗികളും അഭിമുഖീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
വായിലെ അർബുദം നേരത്തെ കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യാത്തതിൽ പല രോഗികൾക്കും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വരുന്നതായാണ് ഓറൽ ഹെൽത്ത് ഫൗണ്ടേഷന്റെ കണ്ടെത്തൽ . ദന്ത ഡോക്ടർമാരുടെ അഭാവം മൂലം വായിലെ ക്യാൻസർ കണ്ടെത്തുന്നതിൽ വരുന്ന കാല താമസമാണ് ഒട്ടേറെ പേരുടെ ജീവന് തന്നെ ഹാനികരമായി തീരുന്നത്. ഓറൽ ഹെൽത്ത് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 -ൽ വായിലെ അർബുദരോഗം മൂലം 3000 -ത്തിലധികം ആളുകളാണ് മരണമടഞ്ഞത്. ഒരു ദശാബ്ദം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണത്തിൽ 46% വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
അടിയന്തര ചികിത്സ വേണ്ടിവന്ന ഒരു രോഗി ദന്തഡോക്ടറുടെ അപ്പോയിന്റമെന്റിനായി ബുക്ക് ചെയ്തപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ 800 – മത് ആയാണ് അവസരം ലഭിച്ചത്. 50 പൗണ്ട് മുടക്കി ഇദ്ദേഹം ഒരു സ്വകാര്യ ദന്തഡോക്റെ സമീപിച്ചപ്പോൾ ക്യാൻസർ കണ്ടെത്തുകയായിരുന്നു . കൗണ്ടിൽ ഹാമിൽ നിന്നുള്ള ഈ രോഗിയുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. പല രോഗികൾക്കും വായിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ കണ്ടെത്തുന്നത് അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നതിന് ശേഷമാണ്. വായിലെ ക്യാൻസറിന്റെ പ്രാരംഭഘട്ടം തിരിച്ചറിയുന്നതിന് വളരെ പ്രധാനമാണ് ദന്ത പരിശോധന . മതിയായ ഡോക്ടർമാരുടെ അഭാവം മൂലം ഇത് പലപ്പോഴും നടക്കുന്നില്ലെന്ന് ഓറൽ ഹെൽത്ത് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് നൈജൽ കാർട്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ പാലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾ ഭരണ നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചു വരികയാണ്. ഇസ്രയേൽ ഹമാസ് സംഘർഷം ആരംഭിച്ചപ്പോൾ മുതൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ഭരണനേതൃത്വത്തിന്റെ ഇസ്രയേൽ അനുകൂല നിലപാടിനെതിരെ പ്രതിഷേധ റാലികളുടെ പരമ്പര തന്നെയാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥ അനുസരിച്ച് പാലസ്തീൻ അനുകൂല മാർച്ചുകൾ നിരോധിക്കാനാവില്ലെന്ന് മെറ്റ് പോലീസ് മേധാവി പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.
വാരാന്ത്യത്തിൽ നടന്നു വരുന്ന പ്രതിഷേധ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആയിരങ്ങൾ തടിച്ചു കൂടുന്ന ഇത്തരം പ്രതിഷേധ മാർച്ചുകൾ സമാധാനപരമായിരിക്കുമെന്ന് ആർക്ക് ഉറപ്പു പറയാൻ സാധിക്കുമെന്നാണ് ഈ വിഷയത്തോട് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. ഇത്തരം സന്ദർഭങ്ങളിലെ പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് മെറ്റ് പോലീസ് മേധാവിയിൽ നിന്ന് വിശദീകരണം തേടുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 11-ാം തീയതി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാർച്ചിന്റെ സമയത്തെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇസ്രയേലിനോട് വെടി നിർത്തലിന് യുകെ ആഹ്വാനം ചെയ്യണമെന്നത് പാലസ്തീൻ അനുകൂല പ്രതിഷേധ റാലികൾകളിൽ മുഴങ്ങി കേൾക്കുന്ന സ്ഥിരം മുദ്രാവാക്യമാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇസ്രയേൽ വെടി നിർത്തണമെന്ന അഭിപ്രായമുള്ള എംപിമാർ ഉണ്ട് . ലേബർ പാർട്ടിയുടെ ഔദ്യോഗിക നിലപാടിനോട് പ്രതിഷേധിച്ച് പലരും പാർട്ടിയിൽ നിന്ന് രാജി വച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് വൈറസ് ഭീഷണി ഉയർത്തുന്നില്ല എന്ന് തെളിയിക്കുന്നതിനായി മഹാമാരിയുടെ തുടക്കത്തിൽ ടെലിവിഷനിലൂടെ തൽസമയം കൊറോണ വൈറസ് തന്റെ ശരീരത്തിലേക്ക് കുത്തിവയ്ക്കുവാൻ ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ മുൻസഹായി വെളിപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് എൻക്വയറി കമ്മീഷന് മുൻപിൽ നൽകിയ സാക്ഷി മൊഴിയിലാണ് ഇക്കാര്യം ബോറിസ് ജോൺസന്റെ മുൻസഹായി ആയിരുന്ന ലോർഡ് ലിസ്റ്റർ വെളിപ്പെടുത്തിയത്. 2019-2021 കാലയളവിൽ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായും, ലണ്ടൻ മേയറായി പ്രവർത്തിച്ചിരുന്ന സമയം മുതൽ ബോറിസ് ജോൺസന്റെ വിശ്വസ്തനുമായിരുന്നു ലോർഡ് ലിസ്റ്റർ. കോവിഡ് വൈറസ് പൊതുജനങ്ങൾക്ക് ഭീഷണി അല്ലെന്ന് തെളിയിക്കുന്നതിനായി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരോടും, ഉപദേശകരോടും ടെലിവിഷനിലൂടെ തൽസമയം തന്റെ ശരീരത്തിലേക്ക് വൈറസ് കുത്തി വയ്ക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടതായാണ് ലിസ്റ്റർ തന്റെ സാക്ഷി മൊഴിയിൽ വ്യക്തമാക്കിയത്. കോവിഡിന് ഒരു സാധാരണ രോഗമായി കാണാതിരുന്ന സമയത്ത്, ഒരു നിമിഷത്തെ ചിന്തയിൽ നടത്തിയ ഒരു ദൗർഭാഗ്യകരമായ അഭിപ്രായപ്രകടനമായാണ് ലിസ്റ്റർ ഈ തീരുമാനത്തെ വിശദീകരിച്ചത്.
അതോടൊപ്പം തന്നെ മറ്റൊരു ലോക്ക്ഡൗണിനേക്കാൾ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നതാണ് അഭികാമ്യമെന്ന പ്രസ്താവനയും ബോറിസ് ജോൺസൺ നടത്തിയതായി തന്റെ സാക്ഷി മൊഴിയിൽ ലിസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 2020 ലാണ് ജോൺസൺ ഈ പ്രസ്താവന നടത്തിയതെങ്കിലും, ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2021 ഏപ്രിലിലാണ്. എന്നാൽ ആ സമയത്ത് ഈ ആരോപണം തികച്ചും അസംബന്ധമാണെന്ന് വ്യക്തമാക്കി ബോറിസ് ജോൺസൻ തള്ളിക്കളഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും ഇതിനകം തന്നെ കനത്ത ആഘാതം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്ന സമയത്താണ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും ലിസ്റ്റർ പറഞ്ഞു. ജോൺസൻ ഇതു വരെ അന്വേഷണ കമ്മീഷന് മുൻപിൽ ഹാജരായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലീഡ്‌സിലെ ഹോർസ്ഫോർത്ത് സ്കൂളിന് സമീപം 15 വയസ്സുകാരനായ ആൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഹോർസ്ഫോർത്തിലെ ടൗൺ സ്ട്രീറ്റിലാണ് സംഭവം. ഉടൻതന്നെ എമർജൻസി സർവീസുകൾ എത്തി കുത്തേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും, ഇത്തരത്തിലുള്ള ഒരു ദാരുണമായ സംഭവം പ്രാദേശികമായി സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ ആഘാതവും വലിയ ഞെട്ടലും തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അതിനാൽ തന്നെ എത്രയും വേഗം അന്വേഷണം നടത്തുമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ സ്റ്റെസി അറ്റ്കിൻസൺ അറിയിച്ചു.
ഹോഴ്‌സ്‌ഫോർത്തിലെ സംഭവം ഭയാനകവും വേദനിപ്പിക്കുന്നതുമാണെന്ന് ഹോർസ്ഫോർത്ത് എം പി സ്റ്റുവർട്ട് ആൻഡ്രൂ പറഞ്ഞു. ഹോർസ്ഫോർത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്നു മരണമടഞ്ഞ കുട്ടി. മലയാളികൾ തിങ്ങിപ്പറക്കുന്ന സ്ഥലമാണ് ലീഡ്സ്, വെസ്റ്റ് യോർക്ക്ഷെയർ എന്നീ സ്ഥലങ്ങൾ. അതിനാൽ തന്നെ പുറത്തു വന്നിരിക്കുന്ന വാർത്ത മലയാളികളെ ആകെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സംഭവം ഉണ്ടാക്കിയ മുറിവ് നികത്താൻ ആവാത്തതാണെന്നും, കുട്ടിയുടെ കുടുംബത്തോടുള്ള എല്ലാ പിന്തുണയും അറിയിക്കുന്നതായും ഹോർസ്ഫോർത്ത് സ്കൂൾ മേധാവി പോൾ ബെൽ പറഞ്ഞു.