ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഡോർസെറ്റിലെ സ്വാനേജിലുള്ള ഒരു കെയർ ഹോമിൽ മൂന്ന് പേരുടെ സംശയാസ്പദമായ മരണത്തിനു പിന്നിൽ കാരണക്കാരിയെന്ന് സംശയിക്കുന്ന 60 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് കെയർ ഹോമിൽ നിന്നും ഏഴ് പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. തുടർന്ന് ഗെയിൻസ്ബറോ കെയർ ഹോം ഒഴിപ്പിക്കുകയും, അന്തേവാസികളെ മറ്റൊരു പള്ളിയുടെ ഹാളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ മരണകാരണത്തെ സംബന്ധിച്ച് പോലീസ് വ്യക്തമാക്കിയില്ലെങ്കിലും, കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. 48 പേരായിരുന്നു കെയർ ഹോമിൽ താമസിച്ചിരുന്നത്. കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുന്നതിനും, അതോടൊപ്പം തന്നെ ശക്തമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനുമാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

മരണപ്പെട്ട അന്തേവാസികളുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ കൈത്താങ്ങലുകൾ നൽകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കെയർ ഹോമിലെ താമസക്കാരെ സഹായിക്കാൻ ഹോം അധികൃതരുമായും മറ്റ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോർസെറ്റ് കൗൺസിലും അറിയിച്ചു. അന്തേവാസികളിൽ ഭൂരിഭാഗം പേരും പരിചരണം ആവശ്യമുള്ള ദുർബലരായവരാണ്. അതിനാൽ തന്നെ അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കൗൺസിൽ അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്ത് കൂടുതൽ പരിശോധനകൾ നടന്നു വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടി പ്രവർത്തകർ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികൾക്കായി രംഗത്തിറങ്ങിയെന്ന ആരോപണത്തെ പ്രതിരോധിച്ച് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആംഗല റെയ്‌നർ രംഗത്ത് വന്നു. പ്രവർത്തകർ അവരുടെ ഒഴിവു സമയങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് അവർ ജനപ്രതിനിധി സഭയിൽ പറഞ്ഞു. അവർ നിയമലംഘനങ്ങൾ ഒന്നും നടത്തിയില്ലെന്നും വോളണ്ടിയർമാരുമാണെന്നും അവർ അറിയിച്ചു .

എല്ലാം രാഷ്ട്രീയ പാർട്ടികളുടെയും അനുകൂലികളും ഇത്തരം പ്രവർത്തികൾ ഏർപ്പെടുന്നവർ ആണെന്നും ആംഗല റെയ്‌നർ പറഞ്ഞു. അവർ അവരുടെ സ്വന്തം സമയവും പണവും ഉപയോഗിച്ച് അവർ ആഗ്രഹിക്കുന്നത് ചെയ്യുന്നു . പ്രചാരണ സംഘവുമായി ബന്ധപ്പെട്ട വിവാദം ലേബർ പാർട്ടിയുടെ സോഫിയ പട്ടേലിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആരംഭിച്ചത്. ഈ പോസ്റ്റിൽ, 100 ലേബർ പ്രവർത്തകർ അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും, അവർ ഹാരിസിന്റെ കാമ്പയിനിൽ പങ്കെടുക്കുന്നുവെന്നും അറിയിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബ്രിട്ടനിലെ ലേബർ പാർട്ടി ശ്രമിച്ചതായുള്ള ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തു വന്നത് വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട് . നവംബർ 5-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ അനുകൂലിച്ച് തനിക്കെതിരെ പ്രചാരണം നടത്താൻ ലേബർ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്ത് അയച്ചതായുള്ള അസാധാരണ പരാതി ആണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധികൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീടു വീടാന്തരം കയറി കമലാ ഹാരിസിനു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ട്രംപിന്റെ ലീഗൽ ടീം വാഷിംഗ്ടണിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകുകയും ചെയ്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് അധികാരത്തിൽ എത്തിയാൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ കുറേ കാലമായി യുകെ മലയാളി സമൂഹത്തിൽ ഉണ്ടാകുന്ന പല മരണങ്ങളുടെ പിന്നിലും ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കാത്തത് അപകടസാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ഹൃദ്രോഗ സാധ്യത വളരെ നേരത്തെ തിരിച്ചറിയുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റ്റൂൾ ഉപയോഗിക്കാൻ എൻഎച്ച്എസ് സജ്ജമായതായുള്ള വാർത്തകൾ പുറത്തുവന്നു. ഒരാളുടെ രോഗസാധ്യതയും അപകടാവസ്ഥയും വളരെ നേരത്തെ മനസ്സിലാക്കി വിദഗ്ധ ചികിത്സ നൽകുന്നതിന് ഈ ഉപകരണത്തിന് സാധിക്കും. എഐ-ഇസിജി റിസ്ക് എസ്റ്റിമേഷൻ അഥവാ എയർ എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യ, ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി) ടെസ്റ്റുകളുടെ ഫലങ്ങൾ വിശകലനം ചെയ്താണ് ഹൃദയത്തിൻറെ അതിസങ്കീർണമായ വിവരങ്ങൾ ഡോക്ടർമാർക്ക് കൈമാറുന്നത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ഉപകരണം രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും വിദഗ്ധ ചികിത്സ നൽകുന്നതിന് ഡോക്ടർമാരെ സഹായിക്കുന്നതിനും വിപ്ലവകരമായ മാറ്റങ്ങൾ ചികിത്സാരംഗത്ത് വരുത്തും എന്നാണ് ആരോഗ്യവിദഗ്ധർ പ്രതീക്ഷിക്കുന്നത്. രോഗികളുടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിച്ച്, തുടർ പരിശോധനകൾ വേണമോ, പ്രത്യേക ചികിത്സ ആവശ്യമാണോ എന്നിവ ഡോക്ടർമാരെ അറിയിക്കുന്നതിനാണ് ഈ ഉപകരണത്തിന്റെ പ്രധാന ലക്ഷ്യം ഇതിൻറെ പരീക്ഷണം ആദ്യഘട്ടത്തിൽ ലണ്ടനിലെ ഇമ്പീരിയൽ കോളേജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിലും ചെൽസി ആൻഡ് വെസ്റ്റ്‌മിൻസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലും ആരംഭിക്കും. ആദ്യഘട്ടത്തിൽ നൂറുകണക്കിന് രോഗികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ 78% കേസുകളിലും ഇസിജിക്ക് ശേഷമുള്ള 10 വർഷത്തിനുള്ളിൽ ഒരു രോഗിയുടെ മരണസാധ്യത കൃത്യമായി തിരിച്ചറിയാൻ എയറിന് കഴിയുമെന്ന് കണ്ടെത്തിയത് വലിയ പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന് നൽകിയിരിക്കുന്നത്. 189,539 രോഗികളിൽ നിന്നുള്ള 1.16m ECG ടെസ്റ്റ് ഫലങ്ങളുടെ ഡാറ്റാസെറ്റ് ഉപയോഗിച്ച് ഗവേഷകർ എയറിനെ പരിശീലിപ്പിച്ചു. ഹൃദയരോഗ ചികിത്സയിൽ ഇത് പുതിയ ഒരു ചുവടുവെയ്‌പ്പാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ കാർഡിയാക് ഇലക്‌ട്രോഫിസിയോളജിയിലെ റീഡറും ഇംപീരിയൽ കോളേജ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റുമായ ഡോ.ഫു സിയോങ് എൻജി പറഞ്ഞു. അടുത്ത ഏതാനും വർഷത്തിന് ഉള്ളിൽ എൻ എച്ച് എസിൽ എവിടെയെങ്കിലും ഇസിജി ഉള്ള ഏതൊരാളുടെയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നത് ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെനാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബ്രിട്ടനിലെ ലേബർ പാർട്ടി ശ്രമിച്ചതായുള്ള ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തു വന്നു. നവംബർ 5-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ അനുകൂലിച്ച് തനിക്കെതിരെ പ്രചാരണം നടത്താൻ ലേബർ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്ത് അയച്ചതായുള്ള അസാധാരണ പരാതി ആണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 4 – ന് നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ യുകെയിൽ അധികാരത്തിലെത്തിയ നിലവിലെ ഭരണകക്ഷിയായ ലേബർ പാർട്ടിക്കെതിരെ യുഎസിലെ പ്രസിഡൻറ് സ്ഥാനാർത്ഥി ഉയർത്തിയ പരാതി രാഷ്ട്രീയ വൃത്തങ്ങളിൽ വൻ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധികൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീട്ടു വീടാന്തരം കയറി കമലാ ഹാരിസിനു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ട്രംപിന്റെ ലീഗൽ ടീം വാഷിംഗ്ടണിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന് കൈമാറിയ പരാതിയിൽ ഉന്നയിച്ചു. എന്നാൽ സന്നദ്ധ സേവനം ചെയ്യുന്ന ബ്രിട്ടീഷുകാർ അവരുടെ ഒഴിവു സമയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് യു കെ സർക്കാരിന് ഒരു പങ്കുമില്ലെന്ന് സംഭവത്തോട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. മുൻ തിരഞ്ഞെടുപ്പുകളിലും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അത് അവരുടെ രാഷ്ട്രീയ വിശ്വാസത്തിൻറെ ഭാഗമാണെന്ന് പ്രധാനമന്ത്രി കൂട്ടി ചേർത്തു. ട്രംപുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ മുൻ യുഎസ് പ്രസിഡൻ്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് അധികാരത്തിൽ എത്തിയാൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ വിശേഷങ്ങൾ അനുദിനം ലോക മാധ്യമങ്ങൾ വർത്തയാക്കികൊണ്ടിരിക്കുകയാണ് . യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉയർന്ന ചെലവുകളും വർദ്ധിച്ചു വരുന്ന നിക്ഷേപ ആവശ്യങ്ങളും പരിഗണിച്ച് അടുത്ത 5 വർഷത്തിനുള്ളിൽ യുകെയിലെ വാട്ടർ ബില്ലുകളിൽ ആദ്യം പ്രതീക്ഷിച്ചതിലും കൂടുതൽ വർദ്ധനവ് വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വാട്ടർ റെഗുലേറ്ററായ ഓഫ്വാട്ട് 2025-നും 2030-നും ഇടയിൽ 19 പൗണ്ട് വാർഷിക വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രാബല്യത്തിൽ വരുമ്പോൾ ഉണ്ടാകുന്ന വർദ്ധനവ് ഇതിൽ കൂടുതൽ ഉണ്ടാകുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാട്ടർ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും ജനസംഖ്യാ വളർച്ചയെ നേരിടുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പരിഹരിക്കുന്നതിനും ഈ വർദ്ധനവ് ആവശ്യമാണെന്നാണ് വർദ്ധനവിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. 1930 കളുടെ അവസാനത്തോടെ നടന്ന സ്വകാര്യ വത്കരണത്തിന് ശേഷമുള്ള വാട്ടർ ഇൻഡസ്ട്രിയുടെ നവീകരണത്തിന് കമ്പനികൾ തയ്യാറെടുക്കുകയാണ്. ഇതിനായുള്ള പണചിലവ് കണ്ടെത്തുന്നതും വാട്ടർ ബില്ലുകളുടെ വർദ്ധനവിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. സതേൺ വാട്ടറിന്റെ 44 ശതമാനവും അഫിനിറ്റി വാട്ടർ 6 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, തുടക്കത്തിൽ അംഗീകരിച്ച 23% എന്നതിനേക്കാൾ 59% വർദ്ധനവ് തേംസ് വാട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഫ് വാട്ട് വാട്ടർ ബില്ലുകളിലെ വർദ്ധനവ് പരിഗണിക്കുന്നതിന് ഒരു കാരണം ചെലവുകളിലെ വർദ്ധനവാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പക്ഷേ വാട്ടർ കമ്പനികളുടെ സേവനത്തിന്റെ കാര്യത്തിൽ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും കാര്യമായ അമർഷമുണ്ട് . മലിനീകരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് വാട്ടർ കമ്പനികൾ പിഴ അടയ്ക്കേണ്ടതായും വന്നിരുന്നു . ചുരുക്കത്തിൽ വാട്ടർ കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കൾ സന്തുഷ്ടരല്ലന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ഒരു സാഹചര്യത്തിൽ ബില്ലുകളിൽ വരുത്തുന്ന വർദ്ധനവ് വൻ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പുതിയ സ്റ്റേറ്റ് സ്കൂളുകൾ തുറക്കാനുള്ള പദ്ധതി താത്കാലികമായി നിർത്തി വച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പുതിയ 44 സ്കൂളുകൾ തുറക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ മൂന്ന് സിക്സ്ത് ഫോം കോളേജുകളും ഉൾപ്പെടും. ഈ പുതിയ സ്കൂളുകളുടെ ഭാവി ആണ് അനശ്ചിതത്വത്തിൽ ആയിരിക്കുന്നത് .

പുതിയ സ്കൂളുകൾ തുറക്കുന്നതിന് മുൻപായി ഓരോ സ്കൂളിന്റെയും സാധ്യതകളും സാമ്പത്തിക ബാധ്യതകളും വീണ്ടും അവലോകനം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. 2010 – ൽ മൈക്കൽ ഗോവ് അവതരിപ്പിച്ച ഫ്രീ സ്കൂൾ പദ്ധതിയുടെ ഭാഗമായി സർക്കാർ അംഗീകരിച്ച മുഖ്യധാര സെക്കൻഡറി, പ്രൈമറി സ്കൂളുകളെ ഈ തീരുമാനം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

44 സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതിലൂടെ മിച്ചം വെയ്ക്കുന്ന ഫണ്ട് നിലവിലുള്ള സ്കൂളുകളുടെയും കോളേജുകളുടെയും മോശമായ ദുരവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു . ഓരോ സ്ഥലത്തിൻറെയും ആവശ്യകത പരിഗണിച്ച് പുതിയ സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ജനനനിരക്ക് കുറയുന്നത് മൂലം അടുത്ത ദശകത്തിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളുടെ എണ്ണം 12 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പല പ്രൈമറി സ്കൂളുകളും കുട്ടികളുടെ എണ്ണം കുറയുന്നതിനാൽ സമീപഭാവിയിൽ പൂട്ടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുതിയ സ്റ്റേറ്റ് സ്കൂളുകൾ തുറക്കാനുള്ള പദ്ധതി മരവിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ഈ വസ്തുതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് ഇന്ത്യൻ വംശജയായ കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഡൊണാൾഡ് ട്രംപും ആണ് മുഖ്യ സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ വിശേഷങ്ങൾ അനുദിനം ലോക മാധ്യമങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയതായി ഡൊണാൾഡ് ട്രംപ് മക്‌ഡൊണാൾഡിൻ്റെ ഡ്രൈവ്-ത്രൂവിൽ കസ്റ്റമേഴ്സിന് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയത്. പെൻസിൽവാനിയയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപ് താത്കാലിക ജോലി ഏറ്റെടുത്തത്. തൻറെ വസ്ത്രങ്ങൾക്ക് മുകളിൽ ഒരു എപ്രൺ ധരിച്ച് ഡ്രൈവ് ത്രൂവിൽ ഓർഡർ വിതരണം ചെയ്തത് കൂടാതെ ടേക്ക് ഔട്ട് ബാഗുകൾ നിറയ്ക്കുകയും ചെയ്തു.

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പെൻസിൽവാനിയ നിർണായകമായ പോരാട്ട ഭൂമിയാണ്. ട്രംപ് ഭക്ഷണം സേർവ് ചെയ്യുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിച്ചു. ഒട്ടേറെ പേരാണ് കമന്റുകളിലൂടെ ഇതിനോട് പ്രതികരിച്ചത്. എക്കാലത്തെ മികച്ച രാഷ്ട്രീയ പ്രഹസനമാണ് ഇതെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനും മെയിൽ ഓൺലൈനിൻ്റെ എഡിറ്ററുമായ പിയേഴ്‌സ് മോർഗൻ x-ൽ ഇതിനെ കുറിച്ച് എഴുതിയത്. പഠിക്കുന്ന സമയത്ത് കമലാ ഹാരിസ് മക്ഡൊണാൾഡിൽ ജോലി ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയായതിനു ശേഷം അവർ ഇത് വെളിപ്പെടുത്തിയത് ജോലി ചെയ്യുന്നവരുടെ ഇടയിൽ മതിപ്പുളവാക്കിയിരുന്നു. ട്രംപിന്റെ പ്രവർത്തി ഇതുമായാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടി വായിക്കുന്നത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക്ഷയറിലെ ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന ജോയിസ് മുണ്ടയ്ക്കലിന്റെ വീട്ടിൽ മോഷ്ടാക്കളുടെ വൻ മോഷണശ്രമം. ജോയിസ് കുടുംബസമേതം ബൈബിൾ കലോത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ലീഡ്സ് റീജന്റ് ബൈബിൾ കലോത്സവത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ജോയിസ് ബൈബിൾ കലോത്സവ വേദിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയത് രാത്രി ഒരു മണിയോടുകൂടിയാണ്. ഈ സമയത്തിനിടയിലാണ് മോഷ്ടാക്കൾ വീടിൻറെ പാറ്റി ഡോർ തകർത്ത് അതിക്രമിച്ച് കയറിയത്. മോഷണ രീതി കണ്ട പോലീസ് പ്രൊഫഷണൽ മോഷ്ടാക്കളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് എത്തിയത്. മോഷ്ടാക്കൾ പ്രധാനമായിട്ടും ലക്ഷ്യം വെച്ചത് വീടിനുള്ളിലെ സ്വർണമായിരുന്നു. വളരെ തുച്ഛമായ രീതിയിലുള്ള സ്വർണം മാത്രം സൂക്ഷിച്ചിരുന്ന ജോയിസിന് ആ സ്വർണവും തൻറെ വില കൂടിയ രണ്ട് ക്യാമറയും ടൂൾ കിറ്റ്സുമാണ് നഷ്ടപ്പെട്ടത്.

എൻജിനീയർ കൂടിയായ ജോയ്സ് വിലകൂടിയ ടൂൾ കിറ്റ്സ് സ്വന്തം ആവശ്യത്തിനായിട്ടും ഒരു കൗതുകത്തിന് വേണ്ടിയുമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ജോലി സംബന്ധമായിട്ട് വിദേശരാജ്യങ്ങൾ പതിവായിട്ട് സന്ദർശിക്കുന്ന ജോയിസിന്റെ ട്രാവൽ ബാഗിനുള്ളിൽ ഡോളർ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കറൻസികൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു . ബൈബിൾ കലോത്സവ വേദിയിൽ നിന്ന് മടങ്ങിയെത്തിയ ജോയിസ് വീടിനുള്ളിൽ മുഴുവൻ ലൈറ്റുകൾ കിടക്കുന്നത് കണ്ടപ്പോഴേ അസ്വഭാവികത തോന്നി. ആദ്യം കരുതിയത് മോഷ്ടാക്കൾ വീടിനുള്ളിൽ ഉണ്ടെന്നായിരുന്നു. എന്തായാലും മോഷ്ടാക്കൾക്ക് വേണ്ടി പോലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മലയാളി കുടുംബങ്ങളിൽ സ്വർണ്ണത്തിന് വേണ്ടിയുള്ള മോഷണ ശ്രമങ്ങൾ പതിവാണ് .
കേരളത്തിൽ മൂവാറ്റുപുഴ സ്വദേശിയാണ് ജോയിസ്. ജോയിസിന്റെ ഭാര്യ ജെറിൻ യുകെയിലെ പ്രമുഖ ഓൺലൈൻ ട്യൂഷൻ സെന്ററായ ട്രയംഫിൻെറ സംരഭക എന്ന രീതിയിൽ പ്രശസ്തയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയ :- ചാൾസ് രാജാവിന്റെ ഓസ്ട്രേലിയൻ പാർലമെന്റിലെ പ്രസംഗത്തിനുശേഷം ഓസ്ട്രേലിയൻ സെനറ്ററായ ലിഡിയ തോർപ്പിന്റെ അലറി വിളിച്ചുള്ള പ്രതിഷേധം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. “നിങ്ങൾ എന്റെ രാജാവല്ല” എന്ന ആഹ്വാനത്തോടെ ആയിരുന്നു ഓസ്ട്രേലിയയിലെ ആദ്യത്തെ അബോർജിനൽ സെനറ്റർ ആയ ലിഡിയ തോർപ്പ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ ചാൾസ് രാജാവ് പാർലമെന്റിനെ അഭിമുഖീകരിച്ച് പ്രസംഗിച്ച ശേഷമാണ് തോർപ്പിന്റെ പ്രതിഷേധം. ചാൾസിനെതിരെ വംശഹത്യ ആരോപണവും അവർ ഉന്നയിച്ചു. എന്നാൽ സംഭവത്തെ സംബന്ധിച്ച പരാമർശങ്ങൾ ഒന്നും ഇല്ലാതെ ചടങ്ങുകൾ അവസാനിക്കുകയും, രാജ ദമ്പതികൾ തങ്ങളെ അഭിവാദ്യം ചെയ്യുവാൻ പുറത്ത് കാത്തുനിന്ന നിരവധി ജനങ്ങളെ കാണുകയും ചെയ്തു.

ഓസ്ട്രേലിയ പാർലമെന്ററി ജനാധിപത്യ രാജ്യമായി തുടരുന്നെങ്കിലും, രാഷ്ട്രത്തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജാവാണ്. “നിങ്ങൾ ഞങ്ങളുടെ ജനതയെ വംശഹത്യ നടത്തി, ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ, – ഞങ്ങളുടെ അസ്ഥികൾ, ഞങ്ങളുടെ തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ. നിങ്ങൾ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു, ഞങ്ങൾക്ക് ഒരു ഉടമ്പടി തരൂ, ഞങ്ങൾക്ക് ഒരു ഉടമ്പടി വേണം” എന്ന ആവശ്യമാണ് തന്റെ പ്രതിഷേധത്തിൽ ലിഡിയ ഉന്നയിച്ചത്. വിക്ടോറിയൻ സംസ്ഥാനത്ത് നിന്നുള്ള സെനറ്ററാണ് ലിഡിയ. ന്യൂസിലാൻഡിൽ നിന്നും മറ്റ് മുൻ ബ്രിട്ടീഷ് കോളനികളിൽ നിന്നും വ്യത്യസ്തമായി, ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനങ്ങളുമായി ഒരു ഉടമ്പടി ഇതു വരെയും സ്ഥാപിക്കപ്പെട്ടിട്ടില്ല.

ബക്കിങ്ഹാം കൊട്ടാരം അധികൃതർ ഇതുവരെയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ആരോഗ്യ വെല്ലുവിളികൾ നേരിടുമ്പോഴും, രാജാവിന്റെ ഓസ്ട്രേലിയൻ സന്ദർശനവും പ്രവർത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. പാർലമെന്റിലെ സംഭവത്തിന് ശേഷം, സാമ്രാജ്യത്വ വിരുദ്ധ പ്രസിദ്ധീകരണമായ ദി സൺഡേ പേപ്പറിൻ്റെ സഹ എഡിറ്ററായ മാറ്റ് ചുൻ സൃഷ്‌ടിച്ച ചാൾസിൻ്റെ തല വെട്ടിമാറ്റിയ ഒരു കാർട്ടൂൺ ലിഡിയ തോർപ്പ് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. മുൻപും ഇത്തരത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ പ്രതിഷേധങ്ങൾക്ക് ലിഡിയ നേതൃത്വം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ത്രോട്ട് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓറൽ സെക്സിലൂടെ പകരുന്ന വൈറസാണ് ഈ ക്യാൻസറിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഓറോഫറിൻജിയൽ ക്യാൻസർ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ത്രോട്ട് ക്യാൻസറിന് കാരണം ഓറൽ സെക്സിലൂടെ പകരുന്ന അണുബാധയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സെർവിക്കൽ ക്യാൻസറിന് പിന്നിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്. അതിനാലാണ് പെൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ ഇതിനെതിരായി പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. എന്നാൽ യുഎസിലും യുകെയിലും സെർവിക്കൽ ക്യാൻസറിനേക്കാൾ ഓറോഫറിൻജിയൽ ക്യാൻസർ ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇതിനെ കുറിച്ച് പഠിച്ച ആരോഗ്യ വിദഗ്ധരാണ് ത്രോട്ട് ക്യാൻസറും ഓറൽ സെക്സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതകാലത്ത് ആറോ അതിലധികമോ ഓറൽ സെക്‌സ് പങ്കാളികളുള്ള ആളുകൾക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ 8.5 മടങ്ങ് കൂടുതൽ ഈ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്ന് യുകെയിലെ ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജിസ്റ്റായ ഡോ. ഹിഷാം മെഹന്ന കണ്ടെത്തിയതാണ് ലോകമൊട്ടാകെയുള്ള ആരോഗ്യ വിദഗ്ധരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.

ഓറോഫറിൻജിയൽ ക്യാൻസറിനെ കുറിച്ച് ഡോ. ഹിഷാം മെഹന്ന നടത്തിയ പഠനത്തിൽ ഈ രോഗം ബാധിച്ചവരിൽ 80 ശതമാനം പേരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഓറൽ സെക്സ് ചെയ്തതായി തെളിഞ്ഞതാണ് പുതിയ കണ്ടെത്തലിലേയ്ക്ക് വെളിച്ചം വീശിയത്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഈ നിരക്ക് വർധിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. ആറോ അതിലധികമോ ആജീവനാന്ത ഓറൽ സെക്‌സ് പങ്കാളികളുള്ളവർക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ ഓറോഫറിംഗിയൽ ക്യാൻസർ വരാനുള്ള സാധ്യത 8.5 മടങ്ങ് കൂടുതലാണ്. പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഹിഷാം മെഹന്ന പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും നിലവിൽ ബിർമിംഗ്ഹാം സർവ്വകലാശാലയിലെ പ്രൊഫസറുമാണ്. നിരവധി അന്തർദേശീയ പഠനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് റിസർച്ച് ഗ്രാൻഡ് ആയി 12 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. അദ്ദേഹത്തിൻറെ ഗവേഷണ ഫലങ്ങൾ ദ ലാൻസെറ്റ്, ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.