ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പെട്ടെന്നുണ്ടായ പ്രളയത്തെ തുടർന്ന് എക്സെറ്റർ വിമാനത്താവളം അടച്ചു. രാജ്യത്തുടനീളം ശക്തമായ മഴ പല പ്രദേശങ്ങളിലും ഉണ്ടായതിനെ തുടർന്നാണ് അപ്രതീക്ഷിതമായ പ്രളയം ഉണ്ടായത്. എത്രയും വേഗം സാധാരണ രീതിയിലേക്ക് പ്രവർത്തനങ്ങൾ പുനസ്ഥാപിക്കുവാൻ ശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സോമർസെറ്റിൽ മെറ്റിയൊറോളജിക്കൽ ഓഫീസ് കണക്കുകൾ പ്രകാരം ടൗണ്ടണിനും ബ്രിഡ്ജ് വാട്ടറിനും ചുറ്റുമുള്ള പ്രദേശത്ത് 12 സെന്റീമീറ്റർ വരെ മഴ പെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. സെപ്തംബർ മാസത്തെ ശരാശരി മഴയേക്കാൾ കൂടുതലാണ് ഇത്. എക്സെറ്റർ വിമാനത്താവളത്തിന്റെ ടെർമിനൽ ഫ്ലോറിൽ ആളുകൾ വെള്ളത്തിൽ നിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ അവരുടെ ലൈറ്റുകളെ സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗ്രീസിലെ ന്യൂകാസിൽ, സാന്റെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്ന അഞ്ച് ഇൻകമിംഗ് ഫ്ലൈറ്റുകളെങ്കിലും റദ്ദാക്കിയതായി വിമാനത്താവള സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം അധികൃതർ നൽകി കഴിഞ്ഞു. വൈദ്യുതി മുടങ്ങൽ തുടങ്ങിയവ ചില സ്ഥലങ്ങളിൽ ഉണ്ടാകാമെന്ന് മുന്നറിയിപ്പുകളും ഉണ്ട്. തെക്ക് പടിഞ്ഞാറിനെ ബാധിക്കുന്ന മഴ ഞായറാഴ്ച ഉച്ചയോടെ ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
തിങ്കളാഴ്ചയും മഴ ഉണ്ടാകാമെങ്കിലും ശക്തമായ രീതിയിൽ ഉണ്ടാകില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അപ്രതീക്ഷിതമായ മഴയിൽ ഉണ്ടായ പ്രതിസന്ധികളിൽ ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാടക വീടുകളെ ആശ്രയിച്ച് കഴിയുന്ന യുകെ മലയാളികളുടെ ജീവിതം ദുരിതത്തിലായി. ഒൻപത് വർഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്കാണ് നിലവിൽ രാജ്യത്തെ വാടക നിരക്കുകൾ കുതിച്ച് ഉയർന്നത്. സ്ഥിര വരുമാനമില്ലാതെ പാർട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്.
ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം വാടക ചിലവുകളിൽ 12 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2014 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധനവ് ആണിത് . കഴിഞ്ഞ 12 മാസത്തിനിടയിലുള്ള വർദ്ധനവ് 2019 വരെയുള്ള നാല് വർഷത്തെ വർദ്ധനവിനെക്കാൾ ഉയർന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിലെ വാടകയിലെ ഈ കയറ്റം വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിത ചിലവിൽ കടുത്ത വർദ്ധനവ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
മോർട്ട്ഗേജ് നിരക്കുകൾ കുതിച്ച് ഉയർന്നത് വാടക നിരക്കുകൾ കൂടാൻ കാരണമായിട്ടുണ്ട്. ഇതു കൂടാതെ ആവശ്യക്കാരുടെ എണ്ണം കൂടിയതും നിരക്കുകൾ കുതിച്ചുയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. പാർലമെൻറിൽ ഉടൻ തന്നെ പാസാക്കാനിരിക്കുന്ന നിയമനിർമ്മാണം യുകെയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ളതാണ്. മതിയായ ന്യായീകരണമില്ലാതെ വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
19 മലയാളി നേഴ്സുമാർ കുവൈത്തിൽ ജയിലിലാണെന്ന വാർത്തയുടെ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള മലയാളി സമൂഹം . അറസ്റ്റിലായവരിൽ മുലയൂട്ടുന്നവരും ഒരുമാസം പ്രായമായ കുഞ്ഞിൻറെ അമ്മ ഉൾപ്പെടെ ഉള്ളവരും ഉണ്ടെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.. അടിയന്തരമായി നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നാണ് അറസ്റ്റിലായ നേഴ്സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്.
ഇതിൽ അടൂർ സ്വദേശി ജെസ്സിന് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട് . ജെസ്സിനു പുറമേ മുലയൂട്ടുന്ന അമ്മമാരായ 4 മലയാളി നഴ്സുമാർ കൂടി അറസ്റ്റിലായവരിൽ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നാണു ജെസ്സിൻ അറസ്റ്റിലായത്.
കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എസെക്സിൽ 35 കാരിയായ സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത് രണ്ട് കൊലപാതക കുറ്റങ്ങൾ. ബുധനാഴ്ചയാണ് 70 വയസ്സുള്ള രണ്ട് പേരുടെ ജീവൻ സുരക്ഷാ ഭീഷണിയിൽ ആണെന്ന തരത്തിലുള്ള മുന്നറിയിപ്പ് പൊലീസിന് ലഭിച്ചത്. ലഭ്യമായ തെളിവുകൾ അനുസരിച്ച് ഇരുവരും ജീവനോടെയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എസെക്സ് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ചെംസ്‌ഫോർഡിലെ പമ്പ് ഹില്ലിൽ നിന്നുള്ള വിർജീനിയ മക്കുല്ലോയ്‌ക്കെതിരെ കൊലപതാക കുറ്റങ്ങൾ ചുമത്തിയത്. ഈ കേസിൻെറ വിചാരണ നാളെ ചെംസ്‌ഫോർഡ് മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കും.
വിർജീനിയ മക്കല്ലോഫിനെ പ്രതിയാക്കാൻ അധികൃതർക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വരും ആഴ്ച്കളിലുള്ള അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഈ നടപടി സ്വീകരിക്കുകയുള്ളൂ എന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോബ് കിർബി പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
കോമേഡിയനും നടനുമായ റസ്സൽ ബ്രാൻഡൺ തനിക്കെതിരെ ആരോപിക്കപ്പെട്ട ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക ദുരുപയോഗം എന്നീ കുറ്റങ്ങൾ നിഷേധിച്ച് രംഗത്ത്. 2006 നും 2013 നും ഇടയിൽ നാല് സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതായാണ് സൺഡേ ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമേ ബ്രാൻഡിന്റെ സ്വഭാവ ദൂഷ്യങ്ങളെ പറ്റിയുള്ള പരാതികളും ഉയർന്ന് വന്നിട്ടുണ്ട്. യൂട്യൂബിൽ പുറത്തുവിട്ട വീഡിയോയിൽ, സൺഡേ ടൈംസ് ഉന്നയിച്ച ആരോപണങ്ങൾ ബ്രാൻഡ് നിഷേധിക്കുകയായിരുന്നു.
താൻ മുഖ്യധാരയിൽ പ്രവർത്തിച്ച കാലത്തെ സംബന്ധിച്ച ആരോപണങ്ങളിൽ സത്യം ഇല്ലെന്ന് 48 കാരനായ ബ്രാൻഡ് പറഞ്ഞു. സൺഡേ ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ബ്രാൻഡിനെതിരെ പരാതിപ്പെട്ടവരിൽ ഒരാൾ സംഭവം നടക്കുമ്പോൾ 16 വയസ്സായിരുന്നുവെന്നും ലണ്ടനിൽ ഷോപ്പിംഗിന് പോകുമ്പോഴാണ് ഇരുവരും പരിച്ചയപെട്ടത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.
ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ച് ബ്രാൻഡ് ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീ അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഇവർ ഒരു ബലാത്സംഗ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും പറഞ്ഞു. ആൽക്കഹോളിക്‌സ് അനോണിമസ് എന്നയിടത്ത് ഇരുവരും കണ്ടുമുട്ടിയതിന് ശേഷം തന്റെ വെസ്റ്റ് ഹോളിവുഡ് വസതിയിൽ വച്ച് ബ്രാൻഡ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മൂന്നാമതൊരു സ്ത്രീ ആരോപിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നഷ്ടങ്ങളുടെ പരമ്പരയ്ക്ക് പിന്നാലെ അറിയപ്പെടുന്ന ബ്രാൻഡായ വിൽകോ അടച്ചിടൽ ഭീഷണിയിൽ. 300 സ്‌റ്റോറുകൾ നിലനിർത്താനുള്ള ശതകോടീശ്വരനായ എച്ച്‌എംവി ഉടമ ഡഗ് പുട്ട്‌മാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ തന്നെ കമ്പനിയെ സംരക്ഷിക്കാനാകും എന്ന പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളിൽ നിന്ന് വിൽകോ ഷോപ്പുകൾ അപ്രത്യക്ഷമാകും. അറിയാം വിൽക്കോയുടെ തകർച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങൾ.
പണത്തിൻെറയും സമയത്തിന്റെയും ലഭ്യത കുറവാണ് ആദ്യം തന്നെ കമ്പനിക്ക് തിരിച്ചടിയായത്. ബി&എം, ഹോം ബാർഗെയ്ൻസ്, ദി റേഞ്ച്, പൗണ്ട്ലാൻഡ് എന്നീ കമ്പനികളിൽ നിന്ന് കടുത്ത മത്സരങ്ങളാണ് ഈ വർഷങ്ങളിൽ എല്ലാം തന്നെ വിൽകോ നേരിട്ടത്. വിൽകോയുടെ സ്ഥാപനങ്ങൾ പൊതുവേ ഹൈ സ്ട്രീറ്റിലാണ് ഉള്ളത്. ഇതിനായുള്ള ചിലവ് പൊതുവെ കൂടുതലാണ്. അതേസമയം മറ്റു കമ്പനികൾ പലപ്പോഴും റീട്ടെയിൽ പാർക്കുകളിലാണ് കാണപ്പെടുന്നത്.
ഒക്ടോബർ ആദ്യ വാരത്തോടെ വിൽകോയുടെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടും. ചില ഷോപ്പുകൾ ഇതിനോടകം തന്നെ മറ്റു കമ്പനികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഡിസ്കൗണ്ട് ശൃംഖലയായ ബി & എം വിൽകോയുടെ 51 സ്റ്റോറുകൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഏതൊക്കെയാണെന്ന് പുറത്ത്വിട്ടിട്ടില്ല. കരാർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നവംബർ ആദ്യം നൽകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിൽകോയുടെ 71 സൈറ്റുകൾ പൗണ്ട്‌ലാൻഡ് ഉടമ പെപ്‌കോ ഏറ്റെടുക്കും. ഈ സ്റ്റോറുകൾ പൗണ്ട്‌ലാൻഡ് ഷോപ്പുകളാക്കി മാറ്റി വർഷാവസാനത്തോടെ തുറക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇരുപത് ലക്ഷത്തോളം ബ്രിട്ടീഷുകാർ വർഷത്തിൽ ഒരിക്കൽ മാത്രം തങ്ങളുടെ ബാത്ത് ടവ്വലുകൾ കഴുകുന്നവരാണെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. അതായത് ആകെ ജനസംഖ്യയുടെ 3 ശതമാനത്തോളം ഈ മോശമായ രീതിയാണ് പിന്തുടരുന്നത്. തങ്ങളുടെ ജോലിയിലെ ഏറ്റവും മുൻഗണന കുറഞ്ഞ കാര്യമായാണ് ബാത്ത് ടവ്വലുകൾ കഴുകുന്നതിനെ പലരും കണക്കാക്കുന്നത്.
ഓരോ മൂന്ന് ഉപയോഗത്തിന് ശേഷവും ടവ്വലുകൾ കഴുകണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ടവ്വലുകൾ കഴുകിയില്ലെങ്കിൽ ബാക്ടീരിയകൾ കാരണം ഉപയോഗിക്കുന്നവർക്ക് അണുബാധ വരാനുള്ള സാധ്യത വളരെയേറെയാണ്. കഴുകാതെ ഉപയോഗിക്കുന്ന ബാത്റൂം ടവ്വലുകളിൽ 90 ശതമാനം കോളിഫോം ബാക്ടീരിയകളും 14 % ഇ- കോളിയും ഉള്ളതായി കണ്ടെത്തിയിരുന്നു. അരിസോണാ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ചാൾസ് ഗെർബയുടെ പഠനത്തിലാണ് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കാവുന്ന ഈ കണ്ടെത്തൽ ഉള്ളത്.
വയറിളക്കം, മൂത്രനാളിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇ കോളി മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്. പതിവായി ബാത്റൂംടവ്വലുകൾ കഴുകുന്നതിലൂടെ ഈ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ബാത്റൂം ടവ്വലുകൾ സ്ഥിരമായി കഴുകണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇലക്ട്രിക്ക് കാറുകളുടെ വ്യവസായം രാജ്യത്ത് കൂടുതൽ ഉർജ്ജിതമാക്കാൻ യുകെ സർക്കാർ. എന്നാൽ ഇതിനായി യുകെയ്ക്ക് ചൈനയുമായുള്ള അസ്വാരസ്യങ്ങളോട് കണ്ണടയ്ക്കണം. ഇറക്കുമതിയ്ക്കുള്ള വിലക്കുകൾ മാറ്റിയാൽ 2030-ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളേക്കാൾ വിപണിയിൽ സുലഭമാകാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായിരിക്കും. ഇത് കൂടാതെ രാജ്യത്തെ ഇലക്ട്രിക് കാറുകളുടെ വിലയിലും ഇടിവുണ്ടാകും. എന്നാൽ ഈ പുതിയ നീക്കം രാജ്യത്തെ കാർ വ്യവസായത്തിന് ഒരു തിരിച്ചടിയായേക്കാം.
ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പന്നത്തിന് ചൈന വളരെ മുൻപിലാണ്. നിലവിൽ ഡ്രൈവർ ആവശ്യമായ കാറുകളാണ് ഉള്ളതെങ്കിലും വൈകാതെ തന്നെ ഓട്ടോണമസ് ഡ്രൈവിംഗിലും ചൈന മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിയിലും ചൈന ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ കാർ കമ്പനിയായ ബിവൈഡി ബാറ്ററി നിർമ്മാതാക്കളായാണ് ആരംഭിച്ചത്. ഈ വർഷം ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയെ മറികടന്നിരിക്കുകയാണ് ബിവൈഡി.
മറ്റ് ചൈനീസ് ബ്രാൻഡുകളായ ഫങ്കികാറ്റ്, നിയോ എന്നിവ യൂറോപ്പിൽ ഇതുവരെ നില ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ യുകെയിലെ മിക്ക ടെസ്‌ലകളും ചൈനയിൽ നിന്നാണ് കയറ്റി അയച്ചത്. ഇവ എല്ലാം തന്നെ 2019 ൽ ആറ് മാസം കൊണ്ട് ഷാങ്ഹായ് ഗിഗാഫാക്‌ടറിയിൽ നിർമ്മിച്ചവയാണ്. ആഗോളതലത്തിൽ കാർ കയറ്റുമതിയിൽ ചൈന ഇതിനകം ജർമ്മനിയെ മറികടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈന ഈ വർഷം ജപ്പാനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മികച്ച കയറ്റുമതിക്കാരാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിൽ നിപ്പ വൈറസ് ജീവന് ഭീഷണിയായി പടർന്ന് പിടിക്കുന്നതിനെ വളരെ ഗൗരവത്തോടെ കാണുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. നിപ്പ വൈറസ് ബാധിക്കപ്പെട്ടിരിക്കുന്ന 75 ശതമാനം ആളുകളുടെയും ജീവന് ഗുരുതരമായ ഭീഷണി ഉണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ . ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം നിപ്പയെ മറ്റ് വൈറസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇതിനകം തന്നെ കേരളത്തിൽ രണ്ടു പേർ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സമ്പർക്ക പട്ടിക കുറ്റമറ്റതാക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസ്തിഷ്കത്തെ ഹാനികരമായി ബാധിക്കുന്ന വൈറസിനെ ഭയന്ന് കോഴിക്കോട് ജില്ലയിൽ സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും 9 ഗ്രാമങ്ങളെ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പ്രധാനമായും പഴം lകഴിക്കുന്ന വവ്വാലുകളിലൂടെയാണ് നിപ്പ വൈറസ് പടരുന്നത്.
യുകെയിൽ ഇതുവരെ നിപ്പ വൈറസ് കണ്ടെത്തിയിട്ടില്ല. യുകെയിലേയ്ക്ക് വൈറസ് എത്തിപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസിയുടെ വക്താവ് പറഞ്ഞു. കേരളത്തിൽ നിപ്പ വൈറസ് പടരുന്നതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പാൻഡമിക് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ മൈൽസ് കരോൾ അറിയിച്ചു. കേരളത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിപ്പയ്ക്കെതിരെ ഇപ്പോഴും ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ഉണ്ടായിരിക്കുന്നത്. 4 മുതൽ 14 ദിവസങ്ങളാണ് വൈറസിന്റെ ഇൻകുബേഷന്‍ പീരിയഡ് എന്നതാണ് വൈറസ് യുകെയിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന വാദത്തിനെ പിന്തുണയ്ക്കാൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുവാവിനെ കടിച്ചുകൊന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വാൾസാളിൽ വ്യാഴാഴ്ച നായയുടെ ആക്രമണത്തിനിരയായ ഇയാൻ പ്രൈസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി. രണ്ട് നായ്ക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെയാണ് ഈ ബ്രീഡിൽ വരുന്ന നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യമുയർന്നത്. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ ആണ് നായ്ക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കൻ ബുള്ളി അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്നും ഇവയെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ നായ്ക്കളെ നിരോധിക്കുമെന്ന് അറിയിച്ച് ഋഷി സുനക് രംഗത്തെത്തി.
നിലവിൽ ഇത്തരം നായ്ക്കളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുന്നതുൾപ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും സുനക് പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ സ്വന്തമാക്കിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും