ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രെയ്നിലെ ഇന്റർനാഷണൽ ലെജിയണിന് വേണ്ടി പോരാടാൻ പോയ ബ്രിട്ടീഷുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ടിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച നിലയിയിലാണ് ലങ്കാഷെയറിലെ ബേൺലിയിൽ നിന്നുള്ള ജോർദാൻ ചാഡ്‌വിക്കിൻെറ (31) ശരീരം കണ്ടെത്തിയത്. ജോർദാൻ 2011 മുതൽ 2015 വരെ ബ്രിട്ടീഷ് ആർമിയിൽ സ്‌കോട്ട്‌സ് ഗാർഡായി സേവനമനുഷ്ഠിച്ചിരുന്നു. കന്റെ മരണത്തിൽ തന്റെ കുടുംബം തകർന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ബ്രെൻഡ ചാഡ്‌വിക്ക് പറഞ്ഞു. ഉക്രേനിയൻ ഇന്റർനാഷണൽ ആർമി ഓഗസ്റ്റ് 7 ന് ജോർദാൻെറ ശരീരം ബ്രിട്ടണിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി.
സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാനും മറ്റുള്ളവരെ തന്റെ കഴിവുകൾ ഉപയോഗിച്ച് സഹായിക്കാനുമുള്ള ആഗ്രഹം മൂലം 2022 ഒക്‌ടോബർ ആദ്യം യുകെ വിട്ട് ഉക്രെയ്‌നിലേക്ക് ജോർദാൻ പോവുകയായിരുന്നുവെന്ന് ബ്രെൻഡ ചാഡ്‌വിക്ക് പറഞ്ഞു. ജൂൺ 26 ന്, മകൻ കൊല്ലപ്പെട്ടതായി ലങ്കാഷെയർ പോലീസ് ജോർദാൻെറ കുടുംബത്തെ അറിയിച്ചു. മകൻെറ ആകസ്‌മിക വേർപാടിലുള്ള ദുഃഖത്തിലാണ് ഈ കുടുംബം. ജോർദാൻെറ കുടുംബത്തിന് ആവിശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് ഒരു എഫ്‌സിടിഒ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ അടച്ചതിന് പിന്നാലെ ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങൾ തങ്ങളുടെ സൈറ്റുകളിൽ കാണപ്പെടുന്ന പോറസ് കോൺക്രീറ്റിനെ നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു. റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിന് മുൻപ് വിമാനത്താവളങ്ങൾ ഇവ കണ്ടെത്തിയിരുന്നു.
റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റിന് ശാശ്വതമായ പരിഹാരങ്ങൾ സ്ഥാപിക്കുന്നത് വരെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുമെന്ന് ഹീത്രൂ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട തലത്തിൽ തങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗാറ്റ് വിക്ക് എയർപോർട്ട് അധികൃതർ പറഞ്ഞു. സ്‌കൂളുകളിലും പൊതു കെട്ടിടങ്ങളിലും തകർന്നുവീഴാൻ സാധ്യതയുള്ള കോൺക്രീറ്റ് കണ്ടെത്തിയത് സെപ്റ്റംബർ ആരംഭം മുതൽ നിരവധി അടച്ചുപൂട്ടലുകളിലേക്ക് നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഹീത്രൂ എയർപോർട്ടിലെ ടെർമിനൽ 3 ലാണ് റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് കണ്ടെത്തിയത്. ഈ ടെർമിനൽ സുരക്ഷിതമാക്കാൻ വിമാനത്താവളം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാറ്റ്‌വിക്ക് കോൺക്രീറ്റിൽ പതിവായി പരിശോധനകൾ നടത്തി, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അറിയിച്ചു. ഗാറ്റ്‌വിക്ക് ഏറ്റവും ഒടുവിൽ ജൂണിലാണ് പരിശോധനകൾ നടത്തിയത്. പതിവായി റാക്കിനെ നിരീക്ഷിക്കുന്നത് തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു. പതിവ് പരിശോധനകളിൽ സൈറ്റിൽ റാക്ക് കണ്ടെത്തിയിട്ടില്ല എന്ന് മാഞ്ചസ്റ്റർ എയർപോർട്ട് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മൂന്നു പേരുടെ മരണത്തിന് കാരണമായ സ്‌റ്റോൺഹേവൻ ട്രെയിൻ ദുരന്തത്തിൽ വീഴ്ച സംഭവിച്ച നെറ്റ്‌വർക്ക് റെയിലിന് 6.7 മില്യൺ പൗണ്ട് പിഴ ചുമത്തി. 2020 ഓഗസ്റ്റിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർമോണ്ടിൽ അബർഡീൻ മുതൽ ഗ്ലാസ്‌ഗോ വരെയുള്ള സർവീസ് ആണ് പാളം തെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം സുരക്ഷിതമല്ലെന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ട്രെയിനിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ ആറുപേരുടെയും കുടുംബങ്ങൾക്കുണ്ടായ നഷ്ടം പിഴയിലൂടെ നികത്താനാവില്ലെന്ന് ജഡ്ജി മാത്യൂസ് പറഞ്ഞു.
ഡ്രൈവർ ബ്രെറ്റ് മക്കല്ലോ (45), കണ്ടക്ടർ ഡൊണാൾഡ് ഡിന്നി (58), യാത്രക്കാരൻ ക്രിസ്റ്റഫർ സ്റ്റച്ച്ബറി (62) എന്നിവരാണ് അപകടത്തിൽ മരിച്ചത്.സമാനമായ സംഭവം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് ക്രൗൺ ഓഫീസും പ്രോസിക്യൂഷൻ ഫിസ്കൽ സർവീസും പറഞ്ഞു. ഗ്ലാസ്‌ഗോയിലേക്കുള്ള 06:38 സർവീസിന് യാത്ര പൂർത്തിയാക്കാനായില്ല.അബർഡീനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അബർഡീനിലെ ഹൈക്കോടതിയിൽ കമ്പനി ഇന്നലെ ക്രിമിനൽ കുറ്റം സമ്മതിച്ചു. പ്രദേശത്തെ ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണികളിലും പരിശോധനയിലും വീഴ്ച ഉണ്ടായതായും കമ്പനി പറയുന്നു. എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിട്ടും, ട്രാക്കിലെ അവശിഷ്ടങ്ങളിൽ ഇടിക്കുന്നതിന് മുമ്പായി ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തുമെന്നും നെറ്റ്‌വർക്ക് റെയിലിനെ പ്രതിനിധീകരിച്ച് പ്രതിഭാഗം അഭിഭാഷകൻ പീറ്റർ ഗ്രേ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ സന്ദർശനം ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ്. പ്രധാനമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ സന്ദർശനത്തിനായി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തും. തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ജനിച്ചുവളർന്ന ഭാര്യ അക്ഷത മൂർത്തിയും പ്രധാനമന്ത്രിക്കൊപ്പം എത്തുന്നുണ്ട്. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എൻ ആർ നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി .
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി 20 . തൻറെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കാണും . യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ചർച്ചകൾ നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷാരംഭത്തിന് മുമ്പായി കരാർ നിലവിൽ വരുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായ നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞത്. എന്നാൽ കരാർ നിലവിൽ വരാനുള്ള സമയ പരുധിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ തരാൻ യുകെ ഇതുവരെ തയ്യാറായിട്ടില്ല.
നാളെ ഉദ്ഘാടനം നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ . സംയുക്ത പ്രസ്താവനയുടെ കരടിൽ ഉക്രയിൻ വിഷയത്തെ ചൊല്ലി അംഗരാജ്യങ്ങളുടെ ഇടയിൽ ഭിന്നത നിൽക്കുന്നുണ്ട്. റഷ്യയെ വിമർശിക്കുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. ഈ വർഷത്തെ സംയുക്ത പ്രസ്താവനയിൽ ഉക്രയിൻ സംഘർഷത്തെ അപലപിക്കുന്ന ഭാഗത്ത് റഷ്യയുടെയും ചൈനയുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ എട്ടു വർഷങ്ങൾക്ക് ശേഷം ആശുപത്രി ട്രസ്റ്റിനെതിരെ നരഹത്യ കുറ്റം ചുമത്തി. 2015 ജൂലായ് 7-നാണ് റെഡ്ബ്രിഡ്ജിലെ ഗുഡ്‌മെയ്‌സ് ഹോസ്പിറ്റലിൽ 22 കാരിയായ ആലീസ് ഫിഗ്യൂറെഡോ മരിച്ചത്. 2016 ഏപ്രിലിൽ, മിസ് ഫിഗ്യൂറെഡോയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഏകദേശം അഞ്ച് വർഷമായി, ഡിറ്റക്ടീവുകൾ അന്വേഷണങ്ങൾ നടത്തി ഇതിൽ കണ്ടെത്തിയ തെളിവുകൾ 2021 മാർച്ചിൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് (സിപിഎസ്) റഫർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെതിരെ കോർപ്പറേറ്റ് നരഹത്യയ്ക്ക് കുറ്റം ചുമത്താൻ സിപിഎസ് മെറ്റ് പോലീസിന് അധികാരം നൽകി.
എസെക്സിലെ ഗ്രേസിൽ നിന്നുള്ള വാർഡ് മാനേജർ ബെഞ്ചമിൻ അനിനക്വ (52) ക്കെതിരെയും ഗുരുതരമായ അശ്രദ്ധ ചൂണ്ടിക്കാട്ടി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഒക്ടോബർ 4 ബുധനാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ബെഞ്ചമിനെ ഹാജരാക്കും. അന്വേഷണത്തിലുള്ള പുരോഗതിയെ കുറിച്ച് ഉദ്യോഗസ്ഥർ ആലീസിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് നീതിയുക്തമായ വിചാരണയ്ക്ക് അവകാശമുള്ളതിനാൽ ജനങ്ങൾ സോഷ്യൽ മീഡിയയിൽ തൻെറ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തന്റെ അമ്മ രാജ്യത്തിനുവേണ്ടി ചെയ്ത അർപ്പണബോധമുള്ള സേവനത്തെ ചാൾസ് രാജാവ് അനുസ്മരിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. തികച്ചും സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്റെ മാതാവിനെ അനുസ്മരിച്ച ചാൾസ് രാജാവ്, എലിസബത്ത് രാജ്ഞിയ്ക്ക് 42 വയസ്സുള്ളപ്പോൾ സെസിൽ ബീറ്റൺ എടുത്ത വളരെ അപൂർവ്വമായ അവരുടെ ചിത്രവും പ്രദർശനം ചെയ്തു. ഇതുവരെ ഈ ചിത്രം പൊതുജനങ്ങൾക്കിടയിൽ പുറത്തുവിട്ടിരുന്നില്ല. 15 വജ്രങ്ങൾ കൊണ്ട് നിർമ്മിച്ച ഗ്രാൻഡ് ഡച്ചസ് വ്ളാഡിമിറിന്റെ ടിയാര ധരിച്ച് തന്റെ ഗാർട്ടർ വസ്ത്രത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ് നിന്ന് പുഞ്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയാണ് ഈ അപൂർവമായ ചിത്രത്തിൽ ഉള്ളത്.
ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ, തന്റെ അമ്മയുടെ മരണശേഷം തന്നോടും ഭാര്യ കമിലയോടും ബ്രിട്ടനിലെ ജനങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ചാൾസ് രാജാവ് നന്ദി പറഞ്ഞു. തന്റെ അമ്മ അന്തരിച്ചിട്ട് ഒരു വർഷം ആകുന്ന ഈ വേളയിൽ, അവരുടെ അർപ്പണബോധമുള്ള സേവനങ്ങൾ തികഞ്ഞ നന്ദിയോടെ ഓർക്കുന്നതായും ഓഡിയോ സന്ദേശത്തിൽ ചാൾസ് രാജാവ് പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ ചരമവാർഷിക ദിനത്തിൽ ബ്രിട്ടൻ പ്രധാനമന്ത്രി റിഷി സുനകും രാജ്ഞിയുടെ അസാധാരണമായ പ്രവർത്തനങ്ങളെ അനുസ്മരിച്ചു. രാജ്ഞിയുമായുള്ള തന്റെ ഓർമ്മകൾ താൻ നിധി പോലെ സൂക്ഷിക്കുന്നതായും, ചാൻസിലർ ആയി താൻ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് രാജ്ഞിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുവാൻ സാധിച്ചത് ഇപ്പോഴും ഓർമ്മിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തുടനീളം വിവിധ ചടങ്ങുകളിലൂടെ രാജ്ഞിയുടെ ചരമവാർഷികം ജനങ്ങൾ അനുസ്മരിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹോസ്പിറ്റൽ ട്രസ്റ്റിൽ ശിശുക്കൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നോട്ടിംഗ്‌ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് (എൻയുഎച്ച് ) എൻഎച്ച്എസ് ട്രസ്റ്റിലെ മെറ്റേണിറ്റി യൂണിറ്റുകൾ പരിശോധിച്ച് വരികയാണെന്ന് സീനിയർ മിഡ്‌വൈഫ് ഡോണ ഒക്കെൻഡൻ പറഞ്ഞു. ഏകദേശം 1,800 കുടുംബങ്ങളെ ബാധിക്കുന്ന ഈ റിവ്യൂ യുകെയിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ അവലോകനമായി മാറും.
ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തോടുള്ള തൻെറ പിന്തുണ അറിയിച്ചു. സീനിയർ മിഡ്‌വൈഫുമായുള്ള ചർച്ചയെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലും ക്വീൻസ് മെഡിക്കൽ സെന്ററിലും കുഞ്ഞുങ്ങൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതിന് പിന്നിലുള്ള വീഴ്ച്ചകളെ കുറിച്ച് ഇവരുടെ ടീം ആണ് പരിശോധിച്ച് വരുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൻെറ സ്ഥിതിവിവരങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതിനായി മിസ് ഡോണ ഒക്കെൻഡന്റയെ കണ്ടതായി ചീഫ് കോൺസ്റ്റബിൾ കേറ്റ് മെയ്‌നെൽ പറഞ്ഞു.
ട്രസ്റ്റിലെ അശ്രദ്ധ മൂലം തങ്ങൾക്ക് നഷ്‌ടമായ പ്രിയപെട്ടവരുടെ കുടുംബങ്ങളും മറ്റുമാണ് കേസിനായി മുൻപോട്ട് വന്നത്. സംഭവത്തിൽ ട്രസ്റ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവിശ്യം. ഇത് ട്രുസ്ടിലെ ജോലിക്കാരെ കോടതിയിൽ ഹാജരാകാൻ നിർബന്ധിതരാക്കും. ഷ്രൂസ്ബറി, ടെൽഫോർഡ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയിലെ പരാജയങ്ങളെക്കുറിച്ച് വെസ്റ്റ് മെർസിയ പോലീസ് സമാനമായ അന്വേഷണം നടത്തിവരികയാണ്. മൂന്ന് വർഷത്തിലേറെയായി ആ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയും ആരുടെയുമേൽ കുറ്റം ചുമത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബുധനാഴ്‌ച രാവിലെ ലണ്ടനിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട തീവ്രവാദിയെന്ന് സംശയിക്കുന്ന മുൻ സൈനികന് വേണ്ടിയുള്ള തിരിച്ചിൽ രാജ്യവ്യാപകമായി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സൈനിക താവളത്തിൽ വ്യാജ ബോംബുകൾ ഉപേക്ഷിച്ചുവെന്നാരോപിച്ച് ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിൽ വിചാരണയ്ക്കായി കാത്തിരിക്കുകയായിരുന്ന ഇരുപത്തൊന്നുകാരനായ ഡാനിയേൽ ആബേദ് ഖാലിഫാണ് കഴിഞ്ഞദിവസം ജയിൽ ചാടിയത്. ജയിലിന്റെ അടുക്കളയിലൂടെ ആണ് ഇയാൾ രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.
ജയിലിന്റെ അടുക്കളയിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ ഫുഡ് ഡെലിവറി വാനിന്റെ അടിയിൽ ഇയാൾ തന്നെ കെട്ടിയിട്ട് ആണ് രക്ഷപ്പെട്ടത്. ഇതേ തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം അധിക സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ്. എത്തരത്തിലാണ് ഇയാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് എന്ന് കണ്ടെത്തുവാൻ പ്രിസൺ സർവീസ് ഉദ്യോഗസ്ഥർ മെട്രോപോളിറ്റൻ പോലീസ് അധികൃതമായി ചേർന്ന് അന്വേഷണത്തിൽ പങ്കുകൊള്ളുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ബി കാറ്റഗറി ജയിലായ എച്ച്എംപി വാൻഡ്‌സ്‌വർത്തിൽ നിന്ന് ഏകദേശം രാവിലെ 7:50 ന് രക്ഷപ്പെട്ടതിന് മുൻപ് ഖാലിഫ് അടുക്കളയിലായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആറടി 2 ഇഞ്ച് ഉയരമുള്ള ഇയാളെ ജയിൽ ഷെഫിന്റെ യൂണിഫോമായ വെള്ള ടീ ഷർട്ടും ചുവപ്പും വെള്ളയും കലർന്ന ചെക്കഡ് ട്രൗസറും ധരിച്ചാണ് അവസാനമായി കണ്ടതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇയാൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കാനുള്ള സാധ്യത കുറവാണെങ്കിലും കണ്ടെത്തുന്നവർ തനിയെ കീഴ്പ്പെടുത്താൻ ശ്രമിക്കാതെ ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്നുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. 2019 ലാണ് ഖാലിഫ് സൈന്യത്തിൽ ചേർന്നത്. ഭീകരപ്രവർത്തനത്തിനു സഹായിക്കുകയും, അതോടൊപ്പം തന്നെ ശത്രുവിന് ഉപകാരപ്രദമായ വിവരങ്ങൾ ശേഖരിച്ചു കൊടുക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് വിചാരണ കാത്ത് റിമാൻഡിലായിരുന്നു ഇയാൾ. നിലവിലെ സാഹചര്യത്തിൽ രാജ്യത്തുടനീളം ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹോസ്പിറ്റൽ സ്‌ട്രോക്ക് യൂണിറ്റിലെ രോഗികൾക്ക് മയക്കുമരുന്ന് നൽകി അതിനെപ്പറ്റി തമാശ പറഞ്ഞ നേഴ്സുമാരുടെ സംഭവത്തിൽ വിചാരണ തുടങ്ങി. 54 കാരിയായ കാതറിൻ ഹഡ്‌സണും 48 കാരിയായ ഷാർലറ്റ് വിൽമോട്ടും ബ്ലാക്ക്‌പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ തങ്ങൾക്ക് താല്പര്യമില്ലാത്ത രോഗികളെ ലക്ഷ്യം വച്ചതായി കോടതി കേട്ടു. രോഗികളെ കൊല്ലുന്നതിനെക്കുറിച്ചോ മയക്കുന്നതിനെക്കുറിച്ചോ ഇരുവരും തമാശ പറഞ്ഞതായും വെളിപ്പെടുത്തൽ ഉണ്ട്. പ്രതികൾ രോഗികളോട് കരുതലോടെയും അനുകമ്പയോടെയും അല്ല, മറിച്ച് അവജ്ഞയോടെയാണ് പെരുമാറിയതെന്ന് പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ കേസ് ആരംഭിച്ച് പ്രോസിക്യൂട്ടർ പീറ്റർ റൈറ്റ് പറഞ്ഞു.
“ഇന്ന് ബ്ലൂ ബേയിൽ എനിക്ക് മനോഹരമായ ദിവസമായിരുന്നു. പ്രശ്‌നമുണ്ടാക്കുന്നവരെയെല്ലാം മയക്കുമരുന്ന് നൽകി മയക്കി.” ഹഡ്‌സന്റെ സന്ദേശം ഇപ്രകാരമായിരുന്നു. ബാൻഡ് 5 രജിസ്റ്റർ ചെയ്ത നേഴ്‌സായ ഹഡ്‌സണും ബാൻഡ് 4 അസിസ്റ്റന്റ് പ്രാക്ടീഷണറായ വിൽമോട്ടും തമ്മിൽ പങ്കുവെച്ച സന്ദേശത്തിൽ ബെഡ് 5ലെ രോഗിയെ കൊല്ലാൻ പോകുന്നതായി ഹഡ്‌സൺ പറയുന്നുണ്ട്.
2017 ഫെബ്രുവരിക്കും 2018 നവംബറിനും ഇടയിലാണ് ഈ സംഭവങ്ങൾ നടന്നത്. നാല് രോഗികളോട് മോശമായി പെരുമാറിയെന്ന കുറ്റമാണ് ഹഡ്‌സന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു രോഗിയോട് മോശമായി പെരുമാറാൻ ഗൂഢാലോചന നടത്തിയതിന് രണ്ട് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. കോടതിയിൽ വിചാരണ തുടരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രമേഹ രോഗികളുടെ മരുന്നിന് വൻ ക്ഷാമം. ശരീര ഭാരം കുറയ്ക്കാൻ ആളുകൾ ഒസെംപിക് എന്ന മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇതിൻെറ ലഭ്യത കുത്തനെ കുറഞ്ഞത്. 2024 ജൂൺ വരെ ആഗോള തലത്തിൽ ഒസെംപികിന് ക്ഷാമം ഉണ്ടാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. മരുന്നിൻെറ ലഭ്യത കുറവ് മൂലം ജനങ്ങളുടെ മരുന്നുകൾ അവലോകനം ചെയ്ത് സാധ്യമാകുന്നിടത്ത് ഇതരമാർഗങ്ങൾ നിർദ്ദേശിക്കുമെന്നും വെൽഷ് സർക്കാർ അറിയിച്ചു.
ദീർഘകാലമായി പ്രമേഹ രോഗികൾ ആയിട്ടുള്ളവരിൽ ഭൂരിഭാഗവും ഒസെംപികിനെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ തന്നെ മരുന്നിൻെറ ലഭ്യത കുറവ് ഇവരെ ബാധിക്കും. ഒസെംപികിൽ സെമാഗ്ലൂറ്റൈഡ് എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് ആളുകളുടെ വിശപ്പ് കുറയ്ക്കും. അതിനാൽ ശരീര ഭാരം കുറയ്ക്കാനുള്ള ഒരു മാർഗമായും ഇതിനെ കണ്ടുവരുന്നുണ്ട്. ഈ കാരണത്താൽ മരുന്നിൻെറ ആവശ്യം ആഗോള ക്ഷാമത്തിന് കാരണമായിരിക്കുകയാണ്. പ്രമേഹ രോഗികൾക്കായി തയാറാക്കിയ മരുന്നാണെങ്കിലും ഇത്തരക്കാർക്ക് പോലും ഇപ്പോൾ മരുന്ന് ലഭിക്കുന്നില്ല. ഇവരിൽ പലർക്കും ശരിയായ രീതിയിൽ ചികിത്സ ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്ക ഒരു രോഗി പങ്കുവച്ചു.
2024 ജൂൺ വരെ മരുന്നിൻെറ വിതരണം സാധാരണ നിലയിലാകുമെന്ന് കരുതുന്നില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരിറ്റികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കും. മരുന്നിൻെറ നീണ്ട കാലത്തേക്കുള്ള ലഭ്യതക്കുറവ് മൂലം യുകെയുടെ എല്ലാ ഭാഗങ്ങളിലും സെമാഗ്ലൂറ്റൈഡ് നിർദ്ദേശിക്കുന്ന ആളുകളുടെ മരുന്നുകൾ അവലോകനം ചെയ്‌ത് ആവശ്യമെങ്കിൽ, ഒരു ബദൽ ചികിത്സ നിർദ്ദേശിക്കുമെന്ന് വെൽഷ് ഗവൺമെന്റ് പറഞ്ഞു.