Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ജീവിതചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ചിലവ് കുറയ്ക്കാനുള്ള സഹായ മാർഗങ്ങൾ മെയിൽ ഓൺലൈൻ നൽകിയിരിക്കുകയാണ്. പണപ്പെരുപ്പം ഒൻപത് ശതമാനത്തിൽ എത്തിനിൽക്കുന്നതും, ഭക്ഷണസാധനങ്ങളുടെ വില വർദ്ധനവും, എനർജി ബില്ലുകളിലുള്ള വർദ്ധനവുമെല്ലാം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനായി അടിയന്തരമായി 15 ബില്യൺ പൗണ്ടിന്റെ പാക്കേജ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ മാസത്തോടുകൂടി വീണ്ടും എനർജി ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. ജനങ്ങൾ ഇലക്ട്രിസിറ്റി ബില്ലുകൾ കുറയ്ക്കുന്നതിനായി ആവശ്യം ഇല്ലാതെയുള്ള ഇലക്ട്രിസിറ്റി സാധനങ്ങളുടെ ഉപയോഗവും കുറയ്ക്കണമെന്ന് മെയിൻ ഓൺലൈൻ നിർദ്ദേശിക്കുന്നു. ചൂടുള്ള സമയങ്ങളിൽ ഹീറ്റർ സംവിധാനം പൂർണമായും ഓഫ് ചെയ്യുന്നതും ബില്ലുകൾ കുറയ്ക്കുന്നതിന് സഹായകരമാകും.


പാവപ്പെട്ട കുടുംബങ്ങൾ കൂടുതലും ഗ്യാസിനെയും ഇലക്ട്രിസിറ്റിയെയും ആശ്രയിക്കുന്നതിനാൽ വിലവർധന അവരെ കൂടുതൽ ബാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പെട്രോൾ വിലകളിലും റെക്കോർഡ് വർധനവാണ് അടുത്തിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളിലും മറ്റും യാത്രചെയ്യുന്നവർ മുൻകൂട്ടി ബുക്ക് ചെയ്താൽ ടിക്കറ്റുകളിൽ വരുന്ന ഇളവ് പ്രയോജനപ്പെടുത്തണമെന്നും മെയിൽ ഓൺലൈൻ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ കൃത്യമായി പ്ലാൻ ചെയ്ത യാത്രകൾക്ക് മാത്രമേ ഈ സേവനം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അഡ്വാൻസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് പിന്നീട് ക്യാൻസൽ ചെയ്യുമ്പോൾ റീഫണ്ട് ലഭിക്കാത്തതിനാലാണ് ഇത്. അതോടൊപ്പം തന്നെ സൂപ്പർമാർക്കറ്റുകളും മറ്റും നൽകുന്ന ഓഫർ കാർഡുകൾ എല്ലാം തന്നെ ജനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് മെയിൽ ഓൺലൈൻ നിർദേശിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ അനാച്ഛാദനം ചെയ്‌തതിന് തൊട്ടുപിന്നാലെ മുട്ടകൾ എറിഞ്ഞതിന് യൂണിവേഴ്‌സിറ്റി ആർട്‌സ് ഡയറക്ടർക്ക് 90 പൗണ്ട് പിഴ ചുമത്തി. ലീസെസ്റ്റർ സർവകലാശാലയിലെ ആറ്റൻബറോ ആർട്‌സ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടറായ ജെറമി വെബ്‌സ്റ്റർനാണ് പിഴ ചുമത്തപ്പെട്ടത് . താച്ചറുടെ ജന്മനാടായ ഗ്രാന്തം ടൗണിലാണ് പ്രതിമ പുതിയതായി നിർമ്മിച്ചിരിക്കുന്നത്. ജെറെമി തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് താൻ ചെയ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമ അനാവരണം ചെയ്തു ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ജെറെമി സ്ഥലത്തെത്തി നാലോളം മുട്ടകൾ എറിയാൻ ശ്രമിച്ചുവെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് പ്രതിമയിൽ പതിച്ചത്.

മൂന്നുലക്ഷം പൗണ്ടോളം മുടക്കിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ നടത്തിയ ആക്രമണം തികച്ചും തെറ്റാണെന്ന് ലോക്കൽ കൗൺസിലർമാരും എംപിമാരും പ്രതികരിച്ചു. സാധാരണ ഒരു നേതാവായിരുന്നില്ല താച്ചറെന്നും, എല്ലാ നൂറ്റാണ്ടിലും ജനങ്ങൾ ഓർമ്മച്ചിരിക്കുന്ന ഒരു നാമമാണ് താച്ചറുടെതെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു. 10 അടിയോളം ഉയരമുള്ള പ്രതിമയുടെ സംരക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ആയിരുന്നു ആദ്യം പ്രതിമ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് താച്ചറുടെ ജന്മനാട്ടിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു. പ്രതിമയ്ക്ക് ചുറ്റും മെറ്റൽ വേലി ഉണ്ടെങ്കിലും അതിന് പുറത്തുനിന്നാണ് ജെറെമി മുട്ടയെറിഞ്ഞത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ആശ്വാസവുമായി സർക്കാർ. ഈ ഒക്ടോബറിൽ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഊർജ്ജ ബില്ലിൽ 400 പൗണ്ട് കിഴിവ് ലഭിക്കുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. 15 ബില്യൺ പൗണ്ട് മൂല്യമുള്ള പുതിയ സഹായ പാക്കേജ് ആണ് സുനക് പ്രഖ്യാപിച്ചത്. ഓയില്‍, ഗ്യാസ് വമ്പന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ടാക്‌സ് ഏര്‍പ്പെടുത്തിയാണ് സുനക് സാധാരണ ജനങ്ങള്‍ക്ക് പിന്തുണ നൽകുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ദരിദ്ര കുടുംബങ്ങൾക്ക് 650 പൗണ്ട് വീതം നൽകുമെന്നും ചാൻസലർ അറിയിച്ചു.

80 ലക്ഷം കുടുംബങ്ങൾക്ക് രണ്ട് തവണയായി 650 പൗണ്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. പെൻഷൻകാർക്ക് 300 പൗണ്ട് വീതവും ഭിന്നശേഷി ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർക്ക് 150 പൗണ്ടും നൽകും. ഈ ഒക്ടോബറിൽ സാധാരണ ഗാർഹിക ഊർജ്ജ ബിൽ 800 പൗണ്ട് വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സർക്കാരിന്റെ ഈ സഹായവാഗ്ദാനം.

റഷ്യ – യുക്രൈൻ യുദ്ധം, കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, ചൈനയിലെ സമീപകാല ലോക്ക്ഡൗൺ എന്നിവ വിലക്കയറ്റത്തിന് കാരണമായെന്ന് സുനക് പറഞ്ഞു. കഠിനമായ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും സുനക് ഉറപ്പ് നൽകി.

പ്രവാസി മലയാളി നേഴ്സ് റോമിൽ വച്ച് മരണമടഞ്ഞു . ചിങ്ങവനം സ്വദേശിനിയായ സിമി ജിനോ(41വയസ്സ് ) ആണ് വിട പറഞ്ഞത് . ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. റോമിലെ വിയലെ ടിബിയയിലാണ് ജോലി ചെയ്തിരുന്നത് . ശേഖർ കോളേജ് ഓഫ് നേഴ്‌സിംഗിലെ 2001 ബാച്ച് വിദ്യാർത്ഥിയായിരുന്നു. ജിനോയാണ് ഭർത്താവ്.

സിമി ജിനോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്ലാസ്ഗോ : ചികിത്സയുടെ മറവിൽ 35 വർഷത്തിനിടെ 47 വനിതാ രോഗികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 12 വർഷം തടവ്. 72കാരനായ ഡോ. കൃഷ്ണ സിങ്ങിനാണ് 12 വർഷത്തെ ജയിൽ ശിക്ഷ സ്കോട്ട്ലൻഡ് കോടതി വിധിച്ചത്. ചികിത്സയ്ക്കിടെ വനിതാ രോഗികളെ ചുംബിക്കുക, അനുചിതമായ പരിശോധനകൾ നടത്തുക, അശ്ലീല സംഭാഷണങ്ങൾ പറയുക തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ. രോഗികളിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കൗമാരക്കാരായ കുട്ടികളും ഗർഭിണികളും ഉൾപ്പെടുന്നു. 1983 ഫെബ്രുവരി മുതൽ 2018 മെയ് വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്.

ഹൈക്കോടതി വിചാരണയ്ക്കിടെ കൃഷ്ണ സിങ് കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ പറഞ്ഞിരുന്നു. സിങ്ങിന്റെ പ്രവൃത്തികൾക്ക് ന്യായീകരണമില്ലെന്നും ലൈംഗിക പീഡനം നടത്താൻ അദ്ദേഹം സ്ഥാനം ദുരുപയോഗം ചെയ്തെന്നും കോടതി വ്യക്തമാക്കി.

നോർത്ത് ലങ്കാഷെയറിലെ മെഡിക്കൽ പ്രാക്ടീസിനിടെയാണ് ഇയാൾക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. ഇതുകൂടാതെ, വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും രോഗികളുടെ വീടുകൾ സന്ദർശിക്കുമ്പോഴുമെല്ലാം കൃഷ്ണ സിങ് രോഗികളെ പീഡിപ്പിച്ചു. മെഡിക്കൽ സേവനങ്ങളിലെ സംഭാവനയ്ക്ക് 2013-ൽ റോയൽ മെംബർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ബഹുമതി ലഭിച്ചയാളാണ് ഡോ.കൃഷ്ണ.

2018ൽ, കൃഷ്ണ സിങ്ങിന്റെ ചികിത്സയ്ക്കു വിധേയമായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെ 54 കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തു. കൃഷ്ണയ് ക്കെതിരെയുള്ള ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ അത് അറസ്റ്റിനും ഇപ്പോൾ ജയിൽ ശിക്ഷയ്ക്കും വഴി തുറന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ജൂൺ മാസം അവസാനത്തോടെ യുകെയിൽ വാഹന ഡ്രൈവിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്തമാസം അവസാനത്തോടെ വീടുകളിലും ജോലി സ്ഥലങ്ങളിലും മറ്റുമുള്ള എല്ലാ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകളിലും സ്മാർട്ട് ചാർജിങ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജൂൺ മുപ്പതോടെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നിലവിലെ തീരുമാനം. നാഷണൽ ഗ്രിഡിനുമേലുള്ള അമിത ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വെയിൽസിലും മറ്റും വിൽക്കപ്പെടുന്ന ചാർജിങ് പോയിന്റുകൾക്ക് മിനിമം സ്റ്റാൻഡേർഡ് നിർബന്ധമാകും. ഇത്തരത്തിൽ സ്മാർട്ട് ചാർജിങ് പോയിന്റുകൾ ഡ്രൈവർമാർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് നിഗമനം.

ചാർജിങ് ഹിസ്റ്ററി ഉൾപ്പെടെ അറിയാനുള്ള സംവിധാനവും സ്മാർട്ട് ചാർജിങ് പോയിന്റുകളിൽ ലഭ്യമാണ്. സർക്കാർ നിബന്ധന പ്രകാരമുള്ള എല്ലാ മാറ്റങ്ങളും തങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ചാർജിങ് സംവിധാനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്മാർട്ട് ചാർജിങ് സംവിധാനങ്ങളുടെ നിർമാതാവായ ഓഹം കമ്പനി സിഇഒ ഡേവിഡ് വാട്സൺ അറിയിച്ചു. ജൂലൈയോടെ ഇത്തരത്തിൽ പുതുക്കിയ ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഫ്രാൻസിലെ ബോറ ബോറയോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച നൂറ് ബീച്ചുകളുടെ ലിസ്റ്റിൽ ഡോർസെറ്റിലെ ഡർഡിൽ ഡോറും ഉൾപ്പെട്ടിരിക്കുകയാണ്. ഡർഡിൽ ഡോറിനോടൊപ്പം യു കെയിൽ നിന്നും വെയിൽസിലെ ടെൻബി നോർത്ത് ബീച്ച് മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. അയർലണ്ടിൽ നിന്നും കീം ബേ ബീച്ച് ഈ ലിസ്റ്റിലുണ്ട്. ലൈമ്സ്റ്റോൺ കൊണ്ട് പ്രകൃതി തന്നെ ഒരുക്കിയ ഒരു വലിയ ആർച്ച് ആണ് ഈ ബീച്ചിന്റെ പ്രത്യേകത. ബോൺമൗത്തിൽ നിന്നും ഏകദേശം 25 മൈലോളം നീണ്ടു കിടക്കുന്ന ഈ ബീച്ച് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടുത്തെ പ്രത്യേകതയായ ലൈമ്സ്റ്റോൺ ആർച്ചിന് ഏകദേശം 10,000 വർഷത്തെ പഴക്കമുണ്ട് എന്നാണ് നിഗമനം. മണ്ണും ചരലുമെല്ലാം കൂടി കലർന്ന ഈ ബീച്ചിലെ വെള്ളവും വളരെ തെളിഞ്ഞതാണ്.

പഴയകാലത്തെ മൃഗങ്ങളുടേയും മറ്റും ഫോസിലുകളുടെ അവശിഷ്ടങ്ങൾ അടങ്ങുന്ന പാറക്കൂട്ടങ്ങളും ബീച്ചിന് അടുത്തായി തന്നെ ഉണ്ട്. ഇതോടൊപ്പംതന്നെ പാറകൾക്കിടയിൽ ചെറിയതോതിലുള്ള സുഷിരങ്ങളും ഗുഹകളും ഉണ്ട്. എന്നാൽ ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇതിൽ കടക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമുണ്ട്. വെയിൽസിലെ പെമ്ബ്രോക്ക്ഷെയറിലുള്ള ടെൻബി നോർത്തും ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. വളരെയധികമായുള്ള സമുദ്രജീവികളാണ് ഈ ബീച്ചിന്റെ പ്രത്യേകത. ജെല്ലി ഫിഷിനെ വരെ ഈ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് കാണുവാൻ സാധിക്കും.

ക്രിമിയ : അധിനിവേശത്തിനിടയിൽ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ മോഷ്ടിച്ച് റഷ്യ. ഈ മാസം പുറത്തു വന്ന ഉപഗ്രഹ ചിത്രങ്ങളിൽ റഷ്യൻ പതാകയുള്ള രണ്ട് കപ്പലുകൾ ക്രിമിയൻ തുറമുഖമായ സെവാസ്റ്റോപോളിലെ വലിയ ധാന്യപുരയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്നത് കാണാം. ഇതുവഴിയാണ് യുക്രൈനിലെ ധാന്യങ്ങൾ റഷ്യ കടത്തിയത്. രണ്ട് കപ്പലുകളും ഇപ്പോൾ തുറമുഖം വിട്ടു. യുക്രൈനിലെ ഭക്ഷ്യസാധനങ്ങൾ റഷ്യ മോഷ്ടിക്കുകയാണെന്നും ഇതുവഴി യുക്രൈനിലെ പലരും ഭക്ഷ്യക്ഷാമം നേരിടുന്നെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു. വ്‌ളാഡിമിർ പുടിൻ ബോധപൂർവമായ ഭക്ഷ്യക്ഷാമം സൃഷ്ടിച്ച് ലോകത്തെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും ഉയർന്നു.

ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി ആഫ്രിക്കയിലുള്ളവർ യൂറോപ്പിലേക്ക് കുടിയേറുമെന്നും ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞു. ഭക്ഷ്യ പ്രതിസന്ധി മറ്റൊരു കുടിയേറ്റ തരംഗത്തിന് കാരണമാകുമെന്ന ആശങ്ക അവർ പങ്കുവെച്ചു. പുടിന്റെ സൈന്യം അധിനിവേശ പ്രദേശങ്ങളിലെ ഒന്നിലധികം ധാന്യപ്പുരകൾ ശൂന്യമാക്കിയതായി യുക്രൈൻ ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് വെളിപ്പെടുത്തി. വടക്കൻ ആഫ്രിക്കയിൽ പട്ടിണിയുണ്ടായാൽ സ്പെയിനിലും തെക്കൻ യൂറോപ്പിലും വലിയ കുടിയേറ്റ പ്രശ്നമുണ്ടാകുമെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ നിരവധി ഫാമുകളും വെയർഹൗസുകളും തകർന്നു. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ആഗോള ഭക്ഷ്യക്ഷാമത്തെ പറ്റി ഐക്യരാഷ്ട്രസഭ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്ന ആളുകളുടെ എണ്ണം 276 മില്യൺ ആയി ഉയർന്നു. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്‌ട്രസഭ നിർദേശിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒക്ടോബറിൽ ഗാർഹിക ഊർജ ബില്ലിൽ 800 പൗണ്ടിന്റെ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എനർജി റെഗുലേറ്റർ. ഗ്യാസ് വിലകളിലെ തുടർച്ചയായ ചാഞ്ചാട്ടം കാരണം ഊർജ്ജ വില പരിധി, പ്രതിവർഷം £2,800 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫ്ഗം മേധാവി ജോനാഥൻ ബ്രെയർലി പറഞ്ഞു. ഇന്ധന ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 12 മില്യൺ ആയി ഉയരും. 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്ന് ബ്രെയർലി പറഞ്ഞു. വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടിവരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാണെന്ന് പറയുക.

ഊർജ വില പരിധി ഏപ്രിലിൽ കുത്തനെ ഉയർന്ന് 1,971 പൗണ്ടിലെത്തി. ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന വീടുകൾ ഇപ്പോൾ പ്രതിവർഷം ശരാശരി 700 പൗണ്ട് അധികമായി നൽകുന്നുണ്ട്. ഇതിനു പിന്നാലെയാണ് എനർജി ബില്ലിൽ വീണ്ടും വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പ്. ഇപ്പോൾ തന്നെ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും വർധന ഉണ്ടാകും.

യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള വാതക വിപണിയിലെ അവസ്ഥ മോശമായതായി ബ്രെയർലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നായ റഷ്യ, വിതരണം തടസ്സപ്പെടുത്താൻ തീരുമാനിച്ചാൽ വില പരിധി കുത്തനെ ഉയരും. യൂറോപ്പിന് പ്രകൃതി വാതകത്തിന്റെ 40% റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വിതരണം വെട്ടിക്കുറയ്ക്കുന്നത് വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ആഗോള വിപണിയിലെ വില വർധന യുകെയെയും ദുരിതത്തിലാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മലയാളി നേഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടനിലേക്ക് സ്റ്റാഫ് നേഴ്സായി പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഇപ്പോൾ ഇതാ അവർക്കായി ഒരു സന്തോഷ വാർത്ത. യുകെയിൽ സ്റ്റാഫ്‌ നേഴ്‌സ്‌ ജോലിക്കായി എത്തുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷ സംബന്ധമായ നിബന്ധനകളിൽ പ്രധാനപ്പെട്ട പല ഇളവുകളും പ്രഖ്യാപിക്കാൻ എൻഎംസി (Nursing & Midwifery Council) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ വ്യാഴാഴ്ച നടക്കുന്ന എൻഎംസി യോഗം നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും, പുതിയ മാറ്റങ്ങൾ അംഗീകരിച്ചാൽ ഈ വർഷം ഒക്ടോബർ മുതൽ ഇത് നടപ്പായേക്കുമെന്നും വാർത്ത കേന്ദ്രങ്ങൾ അറിയിച്ചു.

നിലവിൽ റൈറ്റിങ് 6.5, ബാക്കിയെല്ലാം 7 എന്നതാണ് യുകെയ്ക്ക് ആവശ്യമായ IELTS സ്കോർ. OET യിൽ റൈറ്റിങ് C+ ഗ്രേഡും ബാക്കി എല്ലാം B ഗ്രേഡുമാണ് ആവശ്യം. എന്നാൽ കോച്ചിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് പോലും ഇത് പ്രയാസകരം ആയിരുന്നു. അടുത്ത 5 വർഷം കൊണ്ട് ചുരുങ്ങിയത് 5 ലക്ഷം വിദേശ നേഴ്സുമാരെയെങ്കിലും യുകെയിൽ ആവശ്യമായി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ഭാഷാ പരീക്ഷകൾ ഈ രീതിയിൽ കർശനമായി തുടർന്നാൽ ആവശ്യമായ നേഴ്സുമാരെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നൊരു വിലയിരുത്തൽ കൂടി ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. അതിനാൽ IELTS അല്ലെങ്കിൽ OET പരീക്ഷയിൽ നിലവിൽ യുകെയ്ക്ക് ആവശ്യമായ സ്കോർ നിയമങ്ങളിൽ ഇളവ് വരുത്താൻ എൻഎംസി തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിൽ 2022 പകുതിയോടെ അന്തിമതീരുമാനം ഉണ്ടാകുമെന്നും ഒക്ടോബർ മുതൽ നടപ്പായേക്കുമെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

അതേസമയം, IELTS അല്ലെങ്കിൽ OET ക്ക് പകരമായി ‘എംപ്ലോയർ ലാംഗ്വേജ് റെഫറൽ സിസ്റ്റം’ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുകെയിൽ നിലവിൽ സീനിയർ കെയറർ പോലുള്ള തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരക്കാർക്ക് നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയർ നൽകുന്ന ലാംഗ്വേജ് റെഫറൽ ലെറ്റർ മാത്രം അടിസ്ഥാനമാക്കി, OET അല്ലെങ്കിൽ IELTS സ്കോർ നോക്കാതെ പിൻ നമ്പർ അനുവദിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. IELTS അല്ലെങ്കിൽ OET ആവശ്യമില്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ പരിഗണന ലഭിച്ചേക്കാം. ഇത്‌ ഏതെല്ലാം രാജ്യങ്ങൾക്ക് അനുവദിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കും. എന്തായാലും ഈ സംവിധാനം നടപ്പിലായാൽ നിലവിൽ മാൾട്ട പോലെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ അതിന്റെ പ്രധാന ഗുണഭോക്താക്കൾ മലയാളികൾ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.

ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ച ഒരു ഡിഗ്രി കോഴ്‌സ് കഴിഞ്ഞ് പിജി കോഴ്‌സുകൾ ചെയ്തവർക്ക് ഇംഗ്ലീഷ് ടെസ്റ്റുകൾ നിർബന്ധമാക്കണോ എന്നതും പരിഗണന വിഷയമാണ്. നിലവിൽ BSc നഴ്സിംഗ് പാസ്സായി MSc കൂടി ചെയ്താലും OET / IELTS പരീക്ഷയ്ക്ക് നിശ്ചിതസ്കോർ നിർബന്ധമാണ്. ഇത്‌ തുടരണോ എന്നും എൻഎംസി തീരുമാനിക്കും.

RECENT POSTS
Copyright © . All rights reserved