ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2023 ജൂൺ 13ന് ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നോട്ടിങ്ഹാം കൊലപാതകത്തിൽ കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട് പുതിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ടിൽ, മെന്റൽ ഹെൽത്ത് സർവീസിന്റെ ഭാഗത്തുനിന്നും നിരവധി പിശകുകളും തെറ്റുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയായ വാൽഡോ കലോക്കെയ്ൻ്റെ പരിചരണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവരുടെ കൈകളിൽ ചോരകറയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ 19 വയസ്സുകാരായ ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർഥി ഗ്രേസ് ഒമാലി കുമാറിനെയും, അവളുടെ സുഹൃത്ത് ബാർണബി വെബ്ബറിനെയും , അറുപത്തഞ്ചു വയസ്സുകാരനായ ഇയാൻ കോട്‌സിനെയും മാനസിക വിഭ്രാന്തി ബാധിച്ച വാൽഡോ കലോക്കെയ്ൻ നോട്ടിങ്ഹാമിലെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ വാൽഡോ കലോക്കെയ്ന്റെ കൊലപാതകത്തിന് മുൻപുള്ള ചികിത്സയിലാണ് നിരവധി പിഴവുകൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതി മാനസിക രോഗത്തിന്റെ സ്ഥിരമായ ലക്ഷണങ്ങൾ കാണിച്ചതും, മരുന്ന് കഴിക്കാൻ വിസമ്മതിച്ചതും, ആളുകളോടുള്ള പ്രതിയുടെ അക്രമാസക്തമായ മനോഭാവവും മറ്റും വേണ്ടത്ര രീതിയിൽ ചികിത്സ നൽകിയവർ പരിഗണിച്ചില്ല എന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കഴിഞ്ഞ ആഴ്ച ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന ശുപാർശകൾ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. എന്നാൽ സംഭവത്തിൽ കൂടുതൽ ശക്തമായ അന്വേഷണം വേണമെന്ന നിലപാടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്നത്.

കഴിഞ്ഞു പോയ തെറ്റുകൾ മാറ്റുവാൻ സാധിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ബാർനബിയുടെ മാതാവ് എമ്മ ബിബിസി ന്യൂസിനോട് പറഞ്ഞു. 2020 മെയ് മുതൽ 2022 സെപ്തംബർ വരെ നോട്ടിംഗ്ഹാംഷെയർ ഹെൽത്ത്‌കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ കീഴിലുള്ള പ്രതിയുടെ ചികിത്സയെ സംബന്ധിച്ചാണ് കെയർ ക്വാളിറ്റി കമ്മീഷൻ അന്വേഷണം നടത്തിയത്. മാനസികാരോഗ്യ സർവീസുകളുടെ മൊത്തത്തിലുള്ള പരാജയമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും പ്രതിയെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. നിലവിലെ വ്യവസ്ഥകളിലും നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുവാൻ തങ്ങൾ പരിശ്രമിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട ഗ്രേസ് ഒമാലി കുമാർ ഇന്ത്യൻ വംശജയായ ഒന്നാംവർഷം മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. തന്റെ സുഹൃത്തായ ബാർനബിയെ പ്രതിയുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവൾ മരണത്തിന് കീഴടങ്ങിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സ്കൂളുകൾക്ക് ഇത് അവധിക്കാലമാണ്. അതുകൊണ്ട് തന്നെ നിരവധി യുകെ മലയാളികൾ ആണ് ഈ സമയത്ത് കേരളത്തിൽ എത്തിയിരിക്കുന്നത്. യുകെയിൽ ഉള്ള മലയാളികളുടെ ബന്ധുക്കൾ പല സാധനങ്ങളും തിരിച്ചുപോകുമ്പോൾ നമ്മളെ ഏൽപ്പിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എത്ര അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തരുന്ന സാധനങ്ങൾ ആണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ എട്ടിൻറെ പണി കിട്ടാനുള്ള സാധ്യതയുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ലണ്ടനിലെ ഹെഡ് ഫോർഡ് ഷെയറിൽ താമസിക്കുന്ന ഒരു കുടുംബത്തിനുണ്ടായ അനുഭവം ആരെയും ഞെട്ടിക്കുന്നതായിരുന്നു. അവരുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് എയർപോർട്ടിന് അടുത്തുവച്ച് കൈമാറിയ പാഴ്സലിൽ ആയുർവേദ മരുന്നുകളും എണ്ണയും ആണെന്നാണ് പറഞ്ഞിരുന്നത്. എണ്ണയും മറ്റ് സാധനങ്ങളും ലിക്വിഡ് ആയതിനാൽ നല്ല രീതിയിൽ പായ്ക്ക് ചെയ്താണ് കൊടുക്കുന്നത് എന്നും അറിയിച്ചിരുന്നു. എന്നാൽ എന്തോ ഉൾവിളിയോടെ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരോധിച്ച ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ആയിരുന്നു. ഒരുപക്ഷേ പിടിക്കപ്പെട്ടിരുന്നെങ്കിൽ രണ്ട് മക്കളുമായി യുകെയിലേയ്ക്ക് തിരിച്ച ആ കുടുംബത്തിന്റെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അതു മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും.
ഏതെങ്കിലും രീതിയിൽ ആയുർവേദ മരുന്നുകളും എണ്ണകളും മറ്റും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുമ്പോൾ പോലും കൃത്യമായ ബില്ലുകൾ സൂക്ഷിക്കാൻ മറക്കരുത് . ആയുർവേദ മരുന്നുകൾ ആണെങ്കിൽ പോലും പൊടികളും എണ്ണയും മറ്റും നിരോധിത വസ്തുക്കൾ ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സാക്ഷ്യപത്രം കൈയ്യിൽ കരുതുന്നത് എയർപോർട്ടിലെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് സഹായിക്കും.
അവധി ആഘോഷിച്ചിട്ട് മലയാളികളിൽ പലരും യുകെയിലേയ്ക്ക് തിരിച്ചു പോകുന്നത് കടുത്ത ഗൃഹാതുരത്വവുമായിട്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള ഇഷ്ടവിഭാഗങ്ങളിൽ പലതും മിക്കവരും കൂടെ കൊണ്ടുപോകാറുണ്ട്. ഉണക്ക കപ്പയും ചക്ക ഉണങ്ങിയതും ഉണക്കമീനും ഉണക്ക ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിക്കപ്പെട്ടാൽ ശരിയായ രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ പണി കിട്ടാൻ സാധ്യതയുണ്ട് . പൊതിച്ചു പായ്ക്ക് ചെയ്തു കൊണ്ടുപോയ തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളും എയർപോർട്ടിൽ ഉണ്ടായിട്ടുണ്ട്,
സ്വന്തം സാധനമാണെങ്കിലും മറ്റുള്ളവർ സമ്മാനിക്കുന്നതാണെങ്കിലും ഓരോ പായ്ക്കറ്റുകളിലും എന്തൊക്കെ സാധനങ്ങൾ ആണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നമ്മൾക്കാണെന്ന് മറക്കരുത്. ഈ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എയർപോർട്ടുകളിൽ കൂടുതൽ വിശദമായ പരിശോധനകൾ ആണ് നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ യാത്ര തന്നെ മുടങ്ങിയേക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വീണ്ടും കത്തിയാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. 11 വയസ്സുള്ള പെൺകുട്ടിയും 34 വയസ്സുകാരിയായ അമ്മയുമാണ് ആക്രമണത്തിന് ഇരയായത്. അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി മെറ്റ് പോലീസ് അറിയിച്ചു.

സൗത്ത് പോർട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പിഞ്ചു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം യുകെയിൽ മുഴുവൻ അശാന്തി വിതച്ചു കൊണ്ടുള്ള സന്ദർഭത്തിലുണ്ടായ ആക്രമം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് മറ്റാർക്കും പങ്കില്ലെന്നാണ് പോലീസ് അറിയിച്ചത്. ഈ ഘട്ടത്തിൽ സംഭവത്തിൽ ഏതെങ്കിലും രീതിയിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് നൽകുന്ന സൂചന പെൺകുട്ടിയൂടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടപ്പെടുത്താത്ത രീതിയിലുള്ള പരിക്കുകളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മയ്ക്ക് നിസാര പരിക്കുകളെ ഏറ്റിരുന്നുള്ളൂ.

ആക്രമണം നടന്ന ഉടനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ആക്രമിച്ചയാളെ കീഴ് പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലണ്ടനിൽ ഏറ്റവും തിരക്കേറിയ സ്ഥലത്തു നടന്ന ആക്രമം കടുത്ത സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നു. ഒട്ടേറെ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സംഭവത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. 43 വയസു മാത്രം പ്രായമുള്ള വാർവിക്കൽ താമസിക്കുന്ന അബിൻ രാമദാസാണ് അകാലത്തിൽ വിടവാങ്ങിയത്. ഭാര്യയും മക്കളും നാട്ടിൽ അവധിക്ക് പോയപ്പോഴാണ് അപ്രതീക്ഷിതമായി അബിനെ തേടി മരണമെത്തിയത്. കേരളത്തിൽ കൊല്ലമാണ് അബിൻറെ സ്വദേശം.
വാർവിക് ആൻഡ് ലെമിന്ഗ്ടൺ മലയാളി അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു അബിൻ രാമദാസ്. അബിനെ ഫോൺ ചെയ്തിട്ടും ലഭ്യമാകാതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ചതാണ് മരണവിവരം പുറത്തറിയാൻ കാരണമായത്. അബിൻറെ വീട് അടഞ്ഞു കിടന്നതിനെ തുടർന്ന് പോലീസും അത്യാഹിത വിഭാഗങ്ങളുമെത്തിയാണ് വീട് തുറന്നത്. അബിൻ ഓട്ടോമൊബൈൽ സ്റ്റൈലിംഗ് എൻജിനീയറാണ്. ആശയാണ് ഭാര്യ . മക്കൾ: ആദവ് (14) ആലീസ് (8) . അവധിയ്ക്കായി യുകെയിൽ നിന്ന് നാട്ടിൽ പോയ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതസംസ്കാരത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അബിൻ രാമദാസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡാർട്ട്‌ഫോർഡ് ടണലും ക്വീൻ എലിസബത്ത് II ബ്രിഡ്ജും ഉൾപ്പെടുന്ന ഡാർട്ട്‌ഫോർഡ് ക്രോസിംഗിനായുള്ള ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനമാണ് ഡാർട്ട് ചാർജ്. ഇംഗ്ലണ്ടിലെ കെൻ്റിൽ തെംസ് നദിക്ക് കുറുകെയുള്ള ഒരു പ്രധാന പാതയാണ് ഡാർട്ട്ഫോർഡ് ക്രോസിംഗ്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്. അതായത് പണം പിരിക്കാനുള്ള ടോൾ ബൂത്തുകൾ ഇവിടെ പ്രവർത്തിക്കുന്നില്ല. അതിനുപകരം ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മനസ്സിലാക്കുകയും ചാർജുകൾ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. വാഹനത്തിനും സമയത്തിനും അനുസരിച്ച് ചാർജുകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു . അനുവദനീയമായ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ വാഹന ഉടമയ്ക്ക് പെനാൽറ്റി നോട്ടീസ് നേരിടേണ്ടി വരും. ഗതാഗതം സുഗമമാക്കുന്നതിനും ക്രോസിംഗിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എന്നാൽ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി പോകാത്ത വാഹനങ്ങൾക്കും ഡാർട്ട് ചാർജ് ചുമത്തി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അവിടെനിന്ന് നൂറുകണക്കിന് മൈലുകൾ അകലെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ താമസിക്കുന്ന ആൻമേരിക്ക് ഈ രീതിയിൽ പെനാൽറ്റി നോട്ടീസ് വന്നത് വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിക്കലും അവിടെ പോയിട്ടില്ലെങ്കിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിൽ പണമടയ്ക്കാത്തതിന് പിഴ ലഭിച്ചതായി യുകെയിലെമ്പാടുമുള്ള ഡ്രൈവർമാർ പറഞ്ഞു.

സമാന ലൈസൻസ് പ്ലേറ്റുള്ള വാഹനങ്ങളെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ തെറ്റായി തിരിച്ചറിയുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. പലർക്കും ഈ രീതിയിൽ ഒന്നിൽ കൂടുതൽ തവണ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ഡെപ്യൂട്ടി ഹെഡ് ടീച്ചറായ ആൻ മേരി കെൻയോണിന് രണ്ട് പിഴകളാണ് ലഭിച്ചത്. ആദ്യത്തേത് ഏപ്രിലിലും രണ്ടാമത്തേത് ജൂണിലും. അവർ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി വാഹനം ഓടിച്ചിട്ടില്ല. പരാതിപ്പെട്ടതിനെ തുടർന്ന് രണ്ട് പിഴയും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ സമാന രീതിയിലുള്ള പിഴ ചുമത്തലുകൾ ഇനിയും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണെണ് ആൻ മേരി. ഡാർട്ട്ഫോർഡ് ക്രോസിംഗിൽ ടോൾ പിരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡിനെയാണ്. 2021ൽ നാഷണൽ ഹൈവേയിൽ നിന്ന് 150 മില്യൺ പൗണ്ടിനാണ്, കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡ് കരാർ നേടിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വാരാന്ത്യത്തിൽ താപനിലകൾ ക്രമാതീതമായി ഉയർന്നതോടെ യുകെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടമിന്നലിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ചത്തേക്ക് മെറ്റ് ഓഫീസ് യെല്ലോ അലർട്ട് നൽകി കഴിഞ്ഞു. എന്നാൽ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ വരണ്ട കാലാവസ്ഥയാകുമെന്നും, താപനില ഞായറാഴ്ചയേക്കാൾ കൂടുതൽ രേഖപ്പെടുത്തുമെന്നുമാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

കിഴക്കൻ യുഎസിൽ പ്രളയം ഉണ്ടാക്കിയ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡെബിയാണ് യുകെയിലെ ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ഡെബി നിരവധി തെക്കൻ യുഎസ് നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. കൊടുങ്കാറ്റ് പിന്നീട് വടക്ക് കിഴക്കൻ കാനഡയിലേക്ക് അതിവേഗം വീശി. ഇത് മൂലം മോൺട്രിയലിൽ റെക്കോർഡ് കണക്കിലുള്ള മഴയാണ് രേഖപ്പെടുത്തിയത്. കൊടുങ്കാറ്റ് ദുർബലമായെങ്കിലും ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ അറ്റ്ലാന്റിക്കൽ ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിൽ ലണ്ടനിൽ രേഖപ്പെടുത്തിയ 32 ഡിഗ്രി സെൽഷ്യസ് ആണ് യുകെയിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്ന് താപനിലകൾ ഇതിലും ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. മിഡ്‌ലാൻഡ്‌സ്, ലിങ്കൺഷയർ, ഈസ്റ്റ് ആംഗ്ലിയ, തെക്ക്-കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഭൂരിഭാഗവും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും. താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താനും സാധ്യതയുണ്ട്. സ്കോ ട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ഉള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത കളിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ പൊതുവെ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുടിയേറ്റ വിരുദ്ധ സമരം യുകെയിൽ ശക്തമായി കൊണ്ടിരിക്കെ തന്നെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്താൻ ശ്രമിച്ച ബോട്ട് അപകടത്തിൽ പെട്ടതായുള്ള വാർത്ത പുറത്തുവന്നു. ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച രണ്ട് കുടിയേറ്റക്കാരാണ് ദാരുണമായി മരിച്ചത് . ഞായറാഴ്ച രാവിലെ ഫ്രാൻസിലെ കലൈസിനും ഡൺകിർക്കിനും ഇടയിലാണ് സംഭവം നടന്നതെന്ന് ഒരു ഫ്രഞ്ച് മാരിടൈം ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിൽ പെട്ട 53 കൂടിയേറ്റക്കാരെ രക്ഷപ്പെടുത്തി.

അനധികൃത കുടിയേറ്റക്കാരുമായി വന്ന മറ്റൊരു ബോട്ടിൽ തീപിടുത്തമുണ്ടായി നിരവധി പേർക്ക് പരുക്കു പറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രണ്ടാമത്തെ ബോട്ടിൽ നിന്ന് 50 പേരെയാണ് രക്ഷപ്പെടുത്തിയത്. ഈ വർഷം മാത്രം അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 25 പേർ മരിച്ചതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഫ്രഞ്ച് കോസ്റ്റ് ഗാർഡിനെ സഹായിക്കാൻ യുകെ ബോർഡ് ഫോഴ്സ് കപ്പലിനെ അയച്ചതായി ബ്രിട്ടീഷ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരുന്നു.

വടക്കൻ ഫ്രാൻസിൻ്റെ കടൽതീരത്ത് നിന്ന് കുടിയേറ്റക്കാരുമായി നിരവധി ബോട്ടുകൾ ഞായറാഴ്ച പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ അനുകൂലമായതാണ് യാത്ര പുറപ്പെടാൻ പല സംഘങ്ങളെയും പ്രേരിപ്പിച്ചത്. ഇങ്ങനെ യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. 55 കുടിയേറ്റക്കാരാണ് ഒരു ബോട്ടിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച് കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ രണ്ടുപേർ അബോധാവസ്ഥയിലായിരുന്നു. അവരാണ് പിന്നീട് മരിച്ചത്. 53 പേരെ സുരക്ഷിതമായി തുറമുഖത്തെ എത്തിച്ചെന്ന് ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രാദേശിക റോഡുകളുടെ അവസ്ഥ വളരെ മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡുകളുടെ ശോചനാവസ്ഥയെ കുറിച്ച് പരാതി രേഖപ്പെടുത്തുന്ന ഡ്രൈവർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. റോഡുകളുടെ മോശം അവസ്ഥയ്ക്ക് പ്രധാന കാരണം പ്രാദേശിക കൗൺസിലുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വന്നിരിക്കുന്ന അലംഭാവമാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്ന് വന്നിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 2700 ഡ്രൈവർമാരിൽ 56 ശതമാനം പേരും പ്രാദേശിക റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പരാതി പറഞ്ഞു. റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ കൗൺസിലുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. റോഡുകളുടെ ദുരവസ്ഥയുടെ കൂടെ വാഹന ഇൻഷുറൻസ് ചെലവുകൾ വർദ്ധിച്ചതിനെ കുറിച്ചും ഡ്രൈവർ പരാതിപ്പെട്ടു. എന്നാൽ റോഡുകളുടെ നിലവാര തകർച്ചയെ കുറിച്ച് പരാതി പെട്ടവരെക്കാൾ 21 ശതമാനം കുറവാണ് ഇൻഷുറൻസ് തുകയിലെ വർദ്ധനവിനെ കുറിച്ച് പരാതി പറഞ്ഞവരുടെ എണ്ണം.

വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്തിയിട്ടില്ലാത്ത ബ്രിട്ടനിലെ കുഴികൾ നിറഞ്ഞ റോഡുകളുടെ അവസ്ഥയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 2010 നും 2020 നും ഇടയിൽ 98 ശതമാനം റോഡുകളും പരിപാലിക്കുന്ന കൗൺസിലുകൾക്ക് പ്രാദേശിക സേവനങ്ങൾക്കുള്ള കേന്ദ്ര ഗവൺമെൻറ് ഫണ്ട് 40 ശതമാനം വെട്ടി കുറച്ചിരുന്നു. വളരെ നാളുകളായി ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയാണ് ഫണ്ട് അനുവദിക്കാതിരുന്നതിന് പ്രതിക്കൂട്ടിലാകുന്നത്. സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും പ്രാദേശിക റോഡുകളുടെ അവസ്ഥ ഒരു വർഷത്തിന് മുമ്പുള്ളതിനേക്കാൾ ദയനീയമാണെന്നാണ് രേഖപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ യുകെയിൽ നടത്തുന്ന കുടിയേറ്റ വിരുദ്ധ സമരത്തെ തള്ളി പറഞ്ഞ് കാൻ്റർബറി ആർച്ച് ബിഷപ്പ് രംഗത്തു വന്നു. ഈ വിഷയത്തിൽ രാജ്യത്ത് ഉടനീളം നടക്കുന്ന അക്രമ സംഭവങ്ങളെ ജസ്റ്റിൻ വെൽബി അപലപിച്ചു. സമരക്കാർ വ്യാപകമായി ക്രിസ്ത്യൻ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് അധാർമികമാണെന്ന് ബിഷപ്പ് പറഞ്ഞു. സൗത്ത് പോർട്ടിലെ ഒരു അവധി കാല ഡാൻസ് ക്ലാസ്സിൽ മൂന്ന് കുഞ്ഞ് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും അക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കാൻ്റർബറി ആർച്ച് ബിഷപ്പ് പ്രതികരണം നടത്തിയത്.

കൊലപാതകം നടത്തിയ 17 വയസ്സുകാരൻ മുസ്ലിം മത വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്. ഇതിനെ തുടർന്ന് തീവ്ര വലതുപക്ഷ പ്രവർത്തകർ മസ്ജിദുകൾ , അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന ഒരു ഹോട്ടൽ എന്നിവ ആക്രമിച്ചതോടെ കലാപം രൂക്ഷമായ ക്രമസമാധാന പ്രശ്നമായി ബ്രിട്ടനിൽ മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.നുണകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമമാണ് കലാപകാരികൾ നടത്തിയിരിക്കുന്നത് എന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് പറഞ്ഞു. ഏതെങ്കിലും വലതു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കരുതെന്ന് അദ്ദേഹം ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരോട് ആഹ്വാനം ചെയ്തു.

ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും പോലീസിന് തലവേദനയായിട്ടുണ്ട്. സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കളും.
ലണ്ടനിൽ ഒൻപത് വയസ്സ് പ്രായമുള്ള മലയാളി പെൺകുട്ടിയെ വെടി വച്ച കുറ്റത്തിന് പോലീസ് ഒരാൾക്ക് എതിരെ കേസെടുത്തു. ഹാംഷെയറിലെ ഫാർൺബറോയിൽ നിന്നുള്ള ജാവോൺ റെയ്‌ലി (32) എന്നയാൾക്കെതിരെ ഇന്നലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് കൊലപാതക ശ്രമങ്ങൾക്ക് ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. റിമാൻഡ് ചെയ്ത ഇയാളെ സെപ്റ്റംബർ ആറിന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. വാഹനം തടഞ്ഞുനിർത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കുറ്റവാളിയെ സഹായിച്ചതിന് അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

മെയ് 29 ന് ഈസ്റ്റിൽ ലണ്ടനിലെ ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മലയാളി പെൺകുട്ടിക്ക് വെടിയേറ്റത്. ബൈക്കിൽ എത്തിയ ആക്രമി കെട്ടിടത്തിനും റസ്റ്റോറന്റിനും നേരെ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. കുട്ടി ഇപ്പോഴും സാധാരണ നില കൈവരിച്ചില്ലെന്നാണ് അറിയാൻ സാധിച്ചത്. സംസാരശേഷിയും ചലനശേഷിയും പൂർണ്ണമായും പെൺകുട്ടി വീണ്ടെടുത്തിട്ടില്ല. വെടിവെയ്പ്പിൽ റസ്റ്റോറന്റിന് പുറത്ത് നിന്നിരുന്ന മൂന്ന് പേർക്കു കൂടി വെടിയേറ്റിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ആശുപത്രി വിട്ടിരുന്നു.

ബിർമിംഗ്ഹാമിൽ നിന്നുള്ള മലയാളി കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിനും ദുരന്തത്തിനും പെൺകുട്ടി ഇരയായത്. ഒരു മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് അബദ്ധത്തിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് ഇടയാക്കിയത് . കേരളത്തിൽ പറവൂർ ഗോതുരത്ത് സ്വദേശിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.