Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : തിരുവനന്തപുരത്തു നിന്നും സാധാരണഗതിയിൽ നാലു മണിക്കൂറുകൊണ്ട് കോട്ടയത്ത്‌ എത്താം. എന്നാൽ തികച്ചും അസാധാരണ നീക്കങ്ങളിലൂടെ ജനങ്ങളിൽ അലിഞ്ഞുചേർന്ന ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എങ്ങനെയാണ് അതിവേഗം എത്തുക? ആൾക്കടലിൽ ഒഴുകി 27 മണിക്കൂറും 150 കിലോമീറ്ററും പിന്നിട്ട് ഉമ്മൻ ചാണ്ടിയുടെ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തി. തങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവിച്ച ഉമ്മൻ ചാണ്ടിയ്ക്കു വേണ്ടി രാത്രികൾ പകലുകളാക്കി മനുഷ്യർ കാത്ത് നിന്നു. അല്ലെങ്കിൽ വരുന്നത് ഉമ്മൻ ചാണ്ടിയാകുമ്പോൾ ഒപ്പം ജനസാഗരം ഉണ്ടാവാതെ എങ്ങനെയാണ്! അവർ അന്തരാത്മാവിൽ നിന്ന് ആർത്തുവിളിച്ചു ; കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…

സംസ്കാരം ഇന്ന് വൈകിട്ടോടെ

അഞ്ചു പതിറ്റാണ്ട് പ്രവർത്തന മണ്ഡലമായിരുന്ന കോട്ടയത്ത്‌ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം രാവിലെ 10.15 ഓടെ എത്തിച്ചു. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം എട്ടു കിലോമീറ്റർ അകലെ പുതുപ്പള്ളി കരോട്ടു വള്ളക്കാലിൽ വീട്ടിലേക്ക് എത്തും. വീട്ടിലെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രണ്ട് മണി മുതൽ മൂന്നു വരെ പൊതുദർശനം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എല്ലാ ഞായറാഴ്ചയും ഓടി എത്താറുള്ള പുതുപ്പള്ളി പള്ളി അദ്ദേഹത്തിന് കണ്ണീർ പൂക്കളുമായി വിട നൽകും. ഇനി ആ പടിക്കെട്ട് കയറി വരാൻ ഉമ്മൻ ചാണ്ടിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. വൈകിട്ട് 3.30ഓടെ സംസ്കാര ശുശ്രൂഷ നടക്കും. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. എന്നാൽ, ഉമ്മൻ ചാണ്ടി ജനങ്ങളുടെ സ്വന്തം നേതാവാണ്. അതിനാൽ അദ്ദേഹത്തിന്റെ യാത്രയ്ക്കും മൃദുവേഗമാണ്.

അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കേരള ഗവർണറും എത്തും. സംസ്കാര ചടങ്ങിൽ‌ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.

പ്രത്യേക കബറിടം

മന്ത്രിയെന്നോ എം.എൽ.എയെന്നോ പരിവേഷമില്ലാതെ വിശ്വാസികളിലൊരാളായിരുന്നു എപ്പോഴും ഉമ്മൻ ചാണ്ടി. സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്ക് കിഴക്കു വശത്തായി വൈദികശ്രേഷ്ഠരുടെ കല്ലറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് അന്ത്യവിശ്രമം. അന്ത്യസംസ്‌കാര ശുശ്രൂഷകൾക്കുള്ള ക്രമീകരണങ്ങൾ പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൂർത്തിയായി. നിർമ്മാണം പാതിവഴിയിലെത്തിയ സ്വപ്‌ന വീട്ടിലും മൃതദേഹം വയ്ക്കുന്നതിനും അന്ത്യസംസ്‌കാര ശുശ്രൂഷ പ്രാർത്ഥനകൾ നടത്തുന്നതിനുമായി വിപുലമായ പന്തലും ഒരുക്കിയിട്ടുണ്ട്.

സമാനതകളില്ലാത്ത അന്ത്യയാത്ര

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്.

വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. കേരളത്തിന്റെ പലയിടങ്ങളിൽ നിന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എത്തിയവർ ഇരുട്ടും മഴയും അവഗണിച്ചു കാത്തുനിന്നു. കോട്ടയം ജില്ലയിൽ പ്രവേശിച്ചത് മുതൽ പലരും മൃതദേഹം വെച്ച ബസിനൊപ്പം നടന്നു.

ഇനിയും ഉമ്മൻ ചാണ്ടിയെ തേടി അനേകരെത്തും. അദ്ദേഹം ഏതെങ്കിലും വിധത്തിൽ സഹായിച്ച, സ്വാധീനിച്ചവർ എത്തും.. നിറമിഴികളോടെ ജനനായകന്റെ കല്ലറയിൽ സ്നേഹപൂക്കൾ അർപ്പിക്കാൻ…

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജൂൺ മാസത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവിനെ തുടർന്ന് പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധന ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്. കുതിച്ചുയർന്ന വിലക്കയറ്റം തടയിടുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2021 ഡിസംബർ മുതൽ 13 തവണയാണ് പലിശ നിരക്കുകൾ ഉയർത്തിയത്. എന്നാൽ ജൂൺ മാസത്തിൽ 8.7 ശതമാനത്തിൽ നിന്നും 7.9 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസകരമായ വാർത്തയാണ്. ഇതുമൂലം പലിശ നിരക്കുകൾ വർദ്ധിപ്പിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മേലുള്ള സമ്മർദ്ദത്തിൽ കുറവ് വന്നിരിക്കുകയാണ്. ഒരു വർഷത്തിനിടയിൽ പണപ്പെരുപ്പത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം ഇന്ധന വിലയിൽ രേഖപ്പെടുത്തിയ കുറവും, അതോടൊപ്പം തന്നെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരിക്കുന്ന ചെറിയ തോതിലുള്ള കുറവുമാണ് പണപ്പെരുപ്പം ഇത്തരത്തിൽ കുറയാൻ കാരണമായതെന്ന് വ്യക്തമാക്കുന്നു. എന്നാൽ പണപ്പെരുപ്പം ഇപ്പോഴും ബാങ്കിന്റെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിന്റെ നാലിരട്ടിയായി തന്നെയാണ് തുടരുന്നത്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. യു എസിൽ പണപ്പെരുപ്പ നിരക്ക് 3 ശതമാനവും, യൂറോസോണിൽ 5.5 ശതമാനവും മാത്രമാണ്.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 സംഘടനയിൽ ഏറ്റവും കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തുന്ന രാജ്യം ബ്രിട്ടനാണ് എന്നത് ഇപ്പോഴും ആശങ്കയുളവാക്കുന്നുണ്ട്. അവശ്യ ഭക്ഷണസാധനങ്ങൾ, ഇന്ധനം, മറ്റു സേവനങ്ങൾ എന്നിവയിൽ കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയ ക്രമാതീതമായ വില വർദ്ധനവാണ് ഇത്രയും ഉയർന്ന തോതിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള കാരണം. ഇത് തടയിടുവാനായാണ് നിരവധി തവണ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയത്. ഇത് മൂലം ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും, ജനങ്ങൾ പണം ചെലവാക്കുന്നത് കുറയുകയും ചെയ്യും. ഇത്തരത്തിൽ പണപ്പെരുപ്പം വർദ്ധിക്കുന്നത് എങ്ങനെയും തടയിടുവാനുള്ള നീക്കമാണ് ഇത്രയും കാലം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരുന്നത്.എന്നാൽ ഇത്തരത്തിലുള്ള ഉയർന്ന പലിശ നിരക്ക് മോർട്ട്ഗേജ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പ്രതീക്ഷിച്ചതിലുമധികം പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ നിരക്കുകളിൽ ഉടനെ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യു കെയിൽ സെക്സ്റ്റിംഗ് കെണിയിൽ പെടുന്ന മലയാളി യുവാക്കളുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലായി സോമര്‍സെറ്റിലെ ടോണ്ടനില്‍ ഉള്ള യുവാവാണ് വെട്ടിലായത്. കുട്ടിപീഡകരെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന വളണ്ടിയര്‍ ഗ്രൂപ്പിന്റെ ഒളി ക്യാമറ ഓപ്പറേഷനിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുന്നത്. മെസേജുകളിലൂടെ മനഃപ്പൂര്‍വം ലൈംഗിക ചുവയോടെ സംസാരിച്ചും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ ആവശ്യപ്പെട്ട് തെളിവുകള്‍ ശേഖരിച്ചുമാണ് ഇത്തരം ഗ്രൂപ്പുകള്‍ പീഡക മനസുള്ളവരെ തേടിയെത്തുന്നത്. ഒടുവിലത്തെ നീക്കമായി പെൺകുട്ടിയെ കാണാൻ എത്തുന്ന ഇത്തരക്കാരെ കാത്തിരുന്നു കുടുക്കുകയാണ് സംഘം. തുടർന്ന് പോലീസിനടുത്തേക്കും എത്തും.

ഇക്കഴിഞ്ഞ 13 ന് ഒളിക്യാമറ സംഘത്തിന്റെ കെണിയില്‍ വീണ യുവാവ് 22 മിനിറ്റോളം സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കസ്റ്റഡിയിലാണ്. യുകെയില്‍ എത്തി അധികമായിട്ടില്ലാത്ത യുവാവ് എന്‍എച്ച്എസില്‍ നേഴ്‌സായ യുവതിയുടെ ഭര്‍ത്താവാണ്.

ഇയാൾ നേ ഴ്സിങ് ഹോമില്‍ ജോലി ചെയ്യവേ മറ്റൊരു പരാതിയില്‍ ജോലി നഷ്ടപെട്ട ആളാണെന്നു പറയപ്പെടുന്നു. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകള്‍ ഇയാളുടെ നീക്കങ്ങളെ പറ്റി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു

യു കെ :- എയർഡെയിൽ എൻ എച്ച് എസ് ട്രസ്റ്റ് ഒ എസ് സി ഇ പരീക്ഷകളിൽ തങ്ങളുടെ വിദ്യാർത്ഥികൾ നേടിയ 100 ശതമാനം വിജയം ആഘോഷിക്കുന്നതിനായി ജൂലൈ 11 ചൊവ്വാഴ്ച ആദ്യമായി വിജയാഘോഷ പരിപാടി നടത്തിയത് പുതിയ വാർത്തയായി മാറിയിരിക്കുകയാണ്. 2019-ൽ എയർഡെയിലിൽ ഒ എസ് സി ഇ പരിശീലന പരിപാടി ആരംഭിച്ചതു മുതൽ ട്രസ്റ്റ് 15 ബാച്ചോളം അന്താരാഷ്ട്ര നേഴ്‌സുമാരെ സ്വാഗതം ചെയ്തിട്ടുണ്ട്. എയർഡെയിലിന്റെ ഒ എസ് സി ഇ റിക്രൂട്ട്‌മെന്റുകളിൽ 161 പേരും പരീക്ഷയിൽ പാസ് ആവുകയും ചെയ്തു. ഒബ്ജക്റ്റീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) എന്നത് അന്താരാഷ്ട്ര യോഗ്യതയുള്ള നേഴ്‌സുമാർക്ക് യുകെയിൽ നേഴ്‌സായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും പാസാകേണ്ട പരീക്ഷയാണ്. ഈ പരീക്ഷ വിജയിച്ചുകഴിഞ്ഞാൽ മാത്രമേ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ പിൻ ലഭിക്കുകയുള്ളൂ. ഈ നടപടിയിലൂടെയാണ് അവർ പൂർണ്ണമായും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

എയർഡെയിൽ ജനറൽ ഹോസ്പിറ്റലിലെ ലെക്ചർ തിയേറ്ററിൽ നടന്ന പരിപാടിയിൽ എഴുപത്തിയഞ്ചിലധികം ഒ എസ് സി ഇ റിക്രൂട്ട്‌മെന്റ് ലഭിച്ചവർ, അവരുടെ പരിശീലകർ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ഈ യാത്രയിൽ അവരെ പിന്തുണച്ച സഹപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചീഫ് നേഴ്‌സ് അമാൻഡ സ്റ്റാൻഫോർഡ്, നേഴ്‌സിംഗ് ഡെപ്യൂട്ടി ഡയറക്ടർ സാജൻ സത്യൻ, മെഡിസിൻ നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ കാതറിൻ റെഡ്മാൻ, സ്‌പെഷ്യലിസ്റ്റ് സേവനങ്ങൾക്കുള്ള നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ ആനി മക്ലസ്‌കി, സീനിയർ സിസ്റ്റർ ജിന്റു തോമസ്. , എന്നിവർ ചേർന്ന് പരമ്പരാഗതമായി വിളക്ക് തെളിയിച്ചാണ് ആരംഭിച്ചത്. നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് പാസ്പോർട്ടുകളിൽ ഇനി “ഹിസ് മജസ്റ്റി” എന്ന പദം ഉപയോഗിക്കും. ചാൾസ് രാജാവിന്റെ പേരിൽ ഇഷ്യൂ ചെയ്ത ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ ഈ ആഴ്ച പുറത്തിറക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പേരിൽ “ഹർ മജസ്റ്റി” ഉപയോഗിച്ചുള്ള പാസ്‌പോർട്ടുകളുടെ യുഗം ഇതോടെ അവസാനിച്ചു. അന്തരിച്ച രാജ്ഞിയുടെ പേരിൽ ഈ വർഷം ഇതിനകം അൻപത് ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. 1952-ൽ ജോർജ്ജ് ആറാമന്റെ ഭരണകാലത്താണ് അവസാനമായി “ഹിസ് മജസ്റ്റി” പാസ്‌പോർട്ടിൽ പ്രത്യക്ഷപ്പെട്ടത്.


കഴിഞ്ഞ സെപ്തംബറിൽ രാജ്ഞിയുടെ മരണത്തിന് ശേഷം രാജ്യത്തെ നോട്ടുകളിലും സ്റ്റാമ്പുകളിലും മറ്റും പുതിയ രാജാവിന്റെ ചിത്രങ്ങളിലേക്കും ചിഹ്നങ്ങളിലേക്കും മാറുന്ന പ്രക്രിയ നടന്നിരുന്നു. എന്നാൽ, നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗിച്ച് തീർന്നതിന് ശേഷമാവും ഇത്. പാസ്പോർട്ടിൽ പുതിയ പതിപ്പിന്റെ വരവിനൊപ്പം നിലവിലുള്ള “ഹെർ മജസ്റ്റി” പേരിലുള്ള പാസ്പോർട്ടുകൾ തീർന്നുപോകുന്നതുവരെ ഉപയോഗിക്കും.

യുകെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ് ഇതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. കഴിഞ്ഞ വർഷം പാസ്‌പോർട്ട് അനുവദിക്കുന്നതിലെ കാലതാമസവും ഈ വർഷം സമരങ്ങളും കാരണം ഉണ്ടായ തടസം മാറ്റി ഇപ്പോൾ അപേക്ഷിച്ച് 10 ആഴ്ചയ്ക്കുള്ളിൽ 99% പാസ്‌പോർട്ടുകളും വിതരണം ചെയ്യുന്നതായി ഹോം ഓഫീസ് പറയുന്നു. ഫോട്ടോയും ഒപ്പും സഹിതമുള്ള ആധുനിക രൂപത്തിലുള്ള യുകെ പാസ്‌പോർട്ടുകൾ 1915 മുതൽ വിതരണം ചെയ്തുവരുന്നു. 1972-ൽ ആദ്യത്തെ സുരക്ഷാ വാട്ടർമാർക്ക് ചേർത്തു. 1988-ൽ മെഷീൻ റീഡബിൾ പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു. 2020-ൽ, യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം, യുകെ പാസ്‌പോർട്ടുകൾ 1988 മുതൽ ഉപയോഗിച്ചിരുന്ന ബർഗണ്ടി നിറത്തിൽ നിന്ന് നീലയിലേക്ക് മാറി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മെൽബൺ : സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ സ്‌റ്റേറ്റ്‌ വിക്‌ടോറിയ പിന്മാറിയതോടെ 2026 -ലെ കോമൺവെൽത്ത്‌ ഗെയിംസ്‌ പ്രതിസന്ധിയിലായി. പുതിയ വേദി കണ്ടുപിടിക്കാനായില്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി കോമൺവെൽത്ത്‌ ഗെയിംസ്‌ നടക്കാതെ വരും. കഴിഞ്ഞ വർഷം ഏപ്രിലിലാണ്‌ വിക്‌ടോറിയയെ ആതിഥേയ നഗരമായി പ്രഖ്യാപിച്ചത്‌. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന മേളയുടെ അവസാന പതിപ്പ്‌ കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ ബെർമിങ്‌ഹാമിലായിരുന്നു. കോമൺവെൽത്തിൽ 54 രാജ്യങ്ങളാണ്‌.

കോമണ്‍വെല്‍ത്ത് ഗെയിംസി‍നിന്റെ നടത്തിപ്പിന് ആദ്യം തീരുമാനിച്ചിരുന്ന തുക 2 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആയിരുന്നു. എന്നാലിത് പിന്നീട് ഏകദേശം 7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായാണ് ഉയർത്തിയത്. ”ഞാൻ ഈ സ്ഥാനത്തിരുന്ന് ബുദ്ധിമുട്ടുള്ള ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് അത്തരമൊരു തീരുമാനം അല്ല. സത്യം പറഞ്ഞാൽ, ഒരു കായിക മത്സരത്തിന് ഏഴ് ബില്യൺ ഡോളർ ചെലവാക്കുക എന്നത് റിസ്കുള്ള കാര്യമാണ്. ഞങ്ങൾ അത് ചെയ്യുന്നില്ല”, ഡാനിയേൽ ആൻഡ്രൂസ് മെൽബണിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം കണക്കാക്കിയതിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ് എന്നും അത് സംഘടിപ്പിക്കാൻ ഞാൻ ആശുപത്രികളിൽ നിന്നും സ്കൂളുകളിൽ നിന്നുമൊന്നും പണം പിരിക്കില്ലെന്നും കരാറിൽ നിന്നും പിൻമാറാനുള്ള തീരുമാനം കോമൺവെൽത്ത് ഗെയിംസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

26 വിഭാ​ഗങ്ങളിലായി 20 കായിക ഇനങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ​ഗെയിംസ് വിക്ടോറിയയിലെ ഗീലോംഗ്, ബല്ലാരത്ത്, ബെൻഡിഗോ, ഗിപ്പ്‌സ്‌ലാൻഡ്, ഷെപ്പാർട്ടൺ തുടങ്ങിയ സ്ഥലങ്ങളിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. വേദികളുടെ എണ്ണം കുറയ്‌ക്കാനും വിക്ടോറിയൻ തലസ്ഥാനമായ മെൽബണിലേക്ക്‌ മാറ്റാനും ശ്രമം നടത്തിയിരുന്നു. എന്നാൽ, അതൊന്നും ഫലംകണ്ടില്ല. ഫെഡറേഷനുമായുള്ള കരാർ റദ്ദാക്കിയതോടെ വിക്‌ടോറിയ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. എന്നാൽ, ഇതിനെക്കുറിച്ച്‌ ആൻഡ്രൂസ്‌ പ്രതികരിച്ചില്ല. തീർത്തും നിരാശപ്പെടുത്തുന്ന തീരുമാനമെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ജനാധിപത്യത്തി​ന്റെ ശക്തി എന്താണ് ? സൈന്യവും ആയുധവുമല്ല, ജനങ്ങളുടെ വിശ്വാസമാണ്. ഉമ്മൻ ചാണ്ടിയുടെ ഈ വാക്കുകൾ ഏതെങ്കിലുമൊരു രാഷ്ട്രീയക്കാര​ന്റെ പ്രസം​ഗത്തിലെയോ അഭിമുഖത്തിലെയോ വാക്യങ്ങളായി കാണാൻ കഴിയുകയില്ല. കാരണം ഒരാളായിരുന്നില്ല, ആൾക്കൂട്ടമായിരുന്നു.. അവരുടെ വിശ്വാസവും നിശ്വാസവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന സാധാരണക്കാരൻ. ആർക്കും അനായാസം അനുകരിക്കാനാകാത്തൊരു രാഷ്ട്രീയ ശൈലിയുടെ വഴിയെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ യാത്ര.

1943 ഒക്ടോബർ 31 -ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

ത​ന്റെ 27-ാം വയസിൽ, 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം. കാലം 2022 ൽ എത്തിയപ്പോൾ കൂടുതൽ നാൾ (52 വർഷം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവായി ഉമ്മൻ ചാണ്ടി. രണ്ടു തവണ മുഖ്യമന്ത്രി, ഒരു തവണ പ്രതിപക്ഷനേതാവ്. 2004 -ൽ എ കെ ആ​ന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. 2011 -ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്.

പ്രീഡിഗ്രി വിദ്യാഭ്യാസത്തിൽ ഫീസ് ഇളവ് നൽകിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നാരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.

2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു. ജനക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കൂടെ നിൽക്കുന്നവരും അവരുടെ നിലപാടും അന്നും ഇന്നും ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചുവെന്ന് നമുക്ക് വിശ്വസിക്കേണ്ട, മറ്റാരുടെയോ, നെഞ്ചിടറുന്ന ഏതെങ്കിലുമൊരു മനുഷ്യ​ന്റെ പ്രശ്നം തീർപ്പാക്കാൻ അദ്ദേഹം പോയിരിക്കുകയാണെന്ന് കരുതാം. തേച്ചുമിനുക്കാത്ത വെള്ള ഷർട്ടുമിട്ട്, ചീകിയൊതുക്കാത്ത മുടിയുമായി കൈയിലൊരു പേനയുമേന്തി സഹജീവിയുടെ സങ്കടങ്ങൾക്ക് കാതോർക്കുകയാണയാൾ. കാലം സാക്ഷിയാകുന്ന ഓർമ്മകൾക്കു മുന്നിൽ മലയാളം യുകെ ന്യൂസ് കുടുംബത്തി​ന്റെ ആദരാഞ്ജലികൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലണ്ടനിലെ പുൽകോർട്ടില്‍ ജോക്കോവിച്ചിനെ തകർത്ത് സ്വപ്‍നനേട്ടം സ്വന്തമാക്കിയപ്പോൾ ഇരുപതുകാരൻ അൽകാരസ് മുഖം മൈതാനത്തോട് ചേർത്തു. ഫെഡററും നദാലും ജോക്കോവിച്ചും വാണ കോർട്ടിൽ ഇനി പുത്തൻ താരോദയം. ജോക്കോയെ കീഴടക്കി വിമ്പിൾ‍‍ഡൻ വിജയിക്കുമ്പോൾ അൽകാരസിന് പ്രായം 20 വയസ്സും 72 ദിവസവും. വിമ്പിൾഡൻ കിരീടം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് അൽകാരസ്.

2003 മേയിൽ സ്പെയിനിലെ എൽ പാമറിലാണ് അൽകാരസിന്റെ ജനനം. അൽകാരസിന്റെ മുത്തച്ഛൻ അൽകാരസ് ലാർമയാണ് എൽ പാമറിലെ ആദ്യത്തെ ടെന്നിസ് ക്ലബ് തുടങ്ങിയത്. അതുകൊണ്ടു തന്നെ ടെന്നിസ് എപ്പോഴും അദ്ദേഹത്തിന്റെ കയ്യെത്തും ദൂരത്തുണ്ടായിരുന്നു. ടെന്നിസ് പ്രേമം ലാർമയിൽനിന്ന് മകൻ ഗോൺസാലസിലേക്കും കൊച്ചുമകൻ അൽകാരസിലേക്കും പടർന്നുപിടിച്ചു. മൂന്നാം വയസ്സുമുതൽ കാർലോസ് അൽകാരസ് റാക്കറ്റെടുത്തു ടെന്നിസ് കളിച്ചുതുടങ്ങി. മുന്‍ലോക ഒന്നാം നമ്പർ താരം യുവാൻ കാർലോസ് ഫെറേറോയുടെ കീഴിലായിരുന്നു പരിശീലനം. അദ്ദേഹത്തിന്റെ അക്കാദമിയിൽ വളർന്ന താരം 16–ാം വയസ്സിൽ പ്രൊഫഷനൽ ടെന്നിസിൽ അരങ്ങേറി.

2021 ക്രൊയേഷ്യൻ ഓപ്പണില്‍ അൽബർട്ട് റമോസിനെ തോൽപിച്ച് അൽകാരസ് കിരീടം ചൂടി. 2022ൽ‍ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടി അൽകാരസ് ഏവരെയും ഞെട്ടിച്ചു.

ഞാൻ അവനിൽ എന്നെ മാത്രമല്ല, റോജർ ഫെഡററെയും റാഫേൽ നദാലിനെയും കാണുന്നു. ഞങ്ങളുടെ മൂന്നുപേരുടെയും പ്രതിഭയുടെ സമന്വയമാണ് അവൻ. ഫൈനലിന് ശേഷം ജോക്കോവിച്ച് ഇത് പറയുമ്പോൾ അതൊരു തലമുറമാറ്റത്തിന്റെ സൂചന കൂടിയാണ്. നദാലിന്റെ നാടായ സ്പെയ്നിൽ നിന്ന് വരുന്നതിനാൽ നദാലിന്റെ പിൻഗാമിയെന്ന് വിളിപ്പേരുണ്ടായെങ്കിലും കേളീശൈലിയിൽ നദാലിന്റെ പകർപ്പായിരുന്നില്ല കാർലോസ്. ഫെഡററുടെ റിട്ടേണുകളുടെ സൗന്ദര്യവും നൊവാക്കിന്റെ സർവുകളുടെ ആകർഷണീയതയും നദാലിന്റെ കരുത്തും കാർലോസിൽ സമ്മേളിച്ചു.

ഈ കിരീടനേട്ടത്തിലൂടെ ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള, കോടീശ്വരനായ വ്യക്തിയായി മാറുക കൂടിയാണ് ഈ ഇരുപതുകാരൻ പയ്യൻ. വിംബിൾഡണിന് മുമ്പ്, റോളക്‌സ് , കാൽവിൻ ക്ലീൻ , ലൂയിസ് വിട്ടൺ , ബിഎംഡബ്ല്യു , റാക്കറ്റ് നിർമ്മാതാവ് ബാബോലറ്റ് എന്നിവരുമായുള്ള ഇടപാടുകൾക്ക് കാർലോസ് 7 മില്യൺ പൗണ്ട് മൂല്യമുള്ള ആളായി പറയപ്പെടുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് കാർലോസ് തന്റെ വിജയത്തെ വിശേഷിപ്പിച്ചത്. ഇതിലും വലിയ ഏത് സുന്ദര നിമിഷമാണ് അർപ്പണബോധമുള്ള ഒരു ഇരുപതുകാരനെ തേടി വരേണ്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശ കെട്ടിടനിർമ്മാണ തൊഴിലാളികൾ, കാർപ്പന്റർ, മത്സ്യബന്ധന വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായി വിസ നിയമങ്ങൾ ലഘൂകരിക്കുന്നു. ഇത് ആഭ്യന്തര ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിവുകൾ നികത്താൻ പാടുപെടുന്ന പ്രദേശങ്ങളിലെ വിസ നിയന്ത്രണങ്ങൾ താൽക്കാലികമായി ലഘൂകരിക്കുന്ന ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ കെട്ടിടനിർമാണ തൊഴിലാളികളെ ചേർക്കാൻ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി നിർദേശിച്ചു. ഈ ലിസ്റ്റിലുള്ള ആളുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനുള്ള വിദഗ്ധ തൊഴിലാളി വിസയ്ക്ക് (സ്കിൽഡ് വർക്കർ വിസ) അപേക്ഷിക്കാം . മത്സ്യബന്ധന വ്യവസായത്തിലെ വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത്.

ഈ ലിസ്റ്റിൽ ഉള്ളവർക്ക് വിസ ഫീസ് കുറവായിരിക്കും. അതേസമയം അപേക്ഷകർക്ക് സ്പോൺസേർഡ് ജോബ് ഓഫർ ആവശ്യമാണ്. കൂടാതെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകൾ നിറവേറ്റുകയും വേണം. ഓരോ ആറ് മാസത്തിലും പട്ടിക അവലോകനം ചെയ്യും.

കഴിഞ്ഞ വർഷം നെറ്റ് മൈഗ്രേഷൻ റെക്കോർഡ് നിലവാരത്തിലെത്തിയതിന് ശേഷം യുകെയിലേക്കുള്ള കുടിയേറ്റം വളരെ ഉയർന്നതാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കുടിയേറ്റം കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് പൗരന്മാരെ തൊഴിൽ ക്ഷാമമുള്ള പ്രദേശങ്ങളിൽ പരിശീലിപ്പിക്കാൻ യുകെ ബിസിനസുകളോട് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാണ, മത്സ്യബന്ധന വ്യവസായത്തിൽ ഒഴിവുകൾ കുത്തനെ ഉയർന്നു. കോവിഡിന് മുമ്പുള്ള നിലയിൽ നിന്ന് നിർമ്മാണ മേഖലയിൽ ഒഴിവുകൾ 65% കൂടുതലാണെന്ന് കണ്ടെത്തി. നിർമ്മാണ തൊഴിലാളികളെ ലിസ്റ്റിൽ ചേർക്കുന്നത് മൊത്തത്തിലുള്ള കുടിയേറ്റ കണക്കുകളിൽ വലിയ മാറ്റമുണ്ടാക്കില്ലെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻഎച്ച്എസ് മെറ്റേണിറ്റി വാർഡുകളിലെ ആവർത്തിച്ചുള്ള പ്രസവ പരാജയങ്ങൾ കാരണം, ഗർഭിണികൾ പ്രസവിക്കാൻ ഭയപ്പെടുന്നതായി ജനിച്ച് അധികം താമസിയാതെ തന്നെ തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികൾ അവകാശപ്പെടുന്നു. 21 മിനിറ്റോളം ഓക്സിജൻ ലഭിക്കാതെ വന്നതിനെ തുടർന്നാണ് 2021-ൽ ആലിസണിനും റൂത്ത് കൂപ്പർ-ഹാളിനും തങ്ങളുടെ മകൻ ഗൈൽസിനെ നഷ്ടപ്പെട്ടത്. സ്റ്റാഫുകളുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകട സൂചനകൾ ലഭിച്ചിട്ടും കൃത്യമായ നടപടികൾ കൈക്കൊള്ളാൻ സാധിക്കാതെ വന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റൂത്ത് വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ ഉടനീളമുള്ള ആശുപത്രികളിൽ ഇത്തരത്തിൽ മെറ്റേണിറ്റി വാർഡുകളിൽ നിലനിൽക്കുന്ന നിരവധി അനാസ്ഥകൾക്കെതിരെ ഈ ദമ്പതികൾ ശബ്ദമുയർത്തിയിരിക്കുകയാണ്. ആരോഗ്യ സേവനരംഗത്ത് വ്യവസ്ഥാപരമായ ഒരു മാറ്റം ആവശ്യമാണെന്ന് ഇവർ വ്യക്തമാക്കുന്നു. ഷ്രൂസ്ബറി, ടെൽഫോർഡ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നടത്തിയ അന്വേഷണത്തിൽ ഇവിടെ മാത്രം പരിപാലനത്തിനുള്ള അനാസ്ഥ മൂലം 300 കുഞ്ഞുങ്ങൾ മരിക്കുകയോ മസ്തിഷ്കത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിട്ടുള്ളതായി കണ്ടെത്തി. അതേസമയം, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ പുതിയ അന്വേഷണം സമാനമായ 1,700 കേസുകളിൽ അന്വേഷിക്കും.

എൻഎച്ച്എസ് പ്രസവ വാർഡുകളിൽ അഞ്ചിൽ രണ്ടെണ്ണം പോലും സുരക്ഷിതമല്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെറ്റേണിറ്റി കെയറിലെ ആവർത്തിച്ചുള്ള പിഴവുകൾ കൂടുതൽ സ്ത്രീകളെ അവരുടെ ഗർഭധാരണത്തെക്കുറിച്ച് ആശങ്കാകുലരാക്കുന്നുവെന്ന് കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികളിൽ ഒരാളായ, സെക്കൻഡറി സ്കൂൾ അധ്യാപകൻ ആലിസൺ കൂപ്പർ-ഹാൾ വ്യക്തമാക്കി. ഇത്തരം അനാസ്ഥകൾ ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും, പൊതുവേയുള്ള ആരോഗ്യ സംവിധാനത്തിൽ ഇത് സാധാരണമായി മാറിക്കഴിഞ്ഞെന്നുമുള്ള കുറ്റപ്പെടുത്തലാണ് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരം നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് വ്യക്തമാക്കി കഴിഞ്ഞു

Copyright © . All rights reserved