കോർക്ക്: അയർലണ്ടിലെ കോർക്കിന് സമീപം മലയാളി യുവതി കുത്തേറ്റുമരിച്ചു. വിൽട്ടൻ കാർഡിനൽ കോർട്ടിലെ വസതിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിനി ദീപ ദിനമണിയാണ് (38) കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭർത്താവും തമ്മിൽ തർക്കുണ്ടായെന്നും ഇതിനെ തുടർന്നാണ് കടുംകൈ എന്നുമാണ് വിവരം.
രാത്രി 10 മണിക്ക് ശേഷമാണ് എമർജൻസി സർവീസിന് വിവരം കിട്ടിയത്. അവരെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി കോർക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരുമകനുണ്ട്.
സാങ്കേതിക പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്തു. പാതോളജിസ്റ്റിന്റെ ഓഫീസിൽ നിന്നുള്ള സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോർക്ക് സർവകലാശാല ആശുപത്രിയിലേക്ക് മാറ്റി. 40 കാരനായ ഭർത്താവിനെ ടോഗാർ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു. വിവരം അറിഞ്ഞു എത്തിയ മലയാളി അസോസിയേഷന് ഭാരവാഹികളെ പോലീസ് തടയുകയും ചെയ്തതായി വിവരം ഉണ്ട്. ഈ കുടുംബം മലയാളികളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.
യുവതിയും കുടുംബവും അയർലണ്ടിൽ ഒരുവർഷം മുമ്പാണ് എത്തിയത്.
യുകെയില്‍ അടുത്തിടെ നടന്ന സമാന സംഭവത്തില്‍ മലയാളി യുവതിയും രണ്ട് കുട്ടികളും ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ സാജു ചിറമേല്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുമ്പോള്‍ ആണ് ഇപ്പോള്‍ മറ്റൊരു കൊലപാതകം അയര്‍ലണ്ടില്‍ നടന്നിരിക്കുന്നത്. മലയാളി സമൂഹത്തെക്കുറിച്ചുള്ള സ്വദേശികളുടെ വീക്ഷണത്തില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഈ സംഭവം ഇടവരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ 8 ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തിയ പ്രെസ്റ്റണിൽ നിന്നുള്ള കൃപാ തങ്കച്ചനെ കാത്തിരുന്നത് ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ തക്ക ഒരു സമ്മാനമായിരുന്നു. ചാൾസ് രാജാവിന്റെയും കാമിലാ രാജ്ഞിയുടെയും കൈയ്യപ്പോടെയുള്ള കത്ത്. രാജാവിന്റെയും രാജ്ഞിയുടെയും കിരീട ധാരണത്തോട് അനുബന്ധിച്ച് കൃപ തങ്കച്ചൻ അവർക്ക് തന്റെ അനുമോദന സന്ദേശം അയച്ചിരുന്നു. അതിനു നന്ദി സൂചകമായിട്ടാണ് രാജാവും രാജ്ഞിയും തങ്ങളുടെ കൈയ്യപ്പോടു കൂടിയ കത്ത് കൃപാ തങ്കച്ചന് അയച്ചത്.
പ്രസ്റ്റണിലെ സെൻറ് അൽഫോൻസ് കത്തീഡ്രലിൽ കൃപയോടൊപ്പം 10 കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് . ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും വികാരി റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്റെയും നേതൃത്വത്തിലാണ് ഹോളി കമ്മ്യൂണിയന്റെ ചടങ്ങുകൾ നടന്നത്. സിസ്റ്റർ രോജിത്തിന്റെയും സിസ്റ്റർ കരുണയുടെയും നേതൃത്വത്തിലാണ് കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കിയത്.
തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.
പ്രെസ്റ്റൺ സെൻറ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാ തങ്കച്ചന്റെ പ്രായത്തെ മറികടക്കുന്ന പല സാമൂഹിക ഇടപെടലുകളും ബ്രിട്ടണിലെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സ്കൂൾ പരിസരത്തെ തെരുവുകളിൽ മാലിന്യം നിർമ്മാജനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലിലേക്ക് കത്തയച്ച് കാര്യം സാധിച്ചതും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് കത്തയച്ചതുമെല്ലാം ഇതിൽ ഉൾപ്പെടും. റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കൃപ റഷ്യൻ പ്രസിഡൻറ് പുടിന് എഴുതിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
2022 ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ വെച്ച് നടന്ന മലയാളം യുകെ ന്യൂസ് അവാർഡ് നൈറ്റിൽ ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് കൃപ തങ്കച്ചനാണ്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
യോർക്ഷയറിലെ കീത്തിലിയിൽ വൻ തീപിടുത്തം. ഫയർഫോഴ്സിൻ്റെ വൻ ടീമും പോലീസും തീയണയ്ക്കാനുള്ള കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കീത്തിലിയിലെ പ്രമുഖ ടെയ്ക് എവേ റെസ്റ്റോറൻ്റ് മാങ്കോസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്ന് തുടങ്ങിയത് എന്ന് പരിസരവാസികൾ പറയുന്നു. നിരവധി നിലകളുള്ള കെട്ടിടത്തിൻ്റെ മേൽക്കൂര വരെയും തീ പടർന്നു കഴിഞ്ഞു. മാങ്കോസ് റെസ്റ്റോറൻ്റിൻ്റെ മുകളിലുള്ള ഫ്ലാറ്റുകളിൽ ആൾതാമസമുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ആളപായം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതവിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ..
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാഞ്ചെസ്റ്റർ സിറ്റിയുടെ മുൻ ഫ്രഞ്ച് താരം ബെഞ്ചമിൻ മെൻഡി ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു. 2020 ഒക്ടോബറിൽ ചെഷെയറിലെ മോട്രം സെന്റ് ആൻഡ്രുവിലെ സ്വന്തം വീട്ടിൽവെച്ച് മെൻഡി 24-കാരിയായ വനിതയെ ആക്രമിച്ചു എന്നതാണ് ഒരു കേസ്. 29 വയസ്സുള്ള മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും മെൻഡി കുറ്റാരോപിതനായിരുന്നു. രണ്ട് വർഷം മുമ്പ് തന്റെ വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ജനുവരിയിൽ നേരത്തെ നടന്ന വിചാരണയിൽ ആറ് ബലാത്സംഗ കേസുകളിൽ മെൻഡി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ രണ്ട് കേസുകളിലും തെളിവുകൾ ഇല്ലെന്ന കാരണത്താൽ കുറ്റവിമുക്തനാക്കപ്പെട്ടത്. ചെസ്റ്റർ ക്രൗൺ കോടതിയിൽ മൂന്നാഴ്ചത്തെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് വിധിച്ചപ്പോൾ മെൻഡി പൊട്ടിക്കരഞ്ഞു.
താൻ ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നും ആരെയും നിർബന്ധിച്ച് ശാരീരിക ബന്ധം പുലർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണയ്ക്കിടെ താരം വ്യക്തമാക്കിയിരുന്നു. 10,000 സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തിയെന്നു ബലാത്സംഗം ചെയ്ത ശേഷം മെൻഡി പറഞ്ഞതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടത്. ഇത് രണ്ടാം തവണയാണ് മെൻഡി വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരനല്ലെന്ന് ജൂറി കണ്ടെത്തുകയും ചെയ്യുന്നത്. രണ്ട് ജൂറികളും ശരിയായ വിധിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജെന്നി വിൽറ്റ്ഷയർ പറഞ്ഞു.
കേസിൽ അറസ്റ്റിലായതോടെ താരത്തെ പുറത്താക്കിയതായി മാഞ്ചെസ്റ്റർ സിറ്റി അറിയിച്ചിരുന്നു. 2017-ലാണ് മൊണാക്കോയിൽ നിന്ന് ലെഫ്റ്റ് ബാക്കായ മെൻഡി മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. ആറ് വർഷ കരാറിൽ ഇംഗ്ലീഷ് വമ്പൻമാരുടെ പാളയത്തിലെത്തിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു. 75 മത്സരങ്ങൾ താരം സിറ്റിക്കായി കളിച്ചു. 2018-ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും മെൻഡി അംഗമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ വർഷത്തേതിൽ നിന്ന് അതിശക്തമായ ഉഷ്ണതരംഗം യൂറോപ്യൻ രാജ്യങ്ങളിൽ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്. തെക്കൻ യൂറോപ്പിന്റെ ഭൂരിഭാഗവും കടുത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. ഗ്രീസിൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അക്രോപോളിസ് അടച്ചിട്ടു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) പറയുന്നു. തീവ്രതയേറിയ ‘സെർബെറസ് ‘ എന്ന ഉഷ്ണതരംഗത്തിന്റെ ഭീതിയിലാണ് തെക്കൻ യൂറോപ്പ്. ഇറ്റലിയിൽ ഒരാളുടെ ജീവൻ ഇതിനോടകം സെർബെറസ് കവർന്നു.
സഹാറാ മരുഭൂമിയിലെ അന്തരീക്ഷത്തിൽ രൂപപ്പെട്ട ഒരു ആന്റി സൈക്ലോൺ സിസ്റ്റം അല്ലെങ്കിൽ ഘടികാരദിശയിലുള വായുചലനമായ എതിർച്ചുഴലിയാണ് സെർബെറസ്. സഹാറാ മേഖലയിലെ ഉയർന്ന മർദ്ദമാണ് സെർബെറസിന് കാരണം. സെർബെറസ് വിതയ്ക്കുന്ന ശക്തമായ ചൂട് വരുംദിവസങ്ങളിൽ ഇറ്റാലിയൻ ദ്വീപുകളായ സാർഡീനിയ, സിസിലി എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച ഇറ്റലിയിലെ മിലാനിലാണ് മരണം രേഖപ്പെടുത്തിയത്. 44കാരനായ റോഡ് നിർമ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 40 ഡിഗ്രി സെൽഷ്യസ് വരെ അന്ന് മിലാനിലെ താപനില എത്തിയിരുന്നു. ക്രൊയേഷ്യ, ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, തുർക്കി എന്നിവിടങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. 2021 ഓഗസ്റ്റിൽ സിസിലിയിൽ 48.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്.
റോം, ബൊലോന്യ, ഫ്ലോറൻസ് തുടങ്ങി 10 ഇറ്റാലിയൻ നഗരങ്ങൾ റെഡ് അലേർട്ടിലാണ്. അതേ സമയം, വടക്കേ ആഫ്രിക്കയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ട്യൂണീഷ്യയിൽ ഇതിനോടകം 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇന്നും നാളെയും തെക്കൻ സ്പെയിനിൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഗ്രീസിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. ഫ്രാൻസിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എത്തിയേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആളുകളുടെ വാർദ്ധക്യം കുറയ്ക്കുന്ന യൂത്ത് പില്ലുകളെ കുറിച്ചുള്ള പഠനം അവസാന ഘട്ടത്തിലെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞർ. മനുഷ്യരുടെയും എലികളുടെയും ചർമ്മകോശങ്ങളിലെ പ്രായമാകൽ പ്രക്രിയയെ ‘വർഷങ്ങളോളം’ താമസിപ്പിക്കുന്ന ആറ് രാസ കോക്ടെയിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മോളിക്യുലാർ ബയോളജിസ്റ്റും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. ഡേവിഡ് സിൻക്ലെയർ പുതിയ കണ്ടെത്തലിനെ മനുഷ്യരുടെ ശരീരത്തിൻെറ പുനരുജ്ജീവനത്തിലേക്കുള്ള ചുവടുവയ്പ്പായാണ് അഭിസംബോധന ചെയ്തത്. അടുത്ത വർഷത്തിനുള്ളിൽ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാമെന്ന് സിൻക്ലെയർ ട്വിറ്ററിൽ കണ്ടെത്തലുകൾക്കൊപ്പം അറിയിച്ചു.
മുൻപ് വാർദ്ധക്യം അകറ്റാൻ ജനിതക എഡിറ്റിംഗ് എന്നറിയപ്പെടുന്ന ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരു രീതി മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മരുന്ന് വിപണിയിൽ ലഭ്യമാകുമ്പോൾ ദശലക്ഷം ഡോളർ വിലമതിക്കും. ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം നോബൽ സമ്മാനം നേടിയ ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിൽ യമനക ഘടകങ്ങൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ജീനുകളുടെ പ്രവർത്തനത്തിന് മുതിർന്ന കോശങ്ങളെ യുവ കോശങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് കണ്ടെത്തി.
നോബൽ സമ്മാനം നേടിയ ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള ഗവേഷണം കോശങ്ങൾ വളരെ ചെറുപ്പമാകാതെയും അർബുദമായി മാറാതെയും വാർദ്ധക്യം അകറ്റാൻ കഴിയുമോയെന്ന ചോദ്യം ഉയർത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രായമായ കോശങ്ങളെ അവയുടെ യുവാവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്ന ആറ് കെമിക്കൽ കോക്ടെയിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എലികളുടെയും മനുഷ്യരുടെയും കോശങ്ങളിൽ കോക്ടെയിലുകൾ പരീക്ഷിച്ചതായി വിദഗ്ദ്ധ സംഘം പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എം പി പദവിയിൽ നിന്ന് ലഭിക്കുന്ന വരുമാനമല്ലാതെ, മറ്റ് സ്രോതസ്സുകളിൽ നിന്നും ജോലികളിൽ നിന്നും ബ്രിട്ടനിലെ എംപിമാർ സമ്പാദിക്കുന്ന പണത്തിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. എംപി സ്ഥാനം നിലനിൽക്കെ തന്നെ മറ്റു ജോലികളിൽ ഇവർക്ക് ഏർപ്പെടാമെങ്കിലും, തങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനവും സമ്മാനങ്ങളും സംഭാവനകളും ഷെയർഹോൾഡിംഗുകളും തുറന്നു കാണിക്കണമെന്ന് നിയമം ബ്രിട്ടനിൽ നിലനിൽക്കുന്നുണ്ട്. ലിസ് ട്രസ് മണിക്കൂറിൽ ഏകദേശം 15,770 പൗണ്ട് സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം തായ്വാനിൽ നടത്തിയ ഒരു പ്രസംഗത്തിന് ഒരു മണിക്കൂറിൽ 20,000 പൗണ്ട് തുക അവർക്ക് പ്രതിഫലം ലഭിച്ചതായാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസം എംപി പദം ഒഴിഞ്ഞ ബോറിസ് ജോൺസൺ മണിക്കൂറിൽ സമ്പാദിക്കുന്നത് 21,822 പൗണ്ട് തുകയാണ്. എന്നാൽ എം പി പദം ഒഴിഞ്ഞതിനാൽ തന്റെ വരുമാനം പരസ്യമായി വെളിപ്പെടുത്താതെ തന്നെ അദ്ദേഹത്തിന് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ എംപിമാർക്ക് പാർലമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം മണിക്കൂറിൽ 233 പൗണ്ട് എന്ന നിരക്കിൽ മാത്രമാണ്.
സ്കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ് ആണ് പാർലമെന്റിന് പുറത്ത് ഏറ്റവും കൂടുതൽ മണിക്കൂറുകൾ മറ്റ് ജോലികൾക്കായി ചെലവഴിച്ചതെന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. -കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 3,869 മണിക്കൂർ അദ്ദേഹം ഫുട്ബോൾ റഫറിയായി ചെലവഴിച്ചു. ടോറി എംപി ജെഫ്രി കോക്സ് ഒരു ബാരിസ്റ്റർ എന്ന നിലയിൽ തന്റെ ജോലിയിൽ 2,565 മണിക്കൂർ ജോലി ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പ് മുതൽ അദ്ദേഹം 2.4 മില്യൺ പൗണ്ട് സമ്പാദിച്ചു. എന്നാൽ ഇത്തരത്തിൽ മറ്റു ജോലികളിലേക്ക് എംപിമാർ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തങ്ങൾക്കുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം പലപ്പോഴും ഉത്തരവാദിത്വത്തോടെ ചെയ്യാൻ സാധിക്കുകയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. എംപിമാരുടെ പ്രഥമദൗത്യം തങ്ങൾ ആയിരിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് സേവനം അനുഷ്ഠിക്കുക എന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് ഓർമ്മിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ, ഇതിനായുള്ള പണം കണ്ടെത്തുന്നതിനായി ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ വിസ ഫീസും ആരോഗ്യ സർചാർജും വർദ്ധിപ്പിക്കുവാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഉണ്ടായിരുന്ന ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. വിസ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസും ഹെൽത്ത് സർചാർജും രാജ്യത്തെ പൊതുമേഖലാ വേതന വർദ്ധനയ്ക്കായി ഉയർത്തുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇത് യുകെയിലേക്ക് പഠനത്തിനും ജോലിക്കും ആയി പോകുവാൻ ആഗ്രഹിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്ക് മേൽ ആശങ്കയുളവാക്കുന്നതാണ്.
അദ്ധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ, മറ്റ് പൊതുമേഖലാ തൊഴിലാളികൾ എന്നിവരുടെ വേതനത്തിന്റെ സ്വതന്ത്ര പുനഃപരിശോധന കമ്മറ്റിയുടെ ശുപാർശകൾ അംഗീകരിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മർദ്ദത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊതുമേഖലയിൽ ഉടനീളം 5% മുതൽ 7% വരെ ശമ്പള വർദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനായുള്ള പണം സർക്കാർ കൂടുതൽ കടം എടുക്കുന്നതിലൂടെ നികത്താനാവില്ലെന്നും ഇത് കൂടുതൽ പണപ്പെരുപ്പത്തിലേക്ക് വഴിതെളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പൊതുമേഖല ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് തങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റെവിടെയെങ്കിലും നിന്ന് കണ്ടെത്തേണ്ടി വരുമെന്നും, ജനങ്ങൾക്ക് മേൽ കൂടുതൽ നികുതി ചുമത്താൻ താൻ തയ്യാറല്ലെന്നും, കൂടുതൽ കടമെടുക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പണം കണ്ടെത്താനായുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള വിസ ഫീസ് വർദ്ധനവ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ശമ്പള വർദ്ധനവിനെ ചൊല്ലിയുള്ള നിരവധി സമരങ്ങളെ തുടർന്ന് പ്രധാനമന്ത്രി കൂടുതൽ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ബ്രിട്ടൻ തങ്ങളുടെ ഭാഗം സംരക്ഷിക്കുമ്പോൾ, അവിടേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം ഉണ്ടാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ആരോഗ്യ സംവിധാനമായ എൻഎച്ച്എസ്സിലെ വെയിറ്റിംഗ് ലിസ്റ്റ് പുതിയ റെക്കോർഡ് തലത്തിലെത്തി . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.5 ദശലക്ഷമാണ്. ഇത് ജനസംഖ്യയുടെ 12.5 ശതമാനം വരും. മെയ് മാസത്തിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുറത്തുവന്ന കണക്കുകൾ പ്രകാരം 2007 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം. ഇതിൽ തന്നെ 385 , 022 പേർ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരാണ്. ഇത് ഏപ്രിൽ മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10000 – ത്തിലധികം കൂടുതലാണ്. ഇതിനേക്കാൾ ഒക്കെ ഞെട്ടിക്കുന്ന കാര്യമാണ് പതിനായിരത്തിലധികം ജനങ്ങൾക്ക് അവരുടെ പതിവ് ചികിത്സയ്ക്കായി 18 മാസത്തിലധികമായിട്ട് കാത്തിരിക്കേണ്ടതായി വരുന്നത്. ജൂനിയർ ഡോക്ടർമാരുടെ സമരം മൂലമുള്ള ചികിത്സ റദ്ദാക്കലുകൾ കൂടി പരിഗണിക്കുമ്പോൾ നിലവിലെ യഥാർത്ഥ കണക്കുകൾ വളരെ കൂടാനാണ് സാധ്യത .
ആളുകൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് കൂടാതെ രാജ്യത്തെ ആംബുലൻസ് സേവനം ലഭിക്കുന്നതിന്റെ സമയ പരുധിയും കൂടിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായവർക്ക് 37 മിനിറ്റാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനായി വേണ്ടി വന്നത് . മെയ് മാസത്തിൽ ഇത് 32 മിനിറ്റായിരുന്നു. പണിമുടക്കുകൾ, രോഗികളുടെ എണ്ണം കൂടുന്നത് , ബാങ്ക് അവധി ദിവസങ്ങൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നതിന് കാരണമാകുന്നുണ്ടെന്ന് എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സർ സ്റ്റീഫൻ പോവിസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ സമരങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ശമ്പളവർദ്ധനവിന് കഴിയുമോ? അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം ഏകദേശം ആറു ശതമാനമായി വർധിപ്പിച്ചു. ശമ്പള പുനഃപരിശോധനാ സമിതികളുടെ ശുപാർശകൾ അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
ശമ്പളവർദ്ധനവ് എത്ര ശതമാനം?
• ഇംഗ്ലണ്ടിലെ അധ്യാപകർ – 6.5%
• ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ – 6% + £1,250 ഏകീകൃത വർദ്ധനവ്
• ഇംഗ്ലണ്ടിലെ കൺസൾട്ടന്റുകൾ, ദന്തഡോക്ടർമാർ, ജിപിമാർ – 6%
• ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് ഉദ്യോഗസ്ഥർ – 7%
• ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിൽ ഉദ്യോഗസ്ഥർ – 7%
• യുകെയിലുടനീളമുള്ള സായുധ സേന – 5% + £1,000 ഏകീകൃത വർദ്ധനവ്
• മുതിർന്ന ഉദ്യോഗസ്ഥർ – 5.5%
ശമ്പള വർദ്ധനവിനായി പണം കടം വാങ്ങാൻ ഋഷി സുനക് ആഗ്രഹിക്കുന്നില്ല. കൂടുതൽ കടം വാങ്ങുന്നത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകുമെന്ന് അദ്ദേഹം കരുതുന്നു. വിസയുടെ ഫീസും എൻഎച്ച്എസ് ഉപയോഗിക്കുന്നതിന് കുടിയേറ്റക്കാർ നൽകേണ്ട സർചാർജും വർദ്ധിപ്പിച്ച് ഇതിനായുള്ള പണം സമാഹരിക്കേണ്ടി വരും. ശമ്പളവർദ്ധനവിനെ അധ്യാപക സംഘടനകൾ പിന്തുണച്ചിട്ടുണ്ട്. ഡോക്ടേഴ്സ് യൂണിയനായ ബിഎംഎയും ഒരു വലിയ ട്രേഡ് യൂണിയനായ യുണൈറ്റും ഈ വർദ്ധനവ് അംഗീകരിക്കുന്ന കാര്യത്തിൽ സംശയമാണ്.