Main News

സ്‌പോട്‌സ് ഡെസ്‌ക്. മലയാളം യുകെ.

ചിത്രങ്ങള്‍. ജോമേഷ് അഗസ്റ്റ്യന്‍
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് ‘മാസ്സ് ‘ സംഘടിപ്പിച്ച ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററ്റല്‍ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാര്‍ സഖ്യം കിരീടം ചൂടി. പ്രസ്റ്റണില്‍ നിന്നുള്ള സിബിന്‍ അമീന്‍ അമല്‍ പ്രസാദ് സഖ്യം റണ്ണേഴ്‌സ് അപ്പായി. ഫെബിന്‍ വിന്‍സന്റ്, എബി കുര്യന്‍ ടീമും റോബിന്‍ രാജ്, പ്രിന്‍സ് മാത്യൂ ടീമും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തില്‍ റോഷിനി റെജി, അനറ്റ് ടോജി വിജയിച്ചപ്പോള്‍ രശ്മി രാഹുത്, നിഷ കോസ് റണ്ണേഴ് അപ്പായി. ലീമ ഷാജിയും ഗീതികയും, ജയശ്രീ രാജുവും ഫിയോണ ഫെലിക്‌സും മൂന്നും നാലും സ്ഥാനം പങ്കിട്ടു.

ജൂനിയര്‍ ഗേള്‍സ് വിഭാഗം
സിഗിള്‍സില്‍ എയ്ഞ്ചല്‍ ബെന്നി വിജയിച്ചപ്പോള്‍ അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെല്‍ കോസ്, ഒലിവിയ പ്രദീപ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയര്‍ ബോയ്‌സ് വിഭാഗത്തില്‍
റിച്ചാര്‍ഡ് റെയ്മണ്‍ഡ്, ഗബ്രിയേല്‍ ബിജു രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ ബെഞ്ചമിന്‍ സിബി, ഡാനിയേല്‍ ബിജു ഒന്നാമതെത്തി. ദേവികയും ദീപകും, റൂബന്‍ റെജിയും ആര്യന്‍ ചന്ദ്ര ബോസും മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഫ്‌ലമിന്‍ ബിനു, ആദി ചന്ദ്ര ബോസ് സഖ്യം വിജയിച്ചു. ബെസ്റ്റിന്‍ ബിജോ, സിറില്‍ സോജോ റണ്ണേഴ്‌സ് അപ്പായി. നോയല്‍, ടോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് കരസ്ഥമാക്കി.

യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ സിറ്റി സ്‌പേസ് സ്‌പ്പോട്‌സ് ഹാളില്‍ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റ് റെജി തോമസ്സ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി ജോസ്, ട്രഷറര്‍ അരുണ്‍ ജോളി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോത്സന ജോയി, മാസ്സിന്റെ ഫൗണ്ടര്‍ മെമ്പറെന്‍മാരായ സോജന്‍ സെബാസ്റ്റ്യന്‍, ബെന്നി സെബാസ്റ്റ്യന്‍, പ്രതീപ് തങ്കച്ചന്‍, മാസ്സ് സ്‌പോട്‌സ് ഓര്‍ഗ്ഗനൈസര്‍ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷ കോസ്, ജിമ്മി അഗസ്റ്റ്യന്‍, ബിജു വര്‍ഗ്ഗീസ്, മാസ്സിന്റെ ബാറ്റ്മിന്റന്‍ ക്യാപ്റ്റന്‍ ബിജു ചന്ദ്ര ബോസ് തുടങ്ങി മാസ്സിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

യുകെയുടെ നാനാഭാഗത്തു നിന്നായി ജൂണിയേഴ്‌സ് ബോയ്‌സ് വിഭാഗത്തില്‍ ആറ് ടീമും ഗേള്‍സ് വിഭാഗത്തില്‍ നാല് ടീമും സീനിയേഴ്‌സില്‍ അഞ്ച് ടീമും, അഡല്‍സ് വിഭാഗത്തില്‍ ഇരുപത്തിയേഴ് ടീമുമുള്‍പ്പെടെ നാല്‍പ്പത്തിരണ്ട് ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. യുകെയിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റാണ് സണ്ടര്‍ലാന്റില്‍ ഇന്നലെ നടന്നത്.
നാല് ഗ്രൂപ്പായി തിരിച്ചു തുടങ്ങിയ മത്സരത്തില്‍ തീപാറും ഷോട്ടുകളാണ് എല്ലാ ടീമും കാഴ്ച്ചവെച്ചത്. അദ്യ റൗണ്ടില്‍ ആറ് മത്സരങ്ങളാണ് ഓരോ ടീമും കളിക്കുന്നത്. അതില്‍ വിജയിക്കുന്ന ടീമാണ് അടുത്ത റൗണ്ടിലേയ്ക്ക് യോഗ്യത നേടുന്നത്.
വൈകുന്നേരം അഞ്ച് മണിയോടെ ഓരോ വിഭാഗത്തിന്റെയും ഫൈനല്‍ റൗണ്ടില്‍ ടൂര്‍ണ്ണമെന്റെത്തി. അത്യധികം ആവേശകരമായി പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിച്ചു.

തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. മാസ്സ് പ്രസിഡന്‍് റെജി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ യുകെയില്‍ വായനക്കാരുടെ എണ്ണത്തില്‍ മുന്‍ നിരയിലുള്ള മലയാളം യു കെ (www.malayalamuk.com) ന്യൂസിന്റെ ഡയറക്ടര്‍ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മ യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ കോര്‍ഡിനേറ്ററും ജോയിന്റ് ട്രഷറുമായ ബാബു സെബാസ്റ്റ്യന്‍, ബൈജു ഫ്രാന്‍സീസ് ഡയറക്ടര്‍ ഡിഗ്‌ന കെയര്‍, എല്‍ദോ പോള്‍ ഔവല്‍ ഫൈനാന്‍സ്, കമ്മറ്റിയംഗങ്ങളായ ഷാജി ജോസ്, അരുണ്‍ ജോളി, ജോസ്‌ന ജോയി, മുന്‍ പ്രസിഡന്റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോര്‍ജ്ജ് (ICA), ടെറി ലോംഗ്സ്റ്റാഫ്, എന്നിവര്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.
കോവിഡ് തകര്‍ത്ത മാനസികാവസ്ഥയെ മറികടന്ന് ഒരു പുത്തന്‍ ഊര്‍ജ്ജമായി പുതിയ തലമുറയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ ടൂര്‍ണ്ണമെന്റു കൊണ്ടുദ്ദേശിക്കുന്നതെന്ന് മാസ്സിന്റെ പ്രസിഡന്റ് റെജി തോമസ്സ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാസ്സിന്റെ സ്‌പോട്‌സ് ടീമിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ കോച്ച് ടെറി ലോംഗ്സ്റ്റാഫാണ്. അദ്ദേഹമായിരുന്നു ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഹെഡ് റഫറിയും. പ്രാദേശീക സപ്പോര്‍ട്ടോടുകൂടിയാണ് മാസ്സ് ജൈത്രയാത്ര തുടരുന്നത്.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിന്‍ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിനി റെജി എന്നിവരെ മൊമന്റൊ നല്‍കി ആദരിച്ചു.

കേരള തനിമയില്‍ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഷീബാ ബെന്നിയും, റോസമ്മ ഷാജിയും, സോണി റെജിയും ടൂര്‍ണ്ണമെന്റിന്റെ വിജയം ഉറപ്പാക്കി.
വൈകിട്ട് ഏഴ് മണിയോടെ കാര്യപരിപാടികള്‍ അവസാനിച്ചു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റിഷി സുനക്കിനെതിരെ അന്വേഷണം നടത്താൻ ലോർഡ് ഗെയ്റ്റിനോട് പ്രധാനമന്ത്രി ഉത്തരവിട്ടതായി ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. സുനക്കിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അന്വേഷണം. തന്റെ കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുനക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുനക്കിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ഉള്ളതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച മിനി ബജറ്റില്‍ നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ധനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ അക്ഷതയെ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതായി ആരോപണം ഉയര്‍ന്നത്.

ഇന്‍ഫോസിസിലെ 0.93 ശതമാനം ഓഹരികളില്‍ നിന്നായി പ്രതിവര്‍ഷം 11.6 മില്യണ്‍ പൗണ്ട് ആണ് അക്ഷതയ്ക്ക് ഡിവിഡന്റായി ലഭിക്കുന്നത്. അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതോടെ സുനക് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. നോൺ-ഡോം പദവിയിലൂടെ അക്ഷത നികുതിയിൽ എത്ര ലാഭം നേടി എന്ന ചോദ്യം ഉയരുന്നുണ്ട്. വിവാദം ഉയർന്നതിന് പിന്നാലെ, തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് അക്ഷത മൂർത്തി അറിയിച്ചു.

2018ൽ ആദ്യമായി മന്ത്രിയായപ്പോൾ സുനക് തന്റെ ഭാര്യയുടെ നികുതി പദവി കാബിനറ്റ് ഓഫീസിൽ പ്രഖ്യാപിച്ചിരുന്നു. അതുപോലെ, എന്തുകൊണ്ടാണ് സുനക് കഴിഞ്ഞ വർഷം വരെ യുഎസ് ഗ്രീൻ കാർഡ് കൈവശം വച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. സുനക് യുഎസ് ഗ്രീൻ കാർഡ് കൈവശം വച്ചിരുന്നതായി തനിക്ക് അറിയില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സുനക് മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചുവോ എന്ന അന്വേഷണവും നടക്കും. മിനിസ്റ്റീരിയൽ കോഡ് ലംഘനം നടന്നതായി തെളിഞ്ഞാൽ അദ്ദേഹം രാജി വെക്കേണ്ടി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുടുംബത്തിന്റെ നികുതി കാര്യങ്ങളുടെ പേരിൽ വിവാദത്തിലായ ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് തുറന്ന പോരിനൊരുങ്ങുന്നു. ചാൻസലർ പദവി രാജിവെക്കില്ലെന്ന് അറിയിച്ച സുനക്, തനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. ലോര്‍ഡ് ജെയ്ഡ്റ്റാണ് അന്വേഷണം നടത്തുക. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടണമെന്നും സുനക് ആവശ്യപ്പെട്ടിട്ടുണ്ട്.

സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ‌.ആർ. നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയുടെ നോൺ-ഡോം പദവിയെ ചൊല്ലിയാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ ഇതരരാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് അക്ഷത നികുതി നൽകിയിരുന്നില്ല. ഇതു വിവാദമായിരുന്നു. തുടർന്ന് തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് ഇവർ വ്യക്തമാക്കി. സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാർ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം.

പ്രധാനമായും, സുനക്കിന്റെ രാഷ്ട്രീയ ഭാവിയെ ലക്ഷ്യം വെച്ചാണ് എതിരാളികൾ വിവാദം സൃഷ്ടിക്കുന്നത്. ഇൻഫോസിസിലെ അഷതയുടെ ഓഹരി പങ്കാളിത്തം ഉൾപ്പെടെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അതിനാൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളുടെ മുനയൊടിക്കാൻ സുനക് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ജീവിതചെലവുകളുടെ വൻ വർദ്ധനവ് ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കിരിക്കുകയാണ്. മാഞ്ചസ്റ്ററിൽ രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പിഎച്ച്ഡി ഉള്ള സ്ത്രീക്ക് പോലും തന്റെ സ്ഥലത്തുള്ള പെറിസ്‌ പാൻട്രി ഫുഡ് ബാങ്കിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. അടിസ്ഥാന ആവശ്യങ്ങൾപോലും നിർവഹിക്കാൻ സാധിക്കാത്ത അമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷണം ഈ ഫുഡ് ബാങ്കിൽ നിന്നാണ് ലഭിക്കുന്നത്. വരുമാനത്തിൽ ഉള്ള കുറവും, ചെലവുകളുടെ വർദ്ധനവും, അതോടൊപ്പം തന്നെ കടമെടുത്തത് തിരിച്ചെടുക്കാനാവാത്ത അവസ്ഥയുമെല്ലാം തന്നെ മാനസിക സമ്മർദ്ദത്തിൽ എത്തിച്ചിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. പി എച്ച് ഡി ഡിഗ്രി ഉണ്ടായിട്ടും രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടും തനിക്ക് ജീവിതച്ചെലവുകൾ കണ്ടെത്താനാവുന്നില്ലെന്ന് അവർ വ്യക്തമാക്കി.


മാനസികമായി വളരെയധികം സമ്മർദ്ദത്തിലാണ് താൻ ഉള്ളത്. ലഭിച്ചിരിക്കുന്ന ജോലിപോലും സ്ഥിരമായി ഉള്ളതല്ല. അതോടൊപ്പം തന്നെ കൃത്യസമയത്ത് ശമ്പളം പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. മാസം 725 പൗണ്ട് ആണ് വാടകയായി നൽകേണ്ടത്. എന്നാൽ ഇത് തന്നെ നൽകുവാൻ സാധിക്കാത്തതിനാൽ മുൻ പങ്കാളിയുമൊത്ത് താൻ താമസിക്കുവാൻ നിർബന്ധിതയാകുന്നുവെന്ന് അവർ പറഞ്ഞു. അടുത്തിടെ ഈ തുക 825 പൗണ്ടായി വർദ്ധിക്കുമെന്ന് അവർ അറിയിച്ചതായും, ഇത് തനിക്ക് ഒരുതരത്തിലും അംഗീകരിക്കാൻ ആവുന്നതല്ലെന്നും അവർ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ കഴിഞ്ഞ നാല് മാസത്തേക്കുള്ള വാട്ടർ ബില്ലായി 600 പൗണ്ടാണ് തനിക്ക് ലഭിച്ചതെന്നും, തന്റെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഇവയെല്ലാംകൂടി അടയ്ക്കാൻ തനിക്ക് ഒരു നിർവാഹവുമില്ലെന്ന് അവർ വ്യക്തമാക്കി.

ഈ സാഹചര്യം തന്റെ മാത്രമല്ല മറിച്ച് നിരവധിപേരുടെ അവസ്ഥയാണ് വെളിവാക്കുന്നത് എന്നും അവർ വ്യക്തമാക്കി. അടുത്തിടെ ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളുടെ വർദ്ധനവ് ബ്രിട്ടണിലെ ഭൂരിഭാഗം ജനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നേരിടുവാൻ ആവശ്യമായ നടപടികൾ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്ലോറിഡ : ഡേവിഡ് ബെക്കാമിന്റെ മൂത്ത മകൻ ബ്രൂക്ലിൻ ബെക്കാം വിവാഹിതനായി. ശനിയാഴ്ച്ച മിയാമിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നടി നിക്കോള പെൽട്സ് ആണ് ബ്രൂക്ലിന്റെ ഭാര്യ. ‘ട്രാൻസ്ഫോമേർസ്: ഏജ് ഓഫ് എക്സിങ്ഷൻ’ ചിത്രത്തിലൂടെ ശ്രദ്ധേയയാണ് നിക്കോള പെൽട്സ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. 2020 ജുലൈ 11 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

മിയാമിയിൽ കടലിനോട് ചേർന്ന് നിക്കോളയുടെ പിതാവ് നെൽസൺ പെൽട്സിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ വെച്ചായിരുന്നു വിവാഹം. പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ വാലന്റിനോയുടെ വസ്ത്രമാണ് നിക്കോള വിവാഹ ദിവസം ധരിച്ചത്. ആഡംബരപൂർണമായി നടന്ന ചടങ്ങിന് ഏകദേശം 3 മില്യൺ പൗണ്ട് ചിലവ് വരുമെന്ന് ദി സൺ റിപ്പോർട്ട്‌ ചെയ്തു. ബ്രൂക്ലിന് 23 നും വധു നിക്കോളയ്ക്ക് 27 വയസ്സുമാണ് പ്രായം. ബ്രൂക്ലിന്റെ ഇളയ സഹോദരി പത്തു വയസ്സുകാരി ഹാർപർ ബെക്കാമായിരുന്നു ബ്രയ്ഡ്സ് മെയ്ഡായി എത്തിയത്. സഹോദരൻ പതിനേഴു വയസ്സുള്ള ക്രൂസ് ബ്രൂക്ലിനൊപ്പമുണ്ടായിരുന്നു.

ജൂത വംശജയാണ് നിക്കോള പെൽട്സ്. വിവാഹത്തോടെ, പെൽട്സ് എന്ന പേര് ബ്രൂക്ലിൻ തന്റെ പേരിനൊപ്പം ചേർക്കും. ഡേവിഡ് ബെക്കാമിന്റെ മുത്തച്ഛനും ജൂത വംശജനാണ്. പരമ്പരാഗത ജൂത ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുക്കൾക്ക് പുറമേ, ഏതാനും സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. നടി ഇവാ ലോംഗോറിയ, വിക്ടോറിയ ബെക്കാമിന്റെ സംഗീത ബാൻഡായിരുന്ന സ്പൈസ് ഗേൾസ് അംഗം മെൽ സി, ടെന്നീസ് താരം സെറീന വില്യംസ്, ലോകപ്രശസ്ത ഷെഫ് ഗോർഡൻ റാംസെ എന്നിവരും അതിഥികളായെത്തി. നിക്കോളയെ തങ്ങൾ വളരെയധികം സ്നേഹിക്കുന്നുവെന്നും തന്റെ കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും ബെക്കാം പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം നടക്കുന്ന ദുഃഖാചരണ പദ്ധതികളെ സംബന്ധിക്കുന്ന കൂടുതൽ രഹസ്യവിവരങ്ങൾ പുറത്തായിരിക്കുകയാണ്. ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ഈ ദുഃഖാചരണ പരിപാടികളിൽ രാജ്യം മുഴുവൻ ഒരുദിവസം പൂർണമായി വിലാപ ദിവസമായി കൊണ്ടാടും. അതോടൊപ്പം തന്നെ ബ്രിട്ടണിലെങ്ങും ഉള്ള പള്ളികളെല്ലാം എപ്രകാരം രാജ്ഞിയുടെ മരണത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കും എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ദേവാലയങ്ങളിൽ ഹാഫ് – മഫിൾസ് മുഴക്കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഹാഫ് – മഫ്ലിങ്ങിൽ മണിയുടെ ക്ലാപ്പറിന്റെ ഒരുവശത്ത് മാത്രം ഒരു ലെതർ മഫിൾ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് ഉള്ളത്. അതിനാൽ ഉച്ചത്തിലുള്ള തുറന്ന് സ്ട്രൈക്കിനുശേഷം മഫിൾഡ് സ്ട്രൈക്ക് ഉണ്ടാകും. എന്നാൽ ചില പള്ളികളിലെങ്കിലും 70 വർഷങ്ങൾക്കു മുൻപ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തിനാണ് അവസാനമായി ഇത്തരത്തിൽ മണി മുഴക്കിയത്. അതിനാൽ തന്നെ ഇവയെല്ലാം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷമാണ് ആദ്യമായി ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിന് സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തായത്. മരണ ദിവസം ഡി ഡേ എന്നാകും അറിയപ്പെടുക. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായ ചാൾസ് രാജകുമാരൻ രാജ്ഞിയുടെ മരണശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതോടൊപ്പംതന്നെ ഗവൺമെന്റ് ഓഫീസുകളിൽ എല്ലാം തന്നെ പതാക താഴ്ത്തി കെട്ടാനുമുള്ള തീരുമാനങ്ങളെല്ലാം തന്നെ ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിൽ ഉൾപ്പെടുന്നവയാണ്. മരണശേഷം പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്കാര ശുശ്രൂഷകൾ എല്ലാം പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയെന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യൻ വംശജനായ ചാൻസലർ റിഷി സുനകിനുമേൽ പുതിയ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. റിഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ മേൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമേ, ഇപ്പോൾ ചാൻസലർ യു എസ് ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായാണ് പുതിയ വിവാദം. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സുനക് രാജിവെക്കാനുള്ള സാധ്യതയും അടുത്തവൃത്തങ്ങൾ തള്ളിക്കളയുന്നില്ല. കഴിഞ്ഞവർഷം ഒക്ടോബർ മാസം വരെ യു എസ് ഗ്രീൻ കാർഡ് സുനകിനു സ്വന്തമായി ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ചു വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും അന്വേഷണം ഉണ്ടാകണമെന്നും സുനകിന്റെ രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ സ്ഥിരതാമസവും, ടാക്സുകൾ അടയ്ക്കാനുള്ള താല്പര്യവുമുണ്ടെങ്കിൽ യു എസ് പൗരത്വം ഉറപ്പാക്കാൻ ഗ്രീൻ കാർഡ് സഹായകരമാകും. ബ്രിട്ടീഷ് ചാൻസലർ സുനകിനും ഭാര്യയ്ക്കും കാലിഫോർണിയയിലെ സാന്റ മോനിക്കയിൽ 5 മില്യൺ പൗണ്ട് വിലമതിക്കുന്ന ഫ്ലാറ്റ് സ്വന്തമായുണ്ട്. ട്രഷറി നൽകിയ വിശദീകരണത്തിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കാർഡിന്റെ കാലാവധി അവസാനിപ്പിക്കുന്ന സമയം വരെ സുനക് അമേരിക്കയിൽ ടാക്സുകൾ നൽകിയതായി റിപ്പോർട്ടുണ്ട്.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് നിയമങ്ങൾ പ്രകാരം ഗ്രീൻ കാർഡ് ഉള്ളവർക്ക് മറ്റുള്ള രാജ്യങ്ങളിൽ ഗവൺമെന്റ് ജോലികൾ സ്വീകരിക്കാനോ, മറ്റുള്ള രാജ്യങ്ങളിലെ ഇലക്ഷനിൽ പങ്കെടുക്കാനോ അനുവാദമില്ല. സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് കഴിഞ്ഞദിവസങ്ങളിൽ വൻവിവാദമായിരുന്നു. ടാക്സ് വെട്ടിപ്പ് നടത്താനുള്ള മാർഗമായാണ് അക്ഷത മൂർത്തി ഇതിന് ഉപയോഗപ്പെടുത്തുന്നത് എന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ വാദം. എന്നാൽ താൻ ഇനി മുതൽ യു കെ ടാക്സുകളും അടയ്ക്കാൻ സന്നദ്ധയാണെന്ന് അക്ഷത വെള്ളിയാഴ്ച നൽകിയ വിശദീകരണത്തിൽ അറിയിച്ചിരുന്നു. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സുനക് കൃത്യമായ വിവരങ്ങൾ നൽകുന്നില്ല എന്ന ആരോപണം എതിരാളികൾ ശക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോറിസ് ജോൺസൺ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൈവിൽ ചർച്ച നടത്തി. സന്ദർശനം യുക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യോഗത്തിന് ശേഷം യുക്രൈനിൽ പിന്തുണയ്ക്കാൻ യുകെ 120 കവചിത വാഹനങ്ങളും കപ്പൽ വിരുദ്ധ മിസൈൽ സംവിധാനങ്ങളും അയക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. റഷ്യയുമായുള്ള പോരാട്ടത്തിൽ യുകെ നൽകുന്ന പിന്തുണയെ മിസ്റ്റർ സെലെൻസ്‌കി അഭിനന്ദിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ കൈവിലേക്കുള്ള സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നില്ല. പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച യുടെ ഫോട്ടോ ലണ്ടനിലെ യുക്രൈനിയൻ എംബസി ട്വിറ്റ് ചെയ്തപ്പോഴാണ് അദ്ദേഹം നഗരത്തിൽ വന്ന വാർത്ത പുറത്തുവന്നത്. യുക്രൈനിയൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സെലൻസ്‌കിയെ നേരിട്ട് കാണാൻ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോയതായി പിന്നീട് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

മിസ്റ്റർ സെലെൻസ്‌കി യുകെയുടെ നിർണായകവും സുപ്രധാനവുമായ പിന്തുണയെ സ്വാഗതം ചെയ്യുന്നതായും മോസ്കോയിൽ സമ്മർദം ശക്തമാക്കാൻ മറ്റു പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. യുക്രൈൻ പ്രതിരോധ പിന്തുണ നൽകുന്ന രാജ്യങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് യുകെ ആണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, ഉക്രേനിയൻ പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ആൻഡ്രി സിബിഹ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെലും വെള്ളിയാഴ്ച പ്രസിഡന്റ് സെലെൻസ്‌കിയുമായി ചർച്ചകൾക്കായി യുക്രൈനിലെത്തിയിരുന്നു. എന്നാൽ സംഘർഷങ്ങൾക്കിടെ ചർച്ചകൾക്കായി യുക്രൈൻ തലസ്ഥാനത്തേക്ക് പോകുന്ന ജി7 രാജ്യങ്ങളിലെ ആദ്യത്തെ അംഗമാണ് ജോൺസൺ. പ്രദേശത്ത് നിന്ന് പാലായനം ചെയ്യാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ സ്റ്റേഷനിൽ മിസൈൽ ആക്രമണം നടത്തിയ റഷ്യൻ സേനയുടെ ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും സെലെൻസ്കി മുന്നോട്ടുവെച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫോർവേഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ആരാധകൻെറ ഫോൺ തകർക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് മാപ്പപേക്ഷിച്ച് രംഗത്തെത്തി. എവർട്ടണിൽ തന്റെ ടീമിന്റെ 1-0 തോൽവിക്ക് ശേഷം പിച്ച് വിടുമ്പോൾ സംഭവം നടാന്നതായുള്ള കമന്റുകൾക്ക് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നത്. 37 കാരനായ റൊണാൾഡോ പിന്നീട് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറയുകയായിരുന്നു. നമ്മൾ അഭിമുഖീകരിക്കുന്ന ചില വിഷമകരമായ നിമിഷങ്ങളിൽ വികാരങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല എന്ന് അദ്ദേഹം പറഞ്ഞു.

ഈ കളിയിലെ ഫലം യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യത നേടാനുള്ള പ്രതീക്ഷകളെ ഇല്ലാതാക്കിയിരുന്നു. എന്നിരുന്നാലും തങ്ങൾ എല്ലായിപ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം എന്നും മനോഹരമായ ഈ കളിയെ ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാർക്കും മാതൃകയായിരിക്കണമെന്നും പോർച്ചുഗീസ് താരം കൂട്ടിച്ചേർത്തു. തൻെറ തെറ്റായ പ്രവർത്തിയോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും കഴിയുമെങ്കിൽ ഓൾഡ് ട്രാഫോർഡിൽ മത്സരം കാണുവാൻ ഈ ആരാധകനെ ക്ഷണിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ നാലാം തീയ്യതി തിങ്കളാഴ്ച നോർത്താംപ്ടൺ ആശുപത്രിയിൽ നമ്മളെ വിട്ട് പിരിഞ്ഞ വിനോദ് സെബാസ്റ്റ്യന്റെ മരണാനന്തര കർമ്മങ്ങളുടെ ക്രമീകരണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് നോർത്താംപ്ടൺ മലയാളിസമൂഹം.

മൃതശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് നോർത്താംപ്ടണിൽ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഭൗതികശരീരം അവസാനമായി കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കുവാനും അവസരമൊരുക്കിയിരിക്കുന്നു. 13-ാം തീയ്യതി 11 മണി മുതൽ 1 മണി വരെ നോർത്താംപ്ടൺ സെന്റ് ഗ്രിഗറി കാത്തോലിക് ദേവാലായത്തിലാണ് മൃതശരീരം ദർശനത്തിനായ് ഒരുക്കിയിരിക്കുന്നത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നോർത്താംപ്ടൺ മിഷന്റെ ഇൻചാർജ് ആയ ഫാദർ എബിൻ ആണ് പള്ളിയിലെ മരണാന്തര ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്.

കോഴിക്കോട് പുല്ലൂരംപാറ തയ്യിൽ മാമച്ചന്റേയും മേരിയുടെയും രണ്ടു മക്കളിൽ ഇളയവനായ വിനോദ് കഴിഞ്ഞ മാർച്ചിലാണ് ഇംഗ്ലണ്ടിൽ എത്തിയത്. മൂത്ത സഹോദരി നാട്ടിലാണ്. ഭാര്യ ബാംഗ്ലൂർ സ്വദേശിനിയായ എലിസബത്ത് രണ്ടു വർഷം മുമ്പ് കുവൈറ്റിൽ നിന്ന് എത്തി നോർത്താംപ്ടൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലിയിൽ പ്രവേശിച്ചത്.

എലിസബത്ത് – വിനോദ് ദമ്പതികൾക്ക് പത്തു വയസ്സായ ആൺകുട്ടിയും അഞ്ചും നാലും വയസ്സുമുള്ള രണ്ട് പെൺ കുഞ്ഞങ്ങളുമാണുള്ളത്. വിനോദിനോടൊപ്പമാണ് കുട്ടികൾ മൂന്ന് പേരും ഇംഗ്ലണ്ടിൽ എത്തിയത്. വിനോദ് നോർത്താംപ്ടണിൽ എത്തുന്നതിന് മുമ്പ് കുവൈറ്റിൽ ആംബുലൻസ് നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു നോർത്താംപ്ടൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്.

ബുധനാഴ്ച നടക്കുന്ന പൊതു ദർശനത്തിനു ശേഷം മൃതശരീരം മോർച്ചറിയിലേക്ക് മാറ്റുന്നതും പിന്നീട് നാട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്. ഈസ്റ്റർ വാരമായതിനാൽ നാട്ടിൽ നടക്കുന്ന ചടങ്ങുകളുടെ വിവരം പിന്നീട് മാത്രമേ അറിയിക്കാൻ സാധിക്കു എന്നാണ് അറിയിച്ചിരിക്കുന്നത്.

Address:
St Gregory R C Church
22 Park Avenue North Northampton
NN3 2HS

More details please contact on

1. +44 7912 205864. Sunny
2. +44 7903 986970. Suresh
3 +44 7526 536707. Jomon
4. +44 7730 883823. Babu

കുടുംബത്തെ സഹായിക്കുവാനായി തുടങ്ങിവച്ച ചാരിറ്റി ഫണ്ടിംഗ് ഇതുവരെ £12750.00  സമാഹരിച്ചു. താല്പര്യമുള്ളവർ സഹായിക്കുക. ലിങ്ക് താഴെ കൊടുക്കുന്നു

https://www.justgiving.com/crowdfunding/vinod-sebastian-12?utm_term=eYqJqZJn9

 

RECENT POSTS
Copyright © . All rights reserved