Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെത്തുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ പ്രാഥമികമായി അവരുടെ അപേക്ഷകളും മറ്റും പ്രോസസ്സ് ചെയ്യാനായി റൂവാണ്ടയിലേക്ക് മാറ്റുവാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ ആഫ്രിക്കൻ രാജ്യമായ റൂവാണ്ടയുമായി കരാർ ഒപ്പിടാനായി അവിടെ എത്തിച്ചേർന്നിട്ടുണ്ടെന്നും, ഇന്ന് കരാർ ഒപ്പിടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം 120 മില്യൺ പൗണ്ടോളം ഈ പദ്ധതിക്കായി ചിലവ് വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. എന്നാൽ ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഗവൺമെന്റിന്റെ ഈ തീരുമാനം തികച്ചും ക്രൂരമാണെന്ന് റെഫ്യുജി കൗൺസിൽ വ്യക്തമാക്കി. ലേബർ പാർട്ടിയും ഈ തീരുമാനത്തോടുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് റെഫ്യുജി കൗൺസിലർ ബ്രിട്ടനിലെ പുതിയ നടപടിയോടുള്ള തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഗവൺമെന്റിൻെറ ഈ തീരുമാനം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഭയാർഥികൾക്ക് മേൽ രാജ്യത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നടപടിയെന്ന് ഗവൺമെന്റ് വാദിക്കുമ്പോൾ, മനുഷ്യത്വരഹിതമാണെന്ന ആരോപണം ശക്തമായി തന്നെ തുടരുന്നുണ്ട്. പാർട്ടിഗേറ്റ് വിവാദത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഗവൺമെന്റ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി അംഗം കുറ്റപ്പെടുത്തി. നിരവധി ആളുകൾ ദിവസേന ഇംഗ്ലീഷ് ചാനൽ അനധികൃതമായി കടക്കുന്നതിനാൽ, ഇത്രയും പേരെ സംരക്ഷിക്കുന്നതിനുള്ള ശേഷി ബ്രിട്ടണില്ല എന്നുള്ള വസ്തുത കൂടി കുറ്റപ്പെടുത്തുന്നവർ ഓർമ്മിച്ചിരിക്കണം എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ മാസം ഒരു വിവാദ ഫേഷ്യൽ റെക്കഗ്നിഷൻ കമ്പനിയായ ക്ലിയർവ്യൂ എഐ തങ്ങളുടെ സാങ്കേതിക വിദ്യയെ ഉക്രേനിയൻ സർക്കാരിന് നൽകിയതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻെറ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയുവാൻ ഇതെങ്ങനെ ഉപയോഗിക്കാം എന്നതിൻെറ തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. മുഖത്ത് പരുക്കുകൾ ഏറ്റു ഒരു ജോടി കാൽവിൻ ക്ലീൻ ബോക്സർമാർ മാത്രം ഉള്ള ഒരു മൃതശരീരം കിഴക്കൻ ഉക്രെയ്നിലെ ഖാർകിവിൽ യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയിരുന്നു. തലയ്ക്ക് പരുക്കേറ്റതുമൂലം ശരീരം ആരുടേതെന്ന് കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അധികാരികൾ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.

ക്ലിയർവ്യൂ എഐ ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രശസ്തവും വിവാദപരമായ മുഖം തിരിച്ചറിയൽ സംവിധാനമാണ്. മുഖങ്ങൾ തിരിച്ചറിയാനായി ക്ലിയർവ്യൂ എഐയുടെ സ്ഥാപകനും സിഇഓയും ആയ ഹോൺ ടൺ-തട്ട് ഫേസ്ബുക്ക്, ട്വീറ്റർ ഉൾപ്പെടയുള്ള സാമൂഹമാധ്യമങ്ങളിൽ നിന്ന് ഫോട്ടോകൾ ശേഖരിച്ച് ഡേറ്റാബേസ് സൃഷ്ടിക്കുന്നു. ഇത് ഗൂഗിൾ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത് വാക്കുകളോ വാചകങ്ങളോ ഉപയോഗിക്കുന്നതിനുപകരം ഇവിടെ ഉപയോക്താവ് ഒരു വ്യക്തിയുടെ ഫോട്ടോയാണ് ഇടുന്നത്. കമ്പനി നിയമപരമായ നിരവധി വെല്ലുവിളികൾ നേരത്തെ നേരിട്ടിരുന്നു. തങ്ങളുടെ സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിൾ, ട്വിറ്റർ എന്നീ കമ്പനികൾ ക്ലിയർവ്യൂവിന് കത്തുകൾ നേരത്തെ അയച്ചിരുന്നു. ജനങ്ങളുടെ ഫോട്ടോകൾ അവരെ അറിയിക്കാതെ ശേഖരിക്കുന്നതിന് ക്ലിയർവ്യൂ എഐ യുടെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് കമ്പനിക്ക് പിഴ പോലും ചുമത്തിയിരുന്നു.

ലണ്ടൻ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് പിഴ ചുമത്തിയ ചാൻസലർ റിഷി സുനക് ഒടുവിൽ മാപ്പ് പറഞ്ഞു. ലോക‍്ഡൗൺ ചട്ടം ലംഘിച്ച് കാബിനറ്റ് ഓഫിസിൽ മദ്യവിരുന്നിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ധനമന്ത്രി ഋഷി സുനക്, ജോൺസന്റെ ഭാര്യ കാരി എന്നിവരുൾപ്പെടെ 50 പേർക്ക് പിഴയടയ്ക്കാൻ മെട്രോപ്പൊലിറ്റൻ പോലീസ് നോട്ടിസ് നൽകിയിരുന്നു. അതിനുപിന്നാലെയാണ് ആറു മണിക്കൂർ നീണ്ട മൗനം വെടിഞ്ഞ് സുനക് ക്ഷമാപണം നടത്തിയത്. നേരത്തെ, ലോക‍്ഡൗൺ ചട്ടം ലംഘിച്ച് പാർട്ടികളിൽ ഒന്നും പങ്കെടുത്തിട്ടില്ലെന്നാണ് സുനക് പറഞ്ഞത്. കാബിനറ്റ് ഓഫിസിൽ നടന്ന കോവിഡ് മീറ്റിംഗിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് സുനക് പാർട്ടിയിൽ ഉൾപ്പെട്ടതെന്നും പറയുന്നുണ്ട്.

അന്വേഷണത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ സുനക്, പിഴയടയ്ക്കുമെന്നും കൂട്ടിച്ചേർത്തു. “പ്രധാനമന്ത്രിയെപ്പോലെ, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ബ്രിട്ടീഷ് ജനതയ്ക്ക് പിന്തുണ നൽകുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.” സുനക് വ്യക്തമാക്കി. താൻ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതായി വിശ്വസിക്കുന്നില്ലെന്ന് സുനക് ഫെബ്രുവരിയിൽ പറഞ്ഞു. എന്നാൽ 2020 ജൂൺ 19 ന് കാബിനറ്റ് ഓഫീസിൽ നടന്ന ‘കോവിഡ് മീറ്റിംഗിൽ’ താൻ പങ്കെടുത്തതായി അദ്ദേഹം സമ്മതിച്ചു.

ഇതേ സംഭവത്തിന് പെനാൽറ്റി നോട്ടീസ് ലഭിച്ച ബോറിസ് ജോൺസൺ ഏതാനും മണിക്കൂറുകൾക്ക് മുൻപ് ക്ഷമാപണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും വസതിയിലും ലോക്ഡൗൺ കാലത്ത് നടന്ന 12 വിരുന്നുകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സർക്കാർ തന്നെ നിയമലംഘനം നടത്തിയ, പാർട്ടി ഗേറ്റ് വിവാദം എന്നറിയപ്പെടുന്ന സംഭവത്തിൽ ജനരോഷം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : റഷ്യൻ സൈനികർ യുക്രൈനിൽ നടത്തിയ കൊടും ക്രൂരതയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലാത്സംഗത്തെ യുദ്ധായുധമായി ഉപയോഗിക്കുന്ന റഷ്യ ഐക്യരാഷ്ട്രസഭയെ (യുഎൻ) ആശങ്കയിലാക്കുന്നു. റഷ്യന്‍ സൈന്യം ബലാത്സംഗം ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി യുക്രൈനിയന്‍ മനുഷ്യാവകാശ സംഘം ആരോപിച്ചെന്ന് ഒരു മുതിര്‍ന്ന യു എന്‍ ഉദ്യോഗസ്ഥന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു. 12 സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഒമ്പത് ബലാത്സംഗക്കേസുകള്‍ റഷ്യന്‍ സൈനികര്‍ക്കെതിരെ ആരോപിക്കുന്ന ഫോണ്‍ കോളുകള്‍ തന്റെ സംഘടനയുടെ എമര്‍ജന്‍സി ഹോട്ട്ലൈനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ലാ സ്ട്രാഡ – യുക്രെയ്ന്‍ പ്രസിഡന്റ് കാതറീന ചെറെപാഖ പറഞ്ഞു. സമാനമായി, 14 നും 24 നും ഇടയിൽ പ്രായമുള്ള 25 ഓളം സ്ത്രീകൾ ഒരു ബേസ്‌മെന്റിൽ വെച്ച് ബലാത്സംഗത്തിനിരയായതായി യുക്രൈനിലെ മനുഷ്യാവകാശ പ്രവർത്തകൻ ലുഡ്‌മില ഡെനിസോവ പറഞ്ഞു. ഇവരിൽ ഒമ്പത് പേർ ഇപ്പോൾ ഗർഭിണികളാണ്.

അൻപതുകാരിയായ അന്നയുടെ (യഥാർത്ഥ പേരല്ല) വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് –
മാർച്ച് ഏഴിന് അന്നയുടെ വീട്ടിലേക്കൊരു പട്ടാളക്കാരൻ അതിക്രമിച്ചു കയറി. അയാൾ തോക്ക് ചൂണ്ടി അന്നയെ അടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. രക്ഷിക്കാൻ പിന്നാലെ ഓടിയ ഭർത്താവിനെ അയാൾ വെടിവെച്ചിട്ടു. വിവസ്ത്രയാക്കപ്പെട്ട അന്ന തോക്കിൻ മുനയിൽ ക്രൂരബലാത്സംഗത്തിനിരയായി. ഇതിനിടെ നാല് സൈനികർ കൂടി അവിടേക്ക് വന്നു. എല്ലാം അവസാനിച്ചുവെന്ന് തോന്നി. പക്ഷേ വന്നവർ അയാളെ കൊണ്ടുപോവുകയാണ് ചെയ്തത്. അന്ന തിരികെ വീട്ടിലേക്കോടി. അടിവയറ്റിൽ വെടിയേറ്റ ഭർത്താവ് നിലത്ത് വീണുകിടപ്പുണ്ടായിരുന്നു. ചികിത്സ നൽകാൻ കഴിയാതെ വന്നതോടെ അദ്ദേഹം രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ബലാത്സംഗത്തിനിടെ അന്ന് രക്ഷിച്ച പട്ടാളക്കാർ അന്നയുടെ വീട്ടിലായിരുന്നു പിന്നീട് താമസം. അന്നയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി അവർ ഭർത്താവിന്റെ സാധനങ്ങൾ ആവശ്യപ്പെട്ടു. മാനസികമായി തകർന്ന അന്ന ഇപ്പോൾ ചികിത്സയിലാണ്.

മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന സൈനികനാണ് അന്ന് അന്നയുടെ വീട്ടിലേക്കെത്തിയതെന്ന് അയൽക്കാർ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നാല്പതു വയസ്സാണ് പ്രായം. അവർ കൊല്ലപ്പെട്ട മുറിയിൽ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് ആരോ ഇങ്ങനെ എഴുതിയിട്ടു – ‘അജ്ഞാതരാൽ പീഡിപ്പിക്കപ്പെട്ടു, റഷ്യൻ പട്ടാളക്കാർ കുഴിച്ചുമൂടി.’ റഷ്യൻ സൈന്യം നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ തോത് വിലയിരുത്തുക അസാധ്യമെന്നാണ് പലരും വെളിപ്പെടുത്തുന്നത്. യുദ്ധം, ഒരു രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും തകർത്തുകളയുന്നതിന്റെ ഉദാഹരണമാണ് റഷ്യ – യുക്രൈൻ യുദ്ധം. ദുരന്തങ്ങളും നഷ്ടക്കണക്കുകളും മാത്രമാണ് അവിടെ ബാക്കിയാവുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഹേ ഫിവർ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മെറ്റ് ഡിപ്പാർട്മെന്റ്. താപനില വർധിക്കുന്ന സാഹചര്യത്തിൽ അന്തരീക്ഷത്തിൽ അമിതമായി പൂമ്പൊടികൾ ഉണ്ടാകാനുള്ള സാധ്യത ഏറെയായതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഇത് 10 മില്യനോളം ജനങ്ങളിൽ ഹേ ഫിവറിന്റെ ലക്ഷണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കും. ബ്രിട്ടണിൽ അഞ്ചിൽ ഒരാൾക്ക് ഹേ ഫിവർ ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച മുതൽ തന്നെ ഇംഗ്ലണ്ടിലെ എല്ലാ ഭാഗങ്ങളിലും പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകും. വെയിൽസിലും ഈ ആഴ്ചകൾ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കൾ ആകണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിൽ വായുവിന്റെ ഒരു ക്യുബിക് മീറ്ററിൽ 50 ഗ്രയിൻസ് പോളൻ ഉണ്ടാകുമ്പോഴാണ് ഹേ ഫിവർ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

മരങ്ങളിൽ നിന്നുള്ള പോളൻ ആണ് ഈ സമയത്ത് കൂടുതൽ ഉണ്ടാകുന്നത് എന്നാണ് മെറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചത്. ബിർച്, ആഷ്, എല്മ് എന്നീ മരങ്ങളിൽ നിന്നുള്ള പൂമ്പൊടികളാണ് കൂടുതൽ . ഇതിൽ തന്നെ ബിർച് മരങ്ങളിൽ നിന്നുള്ള പോളന്റെ സാന്നിധ്യമാകും അധികവും. മാർച്ച് മുതൽ മെയ് പകുതി വരെയുള്ള സമയങ്ങളിൽ ആണ് ബ്രിട്ടണിൽ ഇത്തരത്തിൽ മരങ്ങളിൽ നിന്നുള്ള പൂമ്പൊടികളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാവുക. ഹേ ഫിവർ ഉള്ള ഭൂരിഭാഗം പേരും മരങ്ങളുടെ പൂമ്പൊടികളോട് അലർജി ഉള്ളവരാണ്. മെയ് മാസം പകുതി മുതൽ ജൂലൈ വരെ ഗ്രാസ് പോളന്റെ സാന്നിദ്ധ്യമാണ് അധികവും ഉണ്ടാവുക. തുമ്മൽ,മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് വെള്ളം വരുക, മണം നഷ്ടപ്പെടുക,തലവേദന, ക്ഷീണം മുതലായവയെല്ലാം തന്നെ ഹേ ഫിവറിന്റെ ലക്ഷണങ്ങളാണ്. ആസ്മ ഉള്ളവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിന പാർട്ടി നടത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസന് പിഴ ചുമത്തി പോലീസ്. 2020 ജൂൺ 19 ന് കാബിനറ്റ് റൂമിൽ നടന്ന ഒത്തുചേരലിൽ പങ്കെടുത്തതിന് പിഴ അടച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ചാൻസലർ ഋഷി സുനക്കിനും പിഴ ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ ഇതേ സംഭവവുമായി ബന്ധപ്പെട്ട് പിഴ അടച്ചതായി സ്ഥിരീകരിച്ചു. ഡൗണിംഗ് സ്ട്രീറ്റിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച് നടത്തിയ അനധികൃത പാർട്ടികൾക്കെതിരെ മെട്രോപൊളിറ്റൻ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പിഴ ചുമത്തിയത്. നിയമം ലംഘിച്ചുവെന്ന കുറ്റത്തിന് പിഴ അടയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ജോൺസൻ.

പോലീസ് അന്വേഷണത്തിന്റെ ഫലത്തെ താൻ പൂർണമായി മാനിക്കുന്നുവെന്നും പൊതുജനങ്ങൾക്ക് ഉണ്ടായ രോഷം മനസിലായെന്നും ജോൺസൻ വ്യക്തമാക്കി. സുനക്കിന്റെ പിഴ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയിൽ അദ്ദേഹം ഉൾപ്പെടെ മുപ്പത് പേർ പങ്കെടുത്തതായി റിപ്പോർട്ട്‌ ഉണ്ട്.

വൈറ്റ്ഹാളിൽ നടന്ന 12 നിയമലംഘന ഒത്തുചേരൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷിക്കുകയാണ്. ഇതുവരെ, 50 തിലധികം പിഴകൾ കൈമാറി. പ്രധാനമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. കൺസർവേറ്റീവുകൾ ഭരിക്കാൻ യോഗ്യരല്ല എന്നതിന്റെ തെളിവാണ് ഈ പിഴകളെന്നും രാജ്യം ഇതിലും മികച്ചത് അർഹിക്കുന്നുവെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. നിയമങ്ങൾ പാലിച്ച ലക്ഷക്കണക്കിന് ആളുകളെ പ്രധാനമന്ത്രിയും ചാൻസലറും അപമാനിച്ചുവെന്ന് എസ്എൻപിയുടെ വെസ്റ്റ്മിൻസ്റ്റർ നേതാവ് ഇയാൻ ബ്ലാക്ക്ഫോർഡ് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ മാഞ്ചസ്റ്റര്‍, ഹീത്രൂ, ബിര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളില്‍ വൻ തിരക്ക്. തിരക്ക് വർദ്ധിച്ചതോടെ ഗുരുതര പ്രതിസന്ധിയും ഉടലെടുത്തു. സെക്യൂരിറ്റി ചെക്കിംഗിനുള്ള നീണ്ട നിര വിമാനത്താവളങ്ങളിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുക്കുമെന്ന് ഒരു വ്യോമയാന റിക്രൂട്ട്‌മെന്റ് വിദഗ്ധൻ പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ അവധിക്കാലമാണ് വരുന്നതെന്ന് ബോർഡർ സ്റ്റാഫ് യൂണിയനും വ്യക്തമാക്കി.

ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാൻസ്‌റ്റെഡ്, മാഞ്ചസ്റ്റർ അടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഏവിയേഷൻ റിക്രൂട്ട്‌മെന്റ് നെറ്റ്‌വർക്ക്, നിലവിൽ തങ്ങൾക്ക് 300 ലധികം ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി. ജീവനക്കാരുടെ ക്ഷാമം മൂലം ഈസി ജെറ്റും ബ്രിട്ടീഷ് എയർവേസും വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പുതിയ എയർലൈൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കാലതാമസമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഈസിജെറ്റ് പറഞ്ഞു.

കഴിഞ്ഞ ആറാഴ്ചയായി സമ്മർ ബുക്കിംഗുകളിൽ വലിയ വർധനയാണ് ഉണ്ടായത്. നിരവധി സർവീസുകൾ റദ്ദാക്കപ്പെടുന്നതിനാൽ യാത്രയ്ക്ക് മുൻപ് തന്നെ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ബുക്ക് ചെയ്ത വിമാനത്തിന്റെ സ്റ്റാറ്റസ് അറിഞ്ഞതിനു ശേഷം വീട്ടിൽ നിന്ന് പുറപ്പെടുന്നതാണ് ഉചിതം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ശരാശരി എനർജി ബില്ലുകൾ പ്രതിവർഷം £5,000 വരെ ഉയർന്നേക്കാമെന്ന് പ്രവചനം. യുദ്ധം ഗ്യാസ് വിതരണത്തെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ബില്ലുകളിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബറിൽ പ്രൈസ് ക്യാപ് £2,400 ആയി ഉയരാൻ സാധ്യതയുണ്ടെന്ന് ഓഫ്ജെം മന്ത്രിമാരോട് അറിയിച്ചു. ഇപ്പോൾ തന്നെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ഗുരുതര പ്രതിസന്ധിയിലാക്കുന്ന വില വർദ്ധനയാണ് വരാൻ പോകുന്നതെന്നാണ് പ്രവചനം.

ഊർജ വില വീണ്ടും ഗണ്യമായി ഉയരുകയാണെങ്കിൽ ഋഷി സുനക്ക് അനിവാര്യമായും കൂടുതൽ സാമ്പത്തിക സഹായം നൽകേണ്ടിവരുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ എനർജി പ്രൈസ് ക്യാപ് 1,277 പൗണ്ട് ആയി ഉയർന്നു. യുദ്ധവും കോവിഡിൽ നിന്നുള്ള തിരിച്ചുവരവും കാരണം ഈ മാസം അത് 1,971 പൗണ്ടിലെത്തി.

പ്രൈസ് ക്യാപിൽ ഈ മാസം ഉണ്ടാകുന്ന 700 പൗണ്ട് വർദ്ധനയെ പ്രതിരോധിക്കുന്നതിനായി ചാൻസലർ 200 പൗണ്ട് എനർജി ‘റിബേറ്റ്’ അംഗീകരിച്ചിട്ടുണ്ട്. എന്നാലും ഇത് പര്യാപ്തമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. അടുത്ത വില പരിധി ഓഗസ്റ്റിൽ ഓഫ്ജെം നിശ്ചയിക്കുകയും ഒക്ടോബറിൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൗത്ത്‌ഹെൻഡ് വെസ്റ്റ് എംപി ഡേവിഡ് അമേസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അലി ഹർബി അലി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണ 18 മിനിറ്റുകൾ കൊണ്ട് പൂർത്തിയായി. വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിൽ നിന്നുള്ള അലി (26), തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. സിറിയയിൽ വ്യോമാക്രമണത്തിന് വോട്ട് ചെയ്തതിനാലാണ് എംപിയെ കൊലപ്പെടുത്തിയതെന്ന് അലി വ്യക്തമാക്കി. “എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനും സുഹൃത്തും പൊതുപ്രവർത്തകനും ആയിരുന്നു ഡേവിഡ്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്.” – വിധിയെത്തുടർന്ന്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

2021 ഒക്ടോബർ 15നായിരുന്നു ഡേവിഡിന്റെ കൊലപാതകം. സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കടൽത്തീര പട്ടണമായ ലീ-ഓൺ-സീയിലെ ഒബെൽഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടർമാരുമായി പതിവ് കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു അദ്ദേഹം ആക്രമണത്തിന് ഇരയായത്. നിരവധി കുത്തേറ്റ എംപിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇത് തീവ്രവാദ ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

എംപിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമോ ലജ്ജയോ ഇല്ലെന്ന് അലി കോടതിയിൽ പറഞ്ഞു. കുത്തിയതിന് ശേഷം അലി കത്തി വീശി ഡേവിഡിന്റെ സ്റ്റാഫിനെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയതെങ്ങനെയെന്ന് സാക്ഷികൾ വിവരിച്ചു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അലിയെ പിടികൂടിയ രണ്ട് പോലീസ് ഓഫീസർമാർക്കും എസെക്‌സ് പോലീസിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ മെറിറ്റ് സ്റ്റാർ ലഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലൈംഗികാരോപണ കുറ്റത്തിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന സഹപ്രവർത്തകനെ അനുകൂലിച്ച് സംസാരിച്ച ടോറി എം പി ക്രിസ്പിൻ ബ്ലന്റിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നു വന്നിരിക്കുകയാണ്. 15 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് കൺസർവേറ്റീവ് പാർട്ടി എം പി ഇമ്രാൻ അഹ്‌മദ്‌ ഖാൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും എംപി സ്ഥാനം ഒഴിയാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇമ്രാന് വ്യക്തമായ നീതി ലഭിച്ചില്ല എന്നാണ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ ക്രിസ്പിൻ ബ്ലന്റ് വ്യക്തമാക്കിയത്. അദ്ദേഹത്തിന് ഈ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്. മുൻ നിയമ മന്ത്രി ആയ ക്രിസ്പിൻ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ സുഹൃത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വെയ്ക്ഫീൽഡിൽ നിന്നുള്ള എം പി യായ ഇമ്രാൻ ഖാൻ 2008 ലാണ് 15 വയസ്സുകാരനായ കുട്ടിയെ തന്റെ വീട്ടിൽ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ചത്.സ്വവർഗാനുരാഗിയായ ഇമ്രാൻ കുട്ടിയെ മദ്യം കുടിക്കാൻ നിർബന്ധിച്ചുവെന്നും, അതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കാണുവാൻ പ്രേരിപ്പിച്ചെന്നും ആണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ക്രിസ്പിന്റെ പ്രതികരണം തികച്ചും അംഗീകരിക്കാൻ ആവുന്നതല്ലെന്നും, അദ്ദേഹത്തിനെതിരെ കൺസർവേറ്റീവ് പാർട്ടി ശക്തമായ നടപടി എടുക്കണമെന്നും ലേബർ പാർട്ടി നേതാവ് അന്നലീസ്‌ ഡോഡ്സ് വ്യക്തമാക്കി. ഇമ്രാൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് ലേബലിലാണ് അദ്ദേഹത്തെ വിലയിരുത്തപ്പെട്ടതെന്നും, ഇത് ഇത്തരത്തിലുള്ള ആളുകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഓൾ പാർട്ടി പാർലമെന്റ് ഈ ഗ്രൂപ്പിന്റെ നേതാവായിരിക്കുന്ന ക്രിസ്പിൻ വ്യക്തമാക്കി. എന്നാൽ ലൈംഗികാരോപണ കേസിൽ പ്രതിയാക്കപ്പെട്ടിരിക്കുന്ന ഒരാളെ അനുകൂലിച്ച് സംസാരിച്ച ക്രിസ്പിന്റെ നേതൃത്വം തികച്ചും അനാരോഗ്യം ആണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved