ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പ്രായം കൂടുതലാണെന്ന കാരണത്താൽ 8 വർഷത്തോളമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദമ്പതികൾ പുറത്താക്കപ്പെടും. വിസ മാറ്റങ്ങൾ കാരണം സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് അൻപത്തിയെഴുകാരനായ ഗ്ലെൻ ടണിക്ലിഫിനും ഭാര്യ അൻപതുകാരിയായ ഷീനയ്ക്കുമാണ് ഏഴാഴ്ചയ്ക്കുള്ളിൽ തിരിച്ചു പോകേണ്ടതായി വരുന്നത്. തങ്ങളുടെ രണ്ട് പെൺമക്കളോടൊപ്പം ഈസ്റ്റ് സസ്സെക്സിൽ നിന്നുമായിരുന്നു പെർത്തിലേക്ക് അവർ താമസം മാറ്റിയത്.
കുടുംബത്തിലെ ഓരോ അംഗത്തിനും ജോലി ഉണ്ടായിരുന്നിട്ടും, പൗരത്വം നേടുന്നതിലേക്കുള്ള ആദ്യപടിയായ പെർമനന്റ് റസിഡൻസി അഥവാ പി ആർ ലഭിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന പ്രായം 45 വയസ്സ് ആയതിനാലാണ് ഇരുവർക്കും മടങ്ങേണ്ടതായി വരുന്നത്. തങ്ങൾക്ക് യുകെയിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്ന് ഷീന മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് 45 വയസ്സ് കഴിഞ്ഞതിനാൽ ഓസ്ട്രേലിയയിൽ പി ആർ നേടാനുള്ള അവസരം ഇനി ഇല്ലെന്നും അതിനാൽ പ്രായം കൂടുതലായ കാരണം തങ്ങൾക്ക് മടങ്ങേണ്ടതായി വരുമെന്നും ഇരുവരും പറഞ്ഞു.
ഗ്ലെനിന്റെ ജോലിയുടെ വിസയിലാണ് ഇപ്പോൾ നിലവിൽ കുടുംബം ഓസ്ട്രേലിയയിൽ കഴിയുന്നത്. നിലവിൽ അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്ന കമ്പനി നിർത്തുവാൻ പോകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇനി സ്ഥിരമായ വിസ ലഭിക്കാനുള്ള സാധ്യതയില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങൾ ഏകദേശം 63200 ഓളം പൗണ്ട് വിസ ആവശ്യങ്ങൾക്കായി ചെലവാക്കിയതായും ദമ്പതികൾ വ്യക്തമാക്കി. മക്കളിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ടാംസിനു മാത്രമാണ് നിലവിൽ ഓസ്ട്രേലിയയിൽ തുടരാൻ സാധിക്കുന്നത്. ഓസ്ട്രേലിയൻ ആംഗ്യ ഭാഷ പഠിക്കുന്ന മറ്റൊരു മകളായ മോളിക്ക് , തന്റെ കോഴ്സിന് സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള യോഗ്യത ഇല്ലാത്തതിനാൽ തുടരുവാൻ സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഓഫറുകൾ ഈ ശൈത്യകാലത്ത് തിരികെ എത്തിയേക്കും. ഇതിലൂടെ വൈദ്യുതി ഉപയോഗം കുറച്ച് പവർകട്ട് ഇല്ലാതാക്കാനാണ് പദ്ധതിയിടുന്നത്. ശൈത്യകാലത്ത് ഊർജ്ജ സംരക്ഷണ പദ്ധതി തിരികെകൊണ്ടുവരുന്നത് ഭാവി മുന്നിൽകണ്ടുള്ള തീരുമാനമാണെന്ന് നാഷണൽ ഗ്രിഡ് ഇഎസ്ഒ അഭിപ്രായപ്പെട്ടു. യൂറോപ്പിലെയും യുകെയിലെയും ഗ്യാസ് വിതരണത്തിന് യുക്രെയ്ൻ യുദ്ധം തടസമായിരുന്നു.
യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ ഗ്യാസ് വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസ് എന്ന പദ്ധതി തുടങ്ങി. ഇതിലൂടെ ഉപഭോക്താകൾക്ക് നൂറ് പൗണ്ട് വരെ ലാഭിക്കാൻ കഴിഞ്ഞു. എന്നാൽ സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്ക് മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ. ഗ്യാസ് വില കുതിച്ചുയർന്നതോടെ ഗാർഹിക ബില്ലിലും കുതിച്ചുചാട്ടം ഉണ്ടായി. ഒരു സാധാരണ കുടുംബത്തിന് ബില്ലുകൾ പ്രതിവർഷം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ രംഗത്തെത്തിയിരുന്നു. എന്നാൽ എനർജി ബില്ലുകൾ ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.
ഒരു സാധാരണ കുടുംബത്തിന് ഗ്യാസിനും വൈദ്യുതിക്കുമായി പ്രതിവർഷം £2,074 ചിലവാകുമെന്നാണ് കണക്കുകൾ. 2021 ലെ ശൈത്യകാലത്ത് ഇത് £1,277 ആയിരുന്നു. ശൈത്യകാലത്തിനു മുന്നോടിയായി സേവനം മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേറ്റർ ഊർജ്ജ വിതരണക്കാരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഊർജ സംരക്ഷണത്തിനായി ആളുകളുടെ പൂർണ സഹകരണം ആവശ്യമാണെന്നും നാഷണൽ ഗ്രിഡ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഏജൻസികളുടെ തട്ടിപ്പിനിരയായി യുകെയിലെത്തിയ പല നേഴ്സുമാരുടെയും ജീവിതം മഹാ ദുരിതത്തിലാണ്. വാടക കൊടുക്കാൻ പോയിട്ട് നേരായ രീതിയിൽ ഭക്ഷണം കഴിക്കാൻ പോലും പാങ്ങില്ലാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളുടെ ജീവിതം എന്ന് ഇവരിൽ പലരും വെളിപ്പെടുത്തിയിരുന്നു. മലയാളികൾ തന്നെ മലയാളികളെ ചൂഷണം ചെയ്യുന്ന കൊടുംക്രൂരതയുടെ കഥകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുകെയിലെ പല ആത്മഹത്യകളുടെയും പിന്നിൽ ഏജൻസികളുടെ കഴുത്തറപ്പൻ രീതികളാണെന്നത് പരസ്യമായ രഹസ്യമാണ്.
വ്യാപകമായ പരാതികളാണ് യുകെയിലെ പല ഏജൻസികൾക്ക് നേരെയും ഉയർന്നു വരുന്നത് . എങ്ങനെയും യുകെയിലെത്തിയാൽ രക്ഷപ്പെടാം എന്ന് കരുതുന്ന പാവങ്ങളെ കൊള്ളയടിക്കുന്ന നിരവധി മലയാളി ഏജൻസികളും ഇടനിലക്കാരും ഹോം ഓഫീസിന്റെ നിരീക്ഷണത്തിലാണ്. യുകെയിലെത്താൻ ഇയാംപാറ്റകളെപ്പോലെ ജീവിതം ഹോമിക്കുന്ന പാവം നേഴ്സുമാരെയും കെയർ വർക്കേഴ്സിനെയും ചതിക്കുന്ന ഇത്തരക്കാരെ കുറ്റം തെളിഞ്ഞാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളാണ്.
കാബിയൻ എന്ന സ്ഥാപനത്തിലേയ്ക്ക് കൊച്ചിയിലെ ഏജൻസി വഴി റിക്രൂട്ട് ചെയ്ത 150 ഓളം മലയാളി നേഴ്സുമാരുടെ ദുരിത ജീവിതം കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള മലയാളം യുകെ ന്യൂസ് അവാർഡ് ജേതാവുമായ ബൈജു വർക്കി തിട്ടാലയെപ്പോലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരും മാഞ്ചസ്റ്ററിൽ നിന്നുള്ള റോയി ജോസഫ് ഉൾപ്പെടെയുള്ളവരും മലയാളി ഏജൻസികളുടെ ചൂഷണത്തിനെതിരെ പോരാടാനും പൊതുശബ്ദം ഉയർത്താനുമുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിലെ അച്ചായന്മാർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഇതിനകം ഏജൻസികളുടെ ചൂഷണത്തിനിരയായ നിരവധി പേർക്കാണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. സമീക്ഷ യുകെയുടെ ഇടപെടലുകളും നിരവധി കേസുകളിൽ ചൂഷണത്തിനിരയായവർക്ക് ആശ്വാസകരമായിട്ടുണ്ട്.
യുകെയില്‍ ജോലി നേടാനായി ആര്‍ക്കെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം രഹസ്യമായി പോലും അറിയിക്കാന്‍ ആണ് ഹോം ഓഫിസ് ആവശ്യപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് 02087672777 എന്ന സൗജന്യ നിയമ സഹായ നമ്പറില്‍ വിളിക്കാവുന്നതാണ്. ഇത്തരം ഏജന്റുമാരുടേയോ തൊഴിലുടമയുടേയോ ചൂഷണത്തിന് നിങ്ങള്‍ ഇരയാവുകയോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളെ കുറിച്ച് അറിവ് ലഭിക്കുകയോ ചെയ്താല്‍ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
Email: [email protected], [email protected]
You can also report on line (The easiest way) at the link below or through the other ways underneath this-
https://www.gov.uk/report-immigration-crime
Other ways to report a crime:-
You can call any of the following numbers to report a crime anonymously.
Immigration Enforcement hotline: 0300 123 7000
Crimestoppers: www.crimestoppers-uk.org, 0800 555111
The Anti-Terrorist hotline: www.met.police.uk, 0800 789 321
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് തന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടന്ന നിയമവിരുദ്ധ പാർട്ടികളെക്കുറിച്ച് പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരിക്കുകയാണ്. നിലവിൽ ഇപ്പോഴും അദ്ദേഹം എംപിയായി തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് 90 ദിവസത്തെ സസ്പെൻഷനും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുന്ന പാർട്ടികൾക്കിടയിലും ഡൗണിംഗ് സ്ട്രീറ്റിൽ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വാദിച്ച് എംപിമാരെ ബോറിസ് ജോൺസൺ ഒന്നിലധികം തവണ തെറ്റിദ്ധരിപ്പിച്ചതായാണ് കമ്മറ്റി കണ്ടെത്തിയത്.
ഏഴംഗ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 106 പേജുകളായാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ബോറിസ് ജോൺസൺ കഴിഞ്ഞയാഴ്ച മുൻകൂർ കോപ്പി ലഭിച്ചതിനെത്തുടർന്ന് കമ്മിറ്റി പക്ഷപാതപരമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് എംപി സ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു. തന്റെ പ്രസ്താവനകൾ മൂലം എംപിമാർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം ഇതിനകം സമ്മതിച്ചിട്ടുണ്ടെങ്കിലും, എന്നാൽ ആ സമയത്ത് അവ സത്യമാണെന്ന് താൻ വിശ്വസിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവനകളെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തിപരമായ അറിവ് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ തന്റെ ഉറപ്പുകളിലൂടെ അദ്ദേഹം പാർലമെന്റിനെ അവഹേളിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാരിലെ ഏറ്റവും മുതിർന്ന അംഗമായതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രവർത്തി കൂടുതൽ ഗുരുതരമാണെന്ന് കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിയുടെ രണ്ട് എംപിമാരായ എസ്എൻപിയുടെ അലൻ ഡോറൻസ്, ലേബർ പാർട്ടിയുടെ ഇവോൺ ഫോവാർഗ് എന്നിവർ അദ്ദേഹത്തെ കോമൺസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അവരുടെ അഭിപ്രായങ്ങൾ കമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടില്ല. പാർലമെന്റിന്റെ ചരിത്രത്തിലെ വളരെ അപൂർവമായ സംഭവമാണ് എംപിമാരുടെ പുറത്താക്കൽ. കഴിഞ്ഞ 100 വർഷത്തിനിടെ മൂന്നുതവണ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയിലൂടെ അദ്ദേഹം ഇതിനകം തന്നെ എംപി സ്ഥാനം രാജിവച്ചതിനാൽ, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ ഇനി സാധിക്കുകയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ മൊബൈൽ സേവന ദാതാക്കളായ വോഡഫോണും ത്രീയും ലയിക്കുന്നതിന് ധാരണയായി . രണ്ടു കമ്പനികളും തമ്മിൽ ലയിച്ചതിനുശേഷമുള്ള പുതിയ കമ്പനി യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറുമെന്നാണ് റിപ്പോർട്ടുകൾ . കമ്പനികൾ യുകെയിലെ പ്രവർത്തനങ്ങളെയാണ് ഏകോപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ലയന ശേഷം രണ്ടു കമ്പനികൾക്കു കൂടി 27 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ലയനത്തിന് ഇതുവരെ റെഗുലേറ്റർമാർ അംഗീകാരം നൽകിയിട്ടില്ല. ലയനം മാർക്കറ്റിൽ എങ്ങനെ പ്രതിഫലിക്കും എന്നത് പഠിച്ചിട്ടായിരിക്കും അന്തിമാനുമതി നൽകുക. കസ്റ്റമേഴ്സിന് അധികഭാരം ഉണ്ടാകുമോ എന്നതും പരിഗണിക്കപ്പെടും.
നിലവിൽ 24 ദേശലക്ഷം മൊബൈൽ ഉപഭോക്താക്കളായി വിർജിൻ മീഡിയ O2 ആണ് മൊബൈൽ ദാതാക്കളിൽ ഏറ്റവും മുന്നിൽ. ബി. റ്റി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള EE 20 ദശലക്ഷം ഉപഭോക്താക്കളുമായി രണ്ടാം സ്ഥാനത്താണ് . വോഡഫോണും ത്രീയും തമ്മിലുള്ള ലയനം ഇവരുടെയെല്ലാം വിപണി വിഹിതത്തെ മറികടക്കും. ലയന ശേഷം 5 G സാങ്കേതികവിദ്യയിൽ 11 മില്യൺ പൗണ്ട് 10 വർഷത്തിനുള്ളിൽ യുകെയിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. ലയനം രണ്ടു കമ്പനികളിലും ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . ലയനം നടന്നാൽ ജനങ്ങളുടെ മൊബൈൽ ബിൽ കുതിച്ച് ഉയരുമെന്നും വോഡഫോണിലും ത്രീയിലും ജോലി ചെയ്യുന്ന ഒട്ടേറെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും യുണൈറ്റഡ് യൂണിയൻ ആരോപിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അനുവദനീയമായ സമയപരുധിക്ക് ശേഷം ഗർഭച്ഛിദ്ര ഗുളികകൾ കഴിച്ചതിന്റെ പേരിൽ മൂന്ന് കുട്ടികളുടെ അമ്മ ജയിലിൽ ആയതിന്റെ പേരിൽ ബ്രിട്ടനിൽ വിവാദം പുകയുന്നു. ഗർഭചിദ്രത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഇപ്പോഴും 1861 -ലെ നിയമമാണ് നടപ്പിലാക്കപ്പെടുന്നതെന്നാണ് ആക്ഷേപം. 1967 -ൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയെങ്കിലും ശിക്ഷാനടപടികൾക്കായി 1861 -ലെ നിയമമാണ് നടപ്പിലാക്കുന്നത്.
1861 -ലെ നിയമം കാലഹരണപ്പെട്ടതാണെന്ന് കരോലിൻ നോക്സ് എംപി ബിബിസിയോട് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമനിർമാണത്തെ നമ്മൾ ആശ്രയിക്കണമോ എന്ന് 21-ാം നൂറ്റാണ്ടിലെ എംപിമാർ തീരുമാനിക്കണമെന്ന് കോമൺസ് വുമൺ ആൻഡ് ഇക്വാലിറ്റി കമ്മിറ്റിയുടെ അധ്യക്ഷയായ മിസ് നോക്സ് പറഞ്ഞു. അനുവദനീയമായ സമയപരിധിക്ക് ശേഷവും ഗർഭചിദ്രത്തിനായി ഗുളികകൾ കഴിച്ചതിന് സ്റ്റോക്ക് ഓൺ ട്രെൻഡ് ക്രൗൺ കോടതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് 2 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
44 കാരിയായ കാർല ഫോസ്റ്റർ ആണ് റിമോട്ട് കൺസൾട്ടേഷനെ തുടർന്ന് ഗർഭ ചിദ്രത്തിനായുള്ള ഗുളികകൾ കഴിച്ചത്. എന്നാൽ തനിക്ക് എത്ര ആഴ്ച ഗർഭം ഉണ്ടെന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് അവർ നൽകിയത്. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാലത്ത് ഗർഭചിദ്രം വീട്ടിൽ തന്നെ നടത്താനുള്ള പിൽസ് ബൈ പോസ്റ്റ് സ്കീം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. ഈ രീതിയിൽ 10 ആഴ്ച വരെയുള്ള ഗർഭചിദ്രം അവസാനിപ്പിക്കാനെ നിയമം അനുശാസിക്കുന്നുള്ളു. എന്നാൽ കാർല ഫോസ്റ്റർ ഗർഭചിദ്രത്തിനായുള്ള ഗുളികകൾ കഴിക്കുമ്പോൾ അവൾ 32- 34 ആഴ്ചകൾ വരെ ഗർഭിണിയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. 24 ആഴ്ചകൾ വരെ യുകെയിൽ ഗർഭചിദ്രം നിയമവിധേയമാണ്. പക്ഷേ 10 ആഴ്ചകൾക്ക് ശേഷമാണെങ്കിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ക്ലിനിക്കിൽ മാത്രമേ ഗർഭചിദ്രം ചെയ്യാൻ പാടുള്ളൂ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മോട്ടോർ വേ M74 -ൽ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരൻ രക്ഷകനായി. നിറയെ യാത്രക്കാരുമായി അമിതവേഗത്തിൽ വന്ന വാഹനത്തെയാണ് കടുത്ത ദുരന്തമുഖത്തു നിന്ന് ഈ യാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് . സണ്ടർലാൻഡിലേയ്ക്ക് ഒരു സംഗീത പരിപാടിക്കായി പോയവരാണ് അപ്രതീക്ഷിതമായി ദുരന്തത്തെ അഭിമുഖീകരിച്ചത്.
ബസ് 70 മൈൽ വേഗത്തിൽ വരികയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സൗത്ത് ലാനാർക്‌ഷെയറിൽ നിന്നുള്ള ബസ് ഡ്രൈവർ കൂടിയായ അലക്‌സ് ബ്രൂവർ ആണ് രക്ഷകനായി അവതരിച്ചത് . ബസ് സുരക്ഷിതമായി നിർത്തിയ ഉടനെ തന്നെ ഡ്രൈവർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുകയും ചെയ്തു. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ . വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിക്കുന്നത് കണ്ട ഒരു യാത്രക്കാരന്റെ നിലവിളിയാണ് മൊബൈൽ നോക്കിക്കൊണ്ടിരുന്ന അലക്സിനെ നിമിഷനേരം കൊണ്ട് ബസ് സുരക്ഷിതമായി നിർത്തിക്കാൻ സഹായിച്ചത്. ബസ്സിലുണ്ടായിരുന്ന രണ്ട് നേഴ്സുമാർ ഡ്രൈവർക്ക് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടനിൽ പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി ആക്രമണത്തിൽ മരിച്ചു. 27കാരിയായ കോന്തം തേജസ്വിനി ആണ് ആക്രമണത്തിൽ മരിച്ചത്. ബ്രസീൽ പൗരന്റെ ആക്രമണത്തിലാണ് പെൺകുട്ടി മരിച്ചത്. ആക്രമണം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് നടന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ പെൺകുട്ടി മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും സാരമായി പരുക്കേറ്റു.
തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു പറഞ്ഞു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്. സംഭവവുമായി ബന്ധപ്പെട്ട് 24 ഉം 23 ഉം വയസ്സുള്ള സ്ത്രീയേയും പുരുഷനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്തനാർബുദങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് രോഗത്തെ അതിജീവിക്കുന്ന സ്ത്രീകളുടെ എണ്ണം സമീപവർഷങ്ങളിൽ ഉയർന്നതായി ബി എം ജെയുടെ കണക്കുകൾ. ആരോഗ്യരംഗത്തെ വളർച്ചയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്. രോഗം സ്ഥിരീകരിച്ച് അഞ്ചുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത നിലവിൽ ഏകദേശം അഞ്ച് ശതമാനം ആണ്, 1990 കളിൽ ഇത് പതിനാല് ശതമാനം ആയിരുന്നു. പുതിയ കണക്കുകൾ നിരവധി സ്ത്രീകൾക്ക് ആശ്വാസകരം ആയിരിക്കുമെന്ന് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. എന്നാൽ വർദ്ധിച്ചുവരുന്ന രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ ചികിത്സിക്കാൻ ഉയർന്ന പരിശീലനം ലഭിച്ച കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന മുന്നറിയിപ്പും ക്യാൻസർ റിസർച്ച് യുകെ നൽകി. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പദ്ധതി വീണ്ടും വൈകിയിരിക്കെയാണ് ക്യാൻസർ യുകെയുടെ മുന്നറിയിപ്പ്.
1990-കളിലും 2000-കളിലും 2010-നും 2015-നും ഇടയിൽ നടത്തിയ ആദ്യകാല അക്രമണാത്മക സ്തനാർബുദം ഉള്ള അര ദശലക്ഷത്തിലധികം സ്ത്രീകളെ പഠനത്തിന് വിധേയമായാക്കിയതിന് ശേഷമാണ് ബിഎംജെ റിപ്പോർട്ട് പുറത്തിറക്കിയത്. ഇവരിൽ ഭൂരിഭാഗവും ക്യാൻസറിന്റെ സ്റ്റേജ് വൺ സ്റ്റേജ് ടു ഘട്ടത്തിലായിരുന്നു. 1990 കൾ മുതൽ തന്നെ രോഗം സ്ഥിരീകരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും അർബുദത്തെ അതിജീവിച്ചതായി കണ്ടെത്തി. ഈ അതിജീവിച്ച സ്ത്രീകളിൽ അപകടസാധ്യത വളരെ കുറവായിരുന്നു എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള പഠനത്തിൽ ഗവേഷകർ പറയുന്നു. അടുത്തയിടെ രോഗനിർണ്ണയം നടത്തിയ മൂന്നിൽ രണ്ട് സ്ത്രീകൾക്കും, സ്തനാർബുദം മൂലമുള്ള മരണസാധ്യത മൂന്നുശതമാനത്തിൽ താഴെയാണ്. രോഗനിർണയം ഒരു വ്യക്തിയുടെ പ്രായം, സ്തനാർബുദ തരം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യു കെയിൽ വീടുകൾക്ക് 35 ശതമാനം വരെ വിലയിടിവ് ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സാമ്പത്തിക വിദഗ്ധർ. യുകെയിലെ വീടുകളുടെ വില ഏകദേശം 14 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ രീതിയിൽ മെയ് മാസത്തിൽ ഇടിഞ്ഞതായി നാഷണൽ വൈഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി വീടുകളുടെ വില ക്രമാതീതമായി ഉയർന്ന അവസ്ഥയിൽ തന്നെ നിലനിൽക്കുകയായിരുന്നു. എന്നാൽ പണപ്പെരുപ്പത്തെ തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയതും, ഇത് മൂലം മോർട്ട്ഗേജുകൾ ജനങ്ങൾക്ക് താങ്ങാനാവാത്തതുമായി മാറിയതുമെല്ലാമാണ് ഇത്തരത്തിൽ വീടുകൾക്ക് വിലയുടെ സംഭവിക്കുവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടുകളുടെ വിലയിടിവ് 35% വരെ പോകാൻ സാധ്യതയുണ്ടെന്ന് വളരെ പരിചയസമ്പന്നരായ എസ്റ്റേറ്റ് ഏജന്റുമാരിൽ ഒരാളായ ചാർലി ലാംഡിൻ വ്യക്തമാക്കി. എന്നാൽ 20% വരെ മാത്രം വിലയിടിവ് ഉണ്ടാകുമെന്നാണ് പ്രമുഖ ഹൗസിംഗ് മാർക്കറ്റ് അനലിസ്റ്റ് ആയ നീൽ ഹഡ്സൺ വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിൽ ഒരു വിലയിടിവ് ആദ്യമായി വീട് വാങ്ങിക്കുവാൻ ശ്രമിക്കുന്നവർക്ക് ഒരു ആശ്വാസകരമായ വാർത്തയാണ്. എന്നാൽ നിലവിൽ വീട് വാങ്ങിയവർക്ക് തങ്ങളുടെ വീടിന്റെ വില താഴെ പോകുന്നതും, അതേസമയം തന്നെ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിക്കുന്നതും ആശങ്ക ഉളവാക്കുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. എല്ലാ ഘടകങ്ങളും ഒരുപോലെ സന്തുലിതമായ അവസ്ഥയിൽ പോയാൽ മാത്രമേ സാമ്പത്തിക രംഗം വളർച്ചയിലേക്ക് ഉയരുകയുള്ളൂ. നിലവിലെ പണപ്പെരുപ്പം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട് . ഇത്തരം ഒരു സാഹചര്യത്തിൽ മോർട്ഗേജുകൾക്ക് ഉണ്ടായിരിക്കുന്ന തിരക്ക് വർദ്ധനവാണ് ഇത്തരം ഒരു സാഹചര്യത്തിലേയ്ക്ക് ബ്രിട്ടനിലെ ഹൗസിംഗ് മാർക്കറ്റിന് എത്തിച്ചതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.