Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യയിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുകെയിലേക്കോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കോ നേരിട്ട് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മിഡിൽ ഈസ്റ്റ് വഴിയോ തുർക്കി വഴിയോ യാത്ര സാധ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ള യുകെ പൗരന്മാർ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. “റഷ്യയിൽ നിങ്ങൾക്ക് അടിയന്തര ആവശ്യമില്ലെങ്കിൽ രാജ്യത്ത് നിന്ന് പുറത്തുപോകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. റഷ്യക്ക് പുറത്തുള്ളവർ രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്നായിരുന്നു മുൻപ് നൽകിയ നിർദ്ദേശം.

യുകെയിലേക്ക് മടങ്ങാനുള്ള വിമാനങ്ങളുടെ അഭാവവും റഷ്യൻ സമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടവും കാരണം റഷ്യയിലേക്കുള്ള യാത്രയ്‌ക്കെതിരെ സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പരിഷ്കരിച്ചത്. വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനങ്ങൾ ഉപയോഗിക്കുന്ന എയർലൈനുകൾ മാർച്ച് 6 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് റഷ്യയുടെ സ്റ്റേറ്റ് ഏവിയേഷൻ ഏജൻസി അറിയിച്ചു. കൂടാതെ, റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ മാർച്ച് 8 മുതൽ നിർത്തിവയ്ക്കാൻ ഏജൻസി ശുപാർശ ചെയ്യുന്നു.

അതേസമയം, യുഎസും യൂറോപ്യൻ യൂണിയനും മറ്റും ഏർപ്പെടുത്തിയ കടുത്ത ഉപരോധം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തി. റൂബിളിന്റെ വില റെക്കോർഡ് നിലവാരത്തിലേക്കാണു താഴ്ന്നത്. എന്നാൽ ഇത് ലോക സമ്പദ്‌വ്യവസ്ഥയെ ആകെത്തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. അസംസ്കൃത എണ്ണയുടെ വിതരണത്തിലുണ്ടാകുന്ന ഇടിവ് വിലവർധനയ്ക്ക് ഇടയാക്കും. എണ്ണവില വർധനയാകട്ടെ ലോകമാകെ പണപ്പെരുപ്പത്തിനു വഴിവയ്ക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹൈവേ കോഡ് നിയമങ്ങൾ പ്രകാരം, അശ്രദ്ധമായി വാഹനമോടിച്ചാൽ ഇനി നൂറ് പൗണ്ട് പിഴ നൽകേണ്ടി വരും. മോട്ടോർവേയിൽ പതുക്കെ പോകുന്നു എന്ന കാരണത്താൽ മുന്നിലുള്ള വാഹനത്തെ ഇടതുവശത്ത് കൂടി മറികടക്കരുതെന്നും കോഡിൽ പറയുന്നു. ലെയ്നുകൾ വിട്ട് അശ്രദ്ധമായി ഓവർടേക്ക് ചെയ്താൽ നൂറ് പൗണ്ട് പിഴയും മൂന്നു പെനാൽറ്റി പോയിന്റും ലഭിക്കും. തൊട്ടടുത്തുള്ള ലെയ്നിൽ വാഹനങ്ങൾ വേഗത്തിൽ പോകുന്നുണ്ടെന്ന് തോന്നിയാലും നിങ്ങളുടെ ലെയ്ൻ വിട്ട് മറികടക്കരുതെന്ന് ഹൈവേ കോഡിൽ പറയുന്നു. ഒരേ ദിശയിൽ ഒന്നിലധികം പാതകൾ ഉള്ള റോഡുകളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

അണ്ടർടേക്കിങ്ങിനെ പറ്റിയും ഹൈവേ കോഡിൽ പറയുന്നുണ്ട്. ഇടത് വശത്തെ ലെയ്നിൽ വാഹനങ്ങൾ ഇല്ലാത്ത സമയം നിങ്ങൾ മധ്യ ലെയ്നിലൂടെ വാഹനമോടിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ പെനാൽറ്റി ലഭിക്കും. ഇടതുവശത്ത് കൂടി വാഹനത്തെ മറികടക്കുന്നതും കുറ്റകരമാണ്. നിങ്ങൾ പൊതുവെ ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മൂന്നു ലെയ്നുകളിലൂടെയും വാഹനം ഓടിച്ചാൽ ഗുരുതര പ്രശ്നത്തിൽ അകപ്പെടാമെന്നും കോഡിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉക്രൈന് പിന്തുണപ്രഖ്യാപിച്ച് റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുകയാണ്. യുകെയുടെ പ്രവർത്തനങ്ങൾ വളരെ സാവധാനത്തിലാണ് എന്ന കുറ്റപ്പെടുത്തലിനെ തുടർന്നാണ് ഈ നടപടി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധമുള്ള വ്യക്തികളുടെയും കമ്പനികളുടെയും എല്ലാം അസറ്റുകൾ യുകെ ഗവൺമെന്റ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ഇക്കണോമിക് ക്രൈം ബില്ലുമായി മുന്നോട്ടു പോകുവാനും യുകെ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ റഷ്യയിൽ നിന്നും മറ്റും ഉള്ള വിദേശ ഇൻവെസ്റ്ററുമാർ യുകെയിൽ നിക്ഷേപിച്ചിരിക്കുന്ന അനധികൃത പണത്തിനുമേൽ പിടിവീഴും എന്നാണ് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കുന്നത്. ഒരുതരത്തിലുള്ള അനധികൃത മണിയും യുകെയിൽ അനുവദിക്കുകയില്ല എന്നാണ് പ്രധാനമന്ത്രി ബോർഡ് സ്റ്റോൺസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഏകാധിപത്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധം പുലർത്തുന്നവരെയും അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉക്രൈനിനു മേലുള്ള റഷ്യയുടെ കടന്നുകയറ്റത്തെ തുടർന്നാണ് ഇത്തരത്തിലുള്ള അടിയന്തര നടപടികൾ എന്ന് ആഭ്യന്തര സെക്രട്ടറിയും വ്യക്തമാക്കി.

ബ്രിട്ടണും മറ്റ് സഹ രാജ്യങ്ങളും ഉക്രൈന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ യുകെ ഡിസാസ്റ്റർസ് എമർജൻസി കമ്മിറ്റി ഉക്രൈൻ അഭയാർഥികൾക്കായി നടത്തിയ പണ സമാഹരണത്തിൽ ഒരു ദിവസം കൊണ്ട് തന്നെ 55 മില്യൺ പൗണ്ട് ശേഖരിച്ചിരിക്കുകയാണ്. മനുഷ്യത്വപരമായ ഈ സഹായത്തിന് നിരവധി ആളുകളാണ് പണം നൽകിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ യുകെ ഗവൺമെന്റ് നൽകിയ 20 മില്യൺ പൗണ്ടും ഉൾപ്പെടുന്നുണ്ട്. ഏകദേശം ഒരു മില്യണിൽ അധികം ആളുകൾ ഇപ്പോൾ തന്നെ ഉക്രൈനിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യൻ ആക്രമണം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇനിയും അധികം അഭയാർഥികൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഉക്രൈന് സഹായം നൽകണമെന്ന ആവശ്യവുമായി നിരവധി ചലച്ചിത്ര താരങ്ങളും രംഗത്തെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകളുടെ എണ്ണം 40 ശതമാനം കുതിച്ചുയർന്നു . രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചു കയറുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 ,740 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഇത് 31,933 മാത്രമായിരുന്നു.

ഇതിനിടെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഒരാഴ്ച മുമ്പുള്ള രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ മരണനിരക്ക് മുൻപിലെത്തതിനേക്കാൾ കുറവാണ്. ഒരാഴ്ച മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 8 ശതമാനത്തിൻെറ കുറവുണ്ട്.

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ബോറിസ് ജോൺസൺ സർക്കാർ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതിനുശേഷമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കടുത്ത ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഉടൻ തന്നെ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും ആർടിപിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് രോഗവ്യാപനത്തിൽ പ്രതിഫലിക്കും എന്ന വിമർശനവും ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : ഒരാഴ്ചക്കിടെ നടന്ന മൂന്ന് വധശ്രമങ്ങളെ അതിജീവിച്ചാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി യുദ്ധമുഖത്തു നിൽക്കുന്നത്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം മൂന്നു തവണ സെലന്‍സ്‌കിക്കു നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. ക്രെം ലിന്റെ പിന്തുണയുള്ള വാഗനര്‍ ഗ്രൂപ്പാണ് രണ്ടു തവണ പദ്ധതി ആസൂത്രണം ചെയ്തത്. റഷ്യയില്‍ തന്നെയുള്ള യുദ്ധ വിരുദ്ധര്‍ നല്‍കിയ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെലന്‍സ്‌കി വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടതെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലുള്ളവരാണ് വധശ്രമത്തിന്റെ വിവരം നൽകിയത്.

പദ്ധതി വിജയിച്ചാലും റഷ്യയുടെ പങ്ക് തെളിയിക്കാനാവാത്ത വിധമാണ് ഗൂഢാലോചന നടന്നത്. വാഗനര്‍ ഗ്രൂപ്പിലെ നാനൂറിലേറെ അംഗങ്ങള്‍ ഇപ്പോഴും കീവില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്‌. പ്രത്യേക ദൗത്യവുമായി എത്തിയ ഇവരുടെ പക്കൽ വധിക്കേണ്ട 24 ഉന്നത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉണ്ട്. ഇവരെ ഇല്ലാതാക്കുക വഴി കീവിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ യുക്രൈന്റെ പ്രതിരോധം തകരുമെന്നാണ് റഷ്യ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീറുറ്റ പോരാളിയാണ് സെലൻസ്കി. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനുമാണെന്ന് പറയുമ്പോൾ സെലൻസ്കി പ്രസിഡന്റല്ല; പോരാളിയാണ്. സെലൻസ്കി നൽകുന്ന ആത്മവിശ്വാസത്തിലാണ് യുക്രൈൻ ജനത ഇന്നും പോരാടുന്നത്. റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ സെലസന്‍സ്‌കിയെ കീവില്‍ നിന്ന് ഒഴിപ്പിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സെലൻസ്കി ഇത് നിരസിച്ചു. രാജ്യത്ത് യുദ്ധം നടക്കുമ്പോൾ സുരക്ഷിത കേന്ദ്രം തേടി പോവാനില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പോരാടാൻ ഇറങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിച്ച് റഷ്യ. യുക്രൈനിലെ സ്‌പോർഷ്യ ആണവ നിലയത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതേതുടർന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായി. റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും ദുരന്തവ്യാപ്തി. ” അദ്ദേഹം ട്വീറ്റ് ചെയ്തു.

റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണമെന്നും അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് റഷ്യയുടെ ആണവ ഭീകരതയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു. ആക്രമണം ഉണ്ടെങ്കിലും അണുവികിരണത്തോത് ഇതുവരെ ഉയർന്നിട്ടില്ലെന്ന് യുക്രൈൻ അധികൃതർ അറിയിച്ചു. പ്ലാന്റിലെ ഒരു ജനറേറ്റിംഗ് യൂണിറ്റ് തകർന്നതായി റിപ്പോർട്ടുകളുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരും മണിക്കൂറുകളിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം തേടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. യുകെ ഈ വിഷയം ഉടൻ റഷ്യയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും ഇളവ് വരുത്തുന്ന സാഹചര്യത്തിൽ, ജനങ്ങൾ എല്ലാവരും തന്നെ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കമെന്ന നിർദേശമാണ് ബ്രിട്ടീഷ് ഗവൺമെന്റ് നൽകുന്നത്. ഈ രോഗത്തോട് ഒപ്പം ജീവിക്കേണ്ട സാഹചര്യത്തിലേക്കാണ് ലോകം എത്തിനിൽക്കുന്നത്. അതിനാൽ തന്നെ ഗവൺമെന്റ് ചില പ്രാഥമിക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. വാക്സിൻ ഇനിയും എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്ന നിർദ്ദേശമാണ് ഇതിൽ മുൻപന്തിയിലുള്ളത്. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ളവർ, ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് എത്രയും വേഗം തയ്യാറാകണമെന്നും നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ ആശുപത്രിയിൽ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ആളുകൾ കൂടുന്ന സാഹചര്യങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. ട്രെയിനുകളിലും, തിരക്കുള്ള കടകളിലുമെല്ലാം ഈ നിർദ്ദേശം പാലിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ ആളുകൾ കൂടിയാൽ ഒരു മണിക്കൂർ ഇടവിട്ട് ജനാലകളും മറ്റും തുറന്ന് ആവശ്യത്തിനുള്ള വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കാറുകളിലും മറ്റും യാത്ര ചെയ്യുന്നവർ ഗ്ലാസുകളും മറ്റും തുറന്നിട്ട് സഞ്ചരിക്കുന്നതാണ് ഉത്തമമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ ഇരിക്കണമെന്ന നിർദേശമാണ് മറ്റൊന്ന്. രോഗം മറ്റുള്ളവരിലേക്ക് പടരുവാൻ ഇടയാക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വിവേകത്തോടെ ഉള്ള പ്രവർത്തനമാണ് ഈ സാഹചര്യങ്ങളിൽ ആവശ്യം എന്നാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം. രോഗത്തോടൊപ്പം ജീവിക്കുക എന്ന ആശയം ആണ് ഇപ്പോൾ ആരോഗ്യവകുപ്പും മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരും ഇത് അനുസരിച്ചുള്ള ജാഗ്രത സ്വന്തം ജീവിതത്തിൽ പാലിക്കണമെന്ന് നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടു വർഷങ്ങൾക്കു ശേഷം കേരളത്തിലെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ സ്കൂളുകളിൽ എത്തി ഈ വിദ്യാഭ്യാസ വർഷത്തിലെ അധ്യയനം പൂർണതോതിൽ ആരംഭിച്ചു എന്ന് പറയാം.

കേരളത്തിൽ ഗവൺമെൻറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്കൂളുകൾ കഴിഞ്ഞാൽ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യമേഖലയിലാണ് . മാസാമാസം വിദ്യാർഥികളിൽനിന്ന് ഫീസ് മേടിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ക്ലാസുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഫീസിൻെറ കാര്യത്തിൽ വൻ വർദ്ധനവ് നടത്തിയതായുള്ള പരാതികൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ വ്യാപകമായുണ്ട്.

ഓൺലൈൻ ക്ലാസ് നടത്തി കൊണ്ടിരുന്ന സമയത്ത് ഫീസിനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ ചിലത് സിമ്മിംഗ് ഫീസ്   വരെ വാങ്ങിയ കാര്യം ഇതിനുമുമ്പും മലയാളംയുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പല സ്വകാര്യ സ്കൂളുകളും അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന സമയത്ത് ശമ്പളം പകുതിയോ അതിലധികമോ വെട്ടിക്കുറച്ചിരുന്നു. അധ്യാപകരുടെ ശമ്പളത്തിൽ വരുത്തിയ കുറവിൻെറ ആനുകൂല്യം കുട്ടികൾക്ക് ഫീസിനത്തിൽ ഇളവ് ചെയ്യുന്നതിന് പല സ്കൂളുകളും തയ്യാറായിട്ടില്ല എന്നതാണ് സത്യം.

അമിതമായ ഫീസ് ഈടാക്കാനായിട്ടാണ് പല സ്കൂളുകളും പേരിന്റെ കൂടെ ‘ഇൻറർനാഷണൽ‘ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് .  സ്വകാര്യ സ്കൂളുകളിലെ ബസ് ഫീസ് രക്ഷിതാക്കളെ കൊള്ളയടിക്കാനുള്ള മറ്റൊരു മാർഗമായി മാറിയിരിക്കുകയാണ്. കോവിഡിന് മുമ്പുള്ള ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനമോ അതിലധികമോ ബസ് ഫീസ് വർധിപ്പിച്ച സ്കൂളുകളും കേരളത്തിൽ ഉണ്ട്. ഇന്ധന വിലയിൽ ഭീമമായ വർധനവ് ഉണ്ടായി എന്ന സത്യം മറക്കുന്നില്ല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ് സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിലെ പലവിധമുള്ള ഫീസ് വർദ്ധനവുകൾ.

ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും പുസ്തകങ്ങളും , നോട്ട്ബുക്കുകളും വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ കൂടിയാണ്. തങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും എംആർപി വിലയിൽ വിൽക്കുന്നതിലൂടെ സ്കൂളുകൾ കൊയ്യുന്നത് വൻ ലാഭമാണ്. ഈ ഇനത്തിലുള്ള നികുതിവെട്ടിപ്പിലൂടെ ഗവൺമെന്റിന് നഷ്ടമാകുന്നത് കോടികളാണ്. സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ നടക്കുന്ന അനീതികൾക്കെതിരെ എവിടെ പരാതി പറയണം എന്നുള്ള കാര്യം പോലും ഭൂരിപക്ഷം മാതാപിതാക്കൾക്കും കുട്ടികൾക്കും അറിയില്ല.

എൽ കെ ജി , യു കെ ജി തലത്തിൽ ചേരുമ്പോൾ തന്നെ സ്വകാര്യ സ്കൂളുകൾ ഡിപ്പോസിറ്റ് ആയി നല്ലൊരു തുക മേടിക്കുന്നുണ്ട്. തങ്ങൾ കൊടുത്തിരിക്കുന്ന ഭീമമായ ഡെപ്പോസിറ്റിൻെറ നഷ്ടമോർത്താണ് പല രക്ഷിതാക്കളും കുട്ടികളെ എയ്ഡഡ് ഗവൺമെന്റിൻെറ കീഴിലുള്ള സ്കൂളുകളിലേയ്ക്ക് മാറ്റാൻ മടിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിബിഎസ്ഇ , ഐസിഎസ്ഇ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : വ്ലാഡിമിർ പുടിന്റെ തലയ്ക്ക് 1 മില്യൺ ഡോളർ വിലയിട്ട് റഷ്യൻ വ്യവസായി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അലക്സ് കൊനാനിഖിൻ ഈ പ്രസ്താവന നടത്തിയത്. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും യുക്രൈനെ സഹായിക്കേണ്ടതും തന്റെ ധാർമിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. റഷ്യൻ നിയമങ്ങൾ പ്രകാരം പുടിനെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി 1,000,000 ഡോളർ നൽകുമെന്നാണ് വാഗ്ദാനം. പോസ്റ്റിൽ പുടിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂട്ടകൊലയ്ക്ക് കാരണക്കാരനായ പുടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്സ് പറയുന്നു.

രൂക്ഷമായ ഭാഷയിൽ പുടിനെ വിമർശിച്ച അലക്സ്‌ 1996ൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. റഷ്യൻ എക്‌സ്‌ചേഞ്ച് ബാങ്കിൽ നിന്ന് 8 മില്യൺ ഡോളർ അപഹരിച്ചുവെന്ന ആരോപണത്തെ തുടർന്ന് യുഎസിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് റഷ്യൻ അധികാരികളുടെ ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്. റഷ്യൻ മാഫിയയുമായി അലക്സിന് ബന്ധമുണ്ടായിരുനെന്ന് എഫ്ബിഐ ഏജന്റുമാർ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, യുക്രെയ്‍ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിൻ അഭിനവ ഹിറ്റ്‍ലർ ആണെന്നും യുക്രെയ്‍‌നിലെ നിഷ്കളങ്കരായ ജനത കൂട്ടക്കൊല ചെയ്യപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ സാധാരണ ജനങ്ങൾ ജീവിക്കാൻ പാടുപെടുമ്പോൾ എംപിമാരുടെ ശമ്പള വർധനവിന് പ്രധാനമന്ത്രി തയ്യാറാകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വാച്ച്ഡോഗിന്റെ സ്ഥിരീകരണത്തെ തുടർന്ന് എംപിമാരുടെ ശമ്പളത്തിൽ അടുത്ത മാസം മുതൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിവരം. 2,200 പൗണ്ട് കൂടി വർധിക്കുന്നതോടെ ശമ്പളം 84,144 പൗണ്ടിലെത്തും. രോഗവ്യാപന സമയത്ത് രാഷ്ട്രീയ നേതാക്കൾ പതിവിലും കൂടുതൽ കഠിനാധ്വാനം ചെയ്തുവെന്ന വാദമാണ് വാച്ച്ഡോഗ് ഉയർത്തിയത്. എന്നാൽ, ഊർജ്ജ ബില്ലുകളും പണപ്പെരുപ്പവും കുതിച്ചുയരുന്ന സാഹചര്യത്തിൽ എംപിമാരുടെ ശമ്പളം വർധിപ്പിക്കുന്നത് പൊതുജനങ്ങളെ രോഷാകുലരാക്കും.

ചില എംപിമാർ ഇതിനകം തന്നെ ശമ്പള വർധനവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. പണം ചാരിറ്റിക്ക് നൽകുമെന്നും അവർ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളാൻ ബോറിസ് ജോൺസന് മേൽ സമ്മർദ്ദമേറും. ശമ്പള വർധനവ് തെറ്റാണെന്ന് ലേബർ എംപി സാറാ സുൽത്താന ആരോപിച്ചു. സാധാരണ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്നും തനിക്ക് ലഭിക്കുന്ന അധിക ശമ്പളം ഫുഡ്‌ബാങ്കിന് നൽകുമെന്നും സാറാ ട്വീറ്റ് ചെയ്തു. ലേബർ ബാക്ക്ബെഞ്ചർ റിച്ചാർഡ് ബർഗണും സമാന നിലപാട് സ്വീകരിച്ചു.

നികുതി വർധനവ് നേരിടുന്ന സമയത്ത് എംപിമാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് കണ്ടാൽ സാധാരണക്കാർ രോക്ഷാകുലരാകുമെന്ന് ടാക്‌സ് പേയേഴ്‌സ് അലയൻസ് ചീഫ് എക്‌സിക്യുട്ടീവ് ജോൺ ഒ കോണൽ അഭിപ്രായപ്പെട്ടു. ഹൗസ് ഓഫ് ലോർഡ്സിലും ശമ്പള വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നികുതി രഹിത പ്രതിദിന ശമ്പളം 323 പൗണ്ടിൽ നിന്നും 332 പൗണ്ടിലേക്ക് ഉയരും. അതേസമയം രാജ്യത്ത് പെട്രോൾ, ഗ്യാസ് വില കുതിച്ചുയരുകയാണ്. ഭക്ഷ്യ സാധനങ്ങളുടെ വിലയും ഉടൻ ഉയരുമെന്നാണ് സൂചന. മലയാളികൾ അടക്കമുള്ള കുടുംബങ്ങൾ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ എംപിമാരുടെ ശമ്പളം ഉയർത്തുന്നത് വലിയ വിമർശനത്തിന് കാരണമാകും.

RECENT POSTS
Copyright © . All rights reserved