Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമാതിര്‍ത്തി കടക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യയുടെ സിവിൽ ഏവിയേഷൻ വകുപ്പാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ ഉപരോധ നടപടികൾക്ക് പ്രതികാരമായി റഷ്യ കൈകൊണ്ട തീരുമാനം ആണിത്. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയാണ് ഈ നീക്കമെന്ന് റഷ്യ പ്രതികരിച്ചു. റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്‌ളോട്ട് ബ്രിട്ടനിൽ ഇറങ്ങുന്നത് യുകെ വിലക്കിയിരുന്നു. ഇതിനെ തുടർന്ന് യുകെ വിമാനക്കമ്പനികളുടെ റഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ട്രാൻസിറ്റ് ഫ്ലൈറ്റുകളും വെള്ളിയാഴ്ച മുതൽ നിരോധിച്ചതായി റഷ്യ അറിയിച്ചു.

ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളെയും തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. ലണ്ടനും മോസ്‌ക്കോയ്‌ക്കുമിടയിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തിയിരുന്നത്. സേവനങ്ങൾ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുകയാണെന്നും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിച്ച അവർ, ഇത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് റഷ്യൻ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്. ”പുടിന്റെ നീചമായ പ്രവർത്തികളെ അവഗണിക്കുമെന്ന് കരുതേണ്ട. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നവരോട് ഞങ്ങൾ ക്ഷമിക്കില്ല” – വിമാനവിലക്ക് ഏർപ്പെടുത്തിയ വിവരമറിയിച്ച് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ട്വീറ്റ് ചെയ്തു. എന്നാൽ, റഷ്യ തിരിച്ചടി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് എയർവേസ് ഉടമകളായ ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പ് റഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു.

റഷ്യക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. ചെർണോബിൽ ആണവ നിലയത്തിന്റെ ഭാഗങ്ങൾ റഷ്യൻ സൈന്യം നിയന്ത്രണത്തിലാക്കിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു. ചെർണോബിൽ പിടിച്ചെടുത്തത് മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏറ്റുമുട്ടലിന് പിന്നാലെ ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി യുക്രൈൻ ആണവ ഏജൻസി ഇന്ന് പറഞ്ഞു. മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർദ്ധിച്ചതായി ആണവ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രെയ്‌നിനെതിരെ ആക്രമണം അഴിച്ചുവിട്ട റഷ്യൻ പ്രസിഡന്റ് പുടിനെതിരെ നിർണ്ണായകമായി പ്രതികരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കഴിഞ്ഞ ദിവസം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. റോസ്സിയ, ഐ എസ് ബാങ്ക്, ജനറല്‍ ബാങ്ക്, പ്രോംസ്വായാസ് ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നീ ബാങ്കുകൾക്കും മൂന്ന് റഷ്യന്‍ അതിസമ്പന്നര്‍ക്കും ബ്രിട്ടൻ ഉപരോധം ഏര്‍പ്പെടുത്തി. യുകെയിലേക്കുള്ള റഷ്യൻ പണത്തിന്റെ ഒഴുക്ക് തടയാൻ സർക്കാർ കൂടുതൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. റഷ്യയിൽ നിന്നുള്ള നിരവധി സമ്പന്നരായ വ്യക്തികളും കമ്പനികളും യുകെ ഫിനാൻഷ്യൽ, പ്രോപ്പർട്ടി മാർക്കറ്റുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അഴിമതി വിരുദ്ധ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ കണ്ടെത്തൽ പ്രകാരം യുകെയിലെ 1.50 ബില്യൺ പൗണ്ടിന്റെ ആസ്തികൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന റഷ്യക്കാരുടെ ഉടമസ്ഥതയിലാണ്.

യുകെയിലെ പ്രോപ്പർട്ടികൾ കൈവശം വെച്ചിരിക്കുന്ന 700 ഓഫ്‌ഷോർ കമ്പനികളിൽ 5% റഷ്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണ്. സമ്പന്നരായ റഷ്യക്കാർക്ക് സ്ഥിരതാമസമാക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും അനുയോജ്യമായ സ്ഥലമാണ് ലണ്ടൻ. യുകെയിൽ 2 മില്യൺ പൗണ്ടോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവർക്ക് ഗോൾഡൻ വിസ ലഭിക്കും. ഇത് നിരവധി സമ്പന്നരെ ബ്രിട്ടനിലേക്ക് ആകർഷിച്ചു. ഗോൾഡൻ വിസയുള്ളവർക്ക് അവരുടെ കുടുംബത്തോടൊപ്പം യുകെയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കഴിയും. 2008-ൽ ഈ പദ്ധതി അവതരിപ്പിച്ചതു മുതൽ റഷ്യൻ പൗരന്മാർക്ക് 2,581 ഗോൾഡൻ വിസകൾ നൽകിയിട്ടുണ്ട്. എന്നാൽ 2022 ഫെബ്രുവരി 17 ന് ബ്രിട്ടീഷ് സർക്കാർ ഇത് റദ്ദാക്കി.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വില്പനയിലൂടെ വലിയ തുക സമാഹരിക്കാൻ റഷ്യൻ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ ഉപരോധം വ്യാപകമാക്കാനാണ് സാധ്യത. യുഎസുമായും മറ്റ് സഖ്യകക്ഷികളുമായും ചേർന്ന് റഷ്യക്കാരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രാ നിരോധനം ഏർപ്പെടുത്താനും ബ്രിട്ടൻ തയ്യാറായേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ തൊഴിലിടങ്ങളിലെ ജീവനക്കാരുടെ എണ്ണം മഹാമാരിക്ക് മുൻപ് ഉള്ളതിനേക്കാൾ വർദ്ധിച്ചു എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ പ്രസ്താവന തെറ്റാണെന്ന വാദവുമായി യുകെ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ മേധാവി രംഗത്ത് വന്നു. മഹാമാരി ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ 6,60,000 എണ്ണത്തിൻെറ കുറവുണ്ടെന്ന് കണക്കുകൾ നിരത്തി യുകെഎസ്എ മേധാവി മേധാവി സർ ഡേവിഡ് നോർഗ്രോവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം സ്വയം തൊഴിൽ ചെയ്യുന്നവരുടെ സംഖ്യയിലുള്ള ഭീമമായ കുറവ് ഗവൺമെൻറിൻറെ അവകാശവാദത്തിൽ പ്രതിഫലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച ചോദ്യോത്തരവേളയിലാണ് പ്രധാനമന്ത്രി കണക്കുകൾ നിരത്തി അവകാശവാദം ഉന്നയിച്ചത്. ജീവിതചിലവിനെ കുറിച്ച് ലേബർ എംപി കെറി മക്കാർത്തിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ഉണ്ടെന്ന് ഉറപ്പു വരുത്താൻ സർക്കാരിനായതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു . മഹാമാരി ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ 430,000 കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്ലൻഡ്: 35 വർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ എൺപതിലധികം ലൈംഗികാതിക്രമങ്ങൾ നടത്തിയ ഇന്ത്യക്കാരനായ എൻഎച്ച്എസ് ഡോക്ടർ കൃഷ്ണ സിംഗ് (72) കോടതിയിൽ വിചാരണ നേരിടുന്നു. 1983 നും 2018 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. സ്കോട്ട്ലൻഡ് നോർത്ത് ലനാർക്ക്ഷെയറിലെ മെഡിക്കൽ പ്രാക്ടീസിനിടെയാണ് പീഡനങ്ങൾ എല്ലാം നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചും കൃഷ്ണ സിംഗ് പീഡിപ്പിച്ചതായി ഒരു സ്ത്രീ ആരോപണം ഉന്നയിച്ചു. ലൈംഗികാതിക്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ കൃഷ്ണ സിംഗിന് മേൽ ചുമത്തിയിട്ടുണ്ട്.

2019 ജൂണിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം സിംഗ് നിഷേധിച്ചിരുന്നു. സിംഗിനെതിരെ നിലനിൽക്കുന്ന 84 കേസുകളിലും അയാൾ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജാനിസ് ഗ്രീൻ കോടതിയെ അറിയിച്ചു. എട്ട് ആഴ്ച നീണ്ടുനിൽക്കാൻ സാധ്യതയുള്ള വിചാരണയായിരിക്കും ഇത്. 1976 നവംബറിൽ ലണ്ടനിൽ ഡോക്ടറായി രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് 1974-ൽ ഇന്ത്യയിലെ പട്‌നയിൽ നിന്നാണ് സിംഗ് മെഡിക്കൽ ബിരുദം നേടിയത്. 1983-ൽ നോർത്ത് ലാനാർക്‌ഷെയറിലെ കോട്ട്ബ്രിഡ്ജിൽ ഒരു ജോലിയിൽ പ്രവേശിച്ചു. 2018 വരെ അവിടെ തുടർന്നു. ഈ കാലയളവിലാണ് തന്റെ അടുത്തെത്തിയ സ്ത്രീകളെയും കുട്ടികളെയും സിംഗ് പീഡനത്തിനിരയാക്കിയത്.

2018 ഫെബ്രുവരിയിൽ, പീഡനത്തിനിരയായ ഒരാളിൽ നിന്ന് എൻഎച്ച്എസ് ലനാർക്ക്ഷെയറിന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 1990നും 2004നും ഇടയിൽ പീഡനത്തിനിരയായ അഞ്ചു പേർ കുട്ടികൾക്ക് ജന്മം നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. സിംഗിനെതിരെയുള്ള വിചാരണ ഇന്നും തുടരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്ലാക്ക്‌ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്‌ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.

രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.

ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്‌ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.

ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഇന്നു മുതൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഇല്ലാതാകും. പ്രതിദിനം നൂറുകണക്കിന് മരണങ്ങൾ ഉണ്ടായിട്ടും ഇന്നുമുതൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലിവിങ് വിത്ത് കോവിഡ് പദ്ധതി നിലവിൽ വന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലിവിങ് വിത്ത് കോവിഡിൻ്റെ ഭാഗമായി ഇന്നു മുതൽ സെൽഫ് ഐസോലേഷൻ ഒഴിവാക്കപ്പെടുമെന്നുള്ളതാണ് ഒരു പ്രധാന മാറ്റം. ഇതിനോടൊപ്പം തന്നെ കോവിഡ് ബാധിതർക്കുള്ള ശമ്പളത്തോടൊപ്പമുള്ള വേതനവും ഇന്ന് മുതൽ നിർത്തലാക്കപ്പെടുമെന്ന പ്രത്യേകതകയും ഉണ്ട്.

ഏപ്രിൽ ഒന്നുമുതൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെൻ്ററുകളും നിർത്തലാക്കുമെന്ന പ്രഖ്യാപനത്തിന് ആരോഗ്യ വിദഗ്ധരുടെ ഇടയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർത്തിയത്. ജനുവരിയിൽ മാത്രം കോവിഡ് പരിശോധനകൾക്കും ടെസ്റ്റുകൾക്കും ഐസോലേഷനുമായി 2 ബില്യൺ പൗണ്ട് ചിലവായതായി പ്രധാനമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതോടെ ഈ രീതിയിലുള്ള വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാരിന് ഒഴിയാനാകും.

യുദ്ധം പൂർണമായി അവസാനിക്കുന്നതിനായി കാത്തിരിക്കുന്നവർ ദീർഘകാലത്തേയ്ക്ക് ബ്രിട്ടീഷ് ജനതയുടെ സ്വാതന്ത്ര്യത്തിനായിരിക്കും കത്തി വയ്ക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധം പൂർണമായും വിജയിക്കുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് കോവിഡ് നിയന്ത്രണങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇളവ് ചെയ്യപ്പെടുന്നതെന്ന് ലേബർ പാർട്ടി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സ്വന്തം എംപിമാരിൽ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത എതിർപ്പ് നേരിടുന്ന പ്രധാനമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രാജ്യത്തെ അഞ്ച് ലക്ഷം പ്രതിരോധശേഷി കുറഞ്ഞ ജനങ്ങൾ എങ്ങനെ വൈറസിനൊപ്പം ജീവിക്കുമെന്നത് കടുത്ത ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് എം‌എസ് സൊസൈറ്റിയുടെ പോളിസി ഹെഡ് ഫിലിപ്പ് ആൻഡേഴ്സൺ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദ്യാർഥി വായ്പ തിരിച്ചടവിനുള്ള പുതിയ പദ്ധതികളുമായി സർക്കാർ. അടുത്ത വർഷം യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലോൺ അടച്ചുതീർക്കാൻ സർക്കാർ 40 വർഷത്തെ സമയം നൽകും. നിലവിലെ സംവിധാനമനുസരിച്ച് 30 വർഷത്തിന് ശേഷം വായ്പകൾ എഴുതിത്തള്ളിയിരുന്നു. തിരിച്ചടവ് കാലവധി നീട്ടുന്നതുൾപ്പടെയുള്ള പല നടപടികൾക്കും സർക്കാർ തയ്യാറായിട്ടുണ്ട്. ഒരു സർവ്വകലാശാലയ്ക്ക് പ്രതിവർഷം ഒരു കോഴ്‌സിന് ഈടാക്കാവുന്ന പരമാവധി തുക, രണ്ട് വർഷത്തേക്ക് £9,250 ആയി മരവിപ്പിച്ചു. ഒപ്പം, പ്രതിവർഷം £25,000-ൽ കൂടുതൽ സമ്പാദിക്കുന്ന ബിരുദധാരികൾ അവരുടെ ലോൺ തിരിച്ചടച്ച് തുടങ്ങണം. നേരത്തെ 27,295 പൗണ്ട് സമ്പാദിക്കുമ്പോഴായിരുന്നു തിരിച്ചടവ് ആരംഭിക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ പഠനം ആരംഭിക്കുന്ന ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്.

23% വിദ്യാർത്ഥികൾ മാത്രമാണ് അവരുടെ വായ്പ പൂർണ്ണമായും തിരിച്ചടച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ പുതിയ പദ്ധതി പ്രകാരം വായ്പയെടുക്കുന്നവരിൽ 52% പേരും ലോൺ അടച്ചുതീർക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2021 മാർച്ചിലെ കണക്ക് പ്രകാരം വിദ്യാർത്ഥി വായ്പകളിൽ 161 ബില്യൺ പൗണ്ട് തിരിച്ചടച്ചിട്ടില്ല. 2043 ഓടെ ഇത് 500 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് പ്രവചനം. ഈ കടബാധ്യതയ്ക്ക് ഒരു പരിഹാരം കാണുകയാണ് സർക്കാർ. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾക്കും നികുതിദായകർക്കും ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.

ഉയർന്ന വരുമാനമുള്ള ബിരുദധാരികൾ ഓരോ മാസവും കൂടുതൽ തുക തിരിച്ചടയ്ക്കുന്നതിനാൽ അവരുടെ കടം വേഗത്തിൽ തീരും. എന്നാൽ ഇടത്തരം വരുമാനമുള്ള ബിരുദധാരികൾ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും വായ്പ അടച്ചുതീർക്കാനായി കഷ്ടപ്പെടേണ്ടി വരും. തിരിച്ചടവ് കാലാവധി നീട്ടുന്ന സർക്കാർ തീരുമാന പ്രകാരം, 60 വയസ്സ് വരെ ലോൺ അടയ്‌ക്കേണ്ടി വരുമെന്ന് ചുരുക്കം. കുറഞ്ഞ വരുമാനമുള്ള ബിരുദധാരികളെ ഈ പദ്ധതി കൂടുതൽ ബാധിക്കുമെന്ന് ലേബർ പാർട്ടി ആരോപിച്ചു. പദ്ധതിക്കെതിരെ വിദ്യാർഥികളുടെ ഭാഗത്തുനിന്നും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആകെ ചർച്ചാവിഷയമായ സാറാ എവറാർഡിൻെറ കൊലപാതകത്തിന്റെ വിചാരണ നടന്ന സമയങ്ങളിൽ സീനിയർ പോലീസ് ഉദ്യോഗസ്ഥൻ പരിഹാസ ചുവയുള്ള സന്ദേശങ്ങൾ സഹപ്രവർത്തകർക്ക് കൈമാറിയതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഡോർസറ്റ് പോലീസ് ഉദ്യോഗസ്ഥൻ സർജന്റ് സൈമൺ കെമ്പ്റ്റണിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. ഇയാൾ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കൾക്കും മറ്റും വിചാരണയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാതെ വിവരങ്ങൾ ചോർത്തി നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ തന്നോടൊപ്പമുള്ള എക്സിക്യൂട്ടീവ് ടീമംഗങ്ങൾ ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമായതിനാലാണ് താൻ ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ പ്രതിയായ കൗസെൻസ് തന്റെ ഭാഗം ന്യായീകരിക്കാനായി വിചാരണസമയത്ത് നിരത്തിയ വാദങ്ങളാണ് സൈമൺ സന്ദേശങ്ങളായി തന്റെ സുഹൃത്തുക്കൾക്ക് അയച്ചത്.


എന്നാൽ തന്റെ സന്ദേശങ്ങൾ ഒരുതരത്തിലും ആരെയും വേദനിപ്പിക്കാൻ ഉള്ളതല്ലെന്നും വിവരങ്ങൾ കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്താനല്ല താൻ ശ്രമിച്ചതെന്നും, മറിച്ച് തന്റെ കൂടെയുള്ള ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചതെന്നും സൈമൺ വ്യക്തമാക്കി. എന്നാൽ ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021 മാർച്ചിലാണ് സാറ എവെർറാർഡിനെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കൗസെൻസ് കൊലപ്പെടുത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്തതിന് ശേഷമായിരുന്നു ഇയാൾ കൊലപ്പെടുത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. ഈ കേസിൽ ഇപ്പോൾ ഇദ്ദേഹം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈൻ – റഷ്യ സംഘർഷത്തെ ചൊല്ലിയുള്ള ആശങ്ക ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഉയരാൻ കാരണമായി. ഇതിനെ തുടർന്ന് യുകെയിൽ പെട്രോൾ, ഡീസൽ വില ഉയർന്നു. ഇന്ന് പെട്രോൾ വില ലിറ്ററിന് 149.30 പെൻസിലെത്തി. അധികം വൈകാതെ പെട്രോൾ വില 1.50 പൗണ്ട് കടക്കുമെന്നാണ് ആർഎസിയുടെ മുന്നറിയിപ്പ്. ഡീസൽ വിലയും ഉയരുകയാണ്. 152.68 പെൻസാണ് ഇന്നത്തെ വില. ഹോൾസെയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നത് ധാരാളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈനായ നോർഡ് സ്ട്രീം 2 മരവിപ്പിക്കാനുള്ള ജർമനിയുടെ തീരുമാനത്തെ തുടർന്നാണ് ഹോൾസെയിൽ ഗ്യാസ് വില വർധന.

ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് മൂന്നു ഡോളർ ഉയർന്ന് നൂറു ഡോളറിനടുത്തെത്തിയിരുന്നു. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ബാരലിന് 99 ഡോളറിലെത്തുന്നത്. യൂറോപ്പിനാവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നൽകുന്നത് റഷ്യയാണ്. അതിനാൽ യൂറോപ്യൻ മേഖലയിൽ എണ്ണലഭ്യത സംബന്ധിച്ച ആശങ്ക ഉയരുകയാണ്. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദകരും റഷ്യയാണ്.

റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വന്നാൽ ആഗോളതലത്തിൽ എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഈ ആശങ്കയാണ് യുകെയിലെ പെട്രോൾ, ഡീസൽ വില വർധനയ്ക്ക് കാരണം. യുകെയിലെ ഉയർന്ന ഊർജ വില മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, യുക്രൈനിലേക്ക് പൂർണ്ണമായ അധിനിവേശമുണ്ടായാൽ റഷ്യയുടെ മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് യുക്രൈനിലെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര്യ രാജ്യങ്ങളായി പുടിൻ പ്രഖ്യാപിച്ചത്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. പുടിന്റെ ഈ നടപടി ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി.

പുടിന്റെ നടപടിയെ തുടർന്ന് റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിന് പണം ശേഖരിക്കുന്നത് തടയുമെന്നും ജോൺസൻ വ്യക്തമാക്കി.

മൂന്ന് റഷ്യൻ ശതകോടീശ്വരന്മാർക്കും അഞ്ച് ബാങ്കുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. യുക്രൈന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും ലംഘനമാണ് പുടിന്റെ തീരുമാനമെന്ന് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.

2014-ലെയും 15-ലെയും മിൻസ്‌ക് സമാധാന ഉടമ്പടികളുടെ ലംഘനമാണ് പുടിന്റേതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈ‍ഡൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ പറഞ്ഞു. റഷ്യയിൽ നിന്ന് ജർമനി യിലേക്കുള്ള നോർഡ് സ്ട്രീം 2 വാതക പൈപ്പ്ലൈൻ പദ്ധതി ജർമനി ചാൻസലർ ഒലാഫ് ഷോൾസ് മരവിപ്പിച്ചു. ഇത്തരം അധിനിവേശങ്ങളിലൂടെ സമാധാന ശ്രമങ്ങളെ ആട്ടിമറിക്കുകയാണ് റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved