ന്യൂസ് ഡെസ്ക് മലയാളം യുകെ

റുട്ടീൻ സർജറിയിലൂടെ അണ്ഡാശയ സിസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ മുപ്പത്തഞ്ചുകാരിയായ നേഴ്‌സിന് ദാരുണാന്ത്യം. കാതറിൻ ജോൺസ് എന്ന യുകെ സ്വദേശിയായ നേഴ്‌സിനാണ് ഡോക്ടർമാരുടെ അശ്രദ്ധ മൂലം ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ ന്യായീകരണവുമായി കാതറിനെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രംഗത്ത്. 2013 ജൂലൈയിൽ നടന്ന സർജറിയിൽ തന്റെ വലത് അണ്ഡാശയവും ഫാലോപ്യൻ ട്യൂബും നീക്കം ചെയ്യണമെന്ന ആവശ്യം 35 കാരിയായ കാതറിൻ മുന്നോട്ട് വച്ചിരുന്നു. തൻെറ റിപ്പോർട്ടുകൾ കണ്ട് സിസ്റ്റിനെക്കുറിച്ച് സംശയം തോന്നിയ ഒരു മുതിർന്ന ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റിൻെറ ശുപാർശ പ്രകാരമായിരുന്നു ഈ ആവശ്യം.

എന്നാൽ 2012 നവംബറിൽ സ്‌കാൻ റിപ്പോർട്ടിൽ ഇത്തരത്തിലുള്ളൊരു കൈയെഴുത്ത് നിർദ്ദേശം താൻ കണ്ടതായി ഓർക്കുന്നില്ലെന്ന് കാതറിൻെറ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ എറിക് എൻജിഫോർഫുട്ട് പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് തനിക്ക് സിസ്റ്റ് മാലിഗ്നന്റ് ആണെന്ന് തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റെക്‌സാമിലെ മെയിലർ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌ത് വരികയായിരുന്ന കാതറിനു ആവശ്യമായ ചികിത്സ ലഭിക്കാനും വളരെ താമസിച്ചിരുന്നു. പിന്നീട് 2016-ൽ പൂർണ്ണമായ ഗർഭാശയ ശസ്ത്രക്രിയ നടത്തിയ കാതറിൻെറ ഗർഭാശയത്തിൽ നിന്ന് 2.5 കിലോഗ്രാം (5 ½ പൗണ്ട്) ഭാരമുള്ള ഒരു വലിയ ക്യാൻസർ ട്യൂമർ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത മാസം തന്നെ കാതറിൻെറ അമ്മ രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെ റെക്‌സാമിലെ ആശുപത്രിയിൽ അണുബാധ പിടിപെട്ടു മരിക്കുകയായിരുന്നു.