Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്‌പെയിനിലെ മല്ലോർക്കയിലുണ്ടായ കൊടുങ്കാറ്റിൽ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ബ്രിട്ടാനിയ ക്രൂയിസ് കപ്പൽ തകർന്നു. സതാംപ്ടൺ ആസ്ഥാനമായുള്ള പി ആൻഡ് ഒ ക്രൂയിസ് കപ്പലായ ബ്രിട്ടാനിയയിലെ ആയിരത്തോളം യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പാൽമ പോർട്ടിലാണ് സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ ഒഴുകിനീങ്ങുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡെക്ക് അഞ്ചിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന ആളുകൾ സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും റെക്കോർഡു ചെയ്‌തു. ചെറിയ പരിക്കുകൾ പറ്റിയതിനെ തുടർന്ന് കപ്പലിൽ കുറച്ച് പേരെ പരിചരിക്കുന്നുണ്ടെന്ന് പി ആൻഡ് ഒ പറഞ്ഞു. സതാംപ്ടണിൽ നിന്ന് യാത്ര ആരംഭിച്ച ക്രൂയിസ് സെപ്തംബർ 1 ന് തിരികെ എത്തും. പേമാരിയും മണിക്കൂറിൽ 120 കിലോമീറ്റർ (75 മൈൽ) വേഗത്തിലുള്ള കാറ്റും മല്ലോർക്ക ദ്വീപിൽ ആഞ്ഞടിക്കുകയാണ്. ഇത് കാരണം ഇരുപതിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂളിൽ കനത്ത മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിലേയ്ക്ക് തങ്ങളുടെ മെഴ്സിഡസ് കാർ ഓടിച്ചു കയറ്റിയ രണ്ടുപേർ മരണമടഞ്ഞു. ഒരു സ്ത്രീയും പുരുഷനും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ക്വീൻസ് ഡ്രൈവിലെ മോസ്ലി ഹില്ലിൽ രണ്ടുപേർ കാറിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഉടൻ തന്നെ മേഴ്‌സിസൈഡ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിരുന്നു. കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു.

ലിവർപൂളിലെ നോർത്ത് മോസ്‌ലി ഹിൽ റോഡിനും ഡോവെഡേൽ റോഡിനും ഇടയിലുള്ള ക്വീൻസ് ഡ്രൈവിലെ വെള്ളം നിറഞ്ഞ പ്രദേശത്തേക്കാണ് ഇരുവരും കാറോടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നാട്ടുകാർ ഇവരെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി മെഴ്‌സിസൈഡ് ഫയർ ആൻഡ് റെസ്‌ക്യൂ സേവനങ്ങളോടോപ്പം പോലീസും പൂർണ്ണമായും പങ്കെടുത്തു. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അറിയിച്ചു.

പാലത്തിനടിയിലൂടെയുള്ള ഈ റോഡിൽ ഇത്തരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് സ്ഥിരം ആണെന്ന് പ്രദേശവാസികൾ അറിയിച്ചു. ഇത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിക്കാറില്ലെന്നും അവർ പറഞ്ഞു. ഇതിനുമുൻപും ഇത്തരത്തിൽ നിരവധി കാറുകൾ കഴിഞ്ഞ മാസങ്ങളിൽ വെള്ളത്തിൽ കുടുങ്ങിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. ഇരുവരുടെയും മരണത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിട്ടക്ടീവ് ചീഫ് ഇൻസ്പെക്ടർ മൈക്ക് ഡാൾട്ടൻ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ നടൻ ജോജു ജോർജ്ജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പേഴ്‌സും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുകെ മലയാളികൾ നിർമാതാക്കളായ ‘ആന്റണി’ യെന്ന ജോഷി ചിത്രത്തിൽ അഭിനയിക്കാനായാണ് ജോജു ജോർജ്ജ് യൂകെയിലെത്തിയത് . ചിത്രത്തിൻെറ പ്രൊമോഷൻെറ ഭാഗമായി നടൻ റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടന്ന വള്ളംകളിയിലും പങ്കെടുത്തിരുന്നു.

ലണ്ടനിൽ പോക്കറ്റടിയും മോഷണ വാർത്തയും നിത്യ സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ ഒരു മലയാളി സെലിബ്രിറ്റി മോഷണത്തിന് ഇരയായി വാർത്ത വരുന്നത് ആദ്യമായാണ്. ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളിൽ പേഴ്‌സുകളും ഫോണുകളും ബാഗുകളും മോഷണം പോകുന്നവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളായി കൂടി വരുന്നതായിട്ടാണ് പോലീസിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത് .

യുകെയിൽ പാസ്പോർട്ട് നഷ്ടപ്പെടുകയാണെങ്കിൽ അടിയന്തരമായി പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇന്ത്യയിലേക്ക് തിരിച്ചു യാത്ര ചെയ്യുന്നതിന് എമർജൻസി പാസ്പോർട്ടിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇന്ത്യൻ എംബസിക്ക് സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വ്യത്യസ്‍തമായ ഓണം ആഘോഷിച്ച് മലയാളി നേഴ്‌സുമാർ. ലണ്ടൻ നഗരത്തിലെ തിരക്കേറിയ അണ്ടർ ഗ്രൗണ്ട് ട്യൂബ് ട്രെയ്നിൽ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി നേഴ്‌സുമാർ ആടിപ്പാടിയപ്പോൾ മറ്റു യാത്രക്കാർക്ക് ഇതൊരു കൗതുക കാഴ്ചയായി. സെറ്റുസാരിയണിഞ്ഞ് അമ്പതോളം മലയാളി നേഴ്സുമാരാണ് ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചത്. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിൻെറ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു വ്യത്യസ്‍തമായ ഈ ഓണാഘോഷം.

സെൻട്രൽ ലണ്ടനിലെ ‘തോമസ് ആൻഡ് ഗൈസ്’ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരും മറ്റു മലയാളി ഉദ്യോഗസ്ഥരുമാണ് ഇന്നലെ ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ആദ്യമായാണ് മലയാളികൾക്ക് മാത്രമായുള്ള ആഘോഷത്തിന് ആശുപത്രി അധികൃതർ അനുമതി നൽകുന്നത്. 43 പേരുടെ സംഘം ട്രെയിനിൽ ഓണാഘോഷത്തെ ഒരു ഘോഷയാത്രയാക്കി മാറ്റിയെന്നുതന്നെ പറയാം! യാത്രക്കാരിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വിഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായത്.

നേഴ്സുമാരും കെയറർമാരും വിദ്യാർത്ഥികളുമടക്കം ബ്രിട്ടനിലേക്കു കുടിയേറിയിട്ടുള്ള മലയാളികളും അവരുടെ കുടുംബാംഗങ്ങളും ഓണാഘോഷത്തിന്റെ തിരക്കിലാണ്. ശനി, ഞായർ ദിവസങ്ങൾക്കു പിന്നാലെ ഉത്രാടദിനമായ തിങ്കളാഴ്ച ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ കൂടി ആയത് ആഘോഷത്തിൻെറ ആക്കം കൂട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രാഡ്ലി സ്റ്റോക്കിൽ കുടുംബമായി താമസിക്കുന്ന വിനോദ് തോമസ് മരിച്ചു . കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന വിനോദ് തോമസിൻെറ മരണം കടുത്ത വേദനയോടെയാണ് യുകെയിലെ മലയാളി സമൂഹം ഏറ്റെടുത്തത് . കോട്ടയം വലിയ പീടികയിൽ കുടുംബാംഗമായ വിനോദ് തോമസിന് 59 വയസ്സായിരുന്നു പ്രായം .

ലീന തോമസാണ് ഭാര്യ, മക്കൾ : ഡോ. മേരി വിനോദ് , മായാ വിനോദ്.

യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന വിനോദ് തോമസ് സ്റ്റോക്കിലെ ബസ്ബ്രാഡ്ലി സ്റ്റോക്കിലെ ‘ബ്രിസ്ക’ സംഘടനയിലടക്കം വളരെ സജീവമായിരുന്നു.

വിനോദ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ഇതുവരെ മോഷ്ടിക്കപ്പെട്ടത് രണ്ടായിരത്തോളം വസ്തുക്കളെന്ന് വെളിപ്പെടുത്തൽ. എന്നാൽ ഇതിൽ ചിലത് വീണ്ടെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ചെയർമാൻ ജോർജ്ജ് ഓസ്ബോൺ പറഞ്ഞു. മ്യൂസിയത്തിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മ്യൂസിയം ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. അതേസമയം, 2021 ലെ അന്വേഷണം തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്ന് മ്യൂസിയത്തിന്റെ ഡയറക്ടർ ഹാർട്ട്വിഗ് ഫിഷർ ഉടൻ സ്ഥാനമൊഴിയുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുകെയിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ മ്യൂസിയം ഈ മാസം ആദ്യം മുതലാണ് വാർത്തകളിൽ നിറഞ്ഞത്.

മ്യൂസിയത്തിലെ എല്ലാ ഇനങ്ങളും “ശരിയായി കാറ്റലോഗ് ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടില്ല” എന്ന് ഓസ്ബോൺ പറഞ്ഞു. പോലീസുമായി മ്യൂസിയം അധികൃതർ സഹകരിക്കുന്നുണ്ടെന്നും എന്തൊക്കെ നഷ്ടമായെന്ന് കണ്ടെത്താൻ ഫോറൻസിക് ജോലികൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മ്യൂസിയത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിൽ മോഷണത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

ബി.സി പതിനഞ്ചാം നൂറ്റാണ്ട് മുതൽ എ.ഡി പത്തൊൻപതാം നൂറ്റാണ്ടിനിടയ്ക്ക് പഴക്കമുള്ള അപൂർവ്വ വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. 1753-ൽ സ്ഥാപിതമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഏകദേശം 80 ലക്ഷം വസ്തുക്കളുടെ ശേഖരം ഉണ്ട്. എന്നാൽ 2019 ലെ കണക്കനുസരിച്ച് ഏകദേശം 80,000 എണ്ണം മാത്രമേ പൊതു പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ജനങ്ങളെ വലച്ച് ഇതാ വീണ്ടും റെയിൽവേ ജീവനക്കാരുടെ പണിമുടക്ക്. 20,000 റെയിൽവേ ജീവനക്കാരാണ് പണിമുടക്കിൽ ഏർപ്പെട്ടത്. ഇതേ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ യാത്രക്കാരുടെ യാത്രകൾ തടസ്സപ്പെട്ടു. ജീവനക്കാർക്ക് പുതിയ ശമ്പളപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ആർഎംടി യൂണിയൻ മേധാവി മിക്ക് ലിഞ്ച് അറിയിച്ചു. എന്നാൽ റെയിൽവേ ജീവനക്കാർക്ക് ന്യായമായ ശമ്പള ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് പ്രതികരിച്ചത്. നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്‌സ് ഉത്സവങ്ങളെ പണിമുടക്ക് ബാധിക്കും.

ശനിയാഴ്ച നടക്കുന്ന പണിമുടക്കിൽ 14 ട്രെയിൻ ഓപ്പറേറ്റർമാരിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുക്കും. ഇതോടെ കഴിഞ്ഞ വേനൽ കാലത്തിന് ശേഷമുള്ള ജീവനക്കാരുടെ പണിമുടക്കിൻെറ എണ്ണം 24 ആവും. പണിമുടക്ക് സ്‌കോട്ട്‌ ലൻഡിലേക്കും വെയിൽസിലേക്കും ഉള്ള ചില യാത്രകളെ ബാധിക്കും. കൂടാതെ, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ട്രെയിൻ സമയം വൈകാൻ കാരണമാകും.

സാധാരണ ഉള്ള സർവീസുകളുടെ പകുതിയായി ചുരുങ്ങും. പല സ്റ്റേഷനുകളിലും സർവീസുകൾ വൈകി തുടങ്ങുകയും നേരത്തെ നിർത്തുകയും ചെയ്യും. സെപ്തംബർ 2-നാണ് തുടർനടപടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ അസ്ലെഫ് സെപ്റ്റംബർ 1-ന് വോക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റെഗുലേറ്റർ ഓഫ്‌ഗെമിന്റെ പുതിയ പ്രൈസ് ക്യാപിന് കീഴിൽ വാർഷിക എനർജി ബിൽ ഈ ഒക്ടോബറിൽ £1,923 ആയി കുറയും. ബില്ലുകൾ നിലവിലെ നിരക്കുകളേക്കാൾ £151 കുറവായിരിക്കും. എന്നാൽ ഇത് താത്കാലിക ആശ്വാസം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2021 ലെ ശൈത്യകാലത്ത്, ഒരു സാധാരണ കുടുംബത്തിന്റെ എനർജി ബിൽ £1,277 ആയിരുന്നു. റഷ്യൻ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത് കുതിച്ചുയരുകയായിരുന്നു. ഏറ്റവും ദുർബലരായ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്ന് ചാരിറ്റികൾ പറയുന്നു. അടുത്ത വർഷം തുടക്കത്തിൽ വില വീണ്ടും ഉയർന്നേക്കാമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ ലൻഡ് എന്നിവിടങ്ങളിലെ 29 മില്യൺ കുടുംബങ്ങൾ ഓഫ്ഗെമിന്റെ പ്രൈസ് ക്യാപിന് കീഴിൽ വരുന്നു. നിലവിലെ വാർഷിക ബിൽ £2,074 ആണ്. ഒക്ടോബർ 1 നും ഡിസംബർ 31 നും ഇടയിൽ ഇത് £1,923 ആയി കുറയുമെന്നാണ് വിലയിരുത്തൽ. ഇത്തവണ തണുപ്പ് കൂടുതലായാൽ മിക്കവരുടെയും വൈദ്യുത – ഗ്യാസ് ഉപയോഗവും കൂടുതലായിരിക്കുമെന്ന് ചാരിറ്റി നാഷണൽ എനർജി ആക്ഷനിൽ നിന്നുള്ള ആദം സ്‌കോറർ പറഞ്ഞു. ഒരു ശരാശരി കുടുംബം 2,900 കിലോവാട്ട് വൈദ്യുതിയും 12,000 കിലോവാട്ട് ഗ്യാസും ഉപയോഗിക്കുന്നു എന്ന കണക്കിലാണ് സാധാരണ ബിൽ കണക്കാക്കുന്നത്.

അടുത്ത പത്തുവർഷത്തേക്ക് ഗാർഹിക എനർജി ബില്ലുകൾ ഗണ്യമായി കുറയാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, ഉയർന്ന ബില്ലുകൾ സർക്കാരിന്റെ ഭരണതകർച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി വെരാ ഹോബ്ഹൗസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിൻെറ നിമിഷം. ‘ആന്റണി’ യെന്ന ജോഷി ചിത്രത്തിന്റെ നിർമ്മാതാക്കളായി യുകെ മലയാളികൾ. ഇതിന് പിന്നാലെ ഓഗസ്റ്റ് 26 ന് യുകെ റോഥര്‍ഹാമിൽ ‘ആന്റണി’ സിനിമയിൽ അഭിനയിക്കുന്ന മലയാളത്തിലെ പ്രിയ താരങ്ങളായ ജോജു ജോർജും, കല്യാണി പ്രിയദർശനും ചെമ്പൻ വിനോദും അടങ്ങുന്ന ‘ആന്റണി’ സംഘം എത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യുകെയിലെത്തുന്ന താരങ്ങൾ റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടക്കുന്ന വള്ളംകളിയിലും ഭാഗഭാക്കാവും.

യുകെ മലയാളിയും ഹോട്ടൽ ബിസിനസുകാരനുമായ ഐൻസ്റ്റീൻ സാക്ക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഐൻസ്റ്റീൻ സാക്ക് പോളിന്റെ ‘ഐൻസ്റ്റീൻ മീഡിയ’ എന്ന ബാനർ നിർമ്മിക്കുന്ന ആറാമത് ചിത്രമാണ് ‘ആന്റണി’. യുകെ മലയാളിയും ബിസിനസുകാരനുമായ ഷിജോ ജോസഫ് ആണ് ഐൻസ്റ്റീൻ മീഡിയയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കൂടാതെ ചിത്രത്തിന്റെ സഹ നിർമാതാക്കളായി യുകെ മലയാളികളായ കൃഷണരാജ് രാജൻ, ഗോകുൽ വർമ്മ എന്നിവരും ഒപ്പമുണ്ട്. യുകെയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രമോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. പുരുഷപ്രേതം എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് ഇറങ്ങിയ ഐൻസ്റ്റീൻ മീഡിയ റിലീസ് ആകാനിരിക്കുന്ന പുലിമട, പ്രഹരം, ഇത്തിരി നേരം, 1934 തുടങ്ങിയ ചിത്രങ്ങളും നിർമ്മിക്കുന്നുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും വീണ്ടും ഒന്നിക്കുന്ന ആന്റണിയിൽ തല്ലുമാല, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കല്യാണി പ്രിയദർശൻ കൂടി ചേർന്നതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

എൻഫീൽഡ്: ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നേഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ അനുഭപ്പെട്ട വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികൾ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂർച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു.

മേരി ജോണിനെ പരിചയപ്പെടുന്ന ആരിലും അവരുടെ സ്നേഹവും, സംസാരവും, വ്യക്തിത്വവും ഏറെ ആകർഷിക്കപ്പെടുന്നതായിരുന്നു. ആല്മീയ മേഖലയിലും, ജീവ കാരുണ്യ,സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്ന മേരി, നിർദ്ധന വിദ്യാർഥികൾക്ക് പഠന ചിലവും വഹിച്ചിരുന്നു. മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ ആണ് എൻഫീൽഡിൽ നിന്ന് അകാലത്തിൽ വിടവാങ്ങിയത്.

മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി ജോൺ. ജോണി പി ജോൺ (ന്യൂയോർക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.

എൻഫീൽഡ് കാവെൽ ഹോസ്പിറ്റൽ വാർഡിന്റെ സീനിയർ സിസ്റ്റർ പദവിയിൽ ജോലി നോക്കിവരികയായിരുന്നു പരേത.

അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും എൻഫീൽഡിൽ വെച്ച് സെപ്തംബർ 13 നു ബുധനാഴ്ച നടത്തും.

കൂടുതൽ വിവരങ്ങൾക്ക്
ജോസ് വർഗ്ഗീസ് – 07588 422544
അൽഫോൻസാ ജോസ്- 07804 833689

RECENT POSTS
Copyright © . All rights reserved