Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഷെഫീൽഡിൽ താമസിക്കുന്ന ജോസ് മോൻ ജില്ലിറ്റ് ദമ്പതികളുടെ മകൾ ഇസമരിയ (8 മാസം ) ഹൃദയസംബന്ധമായ അസുഖം മൂലം നിര്യാതയായി. നാട്ടിൽ കോട്ടയമാണ് പിതാവ് ജോസ് മോന്റെ സ്വദേശം .കൈറ്റാട്ട് പറമ്പിൽ കുടുംബാംഗമാണ് ജോസ് മോൻ . കോട്ടയം ലൂർദ് മാതാ ചർച്ച് ഇടവകാംഗമാണ്.

കുഞ്ഞു മാലാഖയായ ഇസമരിയയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബില്ലിങ്സ്റ്റിലില്‍ നടന്ന കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് അത്യാസന്ന നിലയിൽ. ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഡോര്‍ക്കിങ്ങിലെ മലയാളി കുടുംബത്തിലെ 23 വയസുള്ള യുവാവ് ആണ് ഗുരുതരമായ പരുക്കുകളോടെ ബ്രൈറ്റന്‍ റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച രാത്രിയിൽ സുഹൃത്തിനൊപ്പം ഫുട്ബോൾ പരിശീലനത്തിനായി പോയി മടങ്ങുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

ഡോര്‍ക്കിങില്‍ താമസിക്കുന്ന സാജു അഞ്ജു ദമ്പതികളുടെ മൂത്ത പുത്രന്‍ രാഹുലിനാണ് അപകടം സംഭവിച്ചത്. പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്ത് വന്നത്. രാത്രി 11 മണിയോടെ പോലീസ് വീട്ടിലെത്തി അപകട വിവരം പങ്കുവെച്ചു. അപകടത്തിൽ അതിമാരകമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ നിരവധി സർജറികൾ നടത്തിയും, മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.

ഓവർ ടേക്കിങ് നിരോധിച്ച ഇടത്താണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന റെനോൾട് കാറാണ് ഇടിച്ചു കയറിയത്. സ്ക്കോഡ കാറിൽ ആയിരുന്നു രാഹുലും സംഘവും യാത്ര ചെയ്തത്. ഡോര്‍ക്കിങില്‍ 20 വര്‍ഷമായി താമസിക്കുന്ന ദമ്പതികള്‍ നാട്ടില്‍ കോട്ടയം മണിമല അടുത്ത് നെടുമണ്ണി സ്വദേശികളാണ് കുടുംബം. റോഷനും, റിജിലും രാഹുലിന്റെ സഹോദരങ്ങളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 203-ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുകെയിലെ പ്രമുഖ നേഴ്സിങ് സംഘടനയായ ആർസിഎൻ ഒഴിച്ചുള്ള മിക്ക യൂണിയനുകളും ശമ്പള വർദ്ധനവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.

ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: കൗമാരക്കാരിയായ അമ്മ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പൂർത്തിയായി. അപ്രതീക്ഷിതമായി പ്രസവിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. തൊണ്ടയിൽ പഞ്ഞി തിരുകി പുറത്തേക്ക് ശബ്ദം വരാതെയാണ് കൃത്യം നടത്തിയത്. ഇപ്പോൾ 19 വയസ്സുള്ള പാരീസ് മയോയ്ക്ക് , സംഭവസമയത്ത് 15 വയസ്സായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു ബിൻ ബാഗിൽ ഉപേക്ഷിച്ചു . 2019 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം. തുടർന്ന് സഹോദരൻ മുഖേന മൃതദേഹം കളയാൻ ശ്രമം നടത്തിയ യുവതി ഒടുവിൽ പിടിയിലാകുകയായിരുന്നു. വെസ്റ്റ് മെർസിയ പോലീസിന്റെ നീണ്ട അന്വേഷണത്തിനൊടുവിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.

മയോ തന്റെ ഗർഭം വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനു ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആരുടേയും സഹായമില്ലാതെയാണ് പ്രസവിച്ചത്. കുഞ്ഞിനെ തൽക്ഷണം കൊലപ്പെടുത്തിയതതായും പ്രോസിക്യൂട്ടർ ജോനാസ് ഹാങ്കിൻ കെസി പറഞ്ഞു. മയോ അവളുടെ മാതാപിതാക്കൾക്കും സഹോദരൻ ജോർജിനുമൊപ്പം താമസിച്ചിരുന്ന കുടുംബ വീടിന്റെ സ്വീകരണമുറിയിലായിരുന്നു പ്രസവിച്ചത്. മുകളിലത്തെ നിലയിൽ രോഗിയായ പിതാവ് ഡയാലിസിസ് ചെയ്യുകയായിരുന്നു. ‘പ്രസവത്തിന് ശേഷം പ്രതി കുഞ്ഞിന്റെ തലയുടെ മുകളിൽ ഇടതും വലതും ഭാഗത്തേക്ക് മർദിക്കുകയും തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ‘ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ അവൾ അവന്റെ വായിലും കഴുത്തിലും പഞ്ഞി കഷ്ണങ്ങൾ തിരുകിക്കയറ്റി’- പ്രോസിക്യൂട്ടർ പറഞ്ഞു.

2019 മാർച്ചിൽ സ്റ്റാൻലി മയോയ്ക്ക് ജന്മം നൽകുമ്പോൾ മയോയ്ക്ക് വെറും 15 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് നാളുകളായി പോലീസ് അന്വേഷണം നടത്തിയിരുന്നു. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ നിന്നാണ് മയോയെ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയെ നടുക്കിയ കൊലപാതകത്തിൽ ഇതോടെ അന്തിമ വിധി വന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുദ്ധമുഖത്ത് റഷ്യൻസേനയെ പ്രതിരോധിക്കാൻ യുക്രൈന് ബ്രിട്ടൻ ദീർഘദൂര ക്രൂസ് മിസൈലുകൾ നൽകും. 250 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള സ്റ്റോം ഷാഡോ മിസൈലാണ് കൈമാറുന്നത്. യുദ്ധവിമാനങ്ങളിൽനിന്ന്‌ പ്രയോഗിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഇവ. യുക്രൈന് യു.എസ്. നൽകിയ ഹിമാർസ് മിസൈലിന് 80 കിലോമീറ്റർ സഞ്ചാരശേഷിയേ ഉള്ളൂ. മിസൈൽ നൽകുന്ന കാര്യം ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ബെൻ വാലസ് വ്യാഴാഴ്ച ജനപ്രതിനിധിസഭയിൽ അറിയിച്ചു. എത്ര മിസൈലുകളാണ് നൽകുക എന്നതുസംബന്ധിച്ച വിശദീകരണം അദ്ദേഹം നൽകിയില്ല.

ദീർഘദൂരമിസൈലുകളുൾപ്പെടെയുള്ള ആയുധസഹായം യുക്രൈന് നൽകുന്ന ആദ്യരാജ്യം ബ്രിട്ടനായിരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ മിസൈലുകളുപയോഗിച്ച് റഷ്യയെ അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും പക്ഷേ, സ്വയംപ്രതിരോധത്തിന്‌ ഉപയോഗിക്കുമെന്നും യുക്രൈൻ അറിയിച്ചതായി വാലസ് വ്യക്തമാക്കി. അധിനിവേശ റഷ്യൻ ശക്തിയെ സമയോചിതമായി പ്രതിരോധിക്കാൻ യുക്രൈനു കഴിയുക എന്നുള്ളതാണ് ഇതിലൂടെ ബ്രിട്ടൻ ലക്ഷ്യമിടുന്നത്.

ഫെബ്രുവരിയിൽ, യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉക്രെയ്നിലേക്ക് ദീർഘദൂര മിസൈലുകൾ അയയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആയുധം സമാഹരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി. റഷ്യൻ ബോംബുകളിൽ നിന്നും ഇറാനിയൻ ഡ്രോണുകളിൽ നിന്നും യുക്രൈനു രക്ഷ സാധ്യമാകണമെന്നും, അതിനായിട്ടാണ് ദീർഘദൂര ആയുധങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. ജീവിത ചിലവുകളും പണപ്പെരുപ്പവും വർദ്ധിക്കുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. പണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതിലും ഉയർന്ന നിലയിൽ ആയതിനാലാണ് അപ്രതീക്ഷിത നടപടി. ഇതോടെ കാൽ പോയിന്റ് വർധനവോടെ 4.5 ശതമാനമായി ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ദ്രുതഗതിയിലുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. മോണിട്ടറി പോളിസി കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെയും അനുവാദത്തോടെയാണ് മാറ്റം. തുടർച്ചയായി 12 മത്തെ വർദ്ധനവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ആഗോള സമ്പദ്‌വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്ന 2008 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഉള്ളത്. നാണയപ്പെരുപ്പം നേരത്തെ പ്രവചിച്ചതിലും കൂടുതൽ കാലം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. സമീപമാസങ്ങളിലായി നിലവിൽ ഏറ്റവും വലിയ നിരക്കിലാണ് പണപ്പെരുപ്പം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ചിൽ 10.1% ആയിരുന്നു. ജി 7 ഗ്രൂപ്പിലെ നിരക്കുകളിലെ ഏറ്റവും വലിയ വർദ്ധനവാണിത്.

തൊഴിൽ ക്ഷാമവും, ഭക്ഷ്യവസ്തുക്കളുടെ അമിത വില വർദ്ധനവും കാരണം ജനജീവിതം അനുദിനം ദുഃസഹമായിരിക്കുകയാണ്. അതിന് പുറമെയാണ് ജനജീവിതത്തിനുമേൽ കനത്ത പ്രഹരമായാണ് പലിശ നിരക്ക് വർദ്ധനവ്. അതേസമയം, ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിഷി സുനക് സർക്കാരിന് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ സോമർസെറ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ചില വീടുകൾ ഒഴിപ്പിക്കേണ്ടിവന്നു. കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുതെന്ന് ജനങ്ങളോട് അധികൃതർ അറിയിച്ചു. ഏതാനും മണിക്കൂറുകൾകൊണ്ട് പല സ്ഥലങ്ങളിലും രണ്ടാഴ്ച ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച മാത്രം സോമർസെറ്റിലെ യോവിൽട്ടണിൽ 35.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. മെയ് മാസം ലഭിക്കുന്ന ശരാശരി മഴയുടെ തോത് 62.5 മില്ലീമീറ്റർ ആയിരിക്കെയാണ് ഇത്. വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി സോമർസെറ്റ് കൗൺസിൽ മാർസ്റ്റൺ മാഗ്നയിൽ ഒരു വിശ്രമ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിലും മഴമൂലം സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഡെവോണിൽ ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെർട്ട്ഫോർഡ്ഷയർ, നോർത്താംപ്ടൺഷയർ, എസെക്‌സ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടായിരിക്കും തീവ്രമായ മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺമാസം മുതൽ വോഡാഫോൺ അതിൻറെ 3 G നെറ്റ്‌വർക്കിലൂടെയുള്ള സേവനം യുകെയിൽ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഘട്ടം ഘട്ടമായി നിർത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് 3 G നെറ്റ്‌വർക്കിലെ സേവനങ്ങൾ അവസാനിപ്പിക്കുന്ന ആദ്യത്തെ കമ്പനിയായിരിക്കും വോഡാഫോൺ. കൂടുതൽ വേഗതയേറിയ 4G, 5 G നെറ്റ് നെറ്റ്‌വർക്കുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.


എന്നാൽ ഈ നടപടി ഒട്ടേറെ ഉപഭോക്താക്കളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കൂടുതലായും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാതാകും . പഴയ ഫോണുകളിൽ 4G, 5 G നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രായമായ പലരും നിലവിലും 3G നെറ്റ്‌വർക്ക് മാത്രം ഉപയോഗിക്കാവുന്ന ഫോണുകൾ ആണ് ഉപയോഗിക്കുന്നത്.


എന്നാൽ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വോഡാഫോൺ പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്. കമ്പനിയുടെ നടപടി ഉപഭോക്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിജിറ്റൽ പോവർട്ടി അലയൻസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും 3 G നെറ്റ്‌വർക്ക് മാത്രം ലഭ്യമായ തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കുമെന്ന് വോഡഫോൺ പറഞ്ഞു. 3 G നെറ്റ്‌വർക്കിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞതാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് വോഡാഫോൺ ചീഫ് നെറ്റ്‌വർക്ക് ഓഫീസർ ആൻഡ്രിയ ഡോണ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികളെ സങ്കട കണ്ണീരിലാക്കി അകാലത്തിൽ വിടപറഞ്ഞ ഷൈജു സ്കറിയ ജെയിംസിന്റെ (37) പൊതുദർശനം സെന്റ്‌ പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വെറും മുപ്പത്തിയേഴാമത്തെ വയസ്സിൽ വിടപറഞ്ഞ ഷൈജുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നത്. കണ്ണീരോടെ മൃതദേഹത്തിനരികിൽ നിൽക്കുന്ന ഭാര്യ നിത്യയുടെയും മക്കളുടെയും ദൃശ്യങ്ങൾ ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു . പ്ലൈമൗത്ത് സെന്റ് പീറ്റേഴ്സ് ഇടവക വികാരിയും സീറോ മലബാർ സഭ വൈദികനുമായ ഫാ. ടെറിൻ മുളക്കരയാണ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചത്.

മെയ് 13-ാം തീയതി ശനിയാഴ്ച ഷൈജുവിന്റെ മൃതദേഹം രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. വൈകിട്ട് 3. 30 -ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം സെൻറ് ആൻറണീസ് പള്ളിയിൽ സംസ്കാരം നടക്കും.

രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. ഏപ്രിൽ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു പ്ലേ മൗത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടർന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്‌ലെറ്റിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ) മക്കൾ: ആരവ്, അന്ന. പുന്നവേരി മുളയമ്പവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ) ജോളിമ്മ (നടുവിലേപറമ്പിൽ ) എന്നിവരാണ് അന്തരിച്ച ഷൈജുവിൻെറ മാതാപിതാക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാധനങ്ങളുടെ വില തുടർച്ചയായി വർധിക്കുന്നുവെന്ന പരാതികൾക്ക് ഇടയിൽ വെണ്ണയുടെയും ബ്രെഡിന്റെയും വില കുറച്ച് പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പായ സെയിൻസ്ബറി രംഗത്ത്. ചൊവ്വാഴ്ച മുതൽ 250 ഗ്രാം പായ്ക്കറ്റുകളുടെ വെണ്ണയ്ക്ക് 1.99 പൗണ്ടിൽ നിന്ന് 1.89 പൗണ്ടായി വില കുറച്ചിട്ടുണ്ട്. ടെസ്‌കോയും ആൽഡിയും ലിഡലും ബുധനാഴ്ചയോടെ സെയിൻസ്ബറിയുടെ നടപടി പിന്തുടർന്നു. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്തവില കുറയുകയാണെങ്കിലും, യുകെയിലെ ഭക്ഷ്യവിലപ്പെരുപ്പം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ. ഇത് പൊതുവിലക്കയറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു. മൊത്തവ്യാപാര വിലയിൽ സൂപ്പർമാർക്കറ്റുകൾക്ക് സാധനം വില്പന ചെയ്യാത്തതിനെ തുടർന്ന് കനത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ മാസത്തോടെ പണപ്പെരുപ്പം 10 ശതമാനത്തിൽ താഴെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുതിച്ചുയരുന്ന ഭക്ഷ്യ വിലകൾ പണപ്പെരുപ്പം വർദ്ധിപ്പിച്ചു എന്നുള്ളതാണ് യാഥാർഥ്യം. ആഗോള തലത്തിൽ ഭക്ഷ്യവില കുതിച്ചുയരുകയാണ്. സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് പല സാധനങ്ങളുടെയും വില. ഭക്ഷ്യ വില വർദ്ധനവ് പണപ്പെരുപ്പത്തിൽ പ്രതിഫലിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമിത ലാഭത്തിനായി കുത്തനെ വില വർധിപ്പിക്കുന്ന വ്യാപാരികളും ഇക്കൂട്ടത്തിൽ ഉണ്ട്.

ഇതേ തുടർന്ന് നടത്തിയ വിശദമായ ചർച്ചയിലാണ് വെണ്ണയ്ക്കും ബ്രെഡിനും വില കുറയ്ക്കാൻ സെയിൻസ്ബറി തീരുമാനം എടുത്തത്. സ്വന്തം ബ്രാൻഡ് ബ്രെഡിന്റെ വില 85 പൈസയിൽ നിന്ന് 75 പൈസയായി കുറയ്ക്കുകയാണെന്ന് സെയിൻസ്ബറി പറഞ്ഞു. മൊത്തവില കുറയാൻ തുടങ്ങിയതിനാൽ ബ്രെഡ്, വെണ്ണ എന്നിവയുടെ വിലയിൽ കുറവ് വരുത്താൻ കഴിഞ്ഞതായി സൂപ്പർമാർക്കറ്റ് പറഞ്ഞു. ‘വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായിട്ടേ ഉപഭോക്താക്കൾക്കും സാധനം വിൽക്കാൻ കഴിയൂ. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് അതുകൊണ്ടാണ് വില കുറച്ച് വില്പന നടത്താൻ തീരുമാനിച്ചത് ‘- സൂപ്പർ മാർക്കറ്റ് പ്രതിനിധികൾ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved