Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത വിസാ ഫീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കടക്കെണിയിൽ ആയ തൻെറ ദുരനുഭവം പങ്കുവച്ച് പാകിസ്ഥാനിൽ നിന്നുള്ള കെയർ മേഖല ജീവനക്കാരൻ. കോൺവാളിൻ്റെ കെയർ സെക്ടറിൽ ജോലി ചെയ്യാനായി പാകിസ്ഥാൻ സ്വദേശിയായ ഹംസ മുഹമ്മദിനോട് ഒരു റിക്രൂട്ട്‌മെൻ്റ് ഏജൻ്റ് അനധികൃത ഫീസ് ഈടാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പിൽ വീഴുന്ന ലക്ഷങ്ങളിൽ ഒരാൾ മാത്രമാണ് ഹംസ. മൂന്ന് വർഷം വരെയുള്ള ആരോഗ്യ, പരിചരണ തൊഴിലാളി വിസയ്ക്ക് ഒരാൾ £284 നൽകണം.

യുകെ ആസ്ഥാനമായുള്ള ഏജൻസികൾ അവരുടെ സേവനങ്ങൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഫീസ് ഉദ്യോഗാർഥികളുടെ കൈയിൽ നിന്ന് നേരിട്ട് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഡൊമിസിലിയറി കെയർ പ്രൊവൈഡർ മിറാക്കിൾ കെയർ സെൻ്ററിൽ ജോലി ചെയ്തിരുന്ന അറുപതോളം വരുന്ന വിദേശ ജോലിക്കാരിൽ ഒരാളായിരുന്നു 27 കാരനായ മുഹമ്മദ്. 2022 ഒക്ടോബറിൽ യുകെയിൽ എത്തിയ ഹംസയെ മറ്റു ജോലിക്കാരോടൊപ്പം 2023 ഒക്ടോബറിൽ പിരിച്ച് വിടുകയിരുന്നു.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികളുടെ എണ്ണത്തിലും കുറവില്ല. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂരത തുടരുന്നു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് താലിബാൻ പരസ്യമായ വധശിക്ഷ നടപ്പിലാക്കിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ച മരണവാറൻ്റ് വായിച്ച് കേൾപ്പിച്ച ശേഷം ഇരുവരെയും ജനങ്ങൾക്ക് അഭിമുഖമായി നിർത്തി പിൻവശത്തു നിന്ന് യന്ത്ര തോക്കുകൾ കൊണ്ട് നിരവധി തവണ വെടി വയ്ക്കുകയായിരുന്നു .

കൊലപാതക കുറ്റത്തിനാണ് ഇവർ ശിക്ഷിക്കപ്പെട്ടതെന്നും ഇരുവർക്കുമെതിരെ രാജ്യത്തെ കോടതിയിൽ രണ്ടുവർഷം വിചാരണ നടന്നിരുന്നുവെന്നും അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി ഉദ്യോഗസ്ഥനായ അതിഖുള്ള ദാർവിഷ് പറഞ്ഞു . ഇയാളാണ് മരണവാറൻ്റ് പൊതുജനങ്ങളുടെ മുന്നിൽ വച്ച് വായിച്ചത്. പരസ്യ വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് പുരുഷന്മാരാണ് സ്റ്റേഡിയത്തിൽ എത്തി ചേർന്നിരുന്നത് . കൂടാതെ ശിക്ഷ വിധിക്കപ്പെട്ടിരുന്നവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു. ശിക്ഷയിൽ എന്തെങ്കിലും ഇളവ് വേണോ എന്ന ചോദ്യത്തിന് വേണ്ടെന്ന് ജനക്കൂട്ടം പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.

1996 മുതൽ 2001 വരെയുള്ള താലിബാൻ്റെ ആദ്യ ഭരണകാലത്ത് പരസ്യമായ വധശിക്ഷകൾ സാധാരണമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്മാറ്റത്തെ തുടർന്ന് 2021 – ലാണ് താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യാളാൻ തുടങ്ങിയത്. രണ്ടാമത് അധികാരത്തിൽ എത്തി ചേർന്നതിനുശേഷം നടപ്പിലാക്കുന്ന നാലാമത്തെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എനർജി റെഗുലേറ്റർ ഓഫ്‌ജെം തങ്ങളുടെ പുതിയ പ്രൈസ് കാപ്പുകൾ പ്രഖ്യാപിക്കുന്നതോടെ ഊർജ്ജ നിരക്കുകളിൽ ക്രമാതീതമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ഒരു വർഷം 293 പൗണ്ട് കുറയുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഓവോ, ഇ ഡബ്യു എഫ്, ഒക്ടോപ്പസ് തുടങ്ങിയ കമ്പനികളിലെ ഉപഭോക്താക്കൾക്ക് ഊർജ്ജ ബില്ലുകൾ ഒരു വർഷം 1928 പൗണ്ട് എന്നതിൽ നിന്നും 1635 പൗണ്ടായി ഏപ്രിൽ 1 മുതൽ കുറയുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.

കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റ് 14% ഇടിവാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങളെ ഓഫ്ജെമിന്റെ വില പരിധി ബാധിക്കുന്നുണ്ട്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാവുന്ന പരമാവധി തുകയാണ് ഓഫ്ജെം റെഗുലേറ്റർ ഇന്ന് പ്രഖ്യാപിക്കുക. അതിനാൽ തന്നെ ഒരാൾ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിനനുസരിച്ച് ബില്ലുകളിലും വർദ്ധനയുണ്ടാകും.


ബ്രിട്ടനിലെ ജനങ്ങൾക്ക് മേലുള്ള സമ്മർദ്ദത്തിന് ഊർജ്ജനിരക്കുകളിലെ കുറവ് കുറച്ചധികം ആശ്വാസം നൽകുമെന്ന് എനർജി സേവിങ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മൈക്ക് തോൺറ്റൺ വ്യക്തമാക്കി. ബ്രിട്ടനെ കൂടുതൽ ഊർജ്ജ സുസ്ഥിരതയുള്ള രാജ്യം ആക്കി മാറ്റുക എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാർട്ടികളും ഇത് തങ്ങളുടെ ഇലക്ഷൻ പ്രഖ്യാപനം ആക്കി മാറ്റുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ മാറ്റങ്ങൾ ഏപ്രിൽ മാസം മുതലാണ് നിലവിൽ വരിക. ഊർജ്ജ ബില്ലുകളിൽ ഊർജ്ജ ചെലവ് കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2019 ലാണ് സർക്കാർ ഈ റെഗുലേറ്ററി സംവിധാനം കൊണ്ടുവന്നത്. ഹോൾസെയിൽ ഊർജ്ജനിരക്കുകളെ ആശ്രയിച്ച് ആയിരിക്കും ഓഫ്ജെമിന്റെ പ്രഖ്യാപനവും. ഊർജ്ജം നിരക്കുകൾ കുറയുന്നത് ആശ്വാസകരമാണെങ്കിലും, 2019 ൽ ഇത് ആരംഭിച്ച സമയത്തെക്കാൾ 500 പൗണ്ട് കൂടുതലാണ് നിലവിലെ നിരക്കുകൾ എന്നത് ആശങ്കയുളവാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ്വിച്ചിൽ കുടുംബസമേതം താമസിച്ചിരുന്ന ബിനുമോൻ മഠത്തിൽചിറയിൽ മരണമടഞ്ഞു. 2021 ജൂലൈ മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒന്നര വർഷത്തിലേറെ കീമോതെറാപ്പി ചെയ്തിരുന്നെങ്കിലും രോഗത്തിന് ശമനം ഉണ്ടായില്ല.

2007 – ലാണ് ബിനുമോനും ഭാര്യ ജ്യോതിയും യുകെയിലെത്തിയത്. ഇവർക്ക് ഒരു മകനുണ്ട്. ഭാര്യ ജോതി യുകെയിൽ നേഴ്സിങ് പഠനം ആരംഭിച്ചിരുന്നെങ്കിലും ബിനുവിന്റെ അസുഖത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുമോന് യുകെയിൽ നല്ലൊരു സൗഹൃദ കൂട്ടായ്മ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബിനുമോന്റെ വേർപാട് കടുത്ത വേദനയോടെയാണ് യുകെ മലയാളികൾ ഏറ്റുവാങ്ങിയിരിക്കുന്നത്.

സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും തീരുമാനം. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 -ന് ഇപ്സ്വിച് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തും.

ബിനുമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റൊമാനിയൻ എൻഎച്ച്എസ് ഡോക്ടർ സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളിൽ മെഡിക്കൽ നടപടിക്രമങ്ങൾ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ പുറത്താക്കി. റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാൻ അവരുടെ മലാശയത്തിൽ മരുന്നുകൾ കയറ്റുകയായിരുന്നു. ഇവരിൽ പലരിലും നടപടി ക്രമങ്ങൾ നടത്തുന്നതിന് മുൻപായി അനുവാദം വാങ്ങിച്ചിരുന്നില്ല.

ചില രോഗികളുടെ മലാശയത്തിൽ എട്ടു തവണ വരെ മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് വർഷത്തിനിടെ ഇരുപത്തിയൊന്ന് രോഗികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തതായി ട്രൈബ്യുണൽ കണ്ടെത്തി. ഡോക്ടറുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെ തുടർന്ന് ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ ഒരു രോഗി ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തൻ്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകൾക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാൾ ഉപദ്രവിച്ചതായി സമ്മതിച്ചു. 2007-ൽ റൊമാനിയയിൽ ബിരുദം നേടിയ ഡോ. സ്റ്റാൻ, മസ്കുലോസ്കെലെറ്റൽ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്‌ത്ര ശാഖയായ ട്രോമ, ഓർത്തോപീഡിക്‌സ് മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയിൽ ജോലി ചെയ്‌തിരുന്നു. 2015 ലാണ് അദ്ദേഹം തൻ്റെ ഏറ്റവും ഒടുവിലെ എൻഎച്ച്എസ് പോസ്റ്റ് ആരംഭിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രെസ്റ്റൺ മലയാളി ഡോ.എ.ജെ.ജേക്കബ് (64) നിര്യാതനായി. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകാംഗമാണ് ഡോ.എ.ജെ.ജേക്കബ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഡോ.എ.ജെ.ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിസൈൽ പരീക്ഷണങ്ങളിൽ ബ്രിട്ടന് കനത്ത തിരിച്ചടി. മിസൈൽ പരീക്ഷണം തുടർച്ചയായ രണ്ടാം വട്ടവും പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുമ്പ് 2016 ലെ പരീക്ഷണവും പരാജയമടഞ്ഞിരുന്നു. ഏകദേശം 17 മില്യൺ പൗണ്ടാണ് ഒരു മിസൈൽ നിർമ്മാണത്തിന്റെ ചിലവ്.


2012 -ലാണ് ഈ ഇനത്തിൽപ്പെട്ട മിസൈലിൻ്റെ വിജയകരമായ പരീക്ഷണം യുകെ അവസാനമായി നടത്തിയത്. പ്രധാനമായും ആണവായുധങ്ങൾ വഹിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള മിസൈലാണ് ട്രൈസന്റ്’ അതുകൊണ്ട് തന്നെ പരീക്ഷണം പരാജയമായത് യുകെയുടെ പ്രതിരോധ സംവിധാനത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മിസൈലിന്റെ ബൂസ്റ്റർ റോക്കറ്റുകൾ തകരാറിലാവുകയും വിക്ഷേപണ സ്ഥലത്തിന് സമീപമുള്ള കടലിൽ പതിക്കുകയും ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രൈസന്റ് മിസൈൽ പരീക്ഷണത്തിലെ പരാജയം യു കെയ്ക്ക് ഒപ്പം യുഎസിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രൈസന്റ് അന്തർവാഹിനികളിലും മിസൈലുകളിലും തനിക്ക് തികച്ചും ആത്മവിശ്വാസമുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സ് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ചുള്ള പട്ടിക പുറത്തു വന്നപ്പോൾ യുകെ 6-ാം സ്ഥാനത്തു നിന്നും 3 -ാം സ്ഥാനത്തേയ്ക്ക് എത്തി നില മെച്ചപ്പെടുത്തി. എന്നാൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുറകിലേയ്ക്ക് പോയി.


കഴിഞ്ഞവർഷം 84-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയുടെ സ്ഥാനം 85 -ലേക്ക് താഴ്ന്നു. എത്ര വിദേശ രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ സഞ്ചരിക്കാം എന്നതിൻറെ അടിസ്ഥാനത്തിലാണ് ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഫ്രാൻസ് ആണ് ഒന്നാമതുള്ളത്. ഫ്രാൻസിന് പുറമെ ഇപ്പോൾ സിംഗപ്പൂർ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയും ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.


അമേരിക്കയും കാനഡയും ആണ് 6-ാം സ്ഥാനം പങ്കിടുന്നത് . ബ്രിട്ടീഷ് പൗരന്മാർക്ക് കഴിഞ്ഞവർഷം 187 രാജ്യങ്ങളിലേയ്ക്ക് ആയിരുന്നു വിസയില്ലാതെ യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഈ വർഷം 192 രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ യ്ക്ക് പുറമെ ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവരും മൂന്നാം സ്ഥാനം പങ്കിടുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒട്ടേറെ യു കെ മലയാളികളാണ് ബെർമിംഗ്ഹാമിൽ താമസിക്കുന്നത്. ക്രൗൺ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എൻഎച്ച്എസ് ഹോസ്പിറ്റലുകൾ ഉള്ളത് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു എന്നത് തന്നെയാണ് മലയാളികൾ യുകെയിലെ ബെർമിംഗ്ഹാമിൽ എത്താനുള്ള പ്രധാന കാരണം. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരം തുറന്നു കൊടുക്കുന്ന അവസരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രധാനമായും ഈ നഗരത്തിലേക്ക് ആകർഷിച്ചിരുന്നത്.

എന്നാൽ ഇന്ന് ബർമിംഗ്ഹാം നഗരം വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത് കടബാധ്യതയുടെ പേരിലാണ് . വികസന പ്രവർത്തനങ്ങൾക്ക് പണം ഇല്ലാതായിരിക്കുന്നു. പണം കണ്ടെത്താൻ ബാർമിംഗ്ഹാം സിറ്റി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. 21 ശതമാനമാണ് കൗൺസിൽ ടാക്സിൽ വരുത്തിയിരിക്കുന്ന വർദ്ധനവ്. മലയാളികൾ ഉൾപ്പെടെ നഗരപരിധിയിൽ താമസിക്കുന്ന ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ടാക്സ് ഉയർത്തിയതോടെ വന്നിരിക്കുന്നത്. ഉദാഹരണത്തിന് 300 പൗണ്ട് കൗൺസിൽ ടാക്സ് നൽകിയവർ ഇനിമുതൽ 363 പൗണ്ട് നൽകേണ്ടിവരും.

കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.

നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലിൻറെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്. ബെർമിംഗ്ഹാം നഗരത്തെ ജനപ്രിയമാക്കിയിരുന്ന പല കാര്യങ്ങളും ഇല്ലാതായതോടെ ഇവിടേയ്ക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവരുടെ ഒഴുക്ക് കുറയാനാണ് സാധ്യത.

ബെർമിംഗ്ഹാമിൽ തുടങ്ങിവച്ച പല ബിസിനസ് സംരംഭങ്ങളും വീണ്ടും നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്താനുള്ള സാധ്യതയും മുന്നിലുണ്ട്. പ്രോപ്പർട്ടി മാർക്കറ്റിലുൾപ്പെടെ നിക്ഷേപം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത നിരാശയിലാണ്.

ഏറെ നാളുകളായി ബെർമിംഗ്ഹാം കൗൺസിൽ ഭരിക്കുന്ന ലേബർ പാർട്ടിയെയാണ് ഈ ദുരവസ്ഥയ്ക്ക് മിക്കവരും കുറ്റപ്പെടുത്തുന്നത്. ഭരണകർത്താക്കളുടെ പിടിപ്പുകേടിന് ജനങ്ങൾ ബലിയാടാകേണ്ടതായി വരുന്ന അവസ്ഥയെന്നാണ് ഒട്ടുമിക്ക മലയാളികളും കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത്. സിറ്റി കൗൺസിലിന്റെ മോശം പ്രകടനം വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ഭയം ലേബർ പാർട്ടി നേതൃത്വത്തിനുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം 26 കാരിയായ അമ്മ മരണമടഞ്ഞത് കനത്ത വേദനയാണ് കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചത്. 26-ാം പിറന്നാളിൻ്റെ അന്ന് രാത്രിയാണ് എമിലി ലോക്ക്‌ലിയെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. എന്നാൽ പ്രസവത്തിനു ശേഷം നാലു മണിക്കൂറിനകം എമിലി മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത് .


ഒരു സങ്കീർണ്ണതകളുമില്ലാത്ത പ്രസവമായിരുന്നു എമിലിയുടേത് . അതു മാത്രമല്ല കുഞ്ഞിനെ ഉദരത്തിൽ വഹിച്ചിരുന്നപ്പോഴും യാതൊരു ആരോഗ്യ പ്രശ്നങ്ങളും അവൾ നേരിട്ടിരുന്നില്ല. ഫെബ്രുവരി 6- ന് തികച്ചും ആരോഗ്യവാനായ കുഞ്ഞിനാണ് അവൾ ജന്മം നൽകിയത്. 27 വയസ്സുകാരനായ തൻറെ പങ്കാളി ടൈലർ കോളിൻസണിനെ കുഞ്ഞിനെ ഏൽപ്പിച്ച് അവൾ ജീവൻ വെടിഞ്ഞു. തൻറെ അമ്മ ട്രേസി വൂട്ടണും രണ്ടാനച്ഛൻ മാർക്ക് വൂട്ടണും ഒപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിലായിരുന്നു എമിലിയും കുടുംബവും താമസിച്ചിരുന്നത്.

എമിലി ലോക്ക്‌ലിയുടെ പ്രസവാനന്തര മരണം ഹൃദയത്തിൻറെ തകരാർ മൂലമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൾമണറി അനൂറിസം എന്ന രോഗാവസ്ഥയാണ് എമിലിയുടെ ജീവനെടുത്തത്. അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കുഞ്ഞിനെ പ്രസവിച്ച് 4 മണിക്കൂറിനകം അവൾ മരണമടഞ്ഞു. അസ്വാഭാവികമായി രക്തക്കുഴലുകൾ വികസിക്കുകയോ വീർക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് പൾമണറി അനൂറിസം എന്ന് അറിയപ്പെടുന്നത്.

എമിലി ലോക്ക്‌ലിയുടെ അകാലത്തിലുള്ള പ്രത്യേകിച്ച് ഒരു കുട്ടിക്ക് ജന്മം നൽകി 4 മണിക്കൂറിനിടെയുള്ള മരണം അവളുടെ ബന്ധുക്കളെ മാത്രമല്ല ആയിരക്കണക്കിന് വരുന്ന സമൂഹമാധ്യമ സുഹൃത്തുക്കൾക്കും തീരാ വേദനയാണ് സമ്മാനിച്ചത്. അമ്മയാകാൻ പോകുന്നതിൻ്റെയും കുഞ്ഞിനെ വളർത്തുന്നതിന്റെയും ഒട്ടേറെ സുന്ദരസ്വപ്നങ്ങൾ അവൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved