Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം 26 കാരിയായ അമ്മ മരണമടഞ്ഞത് കനത്ത വേദനയാണ് കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചത്. 26-ാം പിറന്നാളിൻ്റെ അന്ന് രാത്രിയാണ് എമിലി ലോക്ക്‌ലിയെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. എന്നാൽ പ്രസവത്തിനു ശേഷം നാലു മണിക്കൂറിനകം എമിലി മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത് .


ഒരു സങ്കീർണ്ണതകളുമില്ലാത്ത പ്രസവമായിരുന്നു എമിലിയുടേത് . അതു മാത്രമല്ല കുഞ്ഞിനെ ഉദരത്തിൽ വഹിച്ചിരുന്നപ്പോഴും യാതൊരു ആരോഗ്യ പ്രശ്നങ്ങളും അവൾ നേരിട്ടിരുന്നില്ല. ഫെബ്രുവരി 6- ന് തികച്ചും ആരോഗ്യവാനായ കുഞ്ഞിനാണ് അവൾ ജന്മം നൽകിയത്. 27 വയസ്സുകാരനായ തൻറെ പങ്കാളി ടൈലർ കോളിൻസണിനെ കുഞ്ഞിനെ ഏൽപ്പിച്ച് അവൾ ജീവൻ വെടിഞ്ഞു. തൻറെ അമ്മ ട്രേസി വൂട്ടണും രണ്ടാനച്ഛൻ മാർക്ക് വൂട്ടണും ഒപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിലായിരുന്നു എമിലിയും കുടുംബവും താമസിച്ചിരുന്നത്.

എമിലി ലോക്ക്‌ലിയുടെ പ്രസവാനന്തര മരണം ഹൃദയത്തിൻറെ തകരാർ മൂലമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൾമണറി അനൂറിസം എന്ന രോഗാവസ്ഥയാണ് എമിലിയുടെ ജീവനെടുത്തത്. അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കുഞ്ഞിനെ പ്രസവിച്ച് 4 മണിക്കൂറിനകം അവൾ മരണമടഞ്ഞു. അസ്വാഭാവികമായി രക്തക്കുഴലുകൾ വികസിക്കുകയോ വീർക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് പൾമണറി അനൂറിസം എന്ന് അറിയപ്പെടുന്നത്.

എമിലി ലോക്ക്‌ലിയുടെ അകാലത്തിലുള്ള പ്രത്യേകിച്ച് ഒരു കുട്ടിക്ക് ജന്മം നൽകി 4 മണിക്കൂറിനിടെയുള്ള മരണം അവളുടെ ബന്ധുക്കളെ മാത്രമല്ല ആയിരക്കണക്കിന് വരുന്ന സമൂഹമാധ്യമ സുഹൃത്തുക്കൾക്കും തീരാ വേദനയാണ് സമ്മാനിച്ചത്. അമ്മയാകാൻ പോകുന്നതിൻ്റെയും കുഞ്ഞിനെ വളർത്തുന്നതിന്റെയും ഒട്ടേറെ സുന്ദരസ്വപ്നങ്ങൾ അവൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ പ്രമുഖ നാല് മോട്ടോർവേകളിൽ സ്പീഡ് ലിമിറ്റുകൾ പുതുക്കിയ വാർത്ത പലരും ഇതുവരെ അറിഞ്ഞിട്ടില്ല. മണിക്കൂറിൽ 60 മൈൽ എന്ന രീതിയിലേക്കാണ് ഇപ്പോൾ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകൾ സുരക്ഷിതമാക്കുവാനും, അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങൾ. ഇതോടൊപ്പം തന്നെ ഷെഫീൽഡിനും റോതർഹാമിനും സമീപം ജംഗ്ഷൻ 33 നും 34 നും ഇടയിൽ M1 ൻ്റെ വടക്കുഭാഗത്തായി ഒരു ക്യാമറ പുതിയതായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതിൽ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് ഫൈനായി സർക്കാരിന് ലഭിച്ചത്.

സൗത്ത് യോർക്ക്ഷെയർ പോലീസിന്റെ കണക്കുകൾ പ്രകാരം, M1 ന്റെ 2.6 മൈൽ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 22,000-ത്തിലധികം ഡ്രൈവർമാർക്കാണ് പിഴലഭിച്ചതെന്ന് വ്യക്തമാക്കുന്നു. M1 ൽ മാത്രമല്ല, മറിച്ച് M5, M6, M602 എന്നിവിടങ്ങളിൽ എല്ലാം തന്നെ 60 മൈലായി കുറച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വേഗത കുറച്ചുള്ള ഡ്രൈവിംഗ് കൂടുതൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.


തങ്ങൾ ശേഖരിച്ച വൻതോതിലുള്ള ഡേറ്റയുടെ വിശകലനം നടന്നുവരികയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻതന്നെ പുറത്തിറക്കുമെന്നും നാഷണൽ ഹൈവേസ് ഡയറക്ടർ ഓഫ് എൻവയോൺമെൻ്റൽ സസ്റ്റൈനബിലിറ്റി സ്റ്റീഫൻ എൽഡർകിൻ പറഞ്ഞു. ഇത്തരം ഫൈനുകളിൽ നിന്ന് ലഭിക്കുന്ന തുക സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്. റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്ക് ഇടയാകുമെന്നും, അതിനാൽ ഇത്തരം ഫൈനുകൾ അത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കും എന്നും ഗവൺമെന്റ് വക്താവ് വ്യക്തമാക്കി. ഏകദേശം 900 മില്യൻ പൗണ്ടോളം റോഡുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റാളിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ 42 വയസ്സുകാരിയായ അമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന വാർത്തകൾ പുറത്തുവന്നു . ഞായറാഴ്ച പുലർച്ചെ 12:40 -നാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ തുടർന്ന് ഒരു സ്ത്രീ അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരിച്ച കുട്ടികളും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴാണ് അറസ്റ്റിലായ സ്ത്രീ കുട്ടികളുടെ അമ്മ തന്നെയാണെന്ന വാർത്ത പോലീസ് പുറത്തു വിട്ടത്.

അറസ്റ്റിലായ കുട്ടികളുടെ അമ്മ സുഡാൻ വംശജയാണെന്നാണ് കരുതപ്പെടുന്നത്. 2 ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആൺകുട്ടികളിൽ ഒരാൾക്ക് 8 വയസ്സും മറ്റേയാൾക്ക് വെറും ആറുമാസവുമാണ് പ്രായം. 4 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടവരിൽ മൂന്നാമത്തെയാൾ. കുടുംബ വഴക്കിനെ തുടർന്നാണ് ഇവർ ക്രൂരകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ . കുട്ടികളുടെ പിതാവ് സെക്യൂരിറ്റി ഗാർഡ് ആയി ആണ് ജോലി ചെയ്യുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

ഞായറാഴ്ച പുലർച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങൾ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോൺ, സോമർസെറ്റ് പോലീസാണ് കൊലപാതകത്തിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കൊലപാതകത്തെ കുറിച്ച് ചീഫ് ഇൻസ്പെക്ടർ വിക്സ് ഹേവാർഡ് മെലർ പറഞ്ഞു . മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്ടീവുകളാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ സംഭവം നടന്ന സ്ഥലത്ത് കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഇവിടുത്തെ താമസക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുമായി അടുത്ത പ്രവർത്തിച്ചിരുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ ശ്രമിക്കുമെന്ന് ബ്രിസ്റ്റാളിലെ മേയറായ മാർവിൻ റീസ് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയെ നടുക്കിയ ആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയിൽ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുൽ ഷോക്കൂർ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തൻറെ മുൻ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെൽസി പാലത്തിന് മുകളിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ചത്.

ഇയാൾ തേംസ് നദിയിൽ ചാടി ജീവനൊടുക്കിയേക്കാമെന്ന് പോലീസ് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിലും മൃതദേഹം വീണ്ടെടുക്കാനാവാത്തത് കടുത്ത ദുരൂഹത ഉളവാക്കിയിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹത്തിലെ വസ്ത്രങ്ങൾ എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗികമായി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡി എൻ എ പരിശോധന അടക്കമുള്ള കൂടുതൽ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.

ക്ലാഫാമിൽ ആക്രമിക്കപ്പെട്ട സ്ത്രീ ആശുപത്രിയിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. പ്രതി അബ്ദുൾ ഷോക്കൂർ എസെദിയ്ക്ക് ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു . ഈ ബന്ധത്തിൻറെ തകർച്ചയാകാം ഗുരുതരമായ ആക്രമണത്തിന് കാരണം. എത്ര നാളായി എസെദിയും ഇരയുമായി ബന്ധം നിലനിന്നിരുന്നുവെന്നോ എങ്ങനെയാണ് അത് തകർന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . 2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്നാണ് എസെദി ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായിട്ട് ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത് വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറുന്ന കുറ്റകൃത്യത്തിനും ഭീകര പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെട്ടിരിക്കുന്നവരുമായ ഒട്ടേറെ പേർ ഈ രീതിയിൽ യുകെയിൽ സ്ഥിരതാമസത്തിനായി മാത്രം ക്രിസ്തുമതം സ്വീകരിച്ചിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ലണ്ടനിലെ ആസിഡ് ആക്രമണ കേസിലെ പ്രതിയുടെ വാർത്ത വിരൽ ചൂണ്ടുന്നത്.

ഷിബു മാത്യൂ,  ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രണയിക്കുന്നവരുടെ ദിനമായ ഫെബ്രുവരി പതിനാലിനോടനുബന്ധിച്ച് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിൽ അടുത്ത കാലത്ത് രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിച്ച പങ്കാളിയോടൊപ്പമുള്ള തീവ്ര പ്രണയത്തെ ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ അസ്സോസിയേഷൻ അംഗം കൂടിയായ ചെട്ടിക്കുളങ്ങരക്കാരൻ ഗിരീഷ് ദേവരാജനും പ്രിയപത്നി ആതിര മോഹനനും ഒന്നാമതെത്തി.


നാട്ടിലെ വീട്ടിൽ എതിർപ്പുകൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ആറ് വർഷം കഠിനമായി പ്രണയിച്ച് ലക്‌ഷ്യം കണ്ട ഗിരീഷിൻ്റെ യുകെയിലെ പ്രണയമാണ് മത്സരത്തിൽ ഒന്നാമതെത്തിച്ചത്. പ്രണയത്തിന് അതിരുകളില്ലെന്ന് ആതിര പറയുന്നു. ഗിരീഷിനെ പറ്റിപ്പിടിച്ചു നിൽക്കുന്ന പ്രണയ ചിത്രം അതിന് വ്യക്തമായ ഉദാഹരണമാണ്.


വെലെൻ്റൻസ് ഡേയുമായി ‘പ്രതീക്ഷ’ സംഘടിപ്പിച്ച പ്രണയാത്ഭുത മത്സരത്തിന്
സോഷ്യൽ മീഡിയ ആയിരുന്നു പ്രധാന പ്ലാറ്റ്ഫോം. അസ്സോസിയേഷനിൽ അംഗത്വമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. തീവ്രപ്രണയത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ ലൈക്ക് വാങ്ങുക. കൂടുതൽ ലൈക്ക് വാങ്ങുന്നയാൾ മത്സരത്തിൽ വിജയിയാകും. വളരെ ലളിതമായി തുടങ്ങിയ മത്സരത്തിൽ പതിനാറ് ചിത്രങ്ങളാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ എത്തിയത്. മത്സരങ്ങൾ പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ലൈക്കും ഷെയറുകളുമായി പ്രതീക്ഷയുടെ പ്രണയ ചിത്രങ്ങൾ ഭൂലോകമെങ്ങും കറങ്ങി. 1. 2 മില്യൻ ആൾക്കാർ പ്രതീക്ഷയുടെ ഫേസ്ബുക്ക് പേജിൽ കാഴ്ച്ചക്കാരായി. ഒടുവിൽ 1.6K ലൈക്കുമായി ഗിരീഷ് ദേവരാജൻ ആതിര മോഹനൻ പ്രണയ ജോഡികൾ മത്സരത്തിൽ ഒന്നാമതെത്തി. പ്രതീക്ഷയുടെ അടുത്തു വരുന്ന ഈസ്റ്റർ വിഷു ആഘോഷ വേളയിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ മത്സരവിജയിയ്ക്ക് സമ്മാനങ്ങൾ നൽകപ്പെടും.

പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിൽ ഒരു വലിയ ടീം തന്നെയാണ് മുന്നൂറിൽപ്പരം അംഗബലമുള്ള പ്രതീക്ഷയെ 2024 ൽ നയിക്കുന്നത്. കലാ,കായിക, സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് യൂറോപ്പിലെ അസ്സോസിയേഷനുകളിൽ നിന്നും പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതീക്ഷയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി

കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. വാറിംഗ്ടണിലെ ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും മകളായ മെറീന ബാബുവാണ് അകാലത്തിൽ നിര്യാതയായത്. 20 വയസ്സ് മാത്രം പ്രായമുള്ള മെറീന മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.

വാറിംഗ്ടണിൽ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകൾ മെറീന ബാബുവാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വിട പറഞ്ഞത്. ബ്ലഡ് ക്യാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട്.

വാറിംഗ്ടണിലെ സെൻ്റ് ഹെലൻ ഹോളി ക്രോസ് ചർച്ച് ഇടവാകാംഗമാണ് മെറീന ബാബുവിൻ്റെ കുടുംബം. പരേതയ്ക്ക് വേണ്ടി ഇന്ന് വൈകിട്ട് 5 .30ന് പ്രത്യേകം കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

മെറീന ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി വിസ്റ്റോണിൽ താമസിക്കുന്ന ജോമോൾ ജോസ് (55) മരണമടഞ്ഞു. വിസ്റ്റോൺ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്നു  ജോമോൾ ജോസ് കുറച്ചു ദിവസങ്ങളായി ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു.

ജോസ് എബ്രഹാമാണ് ഭർത്താവ്. കുറുമുളൂർ പുത്തറയിൽ പരേതനായ മാത്യുവിൻറെ മകളാണ്. മൂന്നു മക്കളാണ് ഇവർക്കുള്ളത്.

ജോമോൾ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സുരക്ഷാ പരിശോധനകൾ ഏതുമില്ലാതെയാണ് ഹൈ -റിസ്ക് ഫ്ലൈറ്റുകൾ ലാൻഡ് ചെയ്യുന്നതെന്ന മെയിൽ പത്രത്തിന്റെ വെളിപ്പെടുത്തൽ ബ്രിട്ടനിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെ പാസ്പോർട്ട് നിയന്ത്രണങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ അനുവദിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് ലണ്ടൻ എയർപോർട്ടിൽ നടക്കുന്നതെന്ന് ബോർഡേഴ്സ് വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇൻഡിപെൻഡൻ്റ് ചീഫ് ഇൻസ്‌പെക്ടർ ഓഫ് ബോർഡേഴ്‌സ് ആൻഡ് ഇമിഗ്രേഷൻ ഡേവിഡ് നീലിന് നൽകിയ ഹോം ഓഫീസ് ഡേറ്റ പ്രകാരം കഴിഞ്ഞ വർഷം ഒരു വിമാനത്താവളത്തിൽ മാത്രം എത്തിയ നൂറുകണക്കിന് സ്വകാര്യ ജെറ്റുകളിലെ യാത്രക്കാരെ പരിശോധിക്കുന്നതിൽ യുകെ ബോർഡർ ഫോഴ്‌സ് പരാജയപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാർ, ഗുണ്ടാ സംഘങ്ങൾ, മനുഷ്യ കടത്ത് ഇരകൾ മുതൽ എക്സ്ട്രിമിസ്റ്റ് ചിന്താഗതിയുള്ളവർ വരെ പ്രാഥമിക പരിശോധന പോലും ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിച്ചിരിക്കാം എന്ന സൂചനകളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ഇത് ഒരു വിമാനത്താവളത്തിൽ മാത്രം നടന്ന സംഭവമായിരിക്കില്ല, മറിച്ച് പ്രൈവറ്റ് ജെറ്റുകൾ ലാൻഡ് ചെയ്യുന്ന മറ്റെല്ലാ വിമാനത്താവളങ്ങളിലും ഇത് സുരക്ഷാ വീഴ്ച തന്നെ നടന്നിരിക്കാമെന്ന് ഡേവിഡ് നീൽ വ്യക്തമാക്കി.


ജനറൽ ഏവിയേഷൻ ഫ്ലൈറ്റുകളിൽ, ഹൈ -റിസ്ക് കാറ്റഗറിയിൽ കണക്കാക്കുന്നവയിൽ 100 ശതമാനവും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞവർഷം ലണ്ടൻ സിറ്റി എയർപോർട്ടിൽ മാത്രം, ഇത്തരത്തിലുള്ള ഹൈ -റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഫ്ലൈറ്റുകളിൽ 21 ശതമാനം മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ലാൻഡ് ചെയ്ത 1305 ജനറൽ ഏവിയേഷൻ ഫ്ലൈറ്റുകളിൽ, 687 എണ്ണം ഹൈ -റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ 144 എണ്ണം മാത്രമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 543 എണ്ണത്തിൽ പാസ്പോർട്ട് പരിശോധനകൾ പോലും വേണ്ട രീതിയിൽ നടന്നില്ല എന്നത് കടുത്ത സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അതിർത്തി സുരക്ഷയെ അപകടകരമാക്കുന്ന തരത്തിലുള്ള ഒരു വീഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് നീൽ കുറ്റപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജനറൽ എവിയേഷൻ ഫ്ലൈറ്റുകളുടെ ഒരു സ്വതന്ത്ര പരിശോധന ഉടൻതന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉക്രൈനിൽ നിന്നുള്ള പുതിയതായി വരുന്ന അഭയാർത്ഥികൾക്ക് ഇനി വിസ നൽകേണ്ടതില്ലെന്ന് യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് അഭയാർത്ഥികളായി എത്തിയവർക്ക് യുകെയിലെ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കാനുള്ള മൂന്നുവർഷത്തെ വിസയാണ് യുകെ നടപ്പിലാക്കിയിരുന്നത്. അടുത്ത ആഴ്ച റഷ്യയുടെ ഉക്രൈൻ അധിനിവേശം രണ്ടുവർഷം പൂർത്തിയാകാൻ പോകുന്ന സമയത്താണ് യുകെ തന്ത്രപരമായ തീരുമാനം എടുത്തിരിക്കുന്നത്.

മുന്നറിയിപ്പില്ലാതെ പദ്ധതി അവസാനിപ്പിക്കുന്നത് കടുത്ത ക്രൂരതയാണെന്ന വിമർശനം ശക്തമാണ്. ഉക്രൈൻ അഭയാർത്ഥികളായി എത്തുന്നവർക്ക് ആതിഥേയത്വം വഹിക്കാൻ നേരത്തെയുള്ള വിസ നിയമങ്ങൾ യുകെകാരെ അനുവദിച്ചിരുന്നു. ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകുന്ന പദ്ധതിയുടെ കീഴിൽ ഏകദേശം 200,000 – ത്തിലധികം ആളുകൾ യുകെയിൽ എത്തിയതായാണ് ഏകദേശ കണക്കുകൾ. നേരത്തെ എത്തിയ ഉക്രൈൻ അഭയാർത്ഥികൾക്ക് 18 മാസം കൂടി കാലാവധി നീട്ടി നൽകാനുള്ള അപേക്ഷ നൽകാമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുകെ സർക്കാർ അറിയിച്ചത്.

ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച റഷ്യ ഉക്രൈൻ സംഘർഷം തുടങ്ങിയതിന്റെ രണ്ടാം വാർഷികമാണ്. ഇനി എത്രനാൾ സംഘർഷം നീണ്ടുനിൽക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. സംഘർഷം അനിശ്ചിതകാലം നീണ്ടു നിൽക്കുന്ന സാഹചര്യത്തിൽ യുകെയിൽ എത്തിയ ഉക്രൈൻ അഭയാർത്ഥികളുടെ ഭാവി എന്തായിത്തീരും എന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ് . കടുത്ത ദുരിതം അനുഭവിക്കുന്ന ഈ സമയത്ത് സർക്കാർ എടുത്ത തീരുമാനം ഉക്രൈൻ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ലേബർ ഷാഡോ ഇമിഗ്രേഷൻ മന്ത്രി സ്റ്റീഫൻ കിന്നോക് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ പോലും ചികിത്സയ്ക്കായി ഒട്ടേറെ നാളുകൾ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് എൻഎച്ച്എസിൽ ഉള്ളത്. കോവിഡ് രോഗികളുടെ അധിക സമ്മർദ്ദവും സമരവും മൂലം കാത്തിരിപ്പിന്റെ ദൈർഘ്യം ഏറ്റവും കൂടിയ അവസ്ഥയിലാണ് ഇപ്പോൾ. ഇതിനെല്ലാം പുറമേയാണ് ആവശ്യത്തിന് ജീവനക്കാർ വിവിധ മേഖലകളിൽ ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ. ദന്ത മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ യുകെയിലെ യോഗ്യതാ പരീക്ഷ എഴുതാതെ തന്നെ വിദേശത്തുനിന്നുള്ള ഡോക്ടർമാർക്ക് നിയമനം നൽകാമെന്ന നയപരമായ തീരുമാനം സർക്കാർ സ്വീകരിച്ചിരുന്നു.


എന്നാൽ എൻഎച്ച്സിലെ കാത്തിരിപ്പു സമയത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ബിബിസിയുടെ അന്വേഷണസംഘം. ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.6 ദശലക്ഷമാണ്. എന്നാൽ ഈ കണക്കുകൾക്കും അപ്പുറം ചികിത്സയ്ക്കായി കാത്തിരിക്കുന്ന യഥാർത്ഥ രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ കാലതാമസം നേരിടുന്നവരാണെങ്കിൽ പോലും തുടർച്ചയായി പരിചരണം വേണ്ട രോഗികളുടെ എണ്ണം എൻഎച്ച്എസ് ഇതുവരെ ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടില്ല.

തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സ ആരംഭിക്കുമ്പോൾ തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് മാറ്റുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്യാൻസർ പോലുള്ള ഗുരുതരമായ രോഗം ബാധിച്ച ഒട്ടേറെ പേരോട് ബിബിസിയുടെ അന്വേഷണസംഘം സംസാരിച്ചത്. തുടർച്ചയായ പരിചരണം ആവശ്യമായ രോഗികൾക്ക് അവരുടെ ചികിത്സയ്ക്ക് കാലതാമസം നേരിട്ടാൽ വെയിറ്റിംഗ് ലിസ്റ്റിലേക്ക് ചേർക്കുകയാണെങ്കിൽ യഥാർത്ഥത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിനെ കുറിച്ച് ഏകദേശ രൂപം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ യുകെയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളെ കുറിച്ചുള്ള യഥാർത്ഥ ചിത്രം പുറത്ത് വിടുമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved