Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയിൽ അതിവേഗം പടർന്നുപിടിക്കുന്ന പുതിയ കോവിഡ് വകഭേദം യുകെയിലും ഉള്ളതായി സ്ഥിരീകരിച്ചു. ഒരു മാസമായി രാജ്യത്ത് ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഒരു പുതിയ പതിപ്പാണ് ആർക്ടറസ് എന്ന് പേരു നൽകിയിരിക്കുന്ന ജനിതക മാറ്റം വന്നിരിക്കുന്ന പുതിയ വൈറസ് .

നിലവിൽ പകരുന്ന മറ്റ് പല വകഭേദങ്ങളെക്കാൾ മാരക ശേഷിയുള്ള പുതിയ വൈറസിന് XBB. 1.6 എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. ഈ വൈറസിന്റെ വ്യാപനം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്ഥിതി വളരെ ഗുരുതരമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ . പല ആശുപത്രികളും റെഡ് അലേർട്ടിലാണ്. മറ്റുള്ളവയെ അപേക്ഷിച്ച് 13 മടങ്ങ് വ്യാപന ശേഷിയുള്ള പുതിയ വൈറസ് കാരണം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധിതമാക്കിയിരിക്കുകയാണ്.

യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ വേരിയന്റിന്റെ സാന്നിധ്യം യുകെയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി 50 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ വൈറസ് യുകെയിൽ പടർന്നു പിടിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇപ്പോഴേ പറയാൻ സാധിക്കില്ലെന്നാണ് ഈസ്റ്റ് ആംഗ്ലീയ സർവകലാശാലയിലെ സാംക്രമിക രോഗങ്ങളിൽ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞത്. പുതിയ വൈറസ് വകഭേദം 22 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത് ഇന്ത്യയിലാണ്. ഒറ്റദിവസംകൊണ്ട് 3122 കേസുകൾ വർദ്ധിച്ച് നിലവിലെ രോഗികളുടെ എണ്ണം 40215 ആയതായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതും ആക്ടറസിന്റെ വ്യാപനശേഷിയെ കുറിച്ച് കടുത്ത ആശങ്ക ഉയരാൻ കാരണമായിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പേ-ആസ്-യു-ഡ്രൈവ് പദ്ധതി വീണ്ടും അവതരിപ്പിച്ച് മേയർ സാദിഖ് ഖാൻ. വാഹനമോടിക്കുന്നവരുടെ സമയം, കാറിലെ യാത്രക്കാരുടെ എണ്ണം, എത്ര ദൂരം ഓടുന്നു എന്നിവയെ ആശ്രയിച്ച് നിരക്ക് ഈടാക്കുന്ന സമഗ്ര പദ്ധതിയാണിത്. അൾട്രാ ലോ എമിഷൻ സോൺ പരിധി വർദ്ധിപ്പിക്കാനുള്ള മേയറുടെ നടപടിയ്ക്കെതിരെ ഇതിനോടകം തന്നെ വാഹനം ഉപയോഗിക്കുന്നവർ രംഗത്ത് വന്നിട്ടുണ്ട്. പരിശോധനയിൽ മതിയായ നിലവാരം പുലർത്താത്ത കാറുകൾക്ക് ഓഗസ്റ്റ് മാസം മുതൽ പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കിയിരുന്നു.

ഓരോ വ്യക്തിഗത യാത്രയുടെയും വിശദമായ വിശകലനത്തെ അടിസ്ഥാനമാക്കി എല്ലാ ഡ്രൈവർമാരിൽ നിന്നും നിരക്ക് ഈടാക്കാനുള്ള നടപടിയാണ് നിലവിൽ ചർച്ചയായി മാറിയിരിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം നേട്ടം കൈവരിച്ചിരിക്കുന്ന കാലത്ത്, പഴയ കാലത്തെ സമ്പ്രദായം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നും കാലത്തിനൊത്ത പരിഷ്കരണം ഗതാഗത മേഖലയിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. അതേസമയം, അൾട്രാ ലോ എമിഷൻ സോൺ വിപുലീകരിക്കാനുള്ള നടപടി ഇതിനോടകം തന്നെ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചിരിക്കുന്നത്.

നടപടിക്കെതിരെ നിരവധി പ്രതിഷേധങ്ങളും, സ്വന്തം കക്ഷിയായ ലേബർ പാർട്ടിയിൽ നിന്നും വിമർശനവും ഉയർന്നിരുന്നു. ലണ്ടനിലെ പ്രധാന നിരത്തുകളിൽ ക്യാമറകൾ സ്ഥാപിക്കാനാണ് ഒന്നാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയെ കുറിച്ച് മുൻപ് വിശദമായി സംസാരിച്ചപ്പോൾ മേയർ സാദിഖ് ഖാൻ സമാനമായ നിലയിൽ വിമർശനം നേരിട്ടിരുന്നു. റോഡ് യൂസർ ചാർജിംഗ് പ്ലാനുകളുടെ ഏറ്റവും വിപുലമായ സംവിധാനമുള്ളത് സിംഗപ്പൂരാണെന്ന് പറഞ്ഞ മേയർ ഇലക്‌ട്രോണിക് റോഡ് പ്രൈസിംഗ് ലണ്ടനിൽ നടപ്പിലാക്കിയാൽ നിരവധി ഗുണങ്ങൾ ഉണ്ടെന്നും അവകാശപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളി യുവതിയെ കേരളത്തിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂർ സ്വദേശിനിയായ മഹിമ മോഹനാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതായി കണ്ടെത്തിയത്. 25 വയസ്സ് മാത്രം പ്രായമുള്ള മഹിമയും ഭർത്താവ് അനന്തു ശങ്കറും യുകെയിൽ സന്ദർലാന്റിലായിരുന്നു താമസിച്ചിരുന്നത്.

മഞ്ജുഷയിൽ റിട്ട. തഹസിൽദാർ ഇ . കെ മോഹനന്റെയും ഉഷയുടെയും മകളാണ് മരണമടഞ്ഞ മഹിമ .15 ദിവസം മുമ്പ് മാത്രമാണ് മഹിമയും ഭർത്താവും യുകെയിൽ നിന്ന് കേരളത്തിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമായ അനന്തവും മഹിമയുമായുള്ള വിവാഹം 2022 ജനുവരി 25 നായിരുന്നു.

മഹിമ മോഹൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മഹിമയുടെ അകാല നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിൽ ഉള്ള സുഹൃത്തുക്കൾ. പ്രത്യക്ഷത്തിൽ പുറമേ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത മാതൃകാ ദമ്പതികൾ ആയിരുന്നു മഹിമയും അനന്തവും. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി യുകെയിലെ പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലോകത്തിലെ ഏറ്റവും മോശം സമ്പദ് വ്യവസ്ഥയായി മാറാൻ ഒരുങ്ങി യുകെ എന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) റിപ്പോർട്ട്‌ . ജി 20 യിൽ ഉൾപ്പെടുന്ന 20 സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും മോശം യുകെയുടേത് ആയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കഴിഞ്ഞ മാസം തുടർച്ചയായി രണ്ട് അമേരിക്കൻ ബാങ്കുകൾ തകർന്നത് ആഗോള വിപണിയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വരും മാസങ്ങളിൽ യുകെ മുൻപെങ്ങും കാണാത്ത വിധം സമ്പദ് വ്യവസ്ഥ ചുരുങ്ങുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പാൻഡെമിക് റീബൗണ്ടിന്റെ സമയത്ത് 2022 ൽ യുകെ ജി7 ൽ ഒന്നാമതെത്തി. 2023-ൽ യുകെ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങുമെന്നും അടുത്ത വർഷം 1% വളർച്ച നേടുമെന്നുമാണ് ഐ എം എഫിന്റെ പ്രവചനം. വാതക വില, വർദ്ധിച്ചുവരുന്ന പലിശ നിരക്കുകൾ, വ്യാപാരത്തിലുള്ള ഇടിവ് എന്നിവയൊക്കെയാണ് ഇതിനു കാരണമായിട്ട് ചൂണ്ടികാട്ടുന്നത്. എന്നാൽ ഐ എം എഫ് ന്റെ നിരീക്ഷണത്തെ തള്ളി പറഞ്ഞു കൊണ്ടാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികൾ സംസാരിക്കുന്നത്. ഇത്രയും ഗൗരവത്തോടെ പുറത്ത് വിട്ട മുന്നറിയിപ്പ് അപഹാസ്യമാണെന്നും, മറ്റേത് രാജ്യത്തെക്കാളും സസൂക്ഷ്മമാണ് യുകെയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകുന്നതെന്ന് ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു.

എന്നാൽ, ഐ എം എഫ് പുറത്ത് വിട്ട മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് പ്രതിപക്ഷം നോക്കി കാണുന്നത്. കഴിഞ്ഞ വർഷം രാജ്യം സാക്ഷ്യം വഹിച്ച മുൻപെങ്ങും ഇല്ലാത്തവിധമുള്ള പണപെരുപ്പവും, പലിശ വർധനവും, നികുതി വർധനയുമൊക്കെ ഐ എം എഫ് മുന്നറിയിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് ലേബർ പാർട്ടി നേതൃത്വം പറയുന്നത്. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയാറാകണമെന്ന് ലേബർ പാർട്ടി നേതാവും ഷാഡോ ചാൻസലറുമായ റേച്ചൽ റീവ്സ് പറഞ്ഞു. ഇതിൽ കൺസർവേറ്റീവ് ഭരണകൂടം മൗനം വെടിയണമെന്നും നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നും ലേബർ പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സമരമുലം 350,000 അപ്പോയിന്റമെന്റുകളും ശസ്ത്രക്രിയകളുമാണ് റദ്ദാക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യേണ്ടതായി വന്നിരിക്കുന്നത് . ഇതിൽ ഗുരുതരമായ ക്യാൻസർ പോലുള്ള രോഗം ബാധിച്ചവരും ഉണ്ടെന്നുള്ളതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ഷ്രോപ്‌ഷെയറിൽ നിന്നുള്ള ജാക്കി പഗിന്റെ ദുരനുഭവം അവർ മാധ്യമങ്ങളോട് വിവരിച്ചത് കടുത്ത നിരാശയിലാണ്. സ്ഥാനാർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർക്ക് ബ്രസ്റ്റ് റീകൺസ്ട്രക്ഷന്റെ സർജറി വെള്ളിയാഴ്ച നൽകേണ്ടതായിരുന്നു. എന്നാൽ ഡോക്ടർമാരുടെ പണിമുടക്ക് മൂലം അത് മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഏകദേശം മൂന്നര വർഷമായി താൻ കാത്തിരുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയതെന്ന് പറയുമ്പോൾ അവരുടെ വാക്കുകളിൽ രോഷവും സങ്കടവും നിരാശയുമെല്ലാം ഉണ്ടായിരുന്നു.

ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്കാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവിതചിലവും നികുതി ഇനങ്ങളും അനുദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വേതനവും വർദ്ധിക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. എന്നാൽ വേതന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പ്രതിവർഷം 20000 പൗണ്ട് അധികം ഇവർക്ക് ലഭിക്കുമെന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. പണിമുടക്ക് അന്യായമാണെന്നും, അതിന്റെ സ്വഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നുമുള്ള ആരോഗ്യ സെക്രട്ടറിയുടെ പരാമർശം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ‘അന്യായമായ ശമ്പള വർദ്ധനവാണ് ഇപ്പോൾ ഉന്നയിക്കുന്നത് എന്നും സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണമെന്നും ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ പറഞ്ഞു. മുൻ കാലങ്ങളിൽ എൻ എച്ച് എസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെക്കാൾ ശക്തിയേറിയതാണ് ഡോക്ടർമാരുടെ സമരം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ് ബാങ്കിലെ വെടിവെപ്പിൽ ബ്രിട്ടീഷ് വംശജരായ അമ്മയും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്തത് അഞ്ചുപേർക്ക് പുതുജീവിതം പകർന്നു നൽകി. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ പരിക്കേറ്റ ലൂസി ഡീ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണമടഞ്ഞത്. ആക്രമണത്തിൽ അവരുടെ രണ്ട് പെൺമക്കളായ റിനയും മായ ഡീയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

ലൂസി ഡീയുടെ ഹൃദയം 51 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് ദാനം ചെയ്തത്. അതുപോലെതന്നെ ശ്വാസകോശം , കരൾ, രണ്ട് വൃക്കകൾ എന്നിവയും മറ്റു 4 പേരുടെ ജീവൻ രക്ഷിക്കാനായി ദാനം ചെയ്തു. ഭാവിയിൽ ദാനം ചെയ്യുന്നതിനായി അവരുടെ കണ്ണുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാനാണ് കുടുംബം ആഗ്രഹിക്കുന്നത് എന്ന് ലൂസിയയുടെ ഭർത്താവ് റാബി ലിയോ ഡീ മാധ്യമങ്ങളോട് പറഞ്ഞു.


വെസ്റ്റ്ബാങ്ക് ജൂത സെറ്റിൽമെന്റായ ക്ഫാർ എറ്റ്സിയോണിൽ നടന്ന ലൂസി ഡീയുടെ ശവസംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആൾക്കാരാണ് പങ്കെടുത്തത് . 15 ഉം 20 ഉം വയസ്സായ അവരുടെ പെൺമക്കളെയും രണ്ടുദിവസം മുമ്പ് ഇവിടെ തന്നെയായിരുന്നു മൃതസംസ്കാരം നടത്തിയത്. രണ്ട് ചടങ്ങുകളിലും സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു –

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. ഈസ്റ്റർ അവധിക്ക് ശേഷം നാല് ദിവസത്തേയ്ക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെ വാക്ക് ഔട്ട്‌ രോഗികളുടെ അവസ്ഥയെ സാരമായി ബാധിച്ചെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. സമരത്തെ തുടർന്ന് പ്രാഥമിക പരിശോധന പോലും പൂർത്തിയാക്കാതെ ഒട്ടേറേ രോഗികൾ മടങ്ങിയതായാണ് റിപ്പോർട്ടുകൾ. 35% ശമ്പള വർദ്ധനവാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യം പ്രാഥമിക പരിഗണന പോലും അർഹിക്കുന്ന വിഷയം അല്ലെന്നാണ് മെഡിക്കൽ രംഗത്തെ മേധാവികളുടെ പ്രതികരണം.

അടിയന്തിര സേവനങ്ങളിൽ പോലും ഇടപെടാതെയാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത്. മുൻപ് നേഴ്സുമാരും, എൻ എച്ച് എസ് ജീവനക്കാരും നടത്തിയ പണിമുടക്കിൽ അടിയന്തിര സേവനങ്ങളെ ഒഴിവാക്കിയിരുന്നില്ല. എന്നാൽ ഡോക്ടർമാർ അടിയന്തിര സേവനങ്ങളോട് ഉൾപ്പടെ മുഖം തിരിഞ്ഞ സമീപനം സ്വീകരിച്ചത് സാഹചര്യത്തെ കൂടുതൽ വഷളാക്കി. നിലവിൽ നടത്തുന്നത് അടിയന്തിര പരിഗണന വേണ്ടുന്ന വിഷയത്തെ ചുറ്റിപറ്റിയുള്ള പണിമുടക്ക് ആണെന്നും, സർക്കാർ വിഷയത്തിന്മേൽ നടപടി കൈകൊള്ളുന്ന സമയം വരെയും പണിമുടക്ക് തുടരുമെന്നും ഡോക്ടർമാരുടെ പ്രതിനിധി ഡോ. എമ്മ റൺസ് വിക്ക് പറഞ്ഞു.

നാളുകളായി ഉന്നയിക്കുന്ന ആവശ്യത്തോട് ആരോഗ്യ സെക്രട്ടറി മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികൾ ആരോപിക്കുന്നത്. തങ്ങളെ ഇതുവരെ ഒന്ന് കേൾക്കുവാൻ പോലും സർക്കാർ തയാറായിട്ടില്ലന്ന കടുത്ത വിമർശനമാണ് നേതാക്കൾ ഉന്നയിക്കുന്നത്. ജീവിത ചിലവും, പണപെരുപ്പവും അനിയന്ത്രിതമായി വർധിക്കുന്ന രാജ്യത്ത്, ശമ്പളം മാത്രം കൂട്ടിതരാൻ പറ്റില്ലെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്. അതിനു പുറമെ രാജ്യത്ത് മുൻപൊരിക്കലും ഇല്ലാത്ത വിധം നികുതി വർധനവും ചുമത്തിയിട്ടുണ്ട്. ഇതെല്ലാം നിൽക്കെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന ആളുകളോട് കാണിക്കുന്നത് മോശമായ സമീപനമാണ്. ഇത് തിരുത്തപ്പെടണമെന്ന് ഡോക്ടർമാരെ പ്രതിനിധീകരിച്ച് യൂണിയൻ പ്രതിനിധി ഡോ. എമ്മ റൺസ് വിക്ക് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുകയില ഉൽപന്നങ്ങൾ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദശലക്ഷം പുകവലിക്കാർക്ക് സൗജന്യ വാപ്പിംഗ് സ്റ്റാർട്ടർ കിറ്റ് നൽകാൻ ഒരുങ്ങി സർക്കാർ. പുകവലി ഉപേക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇന്ന് മുതൽ ആരംഭിക്കുന്ന ക്യാമ്പയിൻ ജനങ്ങൾക്ക് ഇടയിൽ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് പുകവലി നിർത്താൻ 400 പൗണ്ടാണ് സർക്കാർ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. പുകവലിയുടെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി കൊണ്ട് സിഗരറ്റ് പാക്കറ്റുകൾക്കുള്ളിൽ തന്നെ അവബോധം പകർന്നു നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

2030ഓടെ ഇംഗ്ലണ്ടിൽ പുകവലിക്കുന്നവരുടെ നിരക്ക് 5 ശതമാനത്തിൽ താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രായപൂർത്തിയാകാത്ത പുകവലിക്ക് അടിമപ്പെട്ടവരെയും, അനധികൃതമായി വില്പന നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്വാപ്പ് ടു സ്റ്റോപ്പ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം പുകവലിക്ക് അടിമപ്പെട്ടു പോകുന്ന ആളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി നീൽ ഒബ്രിയൻ പറഞ്ഞു. തുടർച്ചയായി പുക വലിക്കുന്ന ആളുകളിൽ മൂന്നിൽ രണ്ട് പേർ മരണപ്പെടുമെന്നും, മനുഷ്യ ജീവനുകൾ നിഷ്പ്രയാസം കവർന്നെടുക്കുന്ന മരുന്നാണ് സിഗരറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിൽ ഗർഭകാലത്തും 9% സ്ത്രീകൾ പുകവലിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെല്ലാം പരിഹാരം എന്നുള്ള നിലയിലാണ് നിലവിൽ ഈ പദ്ധതിയെ സർക്കാർ കാണുന്നത്. പ്രാഥമിക ഘട്ടം എന്നുള്ള നിലയിൽ പ്രാദേശിക ഭരണകൂടങ്ങളെയും ചേർത്ത് നിർത്തി കൊണ്ട് മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഏകദേശം 45 മില്യൺ പൗണ്ട് ചെലവ് വരുന്ന പദ്ധതിക്ക് ആരോഗ്യ വകുപ്പിൽ നിന്നാണ് പണം അനുവദിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തീവ്രവാദികൾ എന്ന് സംശയിക്കുന്ന 20 പേർ ബ്രിട്ടനിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്‌. ബ്രിട്ടീഷ് ചാനൽ മുറിച്ചു കടന്ന ഇവർ ചെറിയ ബോട്ടുകൾ വഴിയാണ് എത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധമുള്ള വിദേശികൾ കഴിഞ്ഞ വർഷം വടക്കൻ ഫ്രാൻസിൽ നിന്ന് യുകെയിൽ അനധികൃതമായി എത്തിയിരുന്നു. സമാനമായ നിലയിലാണ് ഇപ്പോൾ ആളുകൾ എത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരിൽ ഭൂരിപക്ഷം ആളുകളും ബ്രിട്ടനിൽ തുടരുകയാണ്. പുതിയതായി എത്തിയ 19 പേർ വിവിധ ഇടങ്ങളിൽ ഒളിച്ചു താമസിക്കുകയാണെന്നാണ് സുരക്ഷാ വിഭാഗം മേധാവി പറയുന്നത്.

19 പേരെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സെക്യൂരിറ്റി സർവീസ് എംഐ 5, ഗവൺമെന്റ് ലിസണിംഗ് പോസ്റ്റ് ജിസിഎച്ച്ക്യു, കൗണ്ടർ ടെററിസം പോലീസ് എന്നിവരും ഇവരെ നിരീക്ഷിച്ചുവരുന്നു. കഴിഞ്ഞ വർഷം എത്തിയ അറിയപ്പെടുന്ന ഭീകരരിൽ അഞ്ച് പേർ ഇറാഖി, അഞ്ച് ഇറാനിയൻ, നാല് അഫ്ഗാൻ, നാല് സോമാലിയ, ഒരാൾ ലിബിയൻ എന്നിവരാണ്. ഇവരിൽ ഏഴ് പേർ ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് പുറത്ത് വരുന്ന നിർണായക വിവരം. ബാക്കിയുള്ളവർ അഫ്ഗാൻ അഫിലിയേറ്റ് ആയ ഇസ്ലാമിക് സ്റ്റേറ്റും ഖൊറാസാനുമായും, ഇറാനിയൻ ഭീകരസംഘടനകളുമായും ബന്ധമുള്ളവരാണ്.

ബ്രിട്ടീഷ് ചാനൽ മുറിച്ച് കടന്നപ്പോൾ മുതൽ ഈ സംഘത്തെ നിരീക്ഷിക്കുന്നുണ്ടെന്നും, എന്താണ് ഇവരുടെ ലക്ഷ്യമെന്ന് അറിയില്ലെന്നും സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു. ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച ആളുകൾ എന്ന നിലയിൽ തന്നെ ഇത് തങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം ഒരേ സമയം രാഷ്ട്രീയ വിവാദങ്ങൾക്കും തിരി തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്തേക്ക് നിയമവിരുദ്ധമായി കുറ്റവാളികൾ മാത്രമല്ല, തീവ്രവാദ ബന്ധമുള്ള ആളുകളും എത്തി തുടങ്ങിയിരിക്കുകയാണെന്ന് മുൻ ആർമി ഓഫീസറും ടോറി എംപിയുമായ ബോബ് സീലി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈസ്റ്റർ ദിനത്തിൽ ലണ്ടനിൽ നടന്നത് ഞെട്ടിക്കുന്ന ലൈംഗികാതിക്രമം. കാനലിനു സമീപത്തു വച്ചാണ് രണ്ട് പെൺകുട്ടികൾ അതിക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.30 നും 10.10 നും ഇടയിൽ എയിൽസ്ബറിയിലെ പാർക്ക് സ്ട്രീറ്റിന് സമീപമുള്ള കനാൽ റോഡിലാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ സംശയം തോന്നിയ പതിനേഴുവയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഡിറ്റക്ടീവ് സർജന്റ് തോമസ് ബൂത്ത് പറഞ്ഞു. കേസിൽ പോലീസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ്. സമീപത്തെ കടകളിലും, സൂപ്പർ മാർക്കറ്റുകളിലെയും ക്യാമറകൾ പരിശോധിക്കും. എന്നാൽ സംഭവത്തെ കുറിച്ച് എന്തെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ കൈമാറാൻ ആഗ്രഹിക്കുന്നവർ പോലീസ് എമർജൻസി നമ്പർ ആയ 101 ൽ വിളിക്കുകയോ, അല്ലെങ്കിൽ പോലീസ് വെബ്സൈറ്റ് മുഖേനെ 43230154466 എന്ന റഫറൻസ് നമ്പർ ഉപയോഗിച്ചോ റിപ്പോർട്ട്‌ സമർപ്പിക്കാവുന്നതാണ്.

പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിനിരയാകുന്ന സംഭവങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നതിനിടയിലാണ് പുതിയ കേസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ ചെറുക്കാൻ ടാസ്ക് ഫോഴ്സുകൾക്ക് രൂപം നൽകുമെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതെല്ലാം കേവലം വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ വാദങ്ങൾ പൊള്ളായാണെന്നും ലേബർ പാർട്ടി നേതാക്കൾ ഇന്നലെ പ്രതികരണം നടത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved