ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവു മൂലം കടുത്ത ഞെരുക്കത്തിലൂടെയായിരുന്നു ശരാശരി യു കെ മലയാളികളുടെ ജീവിതം മുന്നോട്ട് പൊയ് കൊണ്ടിരുന്നത്. എന്നാൽ ഇതിൽ നിന്ന് ഒരു മാറ്റം വരുന്നതിന്റെ ശുഭ സൂചനകൾ കണ്ടു തുടങ്ങിയതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങി. ഏകദേശം രണ്ട് വർഷത്തിനിടെ ആദ്യമായി പണപ്പെരുപ്പം ശമ്പള വർദ്ധനവിന് പിന്നിലായതിന്റെ കണക്കുകൾ പുറത്തു വന്നു.

ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വർദ്ധനവ് 7.8 % എന്ന വാർഷിക നിരക്കിലേയ്ക്ക് ഉയർന്നു. ഇത് ഇതേ കാലയളവിലെ പണപ്പെരുപ്പത്തിനേക്കാൾ കൂടുതലാണെന്ന ആശ്വാസവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2021 ഒക്ടോബർ മാസത്തിന് ശേഷം ആദ്യമായാണ് ശമ്പള വർധനവ് പണപെരുപ്പ നിരക്കിനേക്കാൾ കൂടുതലാകുന്നത്. പൊതുമേഖല തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 6.8 ശതമാനത്തിൽ എത്തിയിരുന്നു.. ഇത് 2001 -ന് ശേഷം ഏറ്റവും വലിയ വർദ്ധനവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ ശമ്പള വർദ്ധനവ് കൂടുതലാണ്. സ്വകാര്യ മേഖലയിലെ ശമ്പള വർദ്ധനവ് 8% ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫിനാൻസ്, ബിസിനസ് സേവനമേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് വാർഷിക വേതനത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത്. ഇതിനു പിന്നാലെ മികച്ച ശമ്പള വർദ്ധനവ് ഉണ്ടായ വിഭാഗം നിർമ്മാണ മേഖലയിൽ ഉള്ളവരാണ്. എന്നാൽ നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വെച്ചതിന്റെ മൂന്നിരട്ടിയായി തുടരുകയാണ്. പണപ്പെരുപ്പം കുറയുകയും ശമ്പളത്തിന്റെ മൂല്യം വർധിക്കുകയും ചെയ്യുന്നു എന്നത് ശുഭവാർത്തയാണെന്ന് ചാൻസിലർ ജെറമി ഹണ്ട് പറഞ്ഞു . പണപ്പെരുപ്പം തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചത് യുകെയിലെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു