Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൗത്ത് ലണ്ടനിലെ സട്ടണിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. ഇന്നലെ രാത്രി ഏഴിനാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് പേരും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

കുട്ടികളെ രക്ഷിച്ച് ഉടനടി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലണ്ടനിലെ എയർ ആംബുലൻസ്, കെന്റ് സറേ സസെക്‌സ് എയർ ആംബുലൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസ് ജീവനക്കാർ, പാരാമെഡിക്കുകൾ, ട്രോമ ടീമുകൾ തുടങ്ങിവർ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണെന്നും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ തീപിടുത്തം ദുഃഖകരമാണെന്ന് ലണ്ടൻ ഫയർ കമ്മീഷണർ ആൻഡി റോ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് രാവിലെ ഓസ്ട്രേലിയയിലെ ഒരു പ്രൈമറി സ്കൂളിലെ ബൗൺസി കാസ്റ്റിൽ തകർന്ന് 5 സ്കൂൾ കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചു. ടാസ്മാനിയയിലെ ഡെവോൺപോർട്ടിലെ പ്രൈമറി സ്കൂളിൽ ആണ് അപകടം നടന്നത്. കുട്ടികൾ 10 മീറ്റർ ഉയരത്തിൽ നിന്നു വീണതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും മരിച്ചവരിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നതായാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അധികൃതർ മരിച്ചവരുടെ പ്രായം പുറത്തുവിട്ടിട്ടില്ലെങ്കിലുംഅഞ്ചോ ആറോ ഗ്രേഡുകളിലുള്ളവരാണെന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ മരിച്ച കുട്ടികൾ 10 മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കടുത്ത ദുഃഖം രേഖപ്പെടുത്തി.

പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഉടൻ തന്നെ ഹെലികോപ്റ്ററിൽ അപകടത്തിൽ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദ്യം 4 കുട്ടികളുടെ മരണവും പിന്നീട് ഒരു കുട്ടിയുടെ കൂടി മരണവും റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :വീടുകളുടെ മോർട്ട്ഗേജിൻെറ പലിശ നിരക്ക് കുറഞ്ഞുകൊണ്ടിരുന്ന യുകെയിൽ മലയാളികൾ ഉൾപ്പെടുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് വർധിപ്പിച്ചത് വീടുകളുടെ പലിശ നിരക്ക് ഉയരാൻ കാരണമാകും. എന്നാൽ പൗണ്ടിൻെറ വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേയ്ക്ക് പണം അയക്കുന്നവർക്ക് അനുഗ്രഹമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുമെന്ന വാർത്ത വന്നതിൻെറ തൊട്ടുപിന്നാലെ തന്നെ ഒരു രൂപയ്ക്ക് മുകളിൽ പൗണ്ടിൻെറ വിനിമയ നിരക്കിൽ കൂടുതൽ ഉണ്ടായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിച്ചതോടെ പൗണ്ട് വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇത് യുകെ മലയാളികൾക്കും നേട്ടമായി. ഒരു പൗണ്ടിന് 101 രൂപ 72 പൈസ ആണ് നിലവിലുള്ള മികച്ച നിരക്ക്. ഒമിക്രോൺ വ്യാപന ഭീതിയ്ക്കിടയിലും കുതിച്ചുയരുന്ന പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു ഈ നിരക്ക് വർധന. ഒമിക്രോൺ ആശങ്കയും പലിശ നിരക്ക് ഉയർത്തുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനത്തിൽ നിന്ന് നിരക്ക് ഉയർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗങ്ങൾ ഇന്ന് വോട്ട് ചെയ്തു. ഉപഭോക്തൃ വില സൂചിക 5.1 ശതമാനം ആയി ഉയർന്നു. ബാങ്ക് നിരക്കിൽ ഉടനടി ചെറിയ വർദ്ധനവ് ആവശ്യമാണെന്ന് കമ്മിറ്റിയിലെ മിക്ക അംഗങ്ങളും അഭിപ്രായപ്പെട്ടു. മൂന്നു വർഷത്തിനിടെ ഇതാദ്യമായാണ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ വർഷം മാർച്ചിൽ നിരക്ക് 0.1% ആയി കുറച്ചിരുന്നു.

2023-ഓടെ നിരക്കുകൾ 3.5% ആയി ഉയരുമെന്ന് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റി (OBR) പ്രവചിക്കുന്നു. പലിശ നിരക്ക് വർധിപ്പിച്ചത് ഉടൻ തന്നെ വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ റീമോർട്ട്ഗേജ് ചെയ്യാനുള്ളവർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യുകെയിലെ പ്രമുഖ റീമോർട്ട്ഗേജ് ഏജൻസിയായ അലെയ്ഡിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

സേവിംഗ്സ്

0.15% പലിശ നിരക്ക് അടിസ്ഥാനമാക്കി, 20,000 പൗണ്ട് നിക്ഷേപത്തിൽ പ്രതിവർഷം 30 പൗണ്ട് അധികം പലിശയായി ലഭിക്കും. എന്നാൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ജീവിതചെലവ് ഉയരുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിക്ഷേപകർ ഉയർന്ന നിരക്കുകളെ സ്വാഗതം ചെയ്യുമെങ്കിലും ഉയർന്ന ബാങ്ക് നിരക്ക് സേവിംഗ്സിൽ മികച്ച ലാഭം ഉണ്ടാക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സേവിംഗ്സ് നിരക്കുകൾ ചെറുതായി വർധിച്ചാലും, വരുമാനം പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ താഴെയാണ്.

മോർട്ട്ഗേജ്

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം മൂലം ഒരു ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താവിന് സാധാരണ പ്രതിമാസ തിരിച്ചടവിൽ 15 പൗണ്ട് അധികമായി ചേർക്കേണ്ടി വരും. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജ്-ഹോൾഡർ പ്രതിമാസം 10 പൗണ്ട് അധികം നൽകണം. യുകെയിലെ ഇരുപത് ലക്ഷത്തോളം ആളുകൾ ഈ രണ്ട് തരത്തിലുള്ള മോർട്ട്ഗേജുകളിൽ ഉൾപ്പെടുന്നവരാണ്.

 

റീമോർട്ട്ഗേജ് ചെയ്യാനുള്ളവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉപദേശങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന കോവിഡ് വ്യാപനം ആണ് രാജ്യം നേരിടുന്നത് . മഹാമാരി ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനത്തിനാണ് ഇന്നലെ ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച മാത്രം 78610 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . 2021 ജനുവരിയിൽ ലോക്ക്ഡൗൺ ആയിരുന്ന സമയത്ത് രേഖപ്പെടുത്തിയ 68053 ആയിരുന്നു ഇതിനു മുൻപ് ബ്രിട്ടനിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനം .

അടുത്ത ആഴ്ചകളിൽ പ്രതിദിന രോഗവ്യാപനം വളരെയധികം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ കടുത്ത മുന്നറിയിപ്പു നൽകി. വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ക്രിസ്മസ് കാലത്ത് ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രൊഫസർ ക്രിസ് വിറ്റിയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബോറിസ് ജോൺസൺ ജനങ്ങൾ എത്രയും പെട്ടെന്ന് രോഗപ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് എടുക്കുന്നതിൻെറ ആവശ്യകതയെക്കുറിച്ചാണ് എടുത്തുപറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഭരണപ്രതിപക്ഷ എംപിമാരിൽ നിന്ന് കടുത്ത വിമർശനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം പാർട്ടിയിലെ ആഭ്യന്തര കലാപവും രൂക്ഷമാണ്. ഇന്നലെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തപ്പോൾ ലേബർ എംപിമാരുടെ പിന്തുണയോടെയാണ് നിയമം നിലവിൽ വന്നത്. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ ആണ് വോട്ടു ചെയ്തത് . നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡേവിഡ് ഫുള്ളറെന്ന കൊടും ക്രിമിനൽ ഇനി മരണം വരെ ജയിലിൽ. രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തുകയും നൂറിലധികം മൃതദേഹങ്ങളെ ഭോഗിക്കുകയും ചെയ്ത ആശുപത്രി ഇലക്ട്രീഷ്യന് ഇരട്ട ജീവപര്യന്തവും 12 വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. മാനുഷികമായ യാതൊരു പ്രവൃത്തിയും ഫുള്ളറിൽ നിന്നുണ്ടായില്ലെന്ന് ജസ്റ്റിസ് ചീമ-ഗ്രബ് പറഞ്ഞു. നെൽ, പിയേഴ്സ് എന്നീ യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡേവിഡ് ഫുള്ളർ അറസ്റ്റിലായത്. കെന്റിലെ രണ്ട് ആശുപത്രികളിൽ ജോലിയെടുത്തിരുന്ന കാലത്താണ് അവിടത്തെ മോർച്ചറികളിൽ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി താൻ ബന്ധപ്പെട്ടത് എന്ന് ഫുള്ളർ പറഞ്ഞിരുന്നു. ബെഡ്സിറ്റ് മർഡർസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങൾ ഡിഎൻഎ പരിശോധനകളിലൂടെ തെളിഞ്ഞതോടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായത്.

മരിച്ച 102 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഫുള്ളർ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പ്രോസിക്യൂട്ടർ ഡങ്കൻ അറ്റ്കിൻസൺ ക്യുസി പറഞ്ഞു. ഒമ്പത് വയസ്സുള്ള പെൺകുട്ടിയും 16 വയസ്സുള്ള രണ്ട് പേരും 100 വയസ്സുള്ള സ്ത്രീയും അവരിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിധി കേൾക്കാൻ ഒൻപതു വയസ്സുകാരിയുടെ അമ്മയും കോടതിയിൽ ഉണ്ടായിരുന്നു.

ഈസ്റ്റ്‌ സസെക്സിലെ ഹേർത്ത് ഫീൽഡിൽ ആയിരുന്നു ഫുള്ളർ കുടുംബസമേതം താമസിച്ചിരുന്നത്. ഫുള്ളറുടെ അപ്പാർട്ട്മെന്റിൽ നടന്ന പൊലീസ് പരിശോധനയിൽ അവിടെ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വൻ കളക്ഷൻ – ഫ്ലോപ്പിഡിസ്‌ക്, ഹാർഡ് ഡിസ്ക്, ഡിവിഡി, സിഡി, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ രൂപത്തിൽ കണ്ടെടുക്കപ്പെട്ടിരുന്നു. വീട്ടിലെ ഒരു രഹസ്യ അലമാരയ്ക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു.

1987 മുതൽ 2011 വരെ കെന്റ് ഭാഗത്തെ പല ആശുപത്രികളിലും ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഇയാൾ, മറ്റുള്ള ജീവനക്കാർ ഉറങ്ങിയതിന് ശേഷമാണ് മോർച്ചറിയുടെ സ്പെയർ കീ ഉപയോഗിച്ച് അകത്തു കടന്നിരുന്നതും അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടിരുന്നതും. കൊലപാതകത്തിന് ശേഷം മൂന്നു പതിറ്റാണ്ടുകൾ പിടികൊടുക്കാതെ കഴിഞ്ഞ കൊടുംക്രിമിനൽ നിരവധി പേരുടെ ജീവിതത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതിക്രൂരവും മൃഗീയവുമായി കുറ്റകൃത്യങ്ങൾ നടത്തിയ ഫുള്ളർ ജയിലിനുള്ളിൽ നരകയാതന അനുഭവിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂൾ സിറ്റി സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടി കഴുത്തിന് കുത്തേറ്റാണ് മരിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. എവ വൈറ്റിനാണ് നവംബർ 25 ന് കുത്തേറ്റത്. അതേ ദിവസം തന്നെ അവൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് കഴുത്തിന് കുത്തേറ്റതാണ് പെൺകുട്ടിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന 14 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ലിവർപൂൾ സിറ്റി സെന്റർ ക്രിസ്മസ് ആഘോഷങ്ങൾക്കായി ലൈറ്റുകൾ ഓൺ ചെയ്യുന്നത് കാണുവാനാണ് എവ എത്തിയത്. രാത്രി 8:33 ന് എവയെ വില്യംസൺ സ്ക്വയറിൽ കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. പിന്നീട് ചർച്ച് സ്ട്രീറ്റിലേക്ക് നടക്കുമ്പോഴാണ് എവയ്ക്ക് കുത്തേറ്റതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മറ്റു മൂന്ന് ആൺകുട്ടികളെ കൂടി അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 14കാരന്റെ പേര് ഇനിയും അധികൃതർ പുറത്തുവിട്ടിട്ടില്ല. എവയുടെ മരണത്തിൽ കുടുംബത്തോടുള്ള ദുഃഖം അറിയിക്കുന്നതായും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആൻഡ്രേ റെബേല്ലോ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തിട്ടും ലേബർ എംപിമാരുടെ പിന്തുണയോടെ നിയമം പ്രാബല്യത്തിൽ വന്നു. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ വോട്ടു ചെയ്തു. എന്നാൽ ലേബര്‍ പാര്‍ട്ടി പിന്തുണച്ചതിനാല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു ജോൺസൻ. പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നതിന്റെ സൂചന കൂടിയാണിത്. നാല് പ്രധാനമന്ത്രിമാര്‍ക്കൊപ്പം എംപി മാരായി സേവനമനുഷ്ടിച്ച പതിമൂന്ന് എംപിമാരും പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുറന്നെതിർത്തു. ഡെയിം ആന്‍ഡ്രിയ ലീഡ്‌സോം, മുന്‍ ബിസിനസ്സ് സെക്രട്ടറി ഡേവിഡ് ഡേവിസ്, ലിയാം ഫോക്‌സ് തുടങ്ങിയ പ്രമുഖർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

എന്‍ എച്ച് എസ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് 2022 ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യവും ഇൻഡോർ വേദികളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമവും പാര്‍ലമെന്റ് അംഗീകരിച്ചു. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വലിയ എതിർപ്പ് ഉയർന്നതോടെ ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജോൺസൻ. നേതൃത്വത്തിൽ വളരെ ദുർബലനാണ് പ്രധാനമന്ത്രിയെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളി ആരംഭിച്ചതായി ടോറി വിമത നേതാവ് സര്‍ ജെഫ്രി ക്ലിഫ്ടന്‍-ബ്രൗണ്‍ പറഞ്ഞു. അതേസമയം, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഒമിക്രോൺ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് എംപിമാരെ ഓർപ്പിച്ചു. വരും ദിവസങ്ങളിൽ ഒമിക്രോൺ വകഭേദം ശക്തിപ്പെടുമെന്നും യുകെയിലെ മിക്ക പ്രദേശങ്ങളിലും രണ്ട് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച 633 യുകെ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതോടെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 5,346 ആയി. ഇന്നലെ 59,610 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ലണ്ടൻ : എച്ച്‌ജിവി ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി സൗജന്യ ട്രെയിനിങ് നൽകാൻ സർക്കാർ. എച്ച്‌ജിവി സ്‌കിൽസ് ബൂട്ട്‌ക്യാമ്പുകൾക്കുള്ള ഫണ്ടിംഗ് 17 മില്യൺ പൗണ്ടിൽ നിന്ന് 34 മില്യൺ പൗണ്ട് ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ നടത്തുന്ന കോഴ്സിലൂടെ സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ കോംപിറ്റൻസ് (CPC) നേടാം. മൂന്നു വിഭാഗങ്ങളിലായാണ് കോഴ്സ് നടത്തുന്നത്.

1. എച്ച്ജിവി ഡ്രൈവിംഗിലേക്ക് പുതുതായി എത്തുന്നവർ.
2. എച്ച്ജിവി ഡ്രൈവിംഗിലേക്ക് തിരികെയെത്തുന്നവർ.
3. നിലവിലെ എച്ച്ജിവി ലൈസൻസ് അപ്ഗ്രേഡ് ചെയ്യുന്നവർ.

നിങ്ങൾക്ക് ഒരു പൂർണ്ണ കാർ ലൈസൻസോ ഇടത്തരം വാഹന ലൈസൻസോ (കാറ്റഗറി C1) ലഭിച്ചിട്ടുണ്ടെങ്കിൽ, താഴെ പറയുന്ന ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള യോഗ്യത നേടാൻ ബൂട്ട്ക്യാമ്പുകൾ സഹായിക്കും;

•എച്ച്ജിവി (കാറ്റഗറി സി) – യുകെയിലുടനീളമുള്ള വാണിജ്യ ഉത്പന്നങ്ങളുടെ വിതരണത്തിന് ഉപയോഗിക്കുന്നവ.

•ക്യാബും ട്രെയിലറും കൂടിച്ചേരുന്ന ലോറി (കാറ്റഗറി സി + ഇ) – പ്രധാനമായും ദീർഘദൂര ചരക്കുനീക്കത്തിനോ ഭാരമേറിയ സാധനങ്ങളുടെ വിതരണത്തിനോ ഉപയോഗിക്കുന്നു.

രാജ്യത്ത് ഒരു ലക്ഷം എച്ച്ജിവി ഡ്രൈവർമാരെ ആവശ്യമുണ്ട്. കോവിഡ്, നികുതി മാറ്റങ്ങൾ, ബ്രെക്‌സിറ്റ്, കുറഞ്ഞ വേതനം, മോശം തൊഴിൽ സാഹചര്യങ്ങൾ എന്നിവ കാരണം ഡ്രൈവർമാർ ജോലി ഉപേക്ഷിച്ചു പോയി. ലോറി ഡ്രൈവർമാരുടെ ദൗർലഭ്യം ഒരു പുതിയ പ്രശ്‌നമല്ലെങ്കിലും ഡ്രൈവർ ക്ഷാമത്തിന്റെ അനന്തരഫലങ്ങൾ ബിസിനസ്സുകളുടെ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയുണ്ടായി.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകത്തിലെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് ബ്രിട്ടൻ. ഒമിക്രോൺ കോവിഡ് വകഭേദം മൂലം രാജ്യത്ത് ഒരാൾ മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. 1,576 ഒമിക്രോൺ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,713 ആയി. പ്രതിദിന കോവിഡ് കേസുകൾ ആറ് ശതമാനം ഉയർന്ന് 54,661 ൽ എത്തി. എന്നാൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുക്കുമെന്നും ഒമിക്രോൺ സമ്പൂർണ ആധിപത്യം സ്ഥാപിക്കുമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. അതേസമയം നിലവിലെ വേഗതയിൽ ഒമിക്രോൺ വ്യാപിക്കുന്നത് തുടർന്നാൽ മാസാവസാനത്തോടെ കോവിഡ് കേസുകൾ പ്രതിദിനം ഒരു മില്യൺ ആയി ഉയരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി.

ആശുപത്രികളിൽ കരുതിയതിലും അധികം രോഗികൾ എത്തിയെന്നു ഡാഷ് ബോർഡ്‌ കണക്കുകൾ വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ്‌ ബുക്കിംഗിനായി ആളുകൾ ഓൺലൈനിൽ ഇടിച്ചുകയറിയതോടെ വെബ്സൈറ്റ് തകർന്നു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ സ്റ്റോക്ക് തീർന്നു എന്ന വാർത്തയും ജനങ്ങളെ പരിഭ്രാന്തരാക്കി. ഒമിക്രോൺ ബാധിതരായ പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മേധാവികൾ അറിയിച്ചു. ഇവർ എല്ലാവരും 18നും 85നുമിടയിൽ പ്രായമുള്ളവരാണെന്നും മിക്കവരും പൂർണ്ണമായി വാക്സിനേഷൻ എടുത്തവരാണെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സ്ഥിരീകരിച്ചു.

ഇന്നലെ മുതൽ ബ്രിട്ടൻ ലെവൽ നാലിലേക്ക് നീങ്ങിയിരുന്നു. കർശന നിയന്ത്രണങ്ങളോടൊപ്പം ആളുകൾ സാമൂഹിക അകലം പാലിക്കണമെന്ന മാർഗ്ഗനിർദേശവും നിലവിലുണ്ട്. ഡിസംബര്‍ 31 ന് മുന്‍പായി രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള അര്‍ഹതയുള്ളവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച്ച രാവിലെ 6 മണിമുതല്‍ നിശാക്ലബ്ബുകളിലും ധാരാളം പേർ കൂടുന്ന വേദികളിലും പ്രവേശിക്കുന്നതിന് ആളുകൾ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസുകള്‍ എടുത്തതിന്റെ തെളിവോ അല്ലെങ്കില്‍ നെഗറ്റീവ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് ഫലമോ ഹാജരാക്കേണ്ടി വരും. ഒമിക്രോണിനെ നേരിടാൻ ഇതിലും ലളിതമായ മറ്റൊരു മാർഗമില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്നമായിരുന്നു ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ലഭ്യമല്ല എന്നുള്ളത്. രാജ്യത്ത് ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും പക്ഷേ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം വിതരണത്തിലാണ് തകരാർ നേരിട്ടതെന്നും കഴിഞ്ഞ ദിവസം ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് വെളിപ്പെടുത്തിയിരുന്നു. ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യുന്ന എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായതും ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമല്ലാത്തതും പ്രതിപക്ഷ ഭരണപക്ഷ എംപിമാർക്കിടയിലും ജനങ്ങളിലും വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

ഈ സാഹചര്യത്തിൽ ആമസോൺ കുറഞ്ഞനിരക്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ വില്പന ആരംഭിക്കുന്നതായി അറിയിച്ചത് ടെസ്റ്റ് കിറ്റുകൾ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളം ശക്തമായ വിതരണശൃംഖല ഉള്ള ആമസോണിന് കുറഞ്ഞ നിരക്കിൽ പെട്ടെന്ന് ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ സാധിക്കും. കഴിഞ്ഞ കുറേ നാളുകളായി ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികളെ കുറിച്ച് വളരെയേറെ പരാതികളാണ് ജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നത്. അമിതവില ഈടാക്കുന്നത് കൂടാതെ ടെസ്റ്റിൻെറ ഫലം ലഭിച്ചില്ല തുടങ്ങിയ ഒട്ടേറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിനെതുടർന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റിയോട് പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിവിധ ഏജൻസികൾ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിൽ ഗവൺമെൻറ് പരാജയപ്പെട്ടെന്ന് ലബോറട്ടറി ആൻഡ് ടെസ്റ്റിംഗ് ഇൻഡസ്ട്രി ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. ഈ മേഖലയിലേക്കുള്ള ആമസോണിൻെറ വിപണി പ്രവേശനം ക്രിസ്മസ് കാലത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved