ഷിബു മാത്യൂ.
സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി.
വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്.
യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു.
“ൻ്റെ പീടിക” ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മിൽട്ടൺ കെയിൻസ് സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്റ്റാന്റൺബറി വാർഡിലേക്ക് മത്സരിക്കാൻ ഒരുങ്ങി മലയാളി സ്ഥാനാർത്ഥിയും. മെയ് നാലിനാണ് തിരഞ്ഞെടുപ്പ്. യുകെയിലെ പ്രമുഖ വ്യവസായിയായ ഗ്രിഗറി പയസിനെ നിർത്താനാണ് കൺസർവേറ്റീവ് പാർട്ടി തീരുമാനം. ഗ്രിഗറിയുടെ വാർഡിൽ ബാൻക്രോഫ്റ്റ്, ബ്രാഡ്‌വില്ലെ, ഗ്രേറ്റ് ലിൻഫോർഡ്, ലിൻഫോർഡ് വുഡ്, ഓക്രിഡ് ജ് പാർക്ക്, നീത്ത് ഹിൽ എന്നി പ്രദേശങ്ങൾ ഉൾപ്പെടുന്നു.
ഗ്രേ എന്നറിയപ്പെടുന്ന ഗ്രിഗറി, കോവിഡ് സമയത്ത് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതുൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖ്യ പ്രവർത്തകനാണ്. ഒരു ദശാബ്ദത്തിലേറെയായി ബ്രാഡ്‌വില്ലിൽ സബ്‌പോസ്റ്റ്‌മാസ്റ്ററായി സേവനമനുഷ്ഠിക്കുകയും, കോംപ്ലിമെന്ററി ഹെൽത്ത് സെന്റർ നടത്തുകയും ഒമ്പത് വർഷമായി ചാരിറ്റി ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ (BKA) ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഗ്രിഗറി 1975ൽ സൗത്ത്ഹാളിലാണ് എത്തിയത്. തുടർന്ന് 1987-ൽ മിൽട്ടൺ കെയ്‌നിലേക്ക് താമസം മാറി.
36 വർഷത്തിലേറെയായി മിൽട്ടൺ കെയ്‌ൻസിലെ സ്ഥിരതാമസക്കാരനായ ഗ്രിഗറി, സ്റ്റാന്റൺബറി വാർഡും നഗരവും എല്ലാവർക്കും താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന മികച്ച വാർഡാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യത്തെ കുറിച്ച് വാർത്ത പുറത്തു വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പ് ആകാംഷയിലാണ് മലയാളികളായ പ്രവാസികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ ആക്രമണത്തിനിരയായ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 29 ബുധനാഴ്ച രാത്രി 11 മണിയോടെ കിംഗ്സ് ഹീത്തിലെ യോർക്ക് റോഡിൽ വെച്ചാണ് സംഭവം. 73 വയസ്സുള്ള ഒരാൾ ആക്രമിക്കപ്പെട്ടതായിട്ടാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറയുന്നത്. ഡിസ്പ്ലേ ബോർഡിൽ ഇടിച്ച ശേഷം ഇരയുടെ തലയ്ക്ക് പരിക്കേറ്റു, കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ബുധനാഴ്‌ച വൈകുന്നേരം കിംഗ്‌സ് ഹീത്തിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിശ്വാസിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ബർമിംഗ്ഹാം പോലീസ് ട്വീറ്റ് ചെയ്തു. കേസിൽ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നുമാണ് ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബം പറയുന്നത്.
എന്നാൽ, കഴിഞ്ഞയാഴ്ച എഡ് ജ്ബാസ്റ്റണിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് നേരെ നടന്ന ആക്രമണവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഒത്തിരിപേർ വീഡിയോ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് അവസാനിപ്പിക്കണമെന്നും പോലീസ് പറഞ്ഞു. ഇരയുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും തയാറാകണമെന്നും പോലീസ് ആവശ്യപ്പെട്ടു.
യുകെയിൽ വംശീയതയോട് ബന്ധപ്പെട്ട ആക്രമണങ്ങൾ നിരവധി തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് മടങ്ങിയ വിശ്വസിക്ക് നേരെ ഉണ്ടായത് ഇത്തരത്തിലുള്ള ആക്രമണമാണോ എന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വംശീയ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും കടുത്ത ശിക്ഷ ഏറ്റുവാങ്ങുന്ന കുറ്റകൃത്യങ്ങളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലണ്ടനിൽ മലയാളിയെ കൊലപെടുത്തിയ കേസിൽ പ്രതിയായ പതിനാറുകാരനെ ജാമ്യത്തിൽ വിട്ട പോലീസ് നടപടിക്കെതിരെ മകൾ രംഗത്ത്. 2023 മാർച്ച് 19 ന് പുലർച്ചെ ലണ്ടനിൽ വച്ച് സൗത്ത്ഹാളിൽ നിന്നുള്ള ജെറാൾഡ് നെറ്റോ (62) പിന്നിൽ നിന്ന അജ്ഞാതരുടെ ഗുരുതരമായ ആക്രമണത്തിന് വിധേയനായി മരണപ്പെടുകയായിരുന്നു. ജെറാൾഡിന്റെ ശവസംസ്‍കാരം കഴിയുന്നതിനു മുൻപ് തന്നെ പ്രതിയെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. നിലവിലെ നിയമത്തിന്റെ പഴുതാണ് പ്രതിയായ യുവാവിന് രക്ഷപെടാൻ അവസരമായത്. നിയമം പരിഷ്കരിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെടുന്നു.
നടന്ന് പോവുകയായിരുന്ന ജെറാൾഡിനെ പിന്നിൽ നിന്ന് പതിനാറുകാരൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. അവശനിലയിൽ കണ്ടെത്തിയ ജെറാൾഡിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലൈഫ് സപ്പോർട്ടിങ് മെഷീനുകളും ജെറാൾഡിനെ കയ്യൊഴിഞ്ഞു. പ്രതിയായ പതിനാറുകാരനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിൽ വിട്ടയച്ചതെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളെ നിയമം രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത പുന പരിശോധിക്കണമെന്നും ജെറാൾഡിന്റെ മകൾ ജെന്നിഫർ നെറ്റോ ആവശ്യപ്പെടുന്നു.
‘എന്റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടെങ്കിലും കുറ്റവാളിയെ വെറുതെ വിട്ടിരിക്കുകയാണ്. മരണത്തിൽ കലാശിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ കുടുംബത്തെ മാത്രമല്ല, സമൂഹത്തെയും ബാധിക്കുന്നുണ്ട് . എന്റെ പിതാവ് പലരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാവരെയും സ്നേഹിച്ചും സഹായിച്ചുമാണ് പിതാവ് കടന്ന് പോയത്. ഇങ്ങനെ ആക്രമിക്കപ്പെട്ടു ജീവിതം നഷ്ടമാകുന്ന എത്രയോ നിരപരാധികൾ ഉണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങൾക്ക് തക്കതായ ശിക്ഷ ലഭിക്കണം’- ജെന്നിഫറിന്റെ പരാതിയിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഏപ്രിൽ 1 മുതൽ രാജ്യത്ത് ജീവിത ചിലവുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ നികുതികളും നിരക്ക് വർദ്ധനവുകളും നിലവിൽ വരുന്നത് മൂലമാണിത്. ഇതിന്റെ ഭാഗമായി കൗൺസിൽ ടാക്സ് , വെള്ളം, മൊബൈൽ ബില്ലുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ വർദ്ധനവ് ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. ഭക്ഷണ വിലയിലും കാര്യമായ വർദ്ധനവ് ഉണ്ടാകും.
എന്നാൽ ഈ പ്രതിസന്ധികളുടെ ഇടയിലും കുറഞ്ഞ വരുമാനക്കാർക്ക് മിനിമം വേതനത്തിൽ സർക്കാർ പ്രഖ്യാപിച്ച വർദ്ധനവ് ഇന്ന് നിലവിൽ വരുന്നത് ആശ്വാസമാകും. ഇത് പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടേറെ യു കെ മലയാളി വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. ഏകദേശം 2 ലക്ഷം ആളുകൾക്ക് ഇന്ന് മുതൽ മണിക്കൂറിന് 10.42 പൗണ്ട് വേതനം ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . മിനിമം വേതനത്തിലെ ഈ വർദ്ധനവ് 24 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ്. കുതിച്ചുയരുന്ന ജീവിത ചിലവ് താഴ്ന്ന വരുമാനക്കാരെ ആണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെ വേതനത്തിലെ വർദ്ധനവ് താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസമാകും.
കൗൺസിൽ നികുതി 5% വരെ വർദ്ധിപ്പിക്കാനാണ് പ്രാദേശിക കൗൺസിലുകൾക്ക് സർക്കാർ അനുമതി കൊടുത്തിരിക്കുന്നത്. മിക്കവാറും കൗൺസിലുകൾ സാധ്യമായ ഏറ്റവും വലിയ വർദ്ധനവ് തന്നെ നടപ്പിലാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അതുകൊണ്ട് ബാൻഡ് ബി പ്രോപ്പർട്ടിക്ക് പ്രതിവർഷം ശരാശരി 100 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മലയാളി യുവതിക്ക് നോർവിച്ചിൽ ദാരുണാന്ത്യം. ക്യാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ബിജുവാണ്(29) തികച്ചും ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. ക്യാൻസർ രോഗം സ്ഥിരീകരിച്ചു മാസങ്ങൾ പിന്നിടുന്നതിനിടയിലാണ് സംഭവം. അപ്രതീക്ഷിത മരണം തീർത്ത വേർപാടിന്റെ ദുഃഖത്തിലാണ് മലയാളി സുഹൃത്തുക്കളും ബന്ധുമിത്രാദികളും. ചികിത്സ പ്രാഥമിക ഘട്ടം എന്ന നിലയിൽ തുടങ്ങിവച്ചതിനിടയിൽ അനു യാത്രയായി.
നേഴ്‌സ് ദമ്പതികളായ അനുവും ബിജുവും യുകെയില്‍ എത്തിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു. അതിനിടയിലാണ് അനുവിനെ ക്യാൻസർ കവർന്നെടുത്തത്. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച ബിജുവിന്റെ വിസയില്‍ ഡിപെന്‍ഡന്റ് ആയിട്ടെത്തിയ അനുവിന് സ്തനത്തിലാണ് ക്യാൻസർ ബാധിച്ചത്. വിദഗ്ധ ചികിത്സകൾ ലഭ്യമാക്കിയിരുന്നു. രോഗം മൂർച്ഛിച്ചു നിന്ന സമയത്താണ് പരിശോധന നടത്തി സ്ഥിരീകരിച്ചത്. എന്നാൽ
ചികിത്സകളും പ്രാർത്ഥനകളും വിഫലമാക്കി അനു മടങ്ങി. രണ്ടു വയസുള്ള എഡ്വിനെ ലാളിച്ചു കൊതിതീരും മുൻപുള്ള അനുവിന്റെ മടക്കയാത്ര എല്ലാവരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അനുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നിയമനടപടികൾ പൂർത്തിയായാൽ ഉടനെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. കുടുംബത്തോടൊപ്പം എല്ലാത്തിനും സഹായത്തിനായി നോര്‍വിച്ചിലെ മലയാളികള്‍ ഒപ്പമുണ്ട്. വയനാട്ടുകാരിയാണ് അനു. എന്നാൽ വിവാഹ ശേഷം ആലപ്പുഴയിലായിരുന്നു താമസം.
അനുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വിദേശ പന്നിയിറച്ചി ബ്രിട്ടീഷ് എന്ന വ്യാജ ലേബലിൽ സൂപ്പർമാർക്കറ്റുകളിൽ എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വൻതോതിലാണ് മാർക്കറ്റുകളിലേയ്ക്ക് മാംസം എത്തിച്ചിരിക്കുന്നത്. അഴുകിയ പന്നിയിറച്ചിയിൽ പുതിയ മാംസം കലർത്തിയെന്ന അവകാശവാദവും ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി ഇതിനോടൊപ്പം പരിശോധിക്കുന്നുണ്ട്. യുകെയിലെ പല സൂപ്പർമാർക്കറ്റുകളിലും മാംസം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വ്യാവസായിക തലത്തിലുള്ള വിദേശ പന്നിയിറച്ചി ബ്രിട്ടീഷുകാരുടേത് എന്ന ലേബലിൽ മാർക്കറ്റിൽ വിതരണം ചെയ്യാനാണ് ഇത്തരത്തിലുള്ള ആളുകളുടെ ശ്രമമെന്നാണ് വാർത്തകളോട് അധികൃതരുടെ പ്രതികരണം. 2020 മുതൽ വിപണിയിൽ എത്തിയ മാംസങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റെഡി മീൽസ്, ക്വിച്ചുകൾ, സാൻഡ്‌വിച്ചുകൾ എന്നിങ്ങനെയുള്ള നിരവധി ഇനങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കൂളുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ, ജയിലുകൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലൂടെ ഇത് വിതരണം ചെയ്യുന്നുണ്ട്.
ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തെളിവുകൾ ശേഖരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ആളുകൾക്ക് ലഭ്യമായ ഭക്ഷണങ്ങളിൽ മാംസത്തിന്റെ സാന്നിധ്യമുണ്ടോ എന്നുള്ളതിൽ വ്യക്തത കൈവന്നിട്ടില്ല. ഭക്ഷണത്തിന്റെ നിലവാരത്തിൽ എന്തെങ്കിലും കുറവുണ്ടോ എന്നുള്ളത് പരിശോധിക്കുമെന്നും ഫുഡ് സ്റ്റാൻഡേർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് എമിലി മൈൽസ് പറഞ്ഞു. റീട്ടെയിൽ വ്യവസായ ലോബി ഗ്രൂപ്പായ ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നോർത്ത്ഫീൽഡിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ജോനാഥൻ ഗ്ലോവർ (34) എന്നയാളാണ് പിടിയിലായത്. പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ബസിൽ പലയിടങ്ങളിൽ വെച്ച് പെൺകുട്ടിയെ ആളുകൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. നോർത്ത്ഫീൽഡിലെ ഫ്രാങ്ക്‌ലി ബീച്ചസ് റോഡിലാണ് ഇരുവരെയും കണ്ടെത്തിയത്.
ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ നടന്ന വാദത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് മറ്റ് ലൈംഗിക ഉദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി. ഗ്ലോവർ പെൺകുട്ടിയെ പരിചയപ്പെട്ടത് ഒരു പോപ്പ് ഗായികയോടുള്ള താല്പര്യത്തെ തുടർന്നാണ്. കഴിഞ്ഞ വർഷം ഡിസംബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളാണ് ഇതിലേക്ക് ഇരുവരെയും നയിച്ചതെന്നും കോടതിയിൽ പറഞ്ഞു.
ആദ്യദിവസം ഇരുവരും ബസ് സ്റ്റേഷനിലാണ് താമസിച്ചത്. വീട്ടിലെ സാഹചര്യങ്ങൾ കാരണം പെൺകുട്ടിയെ സഹായിക്കുകയാണ് ഇയാൾ ചെയ്തതെന്നാണ് ഉയരുന്ന പ്രധാന വാദം. എന്നാൽ പ്രതിയുടെ ഉദ്ദേശ്യം ദുഷിച്ചതാണെന്ന തെളിവുകൾ വ്യക്തമാക്കുന്നതായി ജഡ്ജി ഡീൻ കെർഷാവ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് മാറ്റിവെച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാധ്യമങ്ങളിലൂടെ ഔദ്യോഗിക വിവരങ്ങൾ പങ്കുവയ്ക്കുന്നത് പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്താറുണ്ട്. വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത് കടുത്ത സുരക്ഷാ വീഴ്ചയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോരുന്നതിനും ഇടയാക്കുന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ബ്രിട്ടൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് മന്ത്രിമാർ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെയുള്ളത് ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് 2013 – ൽ പുറത്തിറക്കിയ മാർഗ്ഗരേഖയായിരുന്നു.
മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ ആപ്പുകൾ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും ഒരിക്കലും രഹസ്യം എന്ന വിഭാഗത്തിൽ പെടുത്താവുന്ന വിവരങ്ങൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നും മാർഗരേഖയിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യാൻ വാട്സ്ആപ്പ് ഉപയോഗിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
ബ്രിട്ടനിൽ കോവിഡ് ഏറ്റവും കൂടിയ നിന്ന സമയത്ത് അന്നത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്കും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ അയച്ച ഒരു ലക്ഷത്തിലധികം സന്ദേശങ്ങൾ ലഭിച്ചതായി ഡെയിലി ടെലഗ്രാം പത്രം വെളിപ്പെടുത്തിയതാണ് ഈ വിഷയത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായത്. ക്യാബിനറ്റ് ഓഫീസ് പുറത്തിറക്കിയ പുതിയ മാർഗനിർദേശം മന്ത്രിമാർ , പ്രത്യേക ഉപദേഷ്ടാക്കൾ, ഉദ്യോഗസ്ഥർ, മന്ത്രിമാരുടെ ഉപദേഷ്ടാക്കൾ എന്നിവർക്ക് ബാധകമാണ്. വാട്സ്ആപ്പ് , സിഗ്നൽ , ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി കുറയ്ക്കണമെന്ന് മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. രഹസ്യം അല്ലെങ്കിൽ അതീവ രഹസ്യം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാൻ പാടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നോട്ടിംഗ്ഹാമിൽ ബോക്സിങ് മത്സരത്തിനിടയിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കോട്ടയം സ്വദേശിയായ ജുബൽ റെജിയാണ് മരണമടഞ്ഞത്. ബോക്‌സിംഗ് മത്സരത്തിനിടയിലാണ് പരിക്കേറ്റത്. ഇയാളുടെ മാതാപിതാക്കൾ അബുദാബിയിൽ നിന്ന് യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. കോട്ടയം സ്വദേശികളാണ് കുടുംബം.
മാർച്ച് 25 ശനിയാഴ്ചയാണ് ചാരിറ്റി ബോക്‌സിംഗ് മത്സരം നടന്നത്. ജുബൽ റെജിയ്ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയിരുന്നു .ബോക്‌സിംഗ് മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും വിദ്യാർത്ഥി വിജയിക്കുകയും മൂന്നാം റൗണ്ടിൽ പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പാരാമെഡിക്കുകൾ ഉടൻ തന്നെ എത്തിച്ചേർന്നു. തുടർന്ന് ആംബുലൻസിൽ ക്വീൻസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ആവശ്യമായ എല്ലാവിധ ചികിത്സകളും ലഭ്യമാക്കാൻ വൈദ്യസംഘം ശ്രമിക്കുകയും ചെയ്‌തെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അധികൃതർ മത്സരം നിർത്തി വച്ചിരുന്നു. പരിക്ക് പറ്റിയതിൽ സങ്കടമുണ്ടെന്നും, അപ്രതീക്ഷിതമായിട്ടാണ് സംഭവിച്ചതെന്നും അൾട്രാ വൈറ്റ് കോളർ ബോക്‌സിംഗിന്റെ വക്താവ് പറഞ്ഞു.
ജുബൽ റെജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.