ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കൊച്ചി- ലണ്ടൻ വിമാനയാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളിക്ക് ആകസ്മിക മരണം. ഡെർബിക്ക് അടുത്ത് ഇകെസ്റ്റൺ എന്ന സ്ഥലത്ത് താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജാണ് വിമാനയാത്രയ്ക്കിടെ മരണമടഞ്ഞത്. ദുരന്തം അറിയാതെ സ്വീകരിക്കാൻ കാത്തിരുന്ന ഭാര്യയേയും മക്കളേയും തേടിയെത്തിയത് ദിലീപിന്റെ മരണവാർത്തയാണ്.
വിമാന യാത്രയ്ക്കിടെ കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ദിലീപിന് സഹയാത്രികരുടെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന ഉടനെ എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നും ദിലീപിന്റെ കുടുംബത്തെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായാണ് അറിയാൻ സാധിച്ചത്. എന്നാൽ മരണവാർത്ത എത്തുന്നതിന് മുൻപ് ഭാര്യയും മക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു കഴിഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ ഭരണാധികാരി നിക്കോള സ്റ്റർജിയൻ ബുധനാഴ്ച അപ്രതീക്ഷിതമായി തന്റെ രാജിപ്രഖ്യാപിച്ചു. 2014 മുതൽ സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററാണ് സ്റ്റർജിയൻ. തന്റെ പാർട്ടിയായ സ്കോട്ടിഷ് നാഷണൽ പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്നും നിക്കോള സ്റ്റർജിയൻ അറിയിച്ചു. 2026-ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പുവരെ എം.പി.യായും തുടരും.
സ്കോട്‌ലൻഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് അമ്പത്തിരണ്ട് വയസ്സുള്ള സ്റ്റർജിയൻ . അധികാരമേറ്റപ്പോൾ മുതൽ ബ്രിട്ടനിൽ നിന്ന് സ്കോട്‌ലൻഡിനെ വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ, ഇതിനായി നടത്തിയ ഹിതപരിശോധനയിൽ ഭൂരിഭാഗം സ്കോട്‌ലൻഡുകാരും ബ്രിട്ടനിൽ തുടരുന്നതിനെ അനുകൂലിക്കുകയായിരുന്നു. വീണ്ടുമൊരു ഹിതപരിശോധന നടത്താനുള്ള അവരുടെ നീക്കത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി കിട്ടിയതുമില്ല. മാത്രമല്ല, സ്വതന്ത്രരാജ്യമാകുന്നതിൽ സ്കോട്‌ലൻഡുകാർക്ക് താത്പര്യമില്ലെന്നു കാണിക്കുന്ന അഭിപ്രായസർവേകളും പുറത്തുവന്നിരുന്നു.
എന്നാൽ, രാജിക്കുകാരണം തന്റെ തന്ത്രങ്ങൾ വിജയിക്കാത്തതിനെത്തുടർന്നുള്ള സമ്മർദമല്ലെന്നും സ്റ്റർജിയൻ പറഞ്ഞു. നീണ്ടനാളത്തെ ആലോചനയ്ക്കുശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും രാഷ്ട്രീയക്കാരി എന്നതുപോലെ താൻ ഒരു മനുഷ്യനുമാണെന്നും ബുധനാഴ്ച രാജിപ്രഖ്യാപിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കേരളത്തിലെ ആശുപത്രികളിൽ നേഴ്സുമാർക്ക് ശമ്പളം കുറവാണ് എന്നുള്ളത് ഒരു യഥാർഥ്യമാണ്. ഇതിനെ ഒരു സാധ്യതയാക്കി എൻ എച്ച് എസ് അധികാരികൾ കേരളത്തിലേക്ക് എത്തുകയാണ്. ഉയർന്ന ശമ്പളത്തിന് പ്രഗത്ഭരായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുക എന്നുള്ളതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എൻ എച്ച് എസ് പ്രതിനിധികളും വിദഗ്ദരും അടങ്ങുന്ന സംഘമാണ് സന്ദർശിക്കുന്നത്.
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്, വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം എന്നിവ സംയുക്തമായാണ് നടപടി കൈകൊള്ളുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി), കേരള സ്‌കിൽസ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഈ ടീം കേരളത്തിലെ മന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
കേരളവും യുകെയുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച നടത്തുന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. തങ്ങളുടെ അഞ്ച് പ്രതിനിധികളുടെ ഇന്ത്യാ സന്ദർശനം ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളിലെ പ്രൊഫഷണൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം പ്രതിനിധികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിൻറെ കിരീടധാരണ ചടങ്ങിൽ വിവാദമായ കോഹിനൂർ രത്നം പതിച്ച കിരീടം ഭാര്യയും രാജ്ഞിയുമായ കാമില ധരിക്കില്ല. ഏറെ വാർത്തകളിൽ ഇടംപിടിച്ച കോഹിനൂർ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തിൽ വിവാദം ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തു കാമില ധരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിനു പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിച്ച് അലങ്കരിക്കും. കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കോഹിനൂർ രത്നം കൈവശപ്പെടുത്തുകയ്യായിരുന്നു. രത്നം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമായിരിക്കെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. മേയ് 6 -ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്.
1849ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മെറ്റ് പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിച്ചു. അതിജീവിതയുടെ വീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ ഫാബിയൻ അഗ്വിലാർ-ഡെൽഗാഡോ (40) ആ സമയത്ത് യൂണിഫോമിലും ഡ്യൂട്ടിയിലുമായിരുന്നു. 2020 മെയ് മാസത്തിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ കുറ്റം ചെയ്തത്. സഹപ്രവർത്തകനോടൊപ്പം വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥൻ വീട് പരിശോധിക്കാൻ എന്ന വ്യാജേനെയാണ് ഉള്ളിൽ പ്രവേശിച്ചത്.
സൗത്ത് വാർക്ക് ക്രൗൺ കോടതിയാണ് കേസിൽ വാദം കേട്ടത്. അതേസമയം, ജോലിയിൽ പുതിയ ആളായ അഗ്വിലാർ-ഡെൽഗാഡോ, തനിക്കെതിരെ ഉയർന്നു വന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു രംഗത്ത് വന്നു. സ്ത്രീ തന്നെയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നും, കേസിൽ ഇയാൾ നിരപരാധിയാണെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന അഭിമുഖത്തിൽ വ്യക്തമാക്കി.
ആദ്യം അയാൾ എന്നെ കടന്നുപിടിക്കുകയും, പിന്നീട് ബലമായി ചുണ്ടിൽ ചുംബിക്കാൻ ശ്രമിക്കുകയും ആയിരുന്നെന്ന് യുവതി പറയുന്നു. ‘അയാളുടെ ആക്രമണത്തിൽ നിന്ന് തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ബലമായി ഉപദ്രവിക്കുകയായിരുന്നെന്നും അവർ കൂട്ടിചേർത്തു. മാറിടത്തിൽ ബലമായി കടന്ന് പിടിക്കാൻ വരെ ശ്രമമുണ്ടായി’- അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിൽ ഇന്നലെ ആരംഭിച്ച ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്ന് തുടർന്നേക്കും. നികുതിയിലെ ക്രമക്കേടുകൾ , ലാഭം വക മാറ്റൽ തുടങ്ങിയവ ആരോപിച്ചാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച 11 . 30 -ന് ആരംഭിച്ച റെയ്ഡിൽ 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്പുകൾ പിടിച്ചെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റെയ്ഡ് അല്ല സർവേയാണ് നടക്കുന്നത് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം .
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ നടന്ന റെയ്ഡ് പ്രതികാര നടപടിയുടെ ഭാഗമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെ വിമർശിക്കുന്നവരെ ഉന്നമിടുന്നത് ഇന്ത്യയിൽ അസാധാരണമല്ലെന്നാണ് പരിശോധനകളോട് ബിബിസി പ്രതികരിച്ചത്. പരിശോധനകളോട് പൂർണ്ണമായി സഹകരിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും പ്രധാന തലക്കെട്ട് ബിബിസിയിൽ നടന്ന റെയ്ഡ് ആണ്. തരംതാണ പ്രതികാര നടപടിയാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പൊതുവേയുള്ള വിമർശനം. ബിബിസിയിൽ നടത്തിയ റെയ്ഡ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. റെയ്ഡും അനന്തര നടപടികളും ഇന്ത്യൻ – ബ്രിട്ടീഷ് നയതന്ത്ര ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിയേക്കാമെന്ന് സംശയിക്കുന്നവരും കുറവല്ല .ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടൻ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കൗൺസിൽ നികുതി വർധനവിൽ വലഞ്ഞ് ജനം. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ 100 പൗണ്ടോ അതിൽ കൂടുതലോ വർദ്ധനവാണ് നിലവിൽ നേരിടുന്നത്. നികുതി പുതുക്കാൻ സർക്കാർ തീരുമാനം കൈകൊണ്ടതിനെ തുടർന്നാണ് നടപടി. അനുദിനം ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ കനത്ത പ്രഹരമാണ് ഇത് ഏൽപ്പിക്കുന്നത്. ഓരോ ദിവസവും തള്ളി നീക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നാണ് ജനങ്ങൾ പറയുന്നത്. നികുതി വർദ്ധനവ് കൂടിയാകുമ്പോൾ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്ന കാര്യമുറപ്പാണെന്നും വിമർശകർ പറയുന്നു.
അതേസമയം, സെൻട്രൽ ബെഡ്‌ഫോർഡ്‌ഷെയറിലെ ഒരു കൗൺസിൽ മാത്രമാണ് 2023-24 ൽ കൗൺസിൽ നികുതി വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞത്. നികുതി വർധിപ്പിച്ചതിൽ ഏറെയും 2% ആണ്. ക്യാപ്പിംഗ് സമ്പ്രദായം രാജ്യത്ത് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണിതെന്നുമാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ശരാശരി 4 ശതമാനമെങ്കിലും വർധനവ് രേഖപ്പെടുത്തുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നികുതി ഉയർത്തുന്നതെന്നാണ് കൗൺസിൽ മേധാവികളുടെ വാദം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് കൗൺസിലുകൾക്കാണ് 10 ശതമാനം മുതൽ 15 ശതമാനം വരെ നികുതി വർധിപ്പിക്കാൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്ക് സമാഹരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 152 ഏകീകൃത അധികാരികളിൽ 114 എണ്ണം വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ശരാശരി ബാൻഡ് D ഗാർഹിക ബില്ലുകൾ 5 ശതമാനം വർദ്ധനവിന് കീഴിൽ പ്രതിവർഷം £ 99 വർദ്ധിക്കും. ഏറ്റവും ഉയർന്ന നികുതിയുള്ള മേഖലകളിലെ ചെലവേറിയ സാധനങ്ങൾക്ക് ഇതിന്റെ ഇരട്ടിയിലധികം വർധനയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ഏറെ സംശയമുള്ള കാര്യമാണ് സ്റ്റുഡന്റ് വിസയിൽ നിന്ന് സ്‌കിൽഡ് വർക്കർ വിസയിലേക്ക് മാറുന്ന നടപടി. യോഗ്യതയുള്ള ഏതാനും വിദ്യാർത്ഥികൾക്കാണ് പഠന വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ആഭ്യന്തര വകുപ്പ് അനുവാദം നൽകുന്നത്. ഇങ്ങനെ മാറുന്നതിനെ തുടർന്ന് പലവിധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥികൾ നേരത്തെ മുതൽ തന്നെ പറയുന്ന കാര്യമാണ്.
കെയർ ഹോം വിസയിലേക്ക് മാറുമ്പോൾ പല തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രധാനമായും പല തട്ടിപ്പ് സംഘങ്ങളും പെട്ടെന്ന് വിസ ഓഫർ ചെയ്യുകയും, എന്നാൽ പിന്നീട് ഉത്തരവാദിത്തങ്ങൾ ഒന്നും തന്നെ ഏൽക്കാതിരിക്കുകയും ചെയ്യും. സ്പോൺസർഷിപ്പ് ഉണ്ടെന്ന വ്യാജേനയാണ് ഇത്തരം ആളുകൾ വിദ്യാർത്ഥികളെ സമീപിക്കുന്നത്. കെയർ ഹോം വിസകളിൽ ഒരാൾ വളരെ കുറച്ച് കാലം മാത്രമേ ജോലി ചെയ്യാൻ സാധ്യതയുള്ളൂ. എന്നാൽ ഇത് കഴിഞ്ഞു പോകുമ്പോഴാണ് നിയമവശങ്ങൾ അനുസരിച്ചു നടപടി നേരിടേണ്ടി വരുന്നത്.
വിസ എളുപ്പത്തിൽ മാറ്റാൻ ശ്രമിക്കുന്ന ചില കുറുക്കുവഴികളാണ് ഇത്തരം കുഴികളിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. കെയർ ഹോം വിസയിലേക്ക് മാറുമ്പോൾ ഇത്തരം ചില കാര്യങ്ങൾ കൂടി നിർബന്ധമായും ശ്രദ്ധിക്കണം. ധൃതിപിടിച്ച് വിസ മാറ്റത്തിനു വിദ്യാർത്ഥികൾ ശ്രമിക്കാതിരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം. പഠിക്കാൻ ആണ് എത്തിയതെങ്കിൽ ആദ്യം അത് പൂർത്തിയാക്കുവാൻ ശ്രമിക്കണം. അല്ലാതെ പെട്ടെന്ന് ജോലി ചെയ്യണം, പണം സമ്പാദിക്കണം എന്നുള്ള നിലയിലേക്ക് മാറുമ്പോഴാണ് നിയമപരമല്ലാത്ത കുഴികളിൽ ചെന്ന് ചാടുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഉപഭോക്താകൾക്ക് ഗുണപ്രദമായ മാറ്റാവുമായി ബാങ്ക്. നാറ്റ്‌വെസ്റ്റ് ഉപഭോക്താക്കൾക്കാണ് നടപടി ഉപകാരപ്പെടുക. മാർച്ച് ആദ്യം മുതൽ, ഫിക്സഡ് അല്ലെങ്കിൽ ട്രാക്കർ മോർട്ട്ഗേജുകളിലുള്ള ഉപഭോക്താക്കൾക്ക് നേരത്തെയുള്ള തിരിച്ചടവ് തുക നൽകാതെ തന്നെ കൂടുതൽ പണം ലഭിക്കുന്ന തരത്തിലാണ് പുതിയ നടപടി. നാറ്റ്‌വെസ്റ്റ് അതിന്റെ ഓവർപേയ്‌മെന്റ് പരിധി 10% ൽ നിന്ന് 20% ആയി വർദ്ധിപ്പിക്കുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് ബാങ്കിൽ അധികമായി നൽകാതെ തന്നെ കൂടുതൽ മോർട്ട്‌ഗേജ് ക്ലിയർ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.
പ്രതിമാസം 500 പൗണ്ടിൽ കൂടുതൽ പണം സ്ഥിരമായി അടയ്ക്കുന്ന ഉപഭോക്താക്കൾക്ക്, ഓരോ വർഷവും ശേഷിക്കുന്ന തുകയുടെ 8% മുതൽ 10% വരെ ക്ലിയർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകാൻ തയാറാണെന്നും നാറ്റ്വെസ്റ്റ് അറിയിച്ചു. മാസങ്ങൾക്കുള്ളിൽ ആദ്യമായി ശരാശരി മോർട്ട്ഗേജ് നിരക്ക് 4% ത്തിൽ താഴെയായതിന് ശേഷമാണ് ഈ നടപടി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജനുവരിയിൽ തുടർച്ചയായ പത്താം തവണയും പലിശ നിരക്ക് 4% ആയി ഉയർത്തിയിരുന്നു. വർദ്ധിച്ച പലിശനിരക്കും, ജീവിതചിലവും മൂലം ആളുകൾ പ്രതിസന്ധിയിലാണ്.
മോർട്ട്ഗേജ് എന്നത് വലിയ നിക്ഷേപമാണ്. അതിനാൽ നിങ്ങൾക്ക് കഴിയുന്നിടത്ത് പണം ലാഭിക്കാൻ ശ്രമിക്കണം. ഇതിനായി ആദ്യം പരിഗണിക്കേണ്ടത് പലിശ നിരക്കാണ്. ഒട്ടുമിക്ക കേസുകളിലും, വലിയ തുക കുറഞ്ഞ നിരക്കിലാണ് കൂടുതൽ ആളുകളും നിക്ഷേപിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജുകളേക്കാൾ ഫിക്സഡ് നിരക്കുകൾ സാധാരണയായി കുറവാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Uswitch.com അല്ലെങ്കിൽ moneysupermarket.com പോലുള്ള വെബ്സൈറ്റുകൾ പരിശോധിക്കുക. അല്ലെങ്കിൽ ഇടനിലക്കാരെ സമീപിക്കാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ സർവകലാശാലകളിലേയ്ക്ക് വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അപേക്ഷകളിൽ 10,000 ത്തോളം അപേക്ഷകരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ അധ്യായന വർഷം 18 വയസ്സുള്ള 180,000 -ത്തിലധികം പെൺകുട്ടികളാണ് അപേക്ഷിച്ചത്. ഇത് 50.4 ശതമാനമാണ്. എന്നാൽ 2023 -ൽ അപേക്ഷാ നിരക്ക് 47.6 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വനിതാ അപേക്ഷകരുടെ എണ്ണത്തിൽ 10,000 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മഹാമാരിയുടെ സമയത്ത് നേഴ്സിങ് അനുബന്ധ കോഴ്സുകൾക്ക് വൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം നേഴ്സിംഗ്, അധ്യാപനം തുടങ്ങിയ മേഖലകളിലേയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യുകെയിലെ നേഴ്സുമാരുടെ ശമ്പളത്തിനോട് അനുബന്ധിച്ചുള്ള സമരവും മറ്റും വിദ്യാർഥികളെ ആ മേഖലയിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ പ്രേരിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ .
അപേക്ഷകരുടെ എണ്ണം വളരെ കുറയുകയാണെങ്കിൽ യുകെയിലെ സർവകലാശാലകൾ വൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് സൂചന. പണപെരുപ്പവും ഉയരുന്ന ചിലവുകളും കൂടുതൽ ഫീസ് നൽകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഏറ്റെടുക്കാൻ സർവകലാശാലകളെ പ്രേരിപ്പിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിദ്യാർത്ഥിനികളുടെ കാര്യത്തിൽ മാത്രമല്ല യുകെയിലെ സർവകലാശാലകളിലേയ്ക്കുള്ള മൊത്തം വിദ്യാർത്ഥികളുടെ അപേക്ഷയിലും കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 2.3 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട ജോലി സാധ്യതയും ശമ്പളവും ലഭിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന കമ്പ്യൂട്ടർ സയൻസ്, നിയമം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്