ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 10 വയസുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ പിതാവിനേയും രണ്ടാനമ്മയേയും അമ്മാവനേയും തിരഞ്ഞ് പോലീസ്. ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർക്കായാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ചയാണ് ഇവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയത്.

41 കാരനായ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

പോലീസ് 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണെന്ന് സറേ പോലീസിലെയും സസെക്‌സ് പോലീസ് മേജർ ക്രൈം ടീമിലെയും ഡെറ്റ് സൂപ്റ്റ് മാർക്ക് ചാപ്‌മാൻ പറഞ്ഞു