ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വ്യാഴാഴ്ച ബോൾട്ടനിനടുത്തുള്ള മോട്ടോർ വേയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഉർജ്ജിതമാക്കി. എം.16 ജംഗ്ഷൻ 4 – നു സമീപം മിസ് മാർട്നെയും മാർക്ക് ഗോർഡനെയും അവരുടെ നവജാത ശിശുവിനെയുമാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
മോട്ടോർ വേയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തകരാറിലാവുകയായിരുന്നു. ഇതിനെ തുടർന്ന് ഇവർ വാഹനം ഉപേക്ഷിച്ച് ഹൈഫീൽഡ് , ലിറ്റിൽ ഹൾട്ടൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ആങ്കർ ലെയ്ൻ പാലത്തിലേയ്ക്ക് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിനുശേഷം ഇവരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ലെന്നതാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. ദമ്പതികൾക്കും കുഞ്ഞിനും വേണ്ടി തിരച്ചിൽ ശക്തമാക്കിയ പോലീസ് ഫലം വിഫലമായപ്പോഴാണ് അമ്മയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാണെങ്കിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്
ടോം ജോസ് തടിയംപാട്
1880 ൽ നിർമ്മിച്ച ക്രിസ്റ്റ്യൻ ദേവാലയത്തിൻ്റെ ഹാളിൽ ആദ്യമായി ഭഗവദ്‌ഗീതമന്ത്രവും, ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി, അഞ്ജുവിനു കെറ്ററിംഗ് സമൂഹം കണ്ണിരോടെ വിടനൽകി .
സംരക്ഷിക്കപ്പെടേണ്ട ഭർത്താവിന്റെ കരങ്ങൾ കാലൻ്റെ രൂപം പൂണ്ടു വന്നു കഴുത്തു ഞെരിച്ചു കൊന്ന കെറ്ററിംഗ് ജനറൽ. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന് (35 ) കെറ്ററിംഗിലെ ഇംഗ്ലീഷ് ,മലയാളി സമൂഹം ഒത്തുചേർന്നു വിടനൽകി .
രാവിലെ 10 മണിക്ക് ഫ്യൂണറൽ സർവീസിന്റെ വാഹനം പള്ളിമുറ്റത്ത് എത്തിയപ്പോൾ തന്നെ അഞ്ജു ജോലിചെയ്തിരുന്ന ഹോസ്പിറ്റലിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വലിയൊരു പുരുഷാരവും അഞ്ജുവിനെ അവസാനമായി കാണുന്നതിനും ആദരാജ്ഞലികൾ അർപ്പിക്കാനും അവിടെ ഒത്തുകൂടിയിരുന്നു . പിന്നീട് മൃതദേഹം നിലവിളക്കും കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു വച്ചിരിക്കുന്ന ഹാളിലേക്ക് എത്തിയപ്പോൾ ഭാരത്തിന്റെ അത്മായ ഭഗവദ്‌ഗീതാ മന്ത്രവും ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി നിന്നു.
ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ പ്രാർഥനകളും ചൊല്ലികൊണ്ടാണ് പൊതുദർശനം നടന്നത് .അഞ്ജുവിന്റെ കൂടെ ജോലിചെയ്യതിരുന്ന ഇംഗ്ലീഷ് നേഴ്സുമാരും ഡോക്ടർമാരും ഹോസ്പിറ്റൽ ഭരണാധികാരികളും വളരെ വേദനയോടെ റോസാപുഷ്പ്പങ്ങളുമായി വന്നു അന്ത്യോപചാരം അർപ്പിച്ചു കടന്നുപോയി. കുട്ടികളുടെ ബോഡി കൊണ്ടുവന്നാൽ ഞങ്ങൾക്കു കാണാൻ വിഷമമാണ് എന്ന് ഇംഗ്ലീഷ് സുഹൃത്തുക്കൾ അറിയിച്ചതുകൊണ്ട് കുട്ടികളുടെ ബോഡി പൊതുദർശനത്തിനു കൊണ്ടുവന്നില്ല .
ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ഹോസ്പിറ്റലിലെ ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലിം ചാപ്ലിൻമാരും സാമൂഹിക പ്രവർത്തകനായ സുഗതൻ തെക്കേപുര , കെറ്ററിംഗ് മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ , ഫാദർ എബിൻ ,എന്നിവർ സംസാരിച്ചു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുവേണ്ടി സിബു ജോസഫ് ,യുക്‌മയ്ക്കുവേണ്ടി പ്രസിഡന്റ് ബിജു പെരിങ്ങാത്തറ , കെ.എം.ഡബ്ല്യു.എയ്ക്ക് വേണ്ടി സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ റീത്തുവച്ചു മൃതദേഹത്തെ ആദരിച്ചു.
പൊതുദർശനത്തിന്റ ക്രമീകരണങ്ങൾ നടത്തിയിരുന്നത് കെറ്ററിംഗ് മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ (കെ.എം.ഡബ്ല്യു.എ) ആയിരുന്നു . ഈ ദുരന്തം ഉണ്ടായപ്പോൾ മുതൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ മറ്റു അസ്സോസിയേഷനുകൾക്കു മാതൃകയാണ്. അവരുടെ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളാണ് സോബിൻ ജോൺ ,ഐറിസ് മെൻറ്‌സ് എന്നിവരുടേത് .
.
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനുമുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്
അഞ്ജുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത്. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് മനോജ് അറിയിച്ചു കഴിഞ്ഞ ഡിസംബർ 15 നാണ് അഞ്ജുവും മക്കളായ ജീവ (6 ),ജാൻവി (4 ) എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ജുവിന്റെ ഭർത്താവു കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ എൻ എച്ച് എസ് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ വിദഗ്ധരുമായി ചർച്ചയ് ക്കൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. നിർണായക യോഗത്തിൽ പ്രധാനമന്ത്രിക്ക് പുറമെ ആരോഗ്യ സെക്രട്ടറിയും ട്രഷറി മന്ത്രിമാരും പങ്കെടുക്കും. ചില ആശുപത്രികളിൽ കിടക്കകളുടെ അഭാവം മൂലം രോഗികൾ ട്രോളികളിൽ ദിവസങ്ങൾ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തിര യോഗം. വിവിധ ഓപ്പറേഷനുകൾക്ക് കാലതാമസം നേരിടുന്നത് എൻ എച്ച് എസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഋഷി സുനക് പറഞ്ഞു.
പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, എൻഎച്ച്എസ് ഓർഗനൈസേഷനുകളുടെയും പ്രാദേശിക ഏരിയകളുടെയും കൗൺസിലുകളുടെയും ചീഫ് എക്സിക്യൂട്ടീവുകൾ, ക്ലിനിക്കൽ നേതാക്കൾ, കൂടാതെ മെഡിക്കൽ സോഷ്യൽ കെയർ വിദഗ്ധർ എന്നിവരും ശനിയാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടക്കുന്ന യോഗത്തിൽ വിദഗ്ധരോടൊപ്പം പങ്കെടുക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ്, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ സർ ക്രിസ് വിറ്റി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രോഗികളുടെ ചികിത്സ, പരിചരണം, ഓപ്പറേഷനുകൾ, ജിപി അപ്പോയിൻമെന്റുകൾ എന്നിവയാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയുന്നത്.
രാജ്യത്ത് പനി, കോവിഡ്, നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും സമരം, വർദ്ധിച്ചു വരുന്ന ജീവിതചിലവ് പ്രതിസന്ധി എന്നിവ കാരണം ആരോഗ്യമേഖല സമ്മർദത്തിലാണ്. ഇത് പരിഹരിക്കാൻ കൂടിയാണ് അടിയന്തിരമായി യോഗം ചേരുന്നത്. രാജ്യത്തെ ആരോഗ്യ സേവനത്തെ ഏറ്റവും മികച്ചതാക്കി മാറ്റാനുള്ള നിർണായക തീരുമാനങ്ങൾ പ്രസ്തുത ചർച്ചയിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2023-24 വർഷത്തെ ശമ്പള വർദ്ധനവ് ചർച്ചചെയ്യാൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ യൂണിയൻ പ്രധിനിധികളെ തിങ്കളാഴ്ച ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ശമ്പള തർക്കത്തിൽ ആദ്യം നടപടി കൈകൊള്ളണമെന്നും ഇല്ലാത്തപക്ഷം പണിമുടക്കുകൾ തുടരുമെന്നും യൂണിയൻ അറിയിച്ചു. അതേസമയം, വിദഗ്ധരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യമേഖലയ്ക്ക് ആശ്വസിക്കാൻ കഴിയുന്ന രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ട്രെയിൻ ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പിലാക്കാൻ വഴിതെളിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സമരം അവസാനിപ്പിക്കാൻ മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള വർദ്ധനവാണ് നടപ്പിലാക്കുക എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. 2022 -ലെ ശമ്പളത്തിൽ 4 ശതമാനം വർദ്ധനവും അത് കൂടാതെ ഈ വർഷം മുതൽ വീണ്ടും 4 ശതമാനം വർദ്ധനവുമാണ് സമരം അവസാനിപ്പിക്കാനായി വച്ചിരിക്കുന്ന നിർദ്ദേശം.
ഫലത്തിൽ 8 ശതമാനത്തിൽ കൂടുതൽ ശമ്പള വർദ്ധനവ് ലഭിക്കുന്ന നിർദ്ദേശമാണ് ട്രെയിൻ ഡ്രൈവർമാരുടെ യൂണിയനുകളുടെ മുൻപിൽ ചർച്ചയ്ക്കായി വച്ചിരിക്കുന്നത് . എന്നാൽ ഔദ്യോഗികമായി സമരങ്ങൾ അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് യൂണിയനുകളുടെ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. 40 വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ പണപ്പെരുപ്പം വർദ്ധിച്ച സാഹചര്യത്തിൽ മാന്യമായ വേതന വർദ്ധനവിനാണ് തങ്ങൾ സമരമുഖത്ത് ഇറങ്ങിയതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി മൈക്ക് വിലാൻ നേരത്തെ പറഞ്ഞിരുന്നു . തിങ്കളാഴ്ച റെയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ കമ്പനിയുടെയും യൂണിയന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾ നടക്കും .
നേഴ്സിങ് ഉൾപ്പെടെ പല മേഖലകളിലെയും ജീവനക്കാർ രാജ്യത്ത് സമരമുഖത്താണ് . ഡിസംബർ 15 , 20 തീയതികളിൽ നടന്ന നേഴ്സുമാരുടെ സമരം എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയിരുന്നു. നേഴ്സുമാരുടെ ഉൾപ്പെടെയുള്ള സമരങ്ങൾ ഒത്തുതീർപ്പിലാക്കാൻ സർക്കാരിൻറെ ഭാഗത്തുനിന്നും തണുപ്പൻ സമീപനമാണ് ഉള്ളതെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഫ്ഗാൻ അഭയാർത്ഥിയായ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. തെക്ക്-പടിഞ്ഞാറൻ ലണ്ടൻ പാർക്കിൽ വെച്ചാണ് ദാരുണമായ സംഭവം.2021 ഒക്ടോബർ 12 ന് ട്വിക്കൻഹാമിലെ ക്രെയ്ൻഫോർഡ് വേ പ്ലേയിംഗ് ഫീൽഡിൽ വെച്ചാണ് ഹസ്രത്ത് വാലി ആക്രമിക്കപ്പെട്ടത്. 20 സെന്റീമീറ്റർ ആഴത്തിലാണ് മുറിവേറ്റത്. ആക്രമണത്തെ തുടർന്ന് അമിതമായി രക്തസ്രാവം ഉണ്ടാവുകയും, അതിനെ തുടർന്നായിരുന്നു മരണമെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.
സംഭവത്തിൽ പ്രതിയായ 17 വയസുകാരൻ കുറ്റം നിഷേധിച്ചു രംഗത്ത് വന്നു. വാലിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടർ ജേക്കബ് ഹലാം കെസി കോടതിയെ അറിയിച്ചു.
പ്രതിയുടെ കൈവശമുള്ള കത്തി പെൺകുട്ടി കണ്ടത് സാക്ഷി മൊഴിയായി കോടതി സ്വീകരിച്ചു . ഇത് ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. തമ്മിൽ വാക്കുതർക്കം തുടർന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. തുടർന്ന് വാലി പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. തിരികെ എത്തിയശേഷം കുഴഞ്ഞു വീഴുകയായിരുന്നു. സംഭവസമയത്ത് പിടിച്ചു മാറ്റാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും നടന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹാരി രാജകുമാരന്റെ ആത്മകഥ അനുദിനം വലിയ ചർച്ചകൾക്കാണ് തുടക്കം കുറിക്കുന്നത്. പതിനേഴാമത്തെ വയസിൽ മുതിർന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിലൂടെ കന്യാകാത്വം നഷ്ടപ്പെട്ട സംഭവവും ആത്മകഥയിൽ പറയുന്നുണ്ട്. വിൽറ്റ്ഷയറിലെ റാറ്റിൽബോൺ സത്രമെന്ന് കരുതപ്പെടുന്ന തിരക്കേറിയ ഒരു പബ്ബിന് പിന്നിൽ വെച്ചായിരുന്നു ഇതെന്നും പുസ്തകം പറയുന്നു.
ഒരു ജില്ലി കൂപ്പർ നോവലിൽ നിന്നുള്ള ഖണ്ഡികയ്ക്ക് യോഗ്യമായ വിശദാംശങ്ങളിലേക്ക് രാജകുമാരൻ കടന്നുപോകുമ്പോൾ, പേര് വെളിപ്പെടുത്താത്ത പങ്കാളി തന്നോട് പെരുമാറിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന്റെ വിവരണം ആ സ്ത്രീ ആരായിരിക്കുമെന്നതിനെ ചുറ്റിപറ്റിയുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. പുസ്തകം ഈ ആഴ്ച ബുക്ക് ഷോപ്പുകളിൽ എത്തുന്നത് മുന്നിൽ കണ്ട് നടി ലിസ് ഹർലി അത് താനല്ലെന്ന് സ്വയം നിരസിച്ചു രംഗത്ത് വന്നു.
പുസ്തകം ഇറങ്ങിക്കഴിഞ്ഞാൽ മാത്രമേ അക്കാര്യത്തിൽ ഒരു വ്യക്തത കൈവരികയുള്ളു. പ്രായമായ സ്ത്രീയോടുള്ള ഹാരിയുടെ താൽപ്പര്യം മുൻപും ചർച്ചയായതാണ്. ഹാരിയുമായി നേരത്തെ ബന്ധപ്പെട്ടിട്ടുള്ള ഒരു സ്ത്രീ 23 വയസുകാരിയായ മുൻ മോഡൽ സൂസന്ന ഹാർവി ആയിരുന്നു. നേരത്തെ ഗ്ലൗസെസ്റ്റർ ഷെയറിലെ ബാഡ്മിന്റൺ ഹൗസിന്റെ ഗ്രൗണ്ടിൽ വച്ച് ഹാരി കോട്‌സ്‌വോൾഡ് എയർപോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഹാർവിയെ മർദിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ പ്രമുഖ വ്യവസായിയും അലൈഡ് ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോയ് തോമസിൻ്റ മാതാവും ഏറത്ത് എ. ഒ തോമസിൻ്റെ ഭാര്യയുമായ ഏലികുട്ടി തോമസ് (78) നിര്യാതയായി. മക്കൾ ജോയി തോമസ് (യുകെ), റോബിൻ തോമസ് (യുകെ ), കരോളിൻ ഷാജ് സ്രാമ്പിക്കൽ (പാലാ), ബെറ്റി ജോഷി കുന്നത്ത് പുരയിടം (വിളക്കുമാടം).
മൃത സംസ്കാര ശുശ്രൂഷകൾ 9-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 – ന് ആരംഭിച്ച് രാമപുരം അടുത്ത് നീറന്താനം സെൻ്റ്. തോമസ് ദേവാലയത്തിലെ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
പരേതയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ ബന്ധുമിത്രാദികളോടൊപ്പം മലയാളം യുകെയും പങ്കുചേരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഡിസംബർ മാസം യുകെയിലെ വീടുകൾക്ക് വില ഇടിഞ്ഞതായി റിപ്പോർട്ട് പുറത്ത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയർന്ന പലിശനിരക്കുമാണ് ഇതിനു പ്രധാനകാരണമെന്നും കണക്കുകൾ പറയുന്നു. നവംബറിനെ അപേക്ഷിച്ച് 1.5% ആണ് ഡിസംബറിൽ വില കുറഞ്ഞത്. നിലവിൽ യുകെയിലെ വീടിന്റെ ശരാശരി വില £281,272 ആണെന്നാണ് ഹാലിഫാക്സ് പറയുന്നത്.
അനുദിനം ജീവിത ചിലവുകൾ വർദ്ധിക്കുകയാണ്. ഗാർഹിക ബില്ലുകളിലെ വർധനവാണ് താങ്ങാൻ കഴിയാത്തത്. എന്നാൽ പലിശനിരക്ക് ഉയരുന്നതും വിപണിയെ മന്ദഗതിയിലാക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നാണെന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു. വീട് വാങ്ങുന്നവരും വിൽക്കുന്നവരും വരും വർഷങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ മാസത്തിൽ ഇടിവ് വിപണി കണ്ടതിൽ വെച്ച് ഏറ്റവും താഴ്ന്ന നിലയിലാണെന്നും അതിനാൽ വരും വർഷങ്ങളിൽ കൂടുതൽ കരുതലോടെ വാങ്ങൽ വിൽക്കൽ ഇടപാടുകൾ നടത്തണമെന്ന് ഹാലിഫാക്സ് മോർട്ട്ഗേജ് ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു.
നവംബർ മാസം 4.6 ശതമാനമാണ് വിലവർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഡിസംബറിലേക്ക് എത്തിയപ്പോൾ നേർ പകുതിയായി കുറയുകയാണ് ഉണ്ടായത്. പലിശ നിരക്ക് ഇക്കാലയളയവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബർ മുതൽ ഒമ്പത് തവണ നിരക്കുകൾ കുത്തനെ കൂട്ടി. വിലകയറ്റം കുറയ്ക്കാൻ ആണെന്ന് അഭിപ്രായപ്പെടുമ്പോഴും സൃഷ്ടിച്ചത് കനത്ത പ്രതിസന്ധി തന്നെയാണ്. ഇത് പണപെരുപ്പത്തിലേക്ക് നയിച്ചു. നിലവിൽ 3.5% ആണ് പലിശ നിരക്ക്. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയറിനെ ചുറ്റിപറ്റി അനുദിനം വാർത്തകൾ പുറത്ത് വരികയാണ്. ദിനംതോറും വലിയ ചർച്ചകളിലേക്കാണ് ഇവ നയിക്കുന്നത്. കാമിലയെ വിവാഹം കഴിക്കരുതെന്ന് താനും വില്യം രാജകുമാരനും പിതാവിനോട് ആവശ്യപ്പെട്ടത് പോലുള്ള രാജകുടുംബത്തിലെ ആവലാതികളും കയ്പുമാണ് പുസ്തകം പ്രധാനമായും വിവരിക്കുന്നത്. ഇതിനിടയിൽ വില്യം തന്നെ ശാരീരികമായി ആക്രമിച്ചു എന്നുള്ള വാദം പുസ്തകത്തെ കൂടുതൽ ചർച്ചകളിൽ സജീവമാക്കി.
പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങും. വിവാദങ്ങൾ സൃഷ്ടിച്ച പല സംഭവങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.1980 കളിൽ മേജർ ജെയിംസ് ഹെവിറ്റുമായി തനിക്ക് അഞ്ച് വർഷത്തെ ബന്ധമുണ്ടായിരുന്നുവെന്ന് ഹാരിയുടെ അമ്മ ഡയാന രാജകുമാരി മരിക്കുന്നതിന് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇതുൾപ്പടെയുള്ള കാര്യങ്ങളിലാണ് പുസ്തകം ഇറങ്ങുന്നതോടെ വ്യക്തത വരാൻ പോകുന്നത്. ഹാരിയുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ആർമി ഹെലികോപ്റ്റർ പൈലറ്റെന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.
ഹാരിയും വില്യമും കാമിലയെ കല്യാണം കഴിക്കരുതെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായി പുസ്തകം പറയുന്നു. ദുഷ്ടയായ രണ്ടാനമ്മയായി മാറുമോ എന്നുള്ള ഭയത്താൽ ആയിരുന്നു ഇതെന്നും ഹാരി കൂട്ടിച്ചേർത്തു. കുടുംബത്തിലെ അംഗമാകുന്നതിനു മുൻപ് താനും സഹോദരനും കാമിലയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി ഹാരി അവകാശപ്പെടുന്നതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 17 -മത്തെ വയസിൽ കൊക്കയിൻ ഉപയോഗിച്ച് തുടങ്ങിയെന്നും, മുതിർന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും,മേഗനുമായുള്ള വിവാഹത്തിനെതിരെ കുടുംബം പലതരത്തിൽ ദ്രോഹിച്ചെന്നും പുസ്തകം സാക്ഷ്യപെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വെസ്റ്റ് മിഡ്‌ലാൻഡിലെ നേഴ്‌സറിയിൽ ഒരു വയസുള്ള ആൺകുട്ടി മരിച്ച സംഭവത്തിൽ ആറ് സ്ത്രീകൾ അറസ്റ്റിൽ. ഡിസംബർ 9 നായിരുന്നു സംഭവം. ഡഡ്‌ലിയിലെ ഫെയറിടെയിൽസ് ഡേ നേഴ്‌സറി ഓഫ്‌സ്റ്റഡ് പോലീസ് സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കേസിൽ അറസ്റ്റിലായവരിൽ രണ്ട് പേരാണ് ഇതിന് പിന്നിലെ പ്രധാനികളെന്നാണ് പോലീസ് സംശയിക്കുന്നത്. ബോൺ സ്ട്രീറ്റിലെ നേഴ്‌സറി നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ്. കേസിലെ പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് 51, 53, 37 വയസ്സ് പ്രായമുള്ളവരാണെന്ന് പോലീസ് പറയുന്നു.
20, 23, 50 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പേരെ ഡിസംബർ 16 ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പോലീസ് അധികാരികൾ വ്യക്തമാക്കി.
ഡിസംബർ 9 നായിരുന്നു കുട്ടിയുടെ മരണം. സംഭവത്തെ തുടർന്ന് ബോൺ സ്ട്രീറ്റിലേക്ക് പാരാമെഡിക്കുകളെയും ഒരു എയർ ആംബുലൻസിനെയും വിളിച്ചതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അധികൃതർ പറഞ്ഞു. അതനുസരിച്ചു എത്തി കുട്ടിയ്ക്ക് ലൈഫ് സപ്പോർട്ട് നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.