ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കോവിഡിന് ശേഷം കുതിച്ചുയർന്ന വീട് വിലകൾ കുറയുകയാണ്. കോവിഡ് പ്രതിസന്ധിയും പണപെരുപ്പവും റഷ്യ – യുക്രൈൻ യുദ്ധവുമാണ് വീട് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് കാരണം. 2019 മുതൽ യുകെയിലെ ചില പ്രദേശങ്ങളിൽ വീടുകളുടെ വില 20 ശതമാനം വരെ ഉയർന്നിട്ടുണ്ട്. റൈറ്റ്‌മൂവ് കണ്ടെത്തൽ പ്രകാരം ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവുമധികം ഉയർച്ചയുണ്ടായത്. അതേസമയം, ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം 2024 മൂന്നാം പാദത്തോടെ വീട് വിലയിൽ ഒമ്പത് ശതമാനം ഇടിവ് ഉണ്ടായേക്കും എന്നാണ്. ഇതോടെ ആദ്യമായി വീടുവാങ്ങിയവർ പ്രതിസന്ധിയിലാകും.
2020ലും 2021ലും വീട് വാങ്ങിയവർക്കാണ് ഈ തിരിച്ചടി. അവർ വീട് വാങ്ങാൻ ചിലവഴിച്ച തുകയേക്കാൾ കുറവാണ് അടുത്ത വർഷത്തെ വില. നെഗറ്റീവ് ഇക്വിറ്റിയിൽ വീണതിനാൽ ആദ്യമായി വീട് വാങ്ങിയ 90,000 ഉടമകൾക്ക് അവരുടെ വീടുകൾ റീമോർട്ട്ഗേജ് ചെയ്യാനുള്ള സൗകര്യം നഷ്ടമാകും. തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരുന്നു വീടുവിലയിലെ ചാഞ്ചാട്ടം ഏറ്റവുമധികം. 2019-ല്‍ ഒരു വീടിന്റെ ശരാശരി വില 2,94,000 പൗണ്ട് ആയിരുന്നത് 20 ശതമാനം ഉയര്‍ന്ന് 3,53,852 പൗണ്ടായി. തെക്ക് കിഴക്കന്‍ മേഖലയിൽ ശരാശരി വില 4,03,980 പൗണ്ടായിരുന്നത് 18 ശതമാനം വര്‍ദ്ധിച്ച് 4,78,188 പൗണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി വീട് വില സെൻട്രൽ ലണ്ടനിലായിരുന്നു. വീട് വിലയിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായി. 2024-ന്റെ മൂന്നാം പാദത്തോടെ ഒമ്പത് ശതമാനം ഇടിവ് ഉണ്ടാകുമ്പോൾ വീടിന്റെ ശരാശരി വില ഏകദേശം 268,450 പൗണ്ടിലേക്ക് താഴും. 2024 വേനൽക്കാലത്ത് വിലയിൽ 26,550 പൗണ്ട് കുറവുണ്ടാകുമെന്ന് ഒ ബി ആർ പറയുന്നു. നവംബറിലെ ശരാശരി വീടിന്റെ വില ഇതിനകം 1.4 ശതമാനം കുറഞ്ഞു – 2020 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്.
ലൂട്ടൻ: മരണങ്ങളുടെ മണിമുഴക്കം അവസാനിക്കാതെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടനിൽ ലൂട്ടനിൽ താമസിക്കുന്ന ജിജി മാത്യസിന്റെ (56, മുഞ്ഞനാട്ട് കുടുംബാംഗം) മരണം ലൂട്ടൻ മലയാളികളെ എന്നപോലെ തന്നെ യുകെയിലെ മറ്റു മലയാളികളെയും ഒരുപോലെ ഞെട്ടിച്ചു എന്നത് ഒരു യാഥാർത്യമാണ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്.
എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയായിരുന്നു. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.
എല്ലാവരുമായും ക്രിസ്മസിന്റെ സന്തോഷം പങ്കുവെച്ചു തലേദിവസം പിരിഞ്ഞ പ്രിയ സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ ഞെട്ടലിലാണ് യുകെയിൽ മലയാളി സുഹൃത്തുക്കൾ. യുകെയിൽ ഏറെ സൗഹൃദമുള്ള ജിജി, പ്രവാസി മലയാളി സംഘടനയായ ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്, യുക്മയുടെ പല പരിപാടികളിലും സജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.
ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനും ജിജി അക്ഷീണം പ്രവർത്തിച്ചിരുന്നു. പ്രിയ സുഹൃത്തിനെക്കാൾ ഉപരിയായി ജ്യേഷ്ഠ സഹോദരനെയാണ് പ്രിയപ്പെട്ടവർക്ക് നഷ്ടമായിരിക്കുന്നത്. എല്ലാ പ്രതിസന്ധിയിലും താങ്ങായി നിന്ന ജിജിയുടെ വേർപാടിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ.
ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്
ജിജിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്രിസ്മസ് തലേന്ന് പാക് പബ്ബിൽ ബ്യൂട്ടീഷനായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എല്ലെ എഡ്വേർഡ് എന്ന യുവതിയാണ് മരിച്ചത്. ലിവർപൂളിന് സമീപമുള്ള ഗ്രാമമായ വാലസെയിലെ ലൈറ്റ്ഹൗസ് ഇന്നിൽ സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടയിൽ രാത്രി 11.50 നാണ് വെടിയേറ്റത്.
സംഭവത്തെ തുടർന്ന് സിപിആർ നൽകാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡ്വേർഡിന്റെ സഹോദരി ലൂസി ദുബായിലാണ് വർഷങ്ങളായി താമസിക്കുന്നത്. എന്നാൽ ഇത്തവണ സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിൽ സഹോദരിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റിൽ എന്റെ എല്ലാം എല്ലാമാണ് നഷ്ടമായതെന്നും അവർ പറഞ്ഞു.
എല്ലെയുടെ കൊലപാതകത്തിൽ സംശയം തോന്നിയ ട്രാൻമേറിൽ നിന്നുള്ള മുപ്പത് വയസുകാരനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന റോക്ക് ഫെറിയിൽ നിന്നുള്ള 19 കാരിയായ യുവതിയും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പബ്ബിനുള്ളിൽ ഉണ്ടായ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും പലരും ഇതുവരെ പുറത്തുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമരത്തിന് ശേഷം ഇന്ന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും സാധാരണ രീതിയിൽ ഓടി തുടങ്ങാൻ സമയമെടുത്തേക്കും എന്ന് റിപ്പോർട്ടുകൾ . പല ട്രെയിനുകളും ഉച്ചയ്ക്ക് മുമ്പ് ഓടി തുടങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഇത് കാരണം അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം.
70 ശതമാനം സർവീസുകളും പ്രവർത്തിക്കുമെന്നാണ് നെറ്റ് വർക്ക് റെയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ട്രെയിന്റെ സമയക്രമം പരിശോധിക്കണമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. രാവിലെ 7 .15 മുതൽ ചില സേവനങ്ങൾ പുന:സ്ഥാപിക്കാൻ തുടങ്ങുമെന്നാണ് സ്കോട്ട് റെയിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് മുഴുവൻ തടസ്സമുണ്ടാകാനുള്ള സാധ്യതയും അവർ അറിയിച്ചിട്ടുണ്ട്.
പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവിനായി യുകെയിലുടനീളമുള്ള റെയിൽവേ ജീവനക്കാരുടെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. 14 ട്രെയിൻ കമ്പനികളിലെ ആയിരക്കണക്കിന് ജീവനക്കാർ സമരമുഖത്ത് ഇറങ്ങിയത് ട്രെയിൻ ഗതാഗതം താറുമാറാക്കിയിരുന്നു. ക്രിസ്മസിനു മുന്നോടിയായി സമരങ്ങളുടെ പരമ്പര തന്നെയായിരുന്നു രാജ്യത്ത് അരങ്ങേറിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അടുത്തവർഷം മുതൽ കോവിഡ് സംബന്ധമായ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് രാജ്യത്ത് അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ . മൂന്നുവർഷത്തിന് ശേഷമാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. വൈറസിനൊപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പ്രസ്തുത തീരുമാനം കൈകൊണ്ടിരിക്കുന്നത്.
അടുത്തവർഷം ജനുവരി മാസം മുതൽ വൈറസ് ബാധിതരുടെ വിവരങ്ങൾ, കോവിഡ് ബാധിച്ച് ആശുപത്രിയിലായവരുടെ എണ്ണം , മരണനിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പരസ്യമാക്കേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ വാക്സിനുകളും മറ്റു ചികിത്സാരീതികളും കൊണ്ട് രാജ്യം സാധാരണ നില കൈവരിച്ചതിനാൽ ഇനി കോവിഡ് സംബന്ധമായ വിവരങ്ങൾ പുറത്തുവിടുന്നതിൽ അർത്ഥമില്ലെന്ന് ചീഫ് ഡേറ്റാ സയന്റിസ്റ്റ് ഡോ. നിക്ക് വാട്ട് കിൻസ് പറഞ്ഞു. രോഗബാധിതരായ വ്യക്തിയിൽ നിന്ന് രോഗം മറ്റുള്ളവർക്ക് എത്രമാത്രം പകരും എന്നതിനെ സൂചിപ്പിക്കുന്ന ആർ- നിരക്കും ഇനി പരസ്യപ്പെടുത്തുന്നില്ല.
രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട് മൂന്ന് വർഷത്തോളമായി. വിവരങ്ങൾ പൊതുവായി പ്രസിദ്ധീകരിക്കുന്നില്ലെങ്കിലും ഡേറ്റ അവലോകനവും നിരീക്ഷണവും വീണ്ടും ഉണ്ടാകും. കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ട് തുടർനിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2021 ഒക്‌ടോബറിനും 2022 ജൂണിനുമിടയിൽ കത്തി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചുള്ള 49,991 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ക്രൈം ഡേറ്റാ പറയുന്നു. അതായത് ദൈന്യദിനം രാജ്യത്ത് 136 അക്രമസംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചുരുക്കം. മുൻ വർഷങ്ങളിലേക്കാൾ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുകയാണെന്നും ജനസംഖ്യയ്ക്ക് ആനുപാതികമായി കേസുകൾ രജിസ്റ്റർ ചെയുന്നുണ്ട് എന്നും അധികൃതർ പറയുന്നു.
ഈ കാലയളവിൽ ഇംഗ്ലണ്ടിലും വെയിൽസിലും റിപ്പോർട്ട് ചെയ്ത 679 കൊലപാതകങ്ങളിൽ 38 ശതമാനവും കത്തിപോലുള്ളവ ഉപയോഗിച്ചുള്ളതായിരുന്നു. ഈ വർഷം ജൂണിനും നവംബറിനുമിടയിൽ രജിസ്റ്റർ ചെയ്ത 6,843 കേസുകളിൽ 1973 ലധികവും മരണം സംഭവിച്ചതായിരുന്നു. സെൻട്രൽ ബറോ ഓഫ് വെസ്റ്റ്മിൻസ്റ്ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ബ്രോംലി, കിംഗ്സ്റ്റൺ, റിച്ച്മണ്ട് എന്നിവിടങ്ങളിൽ കേസുകൾ വളരെ കുറവാണ്.
മറ്റ് പ്രദേശങ്ങളിലും കേസുകൾക്ക് കുറവൊന്നുമില്ല. കെൻസിംഗ്ടണിലും ചെൽസിയിലും 89ഉം, സൗത്ത്വാർക്കിൽ 273, ഗ്രീൻവിച്ചിൽ 113, ഇസ്ലിംഗ്ടണിൽ 120 എന്നിങ്ങനെയാണ് സമീപകാലയളവിൽ രേഖപ്പെടുത്തിയ കേസുകൾ. എന്നാൽ ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതൽ ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 1,125 കേസുകൾ വന്നത് അധികൃതരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ലണ്ടനിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളിൽ പകുതിയിലധികവും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് മേയർ സാദിഖ് ഖാൻ പറയുന്നത്
നോർത്ത് വെയിൽസ്: ക്രിസ്മസ് ദിനത്തിൽ യുകെ മലയാളികൾക്ക് വേദനയായി അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പിൽ ജീജോ ജോസിന്റെ (46) മരണം. ജീവിത പ്രതീക്ഷയോടും ജീവന്റെ നിലനിൽപ്പും പ്രതീക്ഷിച്ച് യു കെ യിൽ എത്തി നാല് മാസം തികയും മുമ്പ് ആണ് മരണത്തിന്റെ രംഗപ്രവേശം. മാഞ്ചസ്റ്ററിനടുത്തു ഡൻബിഗ് ഷെയർ, ബോഡാൽവിടാൻ കമ്മ്യുണിറ്റിയിൽ ഗ്ലാൻ ഗ്ലാഡ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.
ജീജോ നാട്ടിൽ വെച്ച് തന്നെ ക്യാൻസർ രോഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം നിയന്ത്രണവിധേയം എന്ന് കരുതിയിരുന്നു. നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി കഴിഞ്ഞ വര്ഷം എത്തിയ തന്റെ ഭാര്യ നിഷയും മൂന്നു മക്കളുമായി ജീവിതം പടുത്തുയർത്തുവാനായി നാല് മാസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിച്ചേർന്നത്.
കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നി ദമ്പതികളുടെ മകനാണ് പരേതനായ സിജോ ജോസ്. സുജ, റോബിൻ എന്നിവർ സഹോദരങ്ങളും. ഭാര്യ നിഷ ജീജോ. ജോഷ്വാ (13) ജൊഹാൻ (9)ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യോപചാര ശുശ്രുഷകൾ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. പ്രാദേശിക മലയാളി അസോസിയേഷനും ബന്ധു മിത്രാദികളും കൂട്ടുകാരും കുടുംബത്തിന് ആശ്വാസമായി ഒപ്പം ഉണ്ട്.
ജീജോ ജോസിന്റെ അകാല വേർപാടിൽ മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖിതരായ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യാത്രക്കാരന്റെ ലാപ്ടോപ്പിന് തീപിടിച്ചതിനെ തുടർന്ന് 127 പേരുമായി പോയ ജെറ്റ് ബ്ലൂ വിമാനം അടിയന്തിരമായി നിലത്തിറക്കി. ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ജെഎഫ്‌കെ ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു സംഭവം.
തീപ്പിടിത്തത്തിൽ എഴ് യാത്രക്കാർക്ക് കൈക്ക് പൊള്ളലേൽക്കുകയും കുറച്ച് പേർക്ക് പുക ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. അപകടകരമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും യാത്രക്കാർ ഇതുവരെ പുറത്ത് വന്നിട്ടില്ല. ലാപ്ടോപ്പിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർ നടത്തിയ സമയോചിതമായ ഇടപെലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.
അടിയന്തര രക്ഷാ സംവിധാനം ഉപയോഗിച്ച് 67 പേരെ ആദ്യം ജീവനക്കാർ ഒഴിപ്പിച്ചു. ബാക്കി 60 പേരെ സാധാരണഗതിയിൽ പുറത്തെത്തിച്ചെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. അപകടത്തെ തുടർന്ന് ജെറ്റ് ബ്ലൂ അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ വിലക്കിയതിനെ തുടർന്ന് അഞ്ച് പ്രമുഖ സർക്കാരിതര സംഘടനകൾ (എൻജിഒകൾ) സേവനം താൽക്കാലികമായി നിർത്തിവച്ചു. വനിതാ ജീവനക്കാരില്ലാതെ ജോലി തുടരാൻ കഴിയില്ലെന്ന് കെയർ ഇന്റർനാഷണൽ, നോർവീജിയൻ റെഫ്യൂജി കൗൺസിൽ (എൻആർസി), സേവ് ദി ചിൽഡ്രൻ എന്നിവർ പറഞ്ഞു. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയും സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം മിക്ക സേവനങ്ങളും നിർത്തുകയാണെന്ന് ഇസ്ലാമിക് റിലീഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നത് തുടരുകയാണ്. സ്ത്രീകൾക്ക് സർവകലാശാലയിൽ പ്രവേശനം വിലക്കിയതിന് തൊട്ടുപിന്നാലെയാണ് എൻജിഒകൾക്കെതിരെ വിലക്ക് വന്നത്. ഹിജാബ് ധരിക്കാതെ ഡ്രസ് കോഡുകൾ ലംഘിച്ച് സ്ത്രീകൾ ജോലി ചെയ്യുന്നതായി താലിബാൻ സാമ്പത്തിക മന്ത്രാലയ വക്താവ് അബ്ദുൽ റഹ്മാൻ ഹബീബ് ആരോപിച്ചു. അതേസമയം, സ്ത്രീകളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഗ്രൂപ്പുകൾ രംഗത്തെത്തി.
ദരിദ്ര കുടുംബങ്ങൾക്ക് ഉപജീവനമാർഗവും വിദ്യാഭ്യാസവും ചില ആരോഗ്യ സംരക്ഷണ പദ്ധതികളും ഉൾപ്പെടെയുള്ളവ നിർത്തിവയ്ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതാണെന്ന് ഇസ്ലാമിക് റിലീഫ് പറഞ്ഞു. സ്ത്രീ എൻജിഒ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടൻ പിൻവലിക്കണമെന്ന് ഇസ്ലാമിക് റിലീഫ് അഫ്ഗാൻ അധികൃതരോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്രിസ്മസ് രാത്രിയിൽ ലിവർപൂളിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. റേച്ചൽ ലൂയിസ് മൂർ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരണപ്പെട്ടത്. ദാരുണമായ സംഭവമാണ് നടന്നതെന്നും, റേച്ചൽ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടെന്നുമാണ് മെർസിസൈഡ് പോലീസ് പറയുന്നത്.
റേച്ചൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നെന്നും, അവളെ അടുത്തറിഞ്ഞവർ ഒരിക്കലും മറക്കില്ലെന്നും കുടുംബം പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തെ കുറിച്ച് കൂടുതലായി എന്തെങ്കിലും വിവരം കൈവശമുള്ളവർ പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ പറഞ്ഞു.
പോലീസിനെ കൂടാതെ സ്വതന്ത്ര ഏജൻസിയായ ഐഒപിസിയും അന്വേഷണം നടത്തുന്നുണ്ടെന്നും ഡിറ്റക്ടീവ് സർജന്റ് കുർട്ട് ടിംപ്സൺ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ 53 കാരിയായ സ്ത്രീ പോലീസ് വാഹനമിടിച്ചു മരണപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ ഈ സംഭവം.