ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ സിക്ക് ലീവ് എടുക്കുന്ന എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം റെക്കോർഡ് തലത്തിലെത്തി. മഹാമാരി കത്തിപ്പടർന്ന 2020, 2021 വർഷങ്ങളെക്കാൾ അസുഖം മൂലം ലീവ് എടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ . 2019 – നെ അപേക്ഷിച്ച് നിലവിൽ സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണത്തിൽ 29 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം അവധി എടുക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ കാണിക്കുന്നു. സിക്ക് ലീവ് എടുക്കുന്നവരിൽ ഏകദേശം നാലിലൊന്ന് പേർ ഈ ഗണത്തിലാണ്. ജലദോഷം, ചുമ ,ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലം അവധിയെടുക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പല അസുഖങ്ങൾക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏകദേശം 110,000 നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകളാണ് എൻഎച്ച്എസിൽ ഉള്ളത്. ഇതിനെ പുറമെ സിക്ക് ലീവ് എടുക്കുന്ന ജീവനക്കാരുടെ എണ്ണത്തിലുള്ള വൻ വർദ്ധനവ് കൂടിയാകുമ്പോൾ എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. വർദ്ധിച്ച ജോലിഭാരമാണ് ജീവനക്കാരെ പലരെയും രോഗികളാക്കുന്നത് എന്ന് യൂണിസൺ ഹെൽത്ത് ഹെഡ് സാറ ഗോർട്ടൺ പറഞ്ഞു.