ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എനർജി ബില്ലുകളിൽ ഉണ്ടായ വർധന എല്ലാ കുടുംബങ്ങൾക്കും ഒരുപോലെ തിരിച്ചടി. വിലക്കയറ്റവും രൂക്ഷമായികൊണ്ടിരിക്കുകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന നതാഷയെയും ഗാരിയെയും പോലെ അനേകർ നമുക്ക് ചുറ്റുമുണ്ട്. വിവാഹത്തിന് ശേഷം അൻപതാം വയസിൽ നതാഷയ്ക്ക് സ്പൈനൽ കോർഡ് ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞു. ഇത് ശരീരത്തെ താപനിലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ചൂടും തണുപ്പും വേദനയ്ക്ക് കാരണമാകും.
അഞ്ചംഗ കുടുംബത്തിന് നതാഷയുടെ മെഡിക്കൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനും വൈദ്യുതി ആവശ്യമാണ്. നതാഷയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ, 50 വയസ്സുള്ള ഭർത്താവ് ഗാരിക്ക് സ്ലീപ് അപ്നിയ എന്ന സ്ലീപ് ഡിസോർഡർ ഉണ്ട്. ഗുരുതരമാകാതിരിക്കാൻ അയാൾ രാത്രിയിൽ ഒരു സി.പി.എ.പി യന്ത്രം ഉപയോഗിക്കണം. ഊർജ പ്രതിസന്ധിയും ബില്ലുകൾ കുതിച്ചുയരുന്നതും കാരണം വൈദ്യുതിക്കായി പ്രതിമാസം ഏകദേശം 200 പൗണ്ട് ചെലവഴിക്കുന്നു.
അതേസമയം അവരുടെ ഗ്യാസ് ബില്ലുകൾ പ്രതിമാസം £30 ൽ നിന്ന് £130 ആയി ഉയർന്നു. രാജ്യത്ത് ഇതുപോലെ നിരവധിപേർ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ക്രിസ്മസ് കാലത്തും ഉയർന്ന ബില്ലുകൾ പരിഗണിച്ച് ആഘോഷമൊക്കെ കുറയ്ക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കില്ലമാർഷിലെ കൂട്ടകൊലപാതകത്തിൽ പ്രതി ഡാമിയൻ ബെൻഡാലിനു(32) ജീവപര്യന്തം തടവുശിക്ഷ. ഗർഭിണിയായ ഭാര്യയെയും മക്കളെയും, മറ്റൊരു കുട്ടിയെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. 2021 ൽ ഡെർബിഷെയറിലെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. ടെറി ഹാരിസ് (35), മകൻ ജോൺ ബെന്നറ്റ് (13), മകൾ ലേസി ബെന്നറ്റ് (11), ലേസിയുടെ 11 വയസ്സുള്ള സുഹൃത്ത് കോണി ജെന്റ് എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഡെർബി ക്രൗൺ കോടതിയിൽ ആയിരുന്നു ഇയാൾ കുറ്റസമ്മതം നടത്തിയത്. പതിനൊന്ന് വയസുള്ള മകൾ ലേസിയെ ലൈംഗികമായി പീഡിപ്പിച്ചതും ഇയാൾ സമ്മതിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരപരാധിയായ ഒരു സ്ത്രീയ്ക്കും മൂന്നു പിഞ്ചോമനകൾക്കുമെതിരെ ദാരുണമായ അക്രമം നടത്തിയതിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് വാദം കേട്ട ജസ്റ്റിസ് സ്വീനി പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും അവർ വ്യക്തമാക്കി. 2021 സെപ്റ്റംബർ 18നാണ് ഹാരിസിനെയും കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചുറ്റിക ഉപയോഗിച്ച് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെന്നും പ്രോസിക്യൂഷൻ ലൂയിസ് മാബ്ലി കെസി കോടതിയെ അറിയിച്ചു.
അതേസമയം ബെൻഡാലുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഒരാളുമായി ടെറി ഹാരിസ് ബന്ധത്തിലായിരുന്നതായി ലൂയിസ് മാബ്ലി കോടതിയെ അറിയിച്ചു. ഇതാകാം ഒരുപക്ഷെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ചുറ്റിക ഉപയോഗിച്ച് നാലുപേരെയും കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമരങ്ങൾ എൻഎച്ച്എസ്സിന്റെ താളം തെറ്റിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. ഏകദേശം മുപ്പതിനായിരം ശസ്ത്രക്രിയകളാണ് സമരം മൂലം മുടങ്ങിയത്. ഇതുകൂടാതെ ഒട്ടേറെ അപ്പോയിന്റ്മെന്റുകളും സമരം മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 15 , 20 തീയതികളിൽ നടത്തുന്ന സമരം മൂലം എൻഎച്ച്എസിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആംബുലൻസ് പണിമുടക്കിനെ തുടർന്നുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തദിവസം പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്.
സമരങ്ങളെ തുടർന്ന് 25,000 ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടതായാണ് അറിയാൻ സാധിച്ചത്. ഏറ്റവും കൂടുതൽ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടത് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ്. ഇവിടെ മാത്രം 2413 പേരുടെ അപ്പോയിന്റ്മെന്റുകളാണ് റദ്ദാക്കപ്പെട്ടത്. ന്യൂകാസിൽ-അപ്പൺ-ടൈൻ ഹോസ്പിറ്റലിൽ 2313 അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്ത പല ഹോസ്പിറ്റലുകളിലും ബാങ്ക് ഹോളിഡേയുടെ എന്ന രീതിയിലുള്ള പ്രതീതിയായിരുന്നു.
പുറത്തു വന്ന വിവരങ്ങളേക്കാൾ ഗുരുതരമാണെന്നാണ് യഥാർത്ഥ കണക്കുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിൻറെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം പുതു വർഷത്തിലും തുടരുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈ ശൈത്യകാലത്തെ എനർജി ബില്ലുകൾ നിയന്ത്രിക്കുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എനർജി ബില്ലുകൾ എങ്ങനെ കുറയ്ക്കാം എന്നുള്ള മാർഗ നിർദ്ദേശങ്ങൾ നേരത്തെ നൽകിയിരുന്നു. എന്നാൽ ഈ നവംബറിലാണ് യുകെ ഗവൺമെൻറ് ലളിതമായ രീതികളിലൂടെ ചിലവുകൾ എങ്ങനെ കുറയ്ക്കാം എന്നുള്ള മൾട്ടി മില്യൻ പബ്ലിക് ഇൻഫർമേഷൻ ക്യാമ്പയിനു തുടക്കമിട്ടത്. സുരക്ഷയ്ക്ക് യാതൊരു വിധ വിട്ടുവീഴ്ചകൾ ഇല്ലാതെ തന്നെ ചെറിയ മാറ്റങ്ങൾ എനർജി ബില്ലുകളിൽ നല്ല തോതിലുള്ള കുറവാണ് ഉണ്ടാക്കുന്നത്. ഈ ശൈത്യകാലത്ത് ആളുകൾ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം എങ്ങനെ ഊർജ്ജ ഉപയോഗം വെട്ടിക്കുറക്കാനാവും എന്ന രൂപരേഖയാണ് ഈ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്ക് അധികൃതർ പങ്കുവെക്കുന്നത്.
എങ്ങനെ എനർജി ബില്ലുകൾ കുറയ്ക്കാം …
കുറഞ്ഞ താപനിലയുള്ള വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുന്നത് ഒരു വർഷം 40 പൗണ്ട് വരെ ലാഭം നിങ്ങൾക്കുണ്ടാക്കും. 40 ഡിഗ്രി സെൽഷ്യസ് വെള്ളത്തിൽ നിന്നും 30 ഡിഗ്രി സെൽഷ്യസിലേക്ക് മാറുമ്പോൾ എനർജി ബില്ലിൽ ഒട്ടേറെ ലാഭം ഉണ്ടാക്കാൻ സാധിക്കും.
രാത്രിയിൽ എല്ലാ കർട്ടണുകളും ബ്ലൈൻഡുകളും അടയ്ക്കുന്നത് വഴി ചൂടുള്ള വായു ജനാല വഴി പുറത്തേക്ക് പോകുന്നത് തടയാൻ സാധിക്കും.
നമ്മൾ ഉപയോഗിക്കാത്ത മുറികളിലെ റേഡിയേറ്ററുകൾ ഓഫ് ആക്കുന്നത് വഴി പ്രതിവർഷം 70 പൗണ്ട് വരെ ലാഭിക്കാം. മുറികൾ ഉപയോഗിക്കാത്ത സാഹചര്യങ്ങളിൽ റേഡിയേറ്റർ വാൽവുകൾ 2.5 നും 3 നും ഇടയിൽ താഴ്ത്തി ഇടാം.
നിങ്ങളുടെ ബോയിലർ ഫ്ലോ താപനില 60 ഡിഗ്രി സെൽഷ്യസായി കുറയ്ക്കുന്നത് വഴി ഒരു വർഷം 100 പൗണ്ട് വരെ ലാഭം കണ്ടെത്താം.
വസ്ത്രങ്ങൾ പുറത്ത് ഉണക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുക. അല്ലെങ്കിൽ ടംബിൾ ഡ്രയറിൻെറ മുഴുവനോ മുക്കാൽഭാഗമോ തുണികൾ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
ഈ ശൈത്യകാലത്ത് ഉയർന്ന എനർജി ബില്ലുകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഭവനങ്ങൾ സുരക്ഷിതമായി കാക്കുന്നതിനോടൊപ്പം എങ്ങനെ എനർജി ബില്ലുകൾ കുറയ്ക്കാം എന്നത് എല്ലാ ജനങ്ങളും അറിഞ്ഞിരിക്കണമെന്നും ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ജർമ്മനിയും നെതർലൻഡും ഏപ്രിൽ മുതൽ തന്നെ എനർജി ബില്ലുകൾ കുറയ്ക്കാനുള്ള ക്യാമ്പയിനുകൾക്ക് തുടക്കമിട്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പണിമുടക്ക് നടത്തുന്ന നേഴ്സുമാർക്ക് ശമ്പളം നൽകാൻ വിസമ്മതിച്ച് ഋഷി സുനക്. ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ രണ്ടാം ദിവസവും നേഴ്സുമാർ ജോലിയിൽ നിന്നും ഇറങ്ങിപോയതിനെ തുടർന്നാണ് നടപടി. എന്നാൽ അതേസമയം നിലവിലെ പ്രശ്നങ്ങൾ ക്രിസ്മസിന് മുൻപ് പരിഹരിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് നേഴ്സസ് യൂണിയൻ ബോസ് പാറ്റ് കുള്ളൻ പറഞ്ഞു.
എന്നാൽ ഇരുവർക്കും ഇടയിൽ പ്രശ്ന പരിഹാരത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തൊഴിലാളികളുടെ പ്രശ്നത്തെ സംബന്ധിച്ച് എം പിമാരോട് സംസാരിച്ച ഋഷി സുനക്, പ്രശ്നം പരിഹരിക്കാൻ ഏറ്റവും നല്ല മാർഗം പണപ്പെരുപ്പം കുറയ്ക്കുക എന്നുള്ളതാണെന്നും വാദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനാണ് യൂകെ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ആംബുലൻസ് തൊഴിലാളികൾ, കസ്റ്റംസ്, ഇമിഗ്രേഷൻ ജീവനക്കാർ, ബസ് ഡ്രൈവർമാർ, തപാൽ ജീവനക്കാർ എന്നിവരെല്ലാം നിലവിൽ സമരത്തിലാണ്. ക്രിസ്മസിന് മുന്നോടിയായി രാജ്യത്ത് പലയിടങ്ങളിലും സമരങ്ങളുടെ ഘോഷയാത്രയാണ്.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബദൽ മാർഗങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും വലിയ പോരായ്മ നിലനിൽക്കുന്നുണ്ട്. സമരങ്ങൾ അരങ്ങേറുമ്പോൾ രോഗികളുടെ ജീവൻ ആര് സംരക്ഷിക്കുമെന്നാണ് എൻ എച്ച് എസ് കോൺഫെഡറേഷന്റെ തലവനും മുൻ ലേബർ ഉപദേശകനുമായ മാത്യു ടെയ്ലർ പറയുന്നത്.
പണിമുടക്കിനു മുന്നോടിയായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ യൂണിയൻ പ്രധിനിധികളുമായി ചർച്ച നടത്തിയിരുന്നു. ശമ്പളം നൽകണമെന്ന ആവശ്യം ആദ്യമേ നിരാകരിച്ച അദ്ദേഹം, ശമ്പളത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. യൂണിയൻ നേതാവ് ഒനായി കസബ്, ആരോഗ്യ സെക്രട്ടറിയുടെ നടപടിയെ ശക്തമായി എതിർക്കുകയും, അർത്ഥശൂന്യമായ ചർച്ചകൊണ്ട് എന്താണ് ഫലമെന്നും വിമർശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. കാഴ്ചയുടെയോ, പ്രമേഹം പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയെ ഡ്രൈവിംഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇക്കാര്യങ്ങൾ അറിയിക്കണം. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളപക്ഷം അത് നിങ്ങളുടെ ഡ്രൈവിങ്ങിനെ ബാധിക്കാൻ ഇടയുണ്ട്. ഇതൊഴിവാക്കാനാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം നടത്തിയാൽ £1,000 പിഴ ഒടുക്കേണ്ടി വരും.
പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളപ്പോഴും ഇത് ബാധകമാണ്. ഈ അവസ്ഥയിൽ ശരീരത്തിന്റെ താപനില കൂടുകയും ബുദ്ധിമുട്ടുകൾ വരികയും ചെയ്യുന്നു. വൈറൽ, ബാക്ടീരിയ മൂലമുള്ള രോഗങ്ങളിലും ഇതേ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി അധികൃതരോട് രോഗാവസ്ഥാ വ്യക്തമാക്കാതെ വാഹനമോടിക്കാൻ പലരും മുതിരാറുണ്ട്. എന്നാൽ പിടിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ പിഴയ്ക്ക് പുറമെ നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
https://www.gov.uk/driving-medical-conditions
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെറ്ററിങ്ങിൽ മലയാളി നേഴ്സിനെയും രണ്ടു മക്കളെയും ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മദ്യ ലഹരിയിലാണ് ഭർത്താവ് കണ്ണൂർ സ്വദേശിയായ സാജു ഭാര്യ അഞ്ജു (35), ജീവ (6), ജാൻവി (4) യെയും കൊലപ്പെടുത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ സാജുവിന് ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റ് മാനസിക പ്രശ്നങ്ങളും പ്രകോപനങ്ങൾക്ക് കാരണമായതായാണ് സൂചനകൾ . ബ്രിട്ടനിലേയ്ക്ക് ആശ്രിത വിസയിൽ എത്തിച്ചേരുന്ന പലർക്കും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഇല്ലെന്നുള്ളതും പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
രാജ്യത്തെ നിയമമനുസരിച്ച് കുഞ്ഞു കുട്ടികളെ തനിച്ചാക്കി ഭർത്താവിനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കില്ല. ഇതൊക്കെ കൊണ്ട് ജോലി ഉടൻ ലഭിക്കില്ലെന്നുള്ള കടുത്ത നിരാശ സാജുവിനെ അലട്ടിയതായാണ് സൂചനകൾ . ജീവിത ചിലവുകളിൽ വൻ വർദ്ധനവ് ഉണ്ടായത് മൂലം നാലു പേരടങ്ങുന്ന കുടുംബത്തിന് ഒരാളുടെ ജോലി കൊണ്ട് മാത്രം പിടിച്ചുനിൽക്കാനുള്ള സാമ്പത്തികബുദ്ധിമുട്ടുകൾ കുടുംബത്തെ ബാധിച്ചിരുന്നോ എന്നുള്ള സംശയം ശക്തമാണ്. ബ്രിട്ടനിലേയ്ക്ക് ആശ്രിത വിസക്ക് എത്തുന്ന പലരും യുകെയിലെ ഉയർന്ന ദൈനംദിന ജീവിത ചിലവുകളെ കുറിച്ച് ബോധവാന്മാരാണോ എന്ന് സംശയമാണ്.
എന്തെങ്കിലും കുടുംബ കലഹങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരിഹാരം കാണാൻ കേരളത്തിൽ ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് യുകെയിൽ ജീവിക്കുന്ന മലയാളി സമൂഹം അഭിമുഖീകരിക്കുന്നത്. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജീവിത ചിലവുകൾ വർധിക്കുന്നതിനോടൊപ്പം തന്നെ കാറുകൾക്കും വില കൂടുകയാണ്. കഴിഞ്ഞ വർഷത്തേക്കാളും തീവിലയാണ് നിലവിൽ പുതിയ കാറുകൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സെക്കന്റ് ഹാൻഡ് കാർ വിപണിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ദിസ് ഈസ് മണിയും ക്യാപ് എച്ച്പിഐയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ വിലവർദ്ധനവ് ഉണ്ടായ കാറുകളുടെ വിവരങ്ങൾ പുറത്ത് വന്നത് .
സുബാരു ഔട്ട്ബാക്ക് ഡീസൽ, സ്കോഡ റാപ്പിഡ് ഡീസൽ, ഫിയറ്റ് ഡോബ്ലോ ഡീസൽ, ടൊയോട്ട പ്രിയസ്, സിട്രോൺ സി1 പെട്രോൾ,ഹ്യുണ്ടായ് i10 പെട്രോൾ, നിസ്സാൻ GT-R പെട്രോൾ, സാങ്യോങ് ടിവോലി പെട്രോൾ എന്നീ മോഡലുകൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സെക്കന്റ് ഹാൻഡ് കാർ വിപണിയിൽ 35% ത്തിന്റെ വില വർധനവാണ് രേഖപ്പെടുത്തിയത്.
കോവിഡ് 19ന് ശേഷം കാർ വിപണിയിൽ മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള വിലയുടെ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം പാർട്സ് ലഭ്യമല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ധാരാളം കാർ ബ്രാൻഡുകളും ഉണ്ട്. ഇവ ബുക്ക് ചെയ്യുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാലതാമസം നേരിടേണ്ടി വരും. സെക്കന്റ് ഹാൻഡ് വിപണിയുടെ വളർച്ചയ്ക്ക് ഒരു പ്രധാന കാരണവും ഇത് തന്നെയാണ്. ആവശ്യക്കാർ കൂടുന്നതും വിലവർദ്ധനവിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യോർക്കിൽ ചാൾസ് രാജാവിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ പ്രതിയുടെ വിചാരണ ജനുവരി 20 ന് നടക്കും. നവംബർ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാൾസ് രാജാവിനെതിരായ ആക്രമണത്തിൽ 23 കാരനായ പാട്രിക് തെൽവെല്ലിനെതിരെ കേസെടുക്കാൻ നോർത്ത് യോർക്ക്ഷയർ പോലീസിനെ ചുമതലപ്പെടുത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) അറിയിച്ചു.
1986 ലെ പബ്ലിക് ഓർഡർ ആക്ട് സെക്ഷൻ 4. ന് വിരുദ്ധമായി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ 23കാരനായ പ്രതിയെ അടുത്ത വർഷം ജനുവരി 20 ന് യോർക്ക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. യോർക്കിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ രാജാവും രജ്ഞിയും എത്തിയപ്പോഴാണ് മുട്ടയേറ് ഉണ്ടായത്.
അതേസമയം, പബ്ലിക് ഓർഡർ വകുപ്പിന്റെ സെക്ഷൻ 4 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും, ജനുവരി 20 ന് കോടതി വാദം കേൾക്കുമ്പോൾ താൻ കുറ്റകാരനല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെടുമെന്നുമാണ് പാട്രിക് തെൽവെൽ പറയുന്നത്.
പ്രതിക്കെതിരെ നടപടികൾ എടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, യോർക്ക് നഗരത്തിൽ വെച്ച് രാജാവിന് നേരെയുണ്ടായത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും സിപിഎസ് സ്പെഷ്യൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം വിഭാഗം മേധാവി നിക്ക് പ്രൈസ് പറഞ്ഞു
ലണ്ടൻ : 1975ൽ 15 കാരിയായ ജാക്വലിൻ മോണ്ട്ഗോമറിയെ അവളുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡെന്നിസ് മക്ഗ്രോറി അൻപതു വർഷങ്ങൾക്ക് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞു. മദ്യപാനിയായ മക്ഗ്രോറി ജാക്വലിന്റെ അമ്മായിയായ ജോസിയുടെ പങ്കാളിയെ അന്വേഷിക്കുകയും ഈ വിവരം നൽകാത്തതിലുള്ള പക മൂലം ജാക്വലിനെ ആക്രമിക്കുകയുമായിരുന്നു. മക്ഗ്രോറി കൊലപാതകം നിഷേധിക്കുകയും തെളിവുകൾ വളരെ ദുർബലമാണെന്ന് കണ്ടെത്തുകയും ചെയ്തതിന് ശേഷം 1976-ൽ ഓൾഡ് ബെയ്ലിയിലെ ജഡ്ജി കേസ് തള്ളി.
എന്നാൽ ജാക്വലിന്റെ ശരീരത്തിൽ നിന്നെടുത്ത് സൂക്ഷിച്ച യോനി സ്രവങ്ങൾ പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വീണ്ടും പരിശോധിച്ചു. ഇതിൽ നിന്ന് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇപ്പോൾ 74 വയസ്സുള്ള മക്ഗ്രോറിയോട് വിധി കേൾക്കാൻ കോടതിയിലേക്ക് എത്താൻ ജഡ്ജി ഉത്തരവിട്ടു.
ഹണ്ടിംഗ്ഡൺ ലോ കോടതിയിലെ പുതിയ ജൂറി, ജാക്വലിൻ കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം മക്ഗ്രോറിയുടെ അറസ്റ്റിൽ എടുത്ത ഫോട്ടോകൾ കണ്ടു. അവന്റെ ചുണ്ടിലും ചെവിയുടെ പുറകിലും മുറിവുകൾ കാണാം. ഇത് ജാക്വലിനുമായുണ്ടായ മല്പിടുത്തതിനിടെ ഉണ്ടായ പരിക്കുകളാണന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അങ്ങനെ അൻപത് വർഷങ്ങൾക്ക് ശേഷം തെളിവുകളില്ലാതെ തള്ളിയ കേസിൽ വിധി. പുതിയ തെളിവുകൾ പുറത്തുവന്നാൽ കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളുടെ പുനരന്വേഷണം അനുവദിക്കുന്നതിനായി 2003-ൽ നിയമം ഭേദഗതി ചെയ്തു. ഓരോ കേസും ന്യായവും പൊതുതാൽപ്പര്യവുമാണെന്ന് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസിന് (ഡിപിപി) ബോധ്യപ്പെട്ടു.