Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്‍ട്രിയിൽ മലയാളികളുടെ വീടുകളെ ലക്ഷ്യം വച്ച് വൻ മോഷണം നടന്നു. ക്രിസ്‌തുമസ്‌ അനുബന്ധമായ ചടങ്ങുകൾക്കായി വീട്ടുകാർ ഒന്നടങ്കം പള്ളിയിൽ ആയിരിക്കുന്ന സമയമാണ് മോഷണം അരങ്ങേറിയത്. ചില വീടുകളിലെ താക്കോൽ കൈവശമാക്കിയാണ് മോഷണം നടത്തിയത്. മോഷ്ടാക്കൾക്ക് എടുക്കാൻ പാകത്തിൽ താക്കോൽ സൂക്ഷിച്ചത് കള്ളന്മാരുടെ ജോലി എളുപ്പമാക്കി. എന്നാൽ താക്കോൽ എടുക്കാൻ പറ്റാതിരുന്ന വീടുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. വീടുകളെ കുറിച്ചും താമസക്കാരെ കുറിച്ചും വ്യക്‌തമായ ധാരണ ഉള്ളവരാണ് മോഷണം നടത്തിയത് എന്ന അനുമാനമാണ് പോലീസ് പങ്കുവയ്ക്കുന്നത്.

ഏഷ്യൻ വംശജരുടെ വീടുകളിൽ സ്വർണവും പണവും വ്യാപകമായി സൂക്ഷിച്ചിട്ടുണ്ടാകാമെന്ന ധാരണയുടെ പുറത്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ മോഷണം പതിവാകുന്നതിൻെറ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാനമായ രീതിയിലുള്ള മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു. കവന്‍ട്രിയിൽ കഴിഞ്ഞ ദിവസം മലയാളികളെ കൂടാതെ ഒരു പഞ്ചാബിയുടെ വീട്ടിലും മോഷണം നടന്നിരുന്നു. മോഷണ ശ്രമത്തിനിടയ്ക്ക് വ്യാപകമായ രീതിയിൽ മറ്റു സാധനങ്ങൾ നശിപ്പിക്കാനും മോഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്. വില കുറഞ്ഞ വീട്ടുസാധങ്ങൾ വരെ മോഷ്ടിച്ചതോടെ പ്രാദേശിക തലത്തിലുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്നാണ് അനുമാനിക്കപ്പെടുന്നത്.

മലയാളികളെ കേന്ദ്രികരിച്ചുള്ള മോഷണ ശ്രമത്തിൻെറ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ മോഷണം പോയ വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . വാഹനത്തിൻറെ കീയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീയ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.

വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്രിസ്തുമസ് ദിനങ്ങൾ ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്. എന്നാൽ വാടക ചിലവുകളിൽ 5 മുതൽ 6 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

കടുത്ത സാമ്പത്തിക മാന്ദ്യം മൂലം വീട് മേടിക്കാനാഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭദ്രതയിൽ കനത്ത ഇടിവ് നേരിട്ടതാണ് വീടുകളുടെ വില കുറയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . സുരക്ഷിതമല്ലാത്ത സമ്പദ് വ്യവസ്ഥ വീട് വാങ്ങാനോ മാറാനോ ആഗ്രഹിക്കുന്ന ആളുകളുടെ ആത്മവിശ്വാസം കുറച്ചേക്കാനുള്ള സാധ്യതയുണ്ട്. ഇതിന് പുറമെയാണ് ഉയർന്ന മോർട്ട് ഗേജ് നിരക്കുകൾ . അടുത്ത 12 മാസത്തിനുള്ളിൽ 1.6 ദശലക്ഷം വീട്ടുടമസ്ഥർക്ക് അവരുടെ നിലവിലെ ഫിക്സഡ് റേറ്റ് ഡീലുകൾ മാറുന്നത് മൂലം പ്രതിമാസം തിരിച്ചടവ് കുത്തനെ ഉയരും .

വില കുറയുന്നത് വീട് മേടിക്കാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് സഹായകരമാണെന്നാണ് പ്രത്യക്ഷത്തിൽ വിലയിരുത്തുന്നത്. എന്നാൽ മാറിയ കുടിയേറ്റ നയത്തിന്റെ പശ്ചാത്തലത്തിൽ നേഴ്സുമാർ ഒഴികെയുള്ള മലയാളികൾക്ക് യുകെ യോടുള്ള അഭിനിവേശം കുറഞ്ഞിട്ടുണ്ട്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കാത്തതും വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്കുള്ള കടുത്ത നിയന്ത്രണങ്ങളും യുകെയിൽ വീട് മേടിക്കുന്നതിൽ നിന്ന് ഒട്ടുമിക്ക മലയാളികളെയും പിന്തിരിപ്പിക്കുമെന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് രാജ്യത്ത് ഗെറിറ്റ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . യുകെയിൽ ഉടനീളം കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ . അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് രാജ്യത്തുടനീളം നൽകപ്പെട്ടിട്ടുണ്ട്.


കൊടുങ്കാറ്റിനോട് അനുബന്ധിച്ച് കനത്ത മഴയും മഞ്ഞും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് . അപകടകരമായ സാഹചര്യം നിലനിർത്തി യാത്രകൾക്ക് സാധാരണ എടുക്കുന്നതിലധികം സമയം എടുക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ടെന്ന് എ എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഉയർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ അയർലണ്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിൽ 60 മില്ലി മീറ്ററും വെയിൽസിലെ ഉയർന്ന പ്രദേശങ്ങളിൽ 90 മീറ്റർ വരെയും മഴ പെയ്തേക്കും . സെപ്റ്റംബറിൽ ആരംഭിച്ച് അടുത്തവർഷം ഓഗസ്റ്റിൽ അവസാനിക്കുന്ന കാലാവസ്ഥാ സീസണിലെ ഏഴാമത്തെ കൊടുങ്കാറ്റ് ആണ് ഗെറിറ്റ് കൊടുങ്കാറ്റ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ ക്രിസ്‌തുമസ്‌ കാലത്ത് യുകെ സാക്ഷ്യം വഹിച്ചത് നിരവധി കൊലപാതകങ്ങളെ. ക്രിസ്തുമസ് കാർനേജ് എന്ന പൊതു വിശേഷണം ലഭിച്ച ഈ കൊലപാതകങ്ങളുടെ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഡിസംബർ 26, ബോക്സിങ് ഡേയിൽ അതിരാവിലെ 49 കാരനായ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഹാക്ക്‌നിയിലെ ക്രാൻവുഡ് സ്ട്രീറ്റിൽ ഒത്തുചേർന്നത്. ഈസ്റ്റ് ലണ്ടനിൽ നടന്ന കൊലപതകത്തിന് പിന്നാലെ ണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്‌തു.

49 ഉം 42 ഉം വയസുള്ള രണ്ട് പുരുഷന്മാരെയും 44 ഉം 35 ഉം വയസുള്ള രണ്ട് സ്ത്രീകളെയും കൊലപതകത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന സംശയത്തോടെ അറസ്റ്റ് ചെയ്‌തെന്നും ഇവർ കസ്റ്റഡിയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഡിസംബെർ 26 ന് അതിരാവിലെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ ജീവൻ നഷ്ടമായ ആളുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്. പുലർച്ചെ 3.10 ന് ക്രാൻവുഡ് സ്ട്രീറ്റിൽ ഒരാൾക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇര മരിച്ചിരുന്നു.

ക്രിസ്‌തുമസ്‌ ദിനത്തിൽ 22 വയസ്സുകാരിയുടെ കൊലപതാകം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. കൊലപതാകം നടത്തിയതായി സംശയിച്ച് 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ക്രിസ്മസ് ദിനത്തിൽ വൊളട്ടണിൽ 29 കാരനായ യുവാവിൻെറ കൊലപാതകത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇരയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ക്രിസ്മസ് ദിനത്തിൽ ബ്രിസ്റ്റോളിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ജലവിതരണം തടസ്സപ്പെട്ടു. ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ച സൗത്ത് ഗ്ലോസെസ്റ്റർ ഷെയറിലെ 3000 ത്തോളം വീടുകളെ 12 മണിക്കൂറോളമാണ് ക്രിസ്മസ് ദിനത്തിൽ ബുദ്ധിമുട്ടിലാക്കിയത്. ചോർച്ച പുനഃസ്ഥാപിച്ചതിനു ശേഷവും വെള്ളത്തിന് കുറെയധികം നേരം തവിട്ട് കലർന്ന നിറമായിരുന്നു എന്നും ജനങ്ങൾ പറയുന്നു. തന്റെ ക്രിസ്മസ് ഡിന്നർ മുഴുവൻ നശിച്ചതായി സ്ത്രീകളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. ജലത്തിന്റെ നിറവ്യത്യാസം മാറുവാനായി ജനങ്ങൾ പൈപ്പുകൾ കുറെയധികം നേരം തുറന്നിടണമെന്ന നിർദ്ദേശം ബ്രിസ്റ്റോൾ വാട്ടർ കമ്പനി നൽകി. വിന്റർബോൺ, സ്റ്റോക്ക് ഗിഫോർഡ്, ബ്രാഡ്‌ലി സ്റ്റോക്ക് ഏരിയകളിലേക്ക് ജലം നൽകുന്ന ഈ കമ്പനി പ്രശ്നം പൂർണമായും പരിഹരിച്ചതായി അറിയിച്ചു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും അവർ വ്യക്തമാക്കി. വിന്റർബോൺ റോഡിലെ താമസക്കാർക്ക് ഇന്നലെ വൈകുന്നേരം മുതൽ കുപ്പിവെള്ളം വിതരണം ചെയ്തതായും അവർ അറിയിച്ചു.


എന്നാൽ ക്രിസ്മസ് ദിനത്തിൽ തങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചതായി ജനങ്ങൾ പരാതിപ്പെട്ടു. വർഷത്തിൽ ഒരിക്കൽ ആഘോഷിക്കുന്ന ക്രിസ്മസ് ദിനം വളരെയധികം മോശമായിരുന്നു എന്ന് നിരവധിപേർ വ്യക്തമാക്കി. ഭക്ഷണം ഉണ്ടാക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമുള്ള വെള്ളം പോലും ഇല്ലായിരുന്നുവെന്ന് മറ്റുചിലർ പറഞ്ഞു. പൈപ്പിൽ ഉണ്ടായ ചോർച്ച എത്രയും വേഗം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്മസ് രാവിൽ യുകെ തണുത്ത് വിറച്ചില്ല. പല സ്ഥലങ്ങളിലും താപനില 15.3 സെൽഷ്യസ് വരെയെത്തി. ക്രിസ്മസിന്‍റെ ചടങ്ങുകളിൽ പള്ളിയിൽ പോകാൻ കാലാവസ്ഥ വളരെ അനുകൂലമായിരുന്നു എന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് ഇതേ കുറിച്ച് പ്രതികരിച്ചത്.

യുകെയിൽ എത്തിയ ആദ്യകാല മലയാളികളുടെ ഓർമ്മയിൽ പോലും ഇത്രയും തണുപ്പ് കുറഞ്ഞ ഒരു ക്രിസ്മസ് രാവ് അനുഭവപ്പെട്ടിട്ടില്ല. മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും സന്തോഷത്തിലായിരുന്നു. 1997 – ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഡിസംബർ 24 -നാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സാധാരണ ഡിസംബറിലെ താപനില 7 സെൽഷ്യസ് ആണ് . എന്നാൽ ഈ വർഷം താപനില ശരാശരിയെക്കാൾ വളരെ കൂടുതലാണ്. ഹീത്രുവിലും ബെർക്ക്‌ഷെയറിലെ സിപ്പൻഹാമിലുമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

1920 -ലെ ക്രിസ്മസ് ദിനത്തിലാണ് യുകെയിൽ ചരിത്രത്തിലെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. അന്ന് താപനില 15 .6 സെൽഷ്യസ് വരെ വന്നിരുന്നു. അന്നത്തെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അന്തരീക്ഷം തണുപ്പ് കുറഞ്ഞാണെങ്കിലും ഇംഗ്ലണ്ടിലെ പലസ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലണ്ടനിൽ ക്രിസ്തുമസ് രാവിൽ ഇരുപത്തിരണ്ടുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ പതിനാറുകാരനെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. ഞായറാഴ്ച രാത്രി 10.03 നാണ് ബെർമോണ്ട്‌സിയിലെ സ്‌പെൻലോ ഹൗസിലുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ 22 കാരിക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് ഉടനെ തന്നെ പാരാമെഡിക്കുകൾ എത്തിയെങ്കിലും യുവതി മരിക്കുകയായിരുന്നു.

കൊലപതകത്തിന് പിന്നാലെ ക്രിസ്തുമസ് ദിനത്തിൽ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് അറസ്റ്റ് ചെയ്‌ത കൗമാരക്കാരനും ഇരയും തമ്മിൽ പരിചയം ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദ്യാർത്ഥി വിസയിലെത്തിയ മകനൊപ്പം താമസിക്കാനെത്തിയ മാതാവ് ലണ്ടനിൽ കുഴഞ്ഞുവീണ് മരണമടഞ്ഞു. എസ്സെക്സിലെ കോൺ ചെസ്റ്ററിൽ താമസിക്കുന്ന അരുണിന്റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാനെത്തിയ മാതാവ് നിർമ്മല ഉണ്ണികൃഷ്ണനാണ് ( 65 ) മരണമടഞ്ഞത്. പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം പൂജപ്പുര തമലം അച്യുതത്ത് ഇല്ലത്ത് എ. ആർ ഉണ്ണികൃഷ്ണനാണ് ഭർത്താവ്. മക്കൾ: അരുൺ, അഡ്വ. അനൂപ് ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുമിത അരുൺ, ശാരദ അനൂപ്. കൊച്ചുമക്കൾ: മാളവിക, ഇന്ദുലേഖ.
2022 ജനുവരിയിലാണ് എം ബി എ പഠനത്തിനായി അരുൺ യുകെയിലെത്തിയത്. അരുൺ പോസ്റ്റ് സ്റ്റഡി വിസയിൽ ആയതിനാൽ സ്ഥിരമായി ജോലി ലഭിച്ചിരുന്നില്ല .

ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ട്രാവൽ ഇൻഷുറൻസ് പരേതയ്ക്ക് എടുക്കാൻ സാധിച്ചിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്ന കുടുംബത്തെ സഹായിക്കാൻ കോൾ ചെസ്റ്റർ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. അരുണിന്റെ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി സംഭാവനകൾ നൽകാൻ സാധിക്കും.

https://www.gofundme.com/f/kpvmxb-fund-raising-for-funeral-expenses?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

നിർമ്മല ഉണ്ണികൃഷ്ണൻെറനിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ

ഭൂമിയിൽ സമാധാനം സ്ഥാപിക്കുവാൻ അവതരിച്ച ക്രിസ്തു ഭഗവാന്റെ തിരുപ്പിറവിയാണ് ക്രിസ്തുമസ് . ലോകമെമ്പാടും അധിവസിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനവിഭാഗമായ ക്രൈസ്തവർക്കു മാത്രമല്ല നന്മയെ ഉൾക്കൊള്ളുന്ന ഏതൊരു ജനവിഭാഗത്തിനും ആനന്ദവായ്പ് സൃഷ്ടിക്കുന്ന പുണ്യ ദിനമാണ് ക്രിസ്തു ദേവൻറെ ഈ തിരുപ്പിറവി ദിനം .

സ്നേഹത്തിൻറെ പ്രവാചകനായിരുന്നു ക്രിസ്തു ദേവൻ. ബുദ്ധൻ അഹിംസയ്ക്കും കൃഷ്ണൻ ധർമ്മത്തിനും നബി സാഹോദര്യത്തിനും ശ്രീശങ്കരൻ ജ്ഞാനത്തിനും ശ്രീനാരായണഗുരു അനുകമ്പയ്ക്കും പ്രാധാന്യം നൽകിയതു പോലെ ദൈവപുത്രനായ യേശുക്രിസ്തു സ്നേഹ സിദ്ധാന്തത്തിനു പ്രാധാന്യം നൽകി. സ്നേഹത്തിൻറെ ഭാഷയിൽ ഒരു സ്വർഗ്ഗസാമ്രാജ്യം പടുത്തുയർത്തുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അതിനാൽ അവിടുന്ന് ഉപദേശിച്ചു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവം എന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നു. അതുപോലെ നിങ്ങളെല്ലാവരും പരസ്പരം സ്നേഹിക്കുവിൻ . ക്രിസ്തു ദേവൻറെ മുഴുവൻ ഉപദേശ സാരവും മേൽപ്പറഞ്ഞ വചനങ്ങളിലുണ്ട്. പ്രസിദ്ധമായ ബൈബിൾ വചനം നിന്നെപ്പോലെ നിൻറെ അയൽക്കാരനേയും സ്നേഹിക്കുക എന്നത് ലോകത്തിലെ തത്വചിന്തകന്മാർക്ക് സത്യമാർഗ്ഗത്തിലേയ്ക്കുള്ള മാർഗ്ഗദീപമായി നിലകൊള്ളുന്നതാണ്.

“ശാന്തോ വസന്തോ നിവസന്തി സന്തോ
വസന്തവത് ലോകഹിതം ചരന്തം ”

എന്നൊരു ആചാര്യവചനമുണ്ട് . മഹാ ഗുരുക്കന്മാരുടെ അവതാരം വസന്ത ഋതുവിനോട് ഉപമിപ്പിക്കുന്നു. വസന്ത ഋതുവിൽ കണ്ണിനും , കാതിനും , കരളിനും കുളിരേകുന്ന ദിവ്യാനുഭവമുളവാകുന്നു. ചെടികൾ പൂക്കുന്നു. വൃക്ഷങ്ങൾ ഫലാഢ്യമാകുന്നു. എല്ലായിടത്തും അനുപമേയമായ വർണ്ണാഛവി തൂകിത്തുളുമ്പുന്നു. വസന്ത ഋതുവിന്റെ ഈ സംസൃഷ്ടി പോലെയാണ് സദ്ഗുരുക്കന്മാരുടെ തിരുവവതാരം കൊണ്ട് ലോകത്തു സംഭവിക്കുന്നത്. ക്രിസ്തു ദേവൻറെ തിരുവവതാരത്തിലൂടെ ലോകത്ത് സംഭവിച്ചതും ഇതു തന്നെയാണ്. പ്രപഞ്ച പ്രകൃതിയിൽ അത്ഭുതമായ പരിവർത്തനം സൃഷ്ടിക്കുവാൻ ദൈവപുത്രനായ ക്രിസ്തുവിന് സാധിച്ചിട്ടുണ്ട്.

ഇതെഴുതുന്ന സച്ചിദാനന്ദ സ്വാമി ഒരു വേദാന്തിയാണ്. ഭാരതീയ ഗുരുക്കന്മാർ ഉപദേശിച്ചു തന്ന ഔപ നിഷിധമായ ദർശനത്തെയാണ് പിന്തുടരുന്നത്. അതിൽ ആധുനികകാലത്തെ ഋഷി വര്യനായ ശ്രീനാരായണ ഗുരുവിൻറെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗുരുവിൻറെ ഉപദേശപ്രകാരം അവതാരം, ദൈവപുത്രൻ , സിദ്ധൻ, ബുദ്ധൻ, പ്രവാചകൻ എല്ലാം ഈശ്വരാനുഭൂതിയിൽ വിഹരിച്ച് ലോകസേവന ചെയ്യുന്ന സദ്ഗുരുക്കന്മാരുടെ വിശേഷണങ്ങളാണ്. ആദ്യപടിയായി തങ്ങളെ ഒരു കുളത്തിലേയ്ക്കിറങ്ങി ഓരോ പടിയിൽ കൂടി ഇറങ്ങിയ ഓരോരുത്തരും വെള്ളം, തണ്ണി, നീര് , പാനി, തോയം, വാട്ടർ, ജലം ഇതുപോലെയാണ് ദൈവത്തിൻറെ പ്രതിപുരുഷന്മാരായ സദ്ഗുരുക്കന്മാരെ മേൽപ്പറഞ്ഞതുപോലെ ഓരോരോ പേരു ചൊല്ലി വിളിക്കുന്നതും ക്രിസ്തു ദേവൻറെ പ്രസിദ്ധമായ ഗിരി ഗീതയിലെ ഒരു ഉപദേശമുണ്ട്.

സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും അതു പ്രകാരം ലോകത്തിന് സമാധാനം സൃഷ്ടിക്കപ്പെടുന്ന ക്രിസ്തു ദേവൻ ദൈവപുത്രനായി പ്രകാശിക്കുന്നു . ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവൻ നിത്യ പ്രാർത്ഥനയ്ക്കായി ഉപദേശിച്ച അനുകമ്പാദശകമെന്ന കൃതിയുണ്ട്. സർവ്വ ദാർശനിക ചിന്താധാരകളെയും മത ഗുരുക്കന്മാരെയും ഗുരുദേവൻ അനുകമ്പയിൽ സമന്വയിപ്പിക്കുന്നുണ്ട്. . ശ്രീകൃഷ്ണൻ , വർദ്ധമാന മഹാവീരൻ , ശ്രീ ശങ്കരാചാര്യർ എന്നിവരെ പരാമർശിച്ചതിനുശേഷം ഗുരു ഉപദേശിക്കുന്നു .

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ ?
പരമേശ പവിത്ര പുത്രനോ
കരുണാവിൽ നബി മുത്തു രത്നമോ?

ഇവിടെ ലോക മതത്തിലെ നാലു ഗുരുക്കന്മാരെ സ്മരിക്കുന്നു. പുരുഷാകൃതി പൂണ്ട ദൈവം ഹിന്ദുമതത്തിന്റെ പരമാചാര്യനായ ആദി നാരായണ ഋഷിയെ സ്മരിക്കുന്നു. നരദിവ്യാകൃതി പൂണ്ട ധർമ്മം, ധർമ്മത്തിന്റെ മൂർത്തരൂപമായ ഭഗവാൻ ശ്രീബുദ്ധനാണ് . പരമേശ്വര പവിത്ര പുത്രനിൽ ഭഗവാൻ യേശുക്രിസ്തുവാണ്. ക്രിസ്തു ദേവനെ പരമേശ്വരന്റെ പവിത്ര പുത്രനായി ഗുരു വിശേഷിപ്പിക്കുന്നു. പവിത്ര പുത്രൻ എന്ന വിശേഷണം പ്രത്യേകം ശ്രദ്ധേയം. ക്രിസ്തുവിൻറെ അവതാരം സംബന്ധിച്ച് വിവാദമണ്ടല്ലോ . അതിൽ ക്രിസ്തു പവിത്രനായ പുത്രൻ തന്നെയാണ് എന്ന് ശ്രീനാരായണഗുരുദേവൻ അഭിപ്രായപ്പെടുന്നു. മേൽ കൊടുത്ത പദ്യത്തിലൂടെ പ്രധാന മതങ്ങളെ സഹിഷ്ണുതയോടെ സമന്വയിപ്പിക്കുന്നു. ഈ സഹിഷ്ണുത തന്നെയാണ് ക്രിസ്തുവിന്റെ ജീവിതം എന്നു കാണാനാകും. നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക എന്ന ഉപദേശവാക്യം തന്നെ ശ്രദ്ധിക്കുക. അയൽക്കാരൻ ക്രിസ്തുമത വിശ്വാസിയോ മതവിശ്വാസിയോ ദൈവവിശ്വാസിയോ ആകണമെന്നില്ല. അയാൾ ചുങ്കക്കാരനോ നല്ല സമരിയാക്കാരനോ ആരുമാകട്ടെ അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.

ശ്രീനാരായണഗുരു ഏഷ്യയിൽ ആദ്യമായി ആലുവയിൽ വെച്ച് 1924-ൽ സർവ്വമത മഹാസമ്മേളനം നടത്തി. ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ഇസ്ലാമി നേയും ജൈനനേയും ചേർത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഗുരുദേവൻ നടത്തിയ ആദ്യ സന്ദേശത്തെ തുടർന്ന് ശിവഗിരിയിൽ സർവ്വമത പാഠശാല സ്ഥാപിച്ചു. ഭാരതീയ വേദാന്തശാസ്ത്രത്തോടൊപ്പം ബൈബിളും ഖുർആനും ഈ പാഠശാലയിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി . ആ പാഠ്യശാലയിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ് ഇപ്പോൾ സന്യാസിയായി ഇതെഴുതുന്നത്. അതുപോലെ ശിവഗിരിയിലെ സന്ധ്യാവേളയിലെ പ്രാർത്ഥനയിൽ ഉപനിഷത്തും ഭഗവത്ഗീതയും ശ്രീനാരായണ ധർമ്മവും ഒപ്പം ബൈബിളും ഖുറാനും പാരായണം ദിവസവും ചെയ്യാറുണ്ട്. ഈ മാതൃക എല്ലാ മതവിശ്വാസികളും അനുവർത്തിച്ചാൽ സർവ്വമത സൗഹാർദ്ദം എവിടെയും ഊട്ടി ഉറപ്പിക്കാനാകും.

” ഞാൻ മുന്തിരിയും നിങ്ങളതിൻറെ ശാഖകളും ഉപശാഖകളുമാകുന്നു . എന്നെ അറിഞ്ഞവൻ എൻറെ പിതാവിനെയും അറിഞ്ഞു കഴിഞ്ഞു . ഞാനും പിതാവും ഒന്നുതന്നെ ” എന്ന ക്രിസ്തു വചനം ഈശ്വരൻ ജഗത്ത് ഈ മൂന്നിനെയും ഒന്നായി ഐക്യപ്പെടുത്തുന്നതുമാണ്. അതാണ് അദ്വൈതം. അത് നമ്മുടെ ജീവിതദർശനമാകട്ടെ . ഈ ക്രിസ്തുമസ് വേളയിൽ ദൈവമക്കളായ മുഴുവൻ ജനതയ്ക്കും ആത്മസഹോദരരാണെന്ന വചനം സാക്ഷാത്കരിക്കുമാറാകട്ടെ . ഒപ്പം ദൈവമേവ പരം മന്യേ പൗരഷതു പലിശനും നിർദ്ദകം. പരമമായത് ദൈവസത്യമാണ്. പൗരുഷമല്ല എന്ന ഉപദേശത്തെയും സാർത്ഥകമാകട്ടെ . എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികളെ കേരളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ് രാജ് , കൊടുങ്ങല്ലൂർ ശൃംഗപുരം വാക്കേക്കാട്ടിൽ അനീഷ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുകെയെ കൂടാതെ സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള തൊഴിൽ വിസകൾ കൈയ്യിലുണ്ടെന്ന് കാട്ടി വെബ്സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പ് വ്യാപകമായി നടത്തിയത്.

എറണാകുളം കലൂരിൽ ടാലന്റിവിസ് എച്ച്ആർ കൺസൽറ്റൻസി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു പ്രതികൾ. പലരിൽ നിന്നുമായി 1.9 കോടി രൂപയാണ് പ്രതികൾ കബളിപ്പിച്ചെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണവുമായി രാജ്യം വിടാൻ ഒരുങ്ങുമ്പോഴാണ് ഇവർ പിടിയിലായത് . ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും നിരവധി വ്യാജ സീലുകളും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

യുകെയിലെ മലയാളികൾ ഉൾപ്പെട്ട കെയർ വിസ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ തലങ്ങളിലേയ്ക്ക് എത്തിയതിന്റെ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു . വിദ്യാർത്ഥി, കെയർ വിസകൾക്കുള്ള നിബന്ധനകൾ യുകെ ഇളവ് ചെയ്തതിനെ പരമാവധി ദുരുപയോഗം ചെയ്യുകയാണ് മലയാളികൾ ചെയ്തത്. അത് മാത്രമല്ല കൂണുകൾ പോലെ പൊട്ടിമുളച്ച ഏജൻസികൾ കോടികളാണ് സഹജീവികളെ കളിപ്പിച്ച് സമ്പാദിച്ചത്.

ലിവർപൂളിൽ പണം നഷ്ടപ്പെട്ട യുവാവ് രണ്ടും കൽപ്പിച്ച് ഏജന്റിന്റെ വീട്ടു പടിക്കൽ സത്യാഗ്രഹമിരുന്നതിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ലഭിച്ചത് . 12 ലക്ഷം രൂപയാണ് ഈ യുവാവിന്റെ കൈയ്യിൽ നിന്ന് ഏജൻറ് തട്ടിയത്. വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്രയും ശക്തമായ കാലത്ത് തട്ടിപ്പുകാരുടെ പ്രവർത്തികൾ യുകെയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കി കത്തി പടരുകയാണ്.

ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തികൾക്ക് വിസ തട്ടിപ്പിനെ കുറിച്ചോ, ഇടപാടുകളെ കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

മലയാളികൾ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വിഴുപ്പലക്കൽ കൂടാതെയാണ് ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നത്. ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് . വരും ദിവസങ്ങളിൽ കെയർ വിസ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളും വിഴുപ്പലക്കലുകളും യുകെ മലയാളി സമൂഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

RECENT POSTS
Copyright © . All rights reserved
➤