Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ ഇവാക്യുവേഷൻ മിഷനിലൂടെ രക്ഷപ്പെടുത്തി മാഞ്ചസ്റ്ററിൽ എത്തിച്ച അഫ്ഗാൻ പൗരനെ, താലിബാൻ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നുകാരനായ ഇയാൾക്ക് ജിഹാദി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആമഡ് ഫോഴ്സ് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21നാണ് ഇയാൾ ഭാര്യയോടും കുട്ടികളോടുമൊപ്പം യുകെയിൽ എത്തിച്ചേർന്നത്. മാഞ്ചസ്റ്ററിലെ പാർക്ക്‌ ഇൻ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ബ്രിട്ടീഷ് പട്ടാളക്കാരോടൊപ്പം പ്രവർത്തിച്ചിരുന്ന ഇയാൾ താലിബാന്റെ ചാരനായിരുന്നു എന്നും സംശയമുണ്ട്.


എന്നാൽ ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഏകദേശം പതിനായിരത്തോളം പേരെയാണ് ഇതുവരെ അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് എയർഫോഴ്സ് രക്ഷപ്പെടുത്തിയത്. തീവ്രവാദബന്ധം സംശയിക്കപ്പെടുന്ന ഒരാൾ രക്ഷപ്പെട്ട് ബ്രിട്ടനിൽ എത്തിച്ചേർന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉണ്ട്. ആവശ്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഇവാക്യുവേഷൻ നടത്തിയതെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും സുരക്ഷിതമായ ജയിലായ ലണ്ടനിലെ ബെൽമാർഷിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഇയാളുടെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും സിംകാർഡുകളും എല്ലാം അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണങ്ങൾ തുടർന്നുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- പ്രമുഖ യുഎസ് കാർ നിർമാണ കമ്പനിയായ ഫോഡ് മോട്ടോഴ്സ് ഇന്ത്യൻ നിർമ്മാണ മേഖലയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നു. കമ്പനി പുറത്തിറക്കിയ വാർത്താകുറിപ്പിൽ, ഇന്ത്യയിലെ രണ്ട് പ്ലാന്റുകളും അടയ്ക്കാൻ ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത്, തമിഴ് നാട് എന്നിവിടങ്ങളിൽ ഉള്ള പ്ലാന്റുകൾ 2022 ന്റെ പകുതിയോടെ അടയ്ക്കും. എന്നാൽ എൻജിൻ നിർമ്മാണ പ്ലാന്റ് മാത്രം നിലനിർത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെയായി ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ അമേരിക്കൻ വാഹന കമ്പനിയാണ് ഫോഡ്. 2017 ൽ ജനറൽ മോട്ടോഴ്സ് (ജി എം ) ഇന്ത്യയിലെ തങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം പ്രമുഖ ഇരുചക്രവാഹന കമ്പനിയായ ഹാർലി-ഡേവിഡ് സൺ ഇന്ത്യൻ വാഹന നിർമ്മാണ മേഖലയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇത്തരം പിൻമാറ്റങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികൾക്ക് വിഘാതം ഏൽപ്പിക്കുന്നുണ്ട്.


കഴിഞ്ഞ പത്ത് വർഷങ്ങളിലായി , ഫോഡ് കമ്പനിക്ക് വിവിധ പ്രവർത്തന മേഖലകളിലായി 2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും, അതോടൊപ്പം തന്നെ ഫോഡ് വണ്ടികളുടെ ആവശ്യക്കാർ കുറഞ്ഞതും കമ്പനിയുടെ നിലനിൽപ്പിനെ ബാധിച്ചതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചു മോഡൽ കാറുകൾ ഇന്ത്യൻ മാർക്കറ്റുകൾക്കായി നിലവിൽ നിർമ്മിച്ചിരുന്ന കമ്പനി, നിലവിലെ ഉപഭോക്താക്കൾക്ക് ആവശ്യമായ സർവീസുകളും, സ്പെയർ പാർട് സുകളും, വാറന്റി സേവനങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തോളമായി ഇന്ത്യൻ കാർ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികളിൽ ഒന്നുതന്നെയായിരുന്നു ഫോർഡ്. ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന രണ്ടുശതമാനം വാഹനങ്ങൾ ഫോഡ് കമ്പനിയുടേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ കാർ നിർമാതാക്കളിൽ ഒൻപതാം സ്ഥാനമാണ് ഫോഡിനുള്ളത്. ഇത്തരമൊരു പിൻമാറ്റം ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലാണ് എല്ലാവരും നടത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ ഒന്നു മുതൽ സ്കോട്ട്‌ലൻഡിൽ വാക്സിൻ പാസ്പോർട്ട് നിലവിൽവരും. ജനങ്ങൾ ഒത്തു ചേരാൻ സാധ്യതയുള്ള നൈറ്റ് ക്ലബ്, മ്യൂസിക് ഫെസ്റ്റിവൽസ് , ഫുട്ബോൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിൻ പാസ്പോർട്ട് പ്രവേശനത്തിന് നിർബന്ധമാക്കിയിരിക്കുന്നത് . 18 വയസ്സിൽ താഴെയുള്ളവരെ വാക്സിൻ പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . വാക്സിൻ പാസ്പോർട്ട് ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായല്ലന്നും രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണെന്നും സ്കോട്ട്‌ലാൻഡ് ഹെൽത്ത് സെക്രട്ടറി ഹംസ യൂസഫ് പറഞ്ഞു . സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റാർജിയൻ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയാണെന്ന് പ്രഖ്യാപിച്ച്‌ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പാർലമെൻറിൽ എംപിമാർ വാക്സിൻ പാസ്പോർട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

 

ബ്രിട്ടനിൽ പ്രതിരോധകുത്തിവയ്പ്പ് കൊടുക്കാൻ തുടങ്ങിയ കാലം തൊട്ട് വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകളും നിലവിലുണ്ടായിരുന്നു. ഇതിനിടെ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിന്റെ പ്രായോഗികതയെ കുറിച്ചുള്ള സന്ദേഹങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട് . ഈ മാസം അവസാനത്തോടെ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുമെന്ന് ഇംഗ്ലണ്ടിലെ വാക്സിനേഷന്റെ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചിരുന്നു . ഇനി ഒരു ലോക്ഡൗണിലേയ്ക്ക് രാജ്യം പോകുന്നത് ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽ യുവാക്കൾ ഉൾപ്പെടയുള്ളവർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ട് വരുമെന്നാണ് രാഷ്ട്രീയനേതൃത്വം വിലയിരുത്തുന്നത്. നിലവിൽ വെയിൽസിലും നോർത്തേൺ അയർലൻഡിലും എന്നുതൊട്ട് വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പതിമൂന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുവാൻ സഹായിച്ച പ്രൈമറി സ്കൂൾ ഡെപ്യൂട്ടി അറസ്റ്റിൽ. നാൽപത്തിനാലുകാരിയായ ജൂലി മോറിസിനെയാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ ആക്കിയിരിക്കുന്നത്. പത്തു വർഷത്തോളമായി ഇവർ സെന്റ് ജോർജ് സ് സെൻട്രൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിൽ ജോലിചെയ്തുവരികയായിരുന്നു. 13 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അൻപത്തിരണ്ടുകാരനായ ഡേവിഡ് മോറിസ് ആണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഡേവിഡിനു വേണ്ട എല്ലാ സഹായവും പിന്തുണയും നൽകിയത് ജൂലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പതിമൂന്നുകാരിയായ ഒരു പെൺകുട്ടിയെ മൂന്നുതവണ പീഡിപ്പിച്ച കുറ്റവും, മറ്റൊരു പെൺകുട്ടിയെ ലൈംഗിക പ്രവർത്തികൾക്ക് പ്രേരിപ്പിച്ച കുറ്റവുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.


ഡേവിഡ് മോറിസ് ജൂലിയുടെ ഭർത്താവല്ല എന്നാണ് പോലീസ് നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവർ തമ്മിൽ യാതൊരു തരത്തിലുള്ള കുടുംബ ബന്ധങ്ങളും ഇല്ലെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. 340 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ഒരു ജീവനക്കാരി ഇത്തരത്തിലൊരു സംഭവത്തിൽ ഉൾപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ജൂലിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


എന്നാൽ സ്കൂളിലെ ജോലിയുമായി ബന്ധപ്പെട്ടല്ല ജൂലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് മേഴ്‌സിസൈഡ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽതന്നെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇവർ ജോലി ചെയ്ത സകൂളിൽ നിന്നുള്ളതല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുടർ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :-കോവിഡ് സെൽഫ് ഐസൊലേഷൻ നിബന്ധനങ്ങൾ ലംഘിച്ച 21കാരനായ പോൾ വാട്ടർവർത് എന്ന യുവാവിന് കോടതി പിഴ വിധിച്ചു. കോവിഡ് ബാധിച്ചതിനാൽ പോൾ സെൽഫ് ഐസൊലേഷനിൽ കഴിയാൻ നിർബന്ധിതനായിരുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ മറ്റൊരു കുടുംബത്തെ ഇദ്ദേഹം സന്ദർശിച്ച കുറ്റത്തിനാണ് കോടതി പിഴ വിധിച്ചിരിക്കുന്നത്. 1100 പൗണ്ടാണ് പിഴയായി പോൾ അടയ് ക്കേണ്ടത്.


ബ്രാഡ്ഫോർഡ് & കീത്ത്‌ലി മജിസ്ട്രേറ്റ് കോടതി ആണ് പോളിന് പിഴ വിധിച്ചത്. ഇതിനോടൊപ്പം തന്നെ 110 പൗണ്ട് വിക്ടിം സർചാർജായും, 85 പൗണ്ട് മറ്റു ചിലവുകൾക്കായും അധികം അടയ്ക്കണമെന്നും കോടതിവിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് ആകണമെന്ന സൂചനയാണ് കോടതി നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻ എച്ച് എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി ഗവൺമെന്റ് ടാക്സുകൾ വർധിപ്പിക്കാനിരിക്കെ, 270000 പൗണ്ട് തുക ശമ്പളത്തിൽ സീനിയർ മാനേജർമാരെ എടുക്കുവാനുള്ള എൻ എച്ച് എസ്‌ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പുതിയ ചീഫ് എക്സിക്യൂട്ടീവുകൾക്കായി ഏകദേശം 9 മില്യൺ പൗണ്ട് അധിക തുക ചിലവാക്കേണ്ടി വരും. എന്നാൽ എൻഎച്ച്എസിനായി ശേഖരിക്കുന്ന തുക അനാവശ്യമായ കാര്യങ്ങൾക്ക് ചിലവാക്കില്ലെന്ന ഉറപ്പ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.


നിരവധി എംപിമാർ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ആരോഗ്യമേഖലയിൽ നിരവധി പ്രശ്നങ്ങൾ കോവിഡ് മൂലം ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എൻഎച്ച്എസിന്റെ പുതിയ തീരുമാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയുമുണ്ട്. ഏകദേശം 5.5 മില്യൺ ആളുകൾ ഓപ്പറേഷനും ചികിത്സയ്ക്കുമായി എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിലാണ് ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടൈം ഔട്ട് പ്രസിദ്ധപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച 37 രാജ്യങ്ങളുടെ പട്ടികയിൽ, മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ നഗരം. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് സാൻഫ്രാൻസിസ്കോയും, രണ്ടാം സ്ഥാനത്ത് ആംസ്റ്റർഡാമുമാണ്. നഗരങ്ങളുടെ പുരോഗമന നിലവാരവും, സ്വീകാര്യതയും, സുസ്ഥിരതയും എല്ലാം കണക്കിലെടുത്താണ് ടൈം ഔട്ട് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ നൂറോളം നഗരങ്ങളിൽ നിന്നായി പങ്കെടുത്ത ഇരുപത്തിയേഴായിരത്തോളം ആളുകളിൽ നിന്നുള്ള സർവേയിലൂടെ ആണ് ഈ റാങ്കിംഗ് നിലവാരം ടൈം ഔട്ട് കണ്ടെത്തിയത്. നഗരങ്ങളിലെ രാത്രികാല ജീവിതവും, റസ്റ്റോറന്റുകളും, സാംസ്കാരികതയും എല്ലാം ഈ പട്ടികയ്ക്കായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പംതന്നെ നഗരങ്ങളുടെ പരിസ്ഥിതി സൗഹൃദ നടപടികളെയും മുൻനിർത്തിയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ടൈം ഔട്ട് അറിയിച്ചു.


ഏറ്റവും മികച്ച സാമൂഹ്യ ബന്ധങ്ങൾ ഉണ്ടാക്കാൻ ഏറ്റവും ഇണങ്ങിയ നഗരമായാണ് മാഞ്ചസ്റ്ററിനെ ടൈം ഔട്ട് വിലയിരുത്തിയത്. ഇതോടൊപ്പംതന്നെ നഗരത്തിലെ രാത്രികാല ജീവിതവും ഏറ്റവും മികച്ചതാണെന്ന് സർവേയിൽ വിലയിരുത്തപ്പെട്ടു. ഏതു പ്രതിസന്ധിയിലും ഈ നഗരം ഒന്നിച്ച് നിന്നിട്ടുണ്ടെന്നും, ഈ ഊർജ്ജമാണ് നഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും മേയർ ആൻഡി ബൺഹാം പറഞ്ഞു. കോപ്പൻഹേഗൻ, ന്യൂയോർക്ക് എന്നീ നഗരങ്ങൾ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. പട്ടികയിൽ ലണ്ടൻ നഗരം പതിമൂന്നാം സ്ഥാനത്താണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ സാമൂഹിക സേവനങ്ങൾ വർധിപ്പിക്കുന്നതിനായും, എൻഎച്ച്എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായും ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തെ അനുകൂലിച്ചിരിക്കുകയാണ് എംപിമാർ. ബുധനാഴ്ച വൈകിട്ട് ഹൗസ് ഓഫ് കോമൺസിൽ നടത്തിയ വോട്ടെടുപ്പിൽ, 319 പേർ ഈ തീരുമാനത്തെ അനുകൂലിച്ചു. 248 പേർ മാത്രമാണ് തീരുമാനത്തെ എതിർത്ത്‌ വോട്ട് ചെയ്തത്. ഇതോടെ 71 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 5 ടോറി എംപിമാർ ഈ തീരുമാനത്തെ എതിർത്തു. മുൻപ് ടാക്സുകൾ വർദ്ധിപ്പിക്കുകയില്ല എന്ന കൺസർവേറ്റീവ് പാർട്ടി തീരുമാനത്തിന് എതിരാണ് ഇപ്പോൾ പ്രധാനമന്ത്രി കൈക്കൊണ്ടിരിക്കുന്ന തീരുമാനം. എന്നാൽ മുഖ്യമായ ടാക്സുകളിൽ ഒന്നുംതന്നെ വർധന ഉണ്ടാവുകയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

 

പുതിയ പദ്ധതിയിലൂടെ ഏകദേശം 12 ബില്യൻ പൗണ്ട് ഒരു വർഷം അധികമായി ലഭിക്കുമെന്നും, ഇത് എൻ എച്ച് എസിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനു സഹായിക്കുമെന്നും എംപിമാർ വിലയിരുത്തി.

എന്നാൽ ഇത്തരത്തിൽ നാഷണൽ ഇൻഷുറൻസ് ടാക്സുകൾ വർധിപ്പിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്ന് ലേബർ പാർട്ടി അംഗങ്ങൾ വിലയിരുത്തി. വളരെ ദ്രുതഗതിയിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ലേബർ പാർട്ടി ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് വോട്ടെടുപ്പ് നടത്തിയതെന്നും, എംപിമാർക്ക് ചിന്തിക്കാനുള്ള സമയം പോലും നൽകിയില്ലെന്ന ആരോപണവുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ഏറ്റവും ആദ്യം ജനങ്ങൾക്ക് കോവിഡിനെതിരെ പ്രതിരോധകുത്തിവെയ്പ്പ് നൽകിയ രാജ്യമായിരുന്നു ബ്രിട്ടൻ. തുടക്കം മുതൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനും ആവശ്യമായ വാക്സിൻെറ ലഭ്യത ഉറപ്പാക്കാനുംബ്രിട്ടൻ എന്നും മുന്നിലായിരുന്നു. എന്നാൽ ഇത്രയും ഊർജിതമായ രീതിയിൽ വാക്സിനേഷൻ നൽകിയിട്ടും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പലരും പ്രതിരോധകുത്തിവെയ്പ്പുകൾ എടുത്തിട്ടില്ല എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളെ കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ 75 ശതമാനവും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ നിയന്ത്രണങ്ങൾ പിൻവലിക്കാനെടുത്ത തീരുമാനം ശരിയായ ദിശയിലായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ഇതാണ് കാണിക്കുന്നത് . എന്നാൽ ഇപ്പോഴും കൊറോണവൈറസ് നമ്മുടെ ഇടയിലുണ്ട് . അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . മുതിർന്നവരിൽ 5 -ൽ ഒരാൾക്ക് 2 ഡോസ് വാക്സിൻ എടുത്തില്ലെന്നത് ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക ശക്തമാണ്. ബ്രിട്ടനിൽ കഴിഞ്ഞ ഒമ്പത് ദിവസമായി തുടർച്ചയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30000 -ത്തിന് മുകളിലാണ് . രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ആശുപത്രിയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരുമാസംമുമ്പ് 5697 ആയിരുന്നത് നിലവിൽ 7907 ആയി ആണ് ഉയർന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും വാക്സിൻ നൽകിയെങ്കിലും ബ്രിട്ടനിൽ ഇപ്പോഴത്തെ ചർച്ചകൾ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനെക്കുറിച്ചാണ് . സെപ്റ്റംബറിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നതിന് ജോയിന്റ് കമ്മിറ്റി ഓഫ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻെറ ( ജെസിവിഐ) യുടെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ മാസം തന്നെ ബൂസ്റ്റർ ഡോസ് നൽകാൻ സാധിക്കുമെന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലന്ന കോവിഡ് വാക്‌സിൻ നിർമാതാക്കളായ ആസ്ട്രാസെനെക്ക യുകെ മേധാവിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എല്ലാവർക്കും മൂന്നാമത്തെ വാക്സിൻ നൽകുന്നത് എൻഎച്ച്എസിന് മേൽ കടുത്ത സമ്മർദ്ദമായിരിക്കും സൃഷ്ടിക്കുന്നതെന്ന വാദവും ശക്തമാണ്. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് ബ്രിട്ടൻ ഒരുങ്ങുന്നത്. 50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .

RECENT POSTS
Copyright © . All rights reserved