Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശമ്പള വർദ്ധനവ് നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന യൂണിയന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാഞ്ഞ സർക്കാരിന് തിരിച്ചടി. ആരോഗ്യ സേവന ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് തിങ്കളാഴ്ച നടന്നു. ഇതിനെ തുടർന്ന് നൽകിയ മുന്നറിയിപ്പാണ് അവഗണിച്ചത്. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഒരു നീക്കവും നടത്തുന്നില്ലെന്നും, ചർച്ചകൾ നടത്തിയെന്ന് പറയുന്നത് കളവാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി ആരോപിച്ചു. ഷെൽഫോർഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന പ്രമുഖ ആശുപത്രിയിലെ 10 ചീഫ് നേഴ്‌സുമാർ ഒത്തുതീർപ്പാക്കാതെ മുന്നോട്ട് പോയാൽ രോഗികൾ ദുരിതത്തിലാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിലെ പതിനായിരക്കണക്കിന് നേഴ്‌സുമാരും ആംബുലൻസ് തൊഴിലാളികളും തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് നടത്തി. രോഗികളുടെ അവസ്ഥ കണക്കിലെടുത്തെങ്കിലും സർക്കാർ സമവായ ശ്രമം നടത്തണമെന്നായിരുന്നു യൂണിയന്റെ അഭ്യർത്ഥന. രോഗികളുടെ അവസ്ഥ സംബന്ധിച്ച് ആശങ്ക ഉണ്ടെന്നും, അതിനാൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച നേഴ്‌സുമാർ പണിമുടക്ക് തുടരുകയാണ്, ഫിസിയോതെറാപ്പിസ്റ്റുകൾ വ്യാഴാഴ്ചയും. ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ചയാണ് സമരത്തിലേർപ്പെടുന്നത്. ഇത്രയധികം മോശം സാഹചര്യത്തിൽ രോഗികൾ പ്രതിസന്ധിയിലാകും എന്നുള്ള കാര്യം വ്യക്തമാണ്. പിന്നെയും സർക്കാർ വാശി കാണിക്കുന്നതിനെയാണ് യൂണിയൻ വിമർശിക്കുന്നത്. ഇംഗ്ലണ്ടിലെ 47,000 നേഴ്‌സുമാരാണ് ആശുപത്രികളിൽ ജോലി ചെയ്യുന്നത്. ആരോഗ്യകരമായ ചർച്ചകൾ നടത്തി സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണമെന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലേക്ക് ബ്രിട്ടൻ രക്ഷാപ്രവർത്തക സംഘത്തെ അയച്ചു. 76 പേരടങ്ങുന്ന രക്ഷാപ്രവർത്തകരുടെ സംഘം ഇന്നലെ തന്നെ തുർക്കിയിലെത്തി ചേർന്നു. രക്ഷാപ്രവർത്തനത്തിന് സഹായകരമായ ഉപകരണങ്ങൾ , പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾ എന്നിവയും യുകെയുടെ രക്ഷാദൗത്യ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ടർക്കിഷ് അസോസിയേഷനുകളുടെയും യുകെയിലുടനീളമുള്ള സ്ഥലങ്ങളിൽ തുർക്കിയിലെ ജനതയെ സഹായിക്കുന്നതിനായുള്ള വിവിധ രീതിയിലുള്ള സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. 4300 -ലധികം ആളുകൾ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പതിനായിരത്തിലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ ബ്രിട്ടീഷ് വംശജർ ആരും മരിച്ചതായി അറിവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും മരണസംഖ്യ ഇതിലും ഉയരുവാൻ കാരണമായേക്കുമോ എന്ന ആശങ്ക ശക്തമാണ്. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാകാനുള്ള സാധ്യതയും നിലവിലുണ്ട്.

തുർക്കിയിലും അയൽ രാജ്യമായ സിറിയയിലുമുണ്ടായ ആദ്യ ഭൂകമ്പത്തിൽ തുർക്കിയിൽ മാത്രം 2900 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ . സിറിയയിൽ 1400 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ . 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനുശേഷം യഥാക്രമം 7.5 ,6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. മരണസംഖ്യ നിലവിലേതിനേക്കാൾ 8 മടങ്ങു വരെ വർദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്‌സം കോളജ് മേധാവിയും ഭർത്താവും ഏഴുവയസ്സുള്ള മകളും മരിച്ച നിലയിൽ. സ്‌കൂൾ ഗ്രൗണ്ടിലെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എമ്മ പാറ്റിസൺ (45), അവരുടെ ഭർത്താവ് ജോർജ്ജ് (39), മകൾ ലെറ്റി എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആരെയും സംശയപരമായി പ്രതി ചേർത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ദാരുണമായ സംഭവമാണ് നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപ്രതീക്ഷിത വേർപ്പാട് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോളേജ് മേധാവികൾ പ്രതികരിച്ചു. തെക്കൻ ലണ്ടനിലെ ക്രോയ്‌ഡൺ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായി ആറ് വർഷം പ്രവർത്തിച്ച പാറ്റിസൺ, അഞ്ച് മാസം മുൻപാണ് എപ്‌സോമിന്റെ ചുമതല ഏറ്റെടുത്തത്. ഭർത്താവ് ജോർജ്ജ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു, അദ്ദേഹം ടാംഗിൾവുഡ് 2016 എന്ന മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.

സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. സ്കൂളിൽ പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. സ്‌കൂളിന്റെ പ്രധാന ഗേറ്റിന്റെ അകത്തേക്ക് യൂണിഫോമിട്ട വിദ്യാർത്ഥികൾക്കാണ് നിലവിൽ പ്രവേശനം. അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ആഘാതത്തിലാണ് എല്ലാവരും. സ്കൂളിന്റെ നേതൃനിരയിൽ പ്രവർത്തിച്ച പ്രിയപ്പെട്ട സഹ പ്രവർത്തകയുടെ നിര്യാണത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മനോഹരമായ പൂന്തോട്ടം വൃത്തികേടായി പരിചരിച്ചതിനു ദമ്പതികൾക്ക് പിഴ ചുമത്തി അധികൃതർ രംഗത്ത്. 600 പൗണ്ടാണ് പിഴ ചുമത്തിയത്. അയൽവാസികളുടെ പരാതിയെ തുടർന്നാണ് നടപടി. ദമ്പതികളായ തോമസ് ബെല്ലും ഹെലൻ മിൽബേണും വാടകയ്ക്ക് എടുത്ത വസ്തുവിലാണ് പൂന്തോട്ടം നിർമ്മിച്ചത്. എന്നാൽ പിന്നീട് ചപ്പുചവറുകളും മറ്റ് വേസ്റ്റുകളും ഇവിടെ നിക്ഷേപിക്കുകയായിരുന്നു. ഡാർലിംഗ്ടൺ ബറോ കൗൺസിലിൽ അയൽവാസികൾ രേഖാമൂലം പരാതി നൽകിയിരുന്നു.

തുടർന്ന് കൗൺസിൽ അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും 2021 ജൂണിൽ മാലിന്യം നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. എത്രമാത്രം വേസ്റ്റാണ് ഇതിൽ നിക്ഷേപിച്ചിരിക്കുന്നതെന്നുള്ളത് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പൂന്തോട്ടത്തിന്റെ മുകളിൽ എത്തുന്ന കറുത്ത ബാഗുകളുടെ ഒരു കൂമ്പാരം കാണാൻ കഴിയും. മുന്നറിയിപ്പുകൾ വകവയ്ക്കാതെ ദമ്പതികൾ ചപ്പുചവറുകൾ വീണ്ടും നിക്ഷേപിച്ചതാണ് സ്ഥിതി മോശമാക്കിയത്. മാലിന്യങ്ങൾ സമയബന്ധിതവും കൃത്യവുമായ രീതിയിൽ നീക്കം ചെയ്യുന്നതിൽ ഇരുവരും വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇപ്പോൾ നടപടി.

ഓരോരുത്തർക്കും 220 പൗണ്ട് പിഴയും 408 പൗണ്ട് ചെലവും നൽകാൻ ആണ് ഉത്തരവ്. ‘ചവറുകളും ഗാർഹിക മാലിന്യങ്ങളും ശരിയായ രീതിയിൽ തന്നെ നിർമാർജനം ചെയ്യണം. അല്ലാത്തപക്ഷമാണ് ഇത്തരത്തിൽ വലിച്ചെറിയപ്പെട്ട നിലയിൽ കാണപ്പെടുന്നത്. ഇതൊന്നും ചെയ്യാത്തതിനെ തുടർന്നാണ് നടപടി. ചുറ്റുമുള്ള വീട്ടുകാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു’ കൗൺസിലർ ജാമി ബാർച്ച് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തുർക്കിയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. സിറിയയുടെ വടക്കന്‍ ഭാഗത്തും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 1500 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്. തുര്‍ക്കിയിലെ ഏഴ് പ്രവിശ്യകളിലായി 912 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു.

സിറിയയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 320 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറിൽ ഏറെ പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 147 മരണവുമുണ്ടായി. 340 പേര്‍ക്ക് ഇവിടെ പരിക്കേറ്റതായാണ് കണക്ക്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്.

അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജനനശേഷം വേർപിരിഞ്ഞ മാതാവിനെ 58 വർഷങ്ങൾക്ക് ശേഷം മകൻ കണ്ടുമുട്ടിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 1960-കളിൽ ദത്തായി പോയതാണ് തിമോത്തി വെൽച്ച്. മാതാവ് ജൂൺ മേരി ഫെൽപ്‌സിന് 18 വയസുള്ളപ്പോഴാണ് ഇരുവരും തമ്മിൽ വേർപിരിയുന്നത്. അന്ന് തിമോത്തിയ്ക്ക് ആറാഴ്ച മാത്രമാണ് പ്രായമുണ്ടായിരുന്നത്. അതിന് ശേഷം ഇപ്പോഴാണ് അമ്മ ജൂണിനെ മൊൺമൗത്തിൽ വെച്ച് കണ്ടുമുട്ടിയത്.

നിലവിൽ ലണ്ടനിൽ അധ്യാപകനാണ് തിമോത്തി. ജന്മം നൽകിയ മാതാവിനെ പിരിഞ്ഞതിന്റെ ദുഃഖം ഏറെ നാളായി അദ്ദേഹത്തെ അലട്ടിയിരുന്നതായും പറയുന്നു. ഇപ്പോൾ വളർത്തു മാതാപിതാക്കളായ ബില്ലിനും യൂനിസിനും ഒപ്പമാണ് അദ്ദേഹം. തിമോത്തി എല്ലായ്പോഴും സ്പെഷ്യൽ ആണെന്നും, ജീവിതത്തിൽ ഒപ്പം കിട്ടിയത് വളരെ ഭാഗ്യമായിരുന്നെന്നുമാണ് ഇരുവരുടെയും സാക്ഷ്യം. വിവാഹ ശേഷം കുട്ടികൾ ഇല്ലാതെ വിഷമിച്ചിരുന്ന ഇരുവരും 36 -മത്തെ വയസിലാണ് തിമോത്തിയെ ദത്തെടുക്കുന്നത്.

ബില്ലിയും യൂനിസും അസുഖബാധിതരായി മരണപ്പെട്ടതിന് ശേഷമാണ് സ്വന്തം മാതാവിനെ തിരഞ്ഞുള്ള യാത്ര തിമോത്തി ആരംഭിച്ചത്. അവർക്കൊപ്പമുള്ള ജീവിതം ഏറ്റവും വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. ദത്തെടുക്കപ്പെട്ട ഒരു കുട്ടി അവന്റെ മാതാപിതാക്കളെ തിരയാറുണ്ടെന്നും, ജീവിതത്തിൽ അവൻ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് അതിനെ കുറിച്ച് ഓർത്താണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരനും മേഗനുമുള്ള അമേരിക്കയിലെ സ്വീകാര്യത കുറയുന്നു. ഇരുവരുടെയും പ്രണയം സംബന്ധിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററികളും, ആത്മകഥയായ സ്പെയറും പുറത്തിറങ്ങിയതിനു ശേഷമാണ് ഇത്. ഒരു മാസത്തിനുള്ളിൽ ജനപ്രീതിയുടെ റേറ്റിംഗിൽ ഇരുവരും കുത്തനെ ഇടിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. പരിഗണന കുറഞ്ഞതിനെ തുടർന്ന് ഔദ്യോഗിക പരിപാടികളിൽ ക്ഷണവും താരതമ്യേന കുറവാണ്.

ആത്മകഥ പ്രസിദ്ധീകരണത്തിന് മുമ്പ്, ഹാരിക്ക് +38 എന്ന റേറ്റിംഗ് ഉണ്ടായിരുന്നു. 2,000 യുഎസ് വോട്ടർമാരിൽ ഡിസംബർ 5 ന് നടത്തിയ വോട്ടെടുപ്പ് പ്രകാരമാണിത്. ജനുവരി 16 -ഓടെ അത് -7 ആയി കുറഞ്ഞു. റെഡ്ഫീൽഡും വിൽട്ടണും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേസമയം മേഗൻ മാർക്കിളിന് -13 ആയി കുറഞ്ഞു, എന്നാൽ ഡിസംബർ 5 -ലെ +23 ആയിരുന്നു. വിഐപികളായ സെലിബ്രിറ്റികളുടെ ഇടയിലും ഇരുവർക്കും നിലവിൽ സ്വീകാര്യത കുറവാണെന്നും സർവേ സാക്ഷ്യപ്പെടുത്തുന്നു.


2021 മാർച്ചിൽ ഹാരി രാജകുമാരനെയും മേഗൻ മാർക്കിളിനെയും ഓപ്ര വിൻഫ്രെ അഭിമുഖം നടത്തിയിരുന്നു. രാജകുടുംബത്തിനെതിരായ ആരോപണങ്ങളും കുടുംബത്തിലെ ഒരു അംഗം അവരുടെ പിഞ്ചു കുഞ്ഞിനെക്കുറിച്ച് വംശീയ പരാമർശങ്ങൾ നടത്തിയതുൾപ്പെടെ പല കാര്യങ്ങളും വെട്ടിതുറന്ന് പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് ഇക്കാര്യങ്ങൾ ലോകം കേട്ടത്. എന്നാൽ കുറച്ചുകാലം വിൻഫ്രെ ഇരുവരുടെയും അടുത്ത സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ പലവിധ കാരണങ്ങൾകൊണ്ടാണ് ഇത്തരം സൗഹൃദങ്ങൾ തകർന്നതെന്ന് ദി ടൈംസ് റിപ്പോർട്ട്‌ ചെയ്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈ വർഷം പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യത്തിൽ ഉറച്ച് ജനങ്ങളിൽ ഏറെയും. ഈ അടുത്ത് നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം പുറത്ത് വന്നത്. പത്ത് പേരിൽ നടത്തിയ സർവേയിൽ 6 പേരും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. ആറാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് വേണമെന്നും സർവേ സൂചിപ്പിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും രാജ്യം പലവിധ പ്രതിസന്ധികളെ അതിജീവിക്കുന്ന സമയത്താണ് ജനങ്ങൾ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

2025 ജനുവരി വരെ ഋഷി സുനകിന് കാലാവധി ഉണ്ട്. അതിനുള്ളിൽ ഒരു വോട്ടെടുപ്പ് ഉണ്ടായാൽ എങ്ങനെ പ്രതിഫലിക്കും എന്നുള്ള ആശങ്കയിലാണ് ടോറി നേതൃത്വം. സാമ്പത്തിക രംഗം ഇതിനുള്ളിൽ പുരോഗതി കൈവരിച്ചാൽ അതൊരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സർവേ പ്രകാരം, പലവിധ പരിമിതികൾ നിലനിൽക്കുന്ന 2022 ൽ കെയർ സ്റ്റാർമറുടെ ലേബർ പാർട്ടിയേക്കാൾ 20 പോയിന്റ് പിന്നിലാണ് കൺസർവേറ്റീവുകൾ. റെഡ്ഫീൽഡ് ആൻഡ് വിൽട്ടൺ സ്ട്രാറ്റജീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം തന്നെ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകണമെന്ന ആഗ്രഹമാണ് ജനങ്ങളിൽ ഏറെയും പങ്കുവയ്ക്കുന്നത്.

പോൾ ചെയ്തവരിൽ 61 ശതമാനം പേരും ഈ വർഷം തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. 52 ശതമാനം പേർ ഈസ്റ്ററിന് മുമ്പ് തിരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടു. ഇതിനിടയിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് വാർത്തകളിൽ ഇടംപിടിക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കൊണ്ടുവന്ന നികുതി വെട്ടിച്ചുരുക്കൽ പദ്ധതി വേണ്ടവിധത്തിൽ പാർട്ടി നേതൃത്വവും, ജനങ്ങളും ഏറ്റെടുത്തില്ലെന്ന് ദേശീയ പത്രത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു.1999ൽ അട്ടിമറിയിലൂടെയാണ് അദ്ദേഹം അധികാരം പിടിച്ചെടുത്തത്. 2001 നും 2008 നും ഇടയിൽ പ്രസിഡന്റായിരുന്ന അദ്ദേഹം, ദീർഘനാളായി അസുഖബാധിതനായിരുന്നു. ദുബായിൽ വെച്ചാണ് അന്ത്യം. നിരവധി കൊലപാതക ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം, തീവ്രവാദ ഇസ്ലാമിസ്റ്റുകളും പാശ്ചാത്യരും തമ്മിലുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.

ആഭ്യന്തര എതിർപ്പ് അവഗണിച്ച അദ്ദേഹം അമേരിക്കയുടെ ഭീകരതയ് ക്കെതിരെ ശക്തമായി നിലകൊണ്ടു. 2008-ൽ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ അദ്ദേഹം രാജ്യം വിട്ട സംഭവങ്ങളും ഉണ്ടായി. 2013 -ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച് മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയും മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി. തുടർന്ന് ചികിത്സ തേടി 2016 -ൽ പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് പോയ അദ്ദേഹം അന്നുമുതൽ രാജ്യത്ത് പ്രവാസ ജീവിതം നയിക്കുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11 -ന് ഡൽഹിയിലാണ് പർവേസ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി. റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964 -ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965 -ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രധാനമന്ത്രി ഋഷി സുനക് നേഴ്‌സുമാർക്കുള്ള പുതിയ വേതനവ് അനുവദിച്ചാൽ അടുത്ത ആഴ്ച ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പണിമുടക്കുകൾ ഒഴിവാക്കമെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ നേഴ്സിങ് യൂണിയൻറെ മേധാവി. ഇത് ആദ്യമായാണ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് മേധാവി പാറ്റ് കുള്ളൻ സുനക്കിനോട് ശമ്പള വർദ്ധനവിനെ സംബന്ധിച്ച് നേരിട്ട് ബന്ധപ്പെടുന്നത്. വെയിൽസിലും സ്കോട്ട്‌ലൻഡിലും പുതിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ വാഗ്ദാനങ്ങളോ ചർച്ചകളോ പണിമുടക്കിൽ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

എൻ എച്ച് എസിലെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനായിരിക്കും തിങ്കളാഴ്ച്ച രാജ്യം സാക്ഷ്യം വഹിക്കുക. ഇംഗ്ലണ്ടിലെ നേഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും ശമ്പളവും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ആവശ്യവുമായാണ് പണിമുടക്കുമായി മുൻപോട്ട് വന്നിരിക്കുന്നത്. രണ്ട് സർവീസുകളിലെയും ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കും. വെള്ളിയാഴ്ച നടക്കുന്ന വാക്കൗട്ടിൽ ആംബുലൻസ് ജീവനക്കാരും പങ്കെടുക്കും.

പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ, സർക്കാരിൽ നിന്നുള്ള ന്യായമായ ശമ്പള വാഗ്ദാനം ലഭിക്കുകയാണെങ്കിൽ പണിമുടക്ക് ഒഴിവാക്കാനാകുമെന്ന് മിസ്സ് കുള്ളൻ പറഞ്ഞു. നാദിം സഹാവിയെ നികുതി വിഷയത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടിയെ അവർ പിന്താങ്ങി . ഇത്തരത്തിലുള്ള നീക്കം ജങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വസ്തത വീണ്ടെടുക്കാൻ സഹായകമാകുമെന്നും മിസ്സ് കുള്ളൻ കത്തിൽ പറയുന്നു

RECENT POSTS
Copyright © . All rights reserved