Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മന്ത്രിസഭാ പുനഃസംഘടനയിൽ സർക്കാരിലേയ്ക്ക് നാടകീയമായ തിരിച്ചുവരവ് നടത്തിയതിന് ശേഷം, പ്രധാനമന്ത്രി ഋഷി സുനക്കിനെ ഈ ‘ദുഷ്കരമായ സമയത്ത്’ പിന്തുണയ്ക്കുമെന്ന് ഡേവിഡ് കാമറൂൺ പറഞ്ഞു. രാജ്യത്തെ പലസ്തീൻ റാലിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനെ പുറത്താക്കിയതോടെയാണ് കാമറൂണിന് മന്ത്രിസഭയിലേക്ക് വഴിതുറന്നത്. വിദേശ സെക്രട്ടറി ജെയിംസ് ക്ലെവർലിയെ സുവല്ലയ്ക്ക് പകരം നിയമിച്ചു. ക്ലെവർലിക്ക് പകരക്കാരനായാണ് മുൻ പ്രധാനമന്ത്രി കാമറൂൺ ക്യാബിനറ്റിൽ തിരിച്ചെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം കാമറൂൺ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചതായി വിദേശകാര്യ ഓഫീസ് പറഞ്ഞു. 2010 മേയിലാണ് ഡേവിഡ് കാമറൂൺ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കുന്നതിന് ( ബ്രെക്സിറ്റ് ) വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ കാമറൂൺ രാജിവച്ചു. വിദേശ സെക്രട്ടറി റോളിലുള്ള കാമറൂണിന്റെ മടങ്ങിവരവ് ഏറെ ആകാംഷയോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്.

ലണ്ടനിൽ നടന്ന പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തവരെ വിദ്വേഷ പ്രതിഷേധക്കാരെന്ന് സുവെല്ല വിശേഷിപ്പിച്ചിരുന്നു. ഇവർ നിയമ ലംഘനം നടത്തിയിട്ടും ലണ്ടൻ പൊലീസ് അവഗണിച്ചെന്നും മൃദു സമീപനം സ്വീകരിച്ചെന്നും കു​റ്റപ്പെടുത്തി. സംഘാടകർക്ക് ഹമാസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സുവെല്ല പറഞ്ഞു. പിന്നാലെ സുവെല്ലയെ പുറത്താക്കാൻ ഋഷിക്ക് മേൽ സമ്മർദ്ദമേറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് 43കാരിയായ സുവെല്ലയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്.

വിവാദങ്ങൾ നിരവധി

വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട നേതാവാണ് സുവെല്ല. രാജ്യത്തെ അഭയാർത്ഥി പ്രതിസന്ധിയെ ഇവർ അധിനിവേശമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തേക്കെത്തുന്ന അഭയാർത്ഥികളെ കുറിച്ചായിരുന്നു പരാമർശം. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ആരോപിച്ചതും വിവാദമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമൂഹത്തിൽ നടമാടുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .

ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. അതായത് ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുമെന്നാണ് ഇത് വിരൽ ചൂണ്ടുന്നത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്. 7500 യുവാക്കളിൽ നടത്തിയ വിശദമായ സർവ്വേയുടെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ ഇടയിലുള്ള ആഴത്തിലുള്ള പല പ്രശ്നങ്ങളും കണ്ടെത്തിയിരിക്കുന്നത്. ദാരിദ്ര്യവും അക്രമ സംഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ സൂചനകളും പഠനത്തിലുണ്ട്. ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്ന കുടുംബങ്ങളിലെ കൗമാരക്കാരിൽ 3 പേരും കഴിഞ്ഞവർഷം അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. ഗവേഷണത്തിൽ പങ്കെടുത്ത 10 കൗമാരക്കാരിൽ നാലുപേരും സോഷ്യൽ മീഡിയ അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന അഭിപ്രായമാണ് പങ്കുവച്ചത്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ ഇന്ത്യൻ സമൂഹത്തിന്റെ ഇടയിൽ നടന്ന ദീപാവലി ആഘോഷങ്ങൾ വൻ ദുരന്തത്തിൽ കലാശിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഇടയിലുണ്ടായ തീപിടുത്തത്തിൽ 5 പേരാണ് മരണമടഞ്ഞത്. ഇതിൽ 3 പേർ കുട്ടികളാണ്.

ആരോൻ കിഷൻ ഭാര്യ സീമ അവരുടെ മൂന്ന് കുട്ടികളും ആണ് ദുരന്തത്തിന് ഇരയായത്. തീപിടുത്തം ഉണ്ടായപ്പോൾ ആരോൻ കിഷനും ഭാര്യയും വീടിനുള്ളിലായിരുന്നെന്നാണ് കരുതപ്പെടുന്നത് . പത്ത് ഫയർ എൻജിനുകളും 70 അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് വെസ്റ്റ് ലണ്ടനിലെ ഹൗൺ സ്ലോയിലെത്തി തീയണച്ചത്.

പരിസരം കടുത്ത പുകയിൽ മൂടിയിരുന്നതായി സമീപത്ത് താമസിക്കുന്ന ആശിഷ് റോസയ്യ പറഞ്ഞു. രാത്രി 10. 15 ഓടെ ഒരു സ്ത്രീയുടെ നിലവിളി കേട്ടതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അയൽവാസി പറഞ്ഞു. തീയണക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പെട്ടെന്ന് അഗ്നി ആളി പടരുകയായിരുന്നു. മിനിറ്റുകൾക്ക് അകം വീട് മുഴുവൻ അഗ്നിക്കിരയാവുകയായിരുന്നു. ഈ വർഷം ഇന്ത്യൻ വംശജർ ഉള്ള സ്ഥലങ്ങളിലെല്ലാം ദീപാവലി ആഘോഷം വൻതോതിൽ നടത്തിയിരുന്നു. ദീപാവലിയോട് അനുബന്ധമായുള്ള സാധനങ്ങൾ വിൽക്കുന്നതിനായി എല്ലാ സൂപ്പർമാർക്കറ്റുകളും പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിക്കുകയും പ്രത്യേക ഓഫറുകൾ നൽകുകയും ചെയ്തിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. സുല്ല ബ്രാവർമാനെ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കി. പകരം വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവർലിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി . ഏവരെയും ഞെട്ടിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഡേവിഡ് കാമറൂണിന്റെ തികച്ചും അസാധാരണമായ തിരിച്ചുവരവായാണ് ഇത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

ബ്രിട്ടന്റെ ചരിത്രത്തിൽ ഒരു മുൻ പ്രധാനമന്ത്രി ഇത്തരത്തിൽ സർക്കാരിലേയ്ക്ക് തിരിച്ചുവരുന്നത് അസാധാരണമാണ്. ഋഷി സുനകിന്റെ ഇന്നത്തെ മന്ത്രിതല പുന സംഘടന ശോഭനമായ ഭാവിക്കായി ദീർഘകാല തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിന് ശക്തി പകരുന്നതാണ് എന്ന് കൺസർവേറ്റീവ് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അവകാശപ്പെട്ടു.

ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടത് തൻറെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ പദവിയായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇത് രണ്ടാം തവണയാണ് അവർക്ക് കസേര നഷ്ടപ്പെടുന്നത്. നേരത്തെ ലിസ് ട്രസിന്റെ സർക്കാരിൽ നിന്ന് വിവാദങ്ങളെ തുടർന്ന് അവർ സ്ഥാനം രാജി വച്ചിരുന്നു. പാലസ്തീൻ അനുകൂല മാർച്ചിന് പോലീസ് പിന്തുണ നൽകുന്നതായി സ്ഥാനമൊഴിഞ്ഞ ആഭ്യന്തര സെക്രട്ടറി പറഞ്ഞതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് സുല്ല ബ്രാവർമാന്റെ സ്ഥാന ചലനത്തിലേയ്ക്ക് നയിച്ചത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ ‘കൂടുതൽ നടപടി’ വേണമെന്ന് സുവല്ല ബ്രാവർമാൻ ആവശ്യപ്പെട്ടു. പോലീസിന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന ആഭ്യന്ത്രര മന്ത്രി സുവല്ല ബ്രാവർമാൻ്റെ പരാമർശം വലിയ വിവാദമായിരുന്നു. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ മന്ത്രിമാരിൽ നിന്നടക്കം പ്രതിഷേധം ഉയർന്നു. “ഓരോ ദിവസവും അവർ അധികാരത്തിൽ തുടരുന്നത് അത് പ്രധാനമന്ത്രിയുടെ അധികാരത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു.” – ഒരു എംപി പറഞ്ഞു.

“ഇത് തുടരാനാവില്ല. ആഴ്ചതോറും ലണ്ടനിലെ തെരുവുകൾ വിദ്വേഷവും അക്രമവും യഹൂദ വിരുദ്ധതയും കൊണ്ട് മലിനമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്നു. യഹൂദർക്ക് പ്രത്യേകിച്ച് ഭീഷണി ഉണ്ടാവുന്നു. തുടർ നടപടി ആവശ്യമാണ്. ” സുവല്ല എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ ബ്രാവർമാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്ന റാലിയായതു കൊണ്ടുതന്നെ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കുട്ടികളടക്കം കുടുംബസമേതമായിരുന്നു മിക്കവരും റാലിയിൽ പങ്കെടുത്തത്.

റാലിയിൽ പ്രതിഷേധക്കാരുടെ വലിയ ജനക്കൂട്ടം കറുപ്പ്, ചുവപ്പ്, വെള്ള, പച്ച നിറമുള്ള പലസ്തീൻ പതാകകൾ വീശി, “ഗാസ ബോംബിംഗ് നിർത്തുക” എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. അതേസമയം സെൻട്രൽ ലണ്ടനിൽ പലസ്തീൻ അനുകൂല റാലി പതിയിരുന്ന് ആക്രമിക്കാൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ശ്രമം നടത്തിയിരുന്നു. ഇത് തീർത്തും അസ്വീകാര്യമാണെന്ന് ഋഷി സുനക് ശനിയാഴ്ച പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോകമഹായുദ്ധങ്ങളിൽ മരിച്ച ബ്രിട്ടീഷുകാരെ അനുസ്മരിക്കുന്നതിനായി സെൻട്രൽ ലണ്ടനിൽ നിർമ്മിച്ച സെനോറ്റാഫിൽ റിമംബറൻസ് സൺ‌ഡേ അനുസ്മരണ സർവീസുകൾക്ക് ചാൾസ് രാജാവ് നേതൃത്വം നൽകി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും മറ്റ് സംഘർഷങ്ങളിലും ജീവൻ നഷ്ടമായ സൈനികരുടെയും മറ്റു സാധാരണക്കാരുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ സർവീസ് നടത്തപ്പെടുന്നത്. ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഭടന്മാരും പൊതുജനങ്ങളും എല്ലാം ഈ ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടനിൽ ഉടനീളം 11 മണിക്ക് 2 മിനിറ്റ് നിശബ്ദത ആചരിച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അതിനുശേഷം അനുസ്മരണ കുടീരത്തിൽ ചാൾസ് രാജാവാണ് ആദ്യമായി റീത്ത് സമർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ നേതാക്കളും രാജകുടുംബഅംഗങ്ങളും റീത്ത് സമർപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനക്, ലേബർ നേതാവ് സർ കെയർ സ്റ്റാർമർ, ക്യാബിനറ്റ് അംഗങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരിയായ കാതറിനോടൊപ്പം ഫോറിൻ ഓഫീസ് ബാൽക്കണിയിൽ നിന്ന് കാമില രാജ്ഞി അനുസ്മരണ ദിന സേവനം വീക്ഷിച്ചു. ബെൽഫാസ്റ്റ് , പ്ലൈമൗത്ത്, കാർഡിഫ് , ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളിലും അനുസ്മരണ സർവീസുകൾ നടന്നു.

കഴിഞ്ഞദിവസം നടന്ന പാലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ സർവീസുകൾക്ക് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡിലും അനുസ്മരണ സർവീസുകൾ നടത്തപ്പെട്ടു. മറ്റ് പ്രതിഷേധ പ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ഓരോ ദിവസവും ഉയർന്നു വരുന്നത്. ഇതിന് പിന്നാലെ ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് എൻഎച്ച്എസിലെ മെഡിക്കൽ വിദഗ്ധർ. നിരവധി ആളുകളാണ് തങ്ങൾ ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) എന്ന് ലേബൽ ചെയ്യപ്പെട്ടതായി അറിയാതെയിരിക്കുന്നത്. എന്നാൽ പേര് കേട്ട് പേടിക്കേണ്ട എന്നും പലപ്പോഴും ഈ അവസ്ഥ അത്ര ഗുരുതരമല്ലെന്നും ഡോ. എല്ലി പറയുന്നു.

ക്രോണിക് കിഡ്നി ഡിസീസ് ഒരു രോഗം എന്നതിലുപരി മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള അപകട ഘടകമായാണ് ഡോക്ടർമാർ പലപ്പോഴും കരുതുന്നത്. എന്നിരുന്നാലും, രോഗനിർണയത്തെക്കുറിച്ച് നിങ്ങളുടെ ജിപി തീർച്ചയായും നിങ്ങളോട് പറഞ്ഞിരിക്കണം. ക്രോണിക് കിഡ്നി ഡിസീസ് നിങ്ങളുടെ വൃക്കകളിൽ രക്തം ഫിൽട്ടർ ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു. ഇത് പ്രായത്തിനനുസരിച്ചാണ് സംഭവിക്കാറുള്ളത്. ഇത്തരം ആളുകളിൽ ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയാണ്.

അതേസമയം ക്രോണിക് കിഡ്നി ഡിസീസ് കൂടുതൽ വഷളായാൽ ഹൃദ്രോഗത്തിനുള്ള വരെയുള്ള സാധ്യത വർദ്ധിപ്പിക്കും. സികെഡി സ്റ്റേജ് 3 എന്നത് ആദ്യഘട്ടമാണ്. ഈ സ്റ്റേജിൽ കുറഞ്ഞ അളവിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നു. വാർഷിക മൂത്രപരിശോധന, പ്രമേഹ നിരീക്ഷണം, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ചികിത്സ, ഹൃദയാഘാതം മൂലം കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ എന്നിവയിലൂടെ സികെഡി സ്റ്റേജ് 3 ഇൽ തന്നെ വൃക്കകളെ നിലനിർത്താൻ സാധിക്കും. സികെഡി ഉള്ളവർ വൃക്കകളെ ദോഷകരമായി ബാധിച്ചേക്കാവുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും ഹെർബൽ പ്രതിവിധികളും ഒഴിവാക്കണം

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്.

ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളുമായി ദക്ഷിണേഷ്യൻ സമൂഹത്തിന് ആഴത്തിലുള്ള ബന്ധം പണ്ടു തന്നെയുണ്ട്.

എന്നാൽ പല പ്രാദേശിക ബിസിനസുകാർക്കും ദീപാവലിക്കാലം നഷ്ടമുണ്ടാക്കിയതായുള്ള വാർത്തകളും പുറത്തുവന്നു. എല്ലാ സൂപ്പർമാർക്കറ്റുകളും ദീപാവലി ഉത്പന്നങ്ങൾ വ്യാപകമായി സംഭരിക്കാനും വിറ്റഴിക്കാനും തുടങ്ങിയതാണ് ചെറുകിട ബിസിനസുകാർക്ക് പ്രശ്നമായത്. എന്നാൽ വലിയ സൂപ്പർമാർക്കറ്റുകൾ ദീപാവലി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ചതു മൂലം എല്ലാവർക്കും ഇത്തരം ഉത്പന്നങ്ങളും ഭക്ഷണങ്ങളും ലഭിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരം കൈ വന്നതായും പലരും അഭിപ്രായപ്പെട്ടു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പല ചെറുകിട കച്ചവടക്കാരുടെയും കച്ചവടം കുറയാൻ കാരണമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ ഹമാസ് അനുകൂല പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാന മന്ത്രി ഋഷി സുനക്. ലണ്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ഗുരുതരമായിട്ടാണ് കാണുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയിൽ ഏകദേശം 300,000 പാലസ്തീൻ അനുകൂല പ്രതിഷേധക്കാരാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്‌തത്‌. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.

രാജ്യത്തിൻെറ സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുനക് പറഞ്ഞു. 103 വർഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്മെന്റിലൂടെ പതാകകൾ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാൻ പോലീസ് ശ്രമിച്ചപ്പോഴാണ്‌ ആദ്യ സംഘർഷം ഉടലെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ചില എതിർ-പ്രതിഷേധകരിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടതായി മെറ്റ് പോലീസ് പറഞ്ഞു.

ഇന്ന് ഞായറാഴ്ച ചാൾസ് രാജാവ്, വെറ്ററൻമാർ, രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർക്കൊപ്പം റിമെംബറെൻസ് ഡേ സർവീസിന് നേതൃത്വം നൽകും. ചൈനാ ടൗണിലേക്ക് നീങ്ങിയ ഒരു സംഘത്തെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലണ്ടൻ മേയറുടെ വ്യാജ ഓഡിയോ “ക്രിമിനൽ കുറ്റമല്ലെന്ന്” മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. ലണ്ടൻ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്‌ത ഓഡിയോ റിമെംബ്രൻസ് വീക്കെൻഡിലെ ചടങ്ങുകളുടെ പ്രാധാന്യം കുറച്ച് കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവിൽ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു.

അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനൽ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി മെറ്റ് പോലീസ് വക്താവ് പറഞ്ഞു. റിമെംബറൻസ് വീക്കെൻഡിന് താൻ യാതൊരു വിധ പ്രധാന്യവും നൽകുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിന് പുറമേ പ്രാധാന്യം നൽകേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകൾ പങ്കെടുക്കുന്ന പലസ്തീൻ മാർച്ചിനാണെന്നും വ്യാജ റെക്കോർഡിംഗിലെ ശബ്ദം പറയുന്നു.

ആർമിസ്റ്റിസ് ദിനത്തിൽ ലക്ഷക്കണക്കിന് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിൽ ഒത്തുകൂടിയിരുന്നു. നിലവിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഈ ശനിയാഴ്ച തീവ്ര വലതുപക്ഷ എതിർ-പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.

Copyright © . All rights reserved