Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നേഴ്സിൻെറ മരണത്തിൽ പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. 50 വയസ്സുകാരിയായ എലീൻ ബാരോട്ടിനെ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വഭവനത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എലീൻ ബാരോട്ടിൻെറ ഭർത്താവ് 54 വയസ്സുകാരനായ മാർക്ക് ബാരോട്ടിനെ സ് കോട്ട്ലൻഡിലെ എൽജിന് സമീപത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് പ്രതിയെ ലീഡ് സിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിൻഡ് സർ കൊട്ടാരത്തിന് തൊട്ടടുത്ത് രണ്ട് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രാജ്ഞിയുടെ ഒരു അംഗരക്ഷകനെ അറസ്റ്റ് ചെയ്തതായി സൈന്യത്തിലെ ഉന്നതർ വെളിപ്പെടുത്തി. കോൾഡ് സ്ട്രീം ഗാർഡിൽ പുതുതായി ജോലിക്കെത്തിയ രണ്ടു വ്യക്തികളെ സെക്സ് ടോയ് ഉപയോഗിച്ചാണ് ലൈംഗികമായി മാനഭംഗപ്പെടുത്തിയത്. കുറ്റാരോപിതനായ അംഗരക്ഷകനെ അറസ്റ്റ് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് സൈനിക മേധാവി സ്ഥിരീകരിച്ചു. ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ഏറ്റവും പഴയ റെജിമെന്റായ ഈ യൂണിറ്റ് സ്ഥിതിചെയ്യുന്നത് ബെർക്കിലെ വിൻഡ് സർ കോട്ടയ്ക്കടുത്തുള്ള വിക്ടോറിയ ബാരാക്കിലാണ്.

വ്യോമസേന ഉദ്യോഗസ്ഥനെ മോർട്ടാർ ട്യൂബ് ഉപയോഗിച്ച് ലൈംഗികമായി ആക്രമിച്ചതിന് ആർഎഎഫ് യൂണിറ്റ് പിരിച്ചുവിട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം ഇല്ലാതാക്കാൻ സൈന്യം വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കോൾഡ് സ്ട്രീം ഗാർഡുകൾ സൈന്യത്തിലെ ഏറ്റവും പഴയ റെജിമെന്റാണ്. ഒറ്റരാത്രികൊണ്ട് അത് ഒഴിവാക്കാൻ കഴിയില്ല. നിരോധിത ആയുധം കൈവശം വച്ച കുറ്റത്തിനും ഗൂഡാലോചന നടത്തിയതിനും റെജിമെന്റിലെ ഏറ്റവും മുതിർന്ന സൈനികനായ മേജർ കിർട്ട്‌ലാൻഡ് ഗിൽ, അടുത്ത വർഷം വിചാരണ നേരിടേണ്ടിവരും.

ഷിബു മാത്യൂ
യുകെ മലയാളികളോടൊപ്പം ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റില്‍ ഓണമുണ്ണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പതിനെട്ട് കൂട്ടം കറികളും അടപ്രഥമനും ഉള്‍പ്പെടെ കോലിപ്പട ഓണമുണ്ടത് വാഴയിലയില്‍. യുകെയില്‍ എത്തിയാല്‍ സ്ഥിരമായി തറവാട് റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിക്കുന്ന ക്യാപ്റ്റന്‍ കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഇത്തവണ തറവാട്ടില്‍ എത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയുണ്ണാനായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് ഈ മാസം 25ന് ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് മാച്ചിന് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോലിയും അനിഷ്‌കയും മറ്റ് ടീമംഗങ്ങളോടൊപ്പം തറവാട് റെസ്റ്റോറന്റില്‍ എത്തി. അത്തപ്പൂക്കളവും നിലവിളക്കുമായി കേരളത്തനിമയുള്ള ഡ്രസ്സും ധരിച്ച് വളരെ വലിയ സ്വീകരണമാണ് ടീം തറവാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയത്. ഓണസദ്യ ആവോളം ആസ്വദിച്ച കോലിയും കൂട്ടരും മൂന്ന് മണി വരെ തറവാട് റെസ്റ്റോറന്റില്‍ ചിലവഴിച്ചു.
വിരാത് കോളിയെയും അനുഷ്‌കയെയും കൂടാതെ മറ്റ് ടീമംഗങ്ങളായ അജിന്‍ക്യ റഹാണെ, KL രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വ്വിന്‍, ചെറ്റ്ഷ്വ്വര്‍ പൂജാര, മുഹമ്മദ് ഷാമി, ഷര്‍ഡുല്‍ താക്കൂര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രിറ്റ് ബുംമ്രാ, മുഹമ്മദ് സിരാജ്, ഹനുമവിഹാരി, പ്രതീപ് ഷാ, അഭിമന്യു ഇസ്വരന്‍, മായങ്ക് അഗര്‍വാള്‍, വ്‌റിഡിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കുടുംബ സമേതമാണ് എത്തിയത്. ടീമിനോടൊപ്പം ഓണസദ്യയുണ്ണാന്‍ രവി ശാസ്ത്രിയെത്തിയതും ശ്രദ്ധേയമായി. ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ കോലിയും അനിഷ്‌കയും തറവാടിന് ആശംസകള്‍ നേര്‍ന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം കൈയ്യൊപ്പോടുകൂടി തറവാടിന് കൈമാറി.

BCCI യുടെ ലോജിസ്റ്റിക് മാനേജര്‍ ഋഷികേശ് ഉപാധ്യായ 2014ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാന്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി തറവാട്ടില്‍ എത്തിയിരുന്നു. ഭക്ഷണം നന്നായി ഇഷ്ടപ്പെട്ട അദ്ദേഹം തറവാട് റെസ്റ്റോറന്റിനെ ഇന്ത്യന്‍ ടീമിനു പരിചയപ്പെടുത്തി. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന M.S ധോണിയും, വിരാട് കോലിയും അക്കൂട്ടത്തില്‍ ടീമിനോടൊപ്പം എത്തിയ സഞ്ചു സാംസണും പിന്നീട് തറവാട്ടില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഭക്ഷണം വളരെ ഇഷ്ടപ്പെട്ട വിരാട് കോലി തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് പാട്ണറായ പ്രകാശ് മണ്ടോന്‌സയ്ക്ക് ഒരു ഉറപ്പ് നല്‍കി. ഇനി എന്ന് ലീഡ്‌സില്‍ വന്നാലും തറവാട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കും എന്ന ഉറപ്പ്. പിന്നീട് ടീം ആവശ്യപ്പെട്ടതില്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ദോശ, ചമ്മന്തി, ഇഡലി, വട, സാമ്പാര്‍, ഉപ്പ് മാവ്, മൊട്ടറോസ്റ്റ് തുടന്നിയ വിഭവങ്ങള്‍ തറവാട്ടില്‍നിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീം എന്ന് ലീഡ്‌സിലെത്തിയാലും തറവാട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് ശീലമാക്കി.

2019 ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാനെത്തിയ ആദ്യ ദിവസം. വളരെ അപ്രതീക്ഷിതമായി കോലിയും ഭാര്യ അനുഷ്‌കയും തറവാട്ടില്‍ എത്തി പ്രകാശ് മണ്ടോന്‍സയെ കണ്ടു പറഞ്ഞു കഴിഞ്ഞ പ്രാവശ്യം ഞാന്‍ തന്ന ഉറപ്പ് പൂര്‍ത്തിയാക്കിയെന്ന്. റെസ്റ്റോന്റ് നല്ല തിരക്കിലായിരുന്നതുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ ടീം തറവാടിന് സാധിച്ചിരുന്നില്ല. സാധാരണക്കാരെപ്പോലെ കോലിയും ഭാര്യയും തറവാടിന്റെ സ്‌പെഷ്യല്‍ ഇനങ്ങളായ കാരണവര്‍ മസാല ദോശയും മൊട്ട റോസ്റ്റും വെജിറ്റേറിയന്‍ താലിയുമാണ് കഴിച്ചത്. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന സമയത്ത് തൊട്ടടുത്ത ടേബിളിലിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ഫാമിലിയില്‍ നിന്നൊരാള്‍ കോലിയും ഭാര്യ അനിഷ്‌കയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം തറവാട് റെസ്റ്റോറന്റിന്റെ അകത്തും പുറത്തും ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് അവര്‍ ഭക്ഷണം കഴിച്ച് വേഗം സ്ഥലം വിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം പാഴ്‌സലായി ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

2014 ജൂണില്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റിന് ഏഴ് വയസ്സ് തികഞ്ഞു. സിബി ജോസ്, പ്രകാശ് മണ്ടോന്‍സ, രാജേഷ് നായര്‍, അജിത് നായര്‍, മനോഹരന്‍ ഗോപാല്‍ എന്നിവരാണ് തറവാടിന്റെ ഡയറക്ടര്‍മാര്‍. സൗത്തിന്ത്യന്‍ ഭക്ഷണങ്ങള്‍ രുചിയും തനിമയം ഒട്ടും നഷ്ടപ്പെടുത്താതെ പാശ്ചാത്യ സമൂഹത്തിന് പരിജയപ്പെടുത്തുന്നതില്‍ തറവാട് റെസ്റ്റോറന്റ് നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്. പാശ്ചാത്യ സമൂഹത്തിനെ കൊണ്ട് ദിവസവും റെസ്റ്റോറന്റ് നിറയുന്നത് അതിനുദാഹരണമാണ്.. ദൂരദേശങ്ങില്‍ നിന്നും യോര്‍ക്ഷയറില്‍ എത്തുന്ന നിരവധിയാ സെലിബ്രെറ്റികള്‍ തറവാട് സന്ദര്‍ശിക്കാറുണ്ട്. ടീം തറവാടിന്റെ വിജയം ജീവനക്കാരുടെ കൂട്ടായ പ്രയ്‌നത്തിന്റെ ഫലം മാത്രമാണെന്ന് ഡയറക്ടര്‍ സിബി ജോസ് പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീമിന് പല പരിമിതികളും ഉണ്ടായിരുന്നു. അതു കൊണ്ട് ടീം ഇന്ത്യയുടെ ഓണാഘോഷ പരിപാടികളുടെ ബി സി സി ഐ യുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ അയച്ച ചിത്രങ്ങൾ ആണ് ഇതിൽ ചേർത്തിട്ടുള്ളത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജോ ബൈഡനെ വധിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് ഒസാമ ബിൻ ലാദൻ അൽ ഖ്വയ്ദയെ വിലക്കിയിരുന്നതായി റിപ്പോർട്ട്‌. ബൈഡൻ കഴിവില്ലാത്ത പ്രസിഡന്റായിരിക്കുമെന്നും അദ്ദേഹം അമേരിക്കയെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലാദൻ വിശ്വസിച്ചിരുന്നതായി ഡെയിലിമെയിൽ ആണ് റിപ്പോർട്ട്‌ ചെയ്തത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തിൽ ജോ ബൈഡനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. ബറാക് ഒബാമയെ ജിഹാദികൾ വധിക്കുകയാണെങ്കിൽ ഡെമോക്രാറ്റിന് നിലതെറ്റുമെന്നും യോഗ്യനല്ലാത്ത പ്രസിഡന്റ്‌ വരുമെന്നും അത് അമേരിക്കയെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലാദൻ വിശ്വസിച്ചിരുന്നു. ഇതുകാരണമാണ് ലാദൻ പ്രസിഡന്റ് മോഹവുമായി നിലകൊണ്ട ജോ ബൈഡനെ വധിക്കുന്നതിൽ നിന്ന് അൽ ഖ്വയ്ദയെ വിലക്കിയത്. യുഎസ് പ്രത്യേക സേന അദ്ദേഹത്തെ വധിച്ച സ്ഥലത്ത് നിന്ന് കണ്ടെടുത്ത രേഖകളിൽ അടങ്ങിയ ഒരു കത്തിലാണ് ബിൻ ലാദൻ ഈ പരാമർശം നടത്തിയിരിക്കുന്നത്. 2012 -ലാണ് ഈ രേഖ ആദ്യമായി പരസ്യമാക്കിയത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിനിടയിൽ ഇതിന് കൂടുതൽ പ്രാധാന്യം കൈവന്നു.

2010 മെയ് മാസത്തിൽ 48 പേജുള്ള കത്ത് ‘ബ്രദർ ഷെയ്ഖ് മഹ്മൂദ്’ എന്ന് അറിയപ്പെടുന്ന ഒരു സഹായിക്ക് അന്നത്തെ അൽ ഖ്വയ്ദയുടെ നേതാവായിരുന്ന ബിൻ ലാദൻ എഴുതിയിരുന്നു. അതിൽ യുഎസിനെതിരെ നേരിട്ടുള്ള ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 36 -ാം പേജിൽ, പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി രണ്ട് ഹിറ്റ് സ്ക്വാഡുകൾ രൂപീകരിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വിവരിക്കുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും മുൻ സിഐഎ ഡയറക്ടർ ഡേവിഡ് പെട്രേയസിനുമെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുവാൻ അതിൽ പറയുന്നുണ്ട്. അമേരിക്കൻ പിൻമാറ്റത്തിനുശേഷം അഫ്ഗാൻ തലസ്ഥാനം താലിബാൻ നിയന്ത്രണത്തിൽ ആവുമെന്ന് കഴിഞ്ഞ മാസം തന്നെ ബൈഡന്റെ ഭരണകൂടം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

താലിബാൻ അതിവേഗം ശക്തിപ്രാപിക്കുകയാണെന്നും നഗരം തകരുന്നതിന് സാധ്യതയുണ്ടെന്നും വിവരിച്ചുകൊണ്ട് നയതന്ത്രജ്ഞർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ജൂലൈ 13 ന്, ഒരു രഹസ്യ കുറിപ്പ് അയച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സുരക്ഷാ സേന തകർന്നു കൊണ്ടിരിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. അഫ്ഗാനിലെത്തിയത് രാഷ്ട്രനിര്‍മിതിക്കു വേണ്ടിയല്ലെന്നും അഫ്ഗാന്റെ ഭാവി നിര്‍ണയിക്കേണ്ടതും ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്നു തീരുമാനിക്കേണ്ടതും അവിടുത്തെ ജനങ്ങളാണെന്നും പറഞ്ഞാണ് അഫ്ഗാനിലെ അമേരിക്കൻ സൈനിക ദൗത്യം ബൈഡൻ അവസാനിപ്പിച്ചത്. അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിന്‍ കീഴിലാകുമെന്ന് ലോകം ഭയപ്പെട്ടത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാൻ അൽ-ക്വയ്ദ പോലുള്ള ഭീകര സംഘടനകൾക്ക് താവളമായേക്കുമെന്ന് വിദഗ്ദർ. ഭീകരാക്രമണത്തിന്റെ ലക്ഷ്യസ്ഥാനമായി യുകെ മാറിയേക്കാമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നിയന്ത്രണം കൈവശമുള്ള താലിബാൻ, 2001 ആക്രമണത്തിന് മുമ്പും ശേഷവും അൽ ഖ്വയ്ദയ്ക്ക് അതിഥികളായി രാജ്യത്ത് തുടരാൻ അനുമതി നൽകിയിരുന്നു. അതുപോലെ, ഇപ്പോൾ രാജ്യം വിവിധ ഭീകരസംഘടനകളുടെ സുരക്ഷിത താവളമായി മാറുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും ഭയപ്പെടുന്നു. സർക്കാർ കെട്ടിടങ്ങൾ, കായിക മൈതാനങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ 9/11 ശൈലിയിലുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച മുൻ ബ്രിട്ടീഷ് സൈനിക കമാൻഡർ കേണൽ റിച്ചാർഡ് കെംപ് മിററിനോട് പറഞ്ഞു.

അഫ്ഗാനിൽ ഇപ്പോൾ കൈവന്നിരിക്കുന്ന സ്വാതന്ത്ര്യം, 2001ലെ ആക്രമണം പോലെയുള്ള ഒരാക്രമണം ആസൂത്രണം ചെയ്യാൻ അവർക്ക് സമയം നൽകും. അഫ്ഗാനിസ്ഥാനിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ കമാൻഡർ അഹമ്മദ് മസൂദും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. താലിബാന്റെ സമീപകാല വിജയം പാശ്ചാത്യർക്ക് അവഗണിക്കാൻ കഴിയുന്നതല്ല. ‘അൽ-ഖ്വയ്ദയുടെ ഉയർച്ച അവർ വീണ്ടും ആഘോഷിക്കുന്നു. ഈ ആളുകളിൽ നിന്നുള്ള ഭീഷണി വളരെ പെട്ടെന്നുള്ളതാണ്.’ കേണൽ കെംപ് വെളിപ്പെടുത്തി.

2001 ൽ അമേരിക്കയും സഖ്യകക്ഷികളും താലിബാനെ അഫ്ഗാനിസ്ഥാനിൽ നിന്ന് തുരത്തിയ ശേഷം അൽ-ക്വയ്ദയ്ക്ക് പരിശീലനത്തിനും പദ്ധതികൾക്കും അടിസ്ഥാനമില്ലാതെ പോയി. കൂടാതെ പടിഞ്ഞാറ് പ്രദേശങ്ങൾ 2001ന് സമാനമായ തീവ്രവാദ ആക്രമണങ്ങൾ അനുഭവിച്ചിട്ടില്ല. ജിഹാദ് പ്രസ്ഥാനങ്ങളിൽ ചേരാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് ഭീകരരെ അഫ്ഗാൻ ജയിലുകളിൽ നിന്ന് താലിബാൻ ഇതിനകം മോചിപ്പിച്ചിട്ടുണ്ട്. ‘സ്വാതന്ത്ര്യത്തിനായി സഹായിക്കാൻ നിങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിങ്ങൾ മാത്രമാണ് ഞങ്ങളുടെ ശേഷിക്കുന്ന ഏക പ്രതീക്ഷ.’ പടിഞ്ഞാറൻ രാജ്യങ്ങളുമായി നേരിട്ട് സംസാരിച്ചുകൊണ്ട് മസൂദ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെ യിലെ റോഡുകളിൽ ജൂലൈ മാസത്തിൽ കോവിഡ് സമയത്തെ ഏറ്റവുമധികം ട്രാഫിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ കോവിഡ് സമയത്തിനു മുൻപത്തെക്കാളും വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ, ആളുകൾ എല്ലാവരും തന്നെ യാത്രചെയ്യുന്നത് അമിതമായി വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ അവധിക്കാലം ആഘോഷിക്കാനായി നിരത്തുകളിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. കാറുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ബസ്, ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ജനങ്ങളിൽ അഞ്ചിൽ രണ്ട് പേരും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്നത് ഭയപ്പെടുന്നതായി റെയിൽവേ ടെക്നോളജി ജേർണൽ നടത്തിയ സർവേയിൽ വ്യക്തമാകുന്നു.


അന്താരാഷ്ട്ര യാത്രകൾക്കും മറ്റും ഇളവുകൾ ഗവൺമെന്റ് നൽകിയതോടെ കൂടുതൽ ആളുകൾ അവധിക്കാലം ആഘോഷിക്കുന്നതിനായി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്കുള്ള റോഡുകളിലാണ് ഏറ്റവും കൂടുതൽ ട്രാഫിക് ഉണ്ടാകുന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. കൂടുതൽ ഇളവ് നൽകുന്നത് രോഗ വർധനയ്ക്ക് ഉള്ള സാധ്യത ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഭയപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. ക്ലാസ്സുകൾ ഭൂരിഭാഗവും നടന്നത് ഓൺലൈനിലൂടെയായിരുന്നു . വിദ്യാർഥികൾക്ക് ഒപ്പം മാതാപിതാക്കളും കടുത്ത മാനസിക സമ്മർദങ്ങളാണ് ഈ കാലയളവിൽ അനുഭവിച്ചത് . എന്നാൽ ഈ പ്രതിസന്ധി കാലയളവിലും യുകെയിലെ മലയാളി വിദ്യാർത്ഥികൾ മിന്നുന്ന വിജയമാണ് എ ലെവൽ , ജി സി എസ് ഇ പരീക്ഷകളിൽ നേടിയെടുത്തത്. പ്രതിസന്ധി കാലഘട്ടത്തിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് യുകെ മലയാളികളുടെ അഭിമാനമായി മാറിയ സ്റ്റാഫോർഡിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളെയാണ് ഇന്ന് മലയാളംയുകെ പരിചയപ്പെടുത്തുന്നത്.

ഡൈന ശിവദാസ് : സ്റ്റാഫോർഡിൽ താമസിക്കുന്ന ശിവദാസൻെറയും നേഴ്‌സായ റീനയുടെയും മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം നേടിയ ഡൈന പഠിച്ചത് സ്റ്റാഫോർഡിലെ സർ ഗ്രഹാം ബാൽഫോർ സ്കൂളിലാണ്. ഗ്രാമർ സ്കൂളിൽ ഉപരിപഠനം ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.

അൽജ ഹേകാന്ത് : കേരളത്തിൽ ചങ്ങനാശ്ശേരി സ്വദേശികളായ ഹേകാന്തിൻെറയും ജെസിൻെറയും മകളായ അൽജ ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് തിളക്കമാർന്ന വിജയമാണ്. വളരെ ചെറുപ്പം തൊട്ടു തന്നെ യുകെയിൽ നടന്ന ഒട്ടേറെ കലാമത്സരങ്ങളിൽ അൽജ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നൃത്തത്തെ വളരെയേറെ ഇഷ്ടപ്പെടുന്ന അൽജ കുട്ടികൾക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്നതിലും സമയം കണ്ടെത്താറുണ്ട് .

ആൽഫി അനീഷ് : യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനീഷിൻെറയും മഞ്ജുവിൻെറയും മകനായ ആൽഫി ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് മിന്നുന്ന വിജയമാണ് . സ്റ്റാഫോർഡിലെ ബ്ലെസ് ഡ് വില്യം ഹോവാർഡ് സ്കൂളിൽ പഠിച്ച ആൽഫി ആഡംസ് ഗ്രാമർ സ്കൂളിളാണ് തുടർപഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആൽഫിയുടെ മാതാപിതാക്കൾ കേരളത്തിൽ കോട്ടയം പുതുപ്പള്ളി സ്വദേശികളാണ്.

മികച്ച വിജയം നേടിയ ഡൈനയ്ക്കും അൽജയ്ക്കും ആൽഫിയ്ക്കും മലയാളംയുകെ ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ .

ഐ. എം. വിജയൻ

എത്ര വലിയ ആളായാലും ഭൂതകാലത്തെ കൈവിടുന്ന ശീലം ഐ എം വിജയനില്ല. സംസാരിച്ചു തുടങ്ങിയാൽ ആദ്യം എത്തുന്നത് കോലോത്തുംപാടവും അമ്മയും നാട്ടിലെ ചങ്ങാതിമാരും ഒക്കെയാണ്. ഇവരെ മറന്നുകളഞ്ഞുള്ള ആഘോഷം ഐ. എം.വിജയനില്ല. കാറ്റ് നിറച്ചൊരു പന്തിന്റെ പുറകെ പാഞ്ഞ ബാല്യം. ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്നു. എന്നാൽ ശ്രദ്ധ മുഴുവൻ മൈതാനത്തുരുളുന്ന പന്തിലായിരുന്നു. അയിനിവളപ്പിൽ മണി വിജയന്റെ ലോകം ഒരു പന്തിലേക്ക് ചുരുങ്ങിയിരുന്നു. ആ ആവേശമാണ് അദ്ദേഹം നെഞ്ചിലേറ്റിയത്; ആ ഊർജമാണ് വലയിലേക്ക് ഗോൾ മഴയായി പെയ്തിറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയത് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ്. ധാരാളം പേർ നീട്ടികൊടുത്ത പാസ്സ് സ്വീകരിച്ചാണ് ജീവിതത്തിൽ മുന്നേറിയത്. ഓണത്തെക്കുറിച്ച് പറയുമ്പോൾ കോലോത്തുംപാടത്തെ കൊച്ചു കുട്ടിയാകും വിജയൻ. കളിജീവിതത്തെക്കാൾ ഉപരിയായി ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഐ. എം. വിജയൻ, മലയാളംയുകെയിൽ.

വിജയനും ഓണവും

‘ഐ എം വിജയൻ’ ആകുന്നതിനു മുമ്പുള്ള ഓണം ആയിരുന്നു യഥാർത്ഥ ഓണം. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴാണ് വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കാറ്. അന്നൊക്കെ ഒപ്പമുള്ള കൂട്ടുകാരുമൊത്ത് വീട്ടിൽ പൂക്കളം ഇടാനായി പൂ പറിക്കാൻ പോകും. അടുത്തുള്ള വീടുകളിൽ നിന്നൊക്കെ പൂ പറിച്ചുകൊണ്ട് വന്ന് പൂക്കളം ഇടും. പേരും പ്രശസ്തിയുമായി കഴിഞ്ഞപ്പോൾ ഓണം സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒന്നായി മാറി. റെഡിമെയ്ഡ് ഓണം എന്ന് പറയുന്നതാവും ഉചിതം. പത്തുതരം കറികളും മൂന്നു തരം പായസവും എല്ലാം രുചികരമായി കിട്ടും. എന്നാൽ എനിക്ക് ഓണമെന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണമാണ്. നാട്ടിൽ അത്തം മുതൽ 10 ദിവസവും ഓണാഘോഷമാണ്. ഉറക്കമില്ലാത്ത ദിനങ്ങളാണ്. അമ്മൂമ്മമാരും അച്ചച്ചന്മാരും പെങ്ങമ്മാരും എല്ലാവരും ചേർന്നാണ് ഓണക്കളി കളിക്കുന്നത്. ഇന്ന് കാലം മാറി. അതനുസരിച്ചു ആളുകളും മാറി.

പോലീസിലേക്ക്

പതിനെട്ടാം വയസ്സിൽ പോലീസിൽ സ്ഥിരം ജോലി കിട്ടി. പോലീസിൽ കയറിയ സമയത്തും ഓണത്തിന് അവധി കിട്ടി വീട്ടിൽ എത്താൻ കഴിയും. 1991ൽ ആണ് ഞാൻ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയിൽ ഉള്ള സമയത്ത് സത്യേട്ടനും (പി. വി. സത്യൻ) സുരേഷും ജോ പോളും ഒക്കെ ചേർന്ന് ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുണ്ട്.

പ്രവാസി സുഹൃത്തുക്കളുടെ ഓണാഘോഷം

ഓണം ശരിയായ രീതിയിൽ ആഘോഷിക്കുന്നത് പ്രവാസികളാണ്. ഞാൻ യുകെയിൽ രണ്ടു തവണ പോയിട്ടുണ്ട്. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ അയക്കുന്ന വീഡിയോയിൽ ഓണാഘോഷം ഇങ്ങനെ നിറഞ്ഞു നിൽക്കും. മാവേലി, പുലിക്കളി, ചെണ്ടമേളം, തിരുവാതിരകളി തുടങ്ങിയവയെല്ലാം അവിടെ ഉണ്ട്.

കാണികളിൽ നിന്നുള്ള ഊർജം

എന്നെ ഐ. എം. വിജയൻ ആക്കിയത് കാണികളാണ്. അവരാണ് നമ്മുടെ എനർജി. അവർ മോശം എന്ന് പറഞ്ഞാൽ നമ്മൾ മോശമാണ്. അവർ മികച്ചതെന്ന് പറഞ്ഞാൽ നമ്മൾ മികച്ചതാണ്. നമ്മുടെ വളർച്ച അവരിൽ നിന്നാണ്. അവരാണ് നമ്മുടെ ബലം.

കോലോത്തുംപാടത്തെ ഓണം

ഞങ്ങൾ ആഘോഷിക്കുന്നത് നാലോണം ആണ്. അതിൽ പുലികളി ഉണ്ടാവും. തൃശൂരിൽ ജനിച്ചത് എന്റെ ഭാഗ്യമാണ്. പുലികളിക്ക് വേഷം ഇട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഞങ്ങളുടെ ആഘോഷം അതൊക്കെ ആയിരുന്നു. മണിച്ചേട്ടനുമായുള്ള (കലാഭവൻ മണി ) ബന്ധം പറഞ്ഞാൽ തീരില്ല. എന്നെ അനിയാ എന്നാണ് വിളിക്കുക. ഞാൻ മണിഭായ് എന്ന് വിളിക്കും. മണിച്ചേട്ടന്റെ മരണം വല്ലാത്തൊരു പ്രയാസമായിരുന്നു. അതൊക്കെയാണ് ഇന്നും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.

കോവിഡ് കാലത്തെ ഓണം

കോവിഡ് പ്രതിസന്ധിയുടെ നടുവിൽ നിന്നുള്ള രണ്ടാമത്തെ ഓണമാണ് ഇത്. കായിക മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ഒളിമ്പിക്സ്, കോപ്പ അമേരിക്ക എന്നിവ ഇത്തവണ കാണികൾ ഇല്ലാതെയാണ് നടത്തപ്പെട്ടത്. യഥാർത്ഥത്തിൽ കാണികളാണ് കളിക്കാരന്റെ ഊർജം. ഓണാഘോഷവും ഈ പ്രതിസന്ധിയിലാണ്. ഒന്നിച്ചു കൂടാനും പഴയ രീതിയിൽ ആഘോഷിക്കാനും നമുക്ക് കഴിയുന്നില്ല. എന്നാൽ ഇതൊക്കെ മാറും. അതാണ് നമ്മുടെ പ്രതീക്ഷ. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – റ്റിജി തോമസ്, ഷെറിൻ പി യോഹന്നാൻ

 

കുടുംബവുമൊത്തുള്ള സെൽഫി

ഐ എം വിജയൻെറ കളിക്കളത്തിലെ ചില മുഹൂർത്തങ്ങൾ

ഡോ. ജോസഫ് സ്‌കറിയ

സാമൂഹികസമ്പർക്കങ്ങളുടെ കാലമാണ് മലയാളിക്ക്‌ ഓണക്കാലം. ലോകത്തിൻറെ ഏതു ഭാഗത്തായിരുന്നാലും ഒന്നിച്ചുകൂടാനുള്ള ആവേശമാണ് അപ്പോഴൊക്കെ ഓരോ സാധാരണമലയാളിയെയും നയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ അനുഭവപരമാക്കുന്നതാണ് ഒത്തുചേരൽ. അത്തപ്പൂക്കളം കാഴ്ചയെയും ഓണസദ്യ രുചിബോധത്തെയും ഓണപ്പാട്ട് കേൾവിയെയും അനുഭവപരമാക്കുന്നു. ഏതു ദുരിതകാലത്തെയും അതിജീവിക്കാൻ നമ്മുടെ കയ്യിലുള്ള സാംസ്കാരിക ആയുധമാണ് ഇത്. ഓർമ്മവെച്ച നാൾ മുതൽ നാമോരോരുത്തരും പങ്കുചേർന്ന ഓണക്കളങ്ങൾ നാൾക്കുനാൾ വർണ്ണശബളിതമായി. ഒഴിവാക്കാനാവാത്ത ആഘോഷവും ആചാരവും വിശ്വാസവും ഒക്കെയായി അതു വളർന്നു. മലയാളി ജീവിതം ലോകത്ത് എവിടെയുണ്ടോ അവിടെയെല്ലാം ഓണം വരും; മാവേലിയും വാമനനും വരും; ഓണപൂക്കളവും ഓണ സദ്യയും കളികളും വരും ; ഓർമ്മയിൽ അത്ര തീവ്രമാണ് നമ്മുടെ ഓണം. ഒരർത്ഥത്തിൽ ഓർമയാണ് ഓണം.

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നതും ഓർമയാണ്. ഭാവന കലർന്ന ഓർമ്മ. ആ ഓണപ്പാട്ടിന്റെ ഓരം ചേർന്നുണ്ട് നല്ല കാലത്തിൻറെ അഭാവ രാശികൾ. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിൽ അമർന്നു സമ്പർക്കം തീർത്തും ഇല്ലാതായെങ്കിലും അവിടങ്ങളിലെല്ലാം ഭൗതികവിലക്കുകളെ മറികടന്ന് ഓണം ആഘോഷിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വികാസത്തിന്റെ സർവ്വ സാധ്യതകളും ഉപയോഗിക്കുകയാണ് ഇപ്പോൾ.

കേരളീയ ഗ്രാമങ്ങളിൽ ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ ഏതു ഭാഗത്തും ഓണ ഗ്രാമങ്ങൾ നിർമ്മിച്ച് കേരളത്തെ വിസ്തൃതി പെടുത്തുകയായിരുന്നു മലയാളികൾ. കുടിയേറ്റം, പ്രവാസജീവിതം എന്നിവയിലൂടെ കേരളം ഓണത്തെ ലോകത്തിനു തിരികെ നൽകി. ‘അസീറിയയിൽനിന്ന് കേരളം സ്വീകരിച്ച സാംസ്കാരിക ആഘോഷമാണ് ഓണം’ എൻ വി കൃഷ്ണവാരിയർ പറഞ്ഞിട്ടുണ്ടല്ലോ. കേരളം എന്ന ദേശ സംസ്കാരം ആകെ ത്തന്നെ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുവംകൊണ്ടതാണ്. ലോകത്തെ ചലനാത്മകമാക്കുന്നത് ഇത്തരം ചില കൊടുക്കൽവാങ്ങലുകൾ അല്ലെങ്കിൽ പിന്നെ മറ്റെന്താണ്? സാമൂഹിക സമ്പർക്കം തീർത്തും ഇല്ലാതാകുന്നു എന്ന് പറയുമ്പോഴും നാം മാനസികമായി, ഭാവനാപരമായി സമ്പർക്കത്തിലാണ്. ഓൺലൈൻ പരിപാടികൾ, ഓൺലൈൻ ഓണക്കളികൾ എന്നിവയൊക്കെ പലതും അനുഭവിക്കുന്നുണ്ട്. നൂറു വർഷം മുമ്പുള്ള ഓണക്കാലത്ത് പാട്ടകുട്ടിയാൻ മുതൽ പുലയൻവരെ അനുഭവിച്ച സങ്കടങ്ങളെ ചരിത്രം തോണ്ടിയെറിഞ്ഞു. ജന്മിക്ക് ഓണം നൽകുന്ന സന്തോഷങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെ ഒരു കാലത്താണ് നാം ഇപ്പോൾ. പരാധീനതകൾ അടക്കിപ്പിടിച്ച് ഓണ ദിനത്തെ മറികടക്കുന്ന സാമാന്യ മലയാളിയുടെ ഓണമാണിത്.

ഡോ. ജോസഫ് സ്‌കറിയ

1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

ഡോ. ഐഷ വി

ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.

ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.

പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.

പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved