Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പന്ത്രണ്ടു വർഷം മുൻപ് കാണാതായ ഇംഗ്ലീഷ് ഷെഫ് ക്ലോഡിയ ലോറൻസിന്റെ തിരോധാനം ഇന്നും നിഗൂഢമായി തന്നെ തുടരുകയാണ്. നിരവധി വർഷങ്ങൾ പോലീസ് അന്വേഷണങ്ങൾ കാര്യമായി തന്നെ നടന്നുവെങ്കിലും, വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല. മാർച്ച് 2009 ലാണ് മുപ്പത്തിയഞ്ചുകാരിയായ ക്ലോഡിയയെ കാണാതാകുന്നത്. യൂണിവേഴ്സിറ്റി ഓഫ് യോർക്കിലെ ഷെഫ് ആയി ജോലിചെയ്തിരുന്ന ക്ലോഡിയ, 2009 മാർച്ച് 18ന് യോർക്കിലെ ഹെവേർത്തിന് അടുത്തുള്ള സ്വന്തം വീട്ടിലാണ് അവസാനമായി ഉണ്ടായിരുന്നതെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. പിന്നീട് അപ്രതീക്ഷിതമായി കാണാതായ ക്ലോഡിയയെ സംബന്ധിച്ച് പോലീസ് അന്വേഷണങ്ങൾ നടന്നു. ക്ലോഡിയയുടെ മുൻകാല ജീവിതത്തെ സംബന്ധിച്ചും, ബന്ധങ്ങളെ സംബന്ധിച്ചും, ജോലിസ്ഥലത്തുമെല്ലാം അന്വേഷണങ്ങൾ നടത്തിയെങ്കിലും അനുകൂലമായ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണ കാലഘട്ടത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, ആർക്കെതിരെയും വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നില്ല.
പിന്നീട് വന്ന വാർത്തകളിൽ ക്രിസ്റ്റോഫർ ഹല്ലിവെൽ എന്നയാളാണ് ക്ലോഡിയയുടെ തിരോധാനത്തിന് പിറകിലെന്ന് പ്രചരിച്ചിരുന്നു.


ക്ലോഡിയയുടെ തിരോധാനത്തിനു ശേഷം അവരുടെ പേരിൽ ഒരു നിയമം തന്നെ സ്ഥാപിക്കപ്പെട്ടു. 2019 ജൂലൈ 31 ന് നിലവിൽ വന്ന ഈ നിയമമനുസരിച്ച്, കുടുംബാംഗങ്ങൾക്ക് തിരോധാനത്തിൽ ആയ വ്യക്തിയുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുക്കാനുള്ള അനുവാദം ലഭിക്കുന്നു. മുൻപ് കാണാതായ ആൾ മരിച്ചു എന്ന് സ്ഥിരീകരണം ലഭിച്ചാൽ മാത്രമേ കുടുംബാംഗങ്ങൾക്ക് സാമ്പത്തികകാര്യങ്ങളിൽ ഇടപെടാൻ ആകുമായിരുന്നുള്ളൂ. മാർച്ച്‌ 18 ന് ശേഷം ക്ലോഡിയ ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആദ്യ ഒരു മാസത്തെ അന്വേഷണത്തിനുശേഷം, കൊലപാതകശ്രമം ആകാമെന്ന സംശയത്തിലൂടെ പോലീസ് നീങ്ങി. പിന്നീട് മേൽറോസേഗേറ്റിൽ ക്ലോഡിയയെ ഒരു പുരുഷനോടൊപ്പം കണ്ടെത്തിയതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു വർഷത്തിനുശേഷം ക്ലോഡിയയുടെ ഉറ്റസുഹൃത്തായ സൂസി കൂപ്പർ കേസിനെ സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.


ക്ലോഡിയയെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. ക്ലോഡിയയെ കാണാതായി 4 മണിക്കൂറിന് ശേഷവും അവരുടെ മൊബൈൽ ഫോൺ ആക്ടീവ് ആയിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ക്ലോഡിയയുടെ തിരോധാനത്തിനു കാരണമായവരെ കണ്ടുപിടിക്കുന്നത് വരെ കേസ് അവസാനിപ്പിക്കില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ പോൾ കെന്നഡി വ്യക്തമാക്കി. അന്വേഷണത്തിൻെറ ഭാഗമായി അടുത്തിടെ ഓഗസ്റ്റ് 24 -ന് യോർക്കിന് സമീപമുള്ള ഒരു ക്വാറിയിലും പോലീസ് തിരച്ചിൽ നടത്തി. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലോഡിയയുടെ പിതാവ് പീറ്റർ മരണപ്പെട്ടു. കേസിനെ സംബന്ധിച്ച് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡിൽ നിന്നുള്ള സംരക്ഷണം കാലക്രമേണ കുറയുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് വാക്സിൻ പരമാവധി ആളുകൾക്ക് നൽകി രോഗമുക്തിയ്ക്കായി ലോകമെങ്ങും പരിശ്രമിക്കുമ്പോഴും പുതിയ കണ്ടെത്തൽ ആശങ്കയുളവാക്കുന്നതാണ്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ഒരു ദശലക്ഷം ആൾക്കാരിൽ നടത്തിയ പഠനഫലമാണ് പുറത്ത് വന്നിരിക്കുന്നത് . ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ആദ്യമാസത്തിൽ 88% സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ അഞ്ച് മുതൽ ആറ് മാസം കൊണ്ട് സംരക്ഷണം 74% ആയി കുറഞ്ഞു. ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ നാല് അഞ്ച് മാസത്തിനുള്ളിൽ സംരക്ഷണം 77% -ത്തിൽ നിന്ന് 67 % ആയി ആണ് കുറഞ്ഞത്. പഠനത്തിന് വിധേയരായവരെല്ലാം തന്നെ ഫൈസർ അല്ലെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.


വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് പിടിപെട്ടാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇംഗ്ലണ്ടിൽ പ്രതിരോധകുത്തിവയ്പ് നൽകിയതു മൂലം ഏകദേശം 84, 600 മരണങ്ങളും 23 ദശലക്ഷം പേർക്ക് കോവിഡ് ബാധിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞതായാണ് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ നേരത്തെ സ്വീകരിച്ചവരിൽ ശൈത്യ കാലത്തോടെ കോവിഡിൽ നിന്നുള്ള സംരക്ഷണം 50 % ആയി കുറയുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ടിം സ്പെക്ടർ പറഞ്ഞു. അതുകൊണ്ടുതന്നെ ബൂസ്റ്റർ വാക്സിൻ നൽകുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ഡോസ് വാക്സിൻ തന്നെ കൊടുക്കാൻ പെടാപാടു പെടുന്ന മൂന്നാം ലോകരാജ്യങ്ങൾക്ക് തുടർച്ചയായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടി വരുന്നത് എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ലോകമെങ്ങും ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ ആദ്യ ലോക്ക് ഡൗൺ സമയത്ത് യുവാക്കളിൽ അമിതമായി പുകവലിശീലം വർദ്ധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് യുകെ നടത്തിയ പഠനങ്ങളിൽ, 18 മുതൽ 34 വയസ്സ് വരെയുള്ളവരിൽ പുകവലിക്കുന്നവർ 21.5 ശതമാനത്തിൽ നിന്നും 26.8 ശതമാനമായി ഉയർന്നതായി വ്യക്തമാക്കുന്നു. പുകവലി ശീലം ക്രമാതീതമായി വർദ്ധിച്ചതിന്റെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെങ്കിലും, അമിത സമ്മർദ്ദമാകാം ഇതിനുള്ള കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാ പ്രായത്തിലുള്ളവരിലും അമിതമായ മദ്യപാനശീലം കോവിഡ് കാലത്ത് വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.


അഡിക്ഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, നൂറുകണക്കിന് ആളുകളിൽ മാസങ്ങളോളം നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2020-ലെ ആദ്യ ലോക്ക് ഡൗണിനു 7 മാസങ്ങൾക്കു മുൻപ് ലഭിച്ച വിവരങ്ങളും ലോക് ഡൗൺ സമയത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിൽ മാത്രം ലോക്ക് ഡൗൺ സമയത്ത് 652,000 പേർ പുതിയതായി പുകവലിശീലം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചിലയാളുകൾ ഈ സമയം പുകവലി ശീലം പൂർണമായി ഉപേക്ഷിക്കാനുള്ള സമയമായി പ്രയോജനപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ആദ്യ ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ വളരെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചതായി യൂണിവേഴ് സിറ്റി കോളേജ് ലണ്ടനിൽനിന്നുള്ള പ്രമുഖ ഗവേഷകയായ ഡോക്ടർ സാറാ ജാക്സൺ വ്യക്തമാക്കുന്നു. ചില ആളുകൾ ഈ സമയത്തെ ക്രിയാത്മകമായി വിനിയോഗിച്ചപ്പോൾ, മറ്റുചിലരിൽ അമിതമായ പുകവലി ശീലവും മദ്യപാനവും വളർത്തുന്നതിന് ഈ കാലഘട്ടം ഇടയാക്കി. പഠനറിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്ന വസ് തുതകളെ സംബന്ധിച്ച് കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും, ആവശ്യമായവർക്ക് സഹായങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഗവൺമെന്റ് ഈ വർഷം പുതിയ ടോബാക്കോ കണ്ട്രോൾ പ്ലാൻ രൂപപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

ഷിബു മാത്യൂ.
യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഗ്രാസ്‌റൂട്ട് കണക്ടിംഗ് കമ്മ്യൂണിറ്റി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളിയായ ജേക്കബ് കളപ്പുരയ്ക്കല്‍ പീറ്റര്‍ അവാര്‍ഡിന് അര്‍ഹനായി. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് (ECB) ജേക്കബ് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 40ഓളം നോമിനേഷന്‍സില്‍ നിന്നാണ് ഈ അവാര്‍ഡ് ജേക്കബിനെ തേടിയെത്തിയത്. യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്റസ് ടീമില്‍ കളിക്കുന്ന ജേക്കബ്, പത്ത് ടീമുകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ലീഡ്‌സ് പ്രിമിയര്‍ ലീഗ് (LPL) സംഘടിപ്പിച്ച് വരുന്നു. നൂറ്റിയമ്പതോളം കളിക്കാരാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. വര്‍ഷം തോറും ലീഡ്‌സ് പ്രീമിയര്‍ ലീഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിട് കാലത്തുപോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലും LPL നടത്തുവാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമായി. ജേക്കബ് നേതൃത്വം കൊടുക്കുന്ന ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ പ്രശക്തി യോര്‍ക്ക്ഷയറിന് പുറത്തേയ്ക്കും വ്യാപിച്ചു തുടങ്ങി. യോര്‍ക്ഷയര്‍ ക്രിക്കറ്റ് ഫൗണ്ടേഷനാണ് ജേക്കബിനെ യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. ഈ മാസം പത്തൊമ്പതിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) ഗ്രാസ്‌റൂട്ട്‌സ് ക്രിക്കറ്റ് കണക്ടിംഗ് കമ്മ്യൂണിറ്റീസ് അവാര്‍ഡ് 2021 ന്റെ സെലക്ഷനിലേയ്ക്ക് യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡ് ജേക്കബിനെ നേരിട്ട് നോമിനേറ്റ് ചെയ്തിരിക്കുകയാണ്.

കേരളത്തില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള എഴുപുന്നയാണ് ജേക്കബിന്റെ ദേശം. കുടുംബത്തോടൊപ്പം ലീഡ്‌സില്‍ താമസിക്കുന്നു.

 

സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷനിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗെയിം ഫെസ്റ്റ് 2021 ചരിത്രത്താളുകളിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഫാദർ ജോർജ് എട്ടുപറ അച്ചൻെറ അനുഗ്രഹാശംസകളോടെ അരങ്ങേറിയ ഗെയിം ഫെസ്റ്റ് 2021 ഇന്നലെ (23/ 8/ 2021) 9 മണി മുതൽ 5 മണി വരെയാണ് അരങ്ങേറിയത്.

റെഡ്, യെല്ലോ, ഗ്രീൻ എന്നീ മൂന്ന് ഹൗസുകളിലായി അരങ്ങേറിയ ഗെയിം ഫെസ്റ്റിൻെറ ഉത്ഘാടനവും വ്യത്യസ്തമായിരുന്നു. മൂന്ന് ഹൗസുകളിലെയും ക്യാപ്റ്റൻമാരെ ഗോളികളായി നിർത്തി പെനാൽറ്റി കിക്ക് അടിച്ച് വികാരി ഫാദർ ജോർജ് എട്ടുപറ അച്ചൻ ഗെയിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗെയിം ഫെസ്റ്റിൽ പ്രൈമറി സ്കൂളിലെ കുട്ടികൾക്കും സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കും വ്യത്യസ്തങ്ങളായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യുവജനങ്ങൾ പ്രൈമറി സ്കൂളിലെ കുട്ടികളുടെ കളികൾക്ക് നേതൃത്വം വഹിച്ചപ്പോൾ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ നേതൃത്വം ഇയർ 12 ലെ കുട്ടികൾക്കായിരുന്നു.

പ്രകൃതിയും ഗെയിം ഫെസ്റ്റിന് അനുകൂലമായിരുന്നു. നല്ല കാലാവസ്ഥ. വെയിലിൻെറ ചൂടിനെ തണുപ്പിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ ഐസ്ക്രീം വാൻ ഇടവേളകളെ കൂടുതൽ ആസ്വാദ്യകരമാക്കി. കുട്ടികൾ തന്നെ ഉണ്ടാക്കി വിതരണംചെയ്ത ലഞ്ചും പുതുമയായിരുന്നു. പരിപാടികൾക്ക് എല്ലാ പിന്തുണയുമായി സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷനിലെ വിമൻസ് ഫോറം ഉണ്ടായിരുന്നു. വിമൻസ് ഫോറത്തിൻെറ നേതൃത്വത്തിലുള്ള സ്നാക്സ് ആൻഡ് കൂൾബാർ വൻ വിജയമായിരുന്നു. കുട്ടികളുമായെത്തിയ മാതാപിതാക്കൾ വോളിബോളും ക്രിക്കറ്റും കളിച്ചത് ഏവർക്കും കൗതുകകരമായി. കേരളത്തിലെ ഓണക്കാലത്ത് ഓർമ്മിപ്പിക്കുന്ന ആവേശം പകർന്ന വടംവലിയോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് റെഡ് ഹൗസാണ് . രണ്ടാം സ്ഥാനം യെല്ലോ ഹൗസും, മൂന്നാംസ്ഥാനം ബ്ലൂ ഹൗസും കരസ്ഥമാക്കി. സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷനിലെ യുവജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരനായ മെൽവിൻ ബേബിയുടെ നേതൃത്വം പ്രശംസനീയമായിരുന്നു.

മൊബൈലും ലാപ്ടോപ്പും ഓൺലൈൻ ക്ലാസുകളുമായി വീടിനുള്ളിൽ തളച്ചിടപ്പെട്ട കുട്ടികളെ കളികളിലൂടെ മനസ്സിന് സന്തോഷവും ഉല്ലാസവും നൽകിയ ഗെയിം ഫെസ്റ്റ് 2021 വൻ വിജയമായിരുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ കോൺവാളിൽ നടന്ന ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിൽ പങ്കെടുത്ത 5000 പേരോളം കോവിഡ് പോസിറ്റീവായതായി റിപ്പോർട്ട്‌. ടെസ്റ്റ് ചെയ്ത 4700 ഓളം പേർ ഫെസ്റ്റിവലിൽ പങ്കെടുത്തതായി വ്യക്തമാക്കിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ എണ്ണൂറോളം പേർ മാത്രമാണ് കോൺവാളിൽ താമസിക്കുന്നവർ. പോസിറ്റീവായ ബാക്കിയുള്ളവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള തീയതികളിൽ ആണ് ഫെസ്റ്റിവൽ നടത്തപ്പെട്ടത്. ഫോൾസ്, ഗോറില്ലാസ് എന്നീ ബാൻഡുകളും, പ്രശസ്ത ഗായിക ജോർജ സ്മിത്തും ആയിരുന്നു ഇത്തവണത്തെ മ്യൂസിക് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങൾ.


ഫെസ്റ്റിവലിന് വെബ്സൈറ്റിൽ പങ്കെടുത്ത എല്ലാവരുടെയും കോവിഡ് സ്റ്റാറ്റസ് ചോദിച്ചതിനു ശേഷം മാത്രമാണ് എൻട്രി ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും, 24 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത പി സി ആർ സർട്ടിഫിക്കറ്റും മറ്റും ഹാജരാക്കിയവർക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്. എന്നാൽ ഫേസ് മാസ്ക്കുകൾ ഷോയിൽ നിർബന്ധമാക്കിയിരുന്നില്ല എന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺവാൾ പബ്ലിക് ഹെൽത്ത് ടീമുമായി ചേർന്ന് രാജ്യത്തുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഷോ നടത്തിയതെന്ന് ബോർഡ്‌മാസ്റ്റേഴ്സ് വക്താവ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് ആളുകൾക്ക് പ്രവേശനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പ്രകാരം 450 ഓളം പേർക്ക് ചടങ്ങിൽ പ്രവേശനം നിഷേധിക്കേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചടങ്ങുകൾ നടക്കുമ്പോൾ പൂർണ്ണമായും റിസ്ക് ഒഴിവാക്കാൻ സാധിക്കില്ല. തുടർന്നും പബ്ലിക് ഹെൽത്ത് ടീമുമായി ചേർന്ന് ആവശ്യമായ നടപടികൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


കോൺവാളിലും, ഐൽസ് ഓഫ് സ് കില്ലിയിലുമെല്ലാം കേസുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ജനസംഖ്യയിൽ ഒരുലക്ഷം പേരിൽ 722 പേർക്ക് കോവിഡ് പോസിറ്റീവ് എന്ന തരത്തിലുള്ള വർധന ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോൺവാളിലുള്ള ജനങ്ങളെല്ലാവരും തന്നെ ടെസ്റ്റ് ചെയ്യണമെന്ന മാർഗ്ഗനിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുവ സഹോദരിമാരായ അസ്നയെയും സനയെയും വിജയകരമായി ഒഴിപ്പിച്ചു. ഇംഗ്ലണ്ടിൽ ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവർ തയ്യാറെടുക്കുമ്പോൾ കാബൂളിൽ നിന്നുള്ള ബ്രിട്ടീഷ് രക്ഷാദൗത്യങ്ങളുടെ വിജയത്തിന് മാറ്റ് കൂടുകയാണ്. അഫ്ഗാനിസ്ഥാൻ പ്രചാരണകാലത്ത് ഒരു വിവർത്തകനായി ജോലി ചെയ്ത് ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച വ്യക്തിയാണ് അവരുടെ പിതാവ് നൂരാഘ ഹാഷിമി. ആയിരത്തോളം ആളുകൾ നിറഞ്ഞ സ്ഥലത്തു നിന്ന്, അഫ്ഗാനിൽ നിന്നും എങ്ങനെ രക്ഷ നേടാൻ തങ്ങൾക്ക് സാധിച്ചുവെന്ന കാര്യത്തിൽ അവർ ഇപ്പോഴും അശ്ചര്യപ്പെടും. എന്നാൽ അവരുടെ പിതാവിനെ സംബന്ധിച്ചിടത്തോളം, കാബൂളിൽ നിന്ന് ബ്രിട്ടനിലേക്കുള്ള ആർഎഎഫ് വിമാനം ഒരു ജീവനാഡിയായിരുന്നു. കാരണം ബ്രിട്ടീഷ് സൈന്യത്തിനുള്ള സുപ്രധാന പിന്തുണ കാരണം താലിബാൻ തന്നെ കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

6,000 യുകെ പൗരന്മാരെയും യോഗ്യരായ അഫ്ഗാനികളെയും പുറത്തെത്തിക്കുന്നതിനുള്ള പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ 7,000 പേരെ രക്ഷിക്കാൻ ബ്രിട്ടന് താൽപ്പര്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. പട്ടാളക്കാരിൽ നിന്നും താലിബാനിൽ നിന്നുമുള്ള വെടിവെപ്പ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകൾ അടച്ചിട്ട വാതിലിനു പിന്നിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മാതാപിതാക്കളെ പ്രവേശിപ്പിക്കുമ്പോൾ എയർപോർട്ടിന് പുറത്തുള്ള സംഘർഷത്തിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് കുട്ടികളുടെ കരച്ചിൽ ഐടിഎൻ വാർത്താ സംഘം ചിത്രീകരിച്ചു.

ബ്രിട്ടന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്ന് ഹെൽമണ്ട് പ്രവിശ്യയിൽ റോയൽ എഞ്ചിനീയർമാർക്കൊപ്പം സേവനമനുഷ്ഠിച്ച ഹാഷിമി പറഞ്ഞു. യൂണിഫോം ധരിച്ച ബ്രിട്ടീഷ് സൈന്യം അസ്നയെയും സനയെയും മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് സ്കാൻ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു വിവർത്തകനാണെന്ന കാര്യം എല്ലാവർക്കും അറിയാം. അതിനാൽ ഭയം ഉണ്ട്.” ഹാഷിമിയെയും കുടുംബത്തെയും ഒരു ആർ‌എ‌എഫ് വിമാനത്തിൽ കയറ്റി, മറ്റ് 130 ഓളം പേരോടൊപ്പം ഇന്നലെ ബ്രിട്ടനിൽ എത്തിച്ചു. സതേൺ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ കുടുംബം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

M25 -ൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുള്ള അപകടത്തിന് 2 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വാൾത്താം ആബിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.15 നാണ് അപകടം നടന്നത്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു . അപകടത്തെതുടർന്ന് M25 -ലെ ജംഗ്ഷൻ 26നും 27നും ഇടയിൽ വാഹനഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് യുകെയ്ക്കും യുഎസിനും താലിബാന്റെ അന്ത്യശാസനം. ഓഗസ്റ്റ് 31നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. എല്ലാ അമേരിക്കക്കാരും മാസാവസാനത്തോടെ അഫ്ഗാൻ വിട്ടുപോകണമെന്ന് ബൈഡൻ ആഗ്രഹിച്ചിരുന്നെങ്കിലും രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. സൈന്യത്തെ അഫ്ഗാനിൽനിന്ന് പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് താലിബാൻ ഭീഷണി. അഫ്ഗാൻ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങൾ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാൻ പറഞ്ഞിരുന്നു.

“ഓഗസ്റ്റ് 31-ന് തങ്ങളുടെ സൈനികരെ പിൻവലിക്കുമെന്ന് യു. എസ് പ്രസിഡന്റ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അത് നീട്ടുന്നത് അവർ തങ്ങളുടെ സൈന്യത്തെ വ്യാപിപ്പിക്കുമെന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ ആവശ്യം ഇപ്പോഴില്ല.” താലിബാൻ വക്താവ് സുഹെയ്ൽ ഷഹീൻ പറഞ്ഞു. “യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സമയം ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. അതിന് ധാരാളം അനന്തരഫലങ്ങളുണ്ടായിരിക്കും.” ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എല്ലാ സൈനികരെയും പിൻവലിക്കുന്നതുവരെ പുതിയ ഗവൺമെന്റിന്റെ രൂപീകരണം പ്രഖ്യാപിക്കില്ലെന്ന് താലിബാൻ പറഞ്ഞു. ‘അഫ്ഗാനിൽ ഒരു യുഎസ് സൈനികൻ ഉള്ളിടത്തോളം കാലം സർക്കാരിന്റെയും മന്ത്രിസഭയുടെയും രൂപീകരണം പ്രഖ്യാപിക്കില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു.” അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാൻ നിയന്ത്രണത്തിൽ ആയതോടെ അവിടെനിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഒരു വെർച്വൽ കോളിലൂടെ ജി 7 നേതാക്കളുമായി സമയപരിധി നീട്ടുന്നതിനെക്കുറിച്ച് നാളെ ബോറിസ് ജോൺസൻ ചർച്ച ചെയ്യും. കാബൂൾ വിമാനത്താവളത്തിൽ ഐഎസ് മുതലെടുപ്പ് നടത്തുമെന്നും ചാവേറാക്രമണം നടത്തുമെന്നും ആശങ്കയുണ്ട്. രാജ്യം വിടാൻ ശ്രമിക്കുന്ന ആളുകൾ കാബൂൾ വിമാനത്താവളത്തിന് ചുറ്റും കാത്തിരിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 28 സൈനിക വിമാനങ്ങൾ ഉപയോഗിച്ച് കാബൂളിൽ നിന്ന് 10,400 പേരെ യുഎസ് ഒഴിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വേനൽക്കാലത്തിന്റെ അവസാനത്തോടെയുള്ള അവധിദിനങ്ങൾക്കായി കാത്തിരിക്കുന്ന ബ്രിട്ടീഷ് യാത്രക്കാർക്ക് പ്രതിസന്ധിയായി കൂടുതൽ രാജ്യങ്ങൾ റെഡ് ലിസ്റ്റിലേയ്ക്ക്. ക്രൊയേഷ്യ, മദീറ, ആന്റിഗ്വ എന്നീ സ്ഥലങ്ങൾ ഈ ആഴ്ച അവസാനം ആമ്പർ ലിസ്റ്റിലേക്ക് ചേർക്കപ്പെടും. അതേസമയം കരീബിയൻ ദ്വീപുകളായ ജമൈക്ക, സെന്റ് ലൂസിയ, ഡൊമിനിക്ക എന്നിവ റെഡ് ലിസ്റ്റിൽ ഉൾപ്പെടുമ്പോൾ തുർക്കി റെഡ് ലിസ്റ്റിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത. അതിനാൽ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്ന് വിദഗ്ധർ പറഞ്ഞു. കോവിഡിന് മുമ്പ് ബ്രിട്ടീഷ് യാത്രികരുടെ ഇഷ്ട സ്ഥലമായിരുന്ന തുർക്കി, ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടാൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ കൂടാതെ അവധിക്കാലം ആഘോഷിക്കാം.

ഗ്രീൻ ലിസ്റ്റിൽ നിലവിൽ 36 സ്ഥലങ്ങളുണ്ട്. അവയിൽ 16 എണ്ണം വാച്ച് ലിസ്റ്റിലാണ്. ഇത് ആമ്പർ ലിസ്റ്റിലേക്ക് മാറാനാണ് സാധ്യത. കഴിഞ്ഞ മാസം അവസാനം മാത്രമാണ് ക്രൊയേഷ്യയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റിയത്. ഇപ്പോൾ ആമ്പർ ലിസ്റ്റിലേക്ക് ഉൾപ്പെടുന്നതോടെ ക്രൊയേഷ്യയിലേക്ക് പറക്കാമെന്ന മോഹവുമായിരുന്ന ഒരുപാട് ബ്രിട്ടീഷുകാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. മാർട്ടിനിക്, ബാർബഡോസ്, സെന്റ് വിൻസെന്റ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന കരീബിയൻ ദ്വീപായ സെന്റ് ലൂസിയയും കരീബിയൻ ദ്വീപുകളായ ഗ്വാഡലൂപ്പിനും മാർട്ടിനിക്കും ഇടയിലുള്ള ഡൊമിനിക്കയും റെഡ് ലിസ്റ്റിൽ ഉൾപ്പെടും. ഈ ആഴ്ചയിലുള്ള അവലോകനത്തിന് മുമ്പ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ ഇന്നലെ രാത്രി വ്യക്തമാക്കി. എന്നാൽ ഗ്രീൻ ലിസ്റ്റിലേക്കുള്ള കൂട്ടിച്ചേർക്കലുകൾ പരിമിതപ്പെടുത്തുമെന്ന് അവർ സൂചിപ്പിച്ചു.

നാളെയോ ബുധനാഴ്ചയോ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നതുവരെ മന്ത്രിമാർ അന്തിമ തീരുമാനങ്ങളൊന്നും എടുത്തേക്കില്ല. പോൾ ചാൾസിന്റെ ട്രാവൽ കൺസൾട്ടൻസിയായ പിസി ഏജൻസിയുടെ വിശകലനം അനുസരിച്ച്, ക്രൊയേഷ്യ, മദീറ, ഇസ്രായേൽ എന്നിവയും കരീബിയൻ ദ്വീപുകളായ അൻഗ്വില, ആന്റിഗ്വ, തുർക്ക് കൈക്കോസ് ദ്വീപുകളും ഗ്രീൻ ലിസ്റ്റിൽ നിന്ന് ആമ്പറിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ഗ്രീൻ ലിസ്റ്റ് വിപുലീകരിക്കുന്നത്തിലൂടെ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാനും യാത്ര ചെയ്യാനും സർക്കാർ അവസരം ഒരുക്കണമെന്ന് ചാൾസ് പറഞ്ഞു. വേനൽക്കാല അവധിയ്ക്ക് ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ മാത്രമല്ല, വിമാനക്കമ്പനികളുടെയും യാത്രാ സ്ഥാപനങ്ങളുടെയും പ്രതീക്ഷകൾ സർക്കാർ തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് എന്നിവയുൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങൾ ആമ്പറിൽ നിന്ന് ഗ്രീൻ ലിസ്റ്റിലേക്ക് മാറും.

RECENT POSTS
Copyright © . All rights reserved