Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ജീവിത ചിലവ് വർദ്ധിക്കുന്നതു മൂലം കടുത്ത ബുദ്ധിമുട്ടിലാണ് യുകെ മലയാളികൾ . പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കൂടി . ഇതിനുപുറമെയാണ് പലിശ നിരക്ക് ഉയർന്നതു മൂലം ലോണുകളുടെ തിരിച്ചടവ് കൂടിയത്. ഇതെല്ലാം കടുത്ത മാനസിക സമ്മർദ്ദത്തിലേയ്ക്കാണ് ജനങ്ങളെ തള്ളി വിട്ടിരിക്കുന്നത്. ഇതിനിടെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ കഴിഞ്ഞ വർഷം രാജ്യമൊട്ടാകെ 10 ദശലക്ഷം പേർ തങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷൻ വേണ്ടെന്നു വച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഉയർന്ന ജീവിത ചിലവ് കാരണം ഒരു ദശലക്ഷം ആളുകൾ തങ്ങളുടെ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയെന്ന് സിറ്റിസൺ അഡ്വൈസ് നടത്തിയ സർവ്വേയിലാണ് കണ്ടെത്തിയത്. ഇനി കൂടുതൽ ആളുകൾ ഇൻറർനെറ്റ് പോലുള്ള സേവനങ്ങൾ നിർത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട് . സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ചിലവ് കുറഞ്ഞ പാക്കേജുകളിൽ നിന്ന് ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കണമെന്ന നിർദ്ദേശമാണ് സീനിയർ അഡ്വൈസ് മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശം.


കോ വിഡ് മഹാമാരിയെ തുടർന്ന് രാജ്യം ലോക് ഡൗണിനെ നേരിട്ടപ്പോൾ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ വൻ വർദ്ധനവാണ് ഉണ്ടായത്. വിദ്യാർഥികളുടെ ക്ലാസ് ഓൺലൈനിൽ കൂടിയായിരുന്നതും മിക്കവരും വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്തതും ആണ് ഇതിന് പ്രധാന കാരണമായത് . മിക്ക വിദ്യാർത്ഥികളും ഇപ്പോഴും പഠനത്തിനും സംശയനിവാരണത്തിനുമായി ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു വിഭാഗം ആളുകൾക്ക് ഇൻറർനെറ്റ് സേവനങ്ങൾ ഇല്ലാതാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ മൂന്നിൽ ഒരാൾക്ക് തങ്ങളുടെ ആശയവിനിമയ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് ഓഫ് കോം കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഹാംഷെയർ ഹോസ്പിറ്റലിൽ 450 പേർ മരിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 19 പേരെയാണ് ഇതുവരെ പ്രതികളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഒപിയോയിഡുകളുടെ അമിതമായ ഉപയോഗമാണ് രോഗികൾ അകാലത്തിൽ മരണമടയുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. 750ലധികം രോഗികളുടെ രേഖകൾ പരിശോധിച്ചു വരികയാണെന്ന് കേസ് അന്വേഷണം നിയന്ത്രിക്കുന്ന കെന്റ് ആൻഡ് എസെക്‌സ് സീരിയസ് ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.

അമിതമായ വേദന സംഹാരി മരുന്നിന്റെ ഉപയോഗം മൂലം 450 -ലധികം ആളുകളുടെ ആയുസ്സ് കുറഞ്ഞതായുള്ള റിപ്പോർട്ട് കടുത്ത നാണക്കേടാണ് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഉണ്ടാക്കിയത്. യുകെ പോലീസ് നടത്തിയ ഏറ്റവും സങ്കീർണമായ അന്വേഷണമെന്നാണ് പ്രതികളെ കണ്ടെത്തിയതിനെക്കുറിച്ച് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ നീൽ ജെറോം പറഞ്ഞത് . 750 രോഗികളുടെ ഏകദേശം മൂന്ന് ദശലക്ഷത്തിലധികം പേജുകളിലായുള്ള രേഖകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ പോലീസ് പരിശോധിച്ചത്. 1150 -ലധികം സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘത്തിൽ 150 പോലീസുകാരാണ് ഉണ്ടായിരുന്നത്.


വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരുകൂട്ടം മരുന്നുകളാണ് ഒപിയോയിഡുകൾ എന്ന് അറിയപ്പെടുന്നത്. തലച്ചോറിലെ കോശങ്ങളിൽ പ്രവർത്തിക്കാനും വേദന ശമിപ്പിക്കാനും ലഹരി പ്രദാനം ചെയ്യാനും ഇവയ്ക്ക് കഴിയും. പോപ്പി ചെടിയിൽ നിന്നോ, കറുപ്പിൽ നിന്നോ ആണ് ഈ ഗണത്തിൽ പെടുന്ന മരുന്നുകൾ നിർമ്മിക്കുന്നത് . വേദന ശമിപ്പിക്കാൻ ഈ മരുന്നുകൾ ഫലപ്രദമാണെന്നും എന്നാൽ ഇവയുടെ ഉപയോഗം ഇവയുടെ അടിമകളായി ഉപയോഗിക്കുന്നവരെ മാറ്റുകയും ചെയ്യും. ഒപ്പിയോയിഡുകൾ അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബ്രിട്ടനിലേയ്ക്കുള്ള ഉയർന്ന തോതിലുള്ള കുടിയേറ്റം വീടുകൾ ആളുകൾക്ക് ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് നിലവിൽ നയിക്കുന്നതെന്ന് മൈക്കൽ ഗോവ്. കുടിയേറ്റം അനുദിനം വർദ്ധിക്കുകയാണ്. യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ള പല ആളുകൾക്കും താമസിക്കാൻ വീട് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ആളുകൾ വലയുന്നു. സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളികൾ പാർട്ട്‌ ടൈം ആയിട്ട് ജോലി ചെയ്തു സമ്പാദിക്കാം എന്നൊക്കെയുള്ള ലക്ഷ്യത്തിലാണ് യാത്രയാകുന്നത്. സ്വന്തമായി വീട് ഉള്ളവർക്ക് ഒറ്റത്തവണ മാത്രമേ മുതൽ മുടക്കുള്ളു. എന്നാൽ, വാടക വീടിനെ ആശ്രയിക്കുന്നവർക്ക് ഓരോ മാസവും വാടക ഇനത്തിലും അല്ലാതെയുമായി വലിയ ചിലവാണ് ഉണ്ടാകുന്നത്.

പ്രതിവർഷം 300,000 വീടുകൾ നിർമ്മിക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യം പലപ്പോഴും പരാജയപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ എത്തുമെന്ന് അറിയാമെന്നിരിക്കെയാണ് ഈ വീഴ്ച സംഭവിക്കുന്നത്. പ്രതിവർഷം 170,000 ആണ് നെറ്റ് മൈഗ്രേഷൻ നിരക്ക്. എന്നാൽ യഥാർത്ഥ കണക്ക് അതിനേക്കാൾ മൂന്നിരട്ടിയെങ്കിലും കൂടുതലാണ് എന്നതാണ് യാഥാർഥ്യം. വീട് പോലെ തന്നെ പൊതുസേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുന്നതിലും കുറവ് വന്നിട്ടുണ്ട്. ആളുകളുടെ എണ്ണത്തിന് അനുസരിച്ചു സേവനം നൽകാൻ സർക്കാരിന് കഴിയുന്നില്ല എന്നുള്ളതാണ് നഗ്നസത്യം.

2022 ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ചു നെറ്റ് മൈഗ്രേഷൻ 500,000 കവിഞ്ഞതായി ഡേറ്റ കാണിക്കുന്നു. എന്നാൽ എന്നാൽ അടുത്ത നാളുകളിൽ പുറത്തുവരുന്ന പുതിയ കണക്കുകൾ 700,000-ൽ എത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ബ്രെക്‌സിറ്റിന് മുമ്പുള്ള റെക്കോർഡിന്റെ ഇരട്ടിയിലധികം വരുമെന്നാണ് അനുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഇംഗ്ലണ്ടിൽ സർക്കാർ വാഗ്ദാനം ചെയ്ത 40 പുതിയ ആശുപത്രികളിൽ 33 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാനിരിക്കുന്നതായി റിപ്പോർട്ട്‌. 2030 ഡെഡ്‌ലൈൻ ഉള്ള പ്രോജക്‌റ്റുകൾ എന്ന നിലയിൽ കൊണ്ടുവന്നവ ഇപ്പോൾ ഭാഗികമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആകെ ഇതുവരെ രണ്ടെണ്ണം മാത്രമാണ് പൂർത്തിയായി തുറന്നിരിക്കുന്നത്. 2025-ൽ ആറെണ്ണം തയ്യാറാക്കാനാണ് മന്ത്രിമാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ ഗ്രൂപ്പിലൊന്നും ഇതുവരെ പൂർണ്ണ ആസൂത്രണ അനുമതിയോ ധനസഹായമോ ലഭിച്ചിട്ടില്ല.

അതേസമയം, ആരോഗ്യ രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ഉറപ്പുനൽകുന്നു. എന്നാൽ ഈ വിഷയത്തിൽ ഉടൻ വ്യക്തത വേണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ഈ വിഷയം പരിശോധിച്ചതിൻ പ്രകാരം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. രാജ്യത്തെ ആരോഗ്യ രംഗം മികച്ചത് എന്ന അവകാശവാദം സർക്കാരും സംവിധാനങ്ങളും നിരന്തരം അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ഈ സംഭവം.

2020 ഒക്ടോബറോടെ, 3.7 ബില്യൺ പൗണ്ട് പ്രാരംഭ ബജറ്റിൽ വിലയിരുത്തിയാണ് പണികൾ ആരംഭിച്ചത്. പട്ടികയിലുള്ള 40 ആശുപത്രികളിൽ എട്ടെണ്ണം നേരത്തെ തന്നെ ആസൂത്രണം ചെയ്ത പദ്ധതികളാണ്. പ്രധാന കെട്ടിടം പണി തുടങ്ങിയിട്ടില്ലെന്ന് 33 പേർ പറഞ്ഞു. അഞ്ചെണ്ണം നിർമ്മാണത്തിലാണ് , റോയൽ ലിവർപൂൾ, നോർത്തേൺ സെന്റർ ഫോർ കാൻസർ കെയർ എന്നിവ നിർമ്മാണം പൂർത്തിയാക്കി രോഗികൾക്ക് തുറന്നു നൽകി. എന്നാൽ ഇനിയും പൂർത്തിയാക്കാൻ ഉള്ളവ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വൈകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബ്രിട്ടനിലെ ഈ വർഷം നടത്തിയ സാറ്റ്സ് എക്സാമിനേഷനിലെ ചോദ്യങ്ങളെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. പത്തും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളെ കണ്ണീരു കുടിപ്പിച്ച പരീക്ഷയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയെ കുറിച്ച് നൂറുകണക്കിന് രക്ഷിതാക്കളും അധ്യാപകരുമാണ് പരാതിപ്പെട്ടത്.

ഈ വർഷത്തെ സാറ്റ്സ് പരീക്ഷയുടെ പല ചോദ്യങ്ങളും അധ്യാപകർക്ക് വരെ മനസ്സിലാക്കാൻ സാധിച്ചില്ലെന്നുള്ള വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്ന് വന്നിരിക്കുന്നത്. ഇംഗ്ലീഷ് റീഡിങ് ടെസ്റ്റിൽ ഉൾപ്പെട്ട പല ചോദ്യങ്ങളും ജിസിഎസ്ഇ നിലവാരത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ മിടുക്കരായ വിദ്യാർഥികൾക്ക് പോലും ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനായില്ല . ഈ വർഷത്തെ സാറ്റ്സ് എക്സാമിനേഷനിൽ ഒട്ടേറെ മലയാളി വിദ്യാർഥികളും പങ്കെടുത്തിരുന്നു.

പരീക്ഷ കഴിഞ്ഞയുടനെ ഉണ്ടായ എസ് എ ടി എക്സാമിനേഷൻ വിവാദത്തെ ന്യായീകരിക്കുന്ന സമീപനമാണ് ആദ്യം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. ഏറ്റവും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനാണ് സാറ്റ്സ് എക്സാമിനേഷന്റെ ചോദ്യങ്ങൾ കഠിനമാക്കിയിരിക്കുകയാണെന്നാണ് ആദ്യഘട്ടത്തിൽ വിവാദങ്ങളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചത് . എന്നാൽ പല ചോദ്യങ്ങളും ജിസിഎസ് ഇ നിലവാരത്തിലുള്ളതായിരുന്നു എന്നതിനടിസ്ഥാനമായി കടുത്ത വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചോദ്യങ്ങളെക്കുറിച്ച് പുന:പരിശോധന നടത്തുമെന്ന് മന്ത്രിയ്ക്ക് പറയേണ്ടതായി വന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

പൗൾട്രി ഫാമുകളിൽ ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. നിലവിൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേയ്ക്ക് പക്ഷിപ്പനി പടരുന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി (യുകെ എസ് എച്ച് എ) അറിയിച്ചു. പക്ഷിപ്പനി ബാധിച്ച രണ്ടുപേരും ഒരു പൗൾട്രി ഫാമിൽ ജോലി ചെയ്തിരുന്നവരാണ്.

രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരുടെ ഇടയിൽ നിലവിൽ പരിശോധനകൾ നടന്നു വരികയാണെന്ന് യുകെ എസ് എച്ച് എ അറിയിച്ചു. നിലവിൽ സാധാരണ ജനങ്ങൾക്ക് അപകട സാധ്യത വളരെ കുറവാണെന്നും ആശങ്ക വേണ്ടെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വ്യക്തികളിൽ നിന്ന് വൈറസ് മറ്റൊരാളിലേയ്ക്ക് പകരുന്നതിന് നിലവിൽ തെളിവൊന്നുമില്ലെന്ന് യുകെ എച്ച് എസ് എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫസർ സൂസൻ ഹോപ്കിൻസ് പറഞ്ഞു. എന്നാൽ വൈറസുകൾ ജനിതക മാറ്റം വരുന്ന സാഹചര്യത്തെ മുൻകൂട്ടി കാണേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആളുകൾ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനിയുടെ ലക്ഷണങ്ങളെക്കുറിച്ചും അത് എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതിനെ കുറിച്ച് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. താറാവ് പോലുള്ള ചില പക്ഷികൾക്ക് പക്ഷിപ്പനിക്ക് കാരണമായ വൈറസുകളുടെ വാഹകരാകാനും രോഗലക്ഷണങ്ങൾ ഒട്ടും കാണിക്കാതെ അത് പരത്താനും കഴിയും. പക്ഷി പനിയുടെ ഏതെങ്കിലും നേരിയ ലക്ഷണങ്ങൾ സംശയിക്കുന്നവർ ഉടനെ തന്നെ ആനിമൽ ആൻഡ് പ്ലാൻറ് ഏജൻസിയെ (എ പി എച്ച് എ) അറിയിക്കണമെന്ന നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനം തുടങ്ങാനും തിരിച്ചുപോകാനുമുള്ള സാധ്യതകൾ ബ്രിട്ടീഷ് എയർവേയ്‌സ് തയ്യാറാക്കുന്നുണ്ടെന്ന് ഉന്നതവൃത്തങ്ങൾ. ബ്രിട്ടീഷ് എയർവേയ്‌സിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി ഇതിനോടകം നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്ലാൻ അനുസരിച്ച് എല്ലാം സംഭവിച്ചാൽ അന്തിമഫലം കാത്തിരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും എയർ ഇന്ത്യ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്. ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളില്ലാത്തതിനാൽ ആഴ്‌ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്ന എയർ ഇന്ത്യ ചാർജ് പലപ്പോഴായി വർധിപ്പിക്കുകയും, മേഖലയിലെ കുത്തക നിലനിർത്തി പോരുകയും ചെയ്യുന്നു.

ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റ് എന്ന നിലയിൽ യുകെയിലെ കേരളീയ സമൂഹം ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. ചാർജുകളിലും പ്രകടമായ മാറ്റം വരുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ബ്രിട്ടീഷ് എയർവേയ്‌സ് വഴി ഗാറ്റ്‌വിക്കിലേക്കോ ലണ്ടനിലേക്കോ എത്തി കൊച്ചിയിലേക്ക് നേരിട്ട് വിമാനം പിടിക്കാൻ ബ്രിട്ടീഷ് എയർവേയ്‌സിന് കണക്റ്റിവിറ്റി ഫ്ലൈറ്റുകൾ നൽകുമെന്നതാണ് ലഭിക്കുന്ന മറ്റൊരു നേട്ടം. ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് എന്ന ഏറെക്കാലത്തെ മലയാളികളുടെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്.

‘ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം ആകുകയാണ്. പലപ്പോഴും സീസൺ സമയങ്ങളിൽ ഒക്കെ ഇരട്ടി തുക ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണ് നിലവിൽ. അതിനെ ചില കുത്തക കമ്പനികൾ പലപ്പോഴും മുതലെടുക്കുന്നുണ്ട്. സാധാരണക്കാരായ നിരവധി ആളുകളും യുകെയിൽ ഉണ്ട്. ഈ ഒരൊറ്റ കാരണത്താൽ തന്നെ പലരും നാട്ടിലേക്ക് പോകാറില്ല’- മലയാളി. അസോസിയേഷൻ പ്രതിനിധി പറഞ്ഞു.

നിലവിൽ എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കും സർവീസുകൾ നടത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഉപഭോക്താക്കളിൽ നിന്ന് സൂപ്പർമാർക്കറ്റുകൾ കൊള്ള ലാഭം കൊയ്യുന്നുണ്ടോ എന്ന് കർശന നിരീക്ഷണം നടത്തുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി (സി എം എ )അറിയിച്ചു. ജനങ്ങൾക്കും ബിസിനസുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന യുകെയിലെ ഒരു സ്വതന്ത്ര സർക്കാർ ഏജൻസിയാണ് സി എം എ . 2014 ഏപ്രിൽ ഒന്നു മുതൽ പൂർണ്ണമായി പ്രവർത്തനക്ഷമമായ സിഎംഐയുടെ ഇടപെടലുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങൾ ലഭ്യമാകുന്നതിന് സഹായിച്ചിട്ടുണ്ട്.

ഭക്ഷണത്തിൻറെ വില കഴിയുന്നത്ര കുറയ്ക്കാൻ തങ്ങൾ പരിശ്രമിക്കുന്നതായാണ് സൂപ്പർമാർക്കറ്റുകൾ പറയുന്നത് . എന്നാൽ ഇന്ധന വിലയെക്കുറിച്ചുള്ള അന്വേഷണത്തിൽ ചില സൂപ്പർമാർക്കറ്റുകൾ പെട്രോളിന്റെയും ഡീസലിന്റെയും മാർജിൻ വർധിപ്പിച്ചതായി സി എം എ കണ്ടെത്തിയിരുന്നു. ഏതെങ്കിലും ഒരു സൂപ്പർമാർക്കറ്റിൽ കൂടുതൽ മാർജിൻ ഈടാക്കുന്ന സാഹചര്യത്തിൽ മറ്റുള്ളവരും വില ഉയർത്തുന്നതിലേയ്ക്കും തത്ഫലമായി രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സിഎംഎ വിലയിരുത്തുന്നത്.

കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റിയുടെ പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുമെന്നാണ് സിഎംഎയുടെ നിരീക്ഷണങ്ങളോട് ആസ്ഡാ പ്രതികരിച്ചത്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും മത്സരാധിഷ്ഠിത വിപണികളിലൊന്നാണ് യുകെയിലുള്ളതെന്നും അതുകൊണ്ടുതന്നെ ആഗോളതലത്തിൽ വില കുറയുന്നതും വ്യവസായത്തിന്റെ മത്സര സ്വഭാവവും മൂലം രാജ്യത്തും വിലകൾ കുറയുമെന്നാണ് സിഎംഎയുടെ നിരീക്ഷണത്തെ കുറിച്ച് ബിആർസിയിലെ ഫുഡ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ ആൻഡ്രൂ ഡെപ്പി പറഞ്ഞു. എന്നാൽ ഉയർന്ന ഭക്ഷണ വിലയും പണപ്പെരുപ്പവും യുകെയിലെ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കും എന്ന അഭിപ്രായമാണ് പൊതുജനത്തിനുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഹഡേഴ്സ് ഫീൽഡിലെ ഒരു വീട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനും മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് ഇവർ താമസിക്കുന്ന സ്ഥലത്തേയ്ക്ക് അടിയന്തര വൈദ്യസഹായത്തിനായി സഹായം അഭ്യർത്ഥിക്കപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ മരിച്ചതായാണ് വെസ്റ്റ് യോർക്ക് ഷെയർ പോലീസ് അറിയിച്ചിരിക്കുന്നത്.

പ്രതിയെന്നു സംശയിക്കുന്ന 30 വയസ്സ് പ്രായമുള്ള ഒരാളെ ഹഡേഴ്സ് ഫീൽഡിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എല്ലാ രീതിയിലുമുള്ള അന്വേഷണം നടത്തി വരികയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് ഓഫീസർ മാർക്ക് ബോവ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ലീഡ്‌സിനും മാഞ്ചസ്റ്ററിനും മധ്യേയുള്ള വെസ്റ്റ് യോർക്ക് ഷെയറിലെ ഒരു നഗരമാണ് ഹഡേഴ്സ് ഫീൽഡ്. ലീഡ്സ് , ബ്രാഡ് ഫോർഡ് , ഹഡേഴ്സ് ഫീൽഡ് , വെയ്ക്ക് ഫീൽഡ് എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വെസ്റ്റ് യോർക്ക് ഷെയറിൽ ഒട്ടേറെ മലയാളികൾ താമസിക്കുന്ന പ്രദേശമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: സ്റ്റിയറിംഗിന് പിന്നിൽ ഡ്രൈവർമാരില്ലാതെ യുകെ യിലെ ആദ്യ ബസ് സർവീസ് ആരംഭിച്ചു. എഡിൻ ബറോയിലാണ് ബസ് വന്നത്. അഞ്ച് സിംഗിൾ ഡെക്ക് ബസുകളിൽ 14 മൈൽ (22.5 കിലോമീറ്റർ) റൂട്ടിൽ ആഴ്ചയിൽ 10,000 യാത്രക്കാരെ കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന ഈ സർവീസ് ലോകത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ലോക്കൽ ബസ് സർവീസായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

“ഈ ബസിലെ സ്വയംഭരണ സാങ്കേതികവിദ്യ മുമ്പ് പരീക്ഷിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത ലോക്കൽ ബസ് സർവീസായ ഒരു ബസിൽ ഇത് ആദ്യമായാണ് ഇൻസ്റ്റാൾ ചെയുന്നത്,” സ്റ്റേജ്കോച്ച് ബസ് സർവീസിന്റെ പോളിസി ഡയറക്ടർ പീറ്റർ സ്റ്റീവൻസ് ഒരു പരീക്ഷണ യാത്രയ്ക്ക് ശേഷം എഎഫ്‌പിയോട് പറഞ്ഞു. തിങ്കളാഴ്ച മുതൽ, മണിക്കൂറിൽ 50 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ബസുകൾക്ക്, യുകെ നിയമം അനുശാസിക്കുന്ന സാങ്കേതിക വിദ്യ നിരീക്ഷിക്കാൻ ഒരു സുരക്ഷാ ഡ്രൈവർ ഉണ്ടായിരിക്കും, ഇത് ഇതുവരെ പൂർണ്ണമായും സ്വയംഭരണ വാഹനങ്ങൾക്ക് അനുമതിയില്ല.

വാഹനം ഓട്ടോണമസ് മോഡിൽ ആയിരിക്കുമ്പോൾ ഡ്രൈവർമാർ നിയന്ത്രണങ്ങളിൽ തൊടരുത്, കൂടാതെ ടിക്കറ്റിംഗും യാത്രക്കാരുടെ അന്വേഷണങ്ങളും ബസിലെ കണ്ടക്ടർ കൈകാര്യം ചെയ്

യുന്നു. കൂട്ടിയിടികൾ തടയാൻ ഓൺബോർഡ് സിസ്റ്റം ഇതിൽ ഉണ്ട്. അതേസമയം ഒപ്റ്റിക്കൽ ക്യാമറകളും റഡാറും കാൽനടയാത്രക്കാരെ അറിയാൻ റോഡ് സ്കാൻ ചെയ്യാൻ സഹായിക്കുന്നു.

അഞ്ച് ഒറ്റനില ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേർ ഈ ബസുകളിൽ യാത്രചെയ്യുമെന്നാണ് സ്റ്റേജ് കോച്ചിന്റെ പ്രതീക്ഷ. 14 മൈൽ ദൂരമുള്ള റൂട്ടിലൂടെ സെൻസറുകളുടെ സഹായത്തോടെയാണ് മണിക്കൂറിൽ 50 മൈൽ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം. റൗണ്ട് എബൌട്ടുകൾ, ട്രാഫിക് ലൈറ്റുകൾ, മോട്ടോർവേകളിലെ ലൈൻ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സ്റ്റേജ് കോച്ചിന്റെ ഈ പുതിയ സംരംഭം വഴിതുറക്കുന്നത്.

RECENT POSTS
Copyright © . All rights reserved