Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെ :- ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നികത്തി, സാമ്പത്തിക രംഗം സുസ്ഥിരമായ നിലയിലെത്തിക്കുവാൻ ജനങ്ങളെല്ലാവരും തന്നെ കൂടുതൽ നികുതി നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് ട്രഷറി നൽകി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കൽ നയം കൊണ്ട് മാത്രം സ്ഥിതി പൂർവസ്ഥിതിയിൽ എത്തുകയില്ലെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം. നവംബർ 17ന് പ്രഖ്യാപിക്കാനിരിക്കുന്ന ബഡ്ജറ്റിന് മുന്നോടിയായി ചാൻസലർ ജെറെമി ഹണ്ട് പ്രധാനമന്ത്രി റിഷി സുനക്കുമായി തിങ്കളാഴ്ച ചർച്ച നടത്തി. നികുതി  വർദ്ധന അനിവാര്യമാണെന്നും കൂടുതൽ കടുത്ത തീരുമാനങ്ങൾ ഇത് സംബന്ധിച്ച്  ഉണ്ടാകുമെന്നും ട്രഷറിയുമായി ബന്ധപ്പെട്ട മറ്റൊരു സ്രോതസ്സ് വ്യക്തമാക്കി.

നിലവിൽ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന ‘ഫിസ്ക്കൽ ബ്ലാക്ക് ഹോൾ ‘ എത്ര തുകയാണെന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെയും വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ ഇത് കുറഞ്ഞത് 50 ബില്യൺ പൗണ്ട് തുകയെങ്കിലും ഉണ്ടാകുമെന്നാണ് മുൻപ് ബിബിസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.  ലിസ് ട്രസ്സിന് ശേഷം റിഷി സുനക് അധികാരം ഏറ്റെടുത്തപ്പോൾ ജനങ്ങൾ എല്ലാവരും തന്നെ പ്രതീക്ഷയോടെ കാത്തിരുന്ന സാമ്പത്തിക പ്രസ്താവന രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 17ന് ഉണ്ടാകും.

ഗവൺമെന്റ് പദ്ധതികളെ സംബന്ധിച്ച് ഇതുവരെയും വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്നാൽ മന്ത്രിമാർക്ക് ആദായനികുതി പരിധികൾ നിയന്ത്രിക്കാനും മരവിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള നിയമനിർമ്മാണം ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചില സൂചനകൾ വ്യക്തമാക്കുന്നത്. 50 ശതമാനം നികുതി വർദ്ധനവും, 50% ഗവൺമെന്റിന്റെ ചെലവ് വെട്ടിക്കുറക്കലും ഒരുമിച്ച് നടപ്പിലാക്കി നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ചാൻസലർ ഹണ്ട് ശ്രമിക്കുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. ലിസ് ട്രെസ്സിന്റെ കാലയളവിൽ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങളിൽ പലതും ചാൻസലറായി ചുമതലയേറ്റ ഉടൻ തന്നെ ഹണ്ട് തിരുത്തിയിരുന്നു. ഇത് സാമ്പത്തിക രംഗത്തെ കുറച്ചധികം ഉത്തേജിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നവംബർ 17ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാമ്പത്തിക പ്രസ്താവന വളരെയധികം  പ്രാധാന്യമർഹിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോഡ് മാർഗം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ആളുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 53 ദിവസം റോഡ് മാർഗം മുഖേന ഏകദേശം 22000 കിലോമീറ്റർ താണ്ടി,1 കോടി രൂപ ചിലവിലാണ് യാത്ര നടത്തിയത്. ഇത് ലഖ്‌വീന്ദറിന്റെ കഥയാണ്.

ടൊയോട്ട ടകോമയിൽ 22,000 കിലോമീറ്ററിലധികം സഞ്ചരിച്ച അദ്ദേഹം 53 ദിവസങ്ങൾ കൊണ്ട് യുഎസ്എയിൽ നിന്ന് ജലന്ധറിലേക്ക് റോഡ് മാർഗം യാത്ര ചെയ്തു. കാറിൽ യാത്ര ചെയ്യാൻ പലർക്കും താല്പര്യം ഉണ്ടെങ്കിൽ പോലും പലപ്പോഴും പല തടസങ്ങളും അതിന് മുൻപിൽ ഉണ്ടാവാറുണ്ട്. അതിനെ എല്ലാം അതിജീവിച്ചാണ് ലഖ്‌വീന്ദർ യാത്ര ആരംഭിച്ചത്. വിസ, പെർമിറ്റ് ഇങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള യാത്രകൾ ശാരീരികമായും സാമ്പത്തികമായും വളരെ ബുദ്ധിമുട്ടുള്ളതുമാണ്. ഇവ ഏറ്റെടുക്കാൻ ഇച്ഛാശക്തിയും കഴിവും അനിവാര്യമാണ്. പുതിയതും വ്യത്യസ്‌തവുമായ എന്തെങ്കിലും പരീക്ഷിക്കാനുള്ള ശ്രമത്തിൽ, യു‌എസ്‌എയിൽ നിന്ന് ഇന്ത്യയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘റൈഡ് ആൻഡ് ഡ്രൈവ്’ എന്ന യൂട്യൂബ് വീഡിയോയിൽ അദ്ദേഹത്തിന്റെ മുഴുവൻ യാത്രയുടെയും ഒരു രത്ന ചുരുക്കം പറയുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്കൂളിൽനിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്ന പതിനാലു വയസ്സുകാരി വിദ്യാർത്ഥിനി ബസിടിച്ചു അത്യാസന്ന നിലയിൽ ആശുപത്രിയിലായി. കൂടെയുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സ്കൂൾ വിട്ട ശേഷം ക്രോസിംഗിൽ കാത്തു നിൽക്കുമ്പോഴായിരുന്നു ഡബിൾഡക്കർ ബസ് പെൺകുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.

നോർത്ത് ലണ്ടനിലെ സ്റ്റാംഫോർഡ് ഹിൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഉടൻതന്നെ എമർജൻസി സർവീസുകൾ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസ്, ആംബുലൻസ്, അഗ്നിശമന സേന വിഭാഗം എന്നിവരെല്ലാം തന്നെ സംഭവസ്ഥലത്ത് എത്തി. പെൺകുട്ടിയെ ഇടിച്ച ശേഷം പിന്നീട് ബസ് അടുത്തുള്ള ലാമ്പ് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു പെൺകുട്ടി ബസ്സിന് അടിയിൽ പെട്ടതാണ് കൂടുതൽ അപകടകാരണം ആയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

കൂടെയുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയും സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. യെല്ലോ ജംഗ്ഷനിൽ കടക്കാതെ ബസ് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. ഇതുവരെയും ഇത് സംബന്ധിച്ച് അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോവറിലെ അഭയാർത്ഥി ക്യാമ്പിലേയ്ക്ക് ഒരാൾ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. സംഭവത്തോട് അനുബന്ധിച്ച് പോലീസ് ഒരു വീട്ടിൽ തിരച്ചിൽ നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ചയാണ് ഒരാൾ അഭയാർത്ഥി കേന്ദ്രത്തിലേയ്ക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞത്. ആക്രമണം നടത്തിയ ആളെ പിന്നീട് പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത കൂട്ടുകയും ചെയ്തു. ആക്രമണം നടത്തിയ ആൾ വൈകോംബ് ഏരിയയിൽ താമസിക്കുന്ന 66 വയസ്സുകാരനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതായി കെന്റ് പോലീസ് സ്ഥിരീകരിച്ചു.

ആക്രമണത്തിന് തീവ്രവാദ സ്വഭാവമില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിലുള്ള രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് കെന്റ് കൗണ്ടിയിലെ കൗൺസിലർ നൈജൽ കോളർ പറഞ്ഞു .

എന്നാൽ പ്രസ്തുത സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർത്ഥി നയത്തിനോട് കടുത്ത വിമർശനങ്ങളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നു വന്നിരിക്കുന്നത് . അഭയാർത്ഥികളെ റുവാണ്ടയിലെ ക്യാമ്പുകളിലേയ്ക്ക് അയക്കുന്നതിനു പകരം ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്ന വികാരം . റഷ്യയുടെ ഉക്രൈൻ ആക്രമണം ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആഭ്യന്തര സെക്രട്ടറിയായി ആദ്യ തവണ ചുമതലയിലിരിക്കെ ആറോളം പ്രാവശ്യം ഔദ്യോഗിക രേഖകൾ തന്റെ സ്വകാര്യ മെയിലിലേക്ക് അയച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് സുയല്ല ബ്രാവർ മാൻ. ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരം ഏറ്റ ശേഷം വീണ്ടും ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ട ബ്രാവർമാൻ തന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വീണ്ടും സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. ലിസ് ട്രസ് പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയായി ചുമതലയിൽ ഇരുന്ന ബ്രാവർമാൻ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് ഒക്ടോബർ 19ന് രാജിവെക്കുകയായിരുന്നു. തുടർന്ന് ഋഷി സുനക് അധികാരത്തിൽ എത്തിയപ്പോൾ, ആറു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഈ പദവിയിലേക്ക് ബ്രാവർമാനെ തിരഞ്ഞെടുത്തപ്പോൾ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഔദ്യോഗിക ഗവൺമെന്റ് അക്കൗണ്ടിന് പകരം സ്വന്തം പ്രൈവറ്റ് ഇമെയിലിൽ നിന്നും ഔദ്യോഗിക രേഖകൾ കൺസർവേറ്റീവ് എംപി സർ ജോൺ ഹേയ്‌സിന് അയച്ചതായാണ് ബ്രാവർമാൻ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങളോ, മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും തന്നെയില്ല എന്നാണ് ബ്രാവർമാൻ നൽകുന്ന വിശദീകരണം.

ഇതോടൊപ്പം തന്നെ അഭയാർത്ഥികളുടെ വിഷയത്തിലും ബ്രാവർമാൻ വിവാദങ്ങൾ നേരിടുകയാണ്. മാൻസ്റ്റൺ മൈഗ്രന്റ് പ്രോസസിംഗ് സെന്ററിൽ അടുത്തിടെ നടന്ന ആളുകളുടെ വർദ്ധനവും സ്ഥലം ഇല്ലായ്മയും, രോഗങ്ങൾ അമിതമായി വർദ്ധിച്ചതുമെല്ലാം ആഭ്യന്തര സെക്രട്ടറിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലം ലഭിക്കുവാനായി ഹോട്ടൽ ബുക്ക് ചെയ്യേണ്ട എന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന കടുത്ത വിമർശനമാണ് ബ്രാവർമാന് നേരെ ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ രണ്ടു വിവാദങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന ആഭ്യന്തര സെക്രട്ടറി രാജിവെക്കണമെന്ന് ആവശ്യമാണ് നിരവധി ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.

ലണ്ടൻ: ഹാരി രാജകുമാരന്റെ വരാനിരിക്കുന്ന ആത്മകഥയെ ചുറ്റിപറ്റിയുള്ള ചർച്ചകൾ സജീവമാവുകയാണ്. ആത്മകഥയിൽ ഉൾപ്പെടുത്താൻ പഴയ സുഹൃത്തുക്കളോടും, കാമുകിമാരോടും ഒരു ഭാഗം ആവശ്യപ്പെട്ടതിനെ ചൊല്ലിയാണ് പുതിയ വിവാദം. സ്പെയർ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജനുവരി 10 ന് പുറത്തിറങ്ങും.

രാജകുടുംബത്തെ നിശിതമായി വിമർശിക്കുന്ന ഒരു ‘ന്യൂക്ലിയർ’ റീഡായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുസ്തകത്തിന്റെ പ്രചരണത്തിനായി അദ്ദേഹം യുകെയിലേക്ക് മടങ്ങിയേക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, ഹാരിയുടെ അഭ്യർത്ഥനയിൽ പകച്ചു നിൽക്കുകയാണ് സുഹൃത്തുക്കൾ. ആത്മകഥയിലേക്ക് ഒരു ഭാഗം തരണമെന്നുള്ള ആവശ്യം ഭൂരിഭാഗം സുഹൃത്തുക്കളും നിരസിച്ചെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. 2018 ലെ വിവാഹത്തിന് മുൻപ് ഹാരിയ്ക്ക് വേറെ ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിമാരും ഈ ആഴ്ച സുരക്ഷാ സേവനങ്ങൾക്കൊപ്പം പുതിയ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹാൾ പറഞ്ഞു.

പ്രതിസന്ധി കൈകാര്യം ചെയ്യാൻ അറിയാമെന്നും റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ ലക്ഷ്യമാകാൻ സാധ്യതയുള്ളതിനാൽ ഗവൺമെന്റ് ബിസിനസ്സ് നടത്താൻ ഒരിക്കലും സ്വകാര്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകുമെന്നും കൂട്ടിച്ചേർത്തു.

ബ്രിട്ടനിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്ന പോളിൻ നെവിൽ-ജോൺസ്, ‘മന്ത്രിമാർ സ്വകാര്യ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ശരിയാണെന്ന ധാരണയില്ലെന്ന് പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾ ഔദ്യോഗികമായി തന്നെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ, മോസ്‌കോയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്ന ഹാക്കർമാർ ചാരപ്പണി ചെയ്‌തെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പുകൾ. ലിസ് ട്രസിന്റെ മൊബൈൽ ഹാക്ക് ചെയ്തതായി സംശയിക്കുന്നതിനെ തുടർന്ന് സർക്കാർ കാര്യങ്ങൾ ചർച്ചചെയ്യാൻ സ്വകാര്യ ഫോൺ ഉപയോഗിക്കരുതെന്ന് മേധാവികൾ ഉത്തരവിട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോവറിലെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കേന്ദ്രത്തിലേയ്ക്ക് പെട്രോൾ ബോംബ് എറിഞ്ഞയാളെ ദുരൂഹ സാഹചര്യത്തിൽ അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്രോൾ ബോംബ് പോലുള്ള രണ്ടോ മൂന്നോ വസ്തുക്കൾ അക്രമി എറിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് പിന്നീട് ഇയാളുടെ കാറിൽ നിന്ന് സ്ഫോടന ശേഷിയുള്ള വസ്തുക്കൾ നിർവീര്യമാക്കുകയും ചെയ്തു.

ആക്രമണത്തിൽ കേന്ദ്രത്തിലുള്ള രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ആക്രമണത്തെ വളരെ വേദനാജനകമാണെന്നാണ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വിശേഷിപ്പിച്ചത്. സംഭവത്തിന് പിന്നിൽ നിലവിൽ തീവ്രവാദ ബന്ധമുള്ളതായി കണക്കാക്കുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന കെന്റ് പോലീസ് അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരോടുള്ള എതിർപ്പിന്റെ ഭാഗമായാണോ ആക്രമണം നടന്നതെന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ . ഡോവറിലെ കുടിയേറ്റ കേന്ദ്രത്തിൽ താമസിച്ചിരിക്കുന്നവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉളവാക്കുന്നതാണ് ആക്രമണ സംഭവമെന്ന് ഡോവറിലെ കൺസർവേറ്റീവ് പാർട്ടിയുടെ എംപി എൽഫിക്കെ പറഞ്ഞു. ഡോവർ പോലെ ജനസാന്ദ്രതയേറിയ തുറമുഖ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രം പ്രായോഗികതലത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. നേരത്തെ റഷ്യ – ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരോടുള്ള ബ്രിട്ടന്റെ സമീപനത്തെ കുറിച്ച് രാജ്യാന്തരതലത്തിൽ വൻ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യൻ വിസ സേവനങ്ങൾക്കായി ഇനി മുതൽ പുതിയ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസാമി അറിയിച്ചു. വിസ സേവന ദാതാവായ വി എഫ് എസ് വഴി  ലഭ്യമാകുന്ന  പുതിയ ഓപ്ഷനുകൾ 2022 നവംബർ 1 മുതൽ ആരംഭിക്കും. പുതിയ നടപടികളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും ഇന്ത്യൻ ഹൈ കമ്മീഷണർ വിശദമായ പ്രസ്താവന നടത്തി. തങ്ങൾ ആദ്യം ചെയ്യാൻ പോകുന്ന പുതിയ കാര്യങ്ങളിൽ സെൻട്രൽ ലണ്ടനിലെ മാരിൽബോണിൽ പുതിയ വിസ പ്രോസസിങ് സൗകര്യം തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും വിസ അപേക്ഷകൾ  വേഗത്തിലാക്കുവാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


രണ്ടാമതായി ഗ്രൂപ്പ് ടൂറിസം വിസ ലഭ്യമാകുന്നതിനുള്ള സേവനങ്ങൾ പുതിയതായി ആരംഭിക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു ട്രാവൽ ഏജൻസി വഴി ഒരേ ലക്ഷ്യസ്ഥാനത്തേക്കും ഒരേ ഫ്ലൈറ്റുകളിൽ ഒരു ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക് സൗകര്യമൊരുക്കാനാണ് ഈ നടപടി. ഇതോടൊപ്പം തന്നെ വിസ സംബന്ധിച്ച രേഖകൾ വീട്ടു വാതിൽക്കൽ നിന്ന് ശേഖരിക്കുവാനും പ്രോസസ്സിങ്ങിനു ശേഷം തിരികെ വീട്ടിലെത്തിക്കുവാനുമുള്ള സൗകര്യങ്ങളും പുതിയ പദ്ധതികളിൽ ഉണ്ടാകും. എന്നാൽ ഇതിനായി ആവശ്യക്കാർക്ക് ഒരു തുക ചെലവാക്കേണ്ടതായി വരും. ഇതോടൊപ്പം തന്നെ ഓൺലൈനായി ഫോം പൂർത്തീകരണ സേവനങ്ങളും വി എഫ് എസിലൂടെ ലഭ്യമാക്കാനുള്ള നടപടികൾ തീരുമാനമായിട്ടുണ്ടെന്ന് ഹൈ കമ്മീഷണർ വ്യക്തമാക്കി.

ബേസിൽ ജോസഫ്

സത്യവിശ്വാസത്തിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ ബൈബിൾ കലോത്സവത്തിന് തിരശീല വീണു . വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിന് രാവിലെ 9 .30 ന് നടന്ന ബൈബിൾ പ്രതിഷ്ടയോടെ തുടക്കം കുറിച്ചു . ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടെങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും അറിയിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് എന്ന ലക്ഷ്യത്തിന്റെ നേർകാഴ്ച ആയിരുന്നു ബ്രിസ്റ്റോൾ കാർഡിഫ്‌ റീജിയൺ ബൈബിൾ കലോത്സവം .

9 വേദികളിലായി 500 ൽപ്പരം മത്‌സരാർത്ഥികൾ മാറ്റുരച്ച ബൈബിൾ കലോത്‌സവം സംഘാടക മികവുകൊണ്ടും കലാമേന്മകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. റീജിയണിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോച്ചുകളിൽ ആണ് മത്സരാർത്ഥികൾ എത്തിച്ചേർന്നത് ന്യൂപോർട്ടിലെ വിവിധ സഭകളിൽ നിന്നും വ്യത്യസ്ത മത വിഭാഗങ്ങളിൽ നിന്നും ഉള്ള ആൾക്കാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. ഇതിലൂടെ സഭയുടെ എക്യുമെനിസം എന്ന സന്ദേശം കൂടി പ്രാവർത്തികമാക്കി ആഥിതേയരായ സെന്റ് ജോസഫ് സ് പ്രൊപ്പോസ് ഡ് മിഷൻ . ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനവുമായി വിവിധ മിഷനുകളിലെ അംഗങ്ങൾ വേദികളിൽ നിറഞ്ഞാടിയ സുന്ദര നിമിഷങ്ങൾക്ക് ആണ് ന്യൂപോർട്ട് സെയിന്റ് ജൂലിയൻസ് സ്‌കൂൾ വേദിയായത് .

റീജിയണിലെ 9 മിഷനുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് റീജിയൺ മത്സരങ്ങളിൽ പങ്കെടുത്തത്..ന്യൂപോർട്ടിലെ മിഷൻ ലീഗിന്റെ നേതൃത്ത്തിൽ കുഞ്ഞു മിഷനറിമാർ നടത്തിയ സ്നാക്ക് സ്റ്റാൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി കാർഡിഫ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ നിന്നുള്ള രുചിയേറിയ ഭക്ഷണം രാവിലെ മുതൽ മൽസര വേദിയിൽ ലഭ്യമായിരുന്നു .7 മണിയോടെ ആരംഭിച്ച സമാപന സമ്മേളനം ഒൻപതു മണിക്ക് അവസാനിച്ചു .

 

 

RECENT POSTS
Copyright © . All rights reserved