ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരും മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സും തമ്മിലുള്ള തർക്കം വൻ ജനശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ഗ്രെയ്‌സ് ആന്റ് ഫെവർ കൺട്രി ഹോമിൽ താമസിച്ച കാലയളവിൽ അവിടെ നിന്ന് ബാത്ത്‌റോബുകളും സ്ലിപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കാണാതായതായി എന്ന് ചൂണ്ടിക്കാട്ടി 12,000 പൗണ്ടിലധികം തുക നൽകണമെന്ന്ക്യാബിനറ്റ് ഓഫീസ് ആവശ്യപ്പെട്ടത്. ലിസ് ട്രസ് വളരെ കുറച്ച് നാളുകൾ മാത്രമാണ് പ്രധാന മന്ത്രി സ്‌ഥാനം ഏറ്റെടുത്തിരുന്നത്. ഈ കാലയളവിൽ ചെവനിംഗ് എസ്റ്റേറ്റ് ഉപയോഗിക്കുമ്പോഴുള്ള ബില്ലുകളാണ് കാബിനറ്റ് ഓഫീസ് അയച്ചത്.

പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ലിസ് ട്രസ് ഇവിടെ ചിലവഴിച്ച സമയം കാണാതായ സാധനങ്ങൾക്കും ഇവരും സഹായികളും കഴിച്ച ഭക്ഷണത്തിനും വീഞ്ഞിനും പണം നൽകണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഈ വസതി സർക്കാർ ആവശ്യങ്ങൾക്കല്ല മറിച്ച് രാഷ്ട്രീയ കാര്യങ്ങൾക്കായാണ് ഉപയോഗിച്ചത് എന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ലിസ് ട്രസ് കൃത്യമായ ഇൻവോയ്‌സ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരുടെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രെയ്‌സ് ആന്റ് ഫെവർ കൺട്രി ഹോമിൽ സഹായികളോടൊപ്പം ഒത്തുകൂടിയപ്പോഴും മിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരുന്നു. ഋഷി സുനകിനെതിരെയുള്ള തൻെറ ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ ഒത്തുകൂടൽ. കെന്റിലെ സെവെനോക്‌സിനടുത്ത് 3,500 ഏക്കറിൽ 115 റൂമുകളാണ് ഈ വീടിനുള്ളത്. 1981 മുതൽ ഇത് വിദേശകാര്യ മന്ത്രിയുടെ വസതിയായി കരുതിവരുന്നു.

സെപ്തംബറിലെ ടോറി ലീഡർഷിപ്പ് മത്സരത്തിൽ വിജയിച്ചതിന് ശേഷം ലിസ് ട്രസ് വെറും 45 ദിവസം മാത്രമാണ് ഓഫീസിൽ തുടർന്നത്. ഇതിന് മുൻപ് പലപ്പോഴും പ്രധാന മന്ത്രിയുടെ വസതിയായ നമ്പർ 10 എന്നപോലെ തന്നെ ഈ കെട്ടിടം ഉപയോഗിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്ത് വന്നു. ഈ കാലയളവിൽ ടവ്വലിംഗ് വസ്ത്രങ്ങളും ചെരിപ്പുകളും പോലും അപ്രത്യക്ഷമായതായി വീട്ടിലെ ജീവനക്കാർ കാബിനറ്റ് ഓഫീസിനെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഏകദേശം 12,000 പൗണ്ടിലധികം തുകയാണ് നിലവിൽ ലിസ് ട്രസ്സിന് അടയ്ക്കാനുള്ളത്.